ഡോ. ആർ. രശ്മി, പ്രഫ. നീതി നാരായണൻ, ഡോ. ലിസി എബ്രഹാം എന്നിവർ കാമ്പസിൽ

വിഷൻ ടുമോറോ

ശാസ്ത്ര-സാ​ങ്കേതിക മേഖലയിൽ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് 2001ൽ വനിതകൾക്കായി തുടങ്ങിയതാണ് തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജ്. നൂതന സാ​ങ്കേതിക ഉപകരണങ്ങളുടെ അഞ്ചു പേറ്റന്റ് നേടിയതോടെ എൻജിനീയറിങ് ആരുടെയും കുത്തകയല്ല എന്ന് അടിവരയിട്ടുറപ്പിക്കുകയാണ് ഈ കോളജിലെ നാല് അധ്യാപികമാർ. നിർമിത ബുദ്ധി, റോബോട്ടിക് സാ​ങ്കേതികവിദ്യ, ​​​​േബ്ലാക്ക് ചെയിൻ ടെക്നോളജി, നാനോ ടെക്നോളജി, മെഷീൻ ലേണിങ് തുടങ്ങി അത്യാധുനിക ശാസ്ത്ര-സാ​ങ്കേതിക മേഖലകളിലാണ് ഈ വനിതകളുടെ പേറ്റന്റ്. സ്വന്തമായി ഉപഗ്രഹം നിർമിച്ച് ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങുന്ന ഇതേ കോളജിലെ വിദ്യാർഥിനികൾ മറുവശത്തും

STEMനെക്കുറിച്ച് നിങ്ങൾ മിണ്ടരുത് എന്നു പറയാൻ തുനിഞ്ഞിറങ്ങിയ നാല് അധ്യാപികമാരുണ്ട് ഇവിടെ. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കണക്ക് എന്നിവയുടെ ചുരുക്കപ്പേരാണ് STEM. നവീകരണം, പ്രശ്‌നപരിഹാരം, വിമർശനാത്മക ചിന്ത എന്നിവക്ക് ഊന്നൽനൽകുന്ന ഈ നാലു മേഖലയുമാണ് ആ നാലുപേർ കൈപ്പിടിയിലൊതു​ക്കിയത്. ദൈനംദിന ജോലികളിൽ കമ്പ്യൂട്ടറും മറ്റു സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നവരാണ് ഈ നാല് STEM ‘തൊഴിലാളികളും’. അധ്യാപികമാരുടെ ദൈനംദിന കൃത്യനിർവഹണത്തിനുമപ്പുറം സ്വന്തം ഇഷ്ടമേഖലയിൽ ജീവിതം ആയാസരഹിതമാക്കാനുള്ള പുതു സാ​ങ്കേതികവിദ്യകൾക്കു പിന്നാലെ തലച്ചോർ പായിക്കുന്നവർ.

ശാസ്ത്ര-സാ​ങ്കേതിക മേഖലയിൽ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് 2001ലാണ് കേരളത്തിൽ സർക്കാർതലത്തിൽ വനിതകൾക്കു മാത്രമായൊരു എൻജിനീയറിങ് കോളജ് ആരംഭിച്ചത്. അതാണ് തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജ്.

നൂതന സാ​ങ്കേതിക ഉപകരണങ്ങളുടെ അഞ്ചു പേറ്റന്റ് നേടിയതോടെ എൻജിനീയറിങ് ആരുടെയും കുത്തകയല്ല എന്ന് അടിവരയിട്ടുറപ്പിക്കുകയാണ് ഈ കോളജിലെ നാല് അധ്യാപികമാർ. നിർമിത ബുദ്ധി, റോബോട്ടിക് സാ​ങ്കേതികവിദ്യ, ​​​​േബ്ലാക്ക് ചെയിൻ ടെക്നോളജി, നാനോ ടെക്നോളജി, മെഷീൻ ലേണിങ് തുടങ്ങി അത്യാധുനിക ശാസ്ത്ര-സാ​ങ്കേതിക മേഖലകളിലാണ് ഈ വനിതകളുടെ പേറ്റന്റ്. സ്വന്തമായി ഉപഗ്രഹം നിർമിച്ച് ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങുന്ന ഇതേ കോളജിലെ വിദ്യാർഥിനികൾ മറുവശത്തും. നാലു ബ്രാഞ്ച് മാത്രം ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ അഞ്ച് ബി.ടെക് ബ്രാഞ്ചും രണ്ട് എം.ടെക് ബ്രാഞ്ചും മൂന്നു മേഖലകളിൽ പിഎച്ച്.ഡിയും ഉണ്ട്.

 

ഈയിടെയാണ് പൂജപ്പുര എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജിലെ എല്ലാ ബ്രാഞ്ചുകൾക്കും എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചത്. ആ സന്ദർഭത്തിലാണ് വനിത ഫാക്കൽറ്റികളിലൂടെ അഞ്ചു പേറ്റന്റ് നേടിയത്. ലോകംതന്നെ ശ്രദ്ധിക്കുന്ന വിധത്തിലുള്ള ഗവേഷണാത്മക കണ്ടുപിടിത്തങ്ങൾക്കാണ് പേറ്റന്റ്. സാ​ങ്കേതിക മേഖലയിൽ വലിയ കുതിച്ചുചാട്ടം സാധ്യമാക്കുന്ന ശ്ലാഘനീയ നേട്ടമാണ് ഇതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടുന്നു.

ഡോ. ലിസി എബ്രഹാം

തൊണ്ണൂറുകളിൽ സവിശേഷതകളൊന്നുമില്ലാ​ത്ത ഒരു സർക്കാർ സ്കൂളിൽ പഠിച്ച കാലത്തെക്കുറിച്ച് പറയുമ്പോൾ ​ഡോ. ലിസി എബ്രഹാമിന്റെ കണ്ണുകളിൽ കൗതുകം. അകലുന്ന നെൽപാടങ്ങളെക്കുറിച്ചും നെൽകർഷകർക്ക് ഭീഷണിയായ കീടബാധയെക്കുറിച്ചും പഠിക്കാനായി പ്രാണികളെ തീപ്പെട്ടിക്കൂടുകളിൽ ശേഖരിച്ചു നടന്ന ഏഴാം ക്ലാസുകാരി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്രപ്രവർത്തനങ്ങളിൽ ഏർപ്പെട്ട കുട്ടിക്കാലം.

തിരുവനന്തപുരം വെങ്ങാനൂർ ഗവ. ഗേൾസ് ഹൈസ്കൂളിലെ ആ വിദ്യാർഥി ഇന്ന് അയർലൻഡിലെ പ്രധാന സർവകലാശാലയായ ടിൻഡാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്, യൂനിവേഴ്സിറ്റി കോളജ് കോർക്കിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് എടുത്തുകഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) കേന്ദ്രീകരിച്ചാണ് പ്രധാന ഗവേഷണം. നിർമാണ വ്യവസായത്തിലെ മെക്കാനിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള റോബോട്ടിക് സംവിധാനത്തിനാണ് ഡോ. ലിസി എബ്രഹാമിന് പേറ്റന്റ് ലഭിച്ചത്.

കോളജിലേക്ക് കൂടുതൽ റിസർച് ഫണ്ട് കൊണ്ടുവരാൻ ഇത്തരം കണ്ടുപിടിത്തങ്ങൾക്ക് പറ്റുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അതുപയോഗിച്ച് കോളജിനെ ഗവേഷണകേന്ദ്രമായി ഉയർത്താമെന്നും കൂടുതൽ അധ്യാപകരും വിദ്യാർഥികളും ഗവേഷണത്തിലേക്ക് വരുന്നതിനും ഇത് ഇടയാക്കും. അങ്ങനെ പൂജപ്പുര എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജ് അന്തർദേശീയ ഗവേഷണകേന്ദ്രമായി മാറണമെന്നാണ് ലിസിയുടെ ആഗ്രഹം. ഇപ്പോൾ വീസാറ്റ്- വിമൻ എൻജിനീയേഡ് സാറ്റലൈറ്റ് എന്ന പേരിൽ സ്വന്തമായി ഉപഗ്രഹം നിർമിച്ച് സ്ഥാപനത്തെ അടയാളപ്പെടുത്താൻ ഒരുങ്ങുകയാണ് ഡോ. ലിസി എബ്രഹാം.

ഡോ. ആർ. രശ്മി

ആരോഗ്യവിഭാഗം ഡോക്ടറാകാൻ ആഗ്രഹിച്ച് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ രശ്മിക്കും ശാസ്ത്രകൗതുകങ്ങളുടെ കുട്ടിക്കാലം ഓർമയിലുണ്ട്. കൊട്ടാരക്കര ചെറിയവിളനെല്ലൂർ കെ.പി.എം എച്ച്.എസ്.എസിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രശ്മിയും ശാസ്ത്ര സാഹിത്യ പരിഷത്ത്, ബാലവേദി തുടങ്ങിയ സാമൂഹിക കൂട്ടായ്മകളിലെ പ്രവർത്തനങ്ങളും തന്റെ ഗ്രാമത്തിലെ എ.കെ.ജി സ്മാരക വായനശാലയും ഓർമയിൽ താലോലിക്കുന്നു. നേരിട്ട് ആരോഗ്യരംഗത്ത് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും രശ്മി കണ്ടെത്തിയ നവീന സ​ങ്കേതം ആരോഗ്യമേഖലക്ക് സഹായകമാണ്.

നാനോടെക്നോളജി അടിസ്ഥാനമാക്കിയുള്ള ആന്റി മൈ​​ക്രോബിയൽ ബാ​ൻഡേജ് നിർമിക്കുന്നതിനുള്ള സംവിധാനത്തിനാണ് ഡോ. ആർ. രശ്മിക്ക് പേറ്റന്റ് ലഭിച്ചത്. ഈ പേറ്റന്റ് ഉപയോഗിച്ചുള്ള ഉൽപാദനം നടത്തിയാൽ വ്യവസായികാടിസ്ഥാനത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും ഉൽപാദനക്ഷമത വർധിപ്പിച്ച് സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്താൻ സാധിക്കുമെന്നും രശ്മി പറയുന്നു.

തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എം.ടെക് പൂർത്തിയാക്കിയ രശ്മി പൂജപ്പുരയിലാണ് സ്ഥിരതാമസം. ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ച് മികച്ചതിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. പി.ജി, യു.ജി തലത്തിലുള്ള വിവിധ പ്രോജക്ടുകൾക്ക് ഗൈഡ് ചെയ്ത് ഫണ്ട് നേടാനും ഇവർക്കായി.

പ്രഫ. നീതി നാരായണൻ

തിരുവനന്തപുരം ഇടപ്പഴഞ്ഞി സ്വദേശിയായ നീതി നാരായണൻ മറ്റൊരു തലമുറയുടെ പ്രതിനിധിയാണ്. തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2004ൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ഇവരുടെ കുട്ടിക്കാലം സാ​ങ്കേതികവികാസത്തിനൊപ്പംതന്നെയാണ്.

അച്ഛനും സഹോദരനുമെല്ലാം ആർക്കിടെക്ചറൽ എൻജിനീയർമാർ. നീതിയുടെയും ആഗ്രഹം ആർക്കിടെക് ആവണമെന്നായിരുന്നു. എന്നാൽ, കമ്പ്യൂട്ടർ സയൻസിലാണ് എൻജിനീയറിങ് പൂർത്തിയാക്കിയത്. യന്ത്രങ്ങളുപ​യോഗിച്ച് അലോണ പഴങ്ങളുടെയും വിത്തുകളുടെയും സംസ്കരണം നടത്തുന്നതിനുള്ള പേറ്റന്റാണ് ഇവർ സ്വന്തമാക്കിയത്. ക്ലാസ് റൂം പഠനത്തേക്കാളുപരി വനിത എന്ന നിലയിൽ സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു.

ഡോ. രാജവർമ പമ്പ

എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ രാജവർമ പമ്പ ഇന്ന് രണ്ട് പേറ്റന്റിന് ഉടമയാണ്. ഡേറ്റ സയൻസ്, മെഷീൻ ലേണിങ്, ​േബ്ലാക്ക് ചെയിൻ തുടങ്ങിയ പുതിയ സാ​ങ്കേതിക ശാസ്ത്ര ശാഖകളാണ് ഇവരുടെ പ്രധാന ഗവേഷണ വിഷയങ്ങൾ. നാഗ്പുർ വിശ്വേശ്വരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് എം.ടെക് നേടിയ ഇവർ കോട്ടയം ഗവ. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് 1999-2003 അക്കാദമിക വർഷത്തിലാണ് ബി.ടെക് നേടിയത്.

ഡോ. രാജവർമ പമ്പ

 

മൈക്രോ ഡ്രോൺ ഉപയോഗിച്ച് മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനത്തിന് 2021ൽ ഡോ. രാജവർമ പമ്പക്ക് ആദ്യ പേറ്റന്റ് ലഭിച്ചു. മനുഷ്യ ഇടപെടൽ അസാധ്യമായ ദുരന്തമുഖത്ത് ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് ഈ സംവിധാനം സഹായകരമാകും. ​േബ്ലാക്ക് ചെയിനും മെഷീൻ ലേണിങ് സാ​​ങ്കേതികതയും ഉപയോഗിച്ച് വ്യാജ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ കണ്ടെത്താൻ സഹായകമാകുന്ന ആരോഗ്യസേവനരംഗത്ത് ഏറെ ഫലപ്രദമായ ഉപകരണത്തിനുള്ള പേറ്റന്റാണ് മറ്റൊന്ന്.

2021 മുതൽ പൂജപ്പുര എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജിൽ അസി. പ്രഫസറായ ഡോ. രാജവർമ പമ്പ വിവിധ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും ​ശ്രദ്ധേയമാണ്. അമേരിക്കയിലെ ജോൺ ഹോപ്കിൻസ് സർവകലാശാല, മൈ​ക്രോസോഫ്റ്റ്, ഡീപ് ​ലേണിങ്, എ.ഐ, ഐ.ബി.​എം തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്ന് വിവിധ കോഴ്സുകളു​ടെ സർട്ടിഫിക്കറ്റുകളും നേടിയിട്ടുണ്ട് ഇവർ.

വീസാറ്റ്

വിദ്യാർഥികൾ നിർമിക്കുന്ന കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമാണിത്. പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമിക്കുന്ന രാജ്യത്തെ ആദ്യ ഉപഗ്രഹമെന്ന സവിശേഷതയും വീസാറ്റിനുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒയുമായുള്ള ധാരണപത്രം ഒപ്പുവെച്ചു. നവംബറിലെ പി.എസ്.എൽ.വി ദൗത്യത്തിൽ ഈ റോക്കറ്റ് ബഹിരാകാശത്തേക്കു കുതിക്കും. ഈ പദ്ധതിയും സ്ത്രീശാക്തീകരണ ചരിത്രത്തിൽ നാഴികക്കല്ലാവും. അ​സി. പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​എം.​ഡി. സു​മി​ത്ര, ഡി. ​ദേ​വി​ക, ഡോ. ​ആ​ർ. ര​ശ്മി, ബി.​ടെ​ക്​ വി​ദ്യാ​ർ​ഥി ഷെ​റി​ൽ മ​റി​യം ജോ​സ്​ എ​ന്നി​വ​രും വീ ​സാ​റ്റി​ന്​ പി​ന്നി​ലു​ണ്ട്​.

വീസാറ്റ് ഉപഗ്രഹത്തിന് വേണ്ടി കോളജ് കാമ്പസിൽ തയാറാക്കിയ ഗ്രൗണ്ട് സ്റ്റേഷൻ

 

അ​സി. പ്ര​ഫ​സ​ർ ഡോ. ​ലി​സി​ എ​ബ്ര​ഹാ​മിന്റെ നേ​തൃ​ത്വ​ത്തി​ൽ സ്​​പേ​​സ്​ ക്ല​ബ്​ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്​ മൂ​ന്നു ​വ​ർ​ഷം​കൊ​ണ്ട്​ ഉ​പ​ഗ്ര​ഹം രൂ​പ​പ്പെ​ടു​ത്തി​യ​ത്. ബ​ഹി​രാ​കാ​ശ​ത്തെ​യും ഭൗ​മോ​പ​രി​ത​ല​ത്തി​ലെ​യും അ​ൾ​ട്രാ​വ​യ​ല​റ്റ്​ വി​കി​ര​ണ​ങ്ങ​ളു​ടെ തീ​വ്ര​ത അ​ള​ക്കു​ക​യും അ​ത്ത​രം വി​കി​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ഉ​ഷ്‌​ണ​ത​രം​ഗ​ത്തെ​യും കാ​ലാ​വ​സ്ഥ ​വ്യ​തി​യാ​ന​ത്തെ​യും എ​ത്ര​മാ​ത്രം സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ക​യു​മാ​ണ്​ പ്ര​ധാ​ന ല​ക്ഷ്യം.

സ്​​പേ​സ്​ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​മ്പ​സി​ൽത​ന്നെ​ ഇ​തി​ന്‍റെ ഗ്രൗ​ണ്ട്​ സ്​​റ്റേ​ഷ​ൻ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തിന​യ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ലും സ​ഹാ​യ​ക​മാ​കു​ന്ന ത​ര​ത്തി​ൽ വീ​സാ​റ്റ്​ പ​ഠ​ന​വി​ധേ​യ​മാ​ക്കും.

വിദ്യാർഥികൾ രൂപകൽപ്പനചെയ്ത വീസാറ്റ് ഉപഗ്രഹം ബഹിരാകാശത്തേക്ക് അയക്കുന്നതിനായി ഐ.എസ്.ആർ.ഒയുമായി ധാരണപത്രം ഒപ്പുവെച്ചപ്പോൾ 

 

റോബോട്ടിക്സ് ക്ലബ്

റോബോട്ടിക് സാ​ങ്കേതികവിദ്യയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി പെൺകുട്ടികളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലബും കോളജിൽ പ്രവർത്തിക്കുന്നു. റോബോ സോക്കർ, റോബോ റേസ് തുടങ്ങിയ ഗെയിമിങ് റോബോട്ടുകൾ ഉൾപ്പെടെയുള്ളവ വിദ്യാർഥിനികൾ നിർമിച്ചിരിക്കുന്നു. ക്ലബ് രൂപവത്കരിച്ചശേഷം വിവിധ കാമ്പസുകളിൽ മത്സരത്തിന് പോയ അനുഭവം വിദ്യാർഥികൾ വിശദീകരിക്കുന്നു. പ്രത്യേകിച്ചും റോബോ സോക്കർ, റോബോ വാർ തുടങ്ങിയ മത്സരങ്ങളിൽ. ആൺകുട്ടികൾ മേധാവിത്വം പുലർത്തിയിരുന്ന റോബോട്ടിക്സ് മേഖലയിൽ പെൺകുട്ടികൾക്കും കഴിവ് തെളിയിക്കാനായി എന്നത് വലിയ നേട്ടമായാണ് കുട്ടികൾ കാണുന്നത്.

ഇലക്ട്രോണിക്സ് ക്ലബ്

കോളജിലെ ഇലക്ട്രോണിക്സ് ക്ലബ് വഴി പൂർവ വിദ്യാർഥികൾ നിർമിച്ച അൾട്രാ വയലറ്റ് രശ്മികളിലെ വിഷാംശം അകറ്റാനുള്ള യു.വി.സി ഡിസ്ഇൻഫെക്ഷൻ ഉപകരണം എടുത്തുപറയേണ്ടതാണ്. അപകടകരമായ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് മനുഷ്യർക്ക് സുരക്ഷയൊരുക്കുന്നതാണ് ഈ ഉപകരണത്തിന്റെ സവിശേഷത. ഉപകരണത്തിന്റെ ചെറുപതിപ്പാണ് രൂപകൽപന ചെയ്തത്. പി.ഐ.ആർ, അൾ​ട്രാസോണിക് സെൻസറുകളാണ് ഈ ഉപകരണത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുക. ഈ യന്ത്രം വികസിപ്പിച്ചാൽ സെൻസറുകളുടെ സംവേദനക്ഷമത വർധിപ്പിച്ച് കൂടുതൽ പ്രവർത്തനക്ഷമമാക്കാനാകുമെന്നാണ് വിദ്യാർഥികൾ പറയുന്നത്.

 

ശാസ്ത്ര-സാ​​ങ്കേതിക രംഗത്തെ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജിൽ വിവിധ കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ, അന്തർദേശീയ തലത്തിൽ വനിത പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളാണ് ഈ കോളജിനു കീഴിൽ നടക്കുന്നത്.

സാ​ങ്കേതികവിദ്യകളിൽ സ്ത്രീകളുടെ കഴിവുകൾ വർധിപ്പിക്കാനും അനന്തസാധ്യതകളിലേക്ക് അവരെ മുന്നോട്ടുകൊണ്ടുവരാനുമായി ഈ കോളജിൽ പലതരം പ്രഫഷനൽ കൂട്ടായ്മകൾ രൂപവത്കരിച്ചിട്ടുണ്ട്. ഐ.ഇ.ഇ.ഇ, ഐ.ഡി.സി.ഇ, ജി.ഇ.ഡി.സി.ഇ, തിങ്കർ ഹെൽപ്സ് എന്നിവ അതിൽ ചിലതാണ്. വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് മികച്ച ലൈബ്രറിയും കോളജിൽ സജ്ജീകരിച്ചിട്ടുണ്ട്. കോഴ്സ് പൂർത്തിയായവർക്ക് മികച്ച സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ​േപ്ലസ്മെന്റ് ​സെല്ലും പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിൽ 100 ശതമാനം ​​​േപ്ലസ്മെന്റ് ലഭിച്ചത് അക്കാദമിക നിലവാരത്തെ സൂചിപ്പിക്കുന്നു.

Tags:    
News Summary - Vision Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-20 07:01 GMT