1961ൽ തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ ക്ലർക്കായി സർക്കാർ സർവിസിൽ പ്രവേശിച്ചതു മുതൽ 1989ൽ കാക്കനാടുനിന്ന് ട്രഷറി സൂപ്രണ്ടായി വിരമിക്കുന്നതുവരെയുള്ള സർവിസ് കാലത്തെല്ലാം അക്ഷരത്തോടുള്ള അടങ്ങാത്ത പ്രണയം ഉള്ളിലൊതുക്കി ജീവിച്ചൊരു സാധാരണക്കാരിയായിരുന്നു ജെർട്രൂഡ് ജെ. മോറിസ്. ഒടുവിൽ ജീവിതസായാഹ്നത്തിൽ അത്രയും കാലം അണകെട്ടിവെച്ച അക്ഷരങ്ങളും വാക്കുകളുമെല്ലാം എഴുത്തായി പുറത്തേക്കൊഴുക്കിയപ്പോൾ മലയാളത്തിനു കിട്ടിയത് ഒരു ഡസനിലേറെ പുസ്തകങ്ങൾ.
കാക്കനാട് മാവേലിപുരത്തെ മുതിരവിളയിൽ വീടാണ് 89 വയസ്സു പിന്നിട്ട എഴുത്തുകാരിയുടെ ലോകം. സർക്കാർ ജോലിയിൽനിന്നു വിരമിച്ചിട്ടും രണ്ടര പതിറ്റാണ്ടെടുത്തു ഇവർക്ക് എഴുത്തിൻവഴിയിൽ യാത്ര നടത്താൻ. 2014ൽ എഴുതിയ ‘കറുത്ത വിധി’ എന്ന ലേഖനം കൊല്ലത്തെ മാസികയിൽ പ്രസിദ്ധീകരിച്ചാണ് തുടക്കം. അന്തരിച്ച എഴുത്തുകാരൻ ആന്റണി കുടുംബിലാനായിരുന്നു എഴുത്തുലോകത്തെ വഴികാട്ടി. കടലിന്‍റെ മക്കൾ (നോവൽ) എന്ന ആദ്യ പുസ്തകവും രാപ്പാടി മാത്രം പാടുന്നു, കവിതാ മുകുളങ്ങൾ എന്നിവയും 2016 ഡിസംബറിൽ ഒരുമിച്ച് പ്രകാശനം ചെയ്യപ്പെട്ടു. പിന്നീടിങ്ങോട്ട് എഴുത്തുതന്നെയായിരുന്നു ജെർട്രൂഡിന്‍റെ ലോകം.
സൂര്യകാന്തി, പുരുഷാന്തരം, മൈ ജോയസ് തോട്ട്സ് (ഇംഗ്ലീഷ്), യേശുവിന്‍റെ യാത്രയും തിരുവചനങ്ങളും, ഹൃദയം ഇപ്പോഴും മിടിക്കുന്നു, അവകാശം, വാക്ക്, ഇന്റഗ്രിറ്റി ഓഫ് വേഡ്സ് ആൻഡ് ബ്ലാങ്ക് വേഴ്സസ് തുടങ്ങിയവയാണ് കൃതികൾ. ഇതിൽ കഥയുണ്ട്, കവിതയുണ്ട്, നോവലുണ്ട്, ലേഖനസമാഹാരങ്ങളുണ്ട്, ബൈബിൾ പ്രമേയമാക്കിയ എഴുത്തുകളുമുണ്ട്. ഏറ്റവുമൊടുവിൽ മൈ കാം തോട്ട്സ്, ദി ലോർഡ്; ഗോഡ്; ദി ക്രിയേറ്റർ ഓഫ് യൂനിവേഴ്സ്; ആൻഡ് ദി അഡ്വന്റ് ഓഫ് ജീസസ് ക്രിസ്റ്റ് എന്നിങ്ങനെ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ പുറത്തുവരാനുണ്ട്.
അച്ചടിജോലികൾ പുരോഗമിക്കുന്ന ഈ പുസ്തകങ്ങളുൾപ്പെടെ 15 എണ്ണം കുറഞ്ഞ കാലത്തിനുള്ളിൽ രചിച്ചു. ജെർട്രൂഡിന്‍റെ പുസ്തകങ്ങളെല്ലാം പ്രസാധനംചെയ്ത് സ്ഥിതി പബ്ലിക്കേഷൻസും പുസ്തകങ്ങളുടെ പ്രകാശനചടങ്ങൊരുക്കി തൃക്കാക്കര സാംസ്കാരിക കേന്ദ്രവും ഈ എഴുത്തുകാരിക്കൊപ്പം എന്നുമുണ്ട്.
ജോലിയിൽനിന്ന് വിരമിച്ച് മക്കളും കൊച്ചുമക്കളുമൊക്കെയായി കഴിയുന്നതിനിടെ പഴയ സുഹൃത്ത് ആന്റണി കുടുംബിലാൻ വിളിച്ച് വിശേഷങ്ങൾ തിരക്കുന്നതിനിടെ എഴുതിനോക്കാൻ പറഞ്ഞതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ജെർട്രൂഡ് ഓർക്കുന്നു. കൊല്ലം നീണ്ടകരയിലെ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററായ പി. ജോൺ മോറിസിന്‍റെയും വീട്ടമ്മയായ വിക്ടോറിയ മോറിസിന്‍റെയും മകളായി ജനിച്ച ജെർട്രൂഡിന് ഉന്നത വിദ്യാഭ്യാസംതന്നെ മാതാപിതാക്കൾ നൽകി.
പഠിക്കുന്ന കാലത്തെല്ലാം വായനയും എഴുത്തും മത്സരങ്ങളിലെ നേട്ടങ്ങളും പതിവായിരുന്നെങ്കിലും ഔദ്യോഗിക ജോലിയായതോടെ അവധിദിനങ്ങളിൽ കിട്ടുന്നതു വായിക്കും എന്നതിലൊതുങ്ങി അക്ഷരങ്ങളുമായുള്ള ബന്ധം. പ്രീമിയർ ടയേഴ്സിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കൊല്ലം കണ്ടച്ചിറ സ്വദേശി മുതിരവിളയിൽ ജോസഫ് എ. മിറാന്റ 14 വർഷം മുമ്പ് നിര്യാതനായി. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് എഴുതാനായില്ലെന്ന വിഷമം ഇന്നും ഈ അമ്മയുടെ ഉള്ളിലുണ്ട്.
ലെറ്റീസ് ജോസഫ്, ജോർജ് ജോസഫ്, സാറാമ്മ ജോസഫ്, ജോസഫൈൻ ജോസഫ് എന്നിവരാണ് ജെർട്രൂഡിന്‍റെ മക്കൾ. നിരവധി പുരസ്കാരങ്ങളും ജെർട്രൂഡിന്‍റെ എഴുത്തിനെ തേടിയെത്തിയിട്ടുണ്ട്. പ്രഫ. ഡോ. കെ.ജെ. യോഹന്നാൻ സ്മാരക സർഗസപര്യ പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം, അടയാളം 2021 പുരസ്കാരം, പൈതൃകം സാംസ്കാരിക സമിതിയുടെ പ്രതിഭാ ആദരം, ജെ. അലക്സാണ്ടർ മെമ്മോറിയൽ പുരസ്കാരം, വനിതാ നക്ഷത്ര പുരസ്കാരം, അഷ്ടമുടി സാഹിത്യ പുരസ്കാരം എന്നിവ ഇതിൽ ചിലതു മാത്രമാണ്. സ്ഥിതി പബ്ലിക്കേഷൻസിന്‍റെ പ്രസാധനത്തിൽ വി.ടി. കുരീപ്പുഴ, വിനിത വിനേഷ് എന്നിവർ ചേർന്ന് ജെർട്രൂഡിന്‍റെ ജീവിതവും എഴുത്തുവഴികളും പറയുന്ന ‘സലീലം’ എന്ന പുസ്തകവും പുറത്തിറക്കി.
എല്ലാ മതഗ്രന്ഥങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ എഴുത്തമ്മയെ ഏറെ സ്വാധീനിച്ചത് മഹാഭാരതം രചിച്ച വ്യാസ മഹർഷിയാണ്. പ്രായമേറെയായെങ്കിലും ഓർമയുടെ കാര്യത്തിലുൾപ്പെടെ മുന്നിലാണ് ജെർട്രൂഡ്. അവസാന നിമിഷംവരെ എഴുതിക്കൊണ്ടേയിരിക്കണം എന്നാണ് ഇവരുടെ മോഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.