പരപ്പനങ്ങാടി: മരണതീരത്ത് പകച്ച് നിൽക്കുന്നവർക്ക് ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന വിളക്കാണ് തുളസി വേണുഗോപാൽ. പരപ്പനങ്ങാടി കോഓപറേറ്റീവ് കോളജിലെ മനശാസ്ത്ര അധ്യാപനത്തിലൂടെ തലമുറകളുമായി ഹൃദയബന്ധം സ്ഥാപിച്ച തുളസി കുടുംബിനിമാരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് മരുന്നായി നൽകുന്നത് സ്നേഹവും കരുതലുമാണ്. പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ കൗൺസിലിങ്ങ് സൈകോ വിഭാഗം മേധാവിയായ ഇവർ നിരവധി കുടുംബങ്ങളെ ആത്മഹത്യ മുനമ്പിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചിട്ടുണ്ട്.
പരപ്പനങ്ങാടിയിൽ റെയിൽപാളത്തിലൂടെ അലക്ഷ്യമായി നടത്തം പതിവാക്കിയ യുവാവിനെ നേരിൽക്കണ്ടപ്പോൾ അയാൾ മയക്കുമരുന്നിന് അടിപ്പെട്ട് ജീവിതം അവസാനിപ്പിക്കാൻ എത്തിയതായിരുന്നു. അയാളെ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കാൻ തുളസിക്ക് ഏറെ സമയം വേണ്ടിവന്നില്ല.
സ്ത്രീകളുടെ മനോനില പെട്ടെന്ന് മനസ്സിലാക്കാനാകുമെന്നും പരിഹാരമുണ്ടാക്കാനാകുമെന്നും എന്നാൽ ആത്മഹത്യ തീരുമാനത്തിലുറച്ച പുരുഷന്മാരുടെ മനസ് സ്നേഹവും കരുതലും കൊണ്ടുള്ള തുടർച്ചയായ ശ്രമങ്ങളില്ലാതെ മാറ്റിയെടുക്കാനാവില്ലന്നും ഇവർ പറയുന്നു. മദ്യവും മയക്കുമരുന്നും തീർക്കുന്ന വിഷാദരോഗവും വ്യക്തിത്വ വൈകല്യവുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും തുളസി പറയുന്നു. ഇതിനകം നിരവധി കുടുംബ സദസുകളുമായി സംവദിച്ച ഇവർക്ക് മദ്യാസക്തിയിൽനിന്ന് നിരവധി പുരുഷന്മാരെ ജീവിതത്തിലേക്ക് തിരികെ നടത്തി കുടുംബങ്ങൾക്ക് സാന്ത്വനവെളിച്ചമാകാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.