തിരുവനന്തപുരം: വിധിയോടും പരിമിതികളോടും പടവെട്ടി ലക്ഷ്മിയും പാർവതിയും വിജയക്കൊടി നാട്ടിയത് ഇന്ത്യൻ എൻജിനീയറിങ് സർവിസസ് (സിവിൽ എൻജിനീയറിങ്) പരീക്ഷയിൽ. കേൾവിക്കുറവ് കുറവായി കാണാതെ പഠനത്തിന്‍റെയും നേട്ടങ്ങളുടെയും പടികൾ കയറിയ ഇരട്ട സഹോദരിമാരെ തേടിയെത്തിയത് എൻജിനീയറിങ് സർവിസസിലെ 74ഉം 75ഉം റാങ്കുകൾ.
പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ സൂപ്രണ്ടായ തിരുമല സ്വദേശിനി സീതയുടെയും പരേതനായ അജികുമാറിന്‍റെയും മക്കളാണ് ഇരുവരും. അമ്മയുടെ കേൾവിക്കുറവ് ജന്മനാ മക്കളിലും കാണുകയായിരുന്നു. ഇതോടെ, ഇരുവരെയും ചെറുപ്രായത്തിൽ തന്നെ തിരുവനന്തപുരം നിഷിൽ പരിശീലനത്തിനായി ചേർത്തു. മൂന്നര വർഷത്തിലേറെ നീണ്ട ഭാഷ, സംസാര പരിശീലനത്തിനുശേഷം പേയാട് കണ്ണശ്ശ മിഷൻ സ്‌കൂളിലും തുടർന്ന്, തിരുമല എബ്രഹാം സ്മാരക സ്കൂളിലും ചേർത്ത് പഠിപ്പിച്ചു. ഉയർന്ന മാർക്കിൽ പ്ലസ് ടു പൂർത്തിയാക്കി ഇരുവരും തിരുവനന്തപുരം സി.ഇ.ടിയിൽ ബി.ടെക്കിന് ചേർന്നു. ലക്ഷ്മി എം.ടെക് പഠനവും പൂർത്തിയാക്കി.
കോളജിലെ ശാരീരിക പരിമിതികളൊന്നുമില്ലാത്ത മറ്റൊരു വിദ്യാർഥി ഇന്ത്യൻ എൻജിനീയറിങ് സർവിസസ് പരീക്ഷ വിജയിച്ചതറിഞ്ഞതോടെയാണ് ഇരുവരും ആ വഴിക്ക് ശ്രമം തുടങ്ങിയത്. 2020ൽ പാർവതി പരീക്ഷ പാസാകുകയും ഇന്‍റർവ്യൂ ഘട്ടംവരെ എത്തുകയും ചെയ്തു. 2021ലും ഇരുവരും പരിശ്രമം ആവർത്തിച്ചതോടെ 74ാം റാങ്ക് പാർവതിയെയും 75ാം റാങ്ക് ലക്ഷ്മിയെയും തേടിയെത്തി. ഇതിനിടെ, ലക്ഷ്മിക്ക് ജലവിഭവ വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയറായി പി.എസ്.സി വഴി നിയമനം ലഭിച്ചു.
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി തദ്ദേശ സ്വയംഭരണ വകുപ്പിൽ കടപ്ലാമറ്റം പഞ്ചായത്തിൽ അസിസ്റ്റന്‍റ് എൻജിനീയറായി ജോലി ലഭിച്ച പാർവതി കേന്ദ്ര പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ എൻജിനീയർ പദവിയിൽ നിയമനം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് എൻജിനീയറിങ് സർവിസ് മേഖലയിലെ ഉയർന്ന പരീക്ഷ നേട്ടം തേടിയെത്തുന്നത്. മക്കളുടെ ചെറുപ്രായത്തിൽ തന്നെ പിതാവ് മരിച്ചതോടെ മാതാവ് പ്രതിസന്ധികൾ ഏറെ തരണം ചെയ്താണ് ഇവരെ വളർത്തിയത്. കൊക്ലിയാർ ഇംപ്ലാന്‍റേഷൻ പോലുള്ള ആധുനിക കേൾവി ഉപകരണങ്ങളൊന്നും ഇരുവർക്കുമില്ലായിരുന്നു. ഇരുവരെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.