തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തനായ നടനെക്കുറിച്ച് മകളുടെ ഓർമക്കുറിപ്പുകൾ- അങ്ങനെ വിളിക്കാം 'സ്റ്റാൻഡിംഗ് ഓൺ എൻ ആപ്പിൾ ബോക്സ് ' എന്ന ഐശ്വര്യ രജനീകാന്ത് ധനുഷിന്‍റെ പുസ്തകത്തെ. സൂപ്പർ സ്റ്റാറിന്‍റെ മകൾ എന്ന നിലക്ക് ജീവിതം തുടങ്ങി ഒരു സൂപ്പർസ്റ്റാറിന്‍റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ തീർന്ന ഐശ്വര്യയുടെ ഓർമകളിൽ പക്ഷെ നിറയുന്നത് അപ്പയെന്ന വിസ്മയം തന്നെയാണ്.
തിങ്കളാഴ്ച ഹൈദരാബാദിൽ നടന്ന ചടങ്ങിൽ തെലുങ്ക് നടൻ റാണ ദഗുബാട്ടിയും പങ്കെടുത്തു. പുസ്തകത്തിന്‍റെ ടൈറ്റിലിനെക്കുറിച്ച് ഐശ്വര്യ ഇങ്ങനെ പറയുന്നു- ഞാൻ എല്ലായ്പോഴും അവിടെയുണ്ടായിരുന്നു. അപ്പാവിനോടൊപ്പം ഷൂട്ടിങ് സെറ്റിൽ. ധനുഷിനോടൊപ്പം സെറ്റിൽ. പക്ഷെ ആപ്പിൾ കൂടയിലെ എന്‍റെ സ്ഥാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല. പിന്നീട് സ്വന്തമായി സിനിമകൾ സംവിധാനം ചെയ്തപ്പോഴും ഞാൻ ഉണ്ടായിരുന്നു അവിടെ. പല തരത്തിലുള്ള ബഹളങ്ങളും സംഘർഷങ്ങളും നിറഞ്ഞ ദിവസങ്ങൾ. പക്ഷെ എന്നും എപ്പോഴും ആ സ്ഥാനം അവിടെത്തന്നെയുണ്ടായിരുന്നു. പുസ്തകത്തിന് പേരിട്ടതിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞു.
ചെറുപ്പത്തിൽ എന്‍റെ അപ്പ ഇത്രയും വലിയ മനുഷ്യനാണെന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. മാധ്യമങ്ങളിൽ നിന്നും സിനിമ നൽകുന്ന വെള്ളിവെളിച്ചത്തിൽ നിന്നും അകന്നുനിൽക്കാനായിരുന്നു കുടുംബത്തിന്‍റെ തീരുമാനം. സൂപ്പർ സ്റ്റാറെന്ന നിലക്കല്ല, വെറും സാധാരണക്കാരനായാണ് അദ്ദേഹം വീട്ടിലെത്തിയത്. വളരെ സാധാരണമായ ഒരു ബാല്യമായിരുന്നു അതുകൊണ്ട് ഞങ്ങൾക്കുണ്ടായിരുന്നത്. ഇന്ന് ഒരു സൂപ്പർസ്റ്റാറിന്‍റെ ഭാര്യയാണ് ഞാൻ . രണ്ടു കുട്ടികളുടെ അമ്മ. എന്‍റെ ജീവിതം അതേപടി ആവർത്തിക്കുകയാണ് എന്‍റെ മക്കളുടെ കാര്യത്തിലും.
ഫെമിനിസം എന്നത് വെറുക്കപ്പെടേണ്ട വാക്കല്ലെന്ന് സ്ത്രീശാക്തീകരണത്തിന്‍റെ യു.എൻ അംബാസഡറായ ഐശ്വര്യ പറഞ്ഞു. എന്‍റെ രണ്ട് ആൺകുട്ടികളേയും ഫെമിനിസ്റ്റായാണ് ഞാൻ വളർത്തുന്നത്. പുരുഷന്മാരെ വെറുക്കലല്ല, സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കുക എന്നതാണ് ഫെമിനിസം. പെൺകുട്ടികളെ ബഹുമാനിക്കാൻ പഠിപ്പിച്ചുകൊണ്ടാണ് മക്കളെ എല്ലാ അമ്മമാരും വളർത്തേണ്ടത്.
മൂന്ന് സിനിമകൾ സംവിധാനം ചെയ്ത ഐശ്വര്യക്ക് ഇന്ന് വരെ സിനിമയിൽ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. രജനീകാന്തിനെയും ധനുഷിനേയും തമ്മിൽ താരതമ്യപ്പെടുത്തുന്നതിൽ അർഥമില്ലെന്നും ഐശ്വര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.