മുഖ്യമന്ത്രിയുടെ മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റം വിവാദമായിരിക്കെ പിണറായി വിജയനെ അനുകൂലിച്ച് അശോകൻ ചരുവിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റും വിവാദമാകുന്നു. പ്രസംഗത്തിന്‍റെ വാര്‍ത്ത കൊടുക്കുന്നതിന് കൈക്കൂലി ചോദിച്ചതിനെക്കുറിച്ചും കടക്കൂ പുറത്തെന്ന് താൻ അലറിയതിനെക്കുറിച്ചുമാണ് ഫേസ്ബുക് പോസ്റ്റ്. സംഭവം വിവാദമായപ്പോൾ കേരളത്തിലെ പത്രപ്രവർത്തകരെക്കുറിച്ചല്ല താൻ ഉദ്ദേശിച്ചതെന്ന് എഴുത്തുകാരൻ വിശദീകരണവും നൽകിയിട്ടുണ്ട്.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം
രസകരമായ ഒരനുഭവം. ഒട്ടും ഭാവന കലര്‍ത്താതെ എഴുതാം.
ചെന്നൈ ബുക്ക് ഫെയറിന്റെ സമാപനച്ചടങ്ങില്‍ സംബന്ധിക്കാന്‍ ഇന്നലെ മഹാനഗരത്തില്‍ ചെന്നിറങ്ങി. പുറത്ത് നല്ല ചൂടാണ്. പകല്‍ മുഴുവന്‍ എഗ്മൂറിലെ ഹോട്ടല്‍ മുറിയിലിരുന്ന് വായിച്ചും എഫ്.ബി.യില്‍ നോക്കിയും സമയം ചിലവഴിച്ചു. നമ്മുടെ മുഖ്യമന്ത്രി മസ്‌ക്കോട്ടിലെ മുറിയില്‍ നിന്ന് പത്രക്യാമറക്കാരോട് 'കടക്ക് പുറത്ത്' എന്നു പറഞ്ഞതായിരുന്നു ഇന്നലത്തെ ചിന്താവിഷയം.
വൈകീട്ട് അഞ്ചു മണിക്ക് ബുക്ക് ഫെയര്‍ നടക്കുന്ന റായല്‍പേട്ടയിലെ വൈ.എം.സി.എ. ഗ്രൗണ്ടില്‍ ചെന്നു. നുറുകണക്കിന് സ്റ്റാളുകളുള്ള മികച്ച സാംസ്‌കാരികോത്സവം. തമിഴ് സാഹിത്യവും പുസ്തക പ്രസാധനവും ആശാവഹമായ ഒരു വഴിത്തിരിവിലാണെന്നു ബോധ്യപ്പെടും. 'ഭാരതി പുത്തകാലയം' എന്ന പ്രസാധകരാണ് ഏറെ മുന്നില്‍.
പൊതുപരിപാടി തുടങ്ങി. നിറഞ്ഞ സദസ്സ്. ധാരാളം എഴുത്തുകാരെ വേദിയില്‍ ആദരിച്ചു. നോവലിസ്റ്റ് പ്രപഞ്ചന്‍ ആയിരുന്നു മുഖ്യ അതിഥി. അദ്ദേഹം എന്റെ കഥകളെകുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത എന്‍റെ കഥാസമാഹാരം 'ഇരണ്ടു പുത്തകങ്കള്‍' അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നു. മലയാളവും തമിഴും കൂട്ടിക്കലര്‍ത്തി ഞാനും കുറച്ചു സമയം സംസാരിച്ചു. അഥവാ പ്രസംഗിച്ചു.
ഓ, ഇയാളുടെ വീര ശൂര പരാക്രമങ്ങള്‍! എന്നു കണക്കാക്കി വായന അവസാനിപ്പിക്കരുതേ.
രസം വരുന്നേയുള്ളു.
വേദിയില്‍ നിന്നിറങ്ങി ഗസ്റ്റ് റൂമില്‍ ഇരിക്കുമ്പോള്‍ നാലഞ്ചു പേര്‍ എന്‍റെ അടുത്തുവന്നു. പത്രക്കാരാണെന്ന് പരിചയപ്പെടുത്തി. എനിക്ക് അഭിമാനം തോന്നി. നമ്മള്‍ പ്രസംഗിച്ചതിനു ശേഷം പത്രക്കാര്‍ വന്നു പരിചയപ്പെടുക എന്നു വെച്ചാല്‍ മോശമല്ലാത്ത സംഭവമാണല്ലോ. എന്‍റെ പ്രസംഗം നന്നായി എന്ന് അവര്‍ പറഞ്ഞു. പ്രപഞ്ചന്‍ എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തയാക്കുമെന്ന് സൂചിപ്പിച്ചു. ഞാന്‍ നന്ദി പറഞ്ഞു തൊഴുതു.
എന്നിട്ടും പോകാതെ അവര്‍ തമ്പിട്ടു നിന്നു. എന്നോട് വിശേഷിച്ച് ഒരു കാര്യം സംസാരിക്കാനുണ്ടത്രെ. ഞാന്‍ അപകടം മണത്തു. കേരള മുഖ്യമന്ത്രിയുടെ 'കടക്ക് പുറത്ത്' ആയിരിക്കുമോ വിഷയം? എന്റെ ഉള്ളിലെ രാഷ്ട്രീയക്കാരന്‍ ഉണര്‍ന്നു. എന്തായിരിക്കണം മറുപടി പറയേണ്ടത്?
പക്ഷേ അവര്‍ ഉന്നയിച്ചത് വേറൊരു വിഷയമാണ്. വാര്‍ത്ത നന്നായി കൊടുക്കുന്നതിന്റെ പ്രതിഫലമായി അവര്‍ക്ക് ഞാന്‍ കുറച്ച് പണം കൊടുക്കണം. ഇങ്ങനെ ഒരു ഏര്‍പ്പാട് കേട്ടറിവു പോലും ഇല്ലാത്തതു കൊണ്ട് ഞാന്‍ തെല്ല് അമ്പരന്നു. വല്ലാത്ത അപമാനമാണ് തോന്നിയത്. നിങ്ങളുടെ പബ്ലിസിറ്റി എനിക്ക് ആവശ്യമില്ല എന്ന് ഞാന്‍ പറഞ്ഞു.
പക്ഷേ അവരില്‍ ഒരാള്‍ മുന്നോട്ടുവന്ന് തൊഴുതിട്ടു പറഞ്ഞു.
'എന്തെങ്കിലും തരണം സര്‍. യാത്രാക്കൂലി ആയിട്ടെങ്കിലും.'
പണ്ട് രജിസ്ട്രാപ്പീസില്‍ ഇരിക്കുന്ന കാലത്ത് ചില കക്ഷികള്‍ ആളറിയാതെ വന്ന് എന്റെ മേശപ്പുറത്ത് കൈക്കൂലിപ്പണം വെക്കാറുണ്ട്. അപ്പോള്‍ എനിക്ക് കാല്‍ മുതല്‍ ശിരസ്സു വരെ ഒരു വിറയല്‍ വരും. വര്‍ഷങ്ങള്‍ക്കു ശേഷം ആ വിറയല്‍ ഇപ്പോള്‍ വീണ്ടും വന്നു. ഞാന്‍ അലറി:
'കടക്ക് പുറത്ത്.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.