റിയാദ്: യൂട്യൂബിൽ തരംഗം തീർക്കുന്ന ‘മാണിക്യമലരായ പൂവി’യെ സൃഷ്ടിച്ച പാെട്ടഴുത്തുകാരൻ തിരക്കിലാണ്. പലചരക്ക് കടയിൽ നിറയെ ആളുകൾ. കസ്റ്റമറുടെ ആവശ്യമറിയണം, കണക്ക് പറഞ്ഞ് പണം വാങ്ങണം. അതിനിടയിൽ അസർ ബാങ്ക് കേൾക്കുന്നു. സഹജോലിക്കാരൻ ഷട്ടറിട്ടപ്പോൾ മാത്രം ഒന്ന് മൂരി നിവർന്നുനിന്നു. ‘‘ക്ഷമിക്കണം, ഇതാണ് അവസ്ഥ. ഇപ്പോൾ ബാങ്കുവിളിച്ചത് കൊണ്ട് നമുക്കൽപം സംസാരിക്കാം.’’ പി.എം.എ ജബ്ബാർ കരുപ്പടന്ന എന്ന ബഖാല ജീവനക്കാരൻ, സിനിമാപാെട്ടഴുത്തുകാരനായി, അല്ല നാല് പതിറ്റാണ്ടായി മലയാളികളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന വിശ്രുത മാപ്പിളപ്പാട്ടിെൻറ രചയിതാവായി സംസാരിക്കാൻ തുടങ്ങി.
‘ഒരു അഡാർ ലവ്’ എന്ന പുതിയ മലയാള സിനിമയിലെ 10 പാട്ടുകളിലൊന്നായ ‘മാണിക്യമലരായ പൂവി’ റിലീസ് ചെയ്തത് വെള്ളിയാഴ്ചയാണ്. വൈകീട്ടത് യൂട്യൂബിലെത്തി മണിക്കൂറുകൾക്കകം തരംഗമായി മാറി. ഹിറ്റ് 63 ലക്ഷം കടന്നു. പാട്ടിെൻറ വിജയശിൽപികളുടെ പേരുകൾക്കിടയിൽ കണ്ട പി.എം.എ ജബ്ബാർ കരുപ്പടന്ന റിയാദിലുണ്ടെന്ന് അറിഞ്ഞ് അദ്ദേഹം ജോലി ചെയ്യുന്ന ബഖാല തേടിപ്പിടിച്ചുപോയതാണ്. മൊബൈൽ നമ്പർ തരപ്പെടുത്തി അതിൽ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. ഒടുവിൽ സത്താർ മാവൂർ എന്ന മാപ്പിളപ്പാട്ട് ഗായകെൻറ സഹായത്തോടെയാണ് മലസ് ഫോർട്ടീൻ സ്ട്രീറ്റിലെ ആഷിഖ് സ്റ്റോർ ബഖാലയിൽ നിന്ന് ആളെ കൈയ്യോടെ പിടികൂടിയത്. ‘‘ദേഷ്യമരുത്, ഫോൺ എടുക്കാൻ പോലും സമയമില്ലാത്തത് കൊണ്ടാണെന്ന്’’ കണ്ടയുടനെ ക്ഷമാപണം. പാട്ട് റിലീസ് ചെയ്തതും ഹിറ്റാവുന്നതും എല്ലാം അറിയുന്നുണ്ട്. അന്ന് തന്നെ യൂട്യൂബിൽ കയറി പാട്ടും കേട്ടു.
ഷാൻ റഹ്മാെൻറ പുനരാവിഷ്കാരവും ഉമർ ലുലുവിെൻറ ദൃശ്യാവിഷ്കാരവും ഇഷ്ടമായി. പാട്ട് രംഗങ്ങളെ കുറിച്ച് ചില്ലറ വിവാദങ്ങളുണ്ടെന്ന് കേൾക്കുന്നു. അതിലൊരു കാര്യവുമില്ല. ഒരു പാട്ട് കേൾക്കുേമ്പാൾ, സിനിമ കാണുേമ്പാൾ ആളുകളുടെ മനസിൽ പല വികാരങ്ങളും വിചാരങ്ങളും വരും. പ്രവാചകനും ഖദീജയും തമ്മിലുള്ള വിവാഹവും അവർ തമ്മിലുള്ള സ്നേഹത്തിെൻറ ഇഴയടുപ്പവുമാണ് പാട്ടിെൻറ വിഷയം. സ്കൂളിലെ കലോത്സവ വേദിയിൽ ഒരു ഗായകൻ പാടുന്നതാണ് സിനിമയിലെ രംഗം. അത് കേൾക്കുേമ്പാൾ കൗമാരപ്രായക്കാരുടെ മനസിൽ വിടരുന്ന വികാര വിചാരങ്ങളും ഭാവനയുമാണ് അതിലുള്ളത്. മനോഹരമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. പാട്ടിനെ പാട്ടായും പ്രണയത്തെ പ്രണയമായും സിനിമയെ സിനിമയുമായി കണ്ടാൽ ഒരു വിവാദത്തിനുമിടയില്ല. പാട്ടിെൻറ സിനിമാവിഷ്കാരം ഇത്ര ഹിറ്റാവുമെന്ന് കരുതിയതേയില്ല. 1978ലാണ് താനീ പാട്ട് എഴുതുന്നത്. ആകാശവാണിയിലൂടെയും മറ്റും അറിയപ്പെട്ട മാപ്പിളപ്പാട്ടുകാരനായ റഫീഖ് തലശ്ശേരി തെൻറ ഒരു ബന്ധുവിനെയാണ് വിവാഹം കഴിച്ചത്. അങ്ങനെയാണ് അദ്ദേഹവുമായുള്ള അടുപ്പം. മാണിക്യമലരടക്കം താനെഴുതിയ നിരവധി പാട്ടുകൾ റഫീഖ് ഇൗണം നൽകി പാടിയിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് ഷാൻ റഹ്മാൻ സിനിമക്ക് വേണ്ടി ഇൗ പാട്ട് ആവശ്യപ്പെട്ട വിവരം റഫീഖ് അറിയിച്ചത്. സന്തോഷം തോന്നി. പാട്ട് റിലീസ് ചെയ്യുന്ന വിവരവും ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. തൃശുർ ജില്ലയിലെ കരുപ്പടന്ന പുതിയ വീട്ടിൽ പരേതരായ മുഹമ്മദ് മുസ്ലിയാർ - ആമിന ദമ്പതികളുടെ ഏക ആൺതരിയായാണ് ജനനം. ഒരു സഹോദരിയുണ്ട് ഫാത്തിമ. പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം മതപഠനം നടത്തി. ഒരു മദ്റസയിൽ അധ്യാപകനായി. അതുകൊണ്ട് ആളുകൾ ഇപ്പോഴും ഉസ്താദ് എന്നാണ് വിളിക്കാറ്. 15 വർഷം ഖത്തറിൽ ജോലി ചെയ്തു. പിന്നീടാണ് റിയാദിലേക്ക് വന്നത്. പുത്തൻചിറ ചിലങ്ക സ്വദേശി അബ്ദുറഷീദാണ് വിസ തന്ന് ഇവിടെ കൊണ്ട് വന്ന് ബഖാലയിൽ ജോലിയേൽപിച്ചത്. ഇവിടെയും 15 വർഷമായി. ഭാര്യ: ആയിഷ ബീവി. മക്കൾ: അമീൻ മുഹമ്മദ്, റഫീദ. മരുമകൻ അനീഷ്.
16 വയസ് മുതൽ പാെട്ടഴുതുന്നു. ഇതുവരെ 500ലേറെ പാട്ടുകളെഴുതി കഴിഞ്ഞു. എന്നാലും ‘മാണിക്യമലരോളം’ ഹിറ്റായത് വേറെയില്ല. എന്നാൽ സർഗവഴിയിൽ നിന്ന് ഇതുവരെ ഒരു വരുമാനവും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.