എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്കെതിരെ ലഭിച്ച ഭീഷണി കത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആറുദിവസം മുൻപ് കെ.പി.രാമനുണ്ണിയുടെ കോഴിക്കോട്ടെ വസതിയിൽ തപാൽ മാർഗമാണ് ഭീഷണിക്കത്ത് ലഭിച്ചത്. സുഹൃത്തുക്കളോടും മറ്റു സാഹിത്യകാരന്മാരോടും ആലോചിച്ചതിനുശേഷമാണ് രാമനുണ്ണി പരാതി നൽകാൻ തീരുമാനിച്ചത്.
‘മാധ്യമ’ത്തിൽ കഴിഞ്ഞ ജൂൺ 16 മുതൽ 22 വരെ ‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പരക്കെതിരെയാണ് ഭീഷണിക്കത്ത്. ആറുമാസത്തിനകം മതം മാറിയില്ലെങ്കിൽ കൈയും കാലും വെട്ടുമെന്നാണ് മേൽവിലാസമെഴുതാത്ത കത്തിലെ ഭീഷണി. അല്ലെങ്കിൽ പ്രൊഫ. ജോസഫിന്റെ അനുഭവമുണ്ടാകുമെന്നും കത്തിൽ പറയുന്നു.
‘നിങ്ങൾ പല അവസരങ്ങളിലും മുസ്ലിംകൾക്ക് അനുകൂലമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുള്ള ആളാണ്. പക്ഷേ, അതെല്ലാം അടവുകളാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഞങ്ങൾക്കുണ്ട്. വരികൾക്കിടയിലൂടെ വായിച്ചാൽ മനസ്സിലാകും നിങ്ങൾ ഇസ്ലാമിെൻറ പേരിൽ പല കുറ്റങ്ങളും ആരോപിക്കുന്നുണ്ടെന്ന്’. ഇത്തരം പരാമർശങ്ങളിലൂടെ നീങ്ങുന്ന കത്ത് ഒരു തീവ്ര ഹിന്ദുവിനെക്കാളും അപകടകാരിയാണ് നിന്നെപ്പോലുള്ളവരെന്നും അതുകൊണ്ട് നിെൻറ കാര്യത്തിൽ ഒരു ദാക്ഷിണ്യവും കാണിക്കാൻ ഞങ്ങൾ തയാറല്ലെന്നും വ്യക്തമാക്കുന്നു. ടി.ജെ. ജോസഫിനെ ചെയ്തപോലെ, എഴുതിയ വലതുകൈ വെട്ടിക്കളയും ഇടതുകാലും വെട്ടിക്കളയും, മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാൻ. ആറുമാസത്തെ സമയം തരുന്നതായും കത്ത് മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.