ഔറംഗബാദ്: ചരിത്ര സ്മാരകം കാണാൻ ഔറംഗബാദിലെത്തിയ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീനെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. പ്രതിഷേധം മൂലം തസ്ലീമക്ക് എയർപോർട്ടിന് പുറത്തേക്ക് വരാൻ പോലുമായില്ല. ഞായറാഴ്ച വൈകുന്നേരമാണ് ബംഗ്ലാദേശ് എഴുത്തുകാരി ചിക്കാല്‍ത്താന എയര്‍പോര്‍ട്ടില്‍ എത്തിയത്.
'ഗോ ബാക്ക് തസ്ലീമ' എന്ന മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധക്കാര്‍ എയര്‍പോര്‍ട്ടിനു മുന്നിലും തസ്ലീമക്ക് താമസിക്കാനൊരുക്കിയ വീടിനു മുന്നിലും എത്തി. ഇതോടെ മറ്റൊരു ഫ്ളൈറ്റിൽ പൊലീസ് തസ്ലീമയെ മുംബൈയിലേക്ക് തിരിച്ചയക്കുകയായിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് തസ്ലീമ ഔറംഗാബാദിൽ എത്തിയത്. അജന്ത എല്ലോറ അടക്കമുള്ള ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം.
എ.ഐ.എം.ഐ.എം നേതാവും എം.എൽ.എയുമായ ഇംത്യാസ് ജലീല്‍ ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. തസ്ലീമ മതവികാരത്തെ വ്രണപ്പെടുത്തിയ എഴുത്തുകാരിയാണെന്നും തങ്ങളുടെ മണ്ണിൽ കാലുകുത്താൻ അവരെ അനുവദിക്കില്ല എന്നും ഇംത്യാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രാലയം തസ്ലീമ നസീമിന്‍റെ വിസ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഔറംഗാബാദിലെ അജന്ത, എല്ലോറ ഗുഹ കാണാന്‍ തസ്ലീമ എത്തിയത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തസ്ലീമയെ തിരികെ അയച്ചില്ലായിരുന്നെങ്കില്‍ അവര്‍ക്ക് ആക്രമണം നേരിടേണ്ടി വരുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.