പുലര്‍ച്ചെ വീട് വിട്ടിറങ്ങുന്ന മുനി രാത്രി വൈകിയേ മടങ്ങിയെത്തുകയുള്ളൂ. പെരുമഴയിലും ലോക്ഡൗണിലും ആ പതിവ് തെറ്റിയില്ല. ഭാര്യയോടോ മകനോടോ മരുമകളോടോ കൊച്ചുമകനോടോ നാട്ടുകാരോടോ അയാളൊന്നും സംസാരിക്കാറില്ലായിരുന്നു. രാത്രി വന്നാലുടന്‍ കിണറ്റിന്‍കരയിലിരുന്നു തുണി കഴുകി കുളിക്കും. അത്താഴം കഴിച്ചിട്ടു ഗുഹപോലത്തെ മുറിയില്‍ കയറും. അയാളെക്കൂടാതെ വനജ മാത്രമേ അവിടെ കയറുകയുള്ളൂ. െബഞ്ചിന്റെ വലുപ്പമുള്ള കട്ടിലിലാണ് അയാള്‍ കിടക്കുന്നത്. വനജ നിലത്തു കിടന്നുറങ്ങും. കൈ രണ്ടും നെഞ്ചില്‍ പിരിച്ചുെവച്ചു നീണ്ടുനിവര്‍ന്നു കിടന്നാണ് അയാളുടെ നിശ്ശബ്ദമായ ഉറക്കം.
പുലര്‍ച്ചെ വനജ നല്കുന്ന കട്ടന്‍ചായ നിന്നുകൊണ്ടയാള്‍ ഊതിയൂതി ധൃതിപ്പെട്ടു കുടിക്കും. തലേന്ന് കിട്ടിയ കൂലിയില്‍ നിന്നു അല്ലറ ചില്ലറ ചെലവിനുള്ളതു കഴിഞ്ഞുള്ള തുക അതിനിടയില്‍ അവളെ ഏൽപിക്കും. അവര്‍ പരസ്പരം ഒരു നിമിഷം നോക്കും. രണ്ടു പേരുടെയും കണ്ണില്‍ അവര്‍ക്കുമാത്രം തിരിച്ചറിയാനാവുന്ന തീരെ ചെറിയ ഒരു ചിരി പൊട്ടും. പരസ്പരം പറയാനും ചോദിക്കാനുമുള്ളതെല്ലാം ചിരിപ്പൊടിയില് പൂർണമാകും.
പറമ്പിലെ പണിക്ക് തന്റെ സഹായിയായി നാലഞ്ചു ദിവസം നിന്ന വാടിത്തളര്‍ന്ന പെണ്ണിന്റെ വീടന്വേഷിച്ചു പോയ മുനി അവളെ കല്യാണമാലോചിച്ചു. അവള് അയാള്‍ക്ക് ചൂടുള്ള കട്ടന്‍ ചായ നല്കി. തന്തയും തള്ളയുമില്ലാത്ത വനജ കൊട്ടും കുരവയുമില്ലാതെ മുനിയുടെ ഒപ്പം നടന്നു.
‘‘നിങ്ങളുടെ വീട്ടിലാരൊക്കെ ഉണ്ട്?’’
കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞ് ഒരു രാത്രി വനജ ചോദിച്ചു. മുനി ഒറ്റയക്ഷരം മിണ്ടിയില്ല.
‘‘വീടെവിടെയാണെന്നെങ്കിലും പറ. നാട്ടുകാരും ബന്ധുക്കളും ഓരോന്ന് ചോദിക്കുമ്പോള്‍ ഞാനെന്തു പറയും?’’
അയാള്‍ മറുപടിയൊന്നും പറയാതെ കണ്ണടച്ചു കിടന്നു. പാതിരാത്രി കഴിയുവോളം മറുപടിക്ക് കാതോര്‍ത്തു കിടന്ന അവള് എപ്പോഴെന്നറിയാതെ നിരാശയോടെ ഉറങ്ങി.
പിറ്റേ ദിവസം രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ മുനി പറഞ്ഞു.
‘‘നാളെ നീയും വാ.’’
‘‘എവിടെ?’’
അയാള്‍ മറുപടി പറഞ്ഞില്ല. അവള് തേങ്ങി. അയാളവളെ നെഞ്ചില്‍ ചേര്‍ത്തു ചുറ്റിപ്പിടിച്ചു.
പരിചയക്കാരാരുമില്ലാത്ത ഒരു നാട്ടിലേക്ക് അവര്‍ പിറ്റേന്നു ചേക്കേറി. മിണ്ടാനും പറയാനും ആരുമില്ലാതെ ശ്വാസംമുട്ടിയ അവളെ ഒരുനാള്‍ അടുക്കള വാതിലില്‍ മുന്‍കാലുകള്‍ െവച്ചു നിന്ന ഒരു പൂച്ച തുറിച്ച കണ്ണുകളോടെ എത്തിനോക്കി. ചിരപരിചിതയോടെന്ന പോലെ പൂച്ചയെ നോക്കി ചിരിച്ചിട്ട് അവള് വിശേഷം പറഞ്ഞുതുടങ്ങി.
‘‘പിന്നേ...’’ അവള് കൊഞ്ചി.
പൂച്ച അവളെ കണ്ണെടുക്കാതെ നോക്കി. അവളുടെ മുഖം നാണത്താല്‍ ചുവന്നു.
‘‘മണിക്കുട്ടീ... നീയിടയ്ക്ക് വന്നൊന്നു നോക്കണേ. ഞാനൊറ്റയ്ക്കേ ഉള്ളൂ. എനിക്കേ...’’ അവള് വയറില്‍ കൈെവച്ചു ചിരിച്ചു.
‘‘അല്ലെങ്കില്‍ നീ ഇനി എവിടെയും പോണ്ട. ഇവിടെ കിടന്നോ. ഉള്ളതില്‍ പങ്കുതരാം. സമ്മതിച്ചോ?’’
പൂച്ച ‘മ്യാവൂ’ എന്ന് സമ്മതം പറഞ്ഞിട്ട് അവളുടെ കാലില്‍ മുതുകുരച്ചു വട്ടംകറങ്ങി. മുനി വരുവോളം അവരിരുവരും മിണ്ടീം പറഞ്ഞുമിരുന്നു. പതിവായി വടക്കേപ്പുറത്തെ മരച്ചില്ലയില്‍ ഇരുന്ന് അകത്തേക്ക് തലചരിച്ചു നോക്കുന്ന രണ്ടു കാക്കകളുമായും അവള് സൗഹൃദത്തിലായി. വയറും താങ്ങി ക്ഷീണിച്ചിരുന്ന അവളെ നോക്കി കാക്കകള്‍ കനിവോടെ കരഞ്ഞു. പൂച്ചയെ കാണാന്‍ ഇടക്ക് അവളുടെ കൂട്ടുകാരന് വരും. വിറകു കൂട്ടിയിട്ടിരിക്കുന്ന ചായ് പ്പില്‍ കയറി ശബ്ദംതാഴ്ത്തി വാ തോരാതെ പൂച്ചകൾ സംസാരിക്കുന്നതിന്റെയും പ്രണയിക്കുന്നതിന്റെയും ഒച്ച കേള്‍ക്കുമ്പോള്‍ അവള്‍ക്ക് അസൂയ വരും. ആ ദിനം പൂച്ച അധികം മുഖംകൊടുക്കാതെയും മിണ്ടാതെയും കൊമ്പന് മീശക്കാരന്റെ ഓർമകളുമായി ചുറ്റിക്കറങ്ങി നടക്കും. ചില്ലയിലിരിക്കുന്ന കാക്കകള്‍ ഒരുമിച്ചു പറക്കുകയും തീറ്റ കൊത്തി തിന്നുകയുമൊക്കെ ചെയ്യുമെങ്കിലും പരസ്പരം സംസാരിക്കുന്നതോ കൊക്കുരുമ്മി പ്രണയിക്കുന്നതോ അവള് കണ്ടിട്ടില്ലായിരുന്നു. അവറ്റകളെപ്പോഴും ചിന്തയിലും മൗനത്തിലുമായിരുന്നു.
ഉച്ചയൂണ് കഴിച്ചിട്ട് അടുക്കള വാതിലില്‍ തലവെച്ച് അകത്തേക്ക് കാലുനീട്ടി അവള് കിടക്കുമ്പോള്‍ പൂച്ചയും പറ്റിച്ചേര്‍ന്നു കിടക്കും. അവള് പതിഞ്ഞശബ്ദത്തില് പാടുകയും ഓർമകളിലൂടെ നടക്കുകയും ചെയ്യും. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകും. ഈണമില്ലാത്തതാണെങ്കിലും ആ പാട്ടില്‍ പൂച്ച ലയിക്കും. എപ്പോഴെന്നറിയാതെ ഇരുവരും മയക്കത്തിലേക്കു വീഴും.
മെല്ലെ മെല്ലെ ചുറ്റിലുമുള്ള എല്ലാറ്റിനോടും സംസാരിക്കാനും ചങ്ങാത്തത്തിലാകാനും അവള് പഠിച്ചു. മിണ്ടാതെയും പറയാതെയും നടന്നവന് എല്ലാ നാട്ടിലും മുനിയെന്ന് തന്നെയായിരുന്നു പേര്.
‘‘അവനോട് നിങ്ങള്ക്കെന്തെങ്കിലുമൊന്നു ചോദിച്ചൂടെ?’’
ജയകുമാര്‍ സ്കൂളില്‍ പോയി തുടങ്ങി രണ്ടു മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ദിവസം കിടക്കാന്‍ നേരം വനജ ചോദിച്ചു. ഇരുട്ടില്‍ മകന്റെ ശ്വാസഗതി താഴുന്നതും ചെവി കൂര്‍പ്പിക്കുന്നതും മുനി കേട്ടു. അടുത്ത ദിവസം മുതലാണ് മകന്റെ കിടപ്പ് അടുത്ത മുറിയിലേക്ക് മാറ്റിയത്. അച്ഛനും മകനും ഒരു വീട്ടില്‍, അടുത്തടുത്ത മുറികളില്‍ നിശ്ശബ്ദരായി ജീവിച്ചു. മുനി വരുന്നതിനു മുമ്പ് ഉറങ്ങാന്‍ കിടക്കുന്ന ജയകുമാര്‍ പിറ്റേന്ന് അയാള്‍ പോയിട്ടേ എഴുന്നേല്ക്കൂ.
മാറി മാറി വാടകവീടുകളില്‍ താമസിക്കുന്നതിനാല്‍ കൂട്ടുകാര്‍തന്നെ ദേശാടനക്കിളിയെന്നു വിളിച്ചു കളിയാക്കുന്നുവെന്ന് ഒരിക്കല്‍ അമ്മയോടു മകന് പരിഭവം പറഞ്ഞു. മറുപടിയായി മുനി അവന് ഒരു പുസ്തകം നല്കി. അവനത് മറിച്ചുനോക്കാന്‍പോലും മെനക്കെടാതെ വലിച്ചെറിഞ്ഞു. അന്നു രാത്രി അവന് തന്റെ പാഠപുസ്തകങ്ങള്‍ അടുപ്പിലിട്ടു കത്തിച്ചു. മകന് അച്ഛന് നിത്യശത്രുവായി.
‘‘ഇങ്ങേര്‍ക്ക് വാതുറന്നെന്തെങ്കിലും പറഞ്ഞാലെന്താ കുഴപ്പം? ഞാനിനി പഠിക്കാന്‍ പോണില്ല. പണിക്ക് പോയി കാശുണ്ടാക്കീട്ട് ഞാന്‍ വീടുണ്ടാക്കി കാണിച്ചു തരാം.’’ ജയകുമാര്‍ വനജയോട് പറഞ്ഞു. അവള് മറുപടി പറഞ്ഞില്ല.
വനജ മരിച്ചതിനുശേഷം ശ്രീജ പുലര്‍ച്ചെ കട്ടന്‍ചായ മേശപ്പുറത്ത് ഗ്ലാസില്‍ പകര്ന്നുെവക്കും. ആവി പാറുന്ന കട്ടനും കുടിച്ചു, തലേന്നു കിട്ടിയ പണം മേശപ്പുറത്ത് െവച്ചിട്ട് മുനി പോകും. ഒരു ദിവസം ആ പതിവ് തെറ്റി. ഒരുറക്കം കൂടി കഴിഞ്ഞു കണ്ണു തിരുമ്മി വന്ന ശ്രീജ കണ്ടത് തണുത്ത കട്ടന്‍ചായയില്‍ ഈച്ച ചത്തുകിടക്കുന്നതാണ്. അവള് മുറിയുടെ വാതില്ക്കല് നിന്നു ചെവി വട്ടംപിടിച്ചു. അകത്ത് അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ കതക് മെല്ലെ തള്ളിത്തുറന്നു.
അവള് ഭയന്ന് ഉറക്കെ വിളിച്ചു.
നിലത്തു കമിഴ്ന്നു കിടക്കുന്ന മുനിയെ ജയകുമാറും കണ്ടു. വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ ആ മുറിയിലേക്ക് കയറി. ഓർമ െവച്ചതിനുശേഷം ആദ്യമായി അച്ഛന്റെ ശരീരത്തില്‍ മകന് സ്പര്‍ശിച്ചു.
‘‘ആരെങ്കിലും വായ്ക്കരിയിടാനോ മൊഹം കാണാനോയുണ്ടോ?’’ മുറ്റത്ത് കെട്ടിയ പച്ച പന്തലില്‍ മുനി നെഞ്ചില്‍ കൈ പിണച്ചുെവച്ച് നീണ്ടുനിവര്‍ന്നു കിടന്നു. വിരലിലെണ്ണാവുന്നയത്രയും മനുഷ്യര്‍ അകലെമാറി നിസ്സംഗരും നിശ്ശബ്ദരുമായി നിന്നു. മുഖം വെള്ളത്തുണി കൊണ്ടു മൂടി. വനജയുടെ മൃതദേഹം ശ്മശാനത്തിലേക്കെടുത്തപ്പോള് ആകാശത്ത് വട്ടം പറക്കുകയും കൂട്ടമായി പതംപറഞ്ഞു കരയുകയും ചെയ്ത എണ്ണമറ്റ കാക്കകളില്‍ പകുതിയോളം ചുറ്റിലുമുള്ള വൃക്ഷങ്ങളില്‍ എല്ലാം നോക്കി ചിറകൊതുക്കിയിരുന്നു. ഒരു തുള്ളി കണ്ണീരോ നിലവിളിയോ ഏറ്റുവാങ്ങാതെ മുനി ശ്മശാനത്തിലേക്ക് യാത്ര തിരിച്ചു.
മൃതദേഹം എരിഞ്ഞു തീരും മുമ്പേ ഒപ്പം വന്നവര്‍ നാലു വഴിക്ക് മടങ്ങിപ്പോയി. മുഖം മങ്ങിയ മേഘങ്ങള്‍ മാത്രം നിശ്ചലമായി നിന്നു. മുനി മരിച്ച് രണ്ടാം ദിവസം രാവിലെ മുറ്റത്ത് വന്നു നിന്ന അറുപതോളം വയസ്സു തോന്നിക്കുന്നയാള്‍ ചോദിച്ചു.
‘‘ജയകുമാറല്ലേ?’’
‘‘അതേ.’’
അയാള്‍ മുറ്റത്ത് കിടന്ന പ്ലാസ്റ്റിക് കസേരയില്‍ ഇരുന്നു. ജയകുമാര്‍ അപരിചിത ഭാവത്തോടെ അയാളെ നോക്കി.
‘‘പത്തിരുപത് വര്‍ഷമായി എല്ലാ ആഴ്ചയും എന്റെ വീട് തൂത്തുതുടയ്ക്കുന്നത് മുനിയാ. രാവിലെ വന്നാല്‍ സന്ധ്യയ്ക്കേ പോകൂ. ജനലും വാതിലും ഫാനുമൊക്കെ കണ്ണാടിപോലെ തുടച്ചു മിനുക്കും. ഈ കാലത്തിനുള്ളില്‍ ആകെ പറഞ്ഞിട്ടുള്ളത് ഉണ്ണിക്കുട്ടനെക്കുറിച്ച് ഒന്നോ രണ്ടോ വരിമാത്രം. അവന് നല്ല പാട്ടുകാരനാ അല്ലേ? ചരമ വാര്‍ത്തയില്‍ നിന്നാ നിങ്ങളുടെയൊക്കെ പേരു മനസ്സിലാക്കിയത്.’’ അയാള്‍ നെടുവീര്‍പ്പിട്ടു.
മുനിയുടെ മകനെന്ന അപമാനം ഉണ്ണിക്കുട്ടന്റെ അച്ഛന് എന്ന അഭിമാനത്തിലൂടെയാണ് ജയകുമാര്‍ അതിജീവിച്ചത്. ചായക്ക് മധുരം വേണമോയെന്ന് ചോദിക്കാന്‍ വന്ന ശ്രീജയെ വാത്സല്യത്തോടെ ആഗതന് നോക്കി.
‘‘മൂന്നാലു മാസമായിട്ടാ മുനിയെ മ്ലാനത പിടികൂടിയത്. എന്താ മുനീ മുഖത്തൊരു തെളിച്ചവുമില്ല... നിനക്കൊരു ഉത്സാഹവുമില്ലല്ലോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഭാര്യ പോയി സാറേന്നു പറഞ്ഞു. പിന്നെ ഞാന്‍ ചോദിച്ചതിനൊന്നും മറുപടി പറഞ്ഞില്ല. നേരത്തേ പണി നിര്‍ത്തിയന്നു പോവുകയും ചെയ്തു.’’
എല്ലാവരും അൽപനേരം നിശ്ശബ്ദരായി. ശ്രീജ അകത്തേക്ക് പോയി.
‘‘നിന്റെ യഥാർഥ പേരെന്താ മുനീന്നു ഞാനൊരിക്കല്‍ ചോദിച്ചു. ആര്‍ക്കെങ്കിലും മുനീന്ന് പേരിടോന്ന സംശയം കൊണ്ടുചോദിച്ചതാ. ആ ദിവസം പിന്നെ എന്റെ മുഖത്ത് നോക്കിയിട്ടില്ല. ആരും ഒന്നും പറഞ്ഞുകൊടുക്കണ്ട. പറമ്പിലെയായാലും വീട്ടിലെയായാലും പണിയെല്ലാം നോക്കിക്കണ്ട് വെടിപ്പായി ചെയ്യും. ഞാനൊരുപാട് പേരെ കണ്ടിട്ടുണ്ട്. പലനാട്ടുകാരെ, പല ഭാഷക്കാരെ, പക്ഷേ, ഇത്രേം മനുഷ്യപ്പറ്റുള്ള ഒരാളെ വേറെ കണ്ടിട്ടില്ല. എന്തൊരു മനുഷ്യനായിരുന്നു...’’ അയാള്‍ അത് പറഞ്ഞപ്പോള്‍ ശബ്ദം ചെറുതായി ഇടറി.
ശ്രീജ കൊടുത്ത മധുരമില്ലാത്ത ചായ ഒരു കവിള് കുടിച്ചിട്ട് അയാള്‍ ചോദിച്ചു. ‘‘മുനിയെന്നത് ശരിക്കുള്ള പേരാണല്ലേ. മിണ്ടേം പറയേമില്ലാത്തോണ്ടുള്ള വട്ടപ്പേരെന്നാ ഞാന്‍ കരുതിയത്.’’
ജയകുമാര്‍ ഞെട്ടി. അയാള്‍ മുഖം താഴ്ത്തിയിരുന്നു. മരണം കഴിഞ്ഞു മൂന്നാം ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ വന്ന പകുതിയോളം തലമുടി നരച്ച സ്ത്രീ റോഡരുകില്‍ കാര്‍ നിര്‍ത്തിയിട്ട് ഇടവഴി കടന്ന് മുനിയുടെ വീട്ടിലേക്ക് കയറി. അവര്‍ കുറേ നേരം തലകുമ്പിട്ടു നിശ്ശബ്ദയായിരുന്ന ശേഷം പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി.
‘‘ഒന്നര മാസം മുമ്പ് കഞ്ഞിക്കുഴീലൊരു മെഡിക്കല്‍ ഷോപ്പില്‍ െവച്ച് കണ്ടതുകൊണ്ടാ എനിക്ക് ചരമവാര്ത്തയിലെ ആളെ മനസ്സിലായത്. പ്രായോം പേരും തെറ്റിച്ചു കൊടുത്താലെങ്ങനെ അറിയാനാ?’’
ആ ചോദ്യം ജയകുമാറിന്റെ നെഞ്ചില്‍ തീ കോരിയിട്ടു.
‘‘മെഡിക്കല്‍ ഷോപ്പിന്റെ വശത്തുനിന്ന് കണ്ണെടുക്കാതെ നോക്കി നിന്ന ആളെ പെട്ടെന്നെനിക്കു മനസ്സിലായില്ല. നെറ്റിയുടെ ഇടതുവശത്തുള്ള നീളന്‍ മറുകും വലിയ കണ്ണുകളും കൃഷ്ണമണിയില്‍ തൊട്ടുള്ള ചെറിയ പുള്ളിയും ശ്രദ്ധിച്ചപ്പോഴാ മിന്നലേറ്റതുപോലെ എനിക്കാളെ ഓർമ കിട്ടിയത്. എന്റെ കുമാരാന്ന് അറിയാതെ ഞാന്‍ കരഞ്ഞുപോയി.’’ അവര്‍ ചെറുതായി കിതച്ചു. ചുണ്ടുകള്‍ വിറച്ചു.
‘‘കുമാരനായിരുന്നു പഠിക്കാന്‍ സ്കൂളിലൊന്നാമന്. കണക്കിന് എപ്പോഴും ഫുള്മാര്ക്കാ. ഞങ്ങളൊക്കെ തലകുത്തി നിന്നു പഠിച്ചാലും എല്ലാ പരീക്ഷയ്ക്കും കുമാരന് താഴെ മാര്‍ക്കേ കിട്ടൂ. പത്താം ക്ലാസ് തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോഴാ കുമാരന് പഠിത്തം മതിയാക്കി പോയത്. പിന്നെ കണ്ടത് ഒന്നരമാസം മുമ്പാ...’’ അവര്‍ വിങ്ങലടക്കി.
‘‘എവിടെ എത്തേണ്ടതായിരുന്നു. പാട്ടും പ്രസംഗോം കളിയും ചിരിയും. എല്ലാവര്ക്കും മാതൃകയായിരുന്നു. ഞാന്‍ ചോദിച്ചതിനൊന്നും മറുപടി പറയാതെ എന്നെ കുറേ നേരം നോക്കിനിന്നിട്ടു മെഡിക്കല്‍ സ്റ്റോറിന്റെ മുന്നീന്നു കുമാരനന്നു പോയി.’’കണ്ണില്‍ പൊടിഞ്ഞ ഒരു തുള്ളി കണ്ണീര് ആരും കാണാതെ അവര്‍ തുടച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഉള്ളിൽ പൊടിഞ്ഞ നിശ്ശബ്ദപ്രണയം മറച്ചതുപോലെ.
‘‘കഞ്ഞിക്കുഴീലെ മെഡിക്കല്‍ സ്റ്റോറില്‍ യാദൃശ്ചികമായി ഞാനന്നു പോയില്ലായിരുന്നെങ്കില്‍ കുമാരനെ എനിക്കൊരിക്കലും കാണാനാവില്ലായിരുന്നു. ഞാനത്രമാത്രം ആഗ്രഹിച്ചോണ്ടാവും...’’ കുറേ നേരം വിങ്ങലടക്കി നിശ്ശബ്ദയായിരുന്നിട്ട് അവര്‍ നിറഞ്ഞ കണ്ണുകളോടെ യാത്ര പറഞ്ഞിറങ്ങി. നാലാം ദിവസം വെയിലുറക്കും മുമ്പ് വൃദ്ധയായ ഒരു സ്ത്രീയും ഒപ്പം ഒരു മധ്യവയസ്കനും വന്നു.
‘‘എന്റെ പേര് ശാന്തകുമാരി. ഞാന്‍ കുമാരന്റെ ടീച്ചറായിരുന്നു...’’ പറഞ്ഞു മുഴുവിപ്പിക്കും മുമ്പ് അവര്‍ കസേരയിലിരുന്നു തേങ്ങിക്കരയാന്‍ തുടങ്ങി.
കൂടെ വന്ന മധ്യവയസ്കന് തോളില്‍ തട്ടി ആശ്വസിപ്പിച്ചിട്ടും അവര്‍ക്ക് കരച്ചിലടക്കാനായില്ല.
‘‘ഇന്നലെ സ്കൂളിലെ പൂർവ വിദ്യാർഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്ന ഫോട്ടോയും വാര്‍ത്തയും കണ്ടപ്പോഴാ അമ്മ വിവരം അറിഞ്ഞത്.’’ ഒപ്പം വന്നയാള്‍ പറഞ്ഞു.
‘‘എല്ലാ വെള്ളിയാഴ്ചയും അവസാന പീരിഡില്‍ ഞാനവനെക്കൊണ്ട് പാടിക്കുമായിരുന്നു.’’ കണ്ണീര് തുടച്ചിട്ട് അവര്‍ ഭൂതകാലത്തിലേക്ക് നടന്നു.
‘‘അവന് പാടി തുടങ്ങുമ്പോള്‍ ആ നീണ്ട ഷെഡിലെ ക്ലാസുകളെല്ലാം നിശ്ശബ്ദമാകും. അവന് ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടുണ്ടായിരുന്നു. എനിക്കും അന്നും ഇന്നും ആ പാട്ടുതന്നെയാ ഇഷ്ടം. അതില്‍ അച്ഛനെയും അമ്മയെയും കുറിച്ചു പറയുന്ന ഒരു ഭാഗമുണ്ട്. അതു കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകും.’’
അവരുടെ കണ്ണുകള്‍ തുളുമ്പി.
‘‘അവന് വലിയ ഉദ്യോഗത്തിലിരിക്കുമ്പോ കാണാന്‍ ഞാന്‍ ചെല്ലുമെന്ന് പറയുമ്പോള്‍ അവന്റെ മുഖത്തെയൊരു സന്തോഷം കാണണമായിരുന്നു. എസ്.എസ്.എല്‍.സി ബുക്കില്‍ ചേര്‍ക്കാന്‍ ഞാനവനൊരു നല്ല പേര് കണ്ടുെവച്ചിട്ടുണ്ടായിരുന്നു. പേര് മാറ്റാന്‍ അപേക്ഷയും കൊടുത്തതാ. ഞാനാ പേര് നീട്ടി വിളിക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങുമായിരുന്നു. എന്തൊരുവിധി. ഇത്രയും കാലം കുമാരനിവിടെ ഉണ്ടായിരുന്നെന്ന് ഞാനറിഞ്ഞില്ലല്ലോ...’’ തലയില്‍ കൈകൊണ്ട് തട്ടി അവര്‍ വിലപിച്ചു.
അന്നും അടുത്ത ദിവസങ്ങളിലുമായി കുറേയധികം ആള്ക്കാര് വന്നു. കുമാരന്റെ സഹപാഠികളായിരുന്നു വന്നതില്‍ അധികം പേരും. സ്റ്റേറ്റ് കാറുകളും മുന്തിയ വാഹനങ്ങളുമൊക്കെ ആ ഗ്രാമത്തിലേക്ക് വന്നപ്പോഴാണ് നാട്ടുകാര്‍ ആദ്യമായി കുമാരനെക്കുറിച്ചന്വേഷിക്കാന് തുടങ്ങിയത്. അവര്‍ക്കു മുന്നില്‍ അത്രയും നാള് ജീവിച്ച മുനിയെയല്ല അതിനുമുമ്പുള്ള അയാളുടെ ജീവിതമാണ് അവര്‍ ചികഞ്ഞത്. കുമാരനെക്കുറിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ അര മണിക്കൂര്‍ പരിപാടി സംപ്രേക്ഷണം ചെയ്തു.
സ്കൂള്‍ പഠനകാലത്ത് കുമാരന്റെ അയല്‍വാസിയായിരുന്ന ഒരാളാണ് വാർധക്യത്താല്‍ ക്ഷീണിച്ച സ്വരത്തില്‍, ‘ജീവിതം അജ്ഞാതമാക്കിയ ഒരാള്‍’ എന്ന ആ പരിപാടിയില്‍ പ്രധാനമായും സംസാരിച്ചത്.
‘‘സ്ട്രോക്ക് വന്നതില്‍ പിന്നെ ഞാന്‍ പുറത്തേക്കൊന്നും ഇറങ്ങാറേയില്ല. മരിക്കുന്നതിനുമുമ്പ്, കുമാരനെ ഒന്നു കാണണമെന്ന ഒറ്റയൊരാഗ്രഹമേയുണ്ടായിരുന്നുള്ളൂ. അതു നടന്നില്ല. ഞാനവനെ അന്വേഷിക്കാനിനിയൊരിടവുമില്ല. പത്ത് നാല്‍പ്പത് കിലോ മീറ്ററിനകത്ത് താമസിച്ചയാളെ ഞാന്‍ ഇടുക്കിയിലും വയനാട്ടിലും വരെ പോയി തപ്പി.’’ വീല്‍ചെയറിലിരുന്ന അയാളുടെ മുഖത്തുനിന്നു കാമറ കുട്ടിക്കാലത്ത് കുമാരന് താമസിച്ച ഗ്രാമത്തിന്റെയും പഠിച്ച സ്കൂളിന്റെയും ദൃശ്യങ്ങളിലേക്ക് മാറി. വിഷാദ സംഗീതം പശ്ചാത്തലത്തില്‍ പടര്‍ന്നു.
‘‘ഞങ്ങള്‍ അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്നവരാ. ഒരു കുടുംബംപോലെയാ കഴിഞ്ഞത്. കുമാരന്റെ മൂത്ത രണ്ട് സഹോദരിമാരും എന്റെ സഹോദരിമാരുമൊക്കെ വലിയ കൂട്ടായിരുന്നു. കുമാരന് എന്നെക്കാളും അഞ്ചാറു വയസ്സിളയതാ. കുമാരന്റെ അച്ഛന് കേസില്പ്പെട്ടതോടെയാ എല്ലാം തകിടം മറിഞ്ഞത്?’’ അയാള്‍ ഓർമകളിലേക്ക് നടന്നു.
അമ്പലപ്പറമ്പില്‍ കുട്ടികളായ ഞങ്ങള്‍ കളിച്ചോണ്ടിരിക്കുമ്പോഴാ സംഭവം. ഒപ്പം കുമാരനുമുണ്ട്. നിലവിളി കേട്ടാ ഞങ്ങളോടിയത്. ചെല്ലുമ്പോള്‍ കുമാരന്റെ വീട്ടില്‍ പോലീസും ബഹളോം. നാട്ടുകാരൊക്കെ ഓടിക്കൂടി. പോലീസുകാര്‍ ചെല്ലമ്പിയെ തലങ്ങും വിലങ്ങും അടിച്ചു. മോഷ്ടിച്ചോണ്ട് വന്ന പണം എവിടെ ഒളിപ്പിച്ചെടായെന്ന് ചോദിച്ചാണ് അടിയും ഇടിയും ചവിട്ടും. ‘ഞാനൊന്നും മോഷ്ടിച്ചിട്ടില്ലെന്ന്’ ചെല്ലമ്പി തലയുയര്‍ത്തിനിന്ന് പറഞ്ഞു. അങ്ങോര് ജോലിക്കു നില്ക്കുന്ന പലചരക്കു കടേന്നു പണം മോഷണം പോയെന്നാ കേസ്. ചെല്ലമ്പിയെ നിലത്തിട്ടു ചവിട്ടുന്നത് കണ്ട കുമാരന് ‘എന്റെ അച്ഛനെ അടിക്കല്ലേ’ന്നും പറഞ്ഞു ഓടിച്ചെന്ന് പോലീസുകാരനെ പിടിച്ചുതള്ളി. പോലീസുകാരെല്ലാം ചേര്‍ന്ന് കുമാരനെയും അടിച്ചു. നിലത്തുവീണ പോലീസുകാരന് ചാടി എഴുന്നേറ്റ് കുമാരനെ കഴുത്തിന് പൊക്കിയെടുത്ത് ചെകിടത്ത് ആഞ്ഞടിച്ചിട്ട് ‘വായടയ്ക്കടാ പട്ടീ’ന്നലറി. കുമാരന് തലകറങ്ങി വീണു. പോലീസുകാര്‍ വീട്ടിനുള്ളില്‍ കയറി കയ്യില്‍ കിട്ടിയ പുസ്തകങ്ങളെല്ലാം വാരിയെടുത്തു മുറ്റത്ത് കൂട്ടിയിട്ട് കത്തിച്ചു. ചെല്ലമ്പിയെ ജീപ്പിലിട്ടോണ്ടവര് പാഞ്ഞു. എഴുപത്തിയഞ്ചിലെ പേ പിടിച്ച പോലീസല്ലേ... ചോദിക്കാനും എതിര്‍ക്കാനും സാക്ഷിപറയാനുമൊന്നും ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. രണ്ടാഴ്ച കഴിഞ്ഞ് വെളുപ്പിന് കണ്ടത് വീടിന്റെ മുന്നിലെ പറങ്കിമാവില്‍ തൂങ്ങിനില്‍ക്കുന്ന ചെല്ലമ്പിയെയാണ്. ശരീരമാസകലം കല്ലിച്ച രക്തപ്പാടുള്ള അയാളുടെ മുഖം വീങ്ങിയിരുന്നു.
പറമ്പില്‍ വിറക് കൂട്ടിയിട്ട് ചെല്ലമ്പിയെ ദഹിപ്പിച്ചു. നാട്ടുകാരെയൊന്നും പോലീസടുപ്പിച്ചില്ല. അലറിക്കരയുന്ന അമ്മയുടെയും സഹോദരിമാരുടെയും സമീപത്ത് ഒരുതുള്ളി കണ്ണീര്‍പോലും പൊഴിക്കാതെ പാറപോലെ നിന്ന കുമാരനെ എനിക്കിപ്പോഴും ഓർമയുണ്ട്. ആരോടുമവന് ഒറ്റയക്ഷരവും മിണ്ടിയില്ല. ആ കുടുംബം ആരോടും ഒന്നും പറയാതെ സാധനങ്ങളെല്ലാം വാരിക്കെട്ടി പാതിരാത്രി നാടുവിട്ടു പോയി. ചെല്ലമ്പി സ്ഥിരമായി പോകുമായിരുന്ന നാട്ടിലെ ലൈബ്രറിയിലെ പുസ്തകങ്ങളെല്ലാം പോലീസുകാര്‍ വാരി പുറത്തിട്ടു കത്തിച്ചു. ചെല്ലമ്പിയോടൊപ്പം രാത്രി പറമ്പിലിരുന്നു പതിവായി സംസാരിക്കുമായിരുന്നവരെയൊക്കെ പോലീസ് ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തു. പലചരക്ക് കടക്കാരനെ ഭീഷണിപ്പെടുത്തി കള്ളക്കേസ് എഴുതിപ്പിച്ചു വാങ്ങിയത് പോലീസുകാരായിരുന്നുവെന്ന് പിന്നീടാ ഓരോരുത്തര് പറഞ്ഞറിഞ്ഞത്.’’
അയാള്‍ ഭൂതകാലത്തിന്റെ കണ്ണടയൂരി. വീല്‍ചെയറില്‍ ഇരുന്ന അയാളെയും ഉന്തിക്കൊണ്ടു മകള്‍ ഇരുളും വെളിച്ചവും ഉള്ള വരാന്തയിലൂടെ മറയുന്ന ബാക്ക് ഷോട്ടില്‍ സംഗീതം ലയിപ്പിച്ചു.
വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാണ് കുമാരന്റെ മൗനമെന്നും സര്‍ക്കാര്‍ മാറി മാറി വന്നിട്ടും ഭരണകൂടം സ്ഥായിയായി തുടരുന്നതിലുള്ള അമര്‍ഷമായി ആ ദീര്ഘമൗനത്തെ വ്യാഖ്യാനിക്കണമെന്നും പരിപാടിയില്‍ പങ്കെടുത്ത ഒരു രാഷ്ട്രീയ നിരീക്ഷകന് പറഞ്ഞു. ശബ്ദിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും നിശ്ശബ്ദരാക്കുകയും തുടച്ചുനീക്കുകയും ചെയ്യുന്നത് അന്നത്തെക്കാളും ഇന്നല്ലേ കൂടുതലെന്നും അയാള്‍ ചോദിച്ചു.
കുമാരന് മരിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍ ഒരു ഇടത്തരം പത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ ‘മിണ്ടുക മഹാമുനേ’ എന്ന പേരില്‍ കവര്‍ ഫീച്ചര്‍ വന്നു. സ്കൂള്‍ ഗ്രൂപ്പ് ഫോട്ടോയിലെ കുമാരന്റെ മുഖം അതില്‍ വട്ടമിട്ടു കൊടുത്തു. കുമാരന്റെ വടിവൊത്ത അക്ഷരത്തിലുള്ള ഒരു പഴയ ഉത്തരക്കടലാസ് അന്നത്തെയൊരു അധ്യാപകന്റെ പക്കല്‍നിന്നു കണ്ടെടുത്ത് ഫീച്ചറില്‍ ഉള്‍പ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘‘എങ്ങനെയാണ് കണക്കുപരീക്ഷ എഴുതേണ്ടതെന്ന് കുട്ടികളെ പഠിപ്പിച്ചത് ആ ഉത്തരക്കടലാസ് കാട്ടിയാണെന്ന ‘അധ്യാപകന്റെ അനുഭവസാക്ഷ്യമുള്പ്പെടെ നിരവധി പേര് കുമാരനെ അനുസ്മരിച്ചു.’ ശിഷ്യനു നല്കാന് ഹൃദയത്തില്‍ സൂക്ഷിച്ച പേര്, പേരമകന് നല്കി ടീച്ചര്‍’’ എന്ന വിവരവും അതേ പേര് കുമാരന് തന്റെ മകന് നല്‍കിയെന്ന കണ്ടെത്തലും വായനക്കാരുടെ കണ്ണു നനയിച്ചു. ഫീച്ചറില്‍ നല്‍കിയിരുന്ന ശാന്തകുമാരി ടീച്ചറുടെയും ജയകുമാറിന്റെയും ചെറിയ ഫോട്ടോയിലേക്കു നനഞ്ഞ കണ്ണുകള്‍ ചാഞ്ഞു. കുമാരനെക്കാളും പഠിക്കാന്‍ മികവു കുറഞ്ഞ സഹപാഠികള്‍ എത്തിയ വലിയ സ്ഥാനങ്ങള്‍ എണ്ണിപ്പറഞ്ഞു കുമാരന് എത്തിച്ചേരാന്‍ സാധ്യതയുണ്ടായിരുന്ന പദവികളെക്കുറിച്ച് വായനക്കാരെക്കൊണ്ട് ഊഹിപ്പിച്ചു. ചെല്ലമ്പി രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു എന്നും പോലീസ് ഭീഷണിയെ തുടര്‍ന്നാണ് അയാളുടെ മരണശേഷം കുടുംബം നാടുവിട്ടു പോയതെന്നും കണ്ടെത്തി.
മുറിയില്‍ അബോധാവസ്ഥയില്‍ കിടന്ന കുമാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ മകന് ശ്രമിച്ചു പരാജയപ്പെട്ട കഥ ഫീച്ചറിലൂടെ പുറം ലോകമറിഞ്ഞു. ബ്ലാക്ക് ക്യാറ്റുകളുടെ തോക്കുകള്‍ക്ക് മധ്യേ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ തുറന്ന ജീപ്പില്‍ വരുന്ന രാജാധിരാജനുവേണ്ടി ബാരിക്കേഡ് െവച്ച് അടച്ച റോഡിലെ വാഹനക്കൂട്ടത്തില്‍ കുമാരനെയും വഹിച്ചു വന്ന കാറും കുടങ്ങിക്കിടന്നു. നീണ്ട കാത്തുകിടപ്പിനിടയില് കുമാരന് എന്നെന്നേക്കുമായി കണ്ണടച്ചതു അറച്ചറച്ചു ജയകുമാര്‍ പറഞ്ഞു. വായനക്കാര്‍ നെടുവീര്‍പ്പിന്റെ മൗനത്തിലൊളിച്ചു.
കുമാരന് പാടുമായിരുന്ന വിപ്ലവഗാനങ്ങളെ ഓര്‍ത്തെടുത്ത്, അച്ഛന്റെ രാഷ്ട്രീയം മകനിലും ഉണ്ടായിരുന്നെന്നു സഹപാഠികളില്‍ ചിലര്‍ പറഞ്ഞു. എഴുപത്തിയാറില്‍ ഗൗരിയമ്മയും പെണ്ണമ്മ ജേക്കബും, ചെല്ലമ്പി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്നും ദുരൂഹ സാഹചര്യത്തിലുള്ള മരണവും അയാളുടെ കുടുംബത്തിന്റെ തിരോധാനവും അന്വേഷിക്കണമെന്നും നിയമസഭയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മൗനത്തിലൊളിച്ചു. സഭയില്‍ ഉന്നയിക്കപ്പെട്ട സംഭവം കെട്ടിച്ചമച്ചതാണെന്നും അങ്ങനെയൊരാളെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ െവക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് മന്ത്രി മറുപടി പറഞ്ഞു.
ഇന്ദിരാഗാന്ധി, സി. അച്യുതമേനോന്, കെ. കരുണാകരന് എന്നിവരുടെ ചിത്രവും പോലീസുകാര്‍ക്കിടയില്‍ പ്രിന്റഡ് ഷര്‍ട്ടും ധരിച്ച് സിഗരറ്റ് വലിച്ചുനില്‍ക്കുന്ന കൂസലില്ലാത്ത ജയറാം പടിക്കലിന്റെ ചിത്രവും ഫീച്ചറില്‍ കൊടുത്തിരുന്നു.
മൗനത്തെ മെറ്റീരിയലായി വ്യാഖ്യാനിക്കരുതെന്ന, ആത്മീയ ജീവിതം നയിക്കുന്ന പഴയൊരു എം.എല്ലുകാരന്റെ അഭിപ്രായം ബോക്സില്‍ കൊടുത്തതും കൗതുകമായി. നമ്മളിന്ന് അർഥമില്ലാതെ ശബ്ദമുണ്ടാക്കുകയും അനീതികള്‍ക്കെതിരെ നിശ്ശബ്ദരാവുകയും ചെയ്യുന്നവരല്ലേ? മിണ്ടുക മഹാമുനേ എന്നു നാം നമ്മോട് പറയേണ്ട വാചകമാണെന്നും മുനി എന്നത് ഒരാളിന്റെ പേരല്ലെന്നും അതൊരു സമൂഹത്തിനെ വിളിക്കേണ്ട പേരും അവസ്ഥയുമാണെന്നും അയാള്‍ പറഞ്ഞു. ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഘം കുമാരന്റെ വീടിന്റെ മുറ്റത്തു ഒത്തുകൂടി പഴയ സിനിമാ ഗാനങ്ങളാലപിച്ച് ആദരാഞ്ജലിയര്‍പ്പിച്ചു.
കുമാരന് പഠിച്ച സ്കൂളില്‍ കണക്കു പരീക്ഷക്ക് പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് കുമാരന് സ്മാരക ട്രോഫിയും കാഷ് അവാര്‍ഡും പൂർവ വിദ്യാർഥികളുടെ വാട്സ്ആപ് കൂട്ടായ്മ പ്രഖ്യാപിച്ചു. കുമാരന് കുടുംബ സഹായ ഫണ്ട് രൂപവത്കരിക്കാനും വാടകവീട്ടില്‍ കഴിയുന്ന, തയ്യല്‍ തൊഴിലാളിയായ കുമാരന്റെ മകന് സ്ഥലം വാങ്ങി വീടുെവച്ചു കൊടുക്കാനും അവര്‍ തീരുമാനിച്ചു.
ചെല്ലമ്പിയുടെ കുടുംബം നാടുവിട്ടതിനുശേഷം കുമാരന് വനജയെ വിവാഹം കഴിക്കുന്നതുവരെയുള്ള ജീവിതം എവിടെ, എങ്ങനെ ജീവിച്ചു എന്ന് ആര്‍ക്കും കണ്ടെത്താനായില്ല. ‘ഒരു മകന്റെ ഓർമക്കുറിപ്പുകള്‍’ എഴുതണമെന്ന് ഒരു പ്രസാധകന് നിര്‍ബന്ധിച്ചെങ്കിലും ഓർമകളില്ലെന്നു പറഞ്ഞ് ജയകുമാര്‍ ഒഴിഞ്ഞുമാറി.
കുമാരന്റെ അലുമിനിയം പെട്ടിയും നാലു ജോടി പഴയ ഡ്രസും അഴുക്കുപുരണ്ട പുറംചട്ടയുള്ള ഒരു പുസ്തകവും ജയകുമാര്‍ തന്റെ മുറിയില്‍ എടുത്തുെവച്ചു. ആ പുസ്തകത്തിന്റെ പുറംചട്ട ഓർമകളുടെ കൊളുത്തിട്ട് അയാളെ പിന്നിലേക്ക് വലിച്ചു. പണ്ട് താന്‍ അച്ഛന്റെ മുഖത്ത് വലിച്ചെറിഞ്ഞ അതേ പുസ്തകം. അയാള്‍ നെടുവീര്‍പ്പോടെ താളുകള്‍ മറിച്ചു. അകത്തെ പേജില്‍, മങ്ങിയ അക്ഷരത്തില്‍ മകന് കുമാരന് അച്ഛന് ചെല്ലമ്പി എന്നും അതിന് താഴെ മകന് ജയകുമാറിന് അച്ഛന് കുമാരന് എന്നും എഴുതി ഇരുവരും ഒപ്പിട്ടിരുന്നു. ആരവങ്ങള്‍ കെട്ടടങ്ങിയശേഷം ഒരു പാതിരാത്രി ഉറങ്ങാനാവാതെ കിടന്ന ജയകുമാര്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നിട്ടും പരവേശം മാറാതെ ശ്രീജയെ തട്ടിവിളിച്ചു.
‘‘നീയൊരു കട്ടന്‍ചായ ഇട്ടേ?’’ ജയകുമാര്‍ പറഞ്ഞു.
പാലില്ലെങ്കില്‍ ചായ വേണ്ടെന്നു നിര്‍ബന്ധം കാട്ടുന്നയാള്ക്ക് എന്ത് പറ്റിയെന്നു ശ്രീജ അതിശയിച്ചു.
‘‘പാലുണ്ട്...’’ അവള് മുടി കെട്ടിക്കൊണ്ടെഴുന്നേറ്റു.
‘‘വേണ്ട. കട്ടന്‍ മതി.’’
ചൂടുള്ള കട്ടന്‍ചായ ഊതിക്കുടിച്ചുകൊണ്ടിരുന്നപ്പോള് ഉണ്ണിക്കുട്ടനും എഴുന്നേറ്റുവന്നു. കുറേ നേരം അവര്‍ മൂവരും നിശ്ശബ്ദരായിരുന്നു. എല്ലാ മൗനവും ദീര്‍ഘമായ സംഭാഷണങ്ങളാണെന്ന് ജയകുമാറിന് തോന്നി.
‘‘മക്കളേ നീയൊരു പാട്ടു പാടടാ’’ ജയകുമാര്‍ നിശ്ശബ്ദത ഭഞ്ജിച്ചു.
ഉണ്ണിക്കുട്ടന് കണ്ണടച്ച് ഓർമകളുടെ ഓർമകളിലേക്ക് സഞ്ചരിച്ചു. അവന് ഉറക്കെ പാടാനാരംഭിച്ചു.
‘‘ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുര സ്നേഹ തരംഗിണിയായ്...’’
ഒമ്പതാം ക്ലാസില്‍നിന്നു കുമാരന് ഉച്ചസ്ഥായിയില്‍ പാടി.
‘‘അച്ഛനാം മേരുവില്‍ നീയുല്ഭവിച്ചു
അമ്മയാം താഴ്വര തന്നില്‍ വളര്‍ന്നു
അടുത്ത തലമുറ കടലായിരമ്പീ
ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി’’
ഉണ്ണിക്കുട്ടനും കുമാരനും ഒന്നിച്ചു പാടി.
‘‘സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്...’’
രാത്രി ദീര്‍ഘ നിശ്ശബ്ദതയിലാണ്ടു. പാട്ട് പൂർണമായി.
എല്ലാവരും ഉറങ്ങിയ രാത്രിയില്‍ കീറിപ്പറിഞ്ഞ പുറംചട്ടയുള്ള ആ പഴയ പുസ്തകം ഉണ്ണിക്കുട്ടന് വായിക്കാനാരംഭിച്ചു. ചെല്ലമ്പിയുടെയും കുമാരന്റെയും ജയകുമാറിന്റെയും കയ്യൊപ്പുള്ള പുസ്തകത്തിലേക്കവന് ആണ്ടിറങ്ങി. എങ്ങനെയാണ് ഈ ലോകത്തെ മാറ്റിമറിക്കുകയെന്ന ചിന്ത അവനിലേക്ക് ഇരമ്പിക്കയറാന്‍ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.