ഈ സിനിമ പൂർണമായും സാങ്കൽപിക സൃഷ്ടിയും കഥാകൃത്തിന്റെ ഭാവനയില്‍ വിരിഞ്ഞതും വിനോദത്തിനുവേണ്ടി മാത്രവുമുള്ളതാണ്. ഇതിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, സമൂഹങ്ങള്‍ മുതലായവയെല്ലാം പൂർണമായും സാങ്കൽപികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ വ്യക്തികളോടോ സ്ഥാപനങ്ങളോടോ ഭരണകൂടങ്ങളോടോ ഉൽപന്നങ്ങളോടോ ചിഹ്നങ്ങളോടോ മറ്റു വസ്തുക്കളോടോ ഉള്ള സാമ്യം തികച്ചും മനപ്പൂർവമല്ലാത്തതും യാദൃച്ഛികവുമാണ്. ഏതെങ്കിലും വ്യക്തിയെയോ ചരിത്രത്തെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ ഉൽപന്നങ്ങളെയോ മറ്റു വസ്തുക്കളെയോ പറ്റിയുള്ള പ്രതിഫലനമല്ല ഈ സിനിമ. അത്തരത്തിലുള്ള ഒരു തിരിച്ചറിയലും ഈ സിനിമകൊണ്ട് ഉദ്ദേശിക്കുന്നില്ല. ഈ സിനിമ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള വ്യാഖ്യാനമല്ല.
അതിനാല്‍തന്നെ ഒരു ഭാഗത്തിന്റെയും ചരിത്രപരമായ ആധികാരികത ഈ സിനിമ അവകാശപ്പെടുന്നില്ല. ഏതെങ്കിലും വ്യക്തികളുടെയോ സമൂഹങ്ങളുടെയോ ജാതികളുടെയോ മതവിഭാഗങ്ങളുടെയോ വിശ്വാസങ്ങളെയോ വികാരങ്ങളെയോ വ്രണപ്പെടുത്താന്‍ ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും വ്യക്തിയെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ കുടുംബത്തെയോ സ്ഥാനത്തെയോ സര്‍ക്കാറിനെയോ മറ്റു സംഘടനകളെയോ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇനി അങ്ങനെയുണ്ടെങ്കിലത് തികച്ചും യാദൃച്ഛികവും സാങ്കൽപികവും മാത്രമാണ് എന്ന മുന്നറിയിപ്പ് കാര്‍ഡിനുശേഷം 'Of all the arts, for us the cinema is the most important' -Vladimir Lenin എന്ന് സ്ക്രീനില്‍ തെളിഞ്ഞു. തുടര്‍ന്ന് ഈ സിനിമ നിരോധിക്കാത്ത ഭരണകൂടത്തിന് പ്രത്യേക നന്ദി എന്ന് തെളിഞ്ഞ തല്‍ക്ഷണം തന്നെ സിനിമ ആരംഭിച്ചു.
പാരീസ് നഗരം
2022 ആഗസ്റ്റ് 15
അന്നേ ദിവസത്തെ പാരീസ് നഗരത്തിന്റെ Montage ദൃശ്യങ്ങളില്‍ സിനിമയുടെ ടൈറ്റില്‍ കാര്‍ഡുകള്‍ കടന്നുപോകുന്നു. Hotel Montalembert ദൃശ്യവത്കരിച്ച് റൂം നമ്പര്‍ 786ല്‍ നടക്കുന്ന ഒരു രഹസ്യ ചര്‍ച്ചയില്‍ കാമറക്കാഴ്ച എത്തിനില്ക്കുന്നതോടെ സംവിധായകന് പേരെഴുതി കാണിച്ച് പിന്‍വാങ്ങുന്നു. ഇനി യാതൊരു ഇടപെടലുമില്ലാതെ കഥാപാത്രങ്ങളിലേക്കും അവരുടെ കഥയിലേക്കും പ്രേക്ഷകന് സഞ്ചരിക്കാം. പാരീസിലെ പ്രസിദ്ധമായ Montalembert ഹോട്ടലില്‍ അതിസമ്പന്നരും ഗുജറാത്ത് വംശഹത്യക്ക് പകരം ചോദിക്കണം എന്നുള്ള തീവ്ര ചിന്താഗതിക്കാരുമായ പത്തുപേരാണ് ഈ രഹസ്യയോഗത്തില്‍ പങ്കെടുക്കുന്നത്. കൂട്ടത്തില്‍ വസ്ത്രവ്യാപാര രംഗത്തെ ഇന്ത്യന്‍ കുത്തകകളിലൊന്നായ F4 FASHIONന്റെ C.E.O അലി അഹമ്മദ് ഫൈസിയുമുണ്ട്.
അനീതിക്കെതിരെ കലാപം ചെയ്യുക ന്യായമാണ് എന്ന പക്ഷംപിടിച്ച് തങ്ങളുടെ നഷ്ടങ്ങള്‍ക്ക് കണക്ക് പറഞ്ഞ് അവര്‍ കൊല്ലേണ്ടവരുടെ ലിസ്റ്റുണ്ടാക്കി. അതില്‍ പ്രഥമ പരിഗണന നല്‍കിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അങ്കിത് പ്രാചിക്കായിരുന്നു. അയാളെ കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രി സുരേന്ദ്രനാഥ് മയൂര്‍ അടക്കം മറ്റു പത്ത് പേര് കൂടിയുണ്ടായിരുന്നു. ആദ്യ ടാര്‍ജറ്റായ, ആഭ്യന്തരമന്ത്രിയെ ആര് കൊല്ലും, എങ്ങനെ കൊല്ലും എന്ന ചൂട് പിടിച്ച ചര്‍ച്ച നടന്നപ്പോള്‍ അലിയാണ് അടുത്തവര്‍ഷം നമ്മളിവിടെ വെച്ച് വീണ്ടും കാണുമ്പോള്‍ പൂർണമായ പ്ലാനുമായി താന്‍ എത്താമെന്നുള്ള ഉറപ്പ് ഈ കൂട്ടായ്മയുടെ അവസാന വാക്കായ അബ്ദുൽ നാസറിന് നല്‍കുന്നത്. മീറ്റിങ് കഴിഞ്ഞയുടനെ അലി നേരെ കാര്‍ത്തിക ദീദിയുടെ അടുത്തേക്കാണ് പോയത്. തന്റെ കുടുംബത്തിന് നേരെ ദുരന്തം തീമഴയായി പെയ്ത 20 വര്‍ഷം മുമ്പുള്ള മാര്‍ച്ച് മാസത്തിലെ ചൂട് ഓർമയായി കത്തി അവന്റെ ഉള്ളം പൊള്ളിച്ചുകൊണ്ടിരുന്നു.
ഉപ്പയും ഉമ്മയും സഹോദരന് ജസ്രിയുമടക്കം തന്റെ പ്രിയപ്പെട്ടവര്‍ ഇല്ലാതായതിന്റെ ഓർമ പുതുക്കാന്‍ അലി എല്ലാ മാര്‍ച്ച് മാസങ്ങളിലും ദീദിയെ ചെന്ന് കാണാറുണ്ട്. കഴിഞ്ഞ മാര്‍ച്ചിലും പത്തു പതിനെട്ട് വര്‍ഷമായിട്ടുള്ള പതിവ് തെറ്റിച്ചിട്ടില്ല. അവനെപ്പോലെ തങ്ങളുടെ നഷ്ടങ്ങള്‍ക്ക് പകരം ചോദിക്കാന്‍ അവരും കാത്തിരിപ്പാണ്. ആ ലക്ഷ്യത്തിനായി അവരൊരു ആയുധം കരുതിവെച്ചിട്ടുണ്ടെന്ന് അവസാനം കണ്ടപ്പോള്‍ പറഞ്ഞത് ഓർമയില്‍ തെളിഞ്ഞതുകൊണ്ടാണ് നാസര്‍ സാഹിബിന് മുന്നില്‍ അങ്കിത് പ്രാചിയെ ഇല്ലാതാക്കാന്‍ വഴിയുണ്ടാക്കാമെന്ന് അലി ഉറപ്പുകൊടുത്തത്.
മീറ്റിങ് കഴിഞ്ഞ് പാരീസിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ മാന്റ്റെസ് -ല- ജോളിയിലേക്ക് തന്റെ ജീപ്പില്‍ അലി യാത്രയായി. നേരം ഇരുട്ടിക്കഴിഞ്ഞു അയാള്‍ മാന്റ്റെസ് - ല - ജോളിയിലെ വാല്ഫോര് മാര്‍ക്കറ്റിന്റെ പിറകിലുള്ള കാര്‍ത്തികയുടെ ഫ്ലാറ്റിലെത്തി. അപ്രതീക്ഷിതമായി അലിയെ കണ്ടതിന്റെ അമ്പരപ്പില്‍ ഉറക്കച്ചടവോടെ കാര്‍ത്തിക അവനെ സ്വീകരിച്ചിരുത്തി. ദീദിയോട് താന്‍ വന്നതെന്തിനാണെന്ന് അലി പറഞ്ഞു തുടങ്ങി. ഇരുവരുടെയും സംസാരങ്ങള്‍ ഏറെനേരം നീണ്ടുനിന്നു.
-cut to -
ആനപ്പടി, പൊന്നാനി
2018 ആഗസ്റ്റ് 8
“നെഞ്ചില്‍ ജില് ജില് ജില്
കാതില്‍ ദില്‍ ദില്‍ ദില്‍
കന്നത്തില്‍ മുത്തമിട്ടാല്‍ നീ...
കന്നത്തില്‍ മുത്തമിട്ടാല്‍”
ചമ്രവട്ടത്ത് ബസ് വന്നുനില്ക്കുന്നു. ബസില്‍നിന്നിറങ്ങി ആനപ്പടിയിലേക്ക് ഓട്ടോ വിളിക്കുമ്പോഴും കാസിമിന്റെ മനസ്സില്‍ ബസില്നിന്നിറങ്ങാന്നേരം കേട്ട പാട്ടങ്ങനെ തങ്ങിനിന്നു. നിശ്ചലമായ തടാകം മഞ്ഞുകാലത്ത് ഉറഞ്ഞുപോയപോലെ ഒരവസ്ഥ കാസിമിന് അനുഭവപ്പെട്ടു. ഓർമയിലൊരു മൂന്നു സെക്കന്‍ഡ് മാത്രമുള്ള അവ്യക്ത ദൃശ്യം അവന്റെ ഉള്ളിലൂടെ മിന്നിമാഞ്ഞു. കുഞ്ഞായിരിക്കുന്ന താനൊരു സ്ത്രീയുടെ മടിയിലിരുന്ന് അവര്‍ ഊട്ടുന്ന ഭക്ഷണം കഴിച്ച് ചിരിക്കുന്നു. അവരപ്പോള്‍ കാതില്‍ ഈ പാട്ട് മൂളി തരുന്നുണ്ട്. കുഞ്ഞായ തന്റെ ആ രൂപം അവനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നപോലെ.
തന്നെ പാട്ടുപാടി ഊട്ടുന്ന അവര്‍ ആരാണ്? ഓട്ടോയില്‍ കയറി ആനപ്പടി എത്തുന്നത് വരെ കാസിമിന്റെ മനസ്സ് മുഴുവനും നസീറയോട്, ഈ നാടും വീടും ബിയ്യത്തുള്ള യതീംഖാനയും അവളെയും വിട്ടുപോവുകയാണെന്നുള്ള കാര്യം എങ്ങനെ പറയുമെന്നതിനെ കുറിച്ചായിരുന്നു ചിന്തിച്ചത്. ആനപ്പടി പൊലീസ് സ്റ്റേഷന്റെ സൈഡിലൂടെയുള്ള റോഡിലേക്ക് ഓട്ടോ തിരിക്കും നേരം നസീറയുടെ വാപ്പ റഹ്മാനിക്ക പലചരക്ക് കട തുറന്നിട്ടിട്ടുണ്ടോ, അയാള്‍ അവിടെ ഉണ്ടോ? എന്ന് നോക്കാന്‍ പതിവുപോലെ അന്നും കാസിം മറന്നില്ല. നസീറയുടെ വീട്ടില്‍നിന്നും സുമാര്‍ 20 മിനിറ്റ് നടന്നാല്‍ കടപ്പുറത്തെത്താം. അതുകൊണ്ടുതന്നെ അവള് നേരത്തേ തന്നെ അവനെ സ്ഥിരം കാണാറുള്ള പാറക്കൂട്ടങ്ങള്ക്കടുത്തു കാത്തുനിന്നിരുന്നു.
നസീറയെ കണ്ടതും പതിവില്ലാത്ത ഔപചാരികതകളോടെ കാസിം സംസാരിച്ചുതുടങ്ങി. അവന്റെ സംസാരത്തിലെ അസ്വാഭാവികത മനസ്സിലാക്കിയെന്നോണം എന്താണിത് പതിവില്ലാതെ ഒരു വെപ്രാളവും വിളര്‍ച്ചയും എന്നവള്‍ കളിപറയും മട്ടില്‍ ചോദിക്കുന്നു. ഇതോടെ നിയന്ത്രണംവിട്ടെന്നോണം കരഞ്ഞുകൊണ്ടവന്‍ പറഞ്ഞു:
“ഞാനിവിടുന്ന് പോവാ, ഇന്നെ കൊണ്ടുപോകാന്‍ സ്പോണ്സര് വരുന്നുണ്ട്, നാളെ ഞാനിവിടുന്നു പോവും.”
“എങ്ങോട്ടാ പോണത്?”
“അറിഞ്ഞൂടാ...”
പിന്നെ അവരൊന്നും മിണ്ടിയില്ല. സന്ധ്യാവെട്ടം അവരുടെ മൗനത്തിനിടയിലൂടെ ഊര്‍ന്നുപോയി കടലിലൊളിച്ചു. രാത്രി തുടങ്ങിയതും മണൽപ്പരപ്പില്നിന്നും ഞണ്ടുകളുടെ കാലൊച്ചയും കടലിന്റെ ഇരമ്പവും ഇരുവരും ഒരുപോലെ കേട്ടു. അന്നേരം അവളെയാ പാറപ്പുറത്ത് തനിച്ചാക്കി കാസിം തിരിച്ചുനടന്നു. നസീറയുടെ Point of view ഷോട്ടില്‍ കാസിം നടന്ന് ഇരുട്ടില്‍ മറയുന്നു.
-cut-
അല്‍ അമീന് യതീംഖാന, ബീയ്യം, പൊന്നാനി
അന്നേദിവസം രാത്രി.
ഇശാഹ് നിസ്കാരത്തിനു ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാസിമിന്റെ മനസ്സ് മുഴുവനും തന്റെ ഓർമയിലെ രൂപങ്ങളില്‍നിന്നും മാഞ്ഞുപോയ തന്റെ രൂപവും, തന്നെ അഞ്ചാം വയസ്സില്‍ ഇവിടെ കൊണ്ടുവന്നാക്കിയ അതിനുശേഷം തന്നെ ഇതുവരെ കാണാന്‍ വരാതിരുന്ന സ്പോണ്‍സറുടെ രൂപവും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ അവര്‍ എന്തിനാണ് ഉപേക്ഷിച്ച തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നത്? അവന്റെ ചിന്തകള്‍ അവ്യക്തവും അസ്വസ്ഥവുമായി. അവരാണോ തന്റെ ഉമ്മ? ആയിരിക്കില്ല. കാര്‍ത്തിക എന്നാണ് അവരുടെ പേരെന്നാണ് ഹനീഫ് ഉസ്താദ് പറഞ്ഞത്. പ്ലസ് ടു വരെ പഠിപ്പിച്ചതും തന്റെ സകല ആവശ്യങ്ങളും നിറവേറ്റി തന്നതും അവരാണത്രേ. ഹനീഫ് ഉസ്താദിന്റെ മരിച്ചുപോയ മകന് അസ്ലമിന്റെ കൂട്ടുകാരിയാണ് തന്റെ സ്പോണ്സര്. ഇനിയുള്ള പഠിത്തവും ജീവിതവും അവരുടെ കൂടെയാകണമെന്നാണ് ഉസ്താദ് പറയുന്നത്.
ഉറക്കമില്ലായ്മയുടെ ഈ അസ്വസ്ഥതകള്‍ക്കിടയില്‍ നസീറയെ കണ്ടു സംസാരിച്ച ഇന്നത്തെ സന്ധ്യാനേരവും, പിരിഞ്ഞ ശേഷമുള്ള ഇരുട്ടും ഓർമകളെ വകഞ്ഞുമാറ്റി മുന്നിലെത്തി. ഇനി ഒരിക്കല്‍കൂടി അവളെ കാണുമോ എന്ന ചിന്ത ചോദ്യചിഹ്നമായി മനസ്സില്‍ കിടന്ന് കലങ്ങി. A.V.H.S.S പൊന്നാനിയില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന അന്ന് മുതല്‍ പത്താം ക്ലാസ് വരെ ഏറ്റവും അടുത്ത കൂട്ടുകാരിയും, ഒന്നൊന്നര കൊല്ലമായി പ്രണയിനിയുമായവളെ പിരിയുകയാണ്. എന്നെന്നേക്കുമായി. അങ്ങനെയൊരു ചിന്ത കാസിമില്‍ ഉടലെടുത്തതോടെ അവന് കരച്ചില് വന്നു. അവന് കരഞ്ഞു. കരഞ്ഞു കരഞ്ഞങ്ങനെ ഉറങ്ങിപ്പോയി.
-cut -
Next day
വൈകുന്നേരം
അല്‍ അമീന് യതീംഖാനയും പരിസരവും
ഹനസ്, സമദ്, റാഫി, മനാഫ് തുടങ്ങി യതീംഖാനയിലുണ്ടായിരുന്ന സകല കൂട്ടുകാരോടും ഹനീഫ് ഉസ്താദിനോടും യാത്ര പറഞ്ഞു കാസിം കാര്‍ത്തികക്ക് പിറകെ നടന്നു കാറിലേക്ക് കയറി. ഇനിയൊരിക്കല്‍ ഇവിടെ വരുമ്പോള്‍ മാറാതെയുണ്ടാവുക ഹനീഫ് ഉസ്താദും കായലിനോട് ചേര്‍ന്ന് കിടക്കുന്ന പഴഞ്ചന്‍ പള്ളിയുമായിരിക്കുമെന്ന് അവനു തോന്നി. കാസിം കാറിലേക്ക് കയറി ഡോറടച്ചതും കാര്‍ത്തിക കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. അല്‍ അമീന് യതീംഖാനയും സമീപത്തെ പള്ളിയും പിന്നിട്ട് കാര്‍ത്തികയുടെ കാര്‍ പ്രധാന പാതയിലേക്ക് കയറി.
“നിങ്ങളെന്റെ ആരാ?”
“സ്പോണ്സര്. ഇനി മുതല്‍ ഉമ്മാന്നോ അമ്മാന്നോ വിളിച്ചോ.”
“ഇങ്ങളാണ് ഇന്റെ അമ്മ എങ്കില്‍ അങ്ങനെ വിളിക്കാം. എന്തിനാ നിങ്ങളെന്നെ യതീംഖാനയിലാക്കിയത്?”
“എല്ലാം പറയാം. ഒരുപാട് സമയം നമുക്കിനിയുണ്ടല്ലോ?”
“നമ്മളെവിടേക്കാ പോണത്?”
“ഇപ്പൊ കൊച്ചീക്ക്. അവിടെ കുറച്ച് കാലം താമസിച്ച് വിസയും പരിപാടികളും ഒക്കെ റെഡിയാകുമ്പോ നമ്മള് പാരീസിലേക്ക് പോവും.”
“അവിടെ പോയിട്ട്?” കാസിം കൗതുകം പൂണ്ടു.
“ഫാക്കല്‍റ്റി ഓഫ് ലോ ഓഫ് പാരീസില്‍ പോയി നിയമം പഠിക്കണം. നിനക്കെന്താ പഠിക്കേണ്ടതെന്ന് വെച്ചാ നീയും പഠിച്ചോ...”
കാര്‍ത്തികയുടെ മറുപടി കേട്ടതും അവനാലോചിക്കാന് തുടങ്ങി. ചിന്തക്കൊപ്പം “ഞാനിപ്പോ എന്താ പഠിക്കാ?” എന്നങ്ങ് ചോദിച്ചുപോയി.
“എന്തൊക്കെയാ ഇയാളുടെ ഇഷ്ടങ്ങള്‍?”
“സുബഹിക്ക് ശേഷവും അസര്‍ന് ശേഷവും മുടങ്ങാതെ ഫുട്ബോള്‍ കളിക്കും. പിന്നെ പുസ്തകം വായിക്കാന്‍ ഇഷ്ടമാണ്.”
“ഉം...”
പൊന്നാനിയില്‍നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ കാര്‍ത്തികയും കാസിമും പിന്നെയും കുറെയധികം കാര്യങ്ങള്‍ സംസാരിച്ചു. അങ്ങനെ സംസാരിച്ച കൂട്ടത്തിലാണ് കാര്‍ത്തിക ഖദീജ ജസ്രി ഫൈസ് എന്നാണ് തന്റെ സ്പോണ്‍സറുടെ മുഴുവന്‍ പേരെന്നും, അവര്‍ മതം മാറി മുസ്ലിമായതാണെന്നും കാസിമിന് മനസ്സിലാകുന്നത്.
കലൂരുള്ള കാര്‍ത്തികയുടെ ഫ്ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ വന്നുനിന്നപ്പോഴാണ് കാസിം പലവിധ ചിന്തകളില്‍നിന്നും പുറത്തുവന്നത്. കാര്‍ത്തികയോട് സംസാരിക്കുമ്പോഴും അവന്റെ ചിന്തകളെല്ലാം ഇന്നലെകളെ കുറിച്ച് ഓര്‍ക്കാന്‍ ശ്രമിച്ചും നാളെകളെ കുറിച്ചുള്ള ചിന്തകളില്‍ അമ്പരന്നും കുഴഞ്ഞുമറിഞ്ഞു കിടപ്പായിരുന്നു. സ്വപ്നലോകത്തെത്തിയ പ്രതീതിയില്‍ കാസിം കാര്‍ത്തികയെ പിന്തുടര്ന്നു. ഇരുവരും ഫ്ലാറ്റിലേക്ക് കയറി കതകടക്കുന്നു.
-cut-
1973 നവംബര്‍ 1 മുതലുള്ള ഏതാനും ദിവസങ്ങളില്‍ നടന്നത്.
ലക്ഷദ്വീപ്
ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍ തീരത്തുനിന്നും 200-440 കി.മീ. അകലെ അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന 36 ദ്വീപ് സമൂഹങ്ങള്‍ക്ക് ലക്ഷദ്വീപ് എന്ന് നാമകരണം ചെയ്യുന്ന ദിനത്തില്‍, കവരത്തിയിലെത്തിയതാണ് ഗുജറാത്തിയായ മോഹന്‍ദാസ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ സുരക്ഷാസംഘത്തിലുണ്ടായിരുന്ന ത്രിപാഠി I.P.S നിര്‍ബന്ധിച്ചതുകൊണ്ടാണ് തിരക്കുകള്‍ മാറ്റിവെച്ച് മോഹന്‍ദാസ് ലക്ഷദ്വീപിലേക്ക് കപ്പലു കയറിയത്. ലക്കാഡിവ്, മിനിക്കോയ്, അമിന്‍ഡിവി എന്നീ പേരുകള്‍ പറഞ്ഞിരുന്ന പ്രദേശങ്ങള്‍ ലക്ഷദ്വീപായതിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞ് അഡ്മിനിസ്ട്രേറ്ററും സംഘവും ഗുജറാത്തിലേക്ക് തിരിച്ചുപോയെങ്കിലും മോഹന്‍ദാസ് തിരിച്ചുപോയില്ല. അയാള്‍ കവരത്തിയില്‍ കാഴ്ചകള്‍ കണ്ടു കറങ്ങിനടന്നു.
ഏതു നാട്ടിലെത്തിയാലും അവിടത്തെ ചരിത്രവും മിത്തും അറിയുകയെന്നുള്ളത് മോഹന്‍ദാസിന്റെ ഒരു ഹോബിയാണ്. അതിനായി മിടുക്കരായ ഗൈഡിനെ തപ്പിയെടുത്ത് കാമറയും തൂക്കി ഇറങ്ങാറുള്ളതുപോലെ കവരത്തിയില്‍ ചുറ്റിയടിക്കുമ്പോഴാണ് ഇല്യാസ് ഫൈസിയെ കാണുന്നതും കൂട്ടാകുന്നതും. കേരളത്തില്‍നിന്നെത്തിയ ടൂറിസ്റ്റ് സംഘത്തിനൊപ്പമാണ് മോഹന്‍ദാസ് ആന്ത്രോത്ത് പള്ളിയിലെത്തുന്നത്. അവരോടായി ടൂറിസ്റ്റ് ഗൈഡ് ഇല്യാസ് ഫൈസി, വിശുദ്ധനായ ഉബൈദുള്ള മക്കയില്നിന്നെത്തി മത്സ്യകന്യകയുടെ ചേലുള്ള ദ്വീപ് മൂപ്പന്റെ സുന്ദരിയായ മകളെ പ്രണയിച്ച കഥ പറഞ്ഞു തുടങ്ങി. ഏഴാം നൂറ്റാണ്ടില്‍, ഹിജ്റ വര്‍ഷം 41. റമദാന് മാസത്തിലെ അസര്‍ നിസ്കാരത്തില്‍ പങ്കെടുക്കവേ ഉബൈദുള്ള ഉറങ്ങിപ്പോയി. ഉറക്കത്തില്‍ അദ്ദേഹമൊരു സ്വപ്നം കാണുകയും സ്വപ്നത്തെ പിന്തുടര്ന്ന് ജിദ്ദയില്‍നിന്ന് കപ്പല്‍ യാത്ര പുറപ്പെടുകയുംചെയ്തു. മാസങ്ങളോളം കടലില്‍ അലഞ്ഞ മൂപ്പരുടെ കപ്പല്‍ കൊടുങ്കാറ്റിലും പേമാരിയിലും തകര്‍ന്നു.
അല്ലാഹുവിന്റെ കുത്റത്തില് ഉബൈദുള്ള അമിനി ദ്വീപിന്റെ കരക്കടിഞ്ഞു. കര തേടി ആഴ്ചകളോളം തടിക്കഷ്ണത്തില്‍ അള്ളിപ്പിടിച്ച് ഒരു പോള കണ്ണടക്കാതെ ദിക്റ് ചൊല്ലി കഴിച്ചുകൂട്ടിയ ഉബൈദുള്ള തീരത്തടിഞ്ഞതും ക്ഷീണത്താല്‍ മയങ്ങാന്‍ തുടങ്ങി. ഉറക്കത്തിലെത്തിയ പ്രവാചകന് ദ്വീപില്‍ ദീന് പ്രചരിപ്പിക്കാന്‍ അരുള്‍ ചെയ്തു. അപ്രകാരം അദ്ദേഹം പ്രവര്‍ത്തിച്ചു. ദ്വീപില്‍ ആദ്യമായി ഉബൈദുള്ളയെയും അയാളുടെ മുഹമ്മദ് നബിയെയും അവരുടെ ദൈവമായ അല്ലാഹുവിലും വിശ്വസിച്ചത് ദ്വീപ് മൂപ്പന്റെ മകളായിരുന്നു. ഖദീജ മുഹമ്മദിനെ വിശ്വസിച്ച് പ്രണയിച്ച് പ്രവാചകനാക്കിയപോലെ! തന്റെ പ്രവാചകനിലും ദൈവത്തിലും വിശ്വസിച്ച ദ്വീപിലെ സുന്ദരിയെ ഉബൈദുള്ള ഹലീമത്ത് ബീവിയെന്ന് വിളിച്ചു. ഇരുവരുടെയും പ്രണയം ദ്വീപ് മൂപ്പനറിഞ്ഞു.
മകള്‍ പരദേശിയുടെ മതത്തില്‍ ചേര്‍ന്ന് അയാളെ പ്രണയിക്കാന്‍ തുടങ്ങിയതോടെ ദ്വീപ് മൂപ്പന് ഹാലിളകി. മൂപ്പന് മകളെയും ഭര്‍ത്താവിനെയും കൊല്ലാന്‍ ഉത്തരവിട്ടു. കൊല്ലാനെത്തിയ ശത്രുക്കളുടെ വാളുകള്‍ക്ക് മുന്നില്‍നിന്നും ഉബൈദുള്ള പടച്ച തമ്പുരാനോട് പ്രാർഥിച്ചു. മൂപ്പരുടെ പ്രാർഥനയുടെ ഫലമായി, ഉബൈദുള്ളയും ഹലീമത്ത് ബീവിയും രക്ഷപ്പെടുംവരെ ശത്രുക്കളുടെ കാഴ്ചശക്തി അല്ലാഹു ഇല്ലാതാക്കി. ഹലീമത്ത് ബീവിയെയുംകൊണ്ട് ഉബൈദുള്ള അമിനി ദ്വീപില്‍നിന്നും രക്ഷപ്പെട്ടതോടെ ദ്വീപ് മൂപ്പനും സംഘത്തിനും കാഴ്ച തിരിച്ചുകിട്ടി.
അമിനിയില്നിന്നും അവര്‍ ആന്ത്രോത്തിലെത്തി. ഈ യാത്രക്കിടയില്‍ ഇരുവരും വിശുദ്ധരായി മാറിയിരുന്നു. ആന്ത്രോത്തിലെ ഉബൈദുള്ളയുടെ മഖ്ബറ കാണിച്ചുകൊടുത്തുകൊണ്ട് കേരളത്തില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് മലയാളത്തിലും മോഹന്‍ദാസിന് ഇംഗ്ലീഷിലുമായി ഉബൈദുള്ളയുടെ മിത്തും ചരിത്രവും ഇല്യാസ് ഫൈസി വിശദീകരിച്ചുകൊടുത്തു. കണ്ണൂരിനടുത്തുള്ള ധർമടം ദ്വീപില്‍നിന്നും മക്കയിലേക്ക് തീർഥാടനത്തിനായി പുറപ്പെട്ട കേരളത്തിലെ അവസാന ചേരരാജാവായ ചേരമാന്‍ പെരുമാളിനെ തെരഞ്ഞ് എത്തിയവരാണ് ദ്വീപ് നിവാസികളെന്ന ഐതിഹ്യംകൂടി ഉബൈദുള്ളയുടെ മഖ്ബറ കണ്ട് മടങ്ങുംവഴി ഇല്യാസ് ഫൈസി പങ്കുവെച്ചു.
ഉബൈദുള്ളയുടെയും ഹലീമത്ത് ബീവിയുടെയും പ്രണയകഥയും, പ്രവാചകത്വത്തിന്റെ അടയാളമായി 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് അറേബ്യയില്‍ മുഹമ്മദ് നബി ചന്ദ്രനെ പിളര്‍ത്തിയതും, ആ അത്ഭുതക്കാഴ്ച കണ്ട് കടല്‍ കടന്ന ചേര രാജാവും, രാജാവിനെ തെരഞ്ഞെത്തിയ പ്രിയജനങ്ങള്‍ കുടിയിരുന്ന ദ്വീപും മിത്തായും ചരിത്രമായും മോഹന്‍ദാസിനെ ഭ്രമിപ്പിച്ചു. ഇല്യാസ് ഫൈസിയുടെ കഥപറച്ചിലിന്റെ മാസ്മരികതയില്‍, ലക്ഷദ്വീപിനെ കുറിച്ചും ഇവിടത്തെ ഇസ്ലാം സ്വാധീനത്തെക്കുറിച്ചും കൂടുതലായി അറിയണമെന്ന് മോഹന്‍ദാസിന് തോന്നി. ഇല്യാസ് ഫൈസി മോഹന്‍ദാസിന് 36 ദ്വീപുകളുടെ മുക്കും മൂലയും കാട്ടിക്കൊടുത്തു. പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാതെ, ദ്വീപിലെ ജീവിതങ്ങളും കാഴ്ചകളും കാട്ടി, ചരിത്രവും വര്‍ത്തമാനവും പറഞ്ഞ്, അവനവന്റെ ചെലവും തടിയും കാത്തുപോരുന്ന, അക്കാലത്താണ് ഇല്യാസിനോട് മോഹന്‍ദാസ് തന്റെ മില്ലിലെ മാനേജരാക്കാമെന്ന് പറഞ്ഞ് കൂടെ കൂട്ടുന്നത്. ഉമ്മ ഫാത്തിമയോട് യാത്ര പറഞ്ഞ് മോഹന്‍ദാസിനൊപ്പം ഇല്യാസ് അങ്ങനെ ദ്വീപ് വിടുന്നു.
-Cut-
ഗുജറാത്തിലെ മഞ്ഞുകാലം
1974
മോഹന്‍ദാസിന്റെ തുണിമില്ലില്‍ ഇല്യാസ് മാനേജരായശേഷം നന്നായങ്ങ് കമ്പനി മെച്ചപ്പെടാന്‍ തുടങ്ങി. ഇല്യാസിന്റെ മിടുക്കുകൊണ്ട് ബിസിനസ് വളര്‍ന്നതോടെ മോഹന്‍ദാസ് കൂട്ടുകാരനെ പാര്‍ട്ണറാക്കി. അക്കാലത്താണ്, രാധിക്പുര്കാരിയായ ഖദീജയെ ഇല്യാസ് ഫൈസി കാണുന്നതും പ്രണയിക്കുന്നതും. വൈകാതെ തന്നെ ഇരുവരും വിവാഹിതരായി.
-Cut to-
ഗുജറാത്ത് യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലോ
2000, ന്യൂ ഇയര്‍ ദിവസം!
ലോ കോളേജില്‍ ന്യൂ ഇയര്‍ ആഘോഷം പൊടിപൊടിക്കുമ്പോഴാണ് വരുന്ന വാലന്റൈന്‍സ് ഡേ ലക്ഷദ്വീപില്‍ ആഘോഷിക്കാമെന്ന് കാര്‍ത്തിക പറയുന്നത്. ജസ്രിക്ക് അത്രദൂരം യാത്ര ചെയ്യണോ എന്ന ചിന്തയാലൊരു താല്പര്യക്കുറവും മടിയുമുണ്ട്. അവന്റെ മനസ്സില്‍ ഉപ്പാന്റെ നാട് മാത്രമാണ് ലക്ഷദ്വീപ്. ഉപ്പാന്റെ പേരിലവിടെ മണ്ണുണ്ട് എന്നതില്‍ കവിഞ്ഞ്, തന്റെ പേര് അവിടത്തെ ഒരു ഭാഷയാണെന്നത് അറിയാമെന്നല്ലാതെ അവിടേക്ക് പോകണമെന്നോ അവിടം കാണണമെന്നോ ഇല്ല. പക്ഷേ, ഇതിപ്പൊ കാര്ത്തികയിട്ട പ്ലാനാണ്. അവള്‍ക്കൊപ്പം ഇത്തിരി സ്വകാര്യം പങ്കുവെക്കാനും സ്വസ്ഥമായൊന്ന് പ്രേമിക്കാനും ലക്ഷദ്വീപ് യാത്ര ഉപകരിക്കുമെന്ന് തോന്നി, ജസ്രി ഇല്യാസ് ഫൈസി സമ്മതംമൂളി.
കാര്‍ത്തിക അഭിനവ് മോഹന്‍ദാസ് എന്ന കാര്‍ത്തികക്ക് തന്റെ മുത്തച്ഛന്റെ കൂട്ടുകാരന് ഇല്യാസ് ബാബയാണ് റോള്‍മോഡല്‍. തന്നെപ്പോലെ ഫൈസ് അഹമ്മദ് ഫൈസിന്റെ ആരാധകന്. തന്നെ ഫൈസ് അഹമ്മദ് ഫൈസിന്റെ ആരാധകനാക്കിയത് അദ്ദേഹമാണെന്ന് കാര്‍ത്തിക എപ്പോഴും പറയും. കാര്‍ത്തികയുടെ ഇത്തരം പറച്ചിലുകള്‍ എത്ര കേട്ടാലും കൗതുകത്തോടെ ജസ്രി കേട്ടിരിക്കും. അവളുടെ പറച്ചിലില്‍ ഭൂതകാലം തെളിഞ്ഞുവരുന്നു.
-Cut to flash back-
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.