ആമ

അമൂര്‍ കുവൈത്തിലായിരുന്ന മകളുടെ ഭര്‍ത്താവ് രാജീവന്‍ ഇന്നലെയാണ് വന്നത്. ശരിക്കും മിനിഞ്ഞാന്ന് കാലത്ത് വീട്ടിലെത്തിയിട്ടുണ്ടാവണം, പേരാവൂര്. കോഴിക്കോട് എയര്‍പോര്‍ട്ടിനേക്കാള്‍ മംഗലാപുരം എയര്‍പോര്‍ട്ടിലാണ് രാജീവന്‍ നാട്ടില്‍ വരുമ്പോഴെല്ലാം കൂടുതലും വന്നിറങ്ങാറ്. ശേഷം അവിടെനിന്നും വാങ്ങുന്ന വില കുറഞ്ഞ മദ്യക്കുപ്പികള്‍, വിസ്കിയെന്നോ ബ്രാന്‍ഡിയെന്നോ ബ്രാന്‍ഡ് നോക്കാതെ നാലോ അഞ്ചോ എണ്ണം വാങ്ങി, ഗള്‍ഫിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്ന് വാങ്ങിയതാണെന്ന വ്യാജേന പൊതിഞ്ഞ് കുവൈത്ത് ശൈഖിന്‍റെ മുഖമുള്ള ബാഗില്‍ അടുക്കിവെക്കും. ശേഷം, തീവണ്ടിയില്‍ തലശ്ശേരി വന്നിറങ്ങി നാട്ടിലേക്ക്...

അമൂര്‍

കുവൈത്തിലായിരുന്ന മകളുടെ ഭര്‍ത്താവ് രാജീവന്‍ ഇന്നലെയാണ് വന്നത്. ശരിക്കും മിനിഞ്ഞാന്ന് കാലത്ത് വീട്ടിലെത്തിയിട്ടുണ്ടാവണം, പേരാവൂര്. കോഴിക്കോട് എയര്‍പോര്‍ട്ടിനേക്കാള്‍ മംഗലാപുരം എയര്‍പോര്‍ട്ടിലാണ് രാജീവന്‍ നാട്ടില്‍ വരുമ്പോഴെല്ലാം കൂടുതലും വന്നിറങ്ങാറ്. ശേഷം അവിടെനിന്നും വാങ്ങുന്ന വില കുറഞ്ഞ മദ്യക്കുപ്പികള്‍, വിസ്കിയെന്നോ ബ്രാന്‍ഡിയെന്നോ ബ്രാന്‍ഡ് നോക്കാതെ നാലോ അഞ്ചോ എണ്ണം വാങ്ങി, ഗള്‍ഫിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്ന് വാങ്ങിയതാണെന്ന വ്യാജേന പൊതിഞ്ഞ് കുവൈത്ത് ശൈഖിന്‍റെ മുഖമുള്ള ബാഗില്‍ അടുക്കിവെക്കും.

ശേഷം, തീവണ്ടിയില്‍ തലശ്ശേരി വന്നിറങ്ങി നാട്ടിലേക്ക് തിരിക്കും. നാട്ടിലിറങ്ങിയതിന്‍റെ പിറ്റേ ദിവസം മുതല്‍ അത്യാവശ്യക്കാര്‍ക്ക് വിദേശത്തെ സൊയമ്പന്‍ സാധനമാണെന്ന ലേബലില്‍ മംഗലാപുരം മദ്യം സമ്മാനിക്കും. അവിശ്വസിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ആര്‍ക്കുമില്ലാത്തതിനാല്‍ അവരൊക്കെയും പ്രിയസുഹൃത്തിന്‍റെ ആതിഥ്യമര്യാദയിലും സ്നേഹസമ്പന്നതയിലും മതിമറന്ന് വാഴ്ത്തുപാട്ടുകള്‍ പാടും, ലഹരിയൊഴിഞ്ഞും ഒഴിയാതെയും.

ഇതിനു മുമ്പുള്ള മൂന്നാമത്തെ യാത്രയിലാണ് ഷീബയെയും മകനെയും കൂടെ കൂട്ടിയത്. കഴിഞ്ഞ തവണത്തെ വരവിന് ഒരു ഇന്നോവ കാര്‍ ബുക്ക് ചെയ്തിരുന്നെങ്കിലും ജോലി ചെയ്യുന്നിടത്തെ അര്‍ബാബിന്‍റെ ഉമ്മയുടെ അകാലമരണം കാരണം ഝടുതിയില്‍ യാത്ര തിരിക്കേണ്ടി വന്നതിനാല്‍ കാന്‍സല്‍ ചെയ്യേണ്ടി വന്നു. ഇപ്രാവശ്യം ചിലപ്പോള്‍ വീണ്ടും ബുക്ക് ചെയ്തേക്കും.

‘‘ഏയ് ഇല്ലച്ഛാ, രണ്ടാഴ്ചത്തെ ലീവല്ലേ, തന്നെയുമല്ല ഷീബേനെ വരെ കൂട്ടീട്ടില്ല. വീടുപണി കഴിഞ്ഞിട്ടില്ലല്ലോ... ഓപറേഷന്‍ കഴിഞ്ഞാ, കഴീന്നതും പെട്ടെന്ന് പോണം. പറ്റുമെങ്കില് പിറ്റേ ദിവസം തന്നെ. അതിനെടേല് ഇന്നോവ ബുക്ക് ചെയ്താ കഴിഞ്ഞ പ്രാവശ്യത്തപ്പോലെ തന്നെയായിപ്പോവും...’’

ഇളം ഓറഞ്ച് നിറത്തിലുള്ള ടാങ്ക് വെള്ളം കുടിക്കുന്നതിനിടയില്‍ രാജീവന്‍ ഒന്നു ചിരിച്ചു.

‘‘ഡോക്ടറേര്ത്ത് ബുക്ക് ചെയ്തോ?’’

‘‘ഓ, അവിട്ന്നേ വിളിച്ചിട്ട് ബുക്ക് ചെയ്തിട്ടുണ്ട്. ഒരു ഭരതന്‍ ഡോക്ടറ്...’’

‘‘പയ്യന്നൂരുള്ള..?’’

‘‘ഉം.’’

ആ മൂളലില്‍ പതിയെ ഇടം ചന്തിയുയര്‍ത്തി രാജീവന്‍ നീല്‍കമല്‍ കസേരയില്‍ ഉറച്ചു ഉറച്ചില്ല എന്ന മട്ടില്‍ നീക്കിവെക്കുകയും ഒപ്പം വേദന കടിച്ചമര്‍ത്തുന്നെന്ന മട്ടില്‍ ഒന്നു നെടുവീര്‍പ്പിടുകയുംചെയ്തു.

പയ്യന്നൂരുള്ള ഭരതന്‍ ഡോക്ടറുടെ ക്ലിനിക്കില്‍ മൂലക്കുരു, ഭഗന്ദരം ചികിത്സക്കായി ദൂരദിക്കില്‍നിന്നുപോലും രോഗികള്‍ തിക്കിത്തിരക്കി വരാറുണ്ടെന്ന് അറിയാം. ഏതെങ്കിലും മേഖലയിലെ വിശാലമായ അവഗാഹത്തിന് കൈപ്പുണ്യമെന്ന് പേരെടുത്ത് വിളിക്കുകയാണെങ്കില്‍ മൂലക്കുരു ചികിത്സയില്‍ കൈപ്പുണ്യമുള്ള ഭിഷഗ്വരനാണ് ഭരതന്‍ ഡോക്ടറെന്ന് സംഗ്രഹിക്കാം. ഡോക്ടര്‍ക്ക് ആളുകളുടെ മുഖമൊന്നും ഓര്‍മയില്‍ നില്‍ക്കാറില്ല, മറ്റു ചില ശരീരഭാഗങ്ങള്‍ കണ്ടാലേ ആളെ തിരിച്ചറിയാനാവൂ എന്നൊരു പൊതുസംസാരം തന്നെയുണ്ട് നാട്ടില്‍.

‘‘എപ്പഴത്തേക്കാ ഡേറ്റ്?’’

‘‘വരുന്ന 17ന്. ഇനിയുമുണ്ട് ഒരാഴ്ച. അല്ല, പത്തു ദിവസം തന്നെ.’’

രാജീവന്‍ മൊബൈലില്‍ കലണ്ടര്‍ ഞെക്കിനിരക്കി. ശേഷം, കസേരച്ചുവടില്‍ വെച്ചിരുന്ന അല്‍ അസ്ഹര്‍ കമ്പനിയുടെ കവറെടുത്ത് മുന്നിലേക്ക് വെച്ചു.

പ്രതീക്ഷയോടെ നാണുവേട്ടന്‍റെ നോട്ടം ആ കവറിലേക്ക് തന്നെ ഫോക്കസ് ചെയ്തു നിന്നു. ഉണ്ടായിരിക്കും. ഉണ്ടായിരിക്കണമല്ലോ. എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി പെയ്ഡ് ഇനത്തില്‍ മുമ്പ് കാലത്ത് നാട്ടിലേക്ക് വരുമ്പോള്‍ സ്ഥിരമായി താനും കൊണ്ടുവരാറുണ്ടായിരുന്നല്ലോ.

എന്നാല്‍, പ്രതീക്ഷകളെ ഉടച്ചുകൊണ്ട് അകത്തേക്ക് ഒന്ന് ഒളികണ്ണിട്ട് രാജീവന്‍ തന്‍റെ കവറില്‍നിന്നും നാണുവേട്ടന് മുന്നില്‍ വെച്ചത് സില്‍ക്കിന്‍റെ കുപ്പായത്തുണിയും ബോണ്ടിയുടെയും സ്നിക്കേര്‍സിന്‍റെയും ഓരോ പാക്കറ്റുകളും (ചിലപ്പോള്‍ ഷിംന ഏൽപിച്ചിട്ടുണ്ടാവണം) മീന്‍ പിടിക്കാനുപയോഗിക്കുന്ന പ്രത്യേകതരം ചൂണ്ടലുകളും നങ്കീസുകളുമായിരുന്നു. ഇതിനൊപ്പം തന്നെ ആമുഖമായി ഇത്രയും കൂടി രാജീവന്‍ പറഞ്ഞുവെച്ചു. ‘‘ഇത് വാങ്ങുമ്പോഴും പായ്ക്ക് ചെയ്യുമ്പോഴും അച്ഛനെ പ്രത്യേകം ഓര്‍ത്തു. ഷീബയാ ഇതൊക്കെ സെലക്ട് ചെയ്തേ... ദാ, ആ ചൂണ്ടലില്ലേ, അത് ലേറ്റസ്റ്റാ... ബ്രസീലീന്ന് ഇംപോര്‍ട്ട് ചെയ്തതാ. അവിടാവുമ്പോ ആമസോണീലൊക്കെ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന തരമാ. 32 സൈസ് ചൂണ്ടലും 120 സൈസ് നങ്കീസും...’’

നാണുവേട്ടന്‍ കൗതുകത്തോടെ ഓരോന്നിലുമായി നോക്കിത്തുടങ്ങി. ശേഷം, ചൂണ്ടല്‍ കൈയിലെടുത്ത് അഭിപ്രായം രേഖപ്പെടുത്തുകയുംചെയ്തു.

‘‘ഓ, ഇതിനു പറ്റിയ മീനൊന്നും ഇപ്പോ ഈ പൊഴേലില്ല മോനേ. വല്ല കടലിലും പോവേണ്ടി വരും...’’

നാണുവേട്ടന്‍റെ മനസ്സില്‍, മുമ്പ് ഗള്‍ഫിലായിരുന്നപ്പോള്‍ ആദ്യകാലങ്ങളില്‍ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും പിന്നീട് പതിയെപ്പതിയെ എല്ലാ ദിവസവും മീന്‍പിടിക്കാന്‍ പോയിരുന്ന കാലം ഓര്‍മയില്‍ വിരിഞ്ഞു. അമൂറിനെ പിടിക്കാനുള്ള മീന്‍ സഞ്ചാരങ്ങള്‍. പതിയെ കെട്ടിടപ്പണിക്കിടെ തോളിലമരുന്ന സിമന്‍റ് ചാക്കുകളും കോണ്‍ക്രീറ്റ് കട്ടകളുമല്ലാം ഭാരമേറിയ അമൂറായി തോന്നിത്തുടങ്ങിയപ്പോള്‍ തൊഴിലിടത്തേക്കുള്ള പോക്കുവരവുകളും കുറച്ചു. കോണ്‍ട്രാക്ടറോടും മേസ്തിരിയോടും അവധി പറയാന്‍ പുതിയ കള്ളങ്ങളും പറഞ്ഞു ശീലിച്ചു. സ്വപ്നങ്ങളില്‍ പിടയ്ക്കുന്ന അമൂര്‍ കൂട്ടം വാലാട്ടി വരവേറ്റപ്പോള്‍, നേരവും കാലവും നോക്കാതെ കടല്‍ത്തീരത്തേക്ക് കുതിച്ചു. കടലും അമൂറും ചൂണ്ടയും.

പതിയെ താനൊരു സാഹസികനായ മത്സ്യവേട്ടക്കാരനായി പരിണമിക്കുന്നതിന്‍റെ സുന്ദരസ്വപ്നങ്ങളായിരുന്നു അന്നത്തെ എഴുന്നേല്‍പ്പുകളില്‍ ഉദ്ദീപനം നിറച്ചത്. വിനോദത്തേക്കാളുപരി ലഹരിയായി മാദകമായി വാലാട്ടിയ അമൂറുകള്‍ അയാളെ വരിഞ്ഞുകെട്ടി. അതോടെയാണ്, ജോലിയിലെ താല്‍പര്യമില്ലായ്മയും നിരന്തരമായുള്ള അപ്രത്യക്ഷമാവലും കണക്കിലെടുത്ത് ജോലിയില്‍നിന്ന് പുറത്താക്കപ്പെടുന്നതും, നാട്ടിലേക്ക് കയറ്റിയയക്കപ്പെടുന്നതും. സുഗന്ധവ്യഞ്ജനങ്ങള്‍ എന്ന വാക്കാണ് കയറ്റുമതി എന്ന വാക്കിനൊപ്പം ചേരുംപടി ചേര്‍ന്ന് സ്ഥിരം വരാറുള്ള പദമെങ്കിലും ഒട്ടൊരു വ്യത്യസ്തമായി ഇവിടെ അയാളുടെ പേരും ഉച്ചരിക്കപ്പെട്ടു.മീന്‍ഗന്ധം പക്ഷേ, എല്ലാവര്‍ക്കും സഹിക്കാന്‍ കഴിയണമെന്നില്ലല്ലോ.

ഗള്‍ഫില്‍ പോയിട്ടും പച്ച പിടിക്കാത്ത നാട്ടിലെ അപൂര്‍വം പേരിലൊരാളായി ഭാര്യ കല്യാണിയടക്കമുള്ളവര്‍ മുദ്രകുത്താനും ഈ കയറ്റുമതി കാരണമായി. ആദ്യകാലങ്ങളില്‍ പ്രതികരിച്ചിരുന്നെങ്കിലും പിന്നീടങ്ങോട്ട് ഭാര്യ കല്യാണിയുടെ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും അയാള്‍ മൗനമവലംബിച്ചു. ഏറിവരുന്ന പ്രക്ഷോഭങ്ങളോടും ഭരണപരാജയങ്ങളിലുള്ള വിമര്‍ശനങ്ങളോടും മുഖ്യഭരണാധിപന്‍ അവലംബിക്കുന്ന അവഗണന നിറഞ്ഞതും അര്‍ഥഗര്‍ഭവുമായ മൗനം.

അതോടെ കല്യാണിയും വല്ലപ്പോഴും പറയാറുള്ള ‘‘എന്തു ചെയ്യാനാ, എന്‍റെ വിധി!’’ എന്ന കുത്തുവാക്കെന്നോ സ്വയം സമാധാനപ്പെടലെന്നോ നിശ്ചയമില്ലാത്ത ഒരുതരം തെര്യപ്പെടലില്‍ പ്രതിഷേധമൊളിപ്പിച്ച് പിന്‍വാങ്ങി. ശേഷം, നാണുവേട്ടന്‍റെ മീന്‍പിടിത്തം അയാളുടെ ദൈനംദിന ചിട്ടയായി ആ വീടും കുടുംബവും, എന്തിനേറെ നാട്ടുകാര്‍ വരെ അംഗീകരിച്ച്, അതിന്‍റെ മേല്‍ അവരുടെ സീല്‍ പതിച്ചു. എല്ലാം ഔദ്യോഗികമാവണമല്ലോ. ജനനവും ജീവിതവും മരണവു​െമല്ലാം.

ആമ

പിറ്റേന്നാണ് പുതിയ മീന്‍പിടിത്ത ഉപകരണങ്ങളുമായി നാണുവേട്ടന്‍ കല്ലാച്ചേരിപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയത്. മണ്‍സൂണിന്‍റെ പിന്‍വാങ്ങല്‍ കാലമായിരുന്നതിനാല്‍ മഴയുടെ അഭാവമുണ്ടായിരുന്നെങ്കിലും ഉപ്പിന്‍റെ സ്വാധീനം കുറഞ്ഞ് വെള്ളം തണുത്തു വിറച്ചുനിന്നു. വെള്ളത്തിലിറങ്ങാന്‍ നേരം പെരുവിരലില്‍നിന്നും കയറിവന്ന തണുപ്പ് വൈദ്യുതാലിംഗനം പോലെ ശരീരത്തെ വിറപ്പിച്ചു.

മീന്‍ പിടിക്കുന്നതിന് നാണുവേട്ടന് വിവിധ രീതികളുണ്ടായിരുന്നു. കേട്ടാലും കണ്ടാലും അത്ഭുതപരതന്ത്രരാവുന്ന രീതികള്‍. സാധാരണ മീന്‍ പിടിക്കുന്നതില്‍നിന്നും വ്യത്യസ്തമായി പുഴയിലിറങ്ങി നെഞ്ചോളം വെള്ളത്തില്‍ ചൂണ്ടലും നങ്കീസും മണ്ണിരയുമായി നിന്ന് പയ്യത്തി, ഇരിമീന്‍, കടുഅ, തെണ്ടക്കൊയലന്‍ തുടങ്ങിയ ചെറുമീനുകളെ പിടിക്കുന്നതാണ് ഒരു രീതി. ചിലപ്പോള്‍ ചെമ്പല്ലിക്കൊറ്റനും തിരുതയും ഏരിയുമെല്ലാം ചൂണ്ടലിലെ മണ്ണിരയെ റാഞ്ചി രുചി നോക്കാനെത്തും. അപ്പോഴാവും, വെള്ളത്തിനു മുകളില്‍ അടയാളസൂചികയെന്ന മട്ടില്‍ നങ്കീസിനൊപ്പം കൊളുത്തിയിട്ട പൊങ്ങല്‍ മിന്നിയും തെളിഞ്ഞും നക്ഷത്രമാവുക. അതോടെ ഒരൊറ്റച്ചൊട്ട്. വെള്ളത്തിന്‍റെ സീല്‍ക്കാരം. മീന്‍പിടച്ചില്‍.

പിന്നെയൊരു രീതി വട്ടത്തില്‍ കശുമാങ്ങ കൊണ്ടൊരു കൂടുണ്ടാക്കി വലയെറിയാന്‍ പാകത്തില്‍ വെള്ളത്തില്‍ പ്രതിഷ്ഠിക്കലാണ്. പ്രധാനമായും ഇരിമീനെ പിടിക്കാനുള്ള കെണിയാണിത്. ഈ കൂടിനു ചുറ്റും ഇരിമീനുകള്‍ കൂട്ടം കൂടുന്നതോടെ വട്ടത്തില്‍ മഴപ്പെയ്ത്തായി വല വീഴും.

വേറൊരു രീതി മൈദ കുഴച്ച് അറ്റം തുറന്ന ചാക്കില്‍ സംഭരിച്ച് വേലിയേറ്റത്തിനു മുങ്ങിനിവരും വിധം പുഴയരികില്‍ നിക്ഷേപിക്കുന്നതാണ്. വേലിയേറ്റത്തില്‍ മൈദച്ചാക്കിനു ചുറ്റും തമ്പടിക്കുന്ന മാലാന്‍ കൂട്ടത്തിനിടയിലേക്ക് ചൂണ്ടലില്‍ കൊരുത്ത് മൈദ ഇറക്കും. ആവേശത്തില്‍ അവ വിഴുങ്ങാന്‍ തുടങ്ങുന്ന മാലാന്‍ കൂട്ടവും ഓരോന്നായി കരയിലെ നനഞ്ഞ മണ്ണിലേക്ക് എടുത്തെറിയപ്പെടും. പറക്കും മീനുകള്‍. പുഴക്കരയില്‍നിന്നും വീട്ടിലേക്ക് പോരാന്‍ നേരം ഏതെങ്കിലും പരല്‍മീനെ പിടിച്ച് വലിയ മീനുകളായ കണ്ണിക്കനും ചെമ്പല്ലിക്കും വേണ്ടി കോര്‍ത്തിടുന്നതാണ് വേറൊരു രീതി. ഒരു കരുതല്‍ നിക്ഷേപം.

അന്നും പോരാന്‍ നേരമാണ് പുഴയോരത്തെ കൈതക്കാടിനോട് ചേര്‍ത്ത് കടുങ്ങാലി പരലിനെ കോര്‍ത്തുവെച്ച് കെട്ടിയിട്ട കണ്ണിയില്‍ സാമാന്യത്തിലധികം കനം അനുഭവപ്പെട്ടത്. പതുക്കെ നങ്കീസ് വലിച്ചുതുടങ്ങിയപ്പോള്‍ വടംവലിയെന്ന പോലെ വെള്ളത്തിനടിയില്‍നിന്നും ആയാസത്തോടെയുള്ള, ബലംപിടിത്തമുള്ള വലി തിരിച്ചും വന്നു. ചൂണ്ടലില്‍ കനമുള്ളൊരു ചെമ്പല്ലി കുരുങ്ങിയെന്ന ആത്മവിശ്വാസവും സന്തോഷവും അങ്കുരിച്ചതോടെ നാണുവേട്ടന്‍ പതുക്കെ വലതുകാല്‍ മുന്നിലെ ചെളിയിലേക്ക് കുത്തി നങ്കീസ് വലിക്കാനുള്ള പാങ്ങുണ്ടാക്കി. പിന്നെ ആവശ്യത്തിനു ശക്തി കൊടുത്തും അല്ലാതെയും പതുക്കെ നങ്കീസ് കരയിലേക്ക് വലിച്ചുതുടങ്ങി. ഒടുവില്‍ വലിച്ച് വലിച്ച് കരയ്ക്കടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്. ഒരു ആമ!

വെറും ആമയെന്നു പറഞ്ഞാല്‍ പോരാ. സാധാരണയില്‍നിന്നും വളരെ വലുതും എന്നാല്‍ ഏറെ വ്യത്യസ്തവുമായ ഒരാമ തന്നെ. ഉദ്ദേശം 13-15 കിലോയെങ്കിലും ഭാരം വരുന്നത്. മാര്‍ബിള്‍പോലെ മിനുസമുള്ള ശരീരം. പുറംതോടിനു കടും കറുപ്പിനു പകരം ഇത്തിരി കൂടി തവിട്ട് നിറമാണ്. സാധാരണ കാണുന്നതില്‍നിന്നു മാറി, പരന്ന് വളര്‍ന്ന ഒരിനം. കഴുത്ത് നീട്ടി ചുറ്റുമൊന്ന് നോക്കിയതിനു ശേഷം രക്ഷപ്പെടാന്‍ എന്നവണ്ണം വെള്ളത്തിലേക്ക് തന്നെ ഊളിയിടാന്‍ ഒരു തവണ കൂടി ശ്രമിച്ചെങ്കിലും പന്തിയല്ലെന്നു കണ്ട് തല പുറംതോടിനുള്ളിലേക്ക് പിന്‍വലിച്ച് കീഴടങ്ങിയ മട്ടില്‍ ആമ നാണുവേട്ടനു മുന്നില്‍ നിന്നു.

സന്ധ്യാനേരമായിരുന്നു അപ്പോള്‍. പൂഴിയെടുത്ത് അവസാനതോണിയും, തൊട്ടപ്പുറത്തെ കടവില്‍ കുളിക്കാനായി വന്ന ഫ്രീക്ക് ചെക്കന്‍മാരും അലക്കാനായി വന്ന പെണ്ണുങ്ങളും അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. ഇരുട്ട് സംക്രമിച്ച് ചുറ്റുമുള്ളതിനെയെല്ലാം ഇളം കറുപ്പിന്‍റെ കുപ്പായത്തിനകത്തേക്ക് ആവാഹിച്ചു. പുഴവെള്ളവും തിരിച്ചറിയാനാവാത്ത വിധം കറുപ്പായി. കൈതക്കാട്ടില്‍ അപ്പോള്‍ അവധൂതരെപ്പോലെ നാണുവേട്ടനും ആമയും മാത്രം ബാക്കി.

ന്യൂസ് നൈറ്റ്

വീടിന്‍റെ പിന്നാമ്പുറത്തെത്തി കല്യാണിയെ ഉച്ചത്തില്‍ കൂവി വിളിക്കേണ്ടി വന്നില്ല. അവളവിടെ തന്നെ വാതിലടക്കാതെ നില്‍പുണ്ടായിരുന്നു. സാധാരണ ഗതിയില്‍ ഈ സമയത്തേക്ക് പിന്നാമ്പുറത്തെ ഗ്രില്‍സോടു ചേര്‍ന്ന വാതില്‍ താഴിട്ട് പൂട്ടേണ്ടതാണ്. ഇഴജന്തുക്കള്‍ കയറി വരുമെന്ന പേടിയുള്ളതിനാല്‍ ഗ്രില്‍സിനെ മറച്ചൊരു പലകയും അവള്‍ നാട്ടും. വരാന്തയില്‍ ആണ്‍സന്തതിയും രണ്ട് മൂന്ന് കൂട്ടുകാരുമിരുന്ന് സൊറ പറയുന്നത് ദൂരെ നിന്നേ കേള്‍ക്കാമായിരുന്നു.

ഇന്ന് എട്ടു മണിക്ക് രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും തമ്മില്‍ ഐ.പി.എല്‍ ക്രിക്കറ്റ് മത്സരമുണ്ടത്രേ. ഇവിടന്ന് കൂട്ടമായിരുന്ന് കാണാനാണ് പദ്ധതി. ഇന്നത്തെ കല്യാണിയുടെ കണ്ണീര്‍ സീരിയലുകളും തന്‍റെ ന്യൂസ് നൈറ്റും ക്രിക്കറ്റില്‍ മുങ്ങി ബൗണ്ടറി കടക്കും. ബി.കോം ഡിഗ്രിയൊക്കെ കഴിഞ്ഞെങ്കിലും ഇതുവരെ ജോലിയൊന്നുമായിട്ടില്ല സനീഷന്. പി.എസ്.സി വഴിയുള്ള സര്‍ക്കാര്‍ നിയമനത്തിനേ താല്‍പര്യമുള്ളൂ എന്ന് ഇടക്കിടെ താനും കല്യാണിയുമൊക്കെ കേള്‍ക്കാനെന്നവണ്ണം അനിയത്തി ഷിംനയോട് പ്രഖ്യാപിക്കാറുണ്ട്, അവള്‍ ചേട്ടന്‍റെ ഭാവിപരിപാടികളെക്കുറിച്ച് തിരക്കാറില്ലെങ്കില്‍പോലും.

‘‘സന്ധ്യയായാലെങ്കിലും വീടണഞ്ഞൂടേ?’’ എന്ന കല്യാണിയുടെ കെറുവിക്കലിനിടെ അയാള്‍ തന്‍റെ കൈയിലെ പൗര്‍ണമി ടെക്സ്റ്റയില്‍സിന്‍റെ മുഷിഞ്ഞ കവര്‍ എടുത്ത് കല്യാണിയുടെ മുന്നിലേക്കിട്ടു. പൗര്‍ണമി ടെക്സ്റ്റയില്‍സ് ആണ്ടിയേട്ടന്‍ നടത്തുമ്പോഴുണ്ടായിരുന്ന കവറായിരുന്നു അത്. വയലറ്റ് നിറത്തില്‍ പൗര്‍ണമി എന്നെഴുതുകയും അടിയില്‍ മഞ്ഞവരയിടുകയും ചെയ്ത വെളുത്ത പ്ലാസ്റ്റിക് പിടിയോടു കൂടിയ കവര്‍. കവറിന്‍റെ ചുരുള്‍ നിവരല്‍ കൗതുകത്തോടെ വീക്ഷിക്കവേ, ആമയുടെ തല പുറത്തേക്ക് നീണ്ടപ്പോഴാണ് ‘‘ഹമ്മേ’’ന്നും പറഞ്ഞ് കല്യാണി ഞെട്ടലോടെ പുറകോട്ടേക്ക് ചാഞ്ഞതും ശബ്ദം കേട്ട് മകള്‍ ഷിംനയും സനീഷനും കൂട്ടുകാരുമൊക്കെ വീടിന്‍റെ പിന്നാമ്പുറത്തേക്ക് ഓടിയെത്തുകയും ചെയ്തത്.

വന്നവര്‍ വന്നവര്‍ കല്യാണിയെ ആശ്വസിപ്പിക്കുന്നതിനു പകരം ആമക്കു ചുറ്റും അത്ഭുതംകൂറി നിന്നു. അപ്പോഴും കൗതുകം വിട്ടൊഴിയാതെ ആമ ആഗതരെയൊക്കെയും ഉഴിഞ്ഞ് നോക്കിയതിനു ശേഷം പിന്നെ പതിയെ സ്വയരക്ഷാര്‍ഥം തന്‍റെ പുറംതോടിനുള്ളിലേക്ക് തല പിന്‍വലിച്ചു. ഇനിയൊരു രക്ഷയില്ലെന്ന് അതിനു മനസ്സിലായിരിക്കണം.കടവത്തൂര്‍ എന്ന നാട്ടിലെ അന്നത്തെ പ്രാദേശിക ന്യൂസ് നൈറ്റ് പതിവിലും നേരത്തെ നാണുവേട്ടന്‍റെ കല്ലാച്ചേരി പുഴയുടെ തീരത്തുള്ള വീട്ടില്‍നിന്ന് ആരംഭിക്കുകയായിരുന്നു.അപ്പോള്‍ സമയം ഏഴുമണി കഴിഞ്ഞ് പതിനാല് മിനിറ്റ്.

വൈറല്‍

പിറ്റേന്നു മുതല്‍, അല്ല അന്നു രാത്രി മുതല്‍ തന്നെ ആമയെ കാണാന്‍ നാട്ടുകാരുടെ ഒഴുക്ക് തുടങ്ങുകയായിരുന്നു. സനീഷന്‍റെ കൂട്ടുകാര്‍, ഷിംനയുടെ കൂട്ടുകാരികള്‍, കല്യാണിയുടെ കുടുംബശ്രീ അയല്‍ക്കൂട്ടം, പഞ്ചായത്ത് മെംബറും മറ്റധികൃതരും, പ്രാദേശിക ലേഖകന്‍ സുഗുണന്‍ മാഷ്, കംഫര്‍ട്ട് ട്രാവല്‍സ് ഉടമ മജീദ്, ദേവസ്വം ബോര്‍ഡിലെയും നാട്ടിലെ പള്ളി മഹല്ലിലേയും പ്രമുഖര്‍, അയല്‍ക്കാര്‍, ആത്മാര്‍ഥ കൂട്ടുകാര്‍, നാട്ടില്‍ തമ്പടിച്ച് പ്രവാസികളായ ബംഗാളികള്‍, ആസാമികള്‍... വന്നവര്‍ ഓരോരുത്തര്‍ക്കും ആമ പ്രദാനംചെയ്ത അത്ഭുതം വ്യത്യസ്തമായിരുന്നു.

സുഗുണന്‍ മാഷിന് മാതൃഭൂമിയുടെ പ്രാദേശിക കോളത്തില്‍ അത്ഭുത ആമ എന്ന പേരിലൊരു രണ്ട് കോളം വാര്‍ത്തയായിരുന്നു ലക്ഷ്യം, ബൈലൈനോടു കൂടിത്തന്നെ. കംഫര്‍ട്ട് ട്രാവല്‍സിലെ മജീദിന് തന്‍റെ വീട്ടിലെ ഭീമന്‍ അക്വേറിയത്തില്‍ നിക്ഷേപിക്കാന്‍ തരാമോ എന്ന ചോദ്യചിഹ്നം. ഷിംനയുടെ കൂട്ടുകാരികള്‍ക്ക് ആമയ്ക്കൊപ്പമൊരു സെല്‍ഫി ചിരി. വേനല്‍ക്കാലത്ത് ടൗണില്‍ ഷെഡ് കെട്ടി പാര്‍ക്കാന്‍ വരുന്ന തമിഴനണ്ണാച്ചിക്ക് കറി വെക്കാന്‍ തരാമോ എന്ന നോട്ടം. പഞ്ചായത്ത് മെംബറും അയല്‍ക്കാരിയുമായ നസീമ ടീച്ചര്‍ക്ക് വന്യജീവികളെ സംബന്ധിച്ചുള്ള നിയമപരിധിയില്‍ ആമയും പെടുമോ എന്നുള്ള സംശയം. പിന്നെയുള്ള നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആകക്കൂടിയുള്ള പ്രാഥമിക വികാരമായ അത്ഭുതവും കൗതുകവും.

‘‘മേനക ഗാന്ധി അറിഞ്ഞാലുള്ള പുകിലുകള്‍ അറിയാല്ലോ... വന്യജീവി ആക്ട് പ്രകാരം നാണുവേട്ടന്‍ അഴിയെണ്ണേണ്ടി വരും. ആയമ്മ ഈ കാര്യത്തിലൊക്കെ ഭയങ്കര സ്ട്രിക്ടാ. ഞാനായിട്ട് റിപ്പോര്‍ട്ട് ചെയ്യില്ലെങ്കിലും വല്ലവരും ഇടങ്കോലിട്ട് അവരറിഞ്ഞാലോ? പിന്നത്തെ കാര്യം പറയണ്ടല്ലോ..’’ നസീമ ഇറങ്ങാന്‍ നേരം പ്രത്യേകം ഓര്‍മിപ്പിക്കുകയുംചെയ്തു. ചുരുക്കത്തില്‍, അങ്ങനെയങ്ങനെ ഒറ്റയടിക്ക് ആമ വൈറലായി.

അച്ചട്ട്

കേട്ടറിഞ്ഞ് രാജീവനും ഒപ്പം പെങ്ങളുടെ മകളും ഒമ്പതാം ക്ലാസുകാരിയുമായ ഷിജിലയും, പേരാവൂരില്‍നിന്നെത്തുമ്പോള്‍ സംഭവബഹുലമായ ഒരു ദിവസം കഴിഞ്ഞിരുന്നു. വന്നു കേറിയ ഉടനെ രാജീവന് മൂലക്കുരുവിന്‍റെ ഓപറേഷനേക്കാളും പറയാനും അറിയാനുമുണ്ടായിരുന്നത് അത്ഭുത ആമയെക്കുറിച്ചായിരുന്നു. താന്‍ വന്നപ്പോള്‍ നാണുവേട്ടനു സമ്മാനിച്ച പ്രത്യേകതരം ബ്രസീലിയന്‍ ചൂണ്ടല്‍ക്കൊക്കയില്‍ തന്നെയാണല്ലോ ഈ അത്ഭുത ആമ കുരുങ്ങിയതെന്ന രഹസ്യാഭിമാനവും അയാളില്‍ അങ്കുരിച്ചിരുന്നു.

വടക്കേടത്ത് എന്നായിരുന്നു പാരമ്പര്യമായി ലഭിച്ച വീട്ടുപേരെങ്കിലും ഗള്‍ഫില്‍ ആദ്യപ്രാവശ്യം പോയി ലീവില്‍ വന്നതിനുശേഷം ഒരു പരിഷ്‍കാരമെന്ന മട്ടില്‍ റോഷ്നി എന്ന് നാണുവേട്ടന്‍ തന്നെ പുനര്‍നാമകരണംചെയ്ത ആ വീട്ടില്‍ ആളുകള്‍ക്കും ആരവങ്ങള്‍ക്കും ഇടയിലുള്ള ചെറിയ ഇടവേളയായിരുന്നു അപ്പോള്‍. തലേന്ന് രാത്രി അപ്രതീക്ഷിതമായി കാലന്‍ കോഴി കൂവിയതും പട്ടികളുടെ നിര്‍ത്താതെയുള്ള ഓരിയിടലും തൊടിയിലെ വാഴക്കന്നിനടുത്തുള്ള ചെമ്പരത്തിയുടെയും നന്ത്യാര്‍വട്ടത്തിന്‍റെയും അസാധാരണമായ ഉലയലും ഒരു മോഷണശ്രമമാണെന്ന മട്ടിലുള്ള ചര്‍ച്ചകള്‍ വീട്ടുകാര്‍ക്കിടയില്‍ ചൂടു പിടിക്കുകയായിരുന്നു. ആ വാഴക്കന്നിനോട് ചേര്‍ന്ന് വരുന്ന മുറിയാണ് ആമയെ പുഴസമാനമായ അന്തരീക്ഷമൊരുക്കി പാര്‍പ്പിച്ച ബാത് റൂം. ‘‘കള്ളനാണെങ്കില് എന്തായാലും ആമേനെ നോട്ടമിട്ടവര് തന്നെയായിരിക്കും.. അങ്ങനെയാണെങ്കില് മജീദിക്കയോ തമിഴനണ്ണാച്ചിയോ ആയിരിക്കും ഇതിന്‍റെ പിറകില്‍.’’ രാജീവന്‍ വന്നു കയറുമ്പോള്‍ സനീഷൻ ഒരു കുറ്റാന്വേഷക അനുമാനം പങ്കു​െവക്കുകയായിരുന്നു.

ചില കാര്യങ്ങളില്‍ പൊടുന്നനെ ഷെര്‍ലക് ഹോംസാകുന്ന മകന്‍റെ അനുമാനങ്ങള്‍ക്കു മുന്നില്‍ നാണുവേട്ടന്‍ ഗൗരവത്തിന്‍റെ മേലങ്കിയണിഞ്ഞു പോസ് ചെയ്തു. ശരിയായിരിക്കും, ഇതുവരെയുമില്ലാത്ത വിധം തന്‍റെ വീടിനു ചുറ്റും ചില കാല്‍പ്പെരുമാറ്റങ്ങള്‍ അയാളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്നലെ വരെ കൈയിലൊന്നുമില്ലാത്തവന്‍റെ ഭയമില്ലായ്മയില്‍ അയാള്‍ ആനന്ദവും ധൈര്യവും കൊണ്ടിരുന്നെങ്കില്‍ ആമയുടെ വരവിനു ശേഷം ഉറക്കത്തിലും തൃക്കണ്ണ് തുറന്നുതന്നെ കിടക്കുകയായിരുന്നല്ലോ. അതിനാലാവാം, മുമ്പ് പാതിരാത്രിയില്‍ ഒരേയൊരു പ്രാവശ്യം മൂത്രമൊഴിക്കാന്‍ എണീറ്റിരുന്ന അയാള്‍ മൂന്നും നാലും വട്ടമൊക്കെ ഞെട്ടിയുണരുകയും മൂത്രമൊഴിക്കാനെന്ന നാട്യേന ആമയുള്ള ബാത് റൂമിലേക്ക് ഏന്തിവലിഞ്ഞു നോക്കുകയും ചെയ്തത്. അപ്പോഴൊക്കെയും ആമയും കൗതുകത്തോടെ തന്‍റെ പുതിയ അന്നദാതാവിനെ നോക്കിക്കൊണ്ടു നിന്നു, പുറംതോടിനുള്ളിലേക്ക് തല പിന്‍വലിക്കാതെ തന്നെ.

ആമ കാണ്‍കെ തന്നെ മൂത്രമൊഴിക്കുമ്പോള്‍, നാണുവേട്ടന്‍ തന്‍റെ നഗ്നതപോലും സൗകര്യപൂര്‍വം മറന്നു. കീ കൊടുത്താല്‍ തലയുയര്‍ത്തി ചുറ്റും നോക്കുന്ന ഒരു കളിപ്പാട്ടംപോലെ നാണുവേട്ടന് ആമ അനുഭവമായി. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ആത്മബന്ധമെന്നോ ദിനചര്യയെന്നോ പറയാവുന്ന നൂലിഴ. ഷിജില ആമയെ കണ്ടപാടെ പെട്ടെന്ന് തന്നെ ഉമ്മറത്തേക്ക് ഓടുകയാണുണ്ടായത്. ശേഷം അവളുടെ സ്പൈഡര്‍മാന്‍റെ മുഖപടമുള്ള ബാഗിലുണ്ടായിരുന്ന ആ ലക്കത്തെ ബാലരമ ഡൈജസ്റ്റും കൊണ്ടുവന്നു.

പിന്നെ എല്ലാവര്‍ക്കും മുന്നില്‍വെച്ച് ആ ബുക്കിലെ ആമയുടെ ചിത്രമുള്ള പേജ് തുറന്നു. ആ ലക്കം ആമയായിരുന്നു ഡൈജസ്റ്റിലെ പ്രതിപാദ്യ വിഷയം. അവളുടെ കൈയിലെ ബുക്കില്‍ ആമയുടെ പടത്തിനൊപ്പം അതിനെക്കുറിച്ചുള്ള സൂക്ഷ്മവിവരങ്ങളുമുണ്ടായിരുന്നു. അപൂര്‍വ ഇനം ആമയാണത്രേ ഇത്. കൂടുതലായും മഡഗാസ്കര്‍ ദ്വീപസമൂഹങ്ങളിലാണത്രേ കാണപ്പെട്ടുവരുന്നത്. ദിവസങ്ങളോളം ഭക്ഷണപാനീയങ്ങളുടെ സ്വാധീനമില്ലാതെ ജീവിക്കാനാവും. കൂടാതെ 200 വര്‍ഷമൊക്കെയാണ് ആയുസ്സ്. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ മതിക്കുമത്രേ ഇതിന്‍റെ വില. ഒപ്പം 200 കിലോയെങ്കിലും വളര്‍ന്നു ഭീമനായാല്‍ ഭാരവും വരും.

ഇത് വായിച്ചും കേട്ടും ഇരുന്ന അത്ഭുതത്തില്‍ നാണുവേട്ടനും കുടുംബവും ആമക്കും ഡൈജസ്റ്റിനും ചുറ്റും അത്ഭുതത്തോടെ വട്ടം കൂടിയിരുന്നു. അവര്‍ വീണ്ടും വീണ്ടും ആമയേയും ഡൈജസ്റ്റിലെ ഫോട്ടോയും ഒത്തുനോക്കി. അച്ചട്ട് തന്നെ. ഒത്തുനോക്കലിനവസാനം പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്ന സനീഷന്‍ ഐ.പി.എല്‍ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ക്രിക്കറ്റ് ഭാരവാഹിയെപ്പോലെ പ്രഖ്യാപിക്കുകയുംചെയ്തു. ഇത് മഡഗാസ്കറിലെ ആമ തന്നെ. അതോടെ കല്യാണി ആരും മിണ്ടല്ലേ എന്ന കര്‍ശന നിര്‍ദേശത്തോടെ നാണുവേട്ടന്‍റെ ഔദ്യോഗിക അറിയിപ്പ് വരുന്നതിനുമുമ്പ് തന്നെ ഓടിച്ചെന്ന് വീട്ടിലെ എല്ലാ ജനാലയും വാതിലും കൊട്ടിയടക്കാന്‍ തുടങ്ങി.

മലർപ്പൊടിക്കാരന്‍

അന്ന് രാത്രി കൊട്ടിയടക്കപ്പെട്ട ആ വീട്ടില്‍നിന്ന് അവരെല്ലാവരും കൂടി ഒരു തീരുമാനമെടുത്തു. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. വഴി തെറ്റി എത്തിയ മഡഗാസ്കര്‍ ആമയെ അന്താരാഷ്ട്ര വിപണിയിലെത്തിക്കണം. അതിനുള്ള പ്രാരംഭനടപടിയെന്ന വണ്ണം ആമയ്ക്കൊപ്പമുള്ള നാലഞ്ച് ഫോട്ടോകള്‍ സെല്‍ഫിയടക്കം സനീഷന്‍ തന്‍റെ ഫോണില്‍ എടുക്കുകയും മഡഗാസ്കര്‍ മ്യൂസിയത്തിന്‍റെ ഇ-മെയില്‍ വിലാസം ഗൂഗിളിലും ഡൈജസ്റ്റിലുമായി തിരഞ്ഞ്, തനിക്കറിയാവുന്ന ആംഗലേയ ഭാഷയില്‍ കാര്യം വിശദീകരിച്ച് ഫോട്ടോകള്‍ അറ്റാച്ച് ചെയ്യുകയും ചെയ്തു.

ഇനി ചെയ്യാനുള്ളത് ഒരു പത്രപരസ്യമെന്ന പോലെ ആമയെ തിരികെ പുഴയിലേക്ക് തന്നെ ഇറക്കി വിട്ടുവെന്ന പ്രചാരണം നാട്ടുകാര്‍ക്കിടയില്‍ നല്‍കലാണ്. ആര് വന്നാലും, ഇനിയിപ്പോള്‍ അടുത്ത ഹൃദയബന്ധമുള്ളവരാണെങ്കില്‍പോലും ഒരു കാരണവശാലും ആമയെ കാണിച്ചുകൊടുക്കരുത്. ഈ രഹസ്യം പുറത്ത് പോവുകയുമരുത്. ഒരു വിക്കിലീക്സിനും ചോര്‍ത്താന്‍ കഴിയാത്ത വിധം മുദ്രകുത്തിയ പ്രമാണമായി ആമയും പുഴസമാനമായ ബാത്റൂമും പരിണാമംകൊള്ളണം. അപ്രതീക്ഷിതമായി ജീവിതം മാറ്റിമറിക്കാനായി കടന്നുവന്ന വിലയേറിയ അതിഥിയായി മാറി, അതോടെ ആ വീട്ടുകാര്‍ക്ക് ആമ. ഒരുപക്ഷേ, അനേകം കൈകളിലൂടെ മാറിമറിഞ്ഞ് നാണുവേട്ടന്‍റെ ഉച്ചിയിലേക്ക് വീണ ഒന്നാം സമ്മാനാര്‍ഹമായ ഒരു ഭാഗ്യക്കുറി.

ഗള്‍ഫില്‍ പോയിട്ടും, നാട്ടില്‍ കച്ചവടം നടത്തിയിട്ടും രക്ഷപ്പെടാതെ പതിയെ അന്തര്‍മുഖത്വത്തിലേക്ക് ചുരുങ്ങാന്‍ തുടങ്ങിയ മറ്റൊരാമ തന്നെയായിരുന്നു അയാളും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആമയും നാണുവേട്ടനും ഏതോ മുജ്ജന്മത്തിലെ ആത്മാര്‍ഥ സുഹൃത്തുക്കളായി സ്വയം അവരോധിക്കപ്പെട്ടിരുന്നു. വീട്ടിലുള്ളവരെല്ലാം പലയിടങ്ങളിലായി അന്നത്തെ ആമചരിതം പാടിത്തളര്‍ന്നുറങ്ങിയിട്ടും നാണുവേട്ടന്‍ മാത്രം ഉറങ്ങാതെ മനസ്സില്‍ മലർ​പ്പൊടിക്കാരന്‍റെ സ്വപ്നം പുനര്‍ജീവിപ്പിച്ചു. ആ സ്വപ്നത്തില്‍ മഡഗാസ്കറുകാരന്‍ സായിപ്പ് റോഷ്നിയുടെ പടി കയറി വന്ന് അത്ഭുതാവഹനായി ആമക്കു മുന്നില്‍ വാപൊളിച്ചു നിന്നു. ശേഷം, നാണുവേട്ടന്‍റെ കൈകള്‍ പിടിച്ചുകുലുക്കി സാമാന്യത്തിലധികം നീണ്ടൊരു ഹാന്‍ഡ് ഷേക്കില്‍ ആമ കൈമാറ്റ കരാര്‍ ഒപ്പുവെച്ചു.

 

അഭ്യുദയകാംക്ഷി

മൂന്നാം ദിനവും മലർ​പ്പൊടിക്കാരന്‍റെ സ്വപ്നത്തിലേക്കുള്ള വാതില്‍ തുറക്കാതിരുന്നപ്പോഴാണ് സമാന്തര മാര്‍ഗങ്ങള്‍ ആവിഷ്‍കരിക്കാന്‍ കല്യാണിയും മക്കളും തീരുമാനിച്ചത്. നാണുവേട്ടന്‍ വ്യക്തമായ അഭിപ്രായങ്ങളൊന്നും പറയാതെ എല്ലാം മൂളിക്കേട്ട് തീരുമാനങ്ങള്‍ക്ക് പാതി പിന്തുണ നല്‍കി.

ഇനി മഡഗാസ്കറില്‍നിന്നുള്ള മറുപടിയൊന്നും വരാനിടയില്ലെന്നും അങ്ങനെയായിരുന്നെങ്കില്‍ എന്നേ വന്നേനേയെന്നും അഭിപ്രായപ്പെട്ടത് ഷിംനയാണ്. വലിയ വലിയ സ്ഥാപനങ്ങളുടെ രീതി എല്ലാ കാര്യത്തിലും പെട്ടെന്ന് തീരുമാനമെടുക്കുന്നതാണെന്നും മറുപടി തരാതിരിക്കാന്‍ മാത്രം നമ്മുടെ കൈയില്‍നിന്നും കടം മേടിച്ച് അവര്‍ മുങ്ങിനടക്കുകയല്ലല്ലോ എന്നും നാട്ടുവര്‍ത്തമാനം പറഞ്ഞത് കല്യാണിയാണ്. അയല്‍ക്കാരനായ കുട്ട്യാലിക്കയുടെ കോയമ്പത്തൂരുള്ള മകന്‍ സത്താര്‍ ഇത്തരം രഹസ്യ വ്യാപാരങ്ങള്‍ക്കു പേരുകേട്ടതാണെന്ന പൊതുവെ നാട്ടിലുണ്ടായിരുന്ന സംശയം ഒരു രഹസ്യമെന്നവണ്ണം ഉണര്‍ത്തിയത് സനീഷനും. തുടര്‍ന്നാണ് സത്താറിന്‍റെ ഫോണ്‍നമ്പര്‍ വാങ്ങാനായി നാണുവേട്ടന്‍ തന്നെ മുന്നിട്ടിറങ്ങി അയല്‍വീടിന്‍റെ പടി കയറുന്നത്.

കുട്ട്യാലിക്കയും നാണുവേട്ടനും സമപ്രായക്കാരാണ്. ഒരുമിച്ച് ഒരേ സ്കൂളില്‍ പഠിച്ചവര്‍. ഇന്നും ആ കാലത്തെ ഓര്‍മകള്‍ വല്ലാത്തൊരു അഭിവാഞ്ഛയോടെ ഓര്‍ത്തെടുത്ത് മണിക്കൂറുകളോളം ആ കുളിരില്‍ അന്നത്തെ ദിവസം തള്ളിനീക്കുന്നവര്‍. ആ ചര്‍ച്ചകളില്‍ ഏതാണ്ടെല്ലാ ഗൃഹാതുരത്വവും ലോഭമില്ലാതെ കടന്നുവരും.

അന്ന് പറയാന്‍ മറന്ന വാക്കുകള്‍, നോക്കാന്‍ മറന്ന മുഖങ്ങള്‍, കളി ചിരികള്‍ക്കൊപ്പം ഉച്ഛ്വാസനിശ്വാസമേറ്റു വിങ്ങിയ ചുവരുകള്‍, കോമ്പസിന്‍റെ ബലം പരീക്ഷിച്ച് അനശ്വരമായി നില്‍ക്കണമെന്നാഗ്രഹത്താല്‍ ബെഞ്ചില്‍ കൊത്തിയ സ്വന്തം പേരുകള്‍, ഇടയ്ക്കെപ്പോയോ കൂട്ടത്തിലേക്ക് പറന്നുവീണ തമ്പുരാന്‍ മാസ്റ്ററുടെയും ഖാദര്‍ സീതിയുടെയും ചോക്കുപൊടി കലര്‍ന്ന ഡെസ്റ്റര്‍, ബ്ലാക്ക് ബോര്‍ഡില്‍ ഇടവേളകളിലായി എഴുതിക്കൂട്ടിയ സമവാക്യങ്ങള്‍, വഴിയിറമ്പിലെ മഴവെള്ളപ്പാച്ചിലില്‍ ഹെഡ്മാസ്റ്ററില്‍നിന്നുള്ള വിടുതല്‍ ഓര്‍ഡറും വാങ്ങി പ്യൂണ്‍ മൂസക്ക വരുന്നതും കാത്തിരിക്കുന്ന പ്രഭാതങ്ങള്‍, ഒടുവില്‍ കൂടെ പഠിച്ചവന്‍റെ ഓരോ ജീവിത നാഴികക്കല്ലിലേക്കും അകലെനിന്നും കൗതുകത്തോടെ കണ്ണെറിഞ്ഞ നിശ്ശബ്ദ സൗഹൃദത്തിന്‍റെ കാണാക്കയങ്ങള്‍...

അന്നു പക്ഷേ, നാണുവേട്ടന്‍റെ കൗതുകങ്ങളില്‍ സത്താറിന്‍റെ വിശേഷവും ഫോണ്‍നമ്പര്‍ തിരക്കലടങ്ങിയ വളച്ചുകെട്ടലും മാത്രമായപ്പോള്‍ കുട്ട്യാലിക്ക കാര്യങ്ങളെല്ലാം എളുപ്പം മനസ്സിലാക്കി. നാണുവേട്ടനെ ഇന്നും ഇന്നലെയൊന്നുമായി കാണാന്‍ തുടങ്ങിയതല്ലല്ലോ. ഒടുവില്‍ സംഗതി നടക്കുകയാണെങ്കില്‍ എന്നും അഭ്യുദയകാംക്ഷിയായി താനുണ്ടാകുമെന്ന കുട്ട്യാലിക്കയുടെ കച്ചവടമനസ്സില്‍ ചാലിച്ച പിന്തുണക്കരാറില്‍ നാണുവേട്ടന് കൈ കൊടുക്കേണ്ടിയും വന്നു. ശേഷം, അവിടത്തെ കട്ടന്‍ചായയില്‍ കീര്‍ത്തി ബേക്കറിയില്‍നിന്നും വാങ്ങിയ പ്രത്യേകതരം പലക ബിസ്കറ്റ് മുക്കി ഗാഢത കുറച്ച് കഴിച്ച് വീട്ടിലെത്തിയ ഉടനെ അയാള്‍ നേരെ ചെന്നുനിന്നത് ആമയുടെ മുന്നിലാണ്.

നാണുവേട്ടന്‍ പതിവുപോലെ നിർന്നിമേഷം കുറച്ചുനേരം ആമയെ തന്നെ നോക്കിനിന്നു. നൂറ്റാണ്ടുകള്‍ക്കപ്പുറം ആമകളും മനുഷ്യരും ഒരേ കാട്ടില്‍ ഏകോദര സഹോദരങ്ങളായി കഴിഞ്ഞ കാലത്തേക്ക് സമയചക്രം പിന്നോട്ട് കറങ്ങി ചെന്നെത്തിയ പ്രതീതിയായിരുന്നു അയാള്‍ക്ക്. അപ്പോള്‍ അയാള്‍ പടച്ചട്ടയും വാളും കിരീടവും തങ്കമോതിരങ്ങളും കൈവളകളും അണിഞ്ഞ രാജാവായിരുന്നു. ആമ, രാജാവിന്‍റെ ഹൃദയത്തോട് ചേര്‍ന്ന് അരുമയായ സന്തതസഹചാരിയും. ഇതിനിടെ പശ്ചാത്തലത്തില്‍, അന്ന് ആമയെ കാണാന്‍ വന്നവരെ തന്ത്രപൂര്‍വം പറഞ്ഞയച്ച കഥകള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി കല്യാണി പറയുന്നുണ്ടായിരുന്നു. അയാള്‍ അപ്പോഴേക്കും കോയമ്പത്തൂരിലുള്ള സത്താറിനെ ഫോണ്‍ വിളിച്ച് കാര്യം പറഞ്ഞു.

‘‘ഇരുതലമൂരിയോ വെള്ളിമൂങ്ങയോ ആയിരുന്നെങ്കില്‍ വാങ്ങാന്‍ ആളുണ്ടായിരുന്നു. പക്ഷേ, ഇതിപ്പോ... നക്ഷത്ര ആമയല്ലല്ലോ, അല്ലേ?’’

‘‘അല്ല...’’

നാണുവേട്ടന്‍.

‘‘ഉം... ഞാനൊന്ന് ആലോചിച്ചിട്ട് വിളിക്കാം. തല്‍ക്കാലം അതിന്‍റെ ഫോട്ടോ എടുത്ത് വാട്സ്ആപ്പില് വിടാന്‍ സനീഷനോട് പറ.’’

സത്താര്‍ ഫോണ്‍ കട്ട് ചെയ്തു.

ബൗണ്ടറി

സത്താര്‍ പിന്നീട് വിളിക്കുമ്പോള്‍ അര്‍ധരാത്രിയായിരുന്നു. ആ സമയത്ത് തന്നെയായിരുന്നു വീടിന്‍റെ ഓടിളകുന്ന ശബ്ദം കേട്ട് എല്ലാവരും ചാടിയെണീറ്റതും ഷിംനയുടെ മുറിയില്‍നിന്ന് സനീഷന്‍റെ കൂട്ടുകാരനും ഐ.പി.എല്‍ മത്സരങ്ങളില്‍ സ്ഥിരമായി മുംബൈ ഇന്ത്യന്‍സിന്‍റെ ആരാധകനുമായ രതിലേഷിനെ കൈയോടെ പിടിച്ചതും. ചോദ്യചിഹ്നങ്ങള്‍ക്കു മുന്നില്‍ രതിലേഷിനൊപ്പം ഷിംനയും മൗനം പാലിച്ച് തലകുനിച്ചു നിന്നു. സനീഷന്‍റെ മനസ്സില്‍ ഐ.പി.എല്ലില്‍ ഇന്നിങ്സ് ബ്രേക്കിനിടെ സ്ഥിരമായി ദാഹിച്ച് വെള്ളം കുടിക്കാനായി അടുക്കളഭാഗത്തേക്ക് പോവാറുള്ള രതിലേഷിന്‍റെ ചിത്രം ഒരു നിമിഷം മിന്നിമറഞ്ഞു.

രോഹിത് ശര്‍മയുടെ ഓരോ ബൗണ്ടറികള്‍ക്കൊപ്പവും അമിതാഹ്ലാദത്തോടെ, ചിയര്‍ ലീഡേര്‍സിനെപ്പോലെ നൃത്തംവെക്കുന്ന രതിലേഷ്. സനീഷൻ നോട്ടം പതിയെ ഷിംനയിലേക്ക് നട്ടു. ഒരുമ്പെട്ടവള്‍! മാതാപിതാക്കളുടെ മുന്നില്‍നിന്ന് ഒരിക്കലും മക്കള്‍ പറയരുതാത്ത ഒരുതരം പ്രത്യേക വാക്കുപയോഗിച്ച് അഭിസംബോധനചെയ്ത് സനീഷന്‍ അവളുടെ കവിളത്തേക്ക് ആഞ്ഞടിച്ചു. ഇതേ സമയംതന്നെ വാതിലിനിടയിലെ ചെറിയ വിടവിലൂടെ ഒരു വവ്വാലായി രതിലേഷ് പുറത്തേക്കും പറന്നു.

അപ്പോളാണ് സത്താറിന്‍റെ ഫോണ്‍ വീണ്ടും വന്നത്.

‘‘നാണുവേട്ടാ, ഈ ആമയ്ക്കെത്ര വിരലുണ്ട്?’’

സത്താര്‍ ചോദിച്ചു. രതിലേഷ് രക്ഷപ്പെട്ടതിന്‍റെ അരിശത്തില്‍, കൂടുതല്‍ പരുഷമായി ഷിംനയെ ചോദ്യം ചെയ്യുന്നതിനിടയില്‍ സനീഷൻ ആമയുടെ വിരലെണ്ണാനായി ബാത്റൂമിനടുത്തേക്ക് നടന്നു. ഇതേ നേരം കരഞ്ഞു കലങ്ങിയ കണ്ണാലെ ഷിംന പറഞ്ഞു. ‘‘20!’’

എണ്ണിവന്ന സനീഷനും അത് ശരിവെച്ചു.

‘‘നേരാ അച്ഛാ, ഈ ****@ മോള്‍ പറഞ്ഞത് കറക്ടാ... 20.’’

കല്യാണി ഇതേ സമയം സനീഷന്‍റെ അരുതാത്തത് പറയാനുള്ള വളര്‍ച്ചയില്‍ കൂര്‍ത്ത നോട്ടമെറിഞ്ഞു.

‘‘എന്നാല്‍ എത്രേം പെട്ടെന്ന് ആമയെ കോയമ്പത്തൂരെത്തിക്കണം. ഇത് നമ്മള് വിചാരിച്ച ആമ തന്നെയാ...’’

സത്താര്‍ കട്ടായം പറഞ്ഞു.

‘‘കോയമ്പത്തൂരോ, അവിടംവരെ എങ്ങനെയെത്തിക്കും?’’

നാണുവേട്ടന്‍റെ ശബ്ദത്തില്‍ സംശയം കലര്‍ന്നു.

‘‘എന്‍റെ ഒരു ഫ്രണ്ട് ഷിബു മറ്റന്നാള് കോയമ്പത്തൂര് വരുന്നുണ്ട്. ഓന്‍റെ കൈയില് ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടീലാക്കി പായ്ക്ക് ചെയ്ത് കൊടുത്താ മതി. ആരും അറിയരുത്..!’’

സത്താര്‍.

നോട്ടം

പിറ്റേദിവസം.

പിറ്റേദിവസം രാത്രിയാണ് ആള് മാറി നാണുവേട്ടന് രാഷ്ട്രീയവൈരം മൂലമുള്ള വെട്ടേറ്റത്.

സത്യത്തില്‍ കുട്ട്യാലിക്കയെ ലക്ഷ്യമാക്കിയുള്ള വെട്ടായിരുന്നെങ്കിലും കൊണ്ടത് അയാള്‍ക്കായിരുന്നു. കുട്ട്യാലിക്കയ്ക്കൊപ്പം കല്ലാച്ചേരി പുഴയോട് ചേര്‍ന്നുള്ള പുതുതായി താറിട്ട റോഡിലൂടെ നടക്കുന്നതിനിടയിലാണ് അക്രമിസംഘം ചാടിവീണത്. നാട്ടിലെ മുസ്‍ലിം ലീഗിന്‍റെ പ്രാദേശിക ജോയിന്‍റ് സെക്രട്ടറിയായിരുന്നു കുട്ട്യാലിക്ക. കഴിഞ്ഞാഴ്ച നടന്ന ലീഗിന്‍റെ ബഹുജന റാലിയില്‍ അണികള്‍ക്ക് ചോരാത്ത വീര്യത്തോടെ മുദ്രാവാക്യം വിളിച്ചുകൊടുത്തത് അയാളായിരുന്നു.

അന്നേ, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിനടുത്തെത്തിയപ്പോള്‍ വീര്യം കൂടിയ മുദ്രാവാക്യം കുറച്ചേറെ ഉച്ചത്തില്‍ മുഴക്കിയ ആളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോട്ടമിട്ടിരുന്നു. അതിന്‍റെ രണ്ടാം നാളാണ് നുസ്റത്തുല്‍ ഇസ്‍ലാം മദ്രസക്കടുത്തുള്ള ലീഗിന്‍റെ കൊടിമരം ഇരുട്ടിന്‍റെ മറവില്‍ തകര്‍ക്കപ്പെട്ടത്. പകരം, പിറ്റേന്ന് രാത്രിയില്‍ ശ്രീനാരായണ മഠത്തിനടുത്തുള്ള അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്‍റെ കല്‍രൂപവും നാമാവശേഷമായി.

പതിവുപോലെ അന്നും പഴയകാല കലാലയ ജീവിതത്തിലെ നിറമുള്ള ഓര്‍മകളെ താലോലിച്ചും ഇടയ്ക്ക് കൊമേഴ്സ്യല്‍ ബ്രേക്കിനിടയില്‍ പരസ്യമെന്നപോലെ ആമവിശേഷവും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി നടന്നുവരുന്നതിനിടയിലായിരുന്നു, അക്രമിസംഘം ചാടിവീണത്. ഇരുട്ടില്‍, നിലാവിന്‍റെ പാതിവെളിച്ചത്തില്‍ വീശിയ കൊടുവാള്‍ തലപ്പില്‍നിന്നും കുട്ട്യാലിക്ക തക്കസമയത്ത് ഒരു രാഷ്ട്രീയക്കാരന്‍റെ സ്വതഃസിദ്ധ മെയ്വഴക്കത്തോടെ കുനിഞ്ഞുമാറിയപ്പോള്‍ നാണുവേട്ടന്‍റെ തോളിനാണ് വെട്ടേറ്റത്.

ആദ്യവെട്ടില്‍ തന്നെ ആളുമാറിയ കാര്യം മനസ്സിലായ അങ്കലാപ്പില്‍ അക്രമിസംഘം ആള്‍ക്കൂട്ടം കൂടുന്നതിനു മുമ്പേ, പുഴയിലേക്ക് എടുത്തുചാടി അക്കരക്ക് നീന്താന്‍ തുടങ്ങി. വെട്ടേറ്റ നാണുവേട്ടനെ വേഗം തന്നെ കുട്ട്യാലിക്ക അടുത്തുള്ള പുതുതായി തുറന്ന കടവത്തൂര്‍ മെഡിക്കല്‍ സെന്‍ററിലെത്തിച്ചു. അവിടെനിന്ന് തോളിന് സ്റ്റിച്ചിട്ടതിനു ശേഷം വീട്ടിലും. ചെന്നയുടനെ കല്യാണിയുടെയും ഷിംനയുടെയും കരച്ചിലുകള്‍ക്കും സനീഷന്‍റെ ‘‘ഏത് നായിന്‍റെ മക്കളാണെങ്കിലും തിരിച്ചടിക്കു’’മെന്ന ഭീഷണികള്‍ക്കുമിടയില്‍ അയാള്‍ ചെന്ന് നിന്നത് ആമയുടെ മുന്നിലായിരുന്നു.

നാണുവേട്ടന്‍റെയും ആമയുടെയും നോട്ടങ്ങളിടഞ്ഞു. നിര്‍വചിക്കാനാവാത്ത ഒരു നിര്‍വൃതിയുണ്ടായിരുന്നു ആ നോട്ടത്തിന്.പടച്ചട്ടയണിഞ്ഞ രാജാവും സന്തതസഹചാരിയും ഒരു ട്രോജന്‍ യുദ്ധാനന്തരം പരിക്കേറ്റവര്‍ക്കിടയില്‍നിന്നും വീണ്ടും കണ്ടുമുട്ടുന്ന സമാഗമത്തിന്‍റെ ചൂടും ചൂരും അന്തരീക്ഷത്തില്‍ ഖനീഭവിച്ചു കിടന്നു.

ദ്വാരം

മൂന്നാം ദിവസം കോയമ്പത്തൂരിലേക്ക് ആമയെ കൊണ്ടുപോവാനായി വീട്ടിനു മുന്നില്‍ ഓട്ടോയില്‍ വന്നിറങ്ങിയ ഷിബുവിന്‍റെ ഓരോ ചലനങ്ങളിലും ഒരു കുഴല്‍പ്പണക്കാരന്‍റെ ജാഗരൂകത നിറഞ്ഞുനിന്നിരുന്നു. വീടിന്‍റെ കോളിങ് ബെല്ലടിക്കുന്നതിനു മുമ്പേ, റസ്‍ലിങ് താരം ഹള്‍ക്ക് ഹോഗന്‍ ഗോദയില്‍ നാലുപാടും ചെവിയോര്‍ക്കുന്ന സ്റ്റൈല്‍ ഷിബുവും അനുകരിച്ചു. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന ഭയപ്പാടും സംശയവുമായിരുന്നു ഷിബുവിന്‍റെ മുഖത്ത്. അപ്പോഴേക്കും വീട്ടിനുള്ളില്‍ സനീഷനും കല്യാണിയും കൂടി കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി ആമയെ കൃത്യമായി പായ്ക്ക് ചെയ്ത് വെച്ചിരുന്നു.

വിടപറയാന്‍ നേരം വീട്ടിലുള്ള എല്ലാവര്‍ക്കും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും അമിതഭാരമായിരുന്നുവെങ്കിലും നാണുവേട്ടന്‍റെ ഉള്ളില്‍മാത്രം അതിനുമപ്പുറമുള്ള എന്തൊക്കെയോ വിങ്ങലുകള്‍ കൂടി ചേര്‍ന്ന് ഒരു മലമുഴക്കി വേഴാമ്പലായി ചിറകടിച്ചു. കഴിഞ്ഞ നാലഞ്ചു ദിവസങ്ങള്‍ക്കിടയില്‍തന്നെ അയാളും ആമയും തമ്മില്‍ ഒരുതരം പ്രത്യേക സൗഹൃദവും കരുതലും രൂപപ്പെട്ടിരുന്നു. ആ കരുതല്‍ നിയന്ത്രിക്കാവുന്നതിനുമപ്പുറമായതിനാലാവാം, ആവശ്യമില്ലെങ്കില്‍ കൂടി ഷിബുവിനൊപ്പം ബസ് സ്റ്റാന്‍ഡ് വരെ അയാളും അനുഗമിച്ചത്.

തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍നിന്നും കോയമ്പത്തൂരേക്കുള്ള വണ്ടി യാത്ര തുടങ്ങാന്‍ നേരം, നാണുവേട്ടന്‍ പിന്നിലെ നീളന്‍ സീറ്റിനടുത്തായി വെച്ച കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ കീശയിലെ ലെക്സി പേനകൊണ്ട് ആരും കാണാതെ ഒരു ദ്വാരവുമൊരുക്കി. ശുദ്ധവായു കിട്ടട്ടെ. ഒപ്പം ഈ ദ്വാരത്തിലൂടെ ആമക്ക് തന്നെ കാണാന്‍ കഴിയുമെന്ന വിശ്വാസവുമുണ്ടായിരുന്നു അയാള്‍ക്ക്. അപ്പോഴേക്കും കോയമ്പത്തൂര്‍ ബസ് നീങ്ങിത്തുടങ്ങി.

ഇരുള്‍

വൈകീട്ടോടെ കോയമ്പത്തൂരിലെത്തിയ ഷിബു ആമയെ ഭദ്രമായി സത്താറിനെ ഏൽപിച്ചു. യാത്രയുടെ രഹസ്യസ്വഭാവത്തെക്കുറിച്ച് വാചാലനായിക്കൊണ്ടിരുന്ന ഷിബുവിന്‍റെ വാക്കുകളുടെ പശ്ചാത്തലത്തില്‍ സത്താര്‍ ആദ്യം ചെയ്തത് ആമയുടെ വിരലുകളെണ്ണി നോക്കുകയായിരുന്നു. 20. തൃപ്തനായ മട്ടില്‍ അയാള്‍ ഷിബുവിനോട് പെട്ടെന്ന് തോന്നിയ സ്നേഹത്താല്‍ നഗരത്തിലെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട കസ്തൂരിഭവന്‍ ഹോട്ടലില്‍നിന്നും ആവശ്യമുള്ളത് കഴിച്ചുകൊള്ളാനായി 500 രൂപയുടെ പച്ചനോട്ടെടുത്ത് അവന്‍റെ പോക്കറ്റില്‍ വെച്ചു. ഷിബുവിന്‍റെ ഉള്ളില്‍ പൊടുന്നനെ വിശപ്പും ഒരു ക്വട്ടേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അഭിമാനബോധവും പടര്‍ന്നു. ഷിബു കസ്തൂരിഭവനിലേക്കുള്ള വഴി തെക്കോട്ടും സത്താര്‍ ആമയുടെ വില്‍പന കരാര്‍ ഉറപ്പിച്ച പാണ്ടിയണ്ണാച്ചിയെ തേടി വടക്കോട്ടും നടന്നു.

വടക്കോട്ട് നടന്ന് നടന്ന് പാണ്ടിയണ്ണാച്ചിയുടെ താമസസ്ഥലത്തെത്തിയ സത്താറിനെ വരവേറ്റത് അപ്രതീക്ഷിത കാഴ്ചകളായിരുന്നു. പാണ്ടിയുടെ താമസസ്ഥലം തടിയുറപ്പുള്ള കുറച്ച് പോലീസുകാര്‍ റെയ്ഡ് ചെയ്യുകയാണ്. ചുറ്റുമൊരാള്‍ക്കൂട്ടവും കാഴ്ച കാണാന്‍ നില്‍പ്പുണ്ട്. തലേന്ന് രാത്രി കള്ളപ്പണ വേട്ടയുമായി ബന്ധപ്പെട്ട് പോലീസ് പാണ്ടിയെ അറസ്റ്റ് ചെയ്തിരുന്നുവത്രേ. ഇപ്പോള്‍ തൊണ്ടിമുതല്‍ കണ്ടെടുക്കുകയാണ്. കാഴ്ചക്കാരിലൊരാള്‍ പതിയെ, കൃത്യനിര്‍വഹണക്കാര്‍ക്ക് സംശയം തോന്നിക്കാതെ പറഞ്ഞു. അതോടെ സത്താര്‍ പിന്തിരിഞ്ഞ് കൈയിലെ കാര്‍ഡ് ബോര്‍ഡ് ബോക്സുമായി കൈ നീട്ടുന്നതിനു മുമ്പേ നിര്‍ത്തിയ മക്കള്‍ സെല്‍വന്‍ എന്ന പേരില്‍ വിജയ് സേതുപതിയുടെ ഫോട്ടോയോടു കൂടിയ ഓട്ടോറിക്ഷയില്‍ കയറി എങ്ങോട്ടെന്നില്ലാത്ത ദിശയിലേക്ക് യാത്ര തുടര്‍ന്നു.

പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ സത്താര്‍ ആമയുമായി വില്‍പനാ സാധ്യതകളാരാഞ്ഞ് കോയമ്പത്തൂരിലങ്ങോളം കറങ്ങുകയായിരുന്നു. ഇതിനിടെ പലതവണയും വിവരങ്ങളാരാഞ്ഞ് നാണുവേട്ടന്‍ വിളിക്കുമ്പോഴും ഒന്നുകില്‍ ഫോണെടുക്കാതെയോ അല്ലെങ്കില്‍ ഒന്നോ രണ്ടോ വാക്കുകളില്‍ മറുപടി ഒതുക്കിയോ അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

അവസാനമാണ്, പലരും വഴി അയാള്‍ കോയമ്പത്തൂരുള്ള മറ്റൊരു ഡീലറുടെ അടുത്തെത്തുന്നത്. 80കളിലെ ഹിന്ദി സിനിമകളിലെ സ്ഥിരം വില്ലന്‍ വേഷക്കാരുടെ മട്ടും ഭാവവുമുണ്ടായിരുന്നു ആ ഡീലര്‍ക്കും അയാളുടെ സങ്കേതത്തിനും. സംശയാസ്പദമായ ഏത് നോട്ടങ്ങളേയും വെടിയൊച്ചകള്‍കൊണ്ട് നിശ്ശബ്ദമാക്കാനെന്നവണ്ണം ചുറ്റും സി.സി.ടി.വി കണ്ണുകളുമായി അംഗരക്ഷകക്കൂട്ടം ഉലാത്തി. ഭയപ്പാടോടെയാണെങ്കിലും താനിതെത്ര കണ്ടിരിക്കുന്നെന്ന കൃത്രിമഭാവം മുഖത്ത് നിറച്ച് ധൈര്യം സംഭരിച്ച് ഡീലറുടെ മുന്നില്‍ സത്താര്‍ ഇരിക്കുമ്പോള്‍, അയാള്‍ ആമയെ മുഴുവനായി പരിശോധിക്കുകയായിരുന്നു. ദീര്‍ഘനേരത്തെ പരിശോധനക്കു ശേഷം തലയുയര്‍ത്തി അയാള്‍ സത്താറിന്‍റെ മുഖത്തേക്ക് നോട്ടം നട്ടു.

‘‘ഇതിനെ എവിടുന്ന് കിട്ടിയെന്നാ പറഞ്ഞേ?’’

അയാളുടെ ചോദ്യം.

‘‘നാട്ടീന്ന്... നാട്ടിലത്തെ പൊഴേന്ന്...’’

സത്താര്‍.

‘‘ആ, എന്നാ കേട്ടോ, ഇതിന് പ്രത്യേകിച്ച് വിപണിയൊന്നുമില്ല... ഞങ്ങള്‍ ഉദ്ദേശിച്ച ആമ ഇതല്ല. ഇത് എളുപ്പം തോട്ടിലും പുഴയില്‍നിന്നുമൊക്കെ കിട്ടാവുന്ന തരം ആമയാണ്! സമയം മെനക്കെടുത്താതെ ഇതിനെയും എടുത്ത് പോ. മനുഷ്യനെ മെനക്കെടുത്താനായിട്ട് എറങ്ങിയിരിക്കുന്നു...’’

ഡീലര്‍ എഴുന്നേറ്റ് നിന്ന് കൈവിരലുകള്‍ ചേര്‍ത്ത് വെച്ച് മുകളിലേക്കുയര്‍ത്തി കോട്ടുവായിട്ടു. പൊടുന്നനെ സത്താറിന്‍റെ മുഖത്ത് നിരാശയുടെ ഇരുള്‍ മൂടി. അപ്പോള്‍ വന്ന നാണുവേട്ടന്‍റെ ഫോണ്‍കോള്‍ അയാള്‍ നിര്‍ബന്ധപൂര്‍വം തന്നെ കട്ട് ചെയ്തു.

തിരിച്ചുവരവ്

നാട്ടില്‍ അപ്പോഴും അതൊന്നുമറിയാതെ മനക്കോട്ടകള്‍ കെട്ടി നില്‍ക്കുകയായിരുന്നു നാണുവേട്ടനും കുടുംബവും. പൊടുന്നനെ ഒരു പുത്തന്‍ പണക്കാരനായി മാറുന്ന നാണുവേട്ടനും കുടുംബവും എന്ന സങ്കല്‍പത്തിനു മേല്‍ ഓരോ പുതിയ ചെങ്കല്ലുകളും ചേര്‍ത്ത് വെച്ച് സിമന്‍റ് കൂട്ടി ചിന്തകള്‍ ആകാശത്തോളം തഴച്ചു വളര്‍ന്നു. താഴേക്കിറങ്ങി വരാന്‍ പ്രയാസമാവും വിധത്തില്‍ ആ കോട്ടയില്‍ ആനന്ദനൃത്തമാടി കഴിച്ചുകൂട്ടി, ആ രാത്രിയിലും അവര്‍.

ആ രാത്രി പിന്നെയുമേറെ വളര്‍ന്നപ്പോഴായിരുന്നു, സത്താര്‍ വിളിച്ച് കാര്യം പറഞ്ഞത്.

‘‘ഈ ആമ ഞങ്ങള് ഉദ്ദേശിച്ചതരം ആമയല്ല. ഇത് വെറും സാദാ ആമയാ... നമ്മളധികം കാണാഞ്ഞിട്ടാന്നു മാത്രം.’’

നാണുവേട്ടന്‍ മൗനത്തോടെ ഒരു ലിഫ്റ്റിലെന്നവണ്ണം മനക്കോട്ടയില്‍നിന്ന് താഴേക്ക് നൂഴ്ന്നിറങ്ങി.

‘‘നാണുവേട്ടാ, ഇതിനെ ഇനിയിപ്പോ എന്താ ചെയ്യേണ്ടേ? ഇവിടെത്തന്നെ കളയട്ടേ?’’

സത്താറിന്‍റെ ചോദ്യം മറുതലയ്ക്കല്‍നിന്നും അലയടിച്ചു.

നാണുവേട്ടന്‍റെ മനസ്സില്‍ പതിയെ തിരക്കേറിയ കോയമ്പത്തൂര്‍ റോഡും റോഡിനരികിലെ കുറ്റിക്കാടില്‍നിന്നും പതിയെ റോഡിലേക്ക് പ്രവേശിക്കുന്ന ആമയും ചീറിവരുന്ന നാഷണല്‍ പെര്‍മിറ്റ് ട്രക്കും തെളിഞ്ഞു. ഒരു ദുഃസ്വപ്നമെന്ന മട്ടില്‍ ആ ലോറി ആമയുടെ ദേഹത്തൂടെ കടന്ന് ആന്ധ്ര അതിര്‍ത്തി ലക്ഷ്യമാക്കി കുതിച്ചു.

‘‘വേണ്ട... അതിനെ എനിക്ക് തന്നെ വേണം...’’

നാണുവേട്ടന്‍ ദൃഢനിശ്ചയത്തോടെ പറഞ്ഞു.

‘‘അങ്ങനെയാണേ, ഇന്ന് കോയമ്പത്തൂരില്‍നിന്നും നാട്ടിലേക്ക് വരുന്ന ഷിബുവിന്‍റെ കൈയില്‍ തന്നെ ഞാന്‍ പായ്ക്ക് ചെയ്ത് പറഞ്ഞയക്കാം. നാളെ ഉച്ചയാവുമ്പോഴേക്കും ആമ വീട്ടിലെത്തും.’’

സത്താര്‍ ഫോണ്‍ കട്ട് ചെയ്യുന്നതിനു മുമ്പ് സമ്മതിച്ചു. അതോടെ അന്നു രാത്രി ആര്‍ക്കും ഉറക്കമുണ്ടായിരുന്നില്ല. നെയ്തു കൂട്ടിയ മനക്കോട്ടകള്‍ ഒറ്റയടിക്ക് തകര്‍ന്നടിഞ്ഞതിന്‍റെ വിഷമം മുഴുവനും എല്ലാവര്‍ക്കുമുണ്ടായിരുന്നു. കല്യാണി, സ്ഥിരമായി കാണാറുള്ള കണ്ണീര്‍ സീരിയലിലെ നായിക ഒരു ദിനം പൊടുന്നനെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടതിന്‍റെ ദുഃഖത്തിലെന്നവണ്ണം വരാന്തയുടെ മൂലയിലായി കണ്ണീരൊലിപ്പിച്ചു നിന്നു. സനീഷൻ ചുണ്ടോടെത്തിയ കപ്പ് എതിര്‍ ടീമിന്‍റെ ഇഞ്ചുറി ടൈമിലെ ഗോളില്‍ നഷ്ടപ്പെട്ട മനോവേദനയില്‍ സഹിക്കാനാവാതെ തൊടിയിലേക്ക് നീട്ടിത്തുപ്പി.

ഷിംന പതിവിലും വിപരീതമായി മുറിയുടെ വാതില്‍ നേരത്തേ അടച്ചു. സ്വീകരണമുറിയില്‍ ബാക്കിയായ നാണുവേട്ടന്‍റെ നോട്ടം പാതി തുറന്ന ബാത്റൂമിന്‍റെ അകത്തേക്കായിരുന്നു. അവിടം ഇപ്പോഴും ആമക്കായി ഒരുക്കിയ പുഴസമാനമായ അന്തരീക്ഷം സൂനാമിത്തിരകള്‍ തള്ളിയെത്താതെ നില്‍പ്പുണ്ട്. ആ ദൃശ്യത്തിലേക്ക് തന്നെ നോക്കിനില്‍ക്കവേ, നാണുവേട്ടന്‍റെ മുഖത്ത് പതിവില്ലാത്ത വിധം ഒരു പ്രത്യേകതരം സന്തോഷം പതിയെ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കഴിഞ്ഞ മൂന്നാല് ദിവസമായി ചലനമറ്റു കിടന്ന തന്‍റെ തന്നെ ഒരവയവത്തിനു ചലനശേഷി തിരിച്ചുകിട്ടുന്നതിന്‍റെ ആനന്ദം അയാളില്‍ അങ്കുരിച്ചു.

കഴിഞ്ഞ രാത്രികളില്‍ ഇടക്കിടെ ഞെട്ടിയെണീറ്റ് മൂത്രമൊഴിക്കാനെന്ന വ്യാജേന ആമയെ കുടിയിരുത്തിയ മുറിക്കു മുന്നിലെത്തുമ്പോള്‍ അറിയാതെയെങ്കിലും അയാളുടെ നോട്ടവും ശ്രദ്ധയും ആമ കിടന്നിരുന്ന ഇടത്ത് പതിവിലുമധികം നേരം സ്തംഭിച്ചുനിന്നിരുന്നു.

ഒരുതരം ആത്മബന്ധം നിറഞ്ഞ നോട്ടം.

അതെ, മഡഗാസ്കര്‍ ആമ തിരിച്ചുവരുന്നു.

സ്വീകരണമുറിയിലെ ആ ചാരുകസേരയിലിരുന്ന് തന്നെ അയാള്‍ ആ രാത്രി കഴിച്ചുകൂട്ടി.

ഇതിനിടയില്‍ എപ്പോഴാണ് ഉറക്കത്തിന്‍റെ മൂടുപടം അയാളുടെ കണ്‍പോളകളെ ചേര്‍ത്തൊട്ടിച്ചതെന്നുപോലും അയാള്‍ക്ക് ഓര്‍മയില്ലായിരുന്നു.

കളിപ്പാട്ടം

പിറ്റേന്ന്.

ചാരുകസേരയില്‍നിന്ന് കല്യാണിയുടെ ഉറക്കെയുള്ള നിലവിളി കേട്ട് ഞെട്ടിയെഴുന്നേറ്റ പ്രഭാതത്തില്‍ നാണുവേട്ടനെ അസ്വസ്ഥനാക്കിയ വാര്‍ത്ത ഷിംനയുടെ തിരോധാനമായിരുന്നു. തലേന്ന് രാത്രി പതിവിലും നേരത്തേ മുറിയില്‍ കയറി കുറ്റിയിട്ട ഷിംനക്ക് നേരം വെളുത്തപ്പോള്‍ മുറ്റമടിച്ചു വൃത്തിയാക്കാനും പിന്നെ ആമ കിടന്നിരുന്ന ബാത്റൂം പഴയ സ്ഥിതിയിലാക്കാനുമായി നിര്‍ദേശം നല്‍കാനായി കതകില്‍ ഷിംനയുടെ പേര് വിളിച്ച് കൊട്ടിയതാണ്, കല്യാണി. ആദ്യ കൊട്ടില്‍തന്നെ വാതില്‍ മലര്‍ക്കെ തുറന്നു. മുറിക്കകം പക്ഷേ, ശൂന്യമായിരുന്നു. പിന്നെയും മൂന്നാലു പ്രാവശ്യം ഷിംനേ, ഷിംനേ എന്നിങ്ങനെ നീട്ടിയും കുറുക്കിയും വിളിച്ചതിനുശേഷം അന്വേഷിച്ച് തളര്‍ന്ന കല്യാണി ഉറക്കെ നാണുവേട്ടനെയും സനീഷനേയും നീട്ടി വിളിക്കുകയായിരുന്നു.

 

വീടിനകം, മുമ്പൊരിക്കല്‍ കുറൂളിക്കാവില്‍ ഉത്സവത്തിനു വന്നപ്പോള്‍ വിരണ്ടോടിയ ആന മുങ്ങിയ മൂന്ന് കിണറോളം ആഴമുള്ള പുഴയുടെ മൂല, കീര്‍ത്തി ബേക്കറിയോടു ചേര്‍ന്നു വരുന്ന ബസ് സ്റ്റോപ്പ്, കൂട്ടുകാരികളായ ഷാജിമയുടെയും ഷിജിലയുടെയും വീടുകള്‍, മനേത്ത് വയലില്‍ കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയിരുന്ന സൈക്കിള്‍ യജ്ഞക്കാരുടെ ടെന്‍റുകള്‍ തുടങ്ങി എല്ലായിടത്തും സനീഷനും കൂട്ടുകാരും അന്വേഷണോദ്യോഗസ്ഥരായി ജാഗ്രതയോടെ കയറിയിറങ്ങി. നിരാശയായിരുന്നു ഫലം.

നൈരാശ്യത്തിന്‍റെ വേദന പടിപടിയായി ആ കുടുംബത്തിലേക്ക് മാര്‍ച്ച് ചെയ്തു തുടങ്ങിയപ്പോള്‍, ഏതാണ്ട് ഉച്ചയോടെയാണ് വീടിനു മുന്നില്‍ ഒരു വെളുത്ത അംബാസഡര്‍ കാര്‍ വന്നു നിന്നത്. എല്ലാവരുടെയും ശ്രദ്ധ ഒരു നിമിഷം കാറിലേക്ക് നീളവേ, കാറില്‍നിന്നും നവവധൂവരന്‍മാരായി ഷിംനയും രതിലേഷും പുറത്തിറങ്ങി. ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം കല്യാണിയും സനീഷനും പൊള്ളുന്ന തീപ്പന്തങ്ങളായി ഇരുവരുടെയും അടുത്തേക്ക് ചീറിയടുത്തു. കല്യാണിയുടെ ശാപവാക്കുകള്‍ കരച്ചിലില്‍ മുങ്ങിനിവര്‍ന്നു. സനീഷന്‍ ഒരു ഗുണ്ടാനേതാവിനെ പോലെ രതിലേഷിന്‍റെ കല്യാണവസ്ത്രങ്ങളില്‍ പിടിച്ച് അലറി.

‘‘എടാ നായിന്‍റെ മോനേ, എന്നോട് തന്നെ വേണായിരുന്നോ ഇത്..?’’

രതിലേഷ് കുറ്റബോധത്തോടെ തല താഴ്ത്തുന്നതിനിടയില്‍ ഷിംന പതിയെ നാണുവേട്ടനടുത്തെത്തി.

‘‘അച്ഛാ, ശപിക്കരുത്. അനുഗ്രഹിക്കണം, എനിക്ക് രതിയേട്ടനില്ലാതെ ജീവിക്കാനാവില്ല.’’

അവള്‍ കരഞ്ഞുകൊണ്ട് അയാള്‍ക്കു മുന്നില്‍ നിന്നു.

നാണുവേട്ടന്‍ നിര്‍ന്നിമേഷനായി അവളെത്തന്നെ നോക്കി.

ഷിംന നാണുവേട്ടന്‍റെ കാല്‍ക്കീഴിലേക്ക് അമ്മയുടെയും ആങ്ങളയുടെയും പ്രതിഷേധപ്രകടനങ്ങള്‍ക്കിടയില്‍ അനുഗ്രഹം തേടി വീഴാനൊരുങ്ങിയെങ്കിലും അയാള്‍ കാലുകള്‍ പിന്‍വലിച്ചു.

അതോടെ ഷിംനയുടെ കരച്ചിലിന്‍റെ ആധിക്യം പൂര്‍വാധികം ശക്തി പ്രാപിച്ചു.

ഇതേ സമയംതന്നെയാണ് ഒരു ഓട്ടോ പുറത്തെ റോഡില്‍ വന്നു നിന്നതും അതില്‍നിന്നും കൈയിലൊരു കാര്‍ഡ് ബോര്‍ഡ് പൊതിയുമായി ഷിബു ഇറങ്ങിയതും.

നാണുവേട്ടന്‍റെ നോട്ടം ഒരു നിമിഷം ആ പൊതിയിലേക്ക് നീണ്ടു. ശേഷം അയാള്‍ മറ്റുള്ളവരുടെ തുറിച്ചുനോട്ടങ്ങള്‍ക്കും അലറിക്കരച്ചിലുകള്‍ക്കും ഇടയിലൂടെ വൈകാരികമായി കരഞ്ഞുനില്‍ക്കുന്ന മകളെയും രതിലേഷിനെയും കടന്ന് പതിയെ ഷിബുവിനടുത്തെത്തി ആ പൊതി കൈയോടെ വാങ്ങി. പിന്നെ, റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കപ്പെടുന്ന ഒരു കളിപ്പാട്ടംപോലെ വശങ്ങളിലേക്കൊന്നും നോക്കാതെ, ചുറ്റുമുള്ള സംഭവവികാസങ്ങളൊന്നും തന്നെ ബാധിക്കുന്നേയില്ലെന്ന മുഖഭാവത്തോടെ നേര്‍രേഖയില്‍ വീടിനകത്തേക്ക് നടന്നു കയറി.

എല്ലാവരുടെയും നോട്ടം നാണുവേട്ടന്‍റെ പെട്ടെന്നുള്ള ഭാവമാറ്റത്തില്‍ ആശ്ചര്യഭാവമായി വിരിയുമ്പോള്‍ തന്‍റെ മുറിയുടെ വാതില്‍ കൊട്ടിയടക്കുന്നു, അയാള്‍.

 

സ്വാതന്ത്ര്യം

അന്ന് രാത്രി ആ വീട്ടില്‍ കൂടിയ കുടുംബസദസ്സില്‍ ഷിംനക്ക് പറയാനുണ്ടായിരുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു.

‘‘ഓരോരുത്തര്‍ക്കും അവരവരുടേതായ കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം. ആരെയും കൂട്ടിലിട്ട് വളര്‍ത്തി, പാലും പഴവും സ്നേഹവും യഥേഷ്ടം നല്‍കിയാലും അതൊന്നും സ്വാതന്ത്ര്യത്തിനു പകരമാവില്ലല്ലോ. അവരവരുടെ കാര്യങ്ങള്‍ വരുമ്പോള്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അവരവരില്‍തന്നെ നിക്ഷിപ്തമാണ്. അങ്ങനെയൊരു സ്വാതന്ത്ര്യം ഞാനും രതിയേട്ടനുമെടുത്തു...’’

ഷിംന കണ്ണീരോടെ പറഞ്ഞുനിര്‍ത്തുമ്പോള്‍ നോട്ടം ചെന്നുനിന്നത് നാണുവേട്ടനിലായിരുന്നു. ഈ പ്രാവശ്യം അവള്‍ അയാളുടെ കാല്‍ക്കലേക്ക് അനുഗ്രഹത്തിനായി വീണപ്പോള്‍, എന്തോ അയാള്‍ കാല്‍ മാറ്റിയില്ല. പകരം, പതിയെ, മനസ്സു നിറഞ്ഞു കവിഞ്ഞ ചിന്തകളുടെ ഭാരത്തോടെ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. അപ്പോഴും അയാളുടെ നോട്ടം ആമയെ താമസിപ്പിച്ചിരുന്ന ചിത്രപ്പണികളോടു കൂടിയ ബാത് റൂമിന്‍റെ വാതിലിലായിരുന്നു. ആ മുറിയില്‍ കോയമ്പത്തൂരും ചുറ്റിവന്ന തന്‍റെ സന്തതസഹചാരിയുണ്ട്.

എന്തൊരത്ഭുതമാണത്! കല്ലാച്ചേരിപ്പുഴയില്‍നിന്ന് കൂടെ കൂടിയ ആള്‍ ഇപ്പോള്‍ ബസും കയറി നാടായ നാടൊക്കെയും ചുറ്റി വീണ്ടും തന്‍റെയടുത്ത് തന്നെയെത്തിയിരിക്കുന്നു. ഇതൊരുപക്ഷേ, പൊടിപ്പും തൊങ്ങലുമില്ലാതെ പറഞ്ഞാല്‍പോലും ആരും വിശ്വസിക്കണമെന്നില്ല. ശരിക്കും വിശ്വാസങ്ങള്‍ക്കപ്പുറത്താണല്ലോ ചിലപ്പോള്‍ യാഥാർഥ്യങ്ങള്‍. അല്ലെങ്കില്‍, ഇതുവരെയും തന്‍റെ മുന്നില്‍ അനുസരണയില്ലായ്മയുടെ തരിപോലും പ്രദര്‍ശിപ്പിക്കാതിരുന്ന ഷിംന ഇന്ന് മറ്റൊരാള്‍ക്കൊപ്പം വീടിന്‍റെ പടി കയറുമായിരുന്നോ? ഒന്നോര്‍ത്താല്‍, അവള്‍ പറഞ്ഞതും ശരിയാണ്. സ്വാതന്ത്ര്യം ചിലപ്പോള്‍ ചുറ്റുമുള്ളവരില്‍ നീരസവും വേദനയും നിറക്കുമെങ്കിലും, സ്വാതന്ത്ര്യസമരസേനാനികളുടെ മനസ്സില്‍ നിറക്കുന്ന ആത്മവിശ്വാസത്തിന് എവറസ്റ്റിനോളം ഉയരം കാണും.

അന്ന് അര്‍ധരാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഒരിക്കല്‍കൂടി മൂത്രമൊഴിക്കാനെഴുന്നേറ്റപ്പോള്‍, നാണുവേട്ടന്‍റെ മനസ്സില്‍ ക്വിറ്റ് ഇന്ത്യ സമരവും ഫ്രഞ്ച് വിപ്ലവവും നവോത്ഥാനവും ഒക്ടോബര്‍ വിപ്ലവങ്ങളും മറ്റു സ്വാതന്ത്ര്യസമര ചിന്തകളു​െമല്ലാം പാഠപുസ്തകങ്ങളില്‍നിന്നെന്നപോലെ തെളിഞ്ഞുനിന്നു. വീട്ടിലപ്പോള്‍, സംഭവബഹുലമായ ഒരു ദിവസത്തിന്‍റെ അന്ത്യവും കടംകൊണ്ട് പുതിയ പുലരി സ്വപ്നം കണ്ടുള്ള ഗാഢനിദ്രയിലായിരുന്നു എല്ലാവരും. അയാള്‍ ബാത് റൂമിലെ പാല്‍വെളിച്ചത്തില്‍, ആമയെ അവസാനമായി ഒരിക്കല്‍കൂടി നിർന്നിമേഷം നോക്കിനിന്നതിനു ശേഷം, അതിനേയും എടുത്ത് പതിയെ കല്ലാച്ചേരി പുഴ ലക്ഷ്യമാക്കി നടന്നു.

പുഴക്കരയിലെത്തിയപ്പോള്‍, കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ അയാള്‍ ആമയുടെ മാര്‍ബിള്‍ മേനിയില്‍ അവസാനമായി ഒന്ന് കൂടി തലോടി പതിയെ പുഴയിലേക്ക് തുറന്നുവിട്ടു. ആമയും അന്ധാളിപ്പോടെ ഒരു നിമിഷം തലയുയര്‍ത്തി അയാളെ നോക്കിയതിനു ശേഷം പതിയെ സ്വാതന്ത്ര്യത്തിലേക്ക് ഊളിയിട്ടു. ആ നിലാവുള്ള രാവില്‍, ആ പുഴയുടെ തീരത്ത് പ്രത്യേകിച്ചൊരു പേരും ഇതുവരെയും വീണിട്ടില്ലാത്തൊരു തരം വികാരത്തോടെ നാണുവേട്ടന്‍ തനിച്ചായി.

രത്നച്ചുരുക്കം

എല്ലാ കഥകള്‍ക്കും മനോഹരവും വിധിവൈപരീത്യവുമായൊരു അന്ത്യമുണ്ടാവണമല്ലോ. നമുക്കവയെ നാടകീയമെന്നോ സിനിമാറ്റിക്കെന്നോ പേരിട്ട് വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നാണുവേട്ടന്‍റേയും ആമയുടേയും ജീവിതത്തിലും മനോഹരമായൊരു അന്ത്യമുണ്ടായത് പിറ്റേന്നാണ്.

പിറ്റേന്നത്തെ പ്രഭാതം.

ഉറക്കമുണര്‍ന്ന സനീഷൻ തന്‍റെ ഫോണിലെ ഇന്‍ബോക്സില്‍ നിറഞ്ഞുകവിഞ്ഞ മെസേജുകള്‍ ഓരോന്നായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് പുറത്തുവിടുന്ന സപ്ലൈകോയുടെ റാങ്ക് ലിസ്റ്റില്‍ തന്‍റെ പേരും വരേണ്ടതാണ്, അസിസ്റ്റന്‍റ് മാനേജരായി. ഈ പ്രാവശ്യം ഏറ്റവും നല്ല രീതിയില്‍ എഴുതാന്‍ കഴിഞ്ഞ ചുരുക്കം ചില പി.എസ്.സി പരീക്ഷകളിലൊന്നായിരുന്നു അത്. ഇ-മെയിലില്‍, ഫേസ്ബുക്ക് നോട്ടിഫിക്കേഷനും ട്വിറ്റര്‍ നോട്ടിഫിക്കേഷനുമപ്പുറം ഒരു ഇ-മെയില്‍ ശ്രദ്ധയില്‍പെട്ടത് സനീഷന്‍റെ ഉറക്കച്ചടവുകളെ ദൂരെയെറിഞ്ഞുവെന്ന് തന്നെ പറയാം.

മെസേജ് വന്നിരിക്കുന്നത് മഡഗാസ്കര്‍ മ്യൂസിയത്തില്‍നിന്നാണ്. മെയിലിലെ ആവശ്യമില്ലാത്ത ഔപചാര്യതകളും മറ്റു നീളന്‍ ആംഗലേയ പ്രയോഗങ്ങളുമെല്ലാം മാറ്റിനിര്‍ത്തി, സനീഷനു മനസ്സിലായ രത്നച്ചുരുക്കം ഇതായിരുന്നു.

‘‘നിങ്ങള്‍ അയച്ചുതന്നിരിക്കുന്ന ഫോട്ടോകള്‍ ഞങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ അനുസരിച്ച് മഡഗാസ്കറില്‍ കണ്ടുവരുന്ന പ്രത്യേകതരം ആമയുമായി സാമ്യതയുണ്ട്. ആയതിനാല്‍ ആമയെ എത്രയും പെട്ടെന്ന് ഞങ്ങളുടെ ഇന്ത്യന്‍ പ്രതിനിധിയെ ഏൽപിക്കുക. നാല് കോടിയോളമാണ് ഇതിന്‍റെ അടിസ്ഥാനവില. ഞങ്ങളുടെ പ്രതിനിധിക്ക് നല്‍കുകയാണെങ്കില്‍ ഇതിന്‍റെ പകുതി നിങ്ങള്‍ക്ക് ആമയെ കൈമാറുമ്പോള്‍ നല്‍കുന്നതാണ്.

സ്നേഹപൂര്‍വം,

മഡഗാസ്കര്‍ മ്യൂസിയം.

അമേരിക്ക.’’

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.