‘വേണോങ്കി ചെയ്തിട്ടു പോടാ; വെറുതെ നോക്കി വെള്ളമിറക്കാണ്ട്!’’ ജാനകിയേടത്തി അഖിലിന്റെ അരക്കുത്തിന് പിടിച്ചുലച്ചുകൊണ്ടു പറഞ്ഞു. മറുപടി പറയാൻ കഴിയാതെ അഖിൽ, ഉണങ്ങിയ മരംപോലെ നിന്നു. വേനൽക്കാലത്തെ തുരങ്കംപോലെ തൊണ്ടക്കുഴി വറ്റിയുണങ്ങുന്നത് അവനറിഞ്ഞു. പേടിയാണോ അതോ പറഞ്ഞറിയിക്കാനാവാത്ത മറ്റേതെങ്കിലും വികാരമാണോ തന്നെ നയിക്കുന്നതെന്നറിയാതെ അഖിൽ കുഴങ്ങി. ജാലക തിരശ്ശീലക്കു പിറകിൽനിന്നും രണ്ടു ചോരക്കണ്ണുകൾ മൂവിക്യാമറപോലെ തന്നെ നിരീക്ഷിക്കുന്നതായി അഖിലിനു തോന്നി. വേണ്ടായിരുന്നു, അരുണിന്റെ വാക്കുകളിൽ കുടുങ്ങി ഇവിടെ വരണ്ടായിരുന്നു. ചിലന്തിവലപോലെ തനിക്കു ചുറ്റും അരുൺ നെയ്തെടുത്ത കെണിയാണോ ഇതെന്ന് അഖിൽ സംശയിച്ചു.
തകർത്തു പെയ്യുന്ന മഴയിൽ ആകാശത്തെ പിളർത്തി തലക്കു മുകളിലൂടെ പതിക്കുന്ന ഇടിമിന്നലിന്റെ ഊക്കാണ് ജാനകിയേടത്തിയെന്ന് അരുൺ പറയാറുണ്ട്.
‘‘എന്റെ അഖിലെ, എല്ലാം കഴിഞ്ഞാൽ, വെടിമരുന്ന് പൊട്ടിത്തെറിച്ച നിലം പോലെ ഉടൽ പുകഞ്ഞു തുടങ്ങും. പിന്നീടൊരു തരിപ്പ് മേലാകെ പടരും; എന്റെ മോനെ അതിന്റെ സുഖം, അതു പറഞ്ഞറിയിക്കാനാവില്ലെടാ! ജാനകിയേടത്തിക്കു മാത്രം സമ്മാനിക്കാൻ പറ്റുന്ന നിമിഷങ്ങൾ.’’ ചാനലിന്റെ പ്രാദേശിക ലേഖകനാണെങ്കിലും ഒരു വാർത്താ വായനക്കാരന്റെ ചടുലമായ ഭാവാഭിനയം പ്രകടിപ്പിച്ചായിരുന്നു അരുണിന്റെ ഇൻട്രോ!
പൊന്നംപറമ്പിലെ ഭഗവതിക്കാവിൽ ഉത്സവം, കേളോത്തുകാരുടെ വയൽ അവസാനിക്കുന്നിടത്തുനിന്നും നേരെ കിഴക്ക് മാറിയാണ് കാവ്. വയൽക്കരയിലെ അരയാൽ തറയും കാവിനു മുൻവശത്തെ മൈതാനവും ചെത്തിക്കോരി വൃത്തിയാക്കി അലങ്കരിച്ചിരുന്നു. മൈതാനത്തിന്റെ ഇരു ഭാഗങ്ങളിലുമായി ചന്ത! വർഷത്തിലൊരിക്കൽ മാത്രം വിരുന്നിനെത്തുന്ന ചന്തയിലായിരുന്നു വലിയ തിരക്ക്. ചട്ടിക്കളി നടക്കുന്നിടത്തു പുരുഷൻമാരും വളയും മാലയും വിൽക്കുന്നിടങ്ങളിൽ സ്ത്രീകളും കാവിന്റെ ഇടത് ഭാഗത്തായി നടക്കുന്ന കലാപ്രകടനങ്ങൾക്കു മുന്നിൽ കുട്ടികളും കൂട്ടംകൂടിയിരുന്നു.
ആനപ്പുറത്തിരുന്ന് പൊന്നംപറമ്പ് ഭഗവതി കാവു ചുറ്റാനിറങ്ങിയ സമയം. വാദ്യക്കാരും മുത്തുക്കുടയും വെൺചാമരവും കൈവിളക്ക് ഏന്തിയ ബാല്യക്കാരും ഭഗവതിയുടെ ഒപ്പരം നടന്നു. കൈവിളക്കിലെ വെളിച്ചത്തിൽ ഭഗവതി തിളങ്ങി. പൊന്നംപറമ്പിലെ പ്രമാണിമാർ ഭഗവതിക്കു മുന്നിലായി മേള ലഹരിയിൽ, തങ്ങളെത്തന്നെ മറന്ന് നടന്നു.
ഉത്സവപ്പറമ്പിലെ ലഹരി നുണഞ്ഞ് നടന്നിരുന്ന ബാല്യക്കാരത്തികൾ, വളവിൽക്കുന്ന ചെട്ടിച്ചിയമ്മയുടെ ചുറ്റും കൂട്ടംകൂടി നിന്നിരുന്നു. അവർക്കരികിലായി കുറച്ചു ബാല്യക്കാരും. ബാല്യക്കാർ പെൺകിടാങ്ങളെ സ്പർശിക്കാനായി നടത്തുന്ന ശ്രമങ്ങൾ നോക്കി അരുണൽപം മാറിനിന്നിരുന്നു.
പെട്ടെന്നാണ് അതു സംഭവിച്ചത്. പെൺകുട്ടികൾക്കരികിൽ ചുറ്റിപ്പറ്റി നിന്നിരുന്ന പറമ്പൻ ഭാസ്കരൻ കേളോത്തെ മാലിനിയുടെ മാറിൽ പിടിച്ചമർത്തി. ഓലപ്പീപ്പിയുടെ ഒച്ചയിൽ മാലിനി കരഞ്ഞു. ആകെ ബഹളമായി... തഞ്ചത്തിൽ പിറകിലോട്ട് വലിഞ്ഞ ഭാസ്കരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് ജാനകിയേടത്തി നിന്നു. പിടഞ്ഞുമാറാൻ നോക്കിയ ഭാസ്കരനെ അവർ മേലോട്ടുയർത്തി. കുതറി താഴേക്കു വീണ ഭാസ്കരനെ പൊക്കിയുയർത്തി ഇരുകവിളിലും മാറിമാറി അടിച്ചു. നിലവിളിച്ച ഭാസ്കരന്റെ ശിരസ്സ് തന്റെ കാലുകളകത്തി ഇറുക്കി പൂട്ടി. ആരും പ്രതീക്ഷിച്ചിരുന്നില്ല അവർ അങ്ങനെ ചെയ്യുമെന്ന്. എല്ലാവരും അമ്പരന്നു നിൽക്കേ, ഭാസ്കരൻ ശ്വാസം കിട്ടാതെ കരഞ്ഞു. നിറച്ചുവെച്ച ബലൂണിൽനിന്നും കാറ്റ് പോകുന്ന ഒച്ചപോലെയുള്ള അവന്റെ കരച്ചിലിന്റെ കൂറ്റ് ജനം ആസ്വദിച്ചു. അവർക്കു ചുറ്റും നിമിഷനേരംകൊണ്ട് ആളുകൾ നിറഞ്ഞു. മലവെള്ളം പോലെ ഓടിയെത്തിയ ഭാസ്കരന്റെ അനിയൻ പറമ്പൻ തങ്കൻ, ചേട്ടനെ വിട്ടുകിട്ടാനായി ജാനകിയേടത്തിയുടെ കാൽക്കൽ വീണു കരഞ്ഞു. മനസ്സലിഞ്ഞ ജാനകിയേടത്തി കാലുകളകത്തി അവനെ മോചിപ്പിച്ചു.
‘‘ഇനി ഏതു പെണ്ണിനെയും അവളുടെ അനുവാദമില്ലാതെ ഒരുത്തനും തൊടരുത്. അതു സ്വന്തം കെട്ടിയവളായാലും…’’ ഭാസ്കരന്റെ നടുവിന് ചവിട്ടിക്കൊണ്ട് ജാനകിയേടത്തി തന്റെ നിലപാട് പ്രഖ്യാപിച്ചു.
കുടത്തിനകത്ത് തല പെട്ടുപോയ പട്ടിയെപ്പോലെ മോങ്ങി അവൻ ഓടി; പുല്ലുപോലും മുളക്കാത്ത ഓട്ടം. പെൺകുട്ടികൾ കയ്യടിച്ചു; ആൺകുട്ടികൾ ഒന്നും കാണാത്തതുപോലെ പതിയെ പിറകോട്ട് വലിഞ്ഞു. അരുണിന്റെ വാക്കുകളിൽ അവിശ്വസനീയത തോന്നിയില്ല; അന്നു മുതലാണ് ജാനകിയേടത്തിയെ അറിയാൻ ശ്രമിച്ചു തുടങ്ങിയത്.
പൊന്നംപറമ്പിൽനിന്നും കേളോത്തേക്ക് പോകുന്ന റോഡരികിൽ, ഒരു പ്രേതഭവനംപോലെ ഇരുണ്ടുനിന്നിരുന്ന, സൂപ്രണ്ട്ബംഗ്ലാവിനു മുന്നിലുള്ള സരയു വില്ലയിലായിരുന്നു ജാനകിയേടത്തി താമസിച്ചിരുന്നത്. ബംഗ്ലാവിനു മുന്നിലെന്നപോലെ സരയു വില്ലയുടെ മുന്നിലും തൊപ്പി വെച്ചൊരു കാവൽക്കാരനുണ്ടായിരുന്നു.
‘‘എന്താടാ നിനക്ക് ഇതിനൊന്നിനുമുള്ള കഴിവില്ലെ? അല്ലാ എന്തിനാ നീ വന്നേ? മീൻചട്ടിക്ക് കാവലിരിക്കുന്ന പൂച്ചയെ പോലെ നീയെന്നെ നോക്കി വെള്ളമിറക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയല്ലോ?’’ ഉടുത്തിരുന്ന ചുട്ടിക്കരയൻ മുണ്ടിന്റെ കോന്തല ഒന്നുകൂടി ഉയർത്തി കുത്തി അവർ ചോദിച്ചു.
ഒരുദിവസം ഒരു കസ്റ്റമർ, അതും ജാനകിയേടത്തിക്ക് ബോധിച്ചെങ്കിൽ മാത്രം! അല്ലാതാർക്കും വലിഞ്ഞു കേറി വന്ന് നടത്തിപ്പോകാമെന്ന് കരുതുന്നുണ്ടെങ്കിൽ അതിനുള്ള വെള്ളം അങ്ങു വാങ്ങിവെയ്ക്കണം! ഒരിക്കൽ അരുണിന്റെ കൊങ്ങയ്ക്കു പിടിച്ച് അവർ പറഞ്ഞിരുന്നു… എന്നാലും അരുണിനോട് പ്രത്യേക അടുപ്പം അവർ സൂക്ഷിക്കുന്നതായി അവൻ അവകാശപ്പെട്ടിരുന്നു. ഇവിടെയും അരുൺ തന്നെയാണ് ഇടനിലക്കാരൻ… അവന്റെ നിരവധി നാളത്തെ പരിശ്രമത്തിനൊടുവിലാണ് ഒരപ്പോയ്മെന്റ് സാധ്യമായത്. അവരങ്ങനെയാണ്;
‘‘എന്റെ സാമ്രാജ്യമാണ് എന്റെ ഉടൽ... അതങ്ങനെ പോകുന്നവനും വരുന്നവനുമായി തുറന്നുകിട്ടത്തില്ല. എനിക്കു കൂടി തോന്നണം. രതി അതിരുകളില്ലാത്ത ആഗ്രഹത്തിന്റെ സംയോജനമാണ്. ഉടലുകളിൽ നക്ഷത്രങ്ങൾ വിരിയുമ്പോഴേ അതിനു പൂർണതയുണ്ടാകൂ.’’ അതായിരുന്നു ജാനകിയേടത്തിയുടെ മാനിഫെസ്റ്റോ. ഇടിച്ചു കുത്തി പെയ്യുന്ന യുവതയുടെ ഉടലിലായിരുന്നു അവർ രതിയുടെ പൂക്കൾ തുന്നിയത്. നാൽപതു വയസ്സിനു മുകളിലുള്ളവരെ അവർ പൂർണമായും അവഗണിച്ചിരുന്നു.
ഇവിടേക്ക് പുറപ്പെടുംമുന്നേ ചില മുന്നൊരുക്കങ്ങൾ നടത്താൻ അരുൺ പറഞ്ഞിരുന്നു. സ്ത്രീകളെ അറിയുന്നത് ആദ്യമായിട്ടൊന്നുമല്ല; പക്ഷേ എന്തോ ജാനകിയേടത്തിയുടെ മുന്നിൽ..!
ചുവപ്പുനിറത്തിലുള്ള ബ്ലൗസ്; അതും, റ്റു ബൈ റ്റുവിന്റെ തുണികൊണ്ട് തയ്ച്ചത്. വളരെ നേരിയ തുണിയായതിനാൽ തന്നെ അകത്തിട്ടിരിക്കുന്നത് പുറത്തേക്ക് എടുത്തു കാണുന്നുണ്ടായിരുന്നെങ്കിലും കൂടുതൽ സമയം അവിടേക്കു നോക്കാൻ അഖിലിനു കഴിഞ്ഞില്ല.
‘‘നിനക്കു പേടിയുണ്ടോ? ആദ്യമായിട്ടാണോടാ?… ചില്ലയിൽനിന്നും ഇലയടരുന്നപോലെ ചോദ്യങ്ങൾ വീണുകൊണ്ടിരുന്നു.
‘‘തൽക്കാലം നീ ഇവിടെയിരിക്ക്…’’ അവർ അഖിലിനെ കട്ടിലിൽ പിടിച്ചിരുത്തി.
അഖിൽ ശ്രദ്ധിക്കുകയായിരുന്നു. എന്തൊരു സെറ്റപ്പാണാ മുറിക്ക്. ഭിത്തിയിൽ ഒരു ഭാഗത്തു മാത്രം പച്ചക്കളർ കട്ടിയിൽ അടിച്ചിട്ടുണ്ട്. അവിടെ ഗോപികമാരുടെ വസ്ത്രാക്ഷേപം നടത്തുന്ന കണ്ണന്റെ ചിത്രം തൂക്കിയിട്ടുണ്ട്. ആകാശനീലയായിരുന്നു മറ്റു ഭാഗങ്ങളിൽ ഭിത്തിയുടെ നിറം. ജാലകങ്ങളിൽ വെൽവെറ്റിന്റെ കർട്ടൻ. ഫാനിന്റെ സ്പീഡിൽ അവ ഇളകുമ്പോൾ കടലോർമ വരും.
പതുപതുത്ത മെത്ത. വിലകൂടിയ വിരി. മൂന്നാല് ഉരുളൻ തലയിണകൾ! കട്ടിലിന്റെ സമീപത്തായി ഒരു ചെറിയ ഫ്രിഡ്ജ്. ഒരു ടീപ്പോ.
‘‘നിന്നെയെനിക്ക് പറഞ്ഞുവിടാൻ മനസ്സു വരുന്നില്ല. എന്തോ എനിക്കിഷ്ടമായി… നിനക്കു ഞാനൽപ്പം ധൈര്യവും വീര്യവും തരട്ടെ…’’
അധ്യാപികയുടെ മുന്നിലിരിക്കുന്ന ഒന്നാം ക്ലാസുകാരനെ പോലെ; പേടിയോടെ അഖിൽ തലയാട്ടി.
ഫ്രിഡ്ജ് തുറന്ന് വിദേശമദ്യത്തിന്റെ ഒരു കുപ്പിയെടുത്ത് അവർ പതുക്കനെ പൊട്ടിച്ചു. പ്രൊഫഷണലിസം അല്ല ഒരു തറവാടിത്തം അവരുടെ പ്രവൃത്തിയിൽ നിഴലിച്ചിരുന്നു.
‘‘കുടിക്കെടാ…’’ ചില്ലുഗ്ലാസിൽ നുരഞ്ഞു പതഞ്ഞ ചുവന്ന ദ്രാവകം അവർ അഖിലിനു നേർക്കു നീട്ടി. വൈദ്യുതിവിളക്കിലെ പ്രകാശം അവയിൽ പുതിയ പുതിയ ചിത്രങ്ങൾ എഴുതുന്നതായി തോന്നി. മറ്റൊരു ഗ്ലാസുമായി അവരവന്റെ അരികിൽ ഇരുന്നു.
‘‘നിന്നെ എന്തോ അലട്ടുന്നുണ്ടല്ലോ? എന്നോടെന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ?’’
‘‘അതിപ്പോ…’’
ജാനകിയേടത്തിയെ പേടിയാണോ അതോ ആരാധനയാേണാ എന്ന കാര്യം അഖിലിനുറപ്പിക്കാനായില്ല.
പോലീസ് സൂപ്രണ്ടായി വിരമിച്ച രാമൻമേനോന്റെ മൂത്തമകൻ അഡ്വക്കേറ്റ് ഭരതന്റെ ഭാര്യയായിരുന്നു അവർ. എന്തോ ചില കുടുംബ പ്രശ്നങ്ങൾ കാരണം അവർ അവിടന്ന് ഇറങ്ങിവന്ന കഥയൊക്കെ അരുൺ പറഞ്ഞറിഞ്ഞിരുന്നു.
പക്ഷേ, രാമൻ മേനോന്റെ ബംഗ്ലാവിനു മുന്നിൽ തന്നെ താമസിക്കാനും ഈ തൊഴിൽ ചെയ്യാനും എന്തായിരിക്കാം കാരണം. അവനിലെ എഴുത്തുകാരൻ അല്ല പത്രപ്രവർത്തകൻ കുറെ നാളായി ചോദിച്ചുകൊണ്ടിരുന്ന ചോദ്യമായിരുന്നു അത്.
‘‘അപ്പോൾ നിനക്കെന്റെ കഥയറിയണം... ഇവിടെത്തന്നെ താമസിക്കുന്നതെന്തിനെന്നറിയണം. ഞാനെന്തിന് ശരീരം വിൽക്കുന്നതെന്നറിയണം. എന്നിട്ട് നിനക്കത് വിറ്റു കാശാക്കണം… അല്ലേടാ… നീയും ആ വിഡ്ഡിയുടെ വഴിയെത്തന്നെയാണല്ലെ? എടാ, നിങ്ങൾ എത്ര തന്നെ കള്ളങ്ങൾ പ്രചരിപ്പിച്ചാലും ഒരുനാൾ, ഒരു നാൾ അതൊക്കെ കൊടുങ്കാറ്റിനു മുന്നിൽ അകപ്പെട്ട കരിയിലക്കൂട്ടംപോലെ പറന്നുപോകും.’’ പള്ളിവാളും കാൽച്ചിലമ്പുമണിഞ്ഞ് ഉറഞ്ഞാടുന്ന കൊടുങ്ങല്ലൂരമ്മയാണ് മുന്നിൽ നിൽക്കുന്നത്! ആഴക്കടലിൽ വലയെറിഞ്ഞ് കൊതിയോടെ നിൽക്കുന്ന നേരം അപ്രതീക്ഷിത കടൽക്കോളിൽ ഉലഞ്ഞുപോയ തോണിക്കാരനെപ്പോലെ തകർന്നുപോയി അഖിൽ!
എന്താണ് പറയേണ്ടുന്നതെന്നറിയാതെ, ക്ലാസ് മുയിൽനിന്നും പുറത്താക്കപ്പെട്ട കുട്ടിയെപ്പോലെ അഖിൽ നിന്നു.
കയ്യിലിരുന്ന മദ്യം ഒറ്റവലിക്ക് കുടിച്ച് അവർ വീണ്ടും നിറച്ചു.
‘‘കഥ… കഥ…!! ജീവിതത്തെ എങ്ങിനെയാടാ കഥയാക്കി മാറ്റാൻ പറ്റുക. എത്രതന്നെ ശ്രമിച്ചാലും പൊള്ളിയടർന്ന മനസ്സിനെ നിനക്ക് പൂർവസ്ഥിതിയിലാക്കാനാകുമോ? അല്ലെങ്കിലും നിന്റെയൊക്കെ കണ്ണിൽ വേശ്യയായ എനിക്ക് എന്ത് ജീവിതം അല്ലേ? പക്ഷേ ഓരോ മനുഷ്യന്റെ ഉള്ളിലും മനസ്സെന്നൊരു മാന്ത്രികക്കുതിര ചാഞ്ചാടി നിൽക്കുന്ന കാര്യം നീയൊക്കെ മറന്നു.’’
അവരുടെ ഉള്ളൽപം ശാന്തമായതുപോലെ അഖിലിനു തോന്നി. ഗ്ലാസിലെ മദ്യം ഒറ്റ വീർപ്പിന് കുടിച്ച് അവൻ ചിരിച്ചു.
അവർ വീണ്ടും കട്ടിലിലിരുന്നു.
‘‘നീ കേട്ടിട്ടുണ്ടാകും രാമൻ മേനോനെന്ന പോലീസുകാരനെക്കുറിച്ച്. വെറും പോലീസായിരുന്നു അയാൾ; ഒരിക്കൽപോലും മനുഷ്യനാകാൻ ശ്രമിക്കാതിരുന്നയാൾ. രാമായണത്തിൽ പറയുന്നില്ലെ; ‘അവളെപ്പേടിച്ചാരും നേർ വഴി നടപ്പീല’, എന്ന് അതുപോലെത്തന്നെയായിരുന്നു ഞങ്ങളുടെ ഗ്രാമത്തിലെ പെൺകുട്ടികളും. അയാളുടെ കണ്ണിൽനിന്നും ഒളിച്ചുനടക്കുക എന്നതായിരുന്നു അക്കാലത്തെ ഞങ്ങളുടെ പ്രധാന ജോലി. മുതിർന്ന മക്കളും തങ്കം പോലുള്ള ഭാര്യയും അയാൾക്കുണ്ടായിരുന്നുവെങ്കിലും നായാട്ട് തന്നെയായിരുന്നു അയാളുടെ പ്രധാന വിനോദം.
പാവമായിരുന്നു ശാരദാമ്മ. ഭർത്താവിന്റെ കാൽക്കീഴിൽ ചുരുണ്ടുകൂടി, ജീവിതം അഭിനയിച്ചു ഫലിപ്പിക്കാനാവാതെ കരഞ്ഞു കരഞ്ഞില്ലാതാകുന്ന നാട്ടിൻപുറത്തുകാരി സ്ത്രീ! ഭരതനെ പ്രസവിച്ചതോടുകൂടി ചുരയ്ക്കാതോടുപോലെ ഉണങ്ങിപ്പോയിരുന്നു അവർ..! അവരുടെ മുന്നിൽ വെച്ചും പരസ്ത്രീകളുമായി ഇണചേരുകയെന്നത് മേനോനൊരു ഹരമായിരുന്നു!
ഒരു ന്യൂ ഇയറിനു തലേന്ന് ശാരദാമ്മയെ കാണാതായി. ഏതോ ഒരു തമിഴന്റെ കൂടെ ഒളിച്ചോടിപ്പോയെന്നാണ് നാടു കേട്ടത്. അതല്ല അയാൾ ചവിട്ടിക്കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പിന്നാമ്പുറവും പറഞ്ഞെങ്കിലും സത്യം ചാരം മൂടിക്കിടന്നു. അതിനുശേഷം പകലെന്നോ രാത്രിയെന്നോ ഇല്ലാതെ അയാൾ ഇരപിടിക്കാനിറങ്ങി.
എന്റെ കഷ്ടകാലത്തിന് ഒരിക്കൽ അപ്രതീക്ഷിതമായി ഞാനയാളുടെ മുന്നിൽ പെട്ടു പോയി. ബാത്തൂർ വയലിനു കരയിലായിരുന്നു ഞങ്ങളുടെ വീട്. വാഴുന്നോരുടെ കാര്യസ്ഥപ്പണിയായിരുന്നു അച്ഛന്. ആസ്ത്മ രോഗിയായിരുന്ന അമ്മയുടെ ശ്വാസം വലി വയൽക്കര വരെ കേൾക്കാം... വീട്ടിലെന്നും വൈകിമാത്രം വരുന്നൊരാളായി അച്ഛൻ മാറിയിരുന്നു. ഞാനായിരുന്നു മൂത്തത്. എനിക്ക് താഴെ മൂന്നു പെൺകുട്ടികൾ. വീട്ടിലെ ജോലികളും പുറംപണികളും ഞാൻ തന്നെ ചെയ്യണം. പിന്നെ മൂന്നാലു കാലികൾ. കറക്കണം. കരക്ക വൃത്തിയാക്കണം. തോലരിയണം. കാലികളെ കുളിപ്പിക്കണം. ഇളയവർ പഠിക്കുകയാണ്. പത്തിലെ തോൽവിക്കു ശേഷം ഞാൻ പിന്നെ ആ വഴിക്ക് പോയില്ല.
സന്ധ്യയായി അന്നത്തെ ജോലികൾ തീരുമ്പോൾ. ഒന്ന് ഓടിച്ചെന്ന് മുങ്ങിവരാമെന്ന് കരുതിയാണ് പോയത്. ആരോ നഞ്ചുകലക്കി മീൻ പിടിച്ചതുമൂലം വെള്ളം കലങ്ങിയിരുന്നു. അൽപം മുകളിലായി ഒരു നടപ്പാലമുണ്ട്. അതിനു താഴെ മുങ്ങിക്കുളിക്കാനുള്ള വെള്ളമുണ്ടാകും. അങ്ങോട്ടു നടന്നു. മഞ്ഞുവീഴാൻ തുടങ്ങിയിരുന്നു. കുപ്പായമില്ലാതിടങ്ങളിൽ തണുപ്പ് ഉമ്മവെച്ചു കളിച്ചു. തുണികൾ കുത്തിപ്പിഴിഞ്ഞ് ഏർന്നൊരു കല്ലിൻമേൽ വെച്ചു. ലോങ് ബ്ലൗസ് അഴിച്ചപ്പോൾ സ്വതന്ത്രരായ മുലകളെ തോർത്ത് കൊണ്ടു കുണ്ടാച്ചി കെട്ടി അടക്കി നിർത്തി. പാവാട അൽപം ഉയർത്തിക്കെട്ടി കാലുരച്ചു കഴുകുന്ന നേരമാണ് നടപ്പാലത്തിനു കീഴെനിന്ന് ഒരാൾ ടോർച്ചടിച്ചത്. ടോർച്ചിന്റെ വെളിച്ചം കണ്ണുകളിൽ ഇരുട്ട് നിറച്ചെങ്കിലും എന്റെ ശരീരത്തെ വെളിച്ചപ്പെടുത്തുമെന്ന ബോധത്തിൽ ഞാൻ ഉച്ചത്തിൽ കാറി. പെട്ടെന്ന് മൂന്നാലു ടോർച്ചു വെളിച്ചങ്ങൾ എന്റെ ഉടലിനെ പൊതിഞ്ഞു.
‘‘ഏത് നായിന്റെ മോനാടാ അത്?’’ വെള്ളം നിറഞ്ഞ കുഴിയിലേക്ക് കൂപ്പുകുത്തുമ്പോൾ എന്റെയുള്ളിൽനിന്നുമാ ചോദ്യം പുറത്തേക്ക് തെറിച്ചിരുന്നു.
നേർത്ത ഇരുട്ടിൽ പ്രേതങ്ങളെപ്പോലെ നിൽക്കുന്ന നാലുപേരെയും എനിക്ക് തിരിഞ്ഞു.
‘‘നയിനാറെ ഇത് നമ്മളെ കോമൻ നായറെ മോള് ജാനു…’’ രാമൻ മേനോന്റെ ചൂട്ടുകറ്റയായിരുന്ന മൊടന്തൻ കിട്ടന്റെ കൂറ്റ് തിരിഞ്ഞതും അവരാരാണെന്ന് ഞാൻ ഉറപ്പിച്ചു.
മേനോനും ശിങ്കിടികളും… നായാട്ടിനിറങ്ങിയതാകും തെണ്ടികൾ… ത്ഫൂ… ഞാൻ കാർക്കിച്ചു തുപ്പി. കഫം വെള്ളത്തിനു മുകളിലൂടെ നീങ്ങുന്നത് ടോർച്ചു വെളിച്ചത്തിൽ തെളിഞ്ഞു കണ്ടു.
പിറ്റേന്ന് മൊടന്തൻ വീട്ടിൽ വന്നു. ആദ്യം വെച്ചു നീട്ടിയത് വീട്ടുജോലിക്കാരിയുടെ സ്ഥാനമാണെങ്കിൽ പിന്നീട് മകന്റെ ഭാര്യ പദവി വരെ അത് നീണ്ടു.
‘‘ബക്കീല് പണി പടിച്ചിന് കുഞ്ഞി’’, മൊടന്തൻ മുറുക്കാൻ കറ പടർന്ന പല്ലുകാട്ടി ചിരിച്ചു.
വക്കീൽ പണി! കോടതി കാണാത്ത വക്കീൽ! ഒന്നിനും കൊള്ളാത്തൊരുവൻ! താമരയെന്നാണ് നാട്ടുകാർ വിളിക്കുന്ന പേര് . അമ്മകൂടി പോയതോടുകൂടി കുത്തായപ്പുരയിൽനിന്നും ഇറങ്ങാതായി അയാൾ.
എല്ലാം തിരസ്കരിച്ചു. പക്ഷേ, മേനോൻ പിന്തിരിഞ്ഞില്ല.
ഉന്മാദത്തിന്റെ നേർത്ത നൂലിലൂടെ സഞ്ചരിച്ചിട്ടുണ്ടാ നീ? സകലതും മറന്ന് സഞ്ചരിക്കുന്നവരെ കണ്ടിട്ടുണ്ടോ? ഞാൻ സാക്ഷിയായിട്ടുണ്ട് ! അച്ഛനെന്ന സ്വപ്നത്തിന്റെ നിറങ്ങൾ മായുന്നത് കണ്ട് തകർന്നുപോയിട്ടുണ്ട്! തളർന്നുപോയ അമ്മയുടെ ഉടൽ അച്ഛനെ വിഷാദിയാക്കിയതുപോലെ പണം ഉന്മാദിയാക്കി.
അച്ഛനും മേനോനും തമ്മിലുള്ള കരാറിൽ വാഴുന്നോർ ഇടനിലക്കാരനായി. ചില സുഖമുള്ള ഉടലുകൾ കൈമാറ്റം ചെയ്യപ്പെട്ടു. ഒരു സന്ധ്യയിൽ നേരത്തേ വീട്ടിലേക്ക് കയറിവന്ന അച്ഛൻ ആഹ്ലാദവാനായിരുന്നു. മകളുടെ വിവാഹം എന്ന കടമ്പ മറികടന്ന ധാർമികനായിരുന്നു. തൊട്ടുതാഴെയുള്ള പെൺമക്കളുടെ രക്ഷകനായിരുന്നു.
എന്റെ എതിർപ്പ് ജലരേഖയായി! ഞാൻ, രാമൻ മേനോന്റെ മകൻ ഭരതന്റെ ഭാര്യയായി വൈകുണ്ഠത്തിലേക്ക് കടന്നുചെന്നു. തോഴികൾ പുതുപ്പെണ്ണിനെ അണിയിച്ചൊരുക്കി പാലും നൽകി മണിയറയിലേക്ക് തള്ളിവിട്ടു. പിറകിൽ വാതിലടഞ്ഞു.
അന്നെന്റെ ജീവിതത്തിന്റെ വാതിലും അടഞ്ഞു. എന്റെ വസ്ത്രങ്ങൾ വലിച്ചഴിച്ചു; രാമൻ മേനോൻ എന്നെ കട്ടിലിൽ കെട്ടിയിട്ടു. വായിലേക്ക് മദ്യക്കുപ്പി കമഴ്ത്തി. ഞാൻ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ അയാൾ ആർത്തു ചിരിച്ചു. കിട്ടിയ ഒരിടവേളയിൽ വായിലെ മദ്യം അയാളുടെ മുഖത്തേക്ക് തുപ്പി. എന്റെ ഇരുകവിളിലും അയാൾ മാറി മാറി അടിച്ചു. സിഗരറ്റ് കുത്തി ദേഹം മുഴുവനും പൊള്ളിച്ചു. പുകയുന്ന മുറിക്കൊള്ളിപോലെ അയാൾ എന്നിലേക്ക് ആഴ്ന്നിറങ്ങി. അയാളിലെ പക ഒടുങ്ങുംവരെ അതു തുടർന്നു. ഒടുക്കം ബോധം നഷ്ടപ്പെട്ട് കൈക്കില പോലെ ഞാനാ മുറിയിൽ…
എന്റെ കഴുത്തിൽ താലി കെട്ടിയവൻ മദ്യപിച്ച് ബോധമില്ലാതെ വരാന്തയിൽ കിടക്കുന്നുണ്ടായിരുന്നു.
വീട്ടിലേക്ക് പോകാൻ പോയിട്ട് പുറംലോകം കാണാൻപോലും അനുവാദമുണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യാൻ പലവട്ടം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നെ പിന്തുടർന്ന് നിരവധി കണ്ണുകൾ ആ ബംഗ്ലാവിൽ ഉറങ്ങാതുണ്ടായിരുന്നു.
മാസത്തിൽ തീണ്ടാരിയാകുമ്പോൾ മാത്രം വിശ്രമമുള്ള ഒരു മെഷിനായി ഞാൻ മാറി!!
മൂന്നാലു മാസം കഴിഞ്ഞപ്പോൾ എനിക്ക് കുളിതെറ്റി. പക്ഷേ ആ കുരുന്നിനെ എന്റെ വയറ്റിൽ വളരാൻ രാമൻ മേനോൻ സമ്മതിച്ചില്ല. വയറ്റാട്ടി കല്യാണി എനിക്ക് നഞ്ച് കലക്കിത്തന്നു. പിന്നെയതൊരു പതിവായി. എന്നും അയാളുടെ കാലിന്നടിയിൽ കിടക്കാൻ വിധിക്കപ്പെട്ട മൃഗമായി ഞാൻ മാറി. എനിക്ക് എന്നോട് തന്നെ അറപ്പു തോന്നിയ ദിവസങ്ങൾ. എനിക്കയാളോട് പ്രതികാരംചെയ്യണമായിരുന്നു. പക്ഷേ എങ്ങനെ? ലോകം മുഴുവൻ പറയുന്ന ഒരു വാക്കുണ്ടല്ലോ, നീ വെറും പെണ്ണ്!
നിനക്ക് കുഞ്ഞുങ്ങളെ പോറ്റിവളർത്താൻ മാത്രമേ അധികാരമുള്ളൂ; അവിടെ മാത്രമേ നിന്നെ ഞങ്ങൾ അംഗീകരിക്കയുള്ളൂ എന്ന ആൺകോയ്മയുടെ ധാർഷ്ട്യം. ഇവിടെ അതും നിഷേധിക്കപ്പെട്ട് തികച്ചും പെണ്ണായിപ്പോയല്ലോ ഞാൻ; ന്റെ നെരോത്ത് പോതി നീയും പെണ്ണല്ലെ ഒരു വഴി കാണിച്ചു തന്നൂടെ നിനക്ക്. വെറുതെയെന്നറിഞ്ഞിട്ടും ഞാൻ പ്രാർഥിച്ചു. അല്ലെങ്കിലും പ്രാർഥനകൾക്കെന്ത് ഫലം! ദൈവമെന്നത് വെറും മിഥ്യയല്ലെ? അല്ലെങ്കിൽ ഒരു കുറ്റവും ചെയ്യാത്ത ഞാൻ ഇന്നീ ശിക്ഷ അനുഭവിക്കണമായിരുന്നോ? എന്റെ കണ്ണുകളിൽനിന്നും കണ്ണീരു വരാതായി. ചൂടാവി മാത്രം പുറപ്പെടുവിക്കുന്ന വെറുമൊരു കുഴിയായി അതു മാറി.
വയറ്റാട്ടി കല്യാണി മൂന്നാം വട്ടവും നഞ്ച്കലക്കിത്തന്ന ഒരു സന്ധ്യയ്ക്ക്, കല്യാണം കഴിഞ്ഞതിനു ശേഷം എന്നെ അച്ചിൾപ്പശപോലെ പൊതിഞ്ഞിരുന്ന ലജ്ജയെ തുടച്ചുകളഞ്ഞ് ആദ്യമായി ഞാനയാളുടെ, എന്നെ താലി കെട്ടിയ പുരുഷന്റെ മുറിയിലേക്ക് കയറിച്ചെന്നു. കട്ടിലിൽ നീണ്ട് നിവർന്നു കിടന്നുറങ്ങുകയാണ് അയാൾ. സിനിമയിൽ കാണിക്കുന്ന മദ്യശാല പോലെ മുറിയാകെ അലങ്കോലപ്പെട്ടു കിടക്കുകയാണ്. ഒരു മൂലയിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ, എച്ചിൽ പാത്രങ്ങൾ, ഊരിയെറിഞ്ഞ വസ്ത്രങ്ങൾ, സിഗരറ്റ് കുറ്റികൾ. കിഴക്കുഭാഗത്തെ ജനാലയിലൂടെ എത്തി നോക്കിയിരുന്ന സൂര്യനെ വക്കീൽ ഗൗൺ ഉപയോഗിച്ച് മറച്ചിരുന്നു. ഒരലമാര നിറയെ വിവിധയിനം മദ്യ കുപ്പികൾ ഭംഗിയായി അടുക്കിവെച്ചിട്ടുണ്ട്! എന്റെ മന്ത്രകോടിയും മറ്റ് വസ്ത്രങ്ങളും സൂക്ഷിക്കേണ്ടിയിരുന്ന ഇടം. എത്ര ശ്രമിച്ചിട്ടും തേങ്ങൽ അടക്കാനായില്ല!
ഒച്ച കേട്ട് അയാൾ കൺതുറന്നു. എന്നെ കുറച്ചു സമയം നോക്കി. മിന്നലേറ്റപോലെ ഉരുണ്ട് പെരണ്ട് എഴുന്നേറ്റു.
‘‘എളേമ്മേ…!, എന്തെ ഈട…?’’ അയാളുടെ പരിഹാസ ചിരിയിൽനിന്നും പുറത്തേക്കിറങ്ങിയ ചോദ്യത്തിലെ പഴുതാര എന്നെ കടിച്ചു. നീറ്റൽ മൂർധാവിലേക്ക് പടർന്നു. നിട്ടപ്രാണം വന്ന കരച്ചിൽ തോർത്തുമുണ്ട് കടിച്ചു പിടിച്ച് തടഞ്ഞുനിർത്തി. ഞാൻ പിന്തിരിഞ്ഞു നടന്നു.
‘‘നിക്ക് ...’’
അയാൾ തലയണക്കടിയിൽനിന്നും വെള്ളിപ്പിടിയുള്ള പിശാങ്കത്തി എന്റെയരികിലേക്ക് വലിച്ചെറിഞ്ഞു. ജീവിതവും മരണവും ഇടകലർന്നപോലെ...
ഇരുതല മൂർച്ചയുള്ള കത്തി! എന്റെ തലക്കുള്ളിൽ മൂളി പറന്നിരുന്ന കൂറ്റൻ വണ്ടുകൾ പറന്നൊഴിഞ്ഞു. ഞാൻ അടിമുടി തണുത്തു!
പിന്നെയും എനിക്ക് കുളി തെറ്റി. പക്ഷേ ഞാൻ തീണ്ടാരിപ്പുരയിൽ ഏഴു ദിവസം കഴിഞ്ഞു. ഏഴാംനാൾ കുളിച്ചുവന്ന എന്നെ അയാൾ ബലമായി അറയിലേക്ക് കയറ്റി. എന്റെ കുഞ്ഞിനെ എനിക്ക് രക്ഷിക്കണമായിരുന്നു. ഞാൻ അയാൾക്ക് വഴങ്ങുന്നതായി അഭിനയിച്ചു. അയാളെ ചൂടുപിടിപ്പിക്കാൻ ചില വിദ്യകൾ ചെയ്തു. എന്റെ മനംമാറ്റത്തിൽ രാമൻ മേനോൻ സന്തോഷിക്കുന്നതായി എനിക്ക് മനസ്സിലായി. ആദ്യമായി ബലപ്രയോഗമില്ലാതെ രതി നടക്കുമെന്ന വിശ്വാസം അയാളെ ഉന്മത്തനാക്കി. എനിക്കതു മതിയായിരുന്നു; ആനന്ദത്തിന്റെ കൊടുമുടി സ്വപ്നം കണ്ട് നിന്ന അയാളുടെ പുരുഷത്വം ഭരതൻ സമ്മാനിച്ച കത്തികൊണ്ട് ഞാൻ ചെത്തിയെടുത്തു.
മേനോനേറ്റ ആദ്യത്തെ അടി!!
അലറിക്കരഞ്ഞ മേനോന്റെ ചവിട്ടേറ്റ് ഞാൻ കട്ടിലിൽനിന്നും താഴേക്ക് തെറിച്ചു വീണു. ന്റെ ഭഗവതി എന്റെ കുഞ്ഞ് ! അയാൾക്കു ചുറ്റും ചോര പൂക്കുറ്റിപോലെ ചിതറിത്തെറിക്കുന്നത് കണ്ട് ഞാൻ പതുക്കെ എഴുന്നേറ്റു.
ആശുപത്രിയിൽനിന്നും വന്നയുടനെ അയാൾ കല്യാണിയെ വിളിപ്പിച്ചു. അയാൾക്കു മനസ്സിലായിരുന്നു ഞാൻ ഗർഭിണിയായിരുന്നെന്ന്.
നഞ്ചുമായി വന്ന കല്യാണിയെ ഭരതൻ ഓടിച്ചു. അന്നാദ്യമായി മദ്യപിക്കാത്ത ഭരതനെ ഞാൻ കണ്ടു. ഒരുകൂട്ടം താക്കോലും ഒരാധാരവും എന്റെ കൈകളിൽ തന്ന്, സരയു വില്ല ചൂണ്ടി ഭരതൻ പറഞ്ഞു.
‘‘എങ്ങിനെ ജീവിക്കണം എന്ന് പറയാനെനിക്കർഹതയില്ല; പക്ഷെ ഇനി ഇവിടെ നിൽക്കരുത്.’’
സരയു വില്ല എനിക്കെഴുതിത്തന്നതിന്റെ പിറ്റേന്ന് ഭരതൻ ആത്മഹത്യ ചെയ്തു.
ആദ്യത്തേതിലും വലിയ അടിയായിരുന്നു മകൻ അച്ഛനു നൽകിയത്.
സരയു വില്ലയിൽ എന്നെ സ്വീകരിക്കാനായി ഭരതന്റെ വലം കൈയായിരുന്ന മുതുമ്മൻ രാമേട്ടനുണ്ടായിരുന്നു. പലവഴിയിൽ പലരീതിയിൽ എനിക്കെതിരെ മേനോൻ വന്നെങ്കിലും ഒരു പരിചപോലെ രാമേട്ടൻ നിന്നു.
ഒരു രാത്രിക്ക് ഒരു പകൽ തീർച്ചയായും ഉണ്ടായിരിക്കുമെന്ന പ്രകൃതിപാഠത്തിനുള്ള ഉദാഹരണമായിരുന്നു മുതുമ്മൻ രാമേട്ടൻ! അച്ഛന്റെ നേർവിപരീത ദിശയിലായിരുന്നു രാമേട്ടന്റെ യാത്രകൾ! ഉന്മാദിയായിരുന്നു ആ മനുഷ്യനും; സ്നേഹം, ദയ എന്നിവയാൽ കെട്ടിയിടപ്പെട്ട ഉന്മാദി. മകളായിരുന്നു ധനം. കവർന്നെടുക്കപ്പെട്ട മകളുടെ ഉയിരിനു പകരമായി എന്റെ ജീവിതത്തെ രാമേട്ടൻ പൊതിഞ്ഞുപിടിച്ചു.
അന്ന് സർക്കിളായിരുന്നു മേനോനദ്ദേഹം. പഠിക്കാൻ അത്രക്ക് മിടുക്കിയല്ലെങ്കിലും നല്ല ഡാൻസുകാരിയായിരുന്നു നന്ദിനി. സ്കൂൾ യുവജനോത്സവം ഉദ്ഘാടനം ചെയ്യാൻ വന്ന മേനോനദ്ദേഹം ഭരതനാട്യം കഴിയുന്നവരെ സദസ്സിലിരുന്നു. പോകുന്നതിനു മുന്നേ എന്നെ അരികിൽ വിളിച്ചു. മകളുടെ പ്രകടനത്തിൽ, എന്റെ ഭാഗ്യത്തിൽ അസൂയപ്പെടുന്നെന്ന് പറഞ്ഞു. അഭിമാനത്തിന്റെ നിമിഷങ്ങൾ. അവൾ വരുമ്പോഴേക്കും അവൾക്കിഷ്ടപ്പെട്ട കുത്തരിച്ചോറും മോരും മെഴുക്കുപുരട്ടിയും ഉണ്ടാക്കിവെക്കാനായി മുന്നേ പുറപ്പെട്ടിരുന്നു ഞാൻ. നേരം വൈകിയിട്ടും അവളെ കാണാതായപ്പോൾ തിരിച്ചു നടന്ന ഞാൻ കണ്ടത് പറിച്ചെറിയപ്പെട്ട മോളുടെ ഉടയാടയും ചിലങ്കയുമാണ്. എന്റെ കുട്ടി അവളാവട്ടത്തിൽ എവിടെയോ മറഞ്ഞുപോയിരുന്നു. അതിലേ പാഞ്ഞുപോയ ജീപ്പിന്റെ സൈറൺ മകളുടെ കരച്ചിലായി എനിക്കു തോന്നി. അന്നെന്നിലേക്കു പ്രവേശിച്ച ഉന്മാദം മുഴുഭ്രാന്തായി മാറിയെങ്കിലും ഞാൻ പിടിച്ചുനിന്നു. ഇന്നും എന്നിലാ ഉന്മാദം പൂത്തുലയുന്നുണ്ട്. മകളെന്ന വികാരത്തിൽ സ്നേഹത്തിനു കാവൽ നിൽക്കുന്ന ഉന്മാദി!
രണ്ട് കണ്ണുകൾ! കണ്ണുകൾക്കും കഥ അല്ല ജീവിതം പറയാനാകുമെന്ന് ആ നിമിഷം അഖിലിനു മനസ്സിലായി. പൂരം കുളിയുടെ അന്ന് രാത്രി ഞാൻ പ്രസവിച്ചു. പെൺകുട്ടി. അവൾക്ക് ആറുമാസം പ്രായം തികഞ്ഞയന്ന് കുറച്ചു നാളായി ഓങ്ങിവെച്ച മൂന്നാമത്തെ പ്രഹരം ഞാൻ മേനോന് സമർപ്പിച്ചു.
അയാളുടെ കൺമുന്നിലൂടെ എന്റെ ആദ്യത്തെ കസ്റ്റമറെ ഞാൻ സരയു വില്ലയിലേക്ക് ആനയിച്ചു.
എടാ ഉടലും ഒരു ടൂളാണ്! വ്യാപാര സാധ്യതയ്ക്കുമപ്പുറം പ്രതികാരത്തിന്റെ കളത്തിൽ പകിടയുരുട്ടാൻ ഉതകുന്ന ടൂൾ!
ഒറ്റയാനായി എല്ലാം കുത്തിമറിച്ചു നടന്നിരുന്ന മേനോൻ, മൂന്നടിയിലും പിഴച്ച് ജീവച്ഛവമായി ഇന്നും സൂപ്രണ്ട് ബംഗ്ലാവിലുണ്ട്.
‘‘നിനക്കെന്റെ മോളെ കാണേണ്ടെ?’’ അവർക്കു പിന്നാലെ നടക്കുമ്പോൾ അഖിലവളുടെ പ്രായവും സൗന്ദര്യവും കണക്കാക്കാൻ ശ്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.