മാത്തുഗാമയിലെ കണ്ണഗാരാ കോളേജിൽനിന്നും റെയിൽപാളം കടന്നുവേണം ബസ് സ്റ്റാൻഡിൽ എത്താൻ. എൺപത് തൊണ്ണൂറുകളിലെ ഒരു ചരൽവഴിയായിരുന്നു അത്. അന്നെനിക്ക് ശ്രീനിക നരസിംഹ എന്നൊരു സിംഹള പെൺകുട്ടിയുണ്ടായിരുന്നു കൂട്ടുകാരിയായിട്ട്, ഇന്ത്യൻ തമിഴനായ എന്നോടുള്ള ഇഷ്ടത്തിന് കാരണം ഇരുവരും പക്ഷിമൃഗാദികളെ ഓമനിച്ചു വളർത്തിയിരുന്നു. കളിമൺ നിറമാർന്ന അവളോടുള്ള പ്രണയം ഞാനും ഹൃദയത്തിൽ സൂക്ഷിച്ചു. വാകമരങ്ങൾ ചാഞ്ഞുനിൽക്കുന്ന ചരൽവഴി അവസാനിക്കുമ്പോൾ ഞാൻ ശ്രീനികയോട് പറയും.
“ശ്രീനീ... ഇനി നീങ്ക പോയിക്കലാം... യവനാവത് പാത്ത്ച്ച്നാ അവളതാ. നാ ഉൻ പിന്നാടിയെ വന്ത്ക്കരെ... എനക്ക് ഉന്നെ ദൂരെയിരുന്താ കൂടെ പാത്താ പോതും.”
പ്രണയഭയം സിരകളെ വിറകൊള്ളിച്ചിരുന്ന യൗവനകാലം, സിംഹള ബുദ്ധിസ്റ്റുകളും തമിഴരും വർഷങ്ങളായി നീണ്ടുനിന്ന കലാപക്കെടുതിയിലേക്ക് അറിയാതെയെങ്കിലും ഒരു തീപൊരി വീണാൽ മതി ദ്വീപ് കത്തിച്ചാമ്പലാകാൻ. സങ്കടം പൂഴ്ത്തിവെച്ച കണ്ണുകളാൽ അവൾ പരിഭവം പറഞ്ഞു തുടങ്ങും.
“പറവകളേയും മൃഗങ്ങളേയും പാക്കര്ത്ക്ക് മട്ടുല്ലേ നാ ഇന്ത ഇടത്തേക്ക് വരറ്ത്, ഇവളോ കഷ്ടപ്പെട്ട് നായിങ്ക വറ്ത് ഉങ്കളെ ഒരു വാട്ടി പാക്കര്ത്ക്ക് മട്ടുംതാ. എന്നെയും ഉങ്കളെയും ഇങ്ക യാർക്കുമേ തെരിയമാട്ട്. അപ്പറോ യേ കവലപ്പെടര്ങ്കെ. നീങ്കെ കൂടെ ഇറിക്കുമ്പോത് സത്താകൂടെ നാ നിമ്മിതിയാ സന്തോഷമാ സത്തിടുവെ.”
ശ്രീനികയുടെ തമിഴ് മൊഴികൾ എന്നെ വല്ലാതെ പൊള്ളിച്ചു. അണലി മരുതിന്റെ ബ്രിഡ്ജിനോട് ചേർന്ന കാഴ്ചബംഗ്ലാവായിരുന്നു ഞങ്ങളുടെ സംഗമസ്ഥലം. മഴക്കാലത്ത് ചേരിപ്രദേശത്തെ അഴുക്കുചാൽ നിറയുമ്പോൾ ഇഴഞ്ഞെത്തുന്ന വിഷപ്പാമ്പുകളെ പിടിക്കാൻ തമിഴനായ മരുതിനെയാണ് സിംഹളരും തമിഴരും ആശ്രയിച്ചിരുന്നത്. പാമ്പുപിടുത്തക്കാരൻ മരുത് ചേരിനിവാസികൾക്ക് അണലി മരുതായത് അങ്ങനെയാണ്. ആ ഇത്തിരിവട്ട ആവാസവ്യവസ്ഥയിൽ പലയിനം പക്ഷികളെയും മൃഗങ്ങളെയും മരുത് ഇണക്കിവളർത്തി, പാമ്പുകളെ വിഷചികിത്സക്കും മറ്റുമായി ദുരുപയോഗിച്ചു, വെള്ളിമൂങ്ങകളെ ആഭിചാരക്രിയകൾക്കായി വിദേശങ്ങളിലേക്ക് കടത്തി.
പോക്കുവെയിൽ ചാഞ്ഞുപെയ്യുന്ന മുളങ്കാട്ടിലൂടെ നടന്ന് പകൽവെട്ട കാഴ്ചകൾ കണ്ടാസ്വദിച്ചു. ശ്രീനികയിൽനിന്നും വമിക്കുന്ന ബുദ്ധക്ഷേത്ര ഗന്ധത്തോട് ഒട്ടിച്ചേർന്നു സമയം ചെലവഴിച്ചത് ശ്രീലങ്കൻ പഠനകാല ഓർമകളിൽ ഇന്നും ഉള്ളിൽ ഹൊറാനാവയായ് ഒച്ചവെയ്ക്കുന്നു. ശരത്കാലം ഇലകൾ പൊഴിച്ചു മരങ്ങളെ നഗ്നമാക്കിയ റഷ്യൻ തെരുവുകളിൽ യുദ്ധത്തിനായുള്ള പടയൊരുക്കങ്ങൾക്ക് കോപ്പുകൂട്ടുകയാണ്. റഷ്യൻ പട്ടാളക്കാരാൽ കരിഞ്ചായം പൂശിയ തെരുവിലെപ്പോഴും അപായശബ്ദം മുഴങ്ങി. ഇത്തരം സാഹചര്യത്തിലും ഞാൻ എന്തിനാണ് ശ്രീനികയെ കുറിച്ചോർത്തത്. വർഷങ്ങൾക്കിപ്പുറം മകൻ സാമിറും അതേ ഇഷ്ടം കൊണ്ടു നടക്കുന്നു എന്നത് ഏറെ അത്ഭുതപ്പെടുത്തി.
സാമിറിന്റെ നിരന്തരമായ ആവശ്യമായിരുന്നു ഒരു പൂച്ചക്കുഞ്ഞിനെ വളർത്തണമെന്നത്. വീടിനടുത്തായി കറങ്ങിനടന്നിരുന്ന മൈലാഞ്ചി നിറമുള്ള തെരുവുപൂച്ച കുട്ടികളുടെ പരിചരണത്തിൽ വിറകുപുര കൂടാക്കിയപ്പോൾ ഇതാണ് നിങ്ങളുടെ വളർത്തുപൂച്ച എന്നു വിളിച്ചറിയിച്ച് തൽക്കാലത്തേക്ക് ഞാൻ തടിയൂരി. സാൻവിക്കാകട്ടെ പണ്ടുതൊട്ടേ പൂച്ചകളെ പേടിയാണ്. തെരുവു പൂച്ചകളെയും, ചാവാലി പട്ടികളെയും, ദുർഗന്ധം വമിക്കുന്ന ഓടകളിൽനിന്നും പുറത്തു ചാടുന്ന ചെളിപുരണ്ട എലികളെയും, എന്തിനേറെ ഒരു കുഞ്ഞുപാറ്റയെ കണ്ടാൽപോലും പേടിച്ചലറിയിരുന്ന സാൻവിയുമിപ്പോൾ അസ്സലൊരു പൂച്ചപ്രേമിയായി.
“പസിക്കുമ്പോത് മട്ടും ളോ...ളോന്ന് അഴ്ത്ക്ക്ട്ട് ഓടീട്ടു വരുവാ, അത് പാക്കുമ്പോത് എനക്ക് കസകസപ്പിന് റ്ക്കും, ഒരു ഇണക്കോല്ല്യാത്ത പൂച്ച...”
സാൻവി ഇടക്കിടെ ആ തെരുവുപൂച്ചയെ നോക്കി പ്രാകിപറയുന്നത് കേൾക്കാറുണ്ട്.
“നീങ്ക തിരിപ്പുവന്തിട്ട് അപ്പുറം താ പസങ്കക്കൊരു ഇണക്കമുള്ള പൂനയെ വാങ്ങിക്കാൻ.”
തമിഴും മലയാളവും കലർന്ന സംസാരത്തിലൂടെ എന്നോ ഉള്ളിൽ കുഴിച്ചുമൂടിയ മൃഗസ്നേഹത്തെ സാൻവി തൊട്ടുണർത്തി.
പ്ലസ് ടു ക്ലാസ് കഴിഞ്ഞപ്പോഴാണ് വീട്ടിലെ പേർഷ്യൻ പൂച്ച പ്രസവിച്ചിട്ടുണ്ടെന്നും അത്രക്കിഷ്ടമാണെങ്കിൽ ഒരെണ്ണത്തിനെ കൊണ്ടുപൊയ്ക്കോ എന്നും കൂട്ടുകാരിയായ സിംഹള പെൺകുട്ടി മകനോട് പറയുന്നത്.
“ബാപ്പച്ചീ... സൈറ ഒരു പൂച്ചക്കുഞ്ഞിനെ വളർത്താൻ തരാമെന്ന് പറഞ്ഞിട്ടുണ്ട്.”
“വളർത്തുന്നതൊക്കെ കൊള്ളാം... ബി.ടു കോഴ്സ് കഴിഞ്ഞാ നീ ജർമനീലേക്കങ്ങ് പോകും... പിന്നെ സാൻവി വേണം അതിനെ നോക്കാൻ.”
“സൈറക്കെന്താടാ നിന്നോട്?..”
“എന്ത്..?”
“വല്ല പ്രണയമോ... ഇഷ്ടമോ...”
“ന്യൂജൻ പിള്ളേരല്ലേ ബാപ്പച്ചീ... എന്റെ ലക്ഷ്യം അമ്മാവുടെ രാജ്യമായ ശ്രീലങ്കയോ ബാപ്പച്ചി ജനിച്ചുവളർന്ന ഇന്ത്യയോ അല്ല, ജർമനിയിൽ പോയി നേഴ്സിങ് പഠിക്കണം, അവിടെ സെറ്റിലാകണം.”
“അങ്ങനെയായാൽ നല്ലത്. കൗമാരകാല പ്രണയത്തിന് നീർകുമിളകളുടെ ആയുസ്സുള്ളൂ മോനേ...”
ശ്രീനികയോടുണ്ടായ അപൂർണമായ പ്രണയമോർത്ത് ദീർഘമായെന്നോണം ഞാൻ നെടുവീർപ്പിട്ടു.
സൈറയും യുെക്രയ്നിൽ മെഡിസിന് അഡ്മിഷൻ ശരിയാക്കിയിട്ടുണ്ട്. അവന്റെ കൂട്ടുകാരിലധികവും യൂറോപ്, ഇംഗ്ലണ്ട്, ചൈന, ജപ്പാൻ, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽ അഡ്മിഷൻ ശരിപ്പെടുത്തി യാത്രയും സ്വപ്നം കണ്ടിരിക്കയാണ്. സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന ശ്രീലങ്കയിൽനിന്നും രക്ഷപ്പെടുന്നതാണ് ബുദ്ധിയെന്ന് സാമിറിന് തോന്നിക്കാണും. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാൽ തന്റെ മണ്ണിലേക്കും പറഞ്ഞയക്കാനാകില്ല, ജാതിയും മതത്തിന്റെ ചുറ്റിവരിയലും ഇല്ലാതെ മനുഷ്യരായി കാണുന്ന വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുകയാണ്.
പറഞ്ഞപോലെ പ്ലസ് ടു ഫെയർവെൽ പാർട്ടിക്കിടയിൽ തിളങ്ങുന്ന വർണക്കടലാസിൽ പൊതിഞ്ഞ പെട്ടിയിലാക്കി സൈറ പൂച്ചക്കുഞ്ഞിനെ സാമിറിന് സമ്മാനിച്ചു. കണ്ണുകീറാത്ത പൂച്ചക്കുഞ്ഞുമായി അവൻ വീട്ടിലേക്കു വന്നു. സൈറയുടെ സമ്മാനമാണെന്നറിഞ്ഞതു കൊണ്ടാകണം സാൻവിയുടെ മുഖം മങ്ങി. സിംഹളീസിനോടുള്ള സാൻവിയുടെ വെറുപ്പ് പ്രഭാകരനെ ശ്രീലങ്കൻ സൈന്യം കൊലപ്പെടുത്തിയ കാലം തുടങ്ങിയതാണ്. അന്നത്തെ കലാപത്തിലാണല്ലോ അവൾക്ക് അപ്പാവും അമ്മാവും നഷ്ടമായത്.
“നല്ല ഒന്നാന്തരം തറവാടി പേർഷ്യൻ പൂച്ചയാണമ്മാ.”
നാടൻപൂച്ചക്ക് പേർഷ്യക്കാരി പൂച്ചയിൽ പിറന്നതിനാലാകണം കണ്ണുകളിൽ ഒരെണ്ണം മഞ്ഞയും മറ്റേത് നീലിച്ചും പോയത്. ഇത്തരം കണ്ണുകളുള്ള പൂച്ചകൾ വീട്ടിലേക്ക് സർവ സൗഭാഗ്യങ്ങളും കൊണ്ടുവരുമെന്ന് സാമിർ അമ്മ സാൻവിയെ പറഞ്ഞു വിശ്വസിപ്പിച്ചു. കൊളംബോയിലെ ചേരിപ്രദേശത്തുനിന്നും സിഗരിയയിൽ വീടുണ്ടാക്കിയതിൽ പിന്നെ നിർഭാഗ്യങ്ങളേ സംഭവിച്ചിട്ടുള്ളൂ, ശ്രീലങ്കൻ രൂപയുടെ വിലയിടിവ് റഷ്യൻ പൗണ്ടിനോട് താരതമ്യംചെയ്യുമ്പോൾ അനുദിനം താഴേക്ക് പോകുന്ന ദുരന്തമോർത്ത് സാൻവി ഉള്ളാലെ സങ്കടപ്പെട്ടു. ജനാധിപത്യ രാജ്യമാണെങ്കിലും സമ്പത്തെല്ലാം കുമിഞ്ഞുകൂടുന്നത് ചില രാഷ്ട്രീയ കുടുംബങ്ങളിലേക്ക് മാത്രമാണ്.
വെളുത്ത തൊപ്പരോമങ്ങൾക്കിടയിൽ നൃത്തംചെയ്യുന്ന ഇരുവർണ കണ്ണുകളുള്ള പൂച്ചക്കുഞ്ഞിനെ കണ്ടതുമുതൽ സാമിറിനോട് മറുത്തൊന്നും പറയാനായില്ല... എത്രയോ കാലമായി അവൻ ആഗ്രഹിച്ചിരുന്നതല്ലേ ഒരു പൂച്ചക്കുഞ്ഞിനെ... സിംഹളയും തമിഴും ഇംഗ്ലീഷിനുമൊപ്പം, നന്നായി മലയാളവും വഴങ്ങുന്ന മകൻ ജർമൻ ഭാഷ പഠിക്കാൻ ചേർന്നത് ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല. സിംഹളയിലുള്ള സാമിറിന്റെ സംസാരം കേൾക്കുമ്പോൾ സാൻവിക്ക് കലിവരും.
കൊളംബോയിലെ എഡ്യുകെയർ ജർമൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയതും അഡ്മിഷൻ ശരിപ്പെടുത്തിയതും അവനും സൈറയും ഒരുമിച്ചായിരുന്നു. സിഗരിയയിൽനിന്നും കൊളംബോയിലേക്ക് നേരിട്ടു ട്രെയിൻ സർവീസ് ഇല്ലെന്നറിഞ്ഞിട്ടും അവനെന്തിനാണ് ഇത്രയും ദൂരെപോയി പഠിക്കുന്നത് എന്നതിന്റെ രഹസ്യം സാൻവി പറഞ്ഞപ്പോഴാണ് മനസ്സിലായത്. സയൻസ് ഗ്രൂപ്പിന് തൊണ്ണൂറു ശതമാനം മാർക്കുണ്ടായിട്ടും സൂചിപ്പിച്ചതാ ഈ നശിച്ച ദ്വീപിൽനിന്നും ജന്മനാട്ടിലെ ഏതെങ്കിലുമൊരു ഐ.ഐ.ടിയിൽ ചേർന്നു പഠിക്കാൻ. സാൻവിയെ വിവാഹം ചെയ്തതിൽ പിന്നെ ശ്രീലങ്കയിലേക്ക് കുടിയേറിയെങ്കിലും മുറിച്ചുമാറ്റാനാവാത്ത തായ് വേരുകളിപ്പോഴും അങ്ങ് നാഗർകോവിലല്ലേ... സാമിറിന്റെ തിടുക്കപ്പെട്ട മറുപടി അക്ഷരാർഥത്തിൽ എന്നെ അതിശയിപ്പിച്ചു,
“നാലു വർഷം കോളേജിൽ പഠിച്ച് വല്ല രാഷ്ട്രീയ പാർട്ടിക്ക് സിന്ദാബാദ് വിളിച്ചും ബസ്സിനു കല്ലെറിഞ്ഞും ജീവിതം പാഴാക്കുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ ബാപ്പച്ചീ... ജർമനിയിലെ നേഴ്സിങ് പഠനം. മൂന്നു വർഷത്തിനകം ഞാനുമൊരു പ്രൊഫഷണൽ മെയിൽ നേഴ്സാകും, വൃദ്ധസദനങ്ങൾ വർധിച്ചുവരുന്ന ജർമനിയിൽ പാർട് ടൈം ജോലികൂടി തരപ്പെട്ടാൽ ആ വരുമാനം വീട്ടുചെലവിന് അയക്കുകയുമാകാം.”
ഒരർഥത്തിൽ സാമിർ പറയുന്നതിലും കാര്യമുണ്ട്.
“വലിയ സ്വപ്നങ്ങൾക്കിടയിലെ നിന്റെ പൂച്ചപ്രേമമാണ് എനിക്കു മനസ്സിലാകാത്തത്.”
“ബാപ്പച്ചി ഒരു പേര് പറയൂ.”
കുട്ടികൾ നിർബന്ധിച്ചപ്പോൾ ചെറ്യേ ബുദ്ധിയിൽ തോന്നിയ ഒരു പേര് ഞാനങ്ങ് വെച്ചുകാച്ചി.
“സ്നോവി...”
മുതിർന്നവർ നിർദേശിക്കുന്ന പേര് ന്യൂജെൻ പിള്ളേർക്ക് പിടിക്കുമോ... ആവോ..?
“ബാപ്പച്ചി ഇപ്പോഴും ആ പഴഞ്ചൻ ഇന്ത്യക്കാരൻ തന്നെ.”
എന്നു പറഞ്ഞു കുട്ടികളെല്ലാം എനിക്കുമേൽ കുതിരകയറി.
തമിഴിൽ പരതി, സിംഹളയിലെ ഓരോ പേരും ഉച്ചരിച്ചുനോക്കിയിട്ടും നല്ല പേരുകളൊന്നും കിട്ടാതെ മടുത്ത കുട്ടികൾ ഒടുവിൽ ഗൂഗിളാന്റിയോട് തിരക്കിയാണ് മനോഹരമായ ആ പെറ്റ്നേം കണ്ടെത്തിയത്.
ജാപ്പനീസ് ഭാഷയിൽ മഞ്ഞുതുള്ളി എന്നർഥം വരുന്ന... യൂക്കിഗാഫരു...
ഭാഷകളോടുള്ള സാമിറിന്റെ അഭിനിവേശവും താൽപര്യവും എന്നിൽ അഭിമാനമുണർത്തി.
“യൂക്കീ... യൂക്കീ...” എന്ന സാൻവിയുടെ സ്നേഹമസൃണമായ വിളിയും, കൊഞ്ചിക്കലും തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. സംസാരത്തിലുടനീളം യൂക്കിയങ്ങനെ നിറയുമ്പോൾ തന്നോടും മക്കളോടുമുള്ള സ്നേഹവാത്സല്യം കുറഞ്ഞുപോകുന്നുണ്ടോ എന്ന ആധിയും പരിഭവവും എന്നെ സ്വാർഥനാക്കി.
യൂക്കിയെങ്കിൽ യൂക്കി, മഞ്ഞുതുള്ളിയാണല്ലോ വാക്കർഥം... വിളിക്കാനും ഒരു ഇമ്പമുണ്ട് എന്നുപറഞ്ഞ് ഞാനും അവർക്കൊപ്പം ചേർന്നു.
ചെറിയ കുഞ്ഞായിരുന്നപ്പോൾ ഫില്ലറിൽ പാലുകൊടുക്കാനായി സാൻവിയും കുട്ടികളും പരസ്പരം മത്സരിച്ചു. വീട്ടുപടിക്കലെത്തുന്ന ശെന്തിലിന്റെ പശുവിൻപാൽ ഒന്നിൽനിന്നും രണ്ടു കുപ്പികളായി വർധിച്ചു. ആഴ്ചയിലൊരിക്കൽ ഇരുന്നൂറു രൂപയുടെ ക്യാറ്റ് ഫുഡും. രാജ്യം വീണുപോയ സാമ്പത്തിക പ്രതിസന്ധിയിലും അരക്ഷിതാവസ്ഥയിലും യൂക്കി പതുക്കെ വളർന്നു വലുതായി. കൗമാരപ്രായമെത്തിയ ആൺകുട്ടികളെ പോലെ കൺതടങ്ങളിലെ തുടിപ്പും രോമവളർച്ചയും അവനെ കൂടുതൽ സുന്ദരനാക്കി. സാൻവിയും കുട്ടികളും യൂക്കിയെ ഓമനിക്കാൻ തുടങ്ങിയതിന് ശേഷം ഇന്നേവരെ അകത്തു കയറാത്ത, കൊടുക്കുന്നതെന്തും ഭക്ഷിക്കുന്ന കട്ടുതിന്നാത്ത മൈലാഞ്ചിപ്പൂച്ച പിന്നീട് ആ വഴിക്കൊന്നും വരാതെയായി.
അയൽപക്കത്തെ കുറിഞ്ഞിപ്പൂച്ച യൂക്കിയെ കാണാനെന്നോണം ജനൽവഴി നൂഴ്ന്നുകയറി പ്രണയമറിയിച്ചു കടന്നുപോകുന്നത് സാൻവിയുടെ സൂക്ഷ്മനേത്രങ്ങൾ കണ്ടു. കാത്തിരിപ്പിന്റെ ശൂന്യതയിലും നെടുവീർപ്പോടെ റഷ്യയിൽനിന്നുള്ള കണവന്റെ പാതിരാവിളിയും പ്രതീക്ഷിച്ച് അവൾ സിഗരിയയിലെ കോടമഞ്ഞണിഞ്ഞ കുന്നിൻ ചെരുവിലേക്ക് വിഷാദപൂർവം നോക്കിയിരുന്നു. യൂക്കി ഒറ്റക്കാകുമെന്നും കാടൻപൂച്ചകൾ കടിച്ചുകീറുമെന്നും ഭയന്ന് സാൻവി വീടുപൂട്ടി അക്കാ വീട്ടിലേക്കൊന്നും പോകാതെയായി.
റഷ്യൻ അതിർത്തിയിൽ വെടിയൊച്ചകൾ മുഴങ്ങുമ്പോൾ, തെരുവിൽ ഒറ്റക്കലയുന്ന പൂച്ചയെ കാണുമ്പോൾ, ഇരുളിൽ മ്യാവൂ ശബ്ദം കേൾക്കുമ്പോൾ പ്രതീക്ഷയോടെ നാലുപാടും തിരയും. ഇതുവരെ നേരിൽ കാണാത്ത മൊബൈൽ സ്ക്രീനിൽ മാത്രം തെളിയുന്ന അവന്റെ കരച്ചിലാണതെന്ന് വെറുതെ തെറ്റിദ്ധരിക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം യാഥാർഥ്യമാവുകയാണ്. കവചിത വാഹനങ്ങൾ നഗരാതിർത്തിയിൽ റോന്തുചുറ്റിക്കൊണ്ടിരുന്നു. പലായനത്തിനായുള്ള ദിനങ്ങൾ എണ്ണപ്പെട്ടു, വിദേശികൾ ഇനിയും റഷ്യയിൽ തുടരുന്നത് മരണതുല്യമാണ്. പുറപ്പെടുന്നതിന്റെ തലേന്നാണ് സാൻവി വിളിച്ചു പറയുന്നത്.
“നീങ്ക വരുമ്പോത് യൂക്കിക്ക് കളിക്കാൻ എതാവത് റഷ്യൻ ടോയ്സുകൾ വാങ്ങിക്കോ.”
“സാൻവീ...ഷെല്ലുകളും ഡ്രോൺ വെടിയുണ്ടകളും എപ്പോൾ ദേഹത്തു പതിക്കുമെന്നറിയാതെ മനുഷ്യരിവിടെ ഭയാശങ്കയിൽ കഴിയുകയാണ്. അതിനിടയിലാണ് നിന്റെയൊരു പൂച്ചപ്രേമം...’’
യുക്രെയ്നികൾക്കും അത്യാധുനിക മിസൈലുകൾ വിൽക്കാനായി സാമ്രാജ്യത്വ ശക്തികളും സയണിസ്റ്റുകളും ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ പോലെ തക്കം പാർത്തിരിക്കുകയാണ്, ചെറുരാജ്യമാണെങ്കിലും തങ്ങളുടെ സ്വാതന്ത്ര്യത്തിനെതിരെ ഏതു വൻശക്തികൾ പടനയിച്ചാലും തിരിച്ചടിക്കുകയോ അഭിമാനപൂർവം മരണംവരിക്കുകയോ ചെയ്യുമെന്ന നിലപാടിലാണ് യുക്രെയ്ൻ പ്രസിഡന്റും അവിടത്തെ ജനതയും.”
“ഉങ്കൾക്ക് അങ്കെ എതാവത് പ്രച്ചനമിരിക്കാ...”
“പ്രച്ചനം എനിക്കല്ല സാൻവീ... മറ്റു ഏഷ്യൻ രാജ്യങ്ങളിൽനിന്നും ഉപരിപഠനത്തിനെത്തിയ ലക്ഷോപലക്ഷം വിദ്യാർഥികളെയാണ് ഈ യുദ്ധം തളർത്തിക്കളയുക. ആ വിദ്യാർഥികളുടെ ഭാവിയെ കുറിച്ചോർത്താണ് ആധി മുഴുവൻ.”
‘‘അതിർത്തിയിലാണിപ്പോൾ, എന്തും സംഭവിക്കാം.’’
യുക്രെയ്ൻ പട്ടണമായ കീവ് താമസിയാതെ ശവപ്പറമ്പായി മാറും. യൂനിവേഴ്സിറ്റി അധ്യാപകരും വിദ്യാർഥികളും ബസിലും ട്രക്കിലുമായി രാജ്യം വിട്ടുപോവുകയാണ്. റഷ്യക്കൊപ്പം നിൽക്കുമെന്നുള്ള സർക്കാറിന്റെ ഉറപ്പിന്മേലാണ് ഇന്ത്യക്കാരായ പൗരന്മാരെ എത്രയും വേഗം തിരിച്ചെത്തിക്കാൻ റഷ്യൻ ഭരണകൂടം തയാറാകുന്നത്.
“അങ്ങനെ സംഭവിച്ചാൽ എനിക്കും മാതൃരാജ്യത്തേക്ക് പോയേ തീരൂ സാൻവീ... യുദ്ധമുഖത്തുനിന്നും രക്ഷപ്പെടാൻ ഇപ്പോൾ ഇതല്ലാതെ മറ്റൊരു പോംവഴിയും മുന്നിൽ തെളിയുന്നില്ല.”
ൈകയിൽ കിട്ടിയ സാധനങ്ങളുമായി പലായനം ചെയ്യുന്നവരുടെ ആത്മരോദനങ്ങൾ ചുറ്റും മുഴങ്ങിക്കേൾക്കുന്നത് സാൻവി അറിഞ്ഞു.
“ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചു കഴിഞ്ഞാൽ ഞാൻ നിന്നിലൊരു ഓർമ മാത്രമാകും സാൻവീ... ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം... കുട്ടികൾക്കൊപ്പം യൂക്കിയെയും നന്നായി ശ്രദ്ധിക്കണേ...”
പെറ്റ്മാർക്കറ്റിൽനിന്നും വാങ്ങിവെച്ച കളിക്കോപ്പുകളിലേക്ക് സാൻവി സങ്കടത്തോടെ നോട്ടമെറിഞ്ഞു.
“അപ്പിടിയെല്ലാം പേശാതെ... ഉങ്കൾക്ക് എതുവും ആകാത്...”
“യുദ്ധം വരുത്തിവെച്ച നിർബന്ധിത പലായനത്തിനിടയിൽ പിറന്ന മണ്ണിലൊന്നുകൂടി സ്പർശിക്കാൻ ഭാഗ്യമുണ്ടാകും. ഇന്ത്യയിലെത്തിയാൽ പിന്നീടെപ്പോൾ സിഗരിയയിൽ എത്തുമെന്നറിയില്ല സാൻവീ.”
“നീങ്കയില്ലാതെ ഞങ്ങൾക്ക് വേറെ യാറ് ഇരിക്കീങ്കെ... സീക്രം തിരുമ്പി വരത്ക്ക് കടവുളോട് പ്രാർഥിക്കാം... അമ്മാ കോവിലിൽ പോയി തേങ്കയുടക്കാം... യൂക്കിയും മക്കളും ഉങ്കൾക്കായ് ഇങ്കെ കാത്തിരിക്കും.”
സാൻവി അവസാനമായി അയച്ച വാട്സ്ആപ് സന്ദേശം കേട്ടു കണ്ണുകൾ നനഞ്ഞു.
ഡൽഹിയിൽനിന്നും തിരുവനന്തപുരം എയർപോർട്ടിലിറങ്ങി നാഗർകോവിലെത്തുമ്പോൾ നേരം വല്ലാതെ ഇരുട്ടിയിരുന്നു. ഒരു കടലിടുക്കിന്റെ ദൂരെമേയുള്ളൂ സിഗരിയയിലേക്ക്. വിളിപ്പാടകലെ സാൻവിയുണ്ട്, മക്കളുണ്ട്, യൂക്കിയുണ്ട്, കപ്പൽമാർഗം അങ്ങോട്ടേക്കുള്ള യാത്ര റദ്ദ് ചെയ്തിരിക്കുന്നു. ഇനി വല്ല കള്ളലോഞ്ചിലോ മുക്കുവരുടെ ബോട്ടിലോ മാത്രമേ യാത്ര തരപ്പെടുകയുള്ളൂ.
സാൻവിയും കുട്ടികളും ഇപ്പോൾ ഏതവസ്ഥയിലാണെന്നോർക്കുംതോറും നിരാശ അടിഞ്ഞുകൂടി. മീൻപിടിത്ത ബോട്ടിൽ വലക്കണ്ണികൾക്കിടയിൽ ഒളിച്ചിരുന്ന് പേമാരി തകർത്തുപെയ്യുന്ന ഏതോ രാത്രിയിലാണ്... പാൽക്ക് കടലിടുക്ക് കടക്കുന്നത്. സിഗരിയയിൽ എത്തുമ്പോൾ മനസ്സ് ശരീരത്തോടൊപ്പം തളർന്നിരുന്നു... വീട്ടിൽ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. വിടർന്ന കണ്ണുകളുമായി കുഞ്ഞു ചെവികളിളക്കി യൂക്കിയും. മൈലാഞ്ചി വിരലുകൾ സ്പർശിച്ച് സാൻവിയിൽനിന്നും യൂക്കിയെ ഏറ്റുവാങ്ങുമ്പോൾ അവൻ മെല്ലെ കരഞ്ഞു. ചേർത്തണച്ചതും ദേഹമാസകലം മണംപിടിച്ചു, പൂച്ചകളുടെ ആദ്യ മണംപിടിക്കലാണ് കാലങ്ങളോളം അവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകുന്നത്.
“മണത്തിലൂടെയാണ് മാർജാരജീവികൾ ചുറ്റുഭാഗങ്ങളെ നിരീക്ഷിച്ചറിയുന്നത്.”
റഷ്യയിൽ മെഡിസിന് പഠിക്കാൻ വന്ന് ബുക്ക്സ്റ്റാളിൽ പാർട് ടൈം ജോലി ചെയ്യുന്ന സാന്തു അബ്രഹാം പറഞ്ഞിരുന്നു.
എത്ര നാളുകളായി വെള്ളം കണ്ടിട്ടെന്നറിയില്ല, വീടിനോട് ചേർന്നൊഴുകുന്ന കാട്ടുചോലയിൽ മുങ്ങിനിവർന്നു. തിരിച്ചെത്തിയപ്പോഴാണ് മറ്റൊരു പൂച്ചയുടെ കരച്ചിൽ കേട്ടത്.
“സാൻവീ... ആരുടേതാണ് ചാരനിറമുള്ള ഈ തൊപ്പപ്പൂച്ച?’’
“കാവേരി അക്കാടെ മകൻ റൈഫാനോടൊപ്പം വന്ന യുക്രെയ്നിയൻ പെൺകുട്ടിയുടേതാണ്.’’
യൂക്കിയെ തലോടി പതുക്കെ താഴെയിറക്കി, യുക്രെയ്നിയൻ പൂച്ചയെ കൈയിലെടുക്കാൻ തുനിഞ്ഞതും... ചുവന്ന കണ്ണുകളുരുട്ടി മുരണ്ട്, നഖം പുറത്തേക്കു തള്ളി കാലുയർത്തി ഒരു ചീറ്റപ്പുലിയെപ്പോലെ അവൾ ആക്രമിക്കാനൊരുങ്ങി. എന്നിൽനിന്നും വമിക്കുന്ന റഷ്യൻ പെർഫ്യൂമിന്റെ അതിഗന്ധം അവൾക്ക് അലോസരമായി തോന്നിയിരിക്കാം.
“ഈ പൂച്ചയ്ക്ക് പേരില്ലേ...”
“മിസ്റ്റിയ...
പെൺപൂച്ചകൾക്ക് യുക്രെയ്നികൾ നൽകുന്ന ഓമനപ്പേരാണത്, മഞ്ഞുതുള്ളി എന്നാണ് അതിന്റെയും അർഥം.”
സാമിർ ആഹ്ലാദപൂർവം അവന്റെ ഭാഷാപ്രാവീണ്യം അറിയിച്ചു.
കാലുകളിൽ രോമംകൊണ്ടുരസി ഇഷ്ടമറിയിച്ച് ശരീരമാകെയൊന്ന് കുടഞ്ഞ് യൂക്കിഗാഫരു അവന്റെ കൂട്ടിലേക്കും മിസ്റ്റിയ പെൺഗർവോടെ അവളുടെ കൂട്ടിലേക്കും ഓടിപ്പോകുന്നത് നിർന്നിമേഷനായി നോക്കിനിന്നു.
സാമിർ പിറന്നപ്പോൾ ആശുപത്രി പരിചരണങ്ങൾക്കായി വാങ്ങിയ പ്ലാസ്റ്റിക് കുട്ടകളാണ് രണ്ടു പൂച്ചകളുടെയും കിടപ്പുലോകം, നനുത്ത് മിനുസമുള്ള സിംഹള ടർക്കി വിരിച്ച്, ചാടിപ്പോകാതിരിക്കാൻ ദ്വാരങ്ങളുള്ള അടപ്പുകൊണ്ട് ബന്ധിച്ചിട്ടുമുണ്ട്. തൊട്ടടുത്തായി മണൽ നിറച്ച തൊട്ടിൽപാത്രവും വെച്ച് ചെലവുകൂടാതെ കൂടൊരുക്കിയ സാൻവിയെ വാത്സല്യപൂർവം നോക്കി.
“യുദ്ധം അവസാനിച്ചാൽ അവർ യുക്രെയ്നിലേക്കു തിരിച്ചു പോകും.”
“എത്രയും വേഗം യുദ്ധമൊന്ന് അവസാനിച്ചാൽ മതിയായിരുന്നു.”
നെടുവീർപ്പുകളിലേക്ക് സാൻവി ചേർന്നിരുന്നു.
“മിസ്റ്റിയുടെ പാസ്പോർട്ട് എക്സ്പയറായി എന്നുപറഞ്ഞ് ആ പൊണ്ണ് ഒരേ കരച്ചിലാ...”
“യുദ്ധം അറുതിയാവാതെ എംബസിയിലേക്കൊന്നും അടുക്കാൻ പറ്റില്ല, മനുഷ്യരുടെ ജീവനും സ്വത്തിനും വില കൽപിക്കാത്ത ഭരണകൂടം ഒരു പൂച്ചയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യുമോ? പൂച്ചയില്ലാതെ അവർ തിരിച്ചുപോകട്ടെ.”
ജർമൻ എംബസിയിൽനിന്ന് വിസയും യാത്രാ തിയ്യതിയും സ്ഥിരീകരിച്ചതിന്റെ പിറ്റേന്നാണ് സാമിറിനോട് ഞാൻ ചോദിച്ചത്.
“നീ ജർമനിയിലേക്കും യുദ്ധമവസാനിച്ച് ഉപ്പച്ചി റഷ്യയിലേക്കും പോയാൽ യൂക്കിയെ പിന്നെ ആരു നോക്കും.”
“ഏതെങ്കിലും തെരുവിൽ കൊണ്ടു കളഞ്ഞേക്കാം.’’
തമാശയിൽ പറഞ്ഞ ക്രൂരവാക്കുകളെ അവർ ഒന്നിച്ച് ചോദ്യംചെയ്തെങ്കിലും പരിഹാരമെന്നോണം ഒന്നുകൂടി കൂട്ടിച്ചേർത്തു.
“യൂക്കിയെ അണലി മരുതിന് കൊടുക്കാം. അയാളാകുമ്പോൾ മറ്റു മൃഗങ്ങൾക്കൊപ്പം വളർത്തിക്കോളും”
“അതുവേണ്ട ബാപ്പച്ചീ... അയാളൊരു ക്രൂരനാ... കണ്ണീച്ചോരയില്ലാത്തവൻ...
യൂക്കിയെ സൈറക്കു തന്നെ തിരിച്ചു കൊടുക്കാം. യുദ്ധം തീരാതെ അവൾക്കിനി യുക്രെയ്നിലേക്ക് പോകാനാകുമെന്ന് തോന്നുന്നില്ല...”
ആ അഭിപ്രായത്തോട് സാൻവിയും കുട്ടികളും മുഖം വാടി വേദനയെ ഉള്ളിലൊതുക്കിയെങ്കിലും യൂക്കിയെ പിരിയുന്ന തീരുമാനത്തിലേക്ക് സാമിറിനൊപ്പം അവരും ചേർന്നുനിന്നു. പെട്ടെന്നതിന് സമ്മതം മൂളാൻ എനിക്കായില്ല, മകന്റെ അരുമയായ പൂച്ചയെ മറ്റൊരാൾക്ക് കൊടുക്കുന്നതുപോലും സഹിക്കാനാവില്ല. കഴിഞ്ഞുപോയ ഓർമകൾ താലോലിക്കാനെങ്കിലും അവൻ ഈ വീട്ടിലുണ്ടാകണം.
റഷ്യയിൽനിന്നും തിരിെച്ചത്തിയ ആദ്യ നാളുകളിൽ എല്ലാ അർഥത്തിലും അവനെ സ്നേഹിച്ചു. മൃദുലമായ രോമങ്ങളിൽ തലോടുമ്പോൾ ഓർമകളിൽ സാമിർ വന്നുനിറയും. കൈവിരലുകൾ കപ്പുമ്പോൾ കുട്ടിക്കാലത്ത് വിരലുകൾ നുണയുന്ന മകനെ ഓർമവരും, ചിലപ്പോഴൊക്കെ യൂക്കി മൃദുവായി കടിക്കും, നഖം ഉള്ളിലൊളിപ്പിച്ച് മാന്തുന്നതായി അഭിനയിക്കും, ചെറിയ മകനോടായിരുന്നു സാമിറിനും യൂക്കിക്കും എന്നേക്കാൾ കൂട്ട്. അവർ ഒരുമിച്ചുള്ള ബോൾ ഉരുട്ടിക്കളിയിൽ ഹരംപിടിച്ച് ദേഷ്യപ്പെടുന്ന യൂക്കിയെ കൗതുകപൂർവം കണ്ടുനിൽക്കും. ഒരു ബാപ്പയും മകൻ ഉപേക്ഷിച്ചുപോകുന്ന ഓർമകളെ ഇത്രമേൽ സ്നേഹിച്ചിട്ടുണ്ടാകില്ല.
യുക്രെയ്ൻ പൂച്ച നഖം ഉള്ളിലൊളിപ്പിക്കാനാവാതെ ചെറിയ മകനെ മാന്തിയപ്പോൾ ഇൻജക്ഷൻ എടുക്കാനായി സാൻവി സർക്കാർ ആശുപത്രിയിലേക്കും അവളുടെ നഖങ്ങൾ മുറിച്ചുമാറ്റാനും കുത്തിവെപ്പിനുമായി ഞാൻ മൃഗാശുപത്രിയിലേക്കും ഓടിയതിന്റെ അസ്വസ്ഥതകൾ ഇതുവരെ മാഞ്ഞുപോയിട്ടില്ല.
“ഒരു ജീവിയുടേയും നഖങ്ങൾ മുറിച്ചുമാറ്റരുത് ബാപ്പച്ചീ... ഓരോ ജീവികൾക്കും ഇരതേടാനും ശത്രുക്കളിൽനിന്നും രക്ഷപ്പെടാനുമാണ് കടവുൾ നഖങ്ങളും പല്ലുകളും നൽകിയിരിക്കുന്നത്.’’
കാടൻപൂച്ചകളുമായി യൂക്കിയും മിസ്റ്റിയും ശണ്ഠകൂടുന്ന കാഴ്ച പാത്തതിൽ പിന്നെയാണ് അതെന്നെ ഏറെ സങ്കടപ്പെടുത്തിയത്.
“സാമിർ സൊന്നത് മട്ടുംതാ നെജം. അവളുടെ നഖങ്ങൾ മുറിച്ചുമാറ്റരുതായിരുന്നു സാൻവീ.”
പ്രതിരോധിക്കാൻ കെൽപില്ലാതിരുന്നിട്ടും മിസ്റ്റിക്ക് തിരിച്ചാക്രമിക്കാനുള്ള ധൈര്യമായിരുന്നു യൂക്കിയുടെ സാമീപ്യം. അവന്റെ കരുതൽ നേരിട്ടറിഞ്ഞതിൽ പിന്നെയാണ് അവൾ യൂക്കിയോട് കൂട്ടായത്. പാതിമുറിച്ച നഖങ്ങളുമായി കാടൻപൂച്ചയെ പ്രതിരോധിക്കുന്ന അവളുടെ അടക്കിവെച്ച വീറും വാശിയും കണ്ട് സങ്കടപ്പെട്ടെങ്കിലും ഉള്ളിൽ അഭിമാനം തോന്നി.
കൊളംബോ ബണ്ഡാരനായകെ ഇന്റർനാഷനൽ ടെർമിനലിൽ സാമിറിനെ യാത്രയയച്ച് തിരിച്ചെത്തിയപ്പോൾ പ്രിയപ്പെട്ട ആരോ മരിച്ചപോലെ വീട് നിശ്ശബ്ദതയിലേക്ക് വീണുകിടന്നു; സാൻവി നിറകണ്ണുകളോടെ താടിക്ക് കൈകൊടുത്തും കുട്ടികൾ സോഫയിലുമായി സങ്കടപ്പെട്ടിരിക്കുന്ന കാഴ്ച.
“എന്തുപറ്റി സാൻവീ... എന്തിനാണ് സങ്കടപ്പെടുന്നത്..? ഒരു വർഷത്തിനകം സാമിർ തിരിച്ചെത്തുമല്ലോ...’’
“കുട്ടികളെന്തിനാ കരയുന്നത്?”
“മിസ്റ്റിയെ ഇന്നലെ രാത്രിമുതൽ കാണാനില്ല ബാപ്പച്ചീ”, മക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു.
“അതറിഞ്ഞതിൽ പിന്നെ സങ്കടപ്പെട്ടുള്ള ഇരുത്താ.”
“സാമിർ പോയ സങ്കടത്തിൽ വല്ലോട്ത്തും പതുങ്ങിയിരിക്കുന്നുണ്ടാകും.”
“ഈയിടെയായി ചില കാടൻപൂച്ചകൾ വീടിനപ്പുറത്തെ വെളിമ്പ്രദേശത്ത് മുരണ്ടു നടക്കുന്നു, അവറ്റകളുടെ സാമീപ്യം മണംപിടിച്ചറിയുന്ന നിമിഷം മിസ്റ്റിയ ബഹളംവെച്ചു തുടങ്ങും.”
“സാമിറിന്റെ യാത്രാ ഒരുക്കത്തിനിടയിൽ എനിക്കും മിസ്റ്റിയെ ശ്രദ്ധിക്കാനായില്ല”, സാൻവി സങ്കടപ്പെട്ടു.
“പറക്കമുറ്റിയാൽ എല്ലാവരും പോകും സാൻവീ, അതു വളർത്തു പൂച്ചയായാലും മക്കളായാലും.”
ചെറിയ മകന്റെ കണ്ണുകൾ കരഞ്ഞു തിണർത്തിരുന്നു, മകളാണെങ്കിൽ ഇതുവരെ ഒന്നും കഴിച്ചിട്ടുമില്ല.
“ആരെങ്കിലും എടുത്തോണ്ട് പോയിട്ടുണ്ടാകും” –മകൾ തേങ്ങലൊതുക്കി തറപ്പിച്ചു പറഞ്ഞു.
“ആരു കൊണ്ടുപോകാനാ... വളർത്തു മൃഗങ്ങളെയും മോഷ്ടിക്കുന്നവരുണ്ടാകോ... ഇക്കാലത്ത്?”
‘‘കുട്ടികൾക്ക് സംശയം അണലി മരുതിനെയാണ്.’’
‘‘സാൻവീ... യുെക്രയ്നിൽ ജനിച്ചുവളർന്ന പാസ്പോർട്ടുള്ള പൂച്ചയാ മിസ്റ്റിയ, അവളെ സംരക്ഷിക്കുക നമ്മുടെ ബാധ്യതയായിരുന്നു.
“പോലീസിൽ പരാതിപ്പെടാം.” ശ്രദ്ധക്കുറവിന് പരിഹാരമെന്നോണം സാൻവി പറഞ്ഞു.
“ഒരു പൂച്ചയ്ക്ക് വേണ്ടി ഒരു ഭരണകൂടവും ഒന്നും ചെയ്യില്ല, പശുവല്ലല്ലോ വെറും പൂച്ചയായിപ്പോയില്ലേ.”
‘‘ങ്ങളുടെ മാതൃരാജ്യംപോലെയല്ല എന്റെ ദ്വീപ്’’, അവൾ കെറുവിച്ചു.
യൂക്കിയെ സൈറ കൊണ്ടുപോയതിൽ പിന്നെ പ്രസരിപ്പ് നഷ്ടമായി വിവർണമായ വീടകം.
രണ്ടു ദിവസമായിട്ടും മിസ്റ്റിയെ കുറിച്ച് വിവരങ്ങളൊന്നുമില്ല. ആ പെൺകുട്ടി വിളിക്കുമ്പോൾ ഇനി എന്തുപറയും.
പൊടുന്നനെ പുറത്തെ ചീനിമരത്തിന്റെ കൊമ്പുകൾ അതിശക്തമായി ഉലഞ്ഞു. വല്ലാത്തൊരു അലർച്ചയും മുരൾച്ചയും കേട്ടു സാൻവിയും ഞാനും ഭയപ്പാടോടെ പുറത്തേക്കോടിയിറങ്ങി, ഭീമാകാരവും ചെങ്കണ്ണിൻ നിറമുള്ള കണ്ണുകളോടെ രണ്ടു കാടൻപൂച്ചകൾ ചീനിമരത്തിൽനിന്നും ഊർന്നിറങ്ങി, ചിറിനക്കി നുണഞ്ഞ്, പാതി അടർന്ന മീശയിളക്കി, ഉണങ്ങിക്കരിഞ്ഞ കുറ്റിക്കാട്ടിലെ ചെങ്ങണ പുല്ലുകൾ വകഞ്ഞുമാറ്റി ഒരു മിന്നായംപോലെ പടിഞ്ഞാറെ കുന്നിൻ ചെരുവിലേക്ക് ഓടിമറഞ്ഞു...
ചോരയിൽ കുതിർന്ന് അവസാന ശ്വാസത്തിനായി പിടയുമ്പോഴും യൂക്കി വരുമെന്ന വിശ്വാസത്തിൽ പാതിയടഞ്ഞ കണ്ണുകളും മുറിച്ചുമാറ്റിയ ഇത്തിരി നഖങ്ങളുമായി മിസ്റ്റിയ, എത്രയൊക്കെ പ്രതിരോധിച്ചിട്ടും പ്രിയപ്പെട്ടവളെ രക്ഷിക്കാനാകാതെ ചീനിമരത്തിന്റെ ഒടിഞ്ഞ ചില്ലയിൽ അള്ളിപ്പിടിച്ചിരിക്കുന്ന യൂക്കിഗാഫരു. ഓടിമറഞ്ഞ കാടൻപൂച്ചകൾക്ക് ശണ്ഠക്കൊതിയന്മാരായ കണ്ടൻപൂച്ചകളുടെ ക്രൂരമായ മുഖച്ഛായ ഉള്ളതായി അവന് തോന്നിയിരിക്കാം. സൈറയുടെ സംരക്ഷണത്തിൽനിന്നും ഇത്രയേറെ ദൂരം പിന്നിട്ട് യൂക്കി എങ്ങനെയാണ് ഇവിടെയെത്തിയതെന്നാണ് അത്ഭുതം. മുറിവേറ്റ ഓർമകളിലെവിടെയോ യുദ്ധവിമാനങ്ങൾ ഇരമ്പിപ്പായുന്നതിന്റെയും, ഡ്രോണുകൾ തീതുപ്പി മിസൈലുകൾ വർഷിക്കുന്നതിന്റെയും ഭീതി മിസ്റ്റിയയുടെ കണ്ണുകളിൽ നിഴലിച്ചിരുന്നു. പൂച്ചവിലാപങ്ങൾക്കിടയിൽ സങ്കടവും പ്രതിഷേധവും നിറഞ്ഞ സാമിറിന്റെ വാക്കുകൾ അശരീരിയായ് ചുറ്റും മുഴങ്ങിക്കേട്ടു.
“ഒരു ജീവിയുടേയും നഖങ്ങൾ മുറിച്ചുമാറ്റരുത് ബാപ്പച്ചീ... ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനെങ്കിലും വളർത്തുമൃഗങ്ങൾക്ക് നഖങ്ങൾ കൂടിയേ തീരൂ.”
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.