ബർഹൂത്

1. ഭൂമിയുടെ അന്തരാത്മാവിലേക്ക് തുളച്ചുകയറുന്നൊരു ദ്വാരം. അതിന്റെ ആഴങ്ങളിൽ കുടുങ്ങുന്ന ജീവന് മുക്തി അസാധ്യമെന്ന് ചരിത്രം. എന്നേക്കുമായി തുറക്കപ്പെട്ട വിസ്തൃതമായ വാവട്ടത്തിലൂടെ വെളിച്ചം കടക്കാത്ത അഗാധതയിലേക്ക് അത് നിങ്ങളെ ക്ഷണിക്കും. കൂട്ടം തെറ്റി പറക്കുന്ന പക്ഷികൾ, വഴിതെറ്റി അലയുന്ന ആടുകൾ, തെന്നിവീഴുന്ന പാമ്പുകൾ, ദിശയറിയാത്ത കാറ്റ് എന്നിങ്ങനെ പലതുകൾ അതിനുള്ളിൽ കെട്ടടങ്ങും. യെമനിലെ അൽ മഹ്‌റ മരുഭൂമിയിലെ മണൽക്കുന്നുകളുടെ മടക്കിൽ താണിരിക്കുന്ന ഉത്തരം തരാത്ത തിരോധാനങ്ങളുടെ ഗഹ്വരം. അതിന്റെ അഗാധമായ അടിത്തട്ട് കണ്ടെത്താൻ സൂര്യനുപോലും ആവതില്ല. അസാധാരണ പ്രതിഭാസങ്ങളുടെ കഥകൾ പ്രവഹിക്കുന്ന...

1.

ഭൂമിയുടെ അന്തരാത്മാവിലേക്ക് തുളച്ചുകയറുന്നൊരു ദ്വാരം. അതിന്റെ ആഴങ്ങളിൽ കുടുങ്ങുന്ന ജീവന് മുക്തി അസാധ്യമെന്ന് ചരിത്രം. എന്നേക്കുമായി തുറക്കപ്പെട്ട വിസ്തൃതമായ വാവട്ടത്തിലൂടെ വെളിച്ചം കടക്കാത്ത അഗാധതയിലേക്ക് അത് നിങ്ങളെ ക്ഷണിക്കും. കൂട്ടം തെറ്റി പറക്കുന്ന പക്ഷികൾ, വഴിതെറ്റി അലയുന്ന ആടുകൾ, തെന്നിവീഴുന്ന പാമ്പുകൾ, ദിശയറിയാത്ത കാറ്റ് എന്നിങ്ങനെ പലതുകൾ അതിനുള്ളിൽ കെട്ടടങ്ങും. യെമനിലെ അൽ മഹ്‌റ മരുഭൂമിയിലെ മണൽക്കുന്നുകളുടെ മടക്കിൽ താണിരിക്കുന്ന ഉത്തരം തരാത്ത തിരോധാനങ്ങളുടെ ഗഹ്വരം. അതിന്റെ അഗാധമായ അടിത്തട്ട് കണ്ടെത്താൻ സൂര്യനുപോലും ആവതില്ല. അസാധാരണ പ്രതിഭാസങ്ങളുടെ കഥകൾ പ്രവഹിക്കുന്ന ഭൂമിയിലെ നരകം പോലൊരു സങ്കേതം.

രഹസ്യങ്ങൾ സംഭരിച്ച ആ കിണറിൽനിന്നും സന്ധ്യാ വേളകളിൽ അസഹ്യമായ ദുർഗന്ധം വമിക്കും. കിണറിന്റെ അടിത്തട്ട് കണ്ടെത്താൻ പുറപ്പെട്ട സാഹസികരാരും പിന്നീട് പുറത്തേക്കു വന്നിട്ടില്ല. ആകാംക്ഷയുടെ കയറിൽ തൂങ്ങിയിറങ്ങിയ ഒരു യുവാവ് കഷ്ടിച്ച് അമ്പതടി താഴ്ചയിൽ എത്തിയപ്പോൾ അലറിക്കൊണ്ട് തന്നെ ഉയർത്തുവാൻ കേണതും, അവനെ വലിച്ചു കയറ്റിയവരുടെ കയ്യിൽ നിലവിളിക്കുന്ന ഒരു ശിരസ്സു മാത്രം ലഭിച്ചതും ഭീകരകഥകളിൽ ഒന്നുമാത്രം. അവന്റെ ശരീരത്തിന്റെ ശിഷ്ടഭാഗം എവിടെ എന്ന ചോദ്യം സ്വന്തം മനസ്സിനോട് സ്വകാര്യമായി ചോദിക്കാൻപോലും ഗ്രാമവാസികൾ ഭയക്കുന്നു.

മനുഷ്യനോളം വലുപ്പമുള്ള തീച്ചിറകുകൾ വിടർത്തി കിണറ്റിൽനിന്നും പറന്നുയർന്നൊരു ജീവി ആട്ടിടയനായ തന്റെ സുഹൃത്തിനെ ഉള്ളിലേക്ക് വലിച്ചിട്ടത് കണ്ടവൻ പത്ത് ദിവസമാണ് പനിച്ചൂടിൽ വിറച്ചത്. ജിന്നുകൾ കെട്ടിയ ആ കിണറിനുള്ളിൽ പകൽ സമയങ്ങളിൽ ജലം ഒഴുകുന്ന ശബ്ദവും രാത്രിയിൽ ഉച്ചത്തിലുള്ള ഓരിയിടലും കേൾക്കാം. തണുപ്പ് കാലങ്ങളിൽ മരുഭൂമിയാകെ വിറങ്ങലിക്കുമ്പോൾ കേൾക്കുന്ന ‘ദുമ്മാ ദുമ്മാ...’ എന്ന് വിളിച്ചുകൊണ്ടുള്ള ഓരിയിടലിൽ അൽ മഹ്‌റ ഗ്രാമം നിന്നുലയും.

ജിന്നുകളുടെ നഗരമായ കിണറിന്റെ അടിത്തട്ടിൽ നിന്നുയരുന്ന ഓരോ ശബ്ദവും മരുഭൂമിയുടെ ഞരമ്പുകളെ കൊളുത്തിവലിച്ചു. കിണറിന്റെ പരിസരങ്ങളിൽ കാണുന്ന ജന്തുക്കളെല്ലാം ജിന്നിന്റെ വേഷപ്പകർച്ചകളാണ്. തീയിൽനിന്നും ജന്മംകൊണ്ട അദ്ഹരീദ്‌ ആണ് കിണറിന്റെ രാജാവ്, അതിനു ചെന്നായയുടെ മുഖവും മനുഷ്യ ശരീരവുമാണെങ്കിലും എപ്പോൾ വേണമെങ്കിലും രൂപം മാറി ആടോ പൂച്ചയോ മാനോ സ്ത്രീയോ പുരുഷനോ ആവാം. ഒറ്റക്ക് സഞ്ചരിക്കുന്ന മനുഷ്യന്റെയോ മൃഗത്തിന്റെയോ മുന്നിൽ ഒരു മുരൾച്ചയോടെ പ്രത്യക്ഷപ്പെട്ട് ഞൊടിയിടയിൽ അപ്രത്യക്ഷമാവുന്ന അദ്ഹരീദ്.

നരകത്തിലേക്കുള്ള ഈ കവാടത്തിലൂടെ പ്രവേശിക്കുന്നവർക്ക് മടക്കമില്ല. ആ പേര് ഉച്ചരിച്ചാൽപോലും അതിനുള്ളിലേക്ക് വീണുപോകാനുള്ള സാധ്യതകളേറുന്നു. അരികത്ത് വന്നു നിന്നാൽ കിണറിന്റെ കുലപതിയായ അദ്ഹരീദ് സേവകരായ ജിന്നുകളോട് ആ ജന്തുവിനെ കാലിൽ പിടിച്ചുവലിച്ചിടാൻ ആജ്ഞാപിക്കും. എത്ര ശക്തമായി ചെറുത്താലും നിങ്ങൾ അതിൽ വീണിരിക്കും.

2.

കണ്ണു തുറന്നപ്പോൾ ബ്രിട്ടാസ് ഒരു നീലക്കടലിൽ കിടക്കുകയാണ്. നീല കിടക്കവിരി, ചുറ്റും നീല കർട്ടൻ, എങ്ങും നീല വെളിച്ചം. ബ്രയാനും മൈക്കലും ഫൈസുവും അവനെ കരുതലോടെ നോക്കിനിൽക്കുന്നു.

‘‘പനി കുറഞ്ഞിട്ടുണ്ട്, മൂന്നു മണിക്കൂർ ഒബ്സർവേഷനിൽ കിടന്നിട്ട് പോകാം കേട്ടോ.’’ നീല യൂനിഫോമിട്ട നഴ്സ് മരുന്നിന്റെ കുറിപ്പടി ഏൽപിച്ചു മടങ്ങിപ്പോയി.

ബ്രയാൻ കർട്ടൻ നീക്കി മങ്ങിയ സായാഹ്നത്തെ മുറിയിലേക്ക് കടത്തിവിട്ടു. ആ കിടപ്പിലും അധികം അകലെയല്ലാത്ത ബുർജ് ഖലീഫയുടെ മുനമ്പ് ബ്രിട്ടാസിനു വ്യക്തമായി കാണാം. അതിനു ചുവട്ടിൽനിന്ന് മുകളിലേക്ക് തലയുയർത്തി നോക്കിയപ്പോഴാണ് അവന് നേരിയ തലചുറ്റലും നെഞ്ചിനൊരു പിടിത്തവും അനുഭവപ്പെട്ടത്. നാട്ടിൽനിന്നും പുറപ്പെട്ടപ്പോൾ തന്നെ ചെറിയ പനിച്ചൂടുള്ളതായി അവൻ ഫൈസുവിനോട് പറഞ്ഞിരുന്നു. യാത്രയുടെ ത്രില്ലിൽ ആരും അതത്ര ഗൗനിച്ചില്ല. കടൽത്തീരത്ത് പന്ത് കളിച്ചു നടന്ന നിക്കറുകാലം മുതൽ കണ്ണും കരളും ആയി മാറിയിരുന്ന നാല് ചങ്ങാതിമാർ. ഡൽഹിയിലെ താജ്മഹൽ കണ്ടതും, കശ്മീരിലെ ഹിമപർവതം കയറിയതും, ലക്ഷദ്വീപിലെ മുക്കുവന്മാരോടൊപ്പം മീൻ പിടിച്ചതും അവർ ഒരുമിച്ചായിരുന്നു.

അറേബ്യൻ ഡ്രീംസ് ട്രാവൽ കമ്പനിയുടെ വണ്ടിയും പാക്കിസ്ഥാനിയായ ഡ്രൈവർ ഗുലാം മുസ്തഫയും ആശുപത്രിയുടെ മുന്നിൽ കാത്തുനിൽപുണ്ട്.

‘‘മതി കിടന്നത്, എണീറ്റ് വാ ബ്രിട്ടു, ഇനി ബാക്കി ‘ഒബ്സർവഷൻ’ ഹോട്ടലിൽ പോയിട്ടാവാം.’’ ഫൈസു ധൃതി​െവച്ചു.

അവൻ ക്യാഷ് അടക്കാൻ റിസപ്‌ഷനിലേക്ക് പോയപ്പോൾ ബ്രിട്ടാസും ബ്രയാനും മൈക്കലും കാർ പാർക്കിങ്ങിനരികിലേക്ക് നടക്കാൻ തുടങ്ങി. വണ്ടിക്കുള്ളിൽ എഫ്.എം കേട്ട് കട്ടൻചായ കുടിച്ചുകൊണ്ടിരുന്ന ഗുലാം അവരെ കണ്ട് മൈലാഞ്ചിത്താടി തടവി ചിരിച്ചുകൊണ്ട് ചോദിച്ചു, ‘‘സബ് ടീക്ക്?’’ മുപ്പത് വർഷത്തോളം ദുബായിൽ ഇതേ ജോലി ചെയ്തിരുന്ന ഗുലാം പ്രവാസത്തിന്റെ അവസാന നാളുകളിലാണ്. വയസ്സേറിയതിന്റെ അസ്വസ്ഥതകൾ അയാളിലൂടെ ചുമയായും വായുകോപമായും രക്ഷപ്പെട്ടുകൊണ്ടിരുന്നു.

‘‘എടാ, ആരേലുമൊന്ന് വന്നേ...’’ പെട്ടെന്ന് കാറിനരികിലേക്ക് ഓടിവന്ന ഫൈസു ഡോർ തുറന്ന് ബ്രയാന്റെ കയ്യിൽ പിടിച്ചുവലിച്ചു റിസപ്‌ഷനിലേക്ക് ധൃതിവെച്ച് നടന്നു.

‘‘ആ ക്യാഷിലിരിക്കുന്ന പെണ്ണിനെ കണ്ടോ?’’ ഫൈസു കിതച്ചു.

‘‘ഞാൻ ശ്രദ്ധിച്ചില്ല, എന്ത് പറ്റി?’’

ഫൈസു അവനെ പിന്നിൽനിന്നും ഉന്തി റിസപ്‌ഷനിലേക്ക് കയറ്റിവിട്ടു. ബ്രയാൻ ഒന്ന് കണ്ണുപായിച്ചതേയുള്ളൂ. ഞെട്ടലോടെ പുറത്തേക്ക് വന്ന അവൻ ഫൈസുവിനോട് പറഞ്ഞു, ‘‘അവൾ തന്നെ. ആ കണ്ണ് കണ്ടില്ലേ! പച്ച ഗോലി മാതിരി തിളങ്ങുന്നു.’’

ഹോട്ടലിൽ എത്തും വരെ ബ്രയാൻ താൻ കണ്ട വിസ്മയത്തെ ബ്രിട്ടാസിനോടും മൈക്കലിനോടും പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

‘‘ഏയ്, അവളാവില്ല, നമ്മുടെ തുറയിൽനിന്നും ഇത്രേം ദൂരെ ഒരു പെണ്ണ് ഒറ്റയ്ക്ക് എത്തിപ്പെട്ടെന്നോ, നടക്കുന്ന കാര്യം പറ ബ്രയാനെ നീ.’’ അപ്പോൾ മൈക്കലിന്റെ മനസ്സിലൂടെ അനുജത്തിയുടെ കൈയും പിടിച്ച് ഉണക്കമീൻ മണമുള്ള തെരുവിലൂടെ ഒരു സുന്ദരി പെൺകുട്ടി പള്ളിക്കൂടത്തിലേക്ക് പോകുന്നുണ്ടായിരുന്നു.

‘‘ഇത്രേം വർഷങ്ങൾക്കു ശേഷം കണ്ടിട്ടും ഒരു മാറ്റവുമില്ല, അജ്ജാദി പെണ്ണായിരുന്നില്ലേ!’’ മദ്രസയിൽ ഒരുമിച്ചിരുന്ന് ഓത്തു പഠിച്ച നാളുകളോർത്ത് ഫൈസു വിരലുകൾ എണ്ണി, ‘‘പതിനെട്ട് വർഷം!’’

അന്ന് രാത്രി അവർ നാലുപേരും ഉറങ്ങിയില്ല. ജുമൈറ ബീച്ചിലെ പച്ച കലർന്ന നീലജലം അവരെ അവളുടെ കണ്ണുകളിൽ മുക്കിയിട്ടു. ഇടതൂർന്ന കൺപീലികളുടെ ഇളക്കങ്ങളിൽ ഒരു ചെറിയ കടലോര ഗ്രാമത്തെ ഒന്നാകെ പിടിച്ചുകുലുക്കിയിരുന്ന സൈത്തൂൺ ബീഗം!

‘‘അവൾ പേര് മാറ്റിയിട്ടുണ്ട്, ഞാൻ ശ്രദ്ധിച്ചു, നെഞ്ചത്തെ ബാഡ്ജിൽ സനാ ഫാത്തിമാന്നോ മറ്റോ ആണ്. എന്തൊക്കെ മാറ്റിയാലും ആ കണ്ണ് കണ്ടാ ആർക്കാടാ തെറ്റുക!’’

‘‘നിനക്ക് ചോദിക്കാരുന്നില്ലേ?’’

‘‘എന്ത് ചോദിക്കാൻ? കണ്ടപ്പ തന്ന വെറച്ചിട്ട് വയ്യാരുന്നു.’’

സൈത്തൂൻ ബീഗത്തെ കാണാൻ രാവിലെയും വൈകുന്നേരവും മുടങ്ങാതെ കാവൽ നിൽക്കുന്ന പലരിൽ നാല് പേർ എന്നല്ലാതെ അവർക്കെന്ത് പ്രത്യേകത! തുറയിലെ മറ്റു പെൺകുട്ടികളെ പോലെയല്ല, അവൾക്ക് ആറടിയോളം പൊക്കം വരും, വടിവൊത്ത ശരീരം, ഒട്ടും വളയ്ക്കാതെ തലയുയർത്തിയുള്ള നടപ്പ്, വില്ലു പോലുള്ള പുരികത്തിന് ഒരു വിരൽ കട്ടിയുണ്ടാവും. അവ പറക്കാൻ ഒരുങ്ങിനിൽക്കുന്ന പരുന്തിനെ പോലെ ചിറകു വിരിച്ചു നിൽക്കുന്നത് കണ്ടാൽ ആരുമൊന്നിളകും. അന്നാട്ടിലും സമീപമുള്ള നാടുകളിലും കാണാൻ കിട്ടാത്ത തൊലിനിറം.

ഫൈസു മേശപ്പുറത്തിരുന്ന ഡ്രൈ ഫ്രൂട്സിന്റെ കിറ്റ് പൊട്ടിച്ച് ഒരു ബദാമെടുത്ത് കടലിനു നേർക്ക് നീട്ടിപ്പിടിച്ചു, ‘‘ദാ ഈ നിറം, വെളുപ്പെന്നും പറയാൻ വയ്യ, തവിട്ടെന്നും പറയാൻ വയ്യ.’’ പണ്ട് യെമനിൽനിന്നോ പേർഷ്യയിൽനിന്നോ കപ്പലിൽ വന്ന കച്ചവടക്കാരിൽ ഉണ്ടായതാണ് അവളുടെ പൂർവികരെന്ന ജൽപിതങ്ങളിലൂടെയാണ് നാട്ടുകാർ ആ സൗന്ദര്യത്തിന് കാരണം കണ്ടെത്തിയിരുന്നത്. അല്ലാതെ ആലിക്കുട്ടി മൊയ്ല്യാരുടെ മോൾ ഇത്രയും ലക്ഷണമൊത്തവൾ ആവില്ലല്ലോ.

മഗ്‌രിബിന്റെ സമയമടുക്കുമ്പോൾ അവൾ തൂക്കുപാത്രത്തിൽ ചായയുമായി ദർഗയിൽ മുസ്‌ലിയാരുടെ അടുക്കലെത്തും. കുന്തിരിക്കത്തിന്റെയും മുല്ലപ്പൂവിന്റെയും ചന്ദനത്തിരിയുടെയും മിശ്രഗന്ധത്തിൽ ഒഴുകിയൊഴുകി അവൾ ദർഗയിലേക്ക് കയറി പോകുമ്പോൾ അവർ നാലുപേരും അടുത്തുള്ള പഴക്കടക്ക് മുന്നിൽ നനവു വറ്റിയ തൊണ്ടയോടെ നിൽപുണ്ടാവും. ദർഗയിൽ രോഗശാന്തിക്കും നേർച്ചകൾക്കുമായി വരുന്നവർ ആലിക്കുട്ടി മുസ്‌ലിയാരെ വീട്ടിലും ചെന്നും കാണും. പഴക്കുലയും പട്ടും മുല്ലപ്പൂവും ചന്ദനത്തിരിയും നേർച്ച കൊടുക്കാറുള്ള ദർഗയിൽ ഖബറടങ്ങിയിരിക്കുന്നത് ഫാത്തിമാ ബീബി എന്ന പെൺ സൂഫിയും അവരുടെ ഭർത്താവുമാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് അറബി നാട്ടിൽനിന്നും മതപ്രചാരണത്തിനായി ഇറങ്ങിത്തിരിച്ച ദമ്പതികൾ കപ്പൽഛേദത്തിൽപെട്ട് ഈ കരക്കടുത്തു.

അവർ തങ്ങൾ എത്തിപ്പെട്ട നാട്ടിൽ കൂരകെട്ടി പാർത്തു, ഫാത്തിമാസ ബീബിയുടെ അത്ഭുത സിദ്ധികൾ അറിഞ്ഞ് അന്നാട്ടിലും വിദൂര ദേശങ്ങളിലും ഉള്ളവർ രോഗശാന്തിക്കും ആഗ്രഹനിവർത്തിക്കുമായി അവരെ തേടിയെത്തിയിരുന്നു. വൈദ്യവും മന്ത്രവും ചേർത്ത് അവർ വിഭ്രാന്തി ഇളകിയ മനസ്സുകളെ പിടിച്ചുകെട്ടി, തരിശ് കിടന്ന ഗർഭപാത്രങ്ങളെ പുഷ്‌പിപ്പിച്ചു, ഉണങ്ങാത്ത വ്രണങ്ങളുടെ നീര് വറ്റിച്ചു, അടങ്ങാത്ത ബാധകളെ ഒഴിപ്പിച്ചു.

തന്റെ ശരീരം കാറ്റേറ്റും മഴയേറ്റും വെയിലേറ്റുമാണ് കിടക്കേണ്ടതെന്ന് അന്ത്യനാളുകളിൽ അനുയായികളോട് പറഞ്ഞിരുന്ന ബീബിയുടെ ആഗ്രഹപ്രകാരം പച്ചപ്പട്ടു വിരിച്ച അവരുടെ ഖബർ ദർഗക്കുള്ളിൽ മേൽക്കൂരയില്ലാത്ത ഒരു മുറിയിൽ ആകാശത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്നു. ദർഗയിലെത്തി ചന്ദനത്തിരി കത്തിച്ച് പട്ടു പുതപ്പിച്ച് മുല്ലപ്പൂമാല ചൂടിച്ച് ഖബറിൽ മുത്തി കണ്ണീർ ഉതിർത്തു പ്രാർഥനകൾ ചൊല്ലുന്നവരെ നോക്കി സൈത്തൂൻ ബീഗം നെടുവീർപ്പിടും. അവളുടെ ഉമ്മയുടെ ഖബർ അവൾ കണ്ടിട്ടില്ല. സഹോദരി ആഫ്രീന്റെ പ്രസവത്തിൽ അവർ മരണപ്പെട്ടിരുന്നു. പള്ളിക്കാട്ടിൽ എവിടെയോ ഉമ്മ കിടപ്പുണ്ടെന്ന് അവൾക്കറിയാം. ഉമ്മയുടെ നെറ്റിയിൽ മുത്തുമ്പോലെ അവൾ ഫാത്തിമാസ ബീബി എന്ന അറബ് സ്ത്രീയുടെ ഖബറിൽ മുത്താറുണ്ട്.

 

3.

രാവിലെ ദേരയിലെ ക്രീക്കിലേക്ക് പോകാൻ തുടങ്ങിയ ഗുലാം ചാച്ചായെ അവർ ആശുപത്രിയിലേക്ക് വഴിമാറ്റി വിട്ടു. ഫൈസുവിന് ബ്രിട്ടാസിനെയും മൈക്കലിനെയും കൂടി കാണിക്കണം ഇത് അവൾതന്നെയാണെന്ന്. കാർ പ്രധാന കവാടത്തിലേക്ക് കടക്കുമ്പോൾ ആശുപത്രി ബസിൽ വന്നിറങ്ങുന്ന സൈത്തൂൻ അവർക്ക് മുന്നിലൂടെ കടന്നുപോയി.

‘‘അതെ, അവളാണ്...’’ മൈക്കൽ എങ്ങലോടെ പറഞ്ഞു. പതിനെട്ടു വർഷങ്ങൾക്ക് മുമ്പുള്ള വൈകുന്നേരങ്ങളിലെ കുന്തിരിക്കഗന്ധം പരത്തി അവൾ നടന്നകലുന്നു. ബ്രിട്ടാസ് അവൾക്ക് പിന്നാലെ ഏതാനും അടി നടന്നപ്പോൾ അവൾ പെട്ടെന്ന് നിന്നു, തിരിഞ്ഞുനോക്കാതെ നിന്ന അവളുടെ മുന്നിലേക്ക് അവൻ ധൈര്യപൂർവം കയറിനിന്നു.

‘‘നീ ആലിക്കുട്ടി മുസ്‍ലിയാരുടെ മോളല്ലേ, എന്നെ അറിയില്ലേ?’’

ഇല്ലെന്ന് തല കുലുക്കി അവൾ നടന്നകന്നു. അവൻ വീണ്ടും അവളെ പിന്തുടർന്നു, ‘‘നമ്മൾ ഒരുമിച്ചല്ലേ ബീച്ച് ഹൈസ്‌കൂളിൽ പഠിച്ചത്, നമ്മൾ ഒരേ ബസ് സ്റ്റോപ്പിലല്ലേ ഇറങ്ങിയിരുന്നത്, ഓർക്കുന്നില്ലേ?’’ ഓർമകളെ പുറംലോകം കാട്ടാതെ അയവെട്ടി വിഴുങ്ങി ദഹിപ്പിക്കുന്ന വിചിത്ര ജന്തുവിനെപ്പോലെ അവൾ കഴുത്തു വെട്ടിച്ച് നടന്നകന്നു. പിന്നിലായി നടന്നുവന്ന മലയാളി സിസ്റ്ററോട് ബ്രിട്ടാസ് തിരക്കിയപ്പോൾ അവർ കൈമലർത്തി, ‘‘ആഹ്, ആർക്കറിയാം... പത്ത് പന്ത്രണ്ട് വർഷമായി ഒരുമിച്ച് ജോലിചെയ്യുന്നു, എവിടെന്നു വന്നോ ആർക്കൊപ്പം വന്നോ!’’

ഫൈസു അവളുടെ ചുവടുകൾക്കൊപ്പിച്ച് വണ്ടിയുടെ ഗ്ലാസിൽ താളമിട്ടു. മദ്രസയിൽ അവൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ അവളിൽനിന്നും ഒരൽപം അകലം പാലിക്കാറുണ്ടായിരുന്നു. സൈത്തൂന്റെ അടുത്തിരുന്നാൽ വല്ലാത്ത ചൂടാണ്, കുന്തിരിക്കം പുകയുന്നത് പോലൊരു പെൺകുട്ടി. അവൾ സൂചിയിൽ കൊരുത്ത നൂലിഴപോലെ എല്ലായ്പോഴും അനുജത്തി ആഫ്രീന്റെ കൈയും പിടിച്ചു നടന്നു. അടുത്തിരിക്കുന്ന പെൺകുട്ടികളുടെ തലയിലെ പേനുകൾ സൈത്തൂൻ ഇരിക്കുന്ന വശത്തുനിന്നും വരിവെച്ച് നടന്നു മാറി അപ്പുറത്തേക്ക് ചേക്കേറുന്നത് കണ്ടവരുണ്ട്.

ആർക്കെങ്കിലും തലവേദന വന്നാൽ അവളൊന്നു തടവിയാൽ മതി വേദന മാറും. സൈത്തൂൻ കുട കൊണ്ടുവരാത്ത ദിവസങ്ങളിൽ മഴ പെയ്യാറില്ലെന്നും അവൾ പാടുമ്പോൾ കിളികൾ പറന്നു വരാറുണ്ടെന്നും പെൺകുട്ടികൾ പറയുമ്പോൾ ആൺകുട്ടികൾ വെള്ളത്തിനു മേൽ നടക്കുന്നതുപോലെ ഭൂമിയിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പതിയുന്ന അവളുടെ ചുവടുകളെ കുറിച്ചാണ് പറയുക.

ആലിക്കുട്ടി മുസ്‍ലിയാർ തെങ്കാശിയിലെ ദർഗയിൽ ചന്ദനക്കുടത്തിനു പോയ ദിവസം വീട്ടിൽ വന്നൊരു രോഗിയുടെ തള്ളവിരലിലെ പഴുപ്പ് സൈത്തൂൻ തടവി വറ്റിച്ചുവെന്ന വാർത്ത അവളുടെ പത്താം ക്ലാസ് കാലഘട്ടത്തിലാണ് തുറയിലാകെ പരക്കുന്നത്. ശേഷം സ്‌കൂളിൽ പന്ത് കളിക്കവെ കാൽ ഉളുക്കിയ ഒരു കുട്ടിയെ സാന്ത്വനിപ്പിക്കാനായി അവളൊന്ന് തടവിയപ്പോൾ നിമിഷങ്ങൾക്കകം കുട്ടി വേദന മാറി എണീറ്റ് നടന്നുവെന്ന് കേട്ടു. സ്‌കൂളിലെ മരച്ചുവട്ടിൽ ഒറ്റക്കിരുന്ന് ചോറ് തിന്നുന്ന സൈത്തൂന്റെ അരികിൽ സ്ഥിരമായി ഒരു ഞൊണ്ടി കാക്ക വന്നിരിക്കാറുണ്ടായിരുന്നു. അവളിട്ടു കൊടുക്കുന്ന വറ്റ് തിന്ന ആ കാക്കയുടെ കാലിന്റെ വളവ് മാറിയ കഥ ഫൈസു ഉൾപ്പെടെ പറഞ്ഞു നടന്നിട്ടുള്ളതാണ്. ആലിക്കുട്ടിയുടെ മകളും അയാളെ പോലെ സിദ്ധികൾ ഉള്ളവളാണ്. അങ്ങനെ, തുറയിൽ ജന്മമെടുത്ത ഫാത്തിമാസ ബീബിയുടെ പുതു രൂപമായി മാറിക്കൊണ്ടിരുന്നു സൈത്തൂൻ ബീഗം.

‘‘യേ ഇഥർ നഹി ചാലേഗാ...’’ ഗുലാം ചാച്ച ബ്രിട്ടാസിനെ വിരട്ടി. പെണ്ണുങ്ങളെ പിന്തുടർന്ന് ശല്യം ചെയ്യുന്ന ഏർപ്പാടൊക്കെ സ്വന്തം നാട്ടിൽ മതിയെന്ന് പറഞ്ഞ് അയാൾ വണ്ടി മുന്നോട്ടെടുത്തു. ഇനിയുള്ള നാല് ദിവസങ്ങളിൽ ക്രീക്കും മിറക്കിൾ ഗാർഡനും ദുബായ് ഫ്രയിമും തുടങ്ങി എത്രയോ കാഴ്ചകൾ കാണാൻ കിടക്കുന്നു. പക്ഷേ ബ്രയാനും ബ്രിട്ടാസിനും മൈക്കലിനും ഫൈസുവിനും കാഴ്‌ചകളോടുള്ള ആവേശം തിരമാലകളെ പോലെ വന്നപാടെ മടങ്ങിപ്പോയി.

കടൽ ആത്മവികാരം പൂണ്ടുനിന്നൊരു അമാവാസി രാത്രിയിലാണ് സൈത്തൂനും കുടുംബവും തുറയിൽനിന്നും അപ്രത്യക്ഷമാകുന്നത്. തമിഴ്‌നാട്ടിലെ ഏതെങ്കിലും ദർഗയിൽ തീർഥാടനയാത്ര പോയതാകുമെന്ന് കരുതി ഒരാഴ്ചയോളം നാട്‌ അവർക്കായി കാത്തിരുന്നു. അവർ വന്നില്ല. മുൻവാതിൽ അകത്തുനിന്നും പൂട്ടിയ പരുവത്തിലും, പിൻവാതിൽ തുറന്നിട്ട അവസ്ഥയിലും കിടന്ന ആ വീട് ദിവസങ്ങളോളം അവർക്കായി കാത്തുകിടന്നശേഷം മെല്ലെ സമാധിയാവുകയായിരുന്നു. വീട്ടുപകരണങ്ങളും മറ്റും ഉപയോഗം വരുന്നതിനനുസരിച്ച് ബന്ധുക്കൾ ഓരോരുത്തരായി പെറുക്കിയെടുത്തു.

ദർഗയിൽ ഇത്രയേറെ വർഷങ്ങൾ പണിയെടുത്തിരുന്ന മുസ്‌ലിയാർ, നല്ല വരുമാനമുള്ള പണികൾ പലതും കൈയിലുണ്ടായിരുന്ന മുസ്‌ലിയാർ എന്തിനിങ്ങനെ നാടു വിടണം! ബാധ ഒഴിപ്പിക്കുവാൻ തന്നെ ഒരു ദിവസം പത്താളെങ്കിലും അയാളെ കാണാൻ വരും. ആലിക്കുട്ടി തലയിൽ പച്ചത്തുണി മൂടി നെറ്റിയിൽ തൊട്ട് ഫാത്തിഹ ചൊല്ലിയാൽ ഇളകി നിൽക്കുന്ന പ്രാന്തു പോലും കെട്ടടങ്ങും. കോഴിയും പട്ടും തിരിയും നേർച്ച കൊടുക്കുന്ന ശനിയാഴ്ചകളിൽ മുസ്‌ലിയാർക്ക് ഇശാഅ് നമസ്കാരത്തിന് പള്ളിയിൽ എത്താൻകൂടി കഴിയാറില്ല. അന്നേദിവസം അതുവഴി പായുന്ന പ്രൈവറ്റ് ബസുകാർക്ക് ആലിക്കുട്ടിയുടെ വീടിനു മുന്നിലെ ഇല്ലാത്ത സ്റ്റോപ്പിൽ ചവിട്ടേണ്ടിവരാറുണ്ട്.

ആവലാതികളുമായി വരുന്നവർക്ക് ആലിക്കുട്ടി ഷംസ് അൽ മആരിഫ് എന്ന ഗ്രന്ഥത്തിന്റെ പത്തൊമ്പതാം അധ്യായത്തിലെ നിഗൂഢ മന്ത്രങ്ങൾ ഉരുവിട്ട് ചരടുകൾ കെട്ടി കൊടുക്കും. ഷംസ് അൽ മആരിഫിലെ ചക്രങ്ങളും ചതുരങ്ങളും സൂത്രവാക്യങ്ങളായി ആലിക്കുട്ടിയുടെ ചുണ്ടിൽനിന്നും തീ പോലെ പാറും. ആടിനെ പുലിയാക്കാനും പല്ലിയെ പാമ്പാക്കാനുമുള്ള തന്ത്രങ്ങൾ അയാൾക്കറിയാം. മനുഷ്യനെ പഴുതാരയാക്കി ആരുടെ മുറിയിലും രഹസ്യങ്ങളറിയാൻ കടത്തിവിടുന്ന തന്ത്രം അറിയുന്ന ആലിക്കുട്ടി അന്യമതസ്ഥരെ പോലും ആകർഷിച്ചു.

രാത്രി വീടിന്റെ കിഴക്കുള്ള ആലിക്കുട്ടിയുടെ ചെറിയ മുറിയിൽ കുന്തിരിക്കം പുകയുമ്പോൾ, അവിടന്ന് ഭ്രാന്തമായ നിലവിളികൾ ഉയരുമ്പോൾ സൈത്തൂൻ പേടിച്ച് പായിൽ ചുരുണ്ടുകൂടി കിടക്കും. പണ്ട് ഉമ്മ കിടന്നിരുന്ന കുടുസ്സുമുറിയുടെ കോണോട് ചേർത്ത് വിരിച്ച പായയിൽ ചരിഞ്ഞുകിടന്ന് അവൾ കാതുകൾ പൊത്തിപ്പിടിച്ച് ഭൂമിയിലേക്ക് ആഴ്ന്നു പോയെങ്കിലെന്ന് ഫാത്തിമാസ ബീബിയെ വിളിച്ചു പ്രാർഥിക്കും. വായിൽ നുരയും പതയും ഒഴുക്കിക്കൊണ്ട് ആളുകൾ താങ്ങിക്കൊണ്ടു വന്ന ചുഴലി ബാധിച്ച ചെറുപ്പക്കാരനെ കണ്ട് ഭയന്ന സൈത്തൂൻ രാത്രികൾ ഉറക്കം കിട്ടാതെ ആഫ്രീനെ കെട്ടിപ്പിടിച്ചു കിടന്നു. പേടി മാറാൻ ആലിക്കുട്ടി ഓതി ഊതിയ ചരടുകൾ അവളുടെ ശരീരത്തെ പലയിടങ്ങളിലായി ബന്ധിച്ചിട്ടു.

4.

തുടർന്നുള്ള രണ്ടു ദിവസങ്ങളും അവർ വൈകുന്നേരങ്ങളിൽ അവളെ പിന്തുടർന്നു. ആശുപത്രി വാഹനം പോകുന്നതിനു പിന്നാലെ അവർ ചാച്ചയെ പായിച്ചു. അവരെ ചീത്ത വിളിച്ചുകൊണ്ടാണെങ്കിലും അയാൾ വിചിത്രമായ ഈ ടൂർ ഒരു വെല്ലുവിളി കണക്ക് ഏറ്റെടുത്തു. അവൾ വണ്ടി ഇറങ്ങുന്ന ഇടം ധനികരായ അറബികളും യൂറോപ്യന്മാരും താമസിക്കുന്ന വില്ലകൾകൊണ്ട് സമൃദ്ധമായ സ്ട്രീറ്റ് ആണെന്ന് ചാച്ച പറഞ്ഞിരുന്നു. വെറും ഒരു ആശുപത്രി ജീവനക്കാരിയായ പെണ്ണ് ഇവിടെയോ താമസം എന്നയാൾ അതിശയത്തോടെ ചോദിച്ചിരുന്നു.

കടൽ കറുത്ത ആ രാത്രിയിൽ തീരത്തു നിന്നും കാണാതായ സൈത്തൂൻ എന്ന പെൺകുട്ടിയെ മൈക്കലാണ് അവസാനമായി കണ്ടത്. അന്ന് വൈകിട്ട് പന്ത്രണ്ടാം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് വാങ്ങാൻ എല്ലാവരും സ്‌കൂളിൽ വന്നിരുന്നു. ഒപ്പം അവളും. തമ്മിൽ പിരിയുമ്പോൾ തുടർപഠനത്തിനായുള്ള കോളേജുകളെ കുറിച്ചുള്ള ചർച്ചകളിൽ ആയിരുന്ന പെൺകുട്ടികളുടെ ഇടയിൽ ദൂരേക്ക് കണ്ണും നട്ടിരിക്കുന്ന സൈത്തൂനെ അവൻ ശ്രദ്ധിച്ചിരുന്നു. എല്ലാവരും പിരിഞ്ഞു പോയിട്ടും അവൾ ജനാലയഴികളിൽ മുറുകെ പിടിച്ചുകൊണ്ട് അകലെ കേൾക്കുന്ന കടലൊച്ചയിലേക്ക് നോക്കിനിൽപ്പുണ്ടായിരുന്നു.

സൈത്തൂ​ന്റെ കണ്ണുകളിൽ പടർന്നിരുന്ന കറുപ്പ് ഷംസ് അൽ മആരിഫിലെ വൃത്തങ്ങളുടെയും ചതുരങ്ങളുടെയും നിഴലുകളായിരുന്നു. അവൾക്കുള്ളിൽ കനംവെച്ചു കിടന്നിരുന്നത് അപസ്മാരത്തിന്റെ നുരയും ബാധമൂർച്ഛയിൽ മലർന്ന കണ്മിഴികളും ആയിരുന്നു. കാലുകൾ അനക്കുമ്പോൾ ചങ്ങലപോലെന്തോ കിലുങ്ങുന്നുവെന്ന തോന്നലിൽ അവൾ ജനാലയഴികളിൽ മുറുകെ പിടിച്ചുകൊണ്ട് വിരലുകൾ പോലും അനക്കാതെ നിശ്ചലം നിന്നു.

കോളേജിൽ പോകാനുള്ള തീരുമാനം ആലിക്കുട്ടിയെ അറിയിച്ച ദിവസം ആഫ്രീന്റെ മുന്നിലൂടെയാണ് അയാൾ അവളെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് കിഴക്കുഭാഗത്തുള്ള ആ മുറിക്കുള്ളിലേക്ക് കൊണ്ടുപോയത്. എനിക്ക്‌ പഠിക്കണം വാപ്പാ എന്നുള്ള ദീന വിളികൾക്ക് മറുപടിയായി അയാൾ അവളെ കൊണ്ടിട്ടത് ആ കറുത്ത പുസ്തകത്തിന്റെ തുറന്നു വെച്ച ഏടുകൾക്ക് മുന്നിലാണ്. അവളോളം പൊക്കമുള്ള നിലവിളക്ക് തെളിയിച്ചുകൊണ്ട് അയാൾ അതിലെ പത്തൊമ്പതാം അധ്യായത്തിലേക്ക് അവളെ പൂഴ്ത്തിയിട്ടു. തനിക്കാവില്ലെന്ന അർഥത്തിൽ അവളിൽനിന്നും ഉടലെടുക്കുന്ന ഓരോ വാക്കിനും ക്രൂരമായ പ്രഹരങ്ങളിലൂടെ അയാൾ ഉത്തരം കൊടുത്തു. അവളെ തുറക്കാർ കാണുന്നത് ഫാത്തിമാസ ബീബിയുടെ തുടർജന്മമായിട്ടാണ്, അതിന്റെ പ്രതീക്ഷകൾ ആലിക്കുട്ടിയുടെ ഉള്ളിൽ പച്ച പട്ടു തുണികൾ വിടർത്തിയിട്ടിരുന്നു.

‘‘യെ ലഡ്കി മൽബാറി നഹി ലഗ്ത്തി...’’ ഗുലാം ചാച്ച റിയർ വ്യൂ മിററിലൂടെ നടന്നകലുന്ന അവളെ നോക്കി പറഞ്ഞു. അത് കേട്ടെന്നപോലെ സൈത്തൂൻ പെട്ടെന്ന് തിരിഞ്ഞുനോക്കി. അവളുടെ പച്ച കലർന്ന നീല കണ്ണുകളിൽ ചാച്ച പിടഞ്ഞു. ‘‘ഒയ്യ്, ദേഖ് ലിയാ!..’’ അയാൾ മുഖം കുനിച്ചിരുന്നു. സൈത്തൂൻ ഏതാനും നിമിഷങ്ങൾ അങ്ങനെ തന്നെ നിന്നു, അത്രയും സമയം അവർ അഞ്ചുപേരും തീച്ചൂളയിൽ എന്ന പോലുരുകി.

‘‘യെ ലഡ്‌കി ഹേ യാ ചൂടേൽ!’’ എന്ത് നോട്ടമാണിതെന്ന് ശപിച്ചുകൊണ്ട് ഗുലാം വണ്ടിയെടുത്തു. ആ നോട്ടത്തിൽ അയാളുടെ വണ്ടി രണ്ടുവട്ടം അറച്ചു നിന്നിട്ടാണ് മുന്നോട്ട് ചലിച്ചത്.

‘‘നിനക്ക് വീണ്ടും ചൂട് വരുന്നല്ലോ!’’ ബ്രിട്ടാസിന്റെ നെറ്റിയിൽ കൈവെച്ചുനോക്കി മൈക്കൽ.

‘‘ഇല്ല, കുഴപ്പമില്ല, ചെറിയ തലവേദന.’’ ബ്രിട്ടാസ് ഒരു പാരസെറ്റമോൾ വിഴുങ്ങി കണ്ണടച്ചിരുന്നു. അവന്റെയുള്ളിൽ സൈത്തൂനെ തുറയിൽ വെച്ചുകണ്ട അവസാന രാത്രി കറുത്തു കിടന്നു. അന്നും അവൾ പതിവുപോലെ ദർഗയിൽനിന്നും മടങ്ങിവരും വഴി അവൻ കാത്തുനിന്നിരുന്നു. സ്‌കൂൾ പിരിയും നേരം എല്ലാരും അന്യോന്യം ഓർക്കാനുള്ള സമ്മാനങ്ങൾ കൈമാറിയിരുന്നു.

ബ്രിട്ടാസ് അവൾക്കായി കരുതിയ ഒരു ജോടി വെള്ളിക്കൊലുസുമായി ദർഗയുടെ വാതിൽക്കൽ മറഞ്ഞുനിന്നിരുന്നു. അവൾ കടന്നുപോയപ്പോൾ കുന്തിരിക്കഗന്ധം പിടിച്ചുകൊണ്ട് അവൻ അവൾക്ക് പിന്നാലെ നടന്നു. ബസ് സ്റ്റോപ്പും കഴിഞ്ഞ് ഇടവഴിയിലേക്ക് തിരിയുന്ന വഴിയിൽ അവൾ എന്തോ നിലത്തു വീണെന്ന ഭാവേന കുനിഞ്ഞു. ഒരു കഷ്ണം പേപ്പർ നിലത്തുവീഴുന്നത് അവൻ കണ്ടു. ആകാംക്ഷയോടെ അവനത് ഓടിച്ചെന്നെടുത്തു. ‘‘പോ... ഞാൻ നിനക്കുള്ളതല്ല!’’ എന്നുള്ള താക്കീത് ചെറിയ അക്ഷരങ്ങളിലൂടെ അവൾ അവനോടു പറഞ്ഞു.

അന്ന് രാത്രി ആലിക്കുട്ടിയുടെ കിഴക്ക് ഭാഗത്തെ മുറിയിൽനിന്നും വന്ന ഏങ്ങലടികൾ കേട്ടാണ് സൈത്തൂൻ ഞെട്ടിയുണർന്നത്. ആഫ്രീൻ ഭീതിമേഞ്ഞ കണ്ണുകളോടെ അവിടേക്ക് നോക്കി നിൽപുണ്ടായിരുന്നു. ഒരു സ്ത്രീയുടെ ഭ്രാന്തമായ നിലവിളി ഉയർന്നുവരുകയും ഏതാനും നിമിഷങ്ങൾക്കുശേഷം അത് മുരൾച്ചയിലേക്ക് ഭാവം മാറുകയും ചെയ്തു. അപ്പോൾ ആലിക്കുട്ടി കഴുത്തിൽ ചുറ്റിയ പട്ടുതുണി ഒന്നുകൂടി വലിച്ചു മുറുക്കിക്കൊണ്ട് മുറിയിൽനിന്നുമിറങ്ങി പെൺകുട്ടികൾക്കരികിലേക്ക് വന്നു. ആകാശത്ത് വട്ടമിടുന്ന പരുന്തിന്റെ കണ്ണുകൾ കോഴിക്കുഞ്ഞിൽ പതിഞ്ഞെന്നപോലെ അയാൾ കാലുകൾ നീട്ടിവെച്ച് നടന്നടുക്കുന്നു. സൈത്തൂനെ കെട്ടിപ്പിടിച്ചു നിന്ന ആഫ്രീനെ പിടിച്ചുമാറ്റി അയാൾ അവളെ വീടിനു പുറത്തേക്ക് വലിച്ചിട്ടു.

തരിമണലിൽ കാലുകൾ പൂഴ്ന്നുപോയതു പോലെ നിന്ന അവളെ അയാൾ ബലമായി പിടിച്ചുകൊണ്ട് തന്റെ മുറിയിലെത്തിച്ചു. അവിടെ നിറവയറുമായി ഒരു സ്ത്രീ നിലത്ത് പായിൽ കിടക്കുന്നു, അരികത്തായി രണ്ടു പേരുണ്ട്. സൈത്തൂ​ന്റെ കണ്ണുകൾ അവരുടെ വയറിന്റെ മുഴുപ്പിലും മുഖത്തെ വലിഞ്ഞു മുറുകിയ പേശികളിലും ദയനീയമായി ഇഴഞ്ഞു. അവരുടെ ദേഹമാകെ നീലനിറം! വിഷം തീണ്ടിയതാണ്. ആലിക്കുട്ടി അവളെ വിളക്കിനു മുന്നിൽ പിടിച്ചിരുത്തി, ചമ്രം പടിഞ്ഞിരുന്ന അവളുടെ മുന്നിൽ ഷംസ് അൽ മആരിഫ് ഒരു കറുത്ത ശവപേടകംപോലെ തെളിഞ്ഞുവന്നു. സൈത്തൂൻ എഴുന്നേറ്റോടാൻ തുനിഞ്ഞു. അയാൾ ബലമായി അവളെ അവിടെ പിടിച്ചിരുത്തി.

‘‘നീ എഴുന്നേൽപിക്കണം ഇവളെ, നിന്റെ അവസരമാണിത്.’’ സൈത്തൂൻ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ അവളുടെ ചെകിട്ടത്തടിച്ചു.

‘‘ഇല്ല, എനിക്കിത് പറ്റില്ല, ഞാൻ ചെയ്യില്ല’’ എന്ന് പറഞ്ഞുകൊണ്ട് അവൾ ആ സ്ത്രീയോടൊപ്പം വന്നവരോട് പെട്ടെന്ന് ഏതേലും ആശുപത്രിയിലേക്ക് കൊണ്ടുപോകൂ എന്ന് കൈകൾ കൂപ്പി അപേക്ഷിച്ചു. കാര്യം നടക്കില്ലെന്ന് മനസ്സിലാക്കിയ അവർ വേഗത്തിൽ രോഗിയെയും എടുത്തുകൊണ്ട് സ്ഥലംവിട്ടു.

ആ രാത്രിയിൽ ആഫ്രീന്റെ കൈയും പിടിച്ചുകൊണ്ട് കടപ്പുറത്തുകൂടി ഇറങ്ങി ഓടിയ സൈത്തൂന്റെ പിന്നാലെ ആലിക്കുട്ടിയും പാഞ്ഞു. നനഞ്ഞ മണ്ണിൽ പതിഞ്ഞ അവളുടെ കാൽപ്പാടുകളിൽ അമാവാസി ഇരുട്ട് കോരിയിട്ടു. ആ കടലിന്റെ തിരകൾ അവസാനമായി അവളുടെ കാൽപാദങ്ങളെ അമർത്തി ചുംബിച്ചു. പിറ്റേന്ന് ആലിക്കുട്ടി സുബ്ഹിക്ക് ദർഗയിൽ വന്നില്ല, മഗ്‌രിബിനും അയാളെത്തിയില്ല.

5.

ഈജിപ്തിലെ പിരമിഡുകളുടെ മാതൃകയിലുള്ള വാഫി മാളിൽ കാഴ്‌ച കണ്ടു നടക്കവേ ഫൈസു ചോദിച്ചു, ‘‘എടാ, അവളിപ്പോ ഇവിടെ വന്നാൽ എങ്ങനുണ്ടാവും?’’

ഈജിപ്ഷ്യൻ പൗരാണികത പ്രസരിപ്പിക്കുന്ന ചിത്രങ്ങളുള്ള മേൽക്കൂരയിലേക്ക് മലർന്നുനോക്കി ബ്രയാൻ പറഞ്ഞു, ‘‘ഈ ചിത്രങ്ങളിലെ ഫറോവമാർ ജീവനോടെ ഇറങ്ങിവന്നാലും അവൾ വരാൻ പോണില്ല, ആരും കൊതിക്കണ്ട.’’

‘‘എങ്കിലും നമ്മൾ ഒന്നൂടെ ട്രൈ ചെയ്യേണ്ടിയിരുന്നു.’’ ബ്രിട്ടാസിന്റെ അഭിപ്രായം.

‘‘എങ്ങനേലും ചാച്ചയെ ചാക്കിട്ടെടുത്താൽ ഞാൻ റെഡി. അവൾക്ക് നമ്മളെ അറിയാമെന്നു ഒരുവട്ടമെങ്കിലും പറയിപ്പിക്കാതെ ഇവിടന്ന് വണ്ടികേറിപ്പോയാൽ നമ്മളെ പിന്നെ എന്തിനു കൊള്ളാം.’’ പുച്ഛഭാവത്തിൽ മൈക്കൽ.

വൈകുന്നേരം ആശുപത്രിയുടെ ബസ് എത്തുന്ന സമയം നോക്കി അവർ വില്ലകൾ നിറഞ്ഞ ജുമൈറയിലെ സ്ട്രീറ്റിൽ കാത്തുനിന്നു. സ്‌കേറ്റ് ചെയ്യുന്ന കുട്ടികളും, തലങ്ങും വിലങ്ങും പായുന്ന ഭക്ഷണ ഡെലിവറി ബൈക്കുകളും തെരുവു വാഴുന്ന സന്ധ്യ. ബസിൽ നിന്നിറങ്ങിയ സൈത്തൂൻ മുന്നേ പറഞ്ഞുറപ്പിച്ചതുപോലെ അവരുടെ വണ്ടിയുടെ നേർക്ക് തിരിഞ്ഞുനോക്കി വാ എന്ന് ആംഗ്യം കാട്ടി. അവർ നാല് പേരും സംശയത്തോടെ അവൾക്ക് പിന്നാലെ നീങ്ങി.

വില്ലയുടെ ഗേറ്റ് തുറന്നുപിടിച്ചു നിൽക്കുന്ന അവൾ അവരോട് വേഗം എന്ന് ആംഗ്യം കാട്ടി. പച്ചപ്പുല്ലും പെറ്റൂണിയ പുഷ്പങ്ങളും വെച്ചുപിടിപ്പിച്ച വിശാലമായ മുറ്റം. വാതിൽ തുറന്നത് അഫ്രീനാണ്. അവൾ സൈത്തൂനെക്കാൾ ഉയരം വെച്ചിരിക്കുന്നു, അവളുടെ ചുണ്ടുകൾ പരിചയം ഭാവിച്ചു. ഏറെ കാലം ഇടപെട്ട് പഴക്കമുള്ളതുപോലെ അവൾ അവരെ സ്വീകരിച്ചിരുത്തി. വിശാലമായ സ്വീകരണമുറിയിലേക്ക് അവൾ വാത്സല്യം തോന്നുന്ന കുഞ്ഞു കവാ കപ്പുകളുമായി വന്നു. സ്വർണ കിന്നരിയുള്ള അവയുടെ വശങ്ങളിലെ ചിത്രപ്പണികളിൽ മൈക്കൽ തലോടി. അഫ്രീൻ അവർക്ക് കവാ പകർന്നു കൊടുത്തു.

വസ്ത്രം മാറി വന്ന സൈത്തൂൻ അവർക്ക് അഭിമുഖമായി ഇരുന്നു. കൗതുകം തോന്നുന്ന കാഴ്ചവസ്തുക്കൾ നിറഞ്ഞ ആ മുറിയിലെ ഏറ്റവും വശ്യമായ ഒരു കൗതുകക്കാഴ്ചയായി അവൾ കാണപ്പെട്ടു.

‘‘നിങ്ങളെന്താണ് അന്വേഷിക്കുന്നത്?’’ നാല് പേരുടെയും മുഖത്തേക്ക് ഒരുപോലെ കണ്ണുകളുറപ്പിച്ച് അവൾ ചോദിച്ചു.

‘‘സൈത്തൂൻ ബീഗം അല്ലേ നീ? അത് സമ്മതിച്ചു തന്നാൽ മാത്രം മതി.’’ മൈക്കൽ പറഞ്ഞു.

 

‘‘അതേ, ഞാൻ തന്നെ സൈത്തൂൻ ബീഗം. പേര് മാറ്റിയത് എന്റെ മേൽ കറ പൂണ്ടു കിടന്ന ഭൂതകാലത്തെ കഴുകിക്കളയാൻ... എനിക്ക് അത്ഭുത സിദ്ധികളുള്ളവളായി അവിടെ പാർക്കാൻ വയ്യ. ആലിക്കുട്ടി മുസ്‍ലിയാരുടെ പാത പിന്തുടരാൻ എനിക്ക് മനസ്സില്ലായിരുന്നു...’’

ആലിക്കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് അവൾ ഏറെനേരം മറുപടി കൊടുക്കാതിരുന്നപ്പോൾ അഫ്രീൻ പറഞ്ഞു, ‘‘വാപ്പയുടെ കാര്യം ഞങ്ങൾക്കറിയില്ല... അത് ചോദിക്കരുത്...’’

അന്നു രാത്രി ആ കടൽക്കരയിൽ സംഭവിച്ചത് എന്തെന്നുള്ളതിന് നാട്ടിൽ പല കഥകളുണ്ട്. സൈത്തൂൻ ദർഗ കാണാൻ വന്ന ഏതോ വിദേശിക്കൊപ്പം ഒളിച്ചോടിപ്പോയതിന്റെ നാണക്കേട്‌ താങ്ങാനാവാതെ ആലിക്കുട്ടി അഫ്രീനെയുംകൊണ്ട് തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നത് ദർഗയിലെ ഖത്തീബ്‌ പറഞ്ഞ കഥ. സ്വന്തം പേരിൽ പുതിയ പള്ളി സ്ഥാപിച്ച് അവിടെ സൈത്തൂൻ ബീഗത്തെ ഇരുത്തി ക്രിയകൾ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ കടങ്ങൾ വീട്ടാൻ വയ്യാതെ നാടുവിട്ടെന്നത് ബന്ധുക്കൾ പറഞ്ഞ കഥ. ഇതൊന്നുമല്ല സൈത്തൂന് ഭ്രാന്തിളകി നാഗൂർ പള്ളിയിൽ ചങ്ങലക്കിട്ടു കിടത്തിയിരിക്കുന്നത് കണ്ടവരുണ്ടെന്നത് വേറൊരു കഥ.

ഈ കഥകൾക്കൊന്നും വഴിപ്പെടാതെ സൈത്തൂ​ന്റെ പുരികക്കൊടികൾ ഇപ്പോഴും എഴുന്നുതന്നെ നിൽക്കുന്നു. വളരെ ചുരുങ്ങിയ വാക്കുകളിൽ തന്റെ ജീവിതപ്രയാണം വെളിപ്പെടുത്തിയ സൈത്തൂൻ ഇനിയൊന്നും പറയാൻ തയാറല്ലെന്ന് മനസ്സിലാക്കി അവർ പോകാൻ എഴുന്നേറ്റു.

‘‘എങ്ങനുണ്ട് പനി?’’ അവൾ ബ്രിട്ടാസിനോട് ചോദിച്ചു.

‘‘പനി മാറി, പക്ഷേ വല്ലാത്ത ചെന്നിക്കുത്ത്.’’ അവൻ നെറ്റി തിരുമ്മിക്കൊണ്ട് പറഞ്ഞു.

സൈത്തൂൻ അരികിലേക്ക് വന്ന് അവന്റെ പുരികക്കോണുകളിൽ വിരലമർത്തി കണ്ണുകളടച്ചു നിന്നു. കുന്തിരിക്കത്തിന്റെ ഗന്ധം ബ്രിട്ടാസിന്റെ ശരീരത്തെ കുലുക്കിയുണർത്തി. കണ്ണുതുറന്നപ്പോൾ അവനു വല്ലാത്ത ആശ്വാസം തോന്നി, കണ്ണുകൾക്ക് വല്ലാത്ത തെളിച്ചം, ഞരമ്പുകൾ അയയുന്നു.

യാത്രപറഞ്ഞ് ഇറങ്ങാൻനേരം ഗേറ്റിനരികിൽ ആരോ വന്നു നിൽക്കുന്നതായി അവർ കണ്ടു. കൗമാരപ്രായമുള്ള മകളെയും താങ്ങിപ്പിടിച്ചുകൊണ്ട് അറബ് ദമ്പതികൾ വാതിലിനരികിലേക്ക് വരുന്നു. കുട്ടി അവരുടെ കൈയിൽനിന്നും കുതറി ഓടാൻ ശ്രമിക്കുകയും അഴിഞ്ഞമുടിയിട്ട് നിലത്തടിക്കുകയും ചെയ്യുന്നു. എന്നെ വിടൂ എന്ന് അലറിക്കൊണ്ട് അവൾ പിതാവിന്റെ കൈകളിൽ കടിക്കുകയും നിലത്തുകിടന്നു ഉരുളുകയും ചെയ്യുന്നു. വിഭ്രാന്തിയുടെ വേലിയേറ്റങ്ങളിൽ പെട്ട് അവളുടെ കൃഷ്ണമണികൾ മലക്കം മറിയുന്നു. ചോദ്യഭാവത്തിൽ സൈത്തൂ​ന്റെ മുഖത്തേക്ക് നോക്കിയ ഫൈസുവിനോട് അവൾ പറഞ്ഞു, ‘‘ചില ഒളിച്ചോട്ടങ്ങൾ വ്യർഥമാണ്. ആഴങ്ങളിലേക്കു മാത്രം വളരുന്ന കിണറാണിത്, അരികുകളിലേക്കോ ഉയരങ്ങളിലേക്കോ അതിനു വളർച്ചയില്ല.’’

പുറത്ത് ഗുലാം ചാച്ച കാത്തുനിൽപുണ്ടായിരുന്നു. അയാൾ വാതിൽക്കൽ കൊത്തിവെച്ചിരുന്ന വീട്ടുപേര് വായിച്ച് പാൻ ചവച്ച് ചുവന്ന നാവു നീട്ടി തുപ്പി.

‘‘ബർഹൂത്...’’ മൈക്കൽ ആ പേര് വായിച്ചു.

‘‘യെമനിലെ നരകക്കിണർ! ബർഹൂത് കിണറിനെ കുറിച്ച് കേട്ടിട്ടില്ലേ? അടുത്ത് ചെന്നവരാരും ഇന്നേവരെ ലോകം കണ്ടിട്ടില്ല. ജിന്നുകൾ വലിച്ചു അകത്തിടും...’’ താഴ്ന്ന ശബ്ദത്തിൽ മന്ത്രിച്ചുകൊണ്ട് ചാച്ച കാറിനരികിലേക്ക് നടന്നു. ഒപ്പം അവർ നാലുപേരും. ഒരു വീടിനിടാൻ പറ്റിയ പേരോ ഇതെന്ന് ഗുലാം ചാച്ച യാത്രയിലുടനീളം പഴിച്ചുകൊണ്ടിരുന്നു. അതേ, ബർഹൂത് അവളുടെ വീടിനിണങ്ങുന്ന പേരുതന്നെന്ന് ഒരേ നിമിഷത്തിന്റെ നാല് കോണുകളിൽ ഇരുന്ന് അവർ മർമരംകൊണ്ടു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-10-28 05:30 GMT