മെഹറീൻ

തീവണ്ടി പതിയെ നീങ്ങി നിശ്ചലമാവുന്നതിനിടയിൽ റെയിൽവേ സ്റ്റേഷന്റെ പേര് അയാൾ നടുക്കത്തോടെ കണ്ടു..! തൊട്ടടുത്ത പാളത്തിൽ മറ്റൊരു വണ്ടി നിൽപ്പുണ്ടായിരുന്നു. ആൺകുട്ടിയുടെ തോളിലൂടെ കൈയിട്ട്, അവനെ ശരീരത്തോടു ചേർത്ത് സീറ്റിലിരിക്കുന്ന അയാൾ, കമ്പാർട്​െമന്റിൽ പാട്ടുപാടാൻ തുടങ്ങിയ സൂഫി ഗായകന്റെ ശബ്ദത്തിനൊപ്പം പുറത്തേക്കുനോക്കി. ആ വണ്ടിക്കരികിൽ നിൽക്കുന്ന തീവണ്ടിക്കകത്തെ സീറ്റിലപ്പോൾ അയാൾ അയാളെത്തന്നെ കണ്ടു..! മുഖം ജനലഴിയോടു ചേർത്തു സൂക്ഷിച്ചുനോക്കി. ആ വണ്ടിയിലെ സീറ്റിലിരിക്കുന്ന അയാളുടെ മടിയിൽ ഒരു യുവതി കിടപ്പുണ്ട്, പ്ലാസ്റ്ററിട്ട അവളുടെ കൈയിലെ വിരലുകൾക്കിടയിൽ തസ്ബീഹ് മാല...

തീവണ്ടി പതിയെ നീങ്ങി നിശ്ചലമാവുന്നതിനിടയിൽ റെയിൽവേ സ്റ്റേഷന്റെ പേര് അയാൾ നടുക്കത്തോടെ കണ്ടു..! തൊട്ടടുത്ത പാളത്തിൽ മറ്റൊരു വണ്ടി നിൽപ്പുണ്ടായിരുന്നു. ആൺകുട്ടിയുടെ തോളിലൂടെ കൈയിട്ട്, അവനെ ശരീരത്തോടു ചേർത്ത് സീറ്റിലിരിക്കുന്ന അയാൾ, കമ്പാർട്​െമന്റിൽ പാട്ടുപാടാൻ തുടങ്ങിയ സൂഫി ഗായകന്റെ ശബ്ദത്തിനൊപ്പം പുറത്തേക്കുനോക്കി. ആ വണ്ടിക്കരികിൽ നിൽക്കുന്ന തീവണ്ടിക്കകത്തെ സീറ്റിലപ്പോൾ അയാൾ അയാളെത്തന്നെ കണ്ടു..! മുഖം ജനലഴിയോടു ചേർത്തു സൂക്ഷിച്ചുനോക്കി. ആ വണ്ടിയിലെ സീറ്റിലിരിക്കുന്ന അയാളുടെ മടിയിൽ ഒരു യുവതി കിടപ്പുണ്ട്, പ്ലാസ്റ്ററിട്ട അവളുടെ കൈയിലെ വിരലുകൾക്കിടയിൽ തസ്ബീഹ് മാല പിണഞ്ഞുകിടക്കുന്നു. അയാൾ അവളുടെ മുടിയിഴകൾ തലോടുന്നുണ്ട്. സൂഫിഗാനത്തിനൊപ്പം വണ്ടികൾ എതിർദിശകളിലേക്കു നീങ്ങുകയാണ്…

വടക്കോട്ടു പോവുന്ന തീവണ്ടി

അവളുടെ മുടിയിഴകൾ തലോടുന്നതിനിടയിൽ അയാൾ സീറ്റിലേക്കു ചാരിയിരുന്നു. വിരലുകൾക്കിടയിലെ തസ്ബീഹ് മാലയിലെ മുത്തുകൾ ഓരോന്നായി നീക്കിക്കൊണ്ട് അവളെന്തോ ചൊല്ലുന്നുണ്ട്. ‘‘മെഹറീൻ, നീയുറങ്ങിയോ..?’’ ‘‘ഞാനുറങ്ങിയിട്ട് ദിവസങ്ങളാവുന്നു..!’’ അവൾ പറഞ്ഞു. പുറത്തെ വരണ്ട ഭൂമിയിലേക്ക് അയാൾ മുഖംതിരിച്ചു. തീവണ്ടി തുരങ്കത്തിനുള്ളിലേക്കു കയറി പാഞ്ഞുകൊണ്ടിരുന്നു.

ഭാര്യ മരിച്ചശേഷം ഏറെനാൾ അയാൾ ലീവിലായിരുന്നു. അതിഥിതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കോളനിയിൽ മൂന്നുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ അയാൾക്ക് ജോലിയിലേക്കു പ്രവേശിക്കേണ്ടിവന്നു. ഭോപ്പാലിൽനിന്ന് സാനിറ്ററി ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പൂർത്തിയാക്കിയതിനാൽ അയാൾക്ക് ഹിന്ദിഭാഷ നല്ലപോലെ സംസാരിക്കാനാവുമായിരുന്നു. അതുകൊണ്ടുതന്നെയാണ് മെഡിക്കൽ ഓഫിസർ അയാളെ ജോലിക്കു തിരികെ വിളിപ്പിച്ചത്. സഹപ്രവർത്തകനൊപ്പം അയാൾ കോളനിയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ പോയി.

‘‘ഹരി സാറേ, നാളെ ഭാര്യയെ പ്രസവത്തിന് കൂട്ടിക്കൊണ്ടുപോവുകയാണ്. വീട്ടില്‍ ചെറിയൊരു പരിപാടിയുണ്ട്. സാറ് വീട്ടിലേക്ക് വരണം. ഗോപിസാറും ജോണും വരും.’’ സഹ പ്രവർത്തകന്റെ വാക്കുകൾ കേട്ട് അയാൾ സ്കൂട്ടർയാത്രക്കിടയിൽ അവനെ തല ചെരിച്ചുനോക്കി. ‘‘ഷാഫീ, അത് നീ കഴിഞ്ഞയാഴ്ച പറഞ്ഞതല്ലേ. ഞാന്‍ വന്നിരിക്കുമെടാ.’’ ‘‘ഇത്തവണത്തെ ശമ്പളപരിഷ്കരണവും കട്ടപ്പൊകയാവും, ഹരിസാറേ. മുടങ്ങിപ്പോയ ക്ഷാമബത്തയെങ്കിലും കിട്ടുമോ..?’’ അയാളപ്പോൾ, കൂലിവേലക്കായി കൂട്ടത്തോടെ പോവുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലൂടെ സ്കൂട്ടർ സൂക്ഷ്മതയോടെ ഓടിക്കുകയായിരുന്നു. ‘‘ഷാഫീ, നോക്ക്, ഈ കോളനിയിൽ ഇന്ത്യാരാജ്യം മൊത്തമുണ്ട്. അന്നംതേടി ദൂരങ്ങൾ താണ്ടിയെത്തിയവർ. ഇവരേക്കാൾ എത്രയോ ഭാഗ്യവാന്മാരല്ലേ, നമ്മൾ..?’’ കൊട്ടകളും ഷവലുകളും മൺവെട്ടികളുമായി ടിപ്പറിലേക്കു കയറുന്ന തൊഴിലാളികൾക്കടുത്ത് അയാൾ സ്കൂട്ടർ നിർത്തി. കോളനിയിലെ പനിബാധിതരുടെ വീടുകളിലേക്കവർ നടന്നു.

അയാളും സഹപ്രവർത്തകരും ആശാപ്രവർത്തകരും കോളനിയിലെ പരിസരശുചീകരണത്തെക്കുറിച്ച് ബോധവത്കരണം നടത്തി. അഴുക്കുവെള്ളം കെട്ടിനിൽക്കുന്നതു തടയാനുള്ള മാർഗങ്ങൾ ചെയ്തു. മാലിന്യങ്ങൾ എല്ലാവരും ഒരു സ്ഥലത്തുമാത്രം കൂട്ടിയിടാനും അവിടെനിന്ന് കൊണ്ടുപോകാനുമുള്ള സംവിധാനങ്ങളൊരുക്കി. ഒരുദിവസം കോളനിയിൽ ഫോഗിങ് നടത്തി മടങ്ങുമ്പോഴാണ് ആ വീടിനു മുന്നിലെ വലിയ പ്ലാസ്റ്റിക് തളികയിൽ ആമ്പൽപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് അയാൾ കാണുന്നത്. ഇറയത്തെ കൂടുകളിൽ പ്രാവുകൾ കുറുകുന്നു. മുറ്റത്തിരുന്ന് പാൻ ചുവക്കുന്ന സ്ത്രീയോട് അതിലെ വെള്ളം ഒഴുക്കിക്കളയാൻ അയാൾ ഹിന്ദിയിൽ പറഞ്ഞു. ആ സ്ത്രീ മുറിക്കുള്ളിലേക്കു നോക്കി, വിളിച്ചു. ‘‘മെഹറീൻ... ഹരേ, ഇദർ ആവോ.’’ നമസ്കാരക്കുപ്പായമിട്ട്, ഇരുട്ടു തിങ്ങിയ മുറിയിൽനിന്ന് പുറത്തേക്കുവന്ന യുവതിയുടെ മുഖം കണ്ട് അയാള്‍ അന്തിച്ചുനിന്നു..! ആ സൗന്ദര്യത്തിനു മുന്നിൽ അയാളുടെ കണ്ണുകൾ വിറകൊണ്ടു.

‘‘ക്യാ ഹേ..?’’

‘‘അത്...’’ അയാൾക്ക് വാക്കുകൾ കിട്ടാതായി. ചുണ്ടുകൾവിറച്ചു.

‘‘ഹിന്ദി മെ ബോലോ, സാബ്‌.’’

‘‘മേം...’’ അയാൾ അവളോടു ചിരിച്ചു. പിന്നീട്, ഹിന്ദിയിൽ സംസാരിച്ചു.

‘‘ഈ തളികയിലെ വെള്ളം ഒഴുക്കിക്കളയണം.’’

‘‘അപ്പോളെന്റെ ആമ്പൽ..!’’

‘‘ഇതിൽ കൊതുകുകൾ വളരുന്നുണ്ട്. നോക്കൂ...’’

‘‘ഞാനീ ചെടി എന്റെ ഗ്രാമത്തിലെ പുഴയിൽനിന്ന് കൊണ്ടുവന്നതാണ്.’’

‘‘എവിടെയാണ് ഗ്രാമം..?’’

‘‘ഉത്തരാഖണ്ഡിൽ. നൈനിറ്റാളിനടുത്ത്...’’ പ്രാവുകള്‍ അവളുടെ അരികിലേക്കു പറന്നുവന്നു.

‘‘മേലധികാരികൾ പരിശോധനക്കു വന്നാൽ ഇതൊരു പ്രശ്നമാവും.’’ അയാൾ അവളുടെ തിളങ്ങുന്ന കണ്ണുകളുടെ പിടിപ്പും മുഖത്തെ വൈഷമ്യവും ഉറ്റുനോക്കി. പരിചിതമായ മുഖഭാവങ്ങള്‍ കണ്ട് അയാൾ ചോദിച്ചു. ‘‘നിങ്ങൾക്കിതിൽ മീനുകളെ ഇടാമോ..?’’

‘‘ഇടാം. ഇന്ന് പണിയൊന്നും കിട്ടിയില്ല. നാളെ കിട്ടുമായിരിക്കും. പണികഴിഞ്ഞു വരുമ്പോൾ മീനുകളെ വാങ്ങാം.’’

‘‘ഹരിസാറേ, ഹിന്ദി മതിയാക്കി പോരൂ. ഡോക്ടർ ക്ലാസെടുക്കാൻ വന്നിട്ടുണ്ട്. വരൂ...’’ ആശാ പ്രവർത്തകക്കൊപ്പം നടന്നുനീങ്ങുമ്പോൾ അയാൾ അവളെ തിരിഞ്ഞുനോക്കി. ‘‘മെഹറീൻ... ആ തളികയെടുത്ത് അകത്തേക്ക് വെക്കണേ...’’ അവൾ ചിരിയോടെ ചെയ്യാമെന്ന് ആംഗ്യം കാണിച്ചു. അവളും മറ്റു സ്ത്രീകളും തളിക മുറിക്കുള്ളിലേക്കു കൊണ്ടുപോയി.

പ്രാർഥന കഴിഞ്ഞ് അയാളും മകനും അമ്പലത്തിലെ കരിങ്കൽപടവുകളിറങ്ങുമ്പോൾ, കൊട്ടകളും ആയുധങ്ങളുമായി തൊഴിലാളികൾ പാടവരമ്പത്തുകൂടെ നടന്നുവരുന്നുണ്ടായിരുന്നു. അമ്പലക്കുളത്തിലെ കുളികഴിഞ്ഞ് പൂക്കളുമായി പടവുകൾ കയറുന്ന പൂജാരി അയാളുടെ മകന്റെ ശിരസ്സിൽ തലോടി.

‘‘ഹരീ... ലീവ്കഴിഞ്ഞ് ജോലിക്ക് കയറിയല്ലേ..?’’

‘‘ങും.’’ മകൻ കുളത്തിലെ മീനുകളെ നോക്കാനായി നടന്നു.

‘‘വീടുപണി ഇനി തുടങ്ങുന്നില്ലേ..?’’

‘‘അവളുടെ വലിയ മോഹമായിരുന്നു സ്വന്തമായൊരു വീട്..! ഇനിയിപ്പൊ...’’

‘‘എല്ലാം ഓരോ വിധിയാ. നമുക്ക് തുറക്കാൻ പറ്റാത്ത...’’ പൂജാരി പടവുകൾ കയറുമ്പോൾ സോപാനത്തുനിന്ന് ഇടക്കകൊട്ടുന്ന ശബ്ദമുയർന്നു. കൂറ്റൻ ആൽമരത്തിന്റെ ശാഖകളിലിരിക്കുന്ന മയിലുകൾ ഒച്ചവെച്ചു. അയാൾ സ്കൂട്ടറിനരികിലേക്കു നടന്നു. തൊഴിലാളികൾ അമ്പലത്തിനരികിലെ റോഡിലേക്കു നടന്നെത്തിയിരുന്നു. പിറകിൽ നടക്കുന്ന സ്ത്രീകൾക്കിടയിൽനിന്നൊരു ശബ്ദംകേട്ട് അയാൾ തിരിഞ്ഞുനോക്കി. അത് അവളായിരുന്നു. സഞ്ചിയിൽനിന്ന്, വീർത്ത പ്ലാസ്റ്റിക് കവറെടുത്ത് അവളുയർത്തിക്കാണിച്ചു. കുറെ സ്വർണമീനുകളതിലെ വെള്ളത്തിൽ നീന്തുന്നു. അയാൾ അവളോടു ചിരിച്ചു. അവളും ചിരിച്ചു. മകൻ സ്കൂട്ടറിനരികിലെത്തി ഹോൺ മുഴക്കിയപ്പോൾ അയാൾ ഞെട്ടിത്തിരിഞ്ഞു, അവനരികിലേക്കു നടന്നു.

തളികയിൽനിന്ന് സ്വർണമീനുകൾ ജലോപരിതലത്തിലേക്കുയർന്നുവന്ന് ആമ്പലിലകൾക്കിടയിലൂടെ അയാളെ നോക്കി. പ്രാവുകള്‍ ഓടുകളിലിരുന്ന് കുറുകുന്നു. ഹിന്ദിയിൽ അച്ചടിച്ച ആരോഗ്യബോധവത്കരണ ലഘുലേഖകളുമായി അയാൾ അവളുടെ മുറിയുടെ മുന്നിൽ നിന്നു. മുറി പൂട്ടിക്കിടക്കുകയാണ്. ആളുകളുള്ള മുറികളിലെല്ലാം അയാൾ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. സ്വർണമീനുകൾ നീന്തിത്തുടിക്കുന്നതും നോക്കിനിൽക്കുമ്പോൾ അവൾ ഫോണിൽ സംസാരിച്ചു വരുന്നതുകണ്ടു. കൈയിൽ സഞ്ചിയുണ്ട്. അയാളെ കണ്ടയുടനെ സംസാരം അവസാനിപ്പിച്ച് അവൾ ഫോൺ സഞ്ചിയിലേക്കിട്ടു.

‘‘ഇത് വീണ്ടുമെടുത്ത് പുറത്ത് വെച്ചല്ലേ, മെഹറീൻ..?’’

‘‘വെയിൽ കൊള്ളാത്തതിനാൽ എന്റെ ആമ്പൽ വാടിപ്പോയി. ഇപ്പൊ മീനുകളുണ്ടല്ലോ. ഇനി കൊതുകുകൾ മുട്ടയിടില്ല.’’ അവൾ മുറിയുടെ പൂട്ടു തുറന്നു.

‘‘നൈനീറ്റാളിനടുത്താണോ നാട്..?’’

‘‘നൈനീറ്റാളിലേക്ക് ഞങ്ങളുടെ നാട്ടിൽനിന്ന് നാൽപ്പത് കിലോമീറ്റർ പോണം. റെയിൽവേ വികസനമെന്നു പറഞ്ഞ് ഞങ്ങൾ മുസ്‍ലിംകൾ വർഷങ്ങളായി പാർക്കുന്ന സ്ഥലങ്ങൾ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നാട്ടിൽ നടക്കുന്നുണ്ട്. സർക്കാറിനെതിരെ ഞങ്ങൾ കോടതിയെ സമീപിച്ചു. കേസ് നടക്കുകയാണ്. അതേപ്പറ്റി പറയാനാണ് ഭർത്താവിപ്പോൾ വിളിച്ചത്.’’ അവൾ വാതിൽ തുറന്നു.

‘‘ഭർത്താവിന് ജോലി..?’’

‘‘നാട്ടിലെ പള്ളി പരിപാലിച്ചും ബാങ്ക് വിളിച്ചും കഴിയുന്നു.’’

‘‘കുട്ടികൾ..?’’

‘‘ഒരാൺകുട്ടി. അഞ്ചാം ക്ലാസിൽ...’’

‘‘എനിക്കും ഒരു മകനാണ്. അവനും അഞ്ചാം ക്ലാസ്സിൽ... ഈ പ്രാവുകള്‍ മെഹറീൻ വളർത്തുന്നതാണോ..?’’

‘‘അതെ. രണ്ടെണ്ണത്തിനെ നാട്ടിൽനിന്നു വരുമ്പോൾ കൊണ്ടുവന്നതാ. അവ മുട്ടയിട്ടു പെരുകി...’’ ഒരു പ്രാവ് അവളുടെ തോളിൽവന്നിരുന്നു. ‘‘ഇന്ന് കോൺക്രീറ്റ് പണിയായിരുന്നു. ബിരിയാണി കിട്ടി. ഞാനവിടെനിന്ന് കഴിക്കാതെ ഇങ്ങോട്ട്പോന്നു. കുറച്ചു ബിരിയാണി എടുക്കട്ടെ..?’’ അവൾ സഞ്ചിയിൽനിന്നൊരു പൊതിയെടുത്തു.

‘‘മെഹറീനല്ലെ വലിയ അധ്വാനംകഴിഞ്ഞു വരുന്നത്. കഴിക്കൂ. ഈ ലഘുലേഖ വായിച്ചു മനസ്സിലാക്കണം. കുറച്ചധികം ഞാൻ വെച്ചിട്ടുണ്ട്, പൂട്ടിക്കിടക്കുന്ന മുറിയിലുള്ളവർക്കെല്ലാം കൊടുക്കണം.’’ അവൾ തലയാട്ടി, അയാളതെല്ലാം അവൾക്കു കൊടുത്തു. സഞ്ചിയിൽനിന്ന് ഗോതമ്പുമണികളെടുത്ത് അവള്‍ പ്രാവുകൾക്ക് ഇട്ടുകൊടുത്തു, അവ കൂട്ടത്തോടെ പറന്നിറങ്ങി. അവളുടെ ഫോൺ വീണ്ടും ശബ്ദിക്കാൻ തുടങ്ങി. ഒരാൺകുട്ടിയുടെ ചിരിയും ശബ്ദവും ഫോണിൽനിന്നയാൾ കേട്ടു. കുടിലുകൾക്കിടയിലൂടെ അയാൾ നടന്നു.

 

മുടങ്ങിക്കിടക്കുന്ന വീടിന്റെ പണി വീണ്ടും തുടങ്ങിയത് അയാളുടെ അനിയനാണ്. സ്ഥലം വാങ്ങുമ്പോഴും അടിത്തറയിടുമ്പോഴും വീടു വാർക്കുമ്പോഴും ഭാര്യ അയാൾക്കൊപ്പമുണ്ടായിരുന്നു, അവളില്ലാത്ത ആ വീട്ടിലേക്കു പോവാൻ അയാൾക്കായില്ല. പണിയെല്ലാം അനിയനാണ് നടത്തുന്നത്. ഞായറാഴ്ച അയാളവിടെയെത്തുമ്പോൾ വീടിനകം പണിക്കാർ സിമന്റു തേക്കുകയായിരുന്നു. മുറ്റത്തെ മരച്ചോട്ടിലിരുന്ന് വീടിനെ അയാൾ നോക്കി. ഭാര്യയുടെ ഓർമകൾ വീണ്ടും അലട്ടാൻ തുടങ്ങിയപ്പോൾ ഇരിപ്പുറച്ചില്ല.

റോഡിലേക്കു നടക്കുമ്പോൾ എന്തോ വീഴുന്ന ശബ്ദവും സ്ത്രീയുടെ കരച്ചിലും ആളുകളുടെ ബഹളവും വീടിനകത്തുനിന്നു കേട്ടു. ‘‘ലഡ്ക്കി ഗിർഗയി..! ലഡ്ക്കി ഗിർഗയി..!’’ പണിക്കാർ അയാളോടു വിളിച്ചുപറഞ്ഞു. അകത്തുനിന്ന് സ്ത്രീയെ താങ്ങിക്കൊണ്ടുവരുന്നതു കണ്ട് അയാൾ കാറിന്റെ ഡോർ തുറന്നു. വസ്ത്രങ്ങളിലും തലയിൽ കെട്ടിവെച്ച തുണിയിലും സിമന്റു പടർന്ന അവളെ കാറിലേക്കു കയറ്റുമ്പോൾ മുഖം അയാൾ കണ്ടു. ‘‘മെഹറീൻ...’’ കണ്ണുകൾ ചിമ്മി വേദന കടിച്ചമർത്തി കിടക്കുകയാണ്, അവൾ. മുൻ ഡോർ തുറന്നു കയറിയ അയാൾ കാർ വേഗം മുന്നോട്ടെടുത്തു.

വലതുകൈയുടെ എല്ലിനു പൊട്ടലുണ്ടായിരുന്നു. സിമന്റു പറ്റിപ്പിടിച്ച വസ്ത്രംമാറ്റി അവൾക്കിടാൻ പുതിയ വസ്ത്രം അയാൾ വാങ്ങി. പ്ലാസ്റ്റർമുറിയിൽവെച്ച് ഡോക്ടറും സഹായിയും എല്ലുകൾ ഇരുവശത്തേക്കും വലിച്ചു പ്ലാസ്റ്ററിടുമ്പോൾ അവൾ അയാളുടെ കൈകളിൽ അമർത്തിപ്പിടിച്ചു. ‘‘ഇന്തിയാസ്..! ഇന്തിയാസ്.!’’ അവൾ കരഞ്ഞു. ഒച്ച വെക്കല്ലേയെന്നു പറഞ്ഞ് അയാൾ അവളുടെ മണൽതരികൾ പുരണ്ട മുടിയിഴകളിലും നെറ്റിയിലും തലോടിക്കൊണ്ടിരുന്നു. മരുന്നുകളെല്ലാം വാങ്ങി, പണിക്കാർക്കൊപ്പം അയാൾ അവളെ കോളനിയിലേക്കു കൊണ്ടുപോയി.

മൂന്നു ദിവസം കഴിഞ്ഞപ്പോൾ, എലിപ്പനി പ്രതിരോധ മരുന്നുകളുമായി പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് വീടുകളിലേക്കു പോവാനൊരുങ്ങുന്നതിനിടയിൽ അയാൾ രോഗികൾക്കിടയിൽ അവളെ കണ്ടു. അവൾ അയാൾക്കരികിലേക്കു വന്നു. കൈയിലെ പ്ലാസ്റ്റർ കാണാതിരിക്കാൻ പുതപ്പ് ശരീരത്തിലൂടെ ഇട്ടിരുന്നു.

‘‘ഞാൻ നിങ്ങളെ കാണാൻ വന്നതാണ്.’’ അവള്‍ പറഞ്ഞു.

‘‘എന്തുപറ്റി..?’’ ഞങ്ങള്‍ ഹിന്ദിയിൽ സംസാരിക്കുന്നത് മറ്റുരോഗികൾ നോക്കുന്നുണ്ട്.

‘‘എന്റെ നാട്ടിൽ കലാപം തുടങ്ങി. ഞങ്ങളുടെ മഖ്‌ബറയും പള്ളിയും തകർത്തു.’’

‘‘പത്രത്തിൽ കണ്ടിരുന്നു, മെഹറീൻ...’’

‘‘ഭർത്താവിന്റെ ഒരു വിവരവും അറിയുന്നില്ല. ആരെയും ഫോണിൽ കിട്ടുന്നുമില്ല. എനിക്ക് നാട്ടിലേക്ക് പോവണം. വെള്ളിയാഴ്ച ഗാസിയാബാദിലേക്കാരു വണ്ടിയുണ്ട്.’’

‘‘ആരെങ്കിലും കൂടെ വരുമോ..?’’

‘‘അവരെല്ലാം കഴിഞ്ഞ മാസമാണ് നാട്ടിൽനിന്ന് വന്നത്.’’

‘‘ഒറ്റക്കാണോ പോവുന്നത്, ഈ കൈയുംവെച്ച്..!’’

‘‘എനിക്കെങ്ങനെയെങ്കിലും അവിടെയെത്തണം. കൈയിൽ പൈസ കുറവാണ്. തൽക്കാൽ ടിക്കറ്റെടുക്കാൻ കുറെ പണം വേണ്ടിവരും. എനിക്ക് മൂവായിരംരൂപ തരുമോ..? തിരിച്ചുവന്നാൽ പണിചെയ്തു കിട്ടുന്ന മുഴുവൻ പൈസയും നിങ്ങൾക്ക് തരാം.’’

‘‘പൈസ ഞാൻ തരാം. പക്ഷേ, ഈ കൈയുംവെച്ച് ഒറ്റക്കെങ്ങനെ പോവും..?’’

‘‘എന്നെയോർത്ത് വിഷമിക്കേണ്ട. ഞാൻ പൊയ്ക്കോളാം.’’

‘‘ഞാൻ കോളനിയിലേക്കു വരാം.’’

‘‘ഇനി മറ്റാരോടും പണം കടം ചോദിക്കുന്നില്ല. ഞാൻ കാത്തിരിക്കും.’’ അയാൾ സ്കൂട്ടറിൽ കയറി. കുറെ പ്രാവുകൾ മരച്ചില്ലകളിലേക്കു പറന്നുവന്നു. അവളുടെ കാൽച്ചുവട്ടിലേക്കവ പറന്നിറങ്ങി. സ്കൂട്ടറിൽ പോവുമ്പോൾ അയാൾ തിരിഞ്ഞുനോക്കി, വെയിലിലൂടെ നടന്നുപോവുന്ന അവൾക്കൊപ്പം പ്രാവുകളും പറന്നുനീങ്ങുന്നു.

അയാൾ കോളനിയിലെത്തി. അവളുടെ മുറിയുടെ വാതിലിൽ മുട്ടി. തീറ്റ കിട്ടാനായി സ്വർണമീനുകൾ ജലപ്പരപ്പിലേക്കുവന്ന് ഒച്ചവെക്കുന്നു. പ്രാവുകൾ കുറുകുന്നു. വാതിൽ തുറന്ന് അവൾ പ്രതീക്ഷയോടെ നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങിയ മുഖവുമായി നിൽക്കുന്ന അവൾക്കായി അയാൾ പോക്കറ്റിൽനിന്ന് ടിക്കറ്റുകളെടുത്തു നീട്ടി.

‘‘ഇത്..! ഇതാർക്കാ, രണ്ടെണ്ണം..?’’

‘‘ഒന്നെനിക്ക്. ഞാനും വരുന്നുണ്ട്...’’

പാളങ്ങളിൽ മുഴക്കങ്ങളുതിർത്തുകൊണ്ട്, ചൂളംവിളിച്ച്, ഇരുട്ടിലേക്ക് വെളിച്ചം ചിതറിച്ച്, എതിരെ ഇരച്ചുവരുന്ന വണ്ടിക്കരികിലൂടെ തീവണ്ടി പാഞ്ഞുകൊണ്ടിരുന്നു... താഴെ ബർത്തിൽ കിടക്കുന്ന അവൾ ഉറങ്ങിയിട്ടില്ല. തസ്ബീഹ് മാലയിലെ മുത്തുകൾ വിരലുകൾക്കിടയിലൂടെ ഊർന്നുവീഴുന്നതോടൊപ്പം അവളപ്പോഴുമെന്തോ ചൊല്ലുന്നത് നടുവിലെ ബർത്തിൽ കിടക്കുന്ന അയാൾ കാണുന്നുണ്ട്. കാറ്റിനൊപ്പം പാളങ്ങളിൽനിന്ന് ഇരുമ്പുമണം ബോഗിക്കുള്ളിൽ പരക്കുന്നു.

തെക്കോട്ടു പോവുന്ന തീവണ്ടി

പുഴ മഞ്ഞിൽ മുങ്ങിക്കിടക്കുന്നു. പാലത്തിലൂടെ തീവണ്ടി പതിയെ നീങ്ങുകയാണ്. മഞ്ഞിനുള്ളിൽ ചെറുതോണികളിളകുന്നതും നീർപ്പക്ഷികൾ പറന്നുയരുന്നതും അയാൾ കണ്ടു. ‘‘കോഫി...കോഫി...’’ ശബ്ദംകേട്ട്, അയാളുടെ ചുമലിൽചാരി ഉറങ്ങുന്ന അവൻ തലയുയർത്തി. അയാൾ രണ്ടെണ്ണം വാങ്ങി. ആവി ഉയരുന്ന കോഫി അവൻ ഊതിയൂതിക്കുടിക്കുന്നതു നോക്കി അയാൾ അവന്റെ മുടിയിഴകൾ തലോടി.

അന്നൊരു പുലർകാലത്താണ് അയാളും അവളും ആ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്നത്. ഇരുട്ട് വിട്ടൊഴിഞ്ഞിരുന്നില്ല. സന്യാസിക്കൂട്ടം എങ്ങോട്ടോ പോവാനായി നിൽക്കുന്നു. തീവണ്ടി ചൂളം മുഴക്കി നീങ്ങാൻ തുടങ്ങി. സന്യാസിക്കൂട്ടത്തെ ഭയത്തോടെ നോക്കി അയാളേയും പിടിച്ച് അവൾ പ്ലാറ്റ്ഫോമിലൂടെ നടന്നു. റെയിൽവേ സ്റ്റേഷനു പുറത്ത് പൊലീസുകാരുണ്ടായിരുന്നു. റോഡരികിലെ ലോഡ്ജിനു മുന്നിലെത്തിയ അവൾ നിന്നു.

‘‘നിങ്ങളിവിടെ റൂമെടുത്ത്, രാവിലത്തെ ഡൽഹി വണ്ടിയിൽ നാട്ടിലേക്ക് മടങ്ങിക്കോളൂ.’’

‘‘മെഹറീൻ, വീട് വരെ ഞാനും...’’

‘‘അതിന് വീടവിടെയുണ്ടോയെന്നുപോലും ഉറപ്പില്ല. എന്റെ കൂട്ടുകാരി വിളിച്ചിരുന്നു. ഇവിടെ നിരോധനാജ്ഞയാണ്. ആൾക്കൂട്ടത്തെ കണ്ടാൽ വെടിവെക്കാൻ ഉത്തരവിട്ടിട്ടുമുണ്ട്. കടകൾക്കിടയിലൂടെയുള്ള ഇടുക്കുവഴികളിലൂടെ ഞാൻ വീട്ടിലെത്താൻനോക്കട്ടെ...’’ അവൾ നടന്നുനീങ്ങി. ശരീരത്തിലൂടെയിട്ട പുതപ്പ് കാറ്റിൽ പാറിക്കളിക്കുന്നു. അയാൾ എന്തുചെയ്യണമെന്നറിയാതെ, നേരിയ ഇരുട്ടുതിങ്ങിയ തെരുവിൽ നിന്നു.

ലോഡ്ജിൽ മുറിയെടുത്തു. ബാഗ് കട്ടിലിനടിയിലേക്കു വെച്ചു. അയാൾ മുറിയിൽ നിന്നിറങ്ങി, ടെറസിലേക്കുള്ള പടികൾ കയറി. ഇരുട്ടു വിട്ടകന്നിരുന്നു. ദൂരെ, പുകപടലങ്ങളുയരുന്നതും ബുൾഡോസറുകൾ വീടുകൾ തകർക്കുന്നതും കണ്ടു. പൊലീസ് ജീപ്പുകൾ ഇടുങ്ങിയ തെരുവിലൂടെ ലൈറ്റുകൾ മിന്നിച്ചു പോവുന്നു. എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദവും ആൾക്കൂട്ടം നിലവിളികളോടെ ഓടുന്നതും കണ്ടു.

ഉച്ചക്ക് ഉറങ്ങാൻ കിടന്ന അയാൾ ബഹളങ്ങൾ കേട്ട് ഞെട്ടിയുണർന്നു. അയാൾ ലോഡ്ജിൽനിന്നു പുറത്തിറങ്ങി. റോഡിൽ നിറയെ പൊലീസുകാരുണ്ട്. അവർ വാഹനങ്ങളിൽ പോകുന്നവരെയും നടന്നുപോകുന്നവരെയും ചോദ്യം ചെയ്യുന്നു. അയാൾ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു തിരിഞ്ഞു. കുറെ മുസ്‍ലിം കുടുംബങ്ങൾ പെട്ടികളുമായി പ്ലാറ്റ്ഫോമിൽ വണ്ടി കാത്തുനിൽക്കുന്നുണ്ട്. ആകുലതകൾ നിറഞ്ഞ അവരുടെ മുഖങ്ങൾക്കരികിലൂടെ അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു.

റെയിൽവേ സ്റ്റേഷനും കഴിഞ്ഞ് അയാൾ പാളത്തിനരികിലൂടെ നടന്നു. അവളെ ഫോണിൽ വിളിച്ചു, കിട്ടിയില്ല. പാളങ്ങൾക്കരികിലെ വീടുകൾ ഇടിച്ചുനിരത്തിയത് കണ്ടു. മേശകളും കസേരകളും കട്ടിലുകളും വസ്ത്രങ്ങളും മണ്ണിൽ കിടക്കുന്നു. ഒരു വീടിന്റെ മേൽക്കൂര നിലത്തേക്കു ചെരിഞ്ഞുകിടക്കുന്നു. പാളങ്ങളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്ന തീവണ്ടികൾ. നടന്നുനടന്ന്, അയാളൊരു ചെറിയ റെയിൽവേ സ്റ്റേഷനിലെത്തി. അവിടത്തെ ബെഞ്ചിൽ മലർന്നുകിടന്നു.

 

രാത്രിയോടെ ലോഡ്ജിൽ തിരിച്ചെത്തി. അയാൾക്കുറങ്ങാൻ കഴിഞ്ഞില്ല. കുട്ടികളുടെ നിലവിളികളും ഓടുന്ന ആൾക്കൂട്ടങ്ങളുടെ കാലൊച്ചകളും കേൾക്കുന്നു. അവളെ വീണ്ടും ഫോൺ വിളിച്ചു, കാര്യമുണ്ടായില്ല. നാളെ രാവിലെ തിരഞ്ഞുപോവാൻ തീരുമാനിച്ച്, ലൈറ്റുകൾ അണച്ച് കട്ടിലിൽ കിടന്നു. തീവണ്ടികൾ ഇരമ്പലോടെ പാഞ്ഞുപോവുന്ന ശബ്ദങ്ങൾ മുറിക്കുള്ളിൽ മാറ്റൊലികൾകൊണ്ടു. വാതിൽമുട്ടുന്ന ശബ്ദംകേട്ട് അയാൾ ഭയത്തോടെ പിടഞ്ഞെഴുന്നേറ്റു. വാതിലിനരികിലേക്കു നടന്ന്, വിടവിലൂടെ നോക്കി, വേഗം തുറന്നു.

‘‘മെഹറീൻ...’’ അവൾ, ഇടനാഴിയിലേക്കു ചിതറുന്ന തെരുവുവിളക്കിന്റെ വെളിച്ചത്തിൽ കിതപ്പോടെ നിൽക്കുന്നു.

‘‘ഭർത്താവിനെ കാണാനില്ല..! പള്ളി പൊളിച്ച ദിവസം അവിടെയുണ്ടായിരുന്നെന്ന് എല്ലാവരും പറഞ്ഞു.’’

‘‘ഞാൻ കൂടെവരാം. പൊലീസിൽ പരാതി...’’

‘‘പരാതി കൊടുത്തവരെ പ്രതികളാക്കുന്ന പൊലീസുകാരാണ് ഇവിടെ..!’’ അവൾ അയാളുടെ കൈകളിൽ വിറയലോടെ പിടിച്ചു. ‘‘എന്റെ ഭർത്താവിനെ കണ്ടെത്തണം. ഞങ്ങളുടെ കുടുംബക്കാരെല്ലാം വീടുകളുപേക്ഷിച്ച് അയൽഗ്രാമങ്ങളിലേക്ക് പോവുകയാണ്. നിങ്ങളെനിക്കൊരു ഉപകാരം ചെയ്യാമോ..?’’

‘‘മെഹറീൻ...പറയൂ...’’ അവൾ ഇടനാഴിയിലെ ഇരുട്ടിലേക്കു മുഖംതിരിച്ചു.

‘‘ഇന്തിയാസ്... ഇന്തിയാസ്...’’ ആൺകുട്ടി ഇരുട്ടിലൂടെ അവർക്കരികിലേക്കു വന്നു. അവൾ അവന്റെ ചുമലിൽ പിടിച്ചു. ‘‘എന്റെ മകനാണ്. ഇവനെ നിങ്ങൾ കേരളത്തിലേക്ക് കൊണ്ടുപോവുമോ..?’’ കുട്ടി അയാളെ തലയുയർത്തി നോക്കി. ‘‘ഞാൻ തിരിച്ചുവരുംവരെ നിങ്ങളിവനെ സംരക്ഷിക്കുമോ..?’’

അയാൾ അവനെ ശരീരത്തോടു ചേർത്തുനിർത്തി.

‘‘മെഹറീൻ, നീയും കൂടെവരുമോ..? നമുക്കിവിടം വിടാം.’’

‘‘ഇല്ല. ഞാൻ വരില്ല. എനിക്കിപ്പോൾ വരാനാവില്ല.’’ അവൾ ഇടനാഴിയിലൂടെ നടന്നു. അയാൾ പിറകെ നടന്നു. ‘‘മെഹറീൻ...’’ അവൾ തിരിഞ്ഞുനോക്കിയതേയില്ല, പടികൾ വേഗത്തിലിറങ്ങി. തെരുവുവിളക്കുകൾ പ്രകാശം പരത്തുന്ന റോഡിലൂടെ, പുതപ്പ് വീശിപ്പുതച്ച് അവൾ നടന്നുപോവുന്നു. മുകൾനിലയിലെ ചുമരിൽ ചാരി അയാളവളെ നിറകണ്ണുകളോടെ നോക്കി. ഇരുട്ടിൽ അവൾ മറയുന്നു...

പൊടുന്നനെ, മറ്റൊരു വണ്ടി അലർച്ചയോടെ അവരുടെ തീവണ്ടിക്കരികിലൂടെ പായുമ്പോൾ അവൻ അയാളുടെ മടിയിൽനിന്ന് ഞെട്ടലോടെ ഉണർന്നു. പിന്നീട്, പുറംകാഴ്ചകളിലേക്കുനോക്കി സീറ്റിൽ ചാരിയിരുന്നു. ഇറങ്ങാനുള്ള സ്റ്റേഷന്റെ പേരു കണ്ടപ്പോൾ അ യാളുടെ മനസ്സിൽ, മറ്റൊരു തീവണ്ടിയിൽ അയാൾ അയാളെത്തന്നെ കാണാനിടയായ റെയിൽവേ സ്റ്റേഷന്റെ പേര് വീണ്ടും എരിയാൻ തുടങ്ങി..! അവനെയും പിടിച്ച് പ്ലാറ്റ്ഫോമിലേക്കിറങ്ങുമ്പോൾ അയാൾ ആ റെയിൽവേ സ്റ്റേഷന്റെ പേര് ഉരുവിട്ടു. ‘‘ഗോധ്രാ..!’’

പുതിയ വീട്ടിൽനിന്ന് അവനും അയാളുടെ മകനും സ്കൂളിലേക്കു പോവാനൊരുങ്ങി. വീട്ടുമുറ്റത്ത് കൂടൊരുക്കി അയാൾ അവളുടെ പ്രാവുകൾക്ക് അഭയം നൽകിയിരുന്നു. പൂന്തോട്ടത്തിലെ ചെറിയ കുളത്തിൽ ആ സ്വർണമീനുകൾ നീന്തിത്തുടിച്ചു, അതേ ആമ്പൽ പുഷ്പിച്ചുനിന്നു. രണ്ടുപേരെയും സ്കൂൾബസിൽ കയറ്റി അയാൾ വീട്ടിലേക്കു കയറുമ്പോൾ പൂമുഖത്തെചുമരിൽ മാല ചാർത്തിയ ഭാര്യയുടെ ഫോട്ടോ കാണാം. നെറ്റിയിൽ പൊട്ടണിഞ്ഞ ഭാര്യ അവളുടേതുപോലെ; അതെ, മെഹറീന്റെ അതേ മുഖഛായ..!

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT