ബസിറങ്ങുമ്പോൾ രാത്രി നന്നേ വൈകിയിരുന്നു. സത്യം പറഞ്ഞാൽ പാതിരാത്രി തന്നെ. കോടമഞ്ഞുപെയ്യുന്ന കൊടും തണുപ്പുള്ള രാത്രി. ആകാശത്ത് നിലാവിന്റെ നേരിയ ലാഞ്ഛന പോലും കാണാനില്ല. ആരെയും ഭയപ്പെടുത്തും വിധം കൊടും കാടുകളാൽ ചുറ്റപ്പെട്ട ഒറ്റയടി പാതയിലാണ് ഞാൻ ബസിറങ്ങിയിരിക്കുന്നത്. നേരു പറഞ്ഞാൽ ഞാൻ ബസിൽനിന്ന് ഇറങ്ങിയതല്ല. കണ്ടക്ടർ എന്നെ ബസിൽനിന്ന് പിടിച്ചിറക്കി എന്നു പറയുന്നതായിരിക്കും ശരി. ബസിറങ്ങിയ ഞാൻ നേരിയ ഭയത്തോടെ ചുറ്റും നോക്കി. റോഡോരങ്ങളിൽ ഒറ്റപ്പെട്ട വഴിവിളക്കിനു ചുറ്റും ചെറുപ്രാണികൾ വട്ടമിട്ട് പറന്നുകൊണ്ടിരുന്നു. മഞ്ഞിൽ നനഞ്ഞ കാടിന്റെ ഉൾഭാഗത്തുനിന്നും ക്രൂരമൃഗങ്ങളുടെ...
ബസിറങ്ങുമ്പോൾ രാത്രി നന്നേ വൈകിയിരുന്നു. സത്യം പറഞ്ഞാൽ പാതിരാത്രി തന്നെ. കോടമഞ്ഞുപെയ്യുന്ന കൊടും തണുപ്പുള്ള രാത്രി. ആകാശത്ത് നിലാവിന്റെ നേരിയ ലാഞ്ഛന പോലും കാണാനില്ല. ആരെയും ഭയപ്പെടുത്തും വിധം കൊടും കാടുകളാൽ ചുറ്റപ്പെട്ട ഒറ്റയടി പാതയിലാണ് ഞാൻ ബസിറങ്ങിയിരിക്കുന്നത്. നേരു പറഞ്ഞാൽ ഞാൻ ബസിൽനിന്ന് ഇറങ്ങിയതല്ല. കണ്ടക്ടർ എന്നെ ബസിൽനിന്ന് പിടിച്ചിറക്കി എന്നു പറയുന്നതായിരിക്കും ശരി.
ബസിറങ്ങിയ ഞാൻ നേരിയ ഭയത്തോടെ ചുറ്റും നോക്കി. റോഡോരങ്ങളിൽ ഒറ്റപ്പെട്ട വഴിവിളക്കിനു ചുറ്റും ചെറുപ്രാണികൾ വട്ടമിട്ട് പറന്നുകൊണ്ടിരുന്നു. മഞ്ഞിൽ നനഞ്ഞ കാടിന്റെ ഉൾഭാഗത്തുനിന്നും ക്രൂരമൃഗങ്ങളുടെ മുരൾച്ചയും കുറുക്കന്മാരുടെ ഓരിയിടലും കേൾക്കാമായിരുന്നു. സ്വന്തം നാട്ടിൽ ബസിറങ്ങിയിട്ടും ദിക്കറിയാതെ കുറേനേരം ഞാൻ പരുങ്ങിനിന്നു. ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ എനിക്ക് പോകേണ്ടുന്ന മേൽവിലാസം അന്വേഷിച്ചു ഉറപ്പുവരുത്താമായിരുന്നു.
വയലുകളും തോടുകളും വിളഞ്ഞു നിൽക്കുന്ന കൃഷിസ്ഥലങ്ങളുംകൊണ്ട് സമ്പന്നമായ എന്റെ നാട് ഇപ്പോൾ ഇങ്ങനെ, നിരാശയോടെ ഞാൻ കാടിന്റെ വന്യതയിലേക്ക് നോക്കി. നൂറ്റാണ്ടുകൾക്കുമുമ്പ് നടന്ന ഏതോ പ്രളയത്തിൽ കടലിൽനിന്നുയർന്നു വന്ന അജ്ഞാതമായൊരു ദ്വീപുകണക്കെ, എന്റെ ജന്മനാട് എനിക്ക് മുന്നിൽ ജട പിടിച്ചു കിടന്നു.
നേരം കഴിയുന്തോറും എനിക്ക് മനസ്സിന്റെ സമനില തെറ്റുന്നതുപോലെ തോന്നി. ഒരുവേള ഞാൻ കയറിയ ബസ് മാറിയതായിരിക്കുമോ. അങ്ങനെയാണെങ്കിൽ എനിക്കിറങ്ങേണ്ട സ്റ്റോപ്പ് കുണ്ടൻച്ചാൽ എന്നു പറഞ്ഞപ്പോൾ എന്തിനാണ് കണ്ടക്‌ടർ ഡോർ തുറന്നുതന്നത്. ഇരുട്ടിൽ ബസിറങ്ങിയ എനിക്ക് കാണുന്നതെല്ലാം ഓരോ മായക്കാഴ്‌ചയായ് തോന്നി. പരിഭ്രമത്തോടെ ഞാൻ മെല്ലെ നടന്നു. തപ്പിത്തടഞ്ഞു നടക്കുന്നതിനിടയിൽ അൽപം മുമ്പ് ബസിനുള്ളിൽ കണ്ട കാഴ്ചകളെക്കുറിച്ച് ഭീതിയോടെ ഞാനോർത്തു. ബസ് അനന്തമായി ഓടിക്കൊണ്ടിരുന്നു. എന്റെ സഹയാത്രികരെല്ലാം നല്ല ഉറക്കം. ഞാൻ മിന്നിമറയുന്ന പുറംകാഴ്ചയിലേക്ക് ശ്രദ്ധയൂന്നി. ബസിനകത്തെ അരണ്ട വെളിച്ചത്തിൽ എന്തുകൊണ്ടോ സഹയാത്രികരുടെ മുഖത്ത് നോക്കാൻ ഞാൻ ഭയപ്പെട്ടു.
അവരെല്ലാം ലോകത്തിന്റെ മറ്റേതോ യാത്ര പുറപ്പെട്ടവരെപ്പോലെ എനിക്ക് തോന്നി. കോണിൽനിന്ന് കാലം തെറ്റി എന്നോട് ചേർന്നിരിക്കുന്ന സഹയാത്രികന്റെ ഉടുതുണിയിൽ മണ്ണും ചളിയും പുരണ്ടിരുന്നു. അയാളുടെ ശരീരത്തിൽ ആഴത്തിലുള്ള ചതവുമുണ്ടായിരുന്നു. മുറിവിൽനിന്ന് പഴുപ്പിന്റെ ചലവും മുറിവും ചോരയും ഒലിച്ചുകൊണ്ടിരുന്നു. കോടമഞ്ഞിനെ വകഞ്ഞുമാറ്റി ഓടിക്കൊണ്ടിരിക്കുന്ന ബസിനകത്തേക്ക് അരിച്ചു കയറുന്ന ശീതക്കാറ്റിന് പ്രാചീനമായൊരു ദുർഗന്ധം കനത്തു നിന്നു. കാലഘട്ടങ്ങൾ തിട്ടപ്പെടുത്തുവാൻ കഴിയാത്ത പഴക്കം തോന്നുന്ന ബസിന്റെ തുരുമ്പിച്ച അകത്തേക്ക്, വഴിവിളക്കുകളുടെ കുഞ്ഞുവെളിച്ച ചീളുകൾ തെറിച്ചുവീണുകൊണ്ടിരുന്നു.
മണിക്കൂറുകൾ നീണ്ട യാത്രക്കിടയിൽ ബസൊന്നു മുരണ്ടു നിന്നു. പൂച്ചക്കണ്ണും ഒട്ടിയ കവിളും ഉന്തിയ പല്ലുകളുമുള്ള കണ്ടക്‌ടർ എന്നെ തോണ്ടി വിളിച്ചുപറഞ്ഞു. ‘‘കുണ്ടൻച്ചാൽ ജങ്ഷനെത്തി... ഇറങ്ങ്... ഇറങ്ങ്...’’ സ്ഥലകാലബോധം നഷ്ടപ്പെട്ട ഞാൻ ബസിറങ്ങാൻ മടിച്ചുനിന്നു. അരിശത്തോടെ കണ്ടക്‌ടർ എന്റെ കഴുത്തിനു പിടിച്ച് പുറത്തേക്ക് തള്ളി. കരുത്തനായ അയാൾ എന്റെ കഴുത്തിനു അമർത്തിപ്പിടിക്കവെ കശേരുക്കൾ ആകമാനം നുറുങ്ങുന്ന വേദനയിൽ ഞാൻ പുളഞ്ഞു. ശേഷം ഇരുട്ടിന്റെ കയത്തിലേക്ക് എന്നെ തള്ളിയിട്ട് ബസ് അതിവേഗം പാഞ്ഞുപോയി. ദാഹംകൊണ്ട് തൊണ്ട വരണ്ടിരിക്കുന്നു. ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ, വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഈ ഒറ്റയടി പാതയുടെ ഓരങ്ങളിൽ ഒന്നുംതന്നെ മനുഷ്യവാസമുള്ളതായി എനിക്ക് തോന്നിയില്ല.
ദുഷ്‌കരമായ ബസ് യാത്രയുടെ ഓർമകളിൽനിന്ന് തിരിച്ചു വന്ന ഞാൻ വിചാരിച്ചു, ഇത് എന്റെ നാടല്ല, ഞാൻ നാട്ടിലില്ലാതിരുന്ന ഏതാനും ദിവസങ്ങൾകൊണ്ട് എന്റെ നാടിന്റെ മുഖച്ഛായ വിധം മാറുന്നത് എങ്ങനെ. മലംചരിവുകളോ കൊടുംകാടുകളോ കുണ്ടൻ ഇടവഴികളോ എന്റെ നാട്ടിലില്ല. പുഴകളും കുളങ്ങളും നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന വയലുകളും വിളഞ്ഞു നിൽക്കുന്ന പച്ചക്കറി തോട്ടങ്ങളുംകൊണ്ട് സമ്പന്നമാണ് എന്റെ നാട്. ഒരു ഉമിനീർ സന്ധിക്കിടയിൽ ഞാൻ പിറുപിറുത്തു, ഇത് എന്റെ നാടേ അല്ല.
മണിക്കൂറുകൾ കടന്നുപോയി. ജീവിതയാത്രക്കിടയിൽ നിരാശമാത്രം കൈമുതലുള്ള ഞാൻ ഇനി എന്ത് എന്ന വിചാരവുമായ്, മൊബൈലിന്റെ കുഞ്ഞൻ വെളിച്ചത്തിൽ മെല്ലെ നടന്നു. കാട്ടിൽനിന്ന് വിഷപ്പാമ്പുകളും ക്രൂരമൃഗങ്ങളും ഇടക്കിടെ റോഡ് മുറിച്ചു വന്നും പോയും കൊണ്ടിരുന്നു. പേടിച്ചുവിറച്ചുകൊണ്ട് ഞാൻ അതീവശ്രദ്ധയോടെ ഓരോ ചുവടുംവെച്ചു. ശ്രദ്ധയൊന്നു പാളിയാൽ ഒരു സർപ്പദംശനം അല്ലെങ്കിൽ ഏതെങ്കിലും ക്രൂരമൃഗത്തിന്റെ ആക്രമണം. യുദ്ധഭൂമിയിലൂടെ കടന്നുപോകുന്ന ഒരു പടയാളിയെപ്പോലെ അതിസൂക്ഷ്‌മം ഞാൻ ഓരോ ചുവടുംവെച്ചു.
ദുരൂഹമായ ഈ ഒറ്റയടിപ്പാതയുടെ അങ്ങേ തലയിൽനിന്ന് ഒരു നിഴൽരൂപം എനിക്ക് നേരെ നടന്നടുക്കുന്നത് ഞാനറിഞ്ഞു. ഭയത്തിന്റെ ഉളുത്തുകയറലിൽ ഞാൻ ഒതുക്കിപ്പിടിച്ച നിലവിളി പുറത്ത് ചാടി. അയാളും നിലവിളിച്ചോ... സംശയം എന്നെ വന്നു കുത്തി. നിമിഷങ്ങൾ പിടപ്പിലൂടെ കടന്നുപോയ്. കോടമഞ്ഞിന്റെ തണുപ്പിൽ ചെറുതായ് വിറച്ചും കിതച്ചും അയാൾ എന്റെ അരികിൽ വന്നു പറഞ്ഞു. ‘‘സുഹൃത്തേ, താങ്കളുടെ സഹയാത്രികനാകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഊഹം ശരിയാണെങ്കിൽ ഞങ്ങൾ രണ്ടുപേരും ഒരേ മേൽവിലാസത്തിലേക്ക് തന്നെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്’’, ഇത്രയും പറഞ്ഞു അയാൾ എന്റെ കൂടെ നടന്നുതുടങ്ങി.
കടലിനും ചെകുത്താനും ഇടയിൽപെട്ട ഒരുവനെ പോലെ കഠിന പ്രതിസന്ധിയിൽ എത്തിനിൽക്കുകയാണ് ഞാൻ. വിശപ്പും ദാഹവുംകൊണ്ട് എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. നീണ്ട നടത്തത്തിന്റെ തളർച്ചയിൽ ഞാനയാളോട് ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. എന്റെ ചോദ്യങ്ങളെ നിസ്സാരവത്കരിച്ചുകൊണ്ട് അയാൾ എനിക്ക് യുക്തിഭദ്രമായ ഉത്തരങ്ങൾ തന്നുകൊണ്ടിരുന്നു. കാട് വല്ലാതെ ഇളകിക്കൊണ്ടിരുന്നു. കാടിനെ വിറപ്പിച്ചും മുളംകാട് പറിച്ചെറിഞ്ഞും രൂക്ഷമായ ആനച്ചൂര് പരത്തി മദമിളകിയ ഒറ്റയാൻ ചിന്നംവിളിച്ചുകൊണ്ട് ചവിട്ടി കുലുങ്ങി റോഡ് മുറിച്ച് കടന്നുവന്നു.
ഭയത്തിന്റെ കയത്തിൽ പതുങ്ങിയിരിക്കുന്ന ഞങ്ങളുടെ തലക്ക് മുകളിൽ കടവാവലുകൾ വട്ടമിട്ടു പറന്നുകൊണ്ടിരുന്നു. വരണ്ടുണങ്ങിയ തൊണ്ടയിൽനിന്ന് വാക്കുകൾ വലിച്ചെടുക്കുവാൻ പ്രയാസപ്പെട്ടുകൊണ്ട് ഇടറുന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു. ‘‘പറയൂ സുഹൃത്തെ, സാഹസികമായ ഈ യാത്രകൊണ്ട് എന്തു പ്രയോജനമാണ് താങ്കൾക്ക് ഉണ്ടാകാൻ പോകുന്നത്.’’ അയാൾ നിർവികാരമായി ഇമ അനക്കാതെ എന്റെ മുഖത്തേക്ക് നോക്കി. പിന്നെ, പ്രശ്നം സങ്കീർണമായ തന്റെ കഴിഞ്ഞുപോയ ജീവിതകഥയുടെ വലിയൊരു ഭാണ്ഡം തന്നെ എനിക്ക് മുമ്പിൽ തുറന്നുവെച്ചു.
സങ്കടകരമായ അയാളുടെ കഥകേട്ട് കലങ്ങിയ മനസ്സുമായ് ഞാൻ നെടുവീർപ്പോടെ വിചാരിച്ചു, ഇതു തന്നെയല്ലെ ഞാനും പറയാനാഞ്ഞത്. തികട്ടിവന്ന കരച്ചിൽ ഒതുക്കിപ്പിടിച്ചുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു. ‘‘സത്യം പറയൂ സുഹൃത്തെ, നിങ്ങൾ ആരാണ്. പ്രശ്‌നസങ്കീർണതകൾകൊണ്ട് മനോനില തെറ്റാറായ എന്റെ ജീവിതകഥ വള്ളിപുള്ളി വിടാതെ താങ്കൾ എങ്ങനെയാണ് മനസ്സിലാക്കിയിരിക്കുന്നത്. അയാൾ ഒന്നും പറയാതെ എന്നോട് ചേർന്ന് നടന്നുകൊണ്ടിരുന്നു.
കാട് തീരുകയാണ്. കാടിന്റെ കറുപ്പ് നീങ്ങവെ, നാട്ടുവെളിച്ചത്തിന്റെ നേരിയ ചിന്ത് ആകാശത്ത് കാണാം. കാടും നാടും ചേർന്നുകിടക്കുന്ന ഇരുട്ടിൽനിന്ന് എന്തോ കണ്ട് ഭയപ്പെട്ടതുപോലെ നായകൾ നിർത്താതെ ഓരിയിട്ടുകൊണ്ടിരുന്നു. നേരിയ വിറയലോടെ ഞാൻ ചുറ്റും നോക്കി. കൂടെയുള്ള സുഹൃത്തിൽനിന്ന് മറച്ചുപിടിക്കാൻ ഞാനാഗ്രഹിച്ച ഭയം എന്നെ കടന്നാക്രമിച്ചുകൊണ്ടിരുന്നു.
കാടിനെയും നാടിനെയും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ശക്തമായൊരു തെക്കൻ കാറ്റടിച്ചു. പൊടി പറത്തി വീശിയടിച്ച കാറ്റിനു ചുടലമണമുണ്ടായിരുന്നു. ശവം കത്തുന്ന മണം. അസ്‌ഥികൾക്കുള്ളിൽനിന്ന് മജ്ജ ഉരുകി ഒലിക്കുന്ന മണം. മനം മടുപ്പിക്കുന്ന ദുർഗന്ധത്തിനിടയിലൂടെ പന്തം കത്തിച്ചുപിടിച്ച് ഒരു ശവഘോഷയാത്ര ഞങ്ങൾക്കു നേരെ നടന്നുവന്നു. ഏതോ അജ്ഞാതകേന്ദ്രത്തിൽനിന്ന് ആരോ നിയന്ത്രിക്കുന്ന യന്ത്രമനുഷ്യർ കണക്കെ അവരെല്ലാം ഒരു പ്രത്യേക ചുവടുവെപ്പുമായി നടന്നുകൊണ്ടിരുന്നു.
ഇരുട്ടിൽ കത്തുന്ന പന്തത്തിന്റെ വെളിച്ചവുമായി എന്റെ കണ്ണ് പൊരുത്തപ്പെട്ടിരിക്കുന്നു. എനിക്കിപ്പോൾ എല്ലാം വ്യക്തമായി കാണാം. മണിക്കൂറുകൾക്കു മുമ്പ് ഞാൻ യാത്രചെയ്‌ത ബസിനകത്തെ യാത്രക്കാരെല്ലാം ശ്മശാനത്തിലേക്കുള്ള വിലാപയാത്രയിൽ പങ്കെടുത്തിരുന്നു. ഉലഞ്ഞു കത്തുന്ന പന്തത്തിന്റെ ചുകന്ന വെളിച്ചത്തിൽ ഞാൻ തിരിച്ചറിഞ്ഞു, അവർക്കെല്ലാം എന്റെ മുഖച്ഛായയായിരുന്നു.
സങ്കടകരമായ ശ്മശാനയാത്രക്കിടയിൽനിന്ന് പൈശാചിക മുഖമുള്ള കണ്ടക്ടർ എന്റെ കൈ ബലമായി പിടിച്ച് ഒരു യാത്ര ടിക്കറ്റ് എനിക്ക് മുറിച്ചുതന്നു. പിന്നെ കർക്കശ ശബ്ദത്തിൽ എന്റെ ചെവിയിൽ പറഞ്ഞു. ‘‘സുഹൃത്തെ, താങ്കൾ മണിക്കൂറുകൾക്ക് മുമ്പ് മനുഷ്യലോകം വെടിഞ്ഞിരിക്കുന്നു. ഞങ്ങളുടെ ലോകത്തേക്ക് താങ്കൾക്ക് സ്വാഗതം.’’ ഇത് പറയവെ അയാളുടെ വായിൽനിന്ന് പൗരാണികമായൊരു ദുർഗന്ധം എന്നെ വീർപ്പ് മുട്ടിച്ചുകൊണ്ടിരുന്നു. കൈകാലുകൾ ബന്ധിതനായി ശവമഞ്ചത്തിൽ മലർന്ന് കിടക്കുന്ന ഞാൻ പരലോകയാത്രക്കിടയിൽ ഓർത്തു. ഒന്നും ഞാൻ നേടിയില്ല, എല്ലാ കണക്കുകളും എനിക്കു മാത്രം സമ്മാനിച്ചു. ഭൂമിയിൽ യാതൊരു അടയാളപ്പെടുത്തലുമില്ലാതെ ഞാൻ യാത്രയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.