പെരുമഴ തോർന്നുനിൽക്കണ കൊച്ചുവെളുപ്പാൻകാലത്തെ നല്ല സുഖമുള്ള തണുപ്പില്, ഉടുമുണ്ടും തലവഴിമൂടി ചുരുണ്ടുകൂടാൻ തൊടങ്ങണ സമയത്താണ് പൊറത്തൊരു ചെകിടടക്കണ ഹോൺ കേട്ടത്. മുണ്ടും വാരിച്ചുറ്റി കതകു തൊറന്നതും കുഞ്ഞച്ചഞ്ചേട്ടന്റെ ചോദ്യം ചെവീലോട്ട് തൊളച്ചു കേറിതും ഒന്നിച്ചായിരുന്നു.
‘‘നിന്റെ ഫോൺ ആർക്കെടവടക്കൊണ്ടോയ് വെച്ചേക്കേണ്..?’’
ആറാറരയടി പൊക്കോം അതിനൊത്ത ശരീരോമുള്ള കുഞ്ഞച്ചഞ്ചേട്ടൻ, വെള്ളമിറ്റു വീഴണ കറുകറുത്ത മഴക്കോട്ടുമിട്ട് ഒരു വട്ടത്തൊപ്പീം വെച്ച് ഡിക്ടറ്റീവ് വേഷത്തിൽനിന്ന് കടപ്പുറം ഭാഷ പറഞ്ഞപ്പ എന്റെ മുഖത്തൊരു ചിരിപൊട്ടി. കോട്ടിന്റെയാണാ അയാക്കട വായിന്റെയാണാന്നറിയില്ല, ഒരു വെടക്കുമണം മൂക്കിലോട്ടടിച്ചു കയറിയപ്പ ചിരി വന്നവഴിക്കുതന്ന തിരിച്ചുപോയി. മുണ്ടും ചെരച്ചു കേറ്റി അരപ്രേസിലിരുന്നിട്ട് ഞാൻ പറഞ്ഞു.
‘‘എന്റെ കുഞ്ഞച്ചഞ്ചേട്ടാ, രാത്രി ഒരൊമ്പതു മണിയാകുമ്പ ഫോൺ സിച്ചോഫു ചെയ്താ പിന്ന രാവിലെ ഒരേഴു കഴിഞ്ഞാലേ ഞാനതോണാക്കേള്ളേന്ന് ചേട്ടനോടെത്ര പ്രാവശ്യം പറഞ്ഞേക്കണതാണ്...’’
‘‘പെണ്ണുമ്പിള്ളേം പിള്ളേരുമെക്കയെന്തിയേടാ..?’’
‘‘അവക്കെട വീട്ടീന്നെല്ലാരുമായിട്ടു വേളാങ്കണ്ണീ പോയേക്കേണ്. ചേട്ടൻ വന്നകാലേ നിക്കാണ്ട് കാര്യം പറഞ്ഞ് പോകാന്നോക്ക്. ഞാനിത്തിരി സമയോംകൂടി ഒന്നു കെടക്കട്ടെ...’’
കുഞ്ഞച്ചഞ്ചേട്ടൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
‘‘ആ ഫോണൊന്നോണാക്കിവെച്ചിരുന്നെങ്കീ ഞാനീ വെട്ടത്തിന് മഴേം നനഞ്ഞു വന്ന് നിന്റെ ഒറക്കം കളയുമാരുന്നാ..?’’
‘‘നിങ്ങ ചുമ്മാ കളി പറയാണ്ട്, വന്ന കാര്യം പറയണണ്ടാ...’’ ഞാൻ തിടുക്കം കൂട്ടി.
‘‘എടാ. നിനക്കൊരു മാസത്തേക്കുള്ള കോളായെട്ടാ. അമേരിക്കേന്നേ, രവിസാറ് വന്നിട്ടെണ്ട്. ഇന്നു പതിനൊന്നു മണിയാകുമ്പ നിന്നോടങ്ങാട് ചെല്ലാൻ.’’
കുഞ്ഞച്ചഞ്ചേട്ടനതും പറഞ്ഞ് മുറ്റത്തേക്കിറങ്ങി സ്കൂട്ടറ് സ്റ്റാർട്ടുചെയ്തു.
‘‘എന്നാ ശരിയെടാ, നീ ആ ഫോണൊന്ന് ഓണാക്കിവെക്കട്ടാ.’’
‘‘ഉവ്വാ...’’
കുഞ്ഞച്ചഞ്ചേട്ടന്റെ പോക്കും നോക്കിയിരുന്ന എന്റെയുള്ളിൽ, രവി സാറെന്താണീ മഴക്കാലത്തു വന്നതെന്ന ന്യായമായൊരു സംശയം വെറുതെയങ്ങു മുളപൊട്ടി.
പണ്ടെങ്ങാണ്ട്, ശ്രീനാരായണഗുരു വന്നു താമസിച്ചിട്ടുള്ള വീടാണെന്ന ഒറ്റക്കാരണത്താലാണ് കണ്ണൂരുകാരനായ രവിസാറ്, ഇത്രേം ദൂരത്തു വന്ന് ഗോസായിപ്പറമ്പ് പറഞ്ഞ വിലയ്ക്കു രൊക്കം കാശിനു വാങ്ങീത്. വാങ്ങീട്ടിപ്പ ഏതാണ്ട് പത്തുപതിനൊന്നു കൊല്ലമെങ്കിലുമായിക്കാണും. മ്യൂസിയമാക്കാനാണെന്നും പറഞ്ഞാണ് അന്നാ വീടു മെനയാക്കാൻ തുടങ്ങീത്. പക്ഷേ എടയ്ക്കു വെച്ച് സാറങ്ങ് കേറിപ്പോയിട്ട് പിന്ന വന്നത് ഒരു കൊല്ലം കഴിഞ്ഞാണ്. അന്നേതാണ്ട് ഒരു മാസത്തോളം താമസിച്ചു.
പിന്നപ്പിന്ന ചിലപ്പോ ഒന്നര അല്ലെങ്കി രണ്ടു കൊല്ലം കൂടി ഏതെങ്കിലുമൊരു ദിവസം ഒരു മുന്നറീപ്പുമില്ലാതെ സാറങ്ങു വന്നു കേറും. വീട്ടുമുറ്റത്താളെത്തുമ്പോഴേ കുഞ്ഞച്ചഞ്ചേട്ടൻ പോലുമറിയൂ. അത് രവിസാറിന്റെയൊരു കടന്ന ബുദ്ധിയായിട്ടാണ് എനിക്കു തോന്നീട്ടുള്ളത്. സാറിന്റെ വരവു പേടിച്ച് പാവം കുഞ്ഞച്ചഞ്ചേട്ടൻ ഒട്ടുമിക്ക ദിവസോം വീടു മുഴുവൻ അടിച്ചു തൊടച്ച് നല്ല ക്ലീൻക്ലീനാക്കി വെക്കും. അല്ല, അങ്ങേർക്കതിനനുസരിച്ചുള്ള ശമ്പളോം സാറു കൊടുക്കണുണ്ടേ. അതാണ് കുഞ്ഞച്ചഞ്ചേട്ടനിത്രേം വല്യ ആത്മാർത്ഥത. സാറു വന്നധികം താമസിയാതെ എന്റെ ഫോണിലോട്ട് കുഞ്ഞച്ചഞ്ചേട്ടന്റെ വിളി വരും. കയ്യില് നമ്പറുണ്ടങ്കിലും ആദ്യത്തെ വിളി കുഞ്ഞച്ചഞ്ചേട്ടനെക്കൊണ്ടേ വിളിപ്പിക്കൂ. നേരിട്ടു വിളിക്കൂല്ല. തുടക്കം മൊതലുള്ള ശീലമതാണ്.
രണ്ടു വരവു കഴിഞ്ഞിട്ടും ഭാര്യേം മക്കളേം കണ്ടില്ലല്ലാന്നു പറഞ്ഞപ്പ അവരൊക്കെ ഭയങ്കര തിരക്കുള്ളവരാണെന്നും പറഞ്ഞ് ബാഗീന്ന് വെല്യക്കാട്ട മൊബയിലെടുത്ത് ഫാമിലീടെ ഫോട്ടമൊക്കെ കാണിച്ചു. ഭാര്യേം രണ്ടു പെമ്മക്കളും. ബോംബെക്കാരിയായ ഭാര്യേനക്കാണാൻ എന്തു ശേലാണെന്നാ. ഹേമമാലിനിയെപ്പോലെയിരിക്കേണ്. സൗന്ദര്യത്തില് മക്കളു രണ്ടും അമ്മേന വെട്ടും. കൊല്ലം കൊറെയായിട്ടും കുടുംബത്തെപ്പറ്റി കൂടുതലൊന്നും പറയാനൊരു താൽപര്യം കാണിക്കാതിരുന്നതുകൊണ്ട് ഞാനും കുഞ്ഞച്ചഞ്ചേട്ടനും പിന്നെയവരെപ്പറ്റിയൊന്നും ചോദിക്കാനും മെനക്കിട്ടില്ല.
സാറു വന്നാ, പോണവരെ എനിക്കു നല്ല കുശാലാണ്. താമസിക്കണതെവിടെയാണെങ്കിലും ഒരു ഡ്രൈവറാണെന്ന വേർതിരിവൊന്നും സാറു കാണിക്കില്ല. മുറിപോലും രണ്ടാൾക്കും ഒരേപോലെയെ എടുക്കൂ. നല്ലഭക്ഷണോം, സൊയമ്പൻ മദ്യോം. ഒന്നിനുമൊരു കുറവുമുണ്ടാകില്ല. പിന്നെ, സമയനിഷ്ഠേട കാര്യത്തിലു മാത്രം സാറ് വലിയ കണിശക്കാരനാണ്. ഒരു സമയം പറഞ്ഞാ പറഞ്ഞതിനഞ്ചു മിനിറ്റു മുമ്പെത്തീരിക്കണം. എന്നാലാ, പത്തു മിനിറ്റ് മുമ്പെത്താനും പാടില്ല. അതിനും സാറിനു ന്യായമുണ്ട്. അഞ്ചു മിനിറ്റാണെങ്കിലും എന്നെ ഒരാൾ കാത്തിരിക്കണത് തനിക്കിഷ്ടമല്ലെന്നാണ് സാറിന്റെ വാദം. ഇനി നുമ്മയെങ്ങാനും പറഞ്ഞതീന്നഞ്ചു മിനിറ്റു വൈകിയാലാ, അന്നത്തെ ദെവസം കട്ടപ്പൊക.
കുഞ്ഞച്ചഞ്ചേട്ടൻ പറഞ്ഞ സമയത്തിനു മുമ്പുതന്നെ ഞാൻ കേറി ചെല്ലുമ്പ, സാറു കണ്ണുകളടച്ച് പാട്ടുംകേട്ട് ലയിച്ചങ്ങനെ കെടക്കേണ്. സാറിന കണ്ടയുടനെ അറിയാതെ എന്റെയുള്ളില് എന്തെന്നില്ലാത്തൊരു വെഷമം വന്നു. ആളുട രൂപം തന്നെ മാറിപ്പോയി. നന്നായി ക്ഷീണിച്ച്, വെളുത്തുതുടുത്ത കവിളൊക്കെയൊട്ടി ആകെ മൊഖമൊക്കെയങ്ങ് ചെറുതായപോലെ. പോരാത്തേന് നരച്ച താടീം കൂടിയായപ്പ തനി കെളവൻ ലുക്ക്.
എന്തു പറ്റിയാവോ..?
ഷുഗറു കൂടിട്ടെണ്ടാവും. അല്ലാണ്ടിത്ര ക്ഷീണിക്കുകേല. പത്തീ പലതവണ തോറ്റ എന്റെയുള്ളിലെ മുറിവൈദ്യൻ ലക്ഷണം വെച്ച് രോഗം കണ്ടെത്തി. പാട്ടു തീരണവരെ ഞാൻ മിണ്ടാൻ പോയില്ല. പാട്ടു നിലച്ചതും
ഞാനൊന്നു ചൊമച്ചു. സാറു പെട്ടന്നു കണ്ണു തുറന്നു.
‘‘ങാ, നീ വന്നോ... വാടാ കേറീരിക്ക്...’’
എന്റെ മുഖത്തേക്കൊന്നു നോക്കിയെന്നു വരുത്തി കുപ്പി തുറന്ന് ഗ്ലാസ്സുകളിലൊഴിച്ചിട്ടു പറഞ്ഞു.
‘‘അപ്പോ ഒന്നരക്കൊല്ലത്തെ ഇടവേളയ്ക്കു ശേഷമുള്ള ആദ്യത്തെ ചിയേഴ്സ്..?’’
ചിരിയോടെ ഗ്ലാസുമുട്ടിച്ച് ഞാനുമതേറ്റു പറഞ്ഞു.
സാറങ്ങനെയാണ്. കണ്ടാലുടൻ വിശേഷങ്ങൾ ചോദിക്കണേനു മുമ്പ് ഒരെണ്ണമൊഴിച്ചു തരും. കൂട്ടത്തിലു സാറുമടിക്കും. ടച്ചിങ്സിനു നല്ല ഷാപ്പുകറിപോലത്തെ മീൻവെച്ചതും വെണ്ണപോലുള്ള സൂപ്പറു കപ്പേം. കപ്പ കുറച്ചെടുത്ത് ഒരു ചെറിയ പാത്രത്തിലേക്ക് പകർത്തി മീൻകറിയുമൊഴിച്ച് സാറൊരു പിടിപിടിച്ചു. സാറിന്റെ കഴിക്കല് ഒരരങ്ങു തന്നെയാണ്. ഭക്ഷണം വായിലേക്കു വെച്ചാലുടൻ കണ്ണു രണ്ടും താനേയങ്ങടയും. പിന്ന ചവച്ചരക്കണ സമയത്ത് അതിന്റെ രുചി മുഴുവനും ആ മുഖത്തൂന്ന് വായിച്ചെടുക്കാമ്പറ്റും. എന്തും ആസ്വദിച്ചേ കഴിക്കൂ.
ഭക്ഷണമെല്ലാം സാറിന്റെ മനമറിഞ്ഞ് കുഞ്ഞച്ചഞ്ചേട്ടൻ സമയാസമയത്ത് വീട്ടീന്നു കൊണ്ടുവരും. അങ്ങേരെട വൈഫ് സെലിത്താത്തി നല്ല കൈപ്പുണ്യമുള്ള സ്ത്രീയാണെന്നു സാറു പറയുമ്പോ ആറടിവീരൻ കുഞ്ഞച്ചഞ്ചേട്ടൻ എളിമകൊണ്ട് പിള്ളേരെപ്പോല നിന്നിടത്തു നിന്ന് പിരിഞ്ഞു കുത്തണത് കാണേണ്ടൊരു കാഴ്ചയാണ്.
‘‘പാഞ്ചീ, പറയെടാ നിന്റെ വിശേഷങ്ങൾ. വൈഫും കുട്ടികളുമൊക്കെ സുഖമായിട്ടിരിക്കുന്നോ...’’
ഞാനെന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു. ‘സാറ് വെല്ലാണ്ടങ്ങ് ക്ഷീണിച്ചു പോയല്ലാ’ എന്നുപറയാൻ പലതവണ നാവു വെമ്പിയെങ്കിലും സാറിനതൊരു വിഷമത്തിനിടവന്നാലാന്നു കരുതി ഞാനതു വേണ്ടാന്നു വെച്ചു.
‘‘എന്തൊരത്ഭുത സൃഷ്ടിയാണല്ലേടാ ഈ മനുഷ്യജന്മം.’’
ഞാൻ ചുമ്മാതെ തലയാട്ടി.
‘‘അതിനേക്കാളത്ഭുതം മനുഷ്യമനസ്സാണ്. അതിൽ തന്നെ ഒരെത്തുംപിടീം കിട്ടാത്തതാണ് സ്ത്രീമനസ്സ്...’’
സാറൊരു ദീർഘനിശ്വാസമെടുത്തങ്ങന പറഞ്ഞപ്പ എന്തോ ഒന്ന് ഉള്ളിലുകൊത്തിവലിക്കണപോലെ എനിക്കു തോന്നാതിരുന്നില്ല. നുരഞ്ഞുപൊന്തിയ ചെറിയ തരിപ്പിന്റെ ബലത്തിൽ ഞാൻ പറഞ്ഞു.
‘‘സാറീ പറഞ്ഞതിന്റെ പൊരുളറിഞ്ഞ് മറുപടി പറയാനെനിക്കറിയില്ല കെട്ടാ.’’
അതുകേട്ട് സാറു ചിരിച്ചപ്പോ ഞാൻ ചോദിച്ചു, ‘‘സാറേ... ഇത്തവണ എങ്ങാട്ടാണ് നുമ്മട യാത്ര.’’
‘‘നാളെ അതിരാവിലെ തന്നെ നമുക്കൊരു സ്ഥലം വരെ പോണം. ഒരൊറ്റ ദിവസത്തെ യാത്രമാത്രം... പിന്നെയുള്ളത് അതു കഴിഞ്ഞ് പ്ലാൻ ചെയ്യാം.’’
‘‘അപ്പ ഞാനൊരഞ്ചരക്കെത്തിയാ മതിയാ...’’
എന്റെ ചോദ്യത്തിനു തല കുലുക്കിക്കൊണ്ടു സാറു പറഞ്ഞു. ‘‘കുഞ്ഞച്ചൻ ഊണുമായിട്ടു വരുന്നതിനു മുമ്പ് നമുക്കിതങ്ങു ഫിനിഷു ചെയ്യാം. കുറച്ചല്ലേ ഇനിയുള്ളൂ. നീ ഒഴിക്കെടാ...’’
ഞാൻ നിലത്തിരുന്ന് രണ്ടു ഗ്ലാസിലേക്കും മദ്യമൊഴിച്ചു.
വെളുപ്പിന് അഞ്ചിരുപത്തഞ്ചിനു ഞാൻ ചെല്ലുമ്പ, വീടും പൂട്ടി ബാഗും തോളിലിട്ട് സാറു സിറ്റൗട്ടിലിരിപ്പുണ്ടായിരുന്നു. വെളുപ്പിനുള്ള യാത്രക്ക് വെങ്കിടേശ്വര സുപ്രഭാതം സാറിനു നിർബന്ധമാണ്. കുറച്ചു കഴിയുമ്പ നല്ല ചിമിട്ടൻ കൂർക്കംവലി കേക്കാം. കൂർക്കം വലിക്കണെണ്ടെന്നു കരുതി ഉണരാനധികം സമയമൊന്നും വേണ്ട.
എട്ടു മണിക്ക് തൊടുപുഴ മൂലമറ്റം റോഡിലേക്കു കയറി പത്തു മിനിറ്റായില്ല, മുന്നോട്ടൊന്നും കാണാൻ പറ്റാത്ത വിധം അലച്ചുതല്ലി മഴ പെയ്യാൻ തുടങ്ങി. ഞാൻ വണ്ടിയൊതുക്കി നിർത്തി. കണ്ണു തുറന്ന സാറ്, തിമിർത്തു പെയ്യുന്ന മഴയെ നോക്കി പറഞ്ഞു. ‘‘ആഹാ... നല്ല ബെസ്റ്റ് വെതർ... അടിക്കാൻ പറ്റിയ മൂഡ്.’’
പറഞ്ഞമാത്രയിൽ സാറു രണ്ടെണ്ണം മണമണാന്നടിച്ചു. സാധാരണ എന്നെക്കൊണ്ടൊഴുപ്പിച്ച് നല്ല സമയമെടുത്തേ കഴിക്കാറുള്ളൂ. പക്ഷേ, ഈ വരവിൽ പതിവിലും വിപരീതമായുള്ള സാറിന്റെ പെരുമാറ്റ രീതിയിൽ തനിക്കാദ്യം തന്നെ ചെറിയൊരു സംശയമുടലെടുത്തത് ശരിവെക്കും മട്ടിലായിരുന്നു സാറിന്റെ പിന്നീടൊള്ള ഓരോ പ്രവൃത്തിയും. എന്തോ ഒരു തക്കക്കേടുണ്ടെന്നു മനസ്സു പറഞ്ഞുകൊണ്ടേയിരുന്നു. പാട്ടിന്റെ ഒച്ച ഒന്നു കുറച്ചപ്പ, ഇത്ര രാവിലെ വെറും വയറ്റിലടിക്കണാരുന്നാ സാറേന്ന് അറിയാതെ വായിലുവന്നത് പെട്ടന്നങ്ങ് പറഞ്ഞു പോവുകേം ചെയ്തു.
ഒരു തമാശ കേട്ട ലാഘവത്തോടെ സാറു പറഞ്ഞു. ‘‘എടാ പാഞ്ചീ, അതിനങ്ങനെ സമയോം കാലോമൊന്നുമില്ലടാ. നമുക്കൊരാഗ്രഹം ഉള്ളിലങ്ങു മുള പൊട്ടിയാ അതപ്പോത്തന്നെ സാധിച്ചാ, ആ സമയം കിട്ടുന്നൊരു ആനന്ദമുണ്ടല്ലോ അതാണേറ്റം പ്രധാനം. മനസ്സിലായാ...’’
എന്തും വരട്ടേയെന്നു വിചാരിച്ച് ഞാൻ ചോദിച്ചു. ‘‘സാറിനെന്താണു പറ്റിയത്..? കണ്ടപ്പ തൊട്ട് ഒരു നൂറു തവണ നാവിലു വന്നിട്ടും ചോദിക്കാതിരുന്നത് സാറിനൊരു വെഷമമായാലാന്നു കരുതീട്ടാണ്.’’
സാറ് പാട്ട് നിർത്തിക്കൊണ്ടു പറഞ്ഞു. ‘‘അന്യർക്ക് പറഞ്ഞു ചിരിക്കാനായിട്ട് ഇതുവരെ എന്റെ പ്രശ്നങ്ങളൊന്നും ഞാനാരോടും പറഞ്ഞിട്ടില്ല...’’
അതു പറഞ്ഞിട്ട് എന്റെ മുഖത്തേക്കൊന്നു നോക്കി.
‘‘പക്ഷേ, നിന്നെ ഞാനിതുവരെ ഒരന്യനായി കണക്കാക്കിയിട്ടില്ല.’’
ആ പറച്ചിലിൽ എനിക്കെന്നോടൊരു ബഹുമാന
മൊെക്ക തോന്നി. കാറിന്റെ ഗ്ലാസിലേക്കു വീഴണ വെള്ളത്തുള്ളികളെ വകഞ്ഞുമാറ്റാൻ ശക്തി പോരാണ്ട് വൈപ്പർ വിഷമിച്ചപ്പ ഞാനതങ്ങാട് ഓഫ് ചെയ്തു.
‘‘കുറച്ചു പൊരുത്തപ്പെടലുകളും അതിലേറെ പൊരുത്തമില്ലായ്മകളുമായി ദീർഘകാലം ഒരുമിച്ചു കഴിയേണ്ടി വരുന്നതിനെയാണല്ലൊ ഈ ദാമ്പത്യ ജീവിതമെന്നു പറയുന്നത്.’’
ചെറിയൊരു മൗനത്തിനുശേഷം അൽപം സ്വരം താഴ്ത്തി പറഞ്ഞു. ‘‘തുടക്കം തൊട്ടേ അതിൽ പൊരുതി തോൽക്കുകയെന്നതായിരുന്നു എന്റെ വിധി.’’
‘‘ഇങ്ങനെയൊക്കെപ്പറഞ്ഞാ എനിക്കു മനസ്സിലാകൂല്ല സാറേ... ’’
ഒരു ദീർഘനിശ്വാസമെടുക്കാനുള്ള സമയമെടുത്തിട്ടു സാറു പറഞ്ഞു.
‘‘...അടിച്ചതാവിയായിപ്പോയി. ഒരെണ്ണംകൂടി ഒഴിച്ചേടാ...’’
വെള്ളമൊഴിക്കണതിനു മുമ്പേ തന്നെ സാറതു വാങ്ങി ഒറ്റവലിക്കടിച്ചു. ഞാനന്തം വിട്ടിരുന്നപ്പ സാറു ഗ്ലാസു നീട്ടിയിട്ട് പറഞ്ഞു.
‘‘ഈ പെണ്ണും പണോം എത്ര സൂക്ഷിച്ചാലും, എത്ര കാലം സൂക്ഷിച്ചാലും എപ്പോഴാ കൈവിട്ടു പോണതെന്നറിയാമ്പറ്റില്ലെടാ...’’
കലങ്ങിയ കണ്ണുകളോടെ സാറെന്ന നോക്കി ചിരിച്ചപ്പ എന്തു പറയണമെന്നറിയാതെ ഞാനാകെ വെല്ലാണ്ട് വിഷമിച്ചു.
‘‘ചില സമയം ഭൂതകാലമതിന്റെ എല്ലാ ഓർഡറുകളും തെറ്റിച്ച് പാഞ്ഞൊരു വരവുവരും. അതും നല്ല തെളിമയുള്ള കാഴ്ചകളായ്. ഭൂമിയിൽ ആർക്കും തോൽപിക്കാൻ പറ്റാത്തത്രയും വേഗത്തിലോടി വരാൻ പറ്റുന്ന ആ ഒന്നിനെ നമ്മൾ ഓർമയെന്നോമന പേരിട്ടു വിളിക്കും.’’
സാറെന്റെ മുഖത്തേക്കൊന്നു നോക്കി.
‘‘അച്ഛനുമമ്മമാരുടെ കാലം കഴിഞ്ഞാ പിന്നെ കുടുംബ ബന്ധങ്ങളെല്ലാം വെറും പേരിനു മാത്രം. ജീവിച്ചിരിക്കുന്നുണ്ടോയെന്നറിയാൻ വല്ലപ്പോഴും ഒരു ഫോൺ കോൾ മാത്രം.’’ ഒരു ദീർഘശ്വാസമെടുത്ത് സാറു പറഞ്ഞു. ‘‘ഞാനൊടുവിലൊരുറച്ച തീരുമാനമങ്ങെടുത്തു. ഇനിയുള്ള എന്റെ ജീവിതം നിങ്ങടെയൊക്കെക്കൂടെ ഇവിടെയങ്ങാകാമെന്ന്...’’
‘‘എല്ലാം സാറിന്റെയിഷ്ടം. എന്തു സഹായത്തിനും ഈ പാഞ്ചി വിളിപ്പൊറത്തെണ്ട്.’’
മഴയുടെ ശക്തിയൊന്നു കുറഞ്ഞപ്പ ഞാൻ വണ്ടിയെടുത്തു. ആദ്യം കണ്ട ഹോട്ടലിന്റെ മുമ്പീത്തന്ന വണ്ടിയൊതുക്കി.
ചായകുടീം കഴിഞ്ഞ് സാറു പറയണ വഴീക്കൂടി കുന്നും മലേയെക്ക താണ്ടി ഒരു തനി നാട്ടിമ്പുറത്തെത്തിയപ്പ മണി പതിനൊന്നു കഴിഞ്ഞു.
പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് ഓടാകെ മൂടിയ ഒരു ചെറിയ വീടുകണ്ടതും സാറ് പറഞ്ഞു. ‘‘പതുക്കെ ഇടതു കേറ്റിയങ്ങ് ഒതുക്കി നിർത്തിക്കേടാ പാഞ്ചീ...’’
‘‘എന്താണ് സാറേ..?’’ ഞാൻ സംശയത്തോടെ ചോദിച്ചു.
‘‘നീ പറയുന്നതനുസരിക്കെടാ...’’
ആ വീടിനു തൊട്ടുമുമ്പായി ഞാൻ കാറൊതുക്കി.
‘‘നീയൊരു ലാർജൊഴിച്ചേ...’’
പറഞ്ഞതു ലാർജാണെങ്കിലും ഞാനൊരു സ്മാളൊഴിച്ചു നിർത്തിയപ്പ സാറു പറഞ്ഞു. ‘‘പറഞ്ഞതനുസരിച്ചു പഠിക്കെടാ... ’’ ഞാൻ തലകുലുക്കി അനുസരിച്ചു.
തൊട്ടുമുമ്പു വാങ്ങിയ കശുവണ്ടി പരിപ്പ് ശബ്ദമുണ്ടാക്കി ചവച്ചും കൊണ്ട് പായ്ക്കറ്റ് എന്റെ നേരേ നീട്ടി.
കണ്ണടയൊന്നു നന്നായി തുടച്ച് പതിവിലേറെ വിടർന്ന കണ്ണുകളോടെ, ആ പഴയ വീടും പരിസരോം സാറൽപനേരം സൂക്ഷിച്ചു നോക്കിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ മതിലിനെടേക്കൂടി പൊറത്തുനിന്നും പടർന്നു കേറിയ കാട്ടുവള്ളികള് വീടിന്റെ ഭിത്തീല് ചാരിവെച്ചിരിക്കണ ഒരു മരക്കൊമ്പിലൂട മുകളിലെത്തീട്ടെണ്ട്.
സാറു ചോദിച്ചു. ‘‘പാഞ്ചീ, ആ വീടിന്റെ മുറ്റത്ത് ഒരഞ്ചു വയസ്സുകാരൻ പയ്യൻ ഓടിക്കളിക്കുന്നതു നീ കാണുന്നുണ്ടോടാ..?’’
ഇടിഞ്ഞു കെടക്കണ മുൻവശത്തെ മതിലിനു മോളീക്കൂടി നോക്കീട്ട് കമ്യൂണിസ്റ്റ് പച്ച കാടുപിടിച്ചു കെടക്കണ മുറ്റത്ത് ഞാനാരേം കണ്ടില്ല. സംശയത്തോടെ നോക്കിയപ്പ ഒരാത്മഗതം പോലെ സാറു പറഞ്ഞു.
‘‘എനിക്കു നന്നായി കാണാം..!’’
ഞാനൊന്നു ഞെട്ടി. ഒന്നും മനസ്സിലാകാണ്ട് മിഴിച്ച കണ്ണുകളോടെ ഇരിക്കണ എന്നോട് സാറു പറഞ്ഞു. ‘‘നാൽപ്പതു കൊല്ലം മുമ്പ് ഞാനോടിക്കളിച്ച മുറ്റമാടാ ആ കാടുപിടിച്ചു കിടക്കുന്നത്.’’
ഞാനന്തം വിട്ടു സാറിന നോക്കീട്ട് പറഞ്ഞു. ‘‘ഇത്രേം നാള് സാറു കണ്ണൂർക്കാരനാണെന്നു പറഞ്ഞിട്ട് ഇപ്പ ഇടുക്കിക്കാരനായാ.’’
‘‘സർക്കാരുദ്യോഗസ്ഥനായിരുന്ന അച്ഛന്റെ ട്രാൻസ്ഫറുകൾക്കനുസരിച്ച് പലയിടങ്ങളിലും ഞങ്ങളു താമസിച്ചിട്ടുണ്ട്. ഇതൊരു സർക്കാർവക രണ്ടു മുറി കെട്ടിടം. അടുക്കളയൊക്കെ ഞങ്ങളു താമസിച്ചപ്പോ ഓലകെട്ടി ചാർത്തിയെടുത്തതാണ്. അന്ന് പാവം എന്റെച്ഛന് നല്ലൊരു വീടു വാടകയ്ക്കെടുത്തു താമസിക്കാനുള്ള സാമ്പത്തിക ശേഷിയില്ലായിരുന്നതുകൊണ്ട് അച്ഛനുമമ്മയും ഞങ്ങളു മൂന്നു മക്കളുംകൂടി ഇവിടെയൊതുങ്ങി കഴിഞ്ഞു. ആ കാലമൊക്കെ...’’
പറഞ്ഞതു പൂർത്തിയാക്കാൻ പറ്റാതെ തൊണ്ടയൊന്നു വരണ്ടപ്പോ, ആ പഴയ കാലം മുന്നിൽ കാണും പോലെ നിറകണ്ണുകളുമായി രവിസാറ് സീറ്റൊന്നു പിറകിലേക്ക് മലർത്തി രണ്ടു കയ്യും മുകളിലേക്കുയർത്തി തലയ്ക്കു പിന്നിൽ കോർത്തു പിടിച്ചിട്ട് പറഞ്ഞു.
‘‘ഈശ്വരോ രക്ഷതി... അച്ഛനുമമ്മേം മുകളിലിരുന്നിതൊക്കെ കാണുന്നുണ്ടാകും അല്ലേടാ പാഞ്ചീ...’’
പൊറകീന്ന്, വല്ലിക്കാട്ടൊരു പുല്ലുകെട്ടും വെച്ചുകെട്ടി ആയാസപ്പെട്ടു ചവിട്ടിവന്ന സൈക്കിളുകാരൻ ചെറിയൊരു സംശയദൃഷ്ടിയോടെ കാറിനുള്ളിലേക്കൊന്നു പാളിനോക്കി ഞങ്ങളെ കടന്നുപോയി.
‘‘വളച്ചുകെട്ടും മുഖവുരയുമൊന്നുമില്ലാതെ ഞാനൊരു കാര്യം പറയാമ്പോവുകയാണ്. കേൾക്കുമ്പോ ഒരു പക്ഷേ നിനക്കുള്ളിൽ ചിരി വന്നേക്കാം, അല്ലെങ്കി എനിക്കു നൊസ്സായോ എന്നു തോന്നിയേക്കാം.’’
‘‘സാറു ധൈര്യായിട്ട് പറയ്.’’
അൽപം ദൂരെയായി കാണുന്ന ക്രോസ് റോഡിലേക്ക് കൈ ചൂണ്ടിക്കൊണ്ട് സാറു പറഞ്ഞു. ‘‘റൈറ്റു കയറി കുറച്ചങ്ങോട്ടു പോവുമ്പോ ഉള്ളിലേക്കു മാറി ഓടുമേഞ്ഞ ഒരു തറവാട്ടുവീടുണ്ടായിരുന്നു.’’
കാറിന്റെ ഗ്ലാസു താഴ്ത്തി സാറ് പുറത്തേക്കൊന്നു കാർക്കിച്ചു തുപ്പി.
‘‘നാൽപ്പതു കൊല്ലം മുമ്പ് ആ വീട്ടിലെ പ്രസാദെന്നു പേരുള്ള ചേട്ടനും കുറച്ചങ്ങോട്ടു മാറി പുള്ളോത്തിയാമലയെന്ന സ്ഥലത്തുള്ള സുലോചന ചേച്ചിയും തമ്മിലുള്ള കൊടിമൂത്ത പ്രേമത്തിനു ദൂതു കൈമാറിയിരുന്നത് ഞാനായിരുന്നു. സുലോചന ചേച്ചിയുടെ വീട്ടിലായിരുന്നു ഞാൻ ട്യൂഷൻ പഠിച്ചിരുന്നത്. തിരിച്ചുപോരുമ്പോ പ്രസാദ് ചേട്ടന് കൊടുക്കാൻ ചേച്ചി ഒരു വെള്ളക്കടലാസ് മടക്കി എന്റെ പോക്കറ്റിലിട്ടു തരും. കൂടെ രണ്ടു മിഠായീം. ട്യൂഷൻ വിട്ടു പോരുന്ന വഴിക്ക് ഞാനാരേം കാണാതെ ഒളിച്ചു നിന്നതു വായിക്കും. എത്ര രസമായിരുന്നെന്നോ അതു വായിക്കാൻ. വീടിന്റെ തൊട്ടു താഴെയുള്ള മിഷ്യൻ പുരയിൽ റബർഷീറ്റടിക്കാൻ പ്രസാദ് ചേട്ടൻ വരുമ്പോ ഞാനാ കത്ത് കൈമാറും.
കാഞ്ഞിരപ്പള്ളി കോളേജീ പഠിക്കുന്ന സുലോചന ചേച്ചിയുടെ അമ്പിനും വില്ലിനുമടുക്കാത്ത മൂത്തചേട്ടൻ പേർഷ്യേന്നു വന്നിരിക്കുന്ന സുകുമാരൻനായര് വേറേതോ രാജ്യത്തേക്കു പോകാനിരിക്കുകയാണെന്നും അങ്ങേരു പോയാലുടൻ നമുക്കു രജിസ്റ്റർ ചെയ്യാമെന്നുള്ള അവരുടെ രഹസ്യവിശേഷങ്ങളും കൂടെ ഏ സർട്ടിഫിക്കറ്റു കൊടുക്കേണ്ട ചിലതുമൊക്കെയായി ശനിയും ഞായറും കത്തുകൾ തരുമ്പോ ഞാനതു വായിച്ചു രസിച്ചുകൊണ്ടേയിരുന്നു.’’
ഒന്നു നിർത്തിയിട്ട് സാറു തുടർന്നു: ‘‘കൊല്ലാവസാനപ്പരീക്ഷ തീരുന്നതിനു കുറച്ചു മുമ്പ് എന്റെ കയ്യിൽ തന്നയച്ച കത്തു വായിച്ച് നടക്കാനിരിക്കുന്ന കാര്യങ്ങൾ മനസ്സിൽ കണ്ട് ഞാൻ വല്ലാതെ വീർപ്പുമുട്ടി.’’
സാറതു പറഞ്ഞു നിറുത്തിയപ്പ അതെന്താണെന്നു കേൾക്കാനെനിക്കും വല്ലാത്ത തിടുക്കമായി.
‘‘കത്തിലെ ഉള്ളടക്കമിതായിരുന്നു. അടുത്ത ഞായറാഴ്ച എല്ലാരും കൂടെ കുമളീലൊരു കല്ല്യാണത്തിനു പോകും. വീട്ടിൽ ഞാനും വല്ല്യമ്മച്ചീം മാത്രമേ ഉണ്ടാകൂ. സെക്കൻഷോ കഴിഞ്ഞ് സൈക്കിള് താഴത്തെ കലുങ്കിനടിയില് വെച്ചിട്ട് പുറകുവശത്തുകൂടി വന്നാ മതി. ഞാനടുക്കളവാതില് കുറ്റിയിടത്തില്ല.’’
ഞാനും ആ ദിവസത്തെ കാഴ്ച മനസ്സിൽ കണ്ടു.
‘‘ചുരുക്കിപ്പറയാം. ബോംബേക്കു പോയിരുന്ന പ്രസാദ് ചേട്ടൻ വന്നത് കത്തിൽ പറഞ്ഞ ദിവസത്തിനു രണ്ടു ദിവസം മുമ്പാണ്. അന്നുതന്നെ ഞാൻ പ്രസാദ് ചേട്ടന് കത്ത് കൊടുത്തു. വെക്കേഷൻ തുടങ്ങിയപ്പോ ഞാനും സഹോദരങ്ങളും കണ്ണൂര് അച്ഛന്റെ വീട്ടിലേക്ക് പോയി. രണ്ടു മാസം കഴിഞ്ഞു തിരിച്ചുവന്നപ്പോ കേൾക്കുന്നത്, പ്രസാദ് ചേട്ടൻ നാടുവിട്ടു ബോംബേയ്ക്കു പോയെന്നും ഉരുളികുന്നത്തുള്ളൊരു പോലീസുകാരനുമായി സുലോചനയുടെ കല്ല്യാണം കഴിഞ്ഞെന്നുമാണ്.’’
വല്ലാതെ ലയിച്ചിരുന്ന ഞാൻ നിരാശാഭരിതനായി പെട്ടെന്നു ചോദിച്ചു: ‘‘ശ്ശെടാ, അത്ര പെട്ടെന്നാ പ്രേമം തകരാനെന്താണ് കാരണം?’’
‘‘ആ കാരണമാണ് നീ അന്വേഷിച്ചറിയേണ്ടത്.’’
ഞാൻ വീണ്ടും ഞെട്ടി. നാൽപ്പതു കൊല്ലം മുമ്പു നടന്ന ഒരു പ്രേമത്തകർച്ചയുടെ കാരണമറിയാൻ ഇത്രയും കാലത്തിനു ശേഷം അമേരിക്കയിൽനിന്നും ഒരാളെത്തിയിരിക്കുന്നു. ആ സമയത്ത് ജനിച്ചിട്ടുപോലുമില്ലാത്ത ഇതുമായിട്ടൊരു ബന്ധോമില്ലാത്ത വെല്ലോടത്തും കെടക്കണ എനിക്ക് അന്വേഷണത്തിന്റെ ചുമതലയും.
എനിക്കറിയാതെ ചിരി വന്നു.
അതു കണ്ട് സാറു ചോദിച്ചു: ‘‘എന്താടാ..?’’
‘‘ഒന്നുമില്ല സാറേ...’’
എന്റെ ചിരിയുടെ അർഥമറിഞ്ഞെടുത്തിട്ടാവണം സാറു ചോദിച്ചു: ‘‘എടാ ഒരു മനുഷ്യൻ ശരീരത്തെ ശ്രദ്ധിക്കുന്നതെപ്പോഴാണെന്നറിയാമോ..?’’
ഞാനാലോചനയിലാണ്ടു.
‘‘നീ ആലോചിച്ചു തലപുണ്ണാക്കേണ്ട. ഒരസുഖം വരുമ്പോ മാത്രമേ നമ്മൾ ശരീരത്തിലേക്കു ശ്രദ്ധിക്കൂ. അതുപോലെ തന്നെയാണ് ഓർമകളും. ഒറ്റപ്പെട്ടു പോവുമ്പഴേ പഴയ കാലബന്ധങ്ങളും അന്നു ചെയ്ത തെറ്റുകളുമൊക്കെ ഓർമിക്കാൻ സമയമുണ്ടാകൂ.’’ സാറൊരു ദീർഘശ്വാസം കൂടെയെടുത്തു. ‘‘എനിക്കിപ്പോ അതിനു മാത്രമേ സമയമുള്ളെടാ പാഞ്ചീ...’’
ഒരു കിതപ്പോടെ സാറതു പറഞ്ഞു നിർത്തിയതും വലതുഭാഗത്തുള്ള റബർത്തോട്ടത്തിന്റെ കയ്യാല ചാടി ഒരാൾ കാറിനടുത്തേക്കു വന്നു ഗ്ലാസിൽ മുട്ടി. ഞാൻ ഗ്ലാസു കുറച്ചു താഴ്ത്തിയപ്പ അയാൾ ചോദിച്ചു.
‘‘എന്നാ ചേട്ടാ, കൊറേ നേരമായല്ലൊ ഇവടെ കെടക്കാൻ തൊടങ്ങീട്ട്..?’’
ഞാൻ വാ തുറക്കണേനു മുന്നേ തന്നെ സാറൊരു മറുചോദ്യം ചോദിച്ചു: ‘‘മോനെവിടെത്തെയാടാ..?’’
ഒരുകാര്യം സമ്മതിക്കാണ്ട് വയ്യ, സാറെത്രയടിച്ചാലും പറയണതിലൊരക്ഷരത്തെറ്റുപോലുമുണ്ടാവില്ല. തന്നേമല്ല. കഴിച്ചാ ശ്രദ്ധേം വിനയോം കണ്ടമാനമങ്ങ് കൂടുകേം ചെയ്യും. സാറിന്റെ ചോദ്യത്തിന് അവനൊരുത്തരം തന്നതും മറുചോദ്യായിട്ടാണ്.
‘‘ഇവിടെയൊള്ളവരെയെല്ലാമറിയാമോ..?’’
‘‘നീ ദേഷ്യപ്പെടാതെ കുഞ്ഞേ. വീട്ടുപേരൊന്നു പറഞ്ഞാലും മതി.’’
‘‘കുന്നാണ്ടാത്തെ...’’
‘‘കറിയാച്ചന്റെ..?’’
‘‘മകനാ.’’ അവൻ വിനയാന്വിതനായി പറഞ്ഞു.
‘‘സാറിനെ എനിക്കങ്ങോട്ടു മനസ്സിലായില്ല.’’
‘‘നിന്റെപ്പന്റെ കൂടെ പണ്ടു പഠിച്ചിട്ടുള്ളതാ...’’
‘‘സോറി. കൊറേ നേരമായി ഈ കാറിങ്ങനെ കെടക്കുന്ന കാണാൻ തൊടങ്ങീട്ട്. അതു കൊണ്ടു ഞാൻ...’’
മുഴുമിപ്പിക്കാതെ നിർത്തിയപ്പോ സാറു പറഞ്ഞു.
‘‘okok... മോന്റെ പേരെന്നാ..?’’
‘‘ജയിസൺ.’’
‘‘എന്നാ പണിയാ ചെയ്യുന്നേ..?’’
‘‘ഇച്ചരെ റബ്ബറൊണ്ട്... പിന്ന കൊറച്ചേലോം...’’
‘‘കറിയാച്ചൻ സുഖമായിരിക്കുന്നോ..?’’
‘‘ചേട്ടച്ചാര് താമസിക്കുന്നത് കുമളീലാ. ചാച്ചനവടെ കൊറച്ചു ദെവസം നിക്കാനായിട്ട് പോയേക്കുവാ...’’
‘‘ഞാനന്വേഷിച്ചതായി പറഞ്ഞേക്ക്.’’
‘‘ആരാന്നാ പറയണ്ടേ..?’’
ജയിസന്റെ സംശയദൃഷ്ടിക്ക് മറുപടിയായി ഇടതുവശത്തെ വീടു ചൂണ്ടിക്കാണിച്ചിട്ട് സാറു പറഞ്ഞു.
‘‘പണ്ടിവിടെ താമസിച്ചിരുന്ന നാരായണൻ സാറിന്റെ മകൻ രവികുമാറെന്ന് പറഞ്ഞാ മതി.’’
അവൻ തലയാട്ടിക്കൊണ്ടു ചോദിച്ചു: ‘‘ഇങ്ങോട്ടായിട്ടെറങ്ങിയതാണോ. അതോ വെല്ലടത്തും പോയേച്ചൊള്ള വരവാണോ..?’’
‘‘ഇവടെയടുത്തു വന്നപ്പം ഈ വഴി കേറിയെന്നേയുള്ള്.’’
പിന്നൊന്നും പറയാതെ നിന്ന ജയിസനോട് ഒരൊഴുക്കൻ മട്ടിൽ സാറു ചോദിച്ചു: ‘‘എടാ മോനേ, നമ്മടെ ഇടിമണ്ണിക്കലെ ചെത്തുകാരൻ പ്രഭാകരഞ്ചേട്ടന്റെ മകൻ പ്രസാദിനെ നീ അറിയത്തില്ലേ..?’’
‘‘പിന്നേ, അതെന്നാ ചോദ്യമാ സാറേ.
പ്രഭാകരഞ്ചേട്ടനും ചേച്ചീമൊക്കെ മരിച്ചു പോയിട്ട് കാലം എമ്പിടിയായി. പ്രസാദു ചേട്ടന്റെ കരോട്ടൊണ്ടാരുന്ന തോട്ടം ഞങ്ങളാ മേടിച്ചത്.
‘‘പാവം, ഇപ്പം കൊറെക്കാലമായിട്ട് മിണ്ടാനൊന്നും പറ്റാതെ മേലാതെ കെടപ്പാ...
‘‘അയ്യോടാ, വെല്ലാത്ത കഷ്ടമായിപ്പോയല്ലോ..!
‘‘താമസം ആ പഴയ വീട്ടീത്തന്നെയാണോ... അതോ..?’’
‘‘ഓ, അവടെത്തന്നെ. വീടൊക്കെയാകെപ്പോയി. നല്ല കാലം മുഴുവൻ ബോമ്പേലാരുന്നല്ലൊ. വയ്യാതായപ്പം ഇങ്ങോട്ടു കൊണ്ടുവന്നതാ. കല്ല്യാണമൊന്നും കഴിക്കാത്ത കാരണം അങ്ങേരെ നോക്കാൻ ഒരു മെയിൽനേഴ്സിനെ നിർത്തിയേക്കുവാ. മൂത്ത ചേട്ടമ്മാരു രണ്ടും മലബാറിലാ. അവരൊന്നുമങ്ങനെ വരാറില്ല.
പിന്നെ എടയ്ക്കും മുട്ടിനുമൊക്കെ പെങ്ങമ്മാരു വന്നു നിക്കും.’’ മഴ രണ്ടു തുള്ളി വീണതും ജയിസൺ പറഞ്ഞു: ‘‘സാറേ, മഴ തൂളിത്തൊടങ്ങി. ഇച്ചരെ വെയിലു കണ്ടപ്പം ഷീറ്റൊണക്കാനിട്ടാരുന്നു. ഞാനന്നാ അങ്ങോട്ടു മാറിക്കോട്ടെ.’’
സാറും ഞാനും ഒരുമിച്ചു തലയാട്ടി.
നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നിട്ട് പറഞ്ഞു. ‘‘സമയമൊണ്ടേ വീട്ടിലോട്ടൊന്നു കേറിയേച്ചും പോവാം.’’
സാറിത്തിരി ഉച്ചത്തിൽ പറഞ്ഞു: ‘‘ഇല്ലട മോനേ, ഇപ്പമിത്തിരി തിരക്കിലാ, പിന്നെയൊരിക്കലാകാം.’’
ജയിസൺ ഓടിപ്പോയതും സാറു പറഞ്ഞു.
‘‘വണ്ടിയെടുക്കടാ...’’
തേർഡ് ഗിയറിടുന്ന സമയം ഞാൻ പറഞ്ഞു: ‘‘സാറേ എടങ്ങേറായല്ലാ... അങ്ങേര് മിണ്ടാമ്പറ്റാണ്ട് കെടക്കേണെന്നല്ലെ പറഞ്ഞത്...’’
‘‘നമുക്ക് നോക്കാടാ...’’
ചെറിയ ചാറ്റൽമഴയിൽ കാറു മുന്നോട്ടു നീങ്ങിയപ്പോൾ സാറ് ആലോചനയിലാണ്ടു. വലത്തേക്കു തിരിഞ്ഞ് കുറച്ചു മുന്നോട്ട് നീങ്ങിയതും ദൂരെയായി ആ വീട് കണ്ടു. സാറു പറഞ്ഞതനുസരിച്ച് കുറച്ചു മുമ്പ് വഴിയരുകിൽ വണ്ടിയൊതുക്കി. സാറൊരു ഡയറീം പേനേം തന്നിട്ട് പറഞ്ഞു.
‘‘പാഞ്ചീ, നീ ആദ്യം ചെന്ന് അങ്ങേരെയൊന്നു കാണ്. മിണ്ടാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ തഞ്ചത്തിലങ്ങ് കാര്യം ചോദിച്ച് ഈ ഡയറിലെഴുതി മേടിക്ക്.’’
സാറെത്ര ഈസിയായിട്ടാണതു പറഞ്ഞതെന്ന് ഡയറി വാങ്ങിയപ്പ ഞാനോർത്തു. ഇതുവരെ അഭിമുഖീകരിക്കാത്ത ഒരു കാര്യമായതോണ്ട് എനിക്കാകെ ഒരു പതർച്ചേം പരവേശോം അറിയാണ്ടങ്ങു വന്നുകേറി. എന്റെ മുഖം വായിച്ചറിഞ്ഞിട്ടെന്നോണം സാറെന്റെ തോളിൽ തട്ടി പറഞ്ഞു.
‘‘നീയാരേം കൊല്ലാനൊന്നുമല്ലല്ലൊ പോകുന്നത്..? ധൈര്യമായിട്ട് ചെല്ലടാ. അവിടെയാകെ ആ നേഴ്സ് മാത്രമല്ലേയുള്ളൂ...’’ കുടയുമെടുത്ത് കാറീന്നെറങ്ങി ഡോറടച്ചതും സാറു കുപ്പിയെടുക്കണതു ഞാൻ കണ്ടെങ്കിലും അതു ശ്രദ്ധിക്കാത്ത മട്ടില് നടന്നു പടിക്കലെത്തി. കഷ്ടി ഒരു കാറിനു പോകാൻ തക്കവീതി തോന്നിക്കണ വഴീട രണ്ടു വശത്തും റബ്ബർത്തോട്ടമാണ്. നട്ടുച്ചയ്ക്കും ആകെ മൂടിക്കെട്ടി ഇരുണ്ട അന്തരീക്ഷം. പുല്ലുമൂടിയ വഴീല്, പ്രതാപകാലത്തെ ഓർമിപ്പിക്കാനെന്നോണം പണ്ടു പാകിയ കരിങ്കൽ പാളീല് പലതവണ കാലു തട്ടിയപ്പ ശ്രദ്ധിച്ചു നടക്കാൻ തുടങ്ങി. മുൻവശം മുഴുവൻ നെടുനീളത്തിൽ അഴികളിട്ട ആ വീടിന്റെ ചവിട്ടുപടിയിലേക്ക് കയറി കോളിങ് ബെല്ലടിച്ചപ്പ അതു വർക്കിങ്ങല്ല. ഉള്ളിലേക്കു നോക്കി ഉച്ചത്തിൽ വിളിച്ചു ചോദിച്ചെങ്കിലും ഒരനക്കോമില്ല. മുറ്റത്തുകൂടെ മുന്നോട്ടു നടന്നതും തോട്ടത്തിലൂട ഒരാളോടിയപോലെ തോന്നി. വേഗം തിരിച്ചു നടന്ന് വീണ്ടും ഒന്നുകൂടി വിളിച്ചതും പൊറകുവശത്തു നിന്നും സ്ത്രീശബ്ദത്തിൽ ആരാ..? എന്നും ചോദിച്ച് ഒരാളെത്തി.
ഒരു പത്തുനാപ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന അയാൾ പെണ്ണുങ്ങളെപ്പോല, ഇടത്തേ തോളിൽ സാരിത്തലപോലെ വിരിച്ചിട്ട തോർത്തിന്റെയറ്റം അരഭാഗത്തുതിരുകി വെച്ചിട്ടെണ്ടാരുന്നു.
ഒരു ചെറുചിരിയോടെ ഞാൻ പേരും സ്ഥലവും പറഞ്ഞപ്പ അയാളും തിരിച്ചു പറഞ്ഞു.
‘‘ഞാൻ മത്തച്ചൻ. എല്ലാരും മത്താന്നു വിളിക്കും. ഹോംനേഴ്സാ. തങ്കമണീലാ വീട്.’’
‘‘പ്രസാദു സാറിന്റെ പഴയ ഒരു പരിചയക്കാരനാ, ഒന്നു കാണാൻ വന്നതാ.’’ ഞാൻ ഭവ്യതയോടെ പറഞ്ഞു.
അയാൾ മുണ്ടിന്റെ തലപ്പുകൊണ്ട് വായ തുടച്ചിട്ട് പറഞ്ഞു.
‘‘പറഞ്ഞാലെല്ലാം കേക്കും. മനസ്സിലാവുകേം ചെയ്യും. പക്ഷേ സാറ് മിണ്ടത്തില്ല. ആവശ്യമൊള്ളതെന്നതാന്നു വെച്ചാ അതെഴുതിക്കാണിക്കും.’’
അയാൾ വാതിൽ തുറന്നു. ഞങ്ങളൊരുമിച്ച് അകത്തേക്കു കയറി. ഒരു വെല്ലാത്ത വാട മൂക്കിലേക്കടിച്ചു കയറി.
ലൈറ്റിട്ടപ്പോഴാണ് കണ്ടത്. അഴികളിട്ടടച്ചു കെട്ടിയെടുത്ത ആ വലിയ വരാന്തേട ഒരറ്റത്ത്, തലഭാഗം ചരിച്ചുപൊക്കിയ കട്ടിലേ പ്രസാദെന്ന മനുഷ്യൻ ചാരികിടക്കേണ്. താടിയും മുടീമൊക്ക വളർന്നിട്ടെണ്ട്. എനിക്കിരിക്കാൻ മത്തൻ കസേര നീക്കിയിട്ടു.
കണ്ണു തുറന്നിരിക്കണ പ്രസാദ് സാറ് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചതായി തോന്നി.
‘‘സാറിനു കടുംകാപ്പിയെടുക്കട്ടെ...’’
സാറേന്നു വിളിച്ചത് എന്നെയാണെന്ന് പിന്നീടാണു മനസ്സിലായത്. വേണ്ടെന്നു പറഞ്ഞപ്പോ ‘‘എന്നാ നിങ്ങളു സംസാരിച്ചിരിക്ക്, ഞാനടുക്കളേലോട്ടു ചെല്ലട്ടെ’’ എന്നും പറഞ്ഞ് മത്തനകത്തേക്കു പോയി.
സമയമൊട്ടും പാഴാക്കാൻ നിന്നില്ല. രവി സാറു പുറത്തുണ്ടെന്നൊന്നും പറയാൻ നിൽക്കാണ്ട് കിട്ടിയ സമയത്ത് ഒള്ള കാര്യം പറഞ്ഞു. അതു കേട്ടപ്പ അങ്ങേരുട മുഖത്ത് വിവിധ ഭാവങ്ങൾ വന്നു മാഞ്ഞു. ചുണ്ടനക്കാൻ ശ്രമിച്ചതും ഞാൻ ഡയറീം പേനേം കൊടുത്തു. നെഞ്ചത്ത് ഡയറി വെച്ച് വെറക്കണ കൈകൾ കൊണ്ടെഴുതി തുടങ്ങി.
‘‘പേരോർമ്മയില്ലെങ്കിലും, എന്റെ തകർന്ന പ്രേമത്തെപ്പറ്റിയറിയാനാഗ്രഹിക്കുന്ന ഈ പയ്യനെ ഞാനോർക്കുന്നുണ്ട്, നല്ലവണ്ണം. എനിക്കു മറക്കാനൊക്കുമോ അവനെ. കാലമിത്രകഴിഞ്ഞിട്ടും അവനിതൊന്നും മറക്കാതിരിക്കുന്നുണ്ടെങ്കിൽ അതിനും ഒരു കാരണമുണ്ടാകുമല്ലൊ..?’’
എഴുതാനാവാതെ കൈ കുഴഞ്ഞപ്പ ഡയറി വാങ്ങി ഞാൻ പറഞ്ഞു. ‘‘പതുക്കെ മദീട്ടാ.’’ അദ്ദേഹമൊന്നു തലയാട്ടി. രവി സാറു പറഞ്ഞ അന്നത്തെ അവരുടെ കത്തുകളെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് ഞാൻ പറഞ്ഞങ്ങു കേറ്റിക്കൊടുത്തു.
ആ സമയം ഡയറിക്കു വേണ്ടി ആംഗ്യം കാണിച്ചു. വീണ്ടും ഡയറി നെഞ്ചിൽ വെച്ചു കൊടുത്തപ്പ എന്നെയൊന്നു നോക്കി.
ആ കണ്ണുകളിൽ മിന്നിമറയണത് നിരാശയാണോ കുറ്റബോധമാണോ പശ്ചാത്താപ വിവശതയാണോ എന്ന് തിരിച്ചറിയാനാവാണ്ട് ഞാനങ്ങനെയിരുന്നു.
വെള്ളം കുടിക്കണമെന്ന് കൈകൊണ്ടാംഗ്യം കാണിച്ചു. ഞാനുടനെ അടുത്തു തന്നെ വെച്ചിരുന്ന കുപ്പിയെടുത്ത് വെള്ളം വായിലൊഴിച്ചുകൊടുത്തു. രണ്ടിറക്കു കഴിഞ്ഞതും മതിയെന്നർഥത്തിൽ കൈയുയർത്തി. ഇനി പറയാനൊന്നുമില്ലാണ്ട് ഞാനങ്ങനെയിരുന്നു. അങ്ങേര് വീണ്ടുമെഴുതാൻ തുടങ്ങിയപ്പ മഴ ഒന്നുകൂടി ശക്തി പ്രാപിച്ചു.
‘‘അവരുടെ വീടിന്റെ ഇലക്ട്രിക്കൽ വർക്കു ചെയ്യുന്ന സമയത്താണ് ഞങ്ങളു തമ്മിലടുക്കുന്നത്. കുറേ മക്കളുള്ള ആ കുടുംബത്തിലെ ഏറ്റവുമിളയവൾ. ഒരു പാവം. അച്ഛന്റെ മരണശേഷം ചേട്ടന്മാരുടെ നിയന്ത്രണത്തിലായിരുന്നതുകൊണ്ട് അവൾക്കൊന്നിനുമൊരു സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് ജോലിചെയ്ത് എന്റെ കയ്യിൽ ഇഷ്ടംപോലെ കാശുണ്ടായിരുന്നു. മിക്കപ്പോഴും ക്ലാസുകഴിഞ്ഞ് അവൾ പുറത്തുവരുമ്പോ കോളേജു പടിക്കേന്നൽപ്പം മാറി ഞാൻ സ്കൂട്ടറുമായി കാത്തു നിൽക്കും. അവളേയും കയറ്റി തിരക്കില്ലാത്ത വഴിയേ കുറേക്കറങ്ങും. അവളാവശ്യപ്പെടുന്നതെല്ലാം ഒന്നൊന്നായി വാങ്ങിക്കൊടുക്കും. ഇടയ്ക്കൊക്കെ ക്ലാസുകട്ടു ചെയ്ത് ഞങ്ങള് മുണ്ടക്കയത്തും പാലായ്ക്കും സിനിമയ്ക്കു പോകും. പടം കഴിഞ്ഞ് ഏറ്റവും നല്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കും. അവളുടെ സന്തോഷമായിരുന്നു എനിക്കേറ്റവും വലുത്. എനിക്കത്രയുമിഷ്ടമായിരുന്നു അവളെ.’’
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
‘‘ക്ലാസ്സു കഴിഞ്ഞേപ്പിന്നെ വെല്ലപ്പോഴുമവൾ ടെസ്റ്റെഴുതാനോ മറ്റോ പുറത്തേക്കു വരുമ്പോൾ മാത്രമേ ഞങ്ങൾക്കു തമ്മിൽ കാണാനവസരമുണ്ടായിരുന്നുള്ളൂ. അവളുടെയടുത്ത് ട്യൂഷൻ പഠിച്ചിരുന്ന ആ പയ്യന്റെ കയ്യിൽ കത്തു കൊടുത്തുവിടും. അങ്ങനെ കാഞ്ഞിരപ്പള്ളിയിലും കോട്ടയത്തുമൊക്കെ ഞങ്ങൾ കണ്ടുമുട്ടി. ഇതിനിടയിൽ ബോംബേലൊള്ളൊരു ബന്ധുവിന്റെ കേറോഫിൽ ഗൾഫിനു പോകാനൊരു ചാൻസു കിട്ടിയപ്പോ രണ്ടുമൂന്നാഴ്ച ഒന്നു മാറിനിൽക്കേണ്ടി വന്നു. ബോംബേന്ന് വന്നതിന്റെന്നു രാവിലെ തന്നെ ഞാനാ പയ്യനെ കണ്ടതും അവനൊരു കത്തു തന്നു. കത്തിലെഴുതിയപ്രകാരം സെക്കൻഷോ കണ്ടിറങ്ങിയ ഞാൻ അവളെഴുതിയതനുസരിച്ച് അടുക്കളവാതിലിലൂടെ അകത്തു കടന്നു. ആ വീടിന്റെ മുക്കും മൂലയുമറിയാവുന്ന ഞാൻ അവളുടെ മുറിയുടെ വാതിൽ തുറന്ന് അകത്തുകയറി വാതിലടച്ചു.
എന്റെ ശബ്ദം കേട്ട അവൾ പേടിച്ചരണ്ട് പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.
‘‘പ്രസാദേട്ടാ, ചേട്ടനെങ്ങനെയോ നമ്മുടെ കാര്യമറിഞ്ഞിട്ടുണ്ട്. പെട്ടെന്നു തിരിച്ചു പൊയ്ക്കോ... സുകുചേട്ടനെത്തുന്നതിനു മുന്നേ വേഗം രക്ഷപ്പെടാൻ നോക്ക്...’’ അവളതു പറഞ്ഞതും വാതിലിൽ മുട്ടുകേട്ട് ഞാൻ ഞെട്ടി. അവൾ ചെന്നു കതകു തുറന്നു. അവളുടെ മുടിക്കുകുത്തിപ്പിടിച്ചുകൊണ്ട് അവനെവിടെടീ എന്നയാളലറി. പിന്നെ നടന്നതോർക്കുമ്പം ഇപ്പോഴുമെന്റെ ചങ്കു പെടയും. കാരിരുമ്പിന്റെ കരുത്തുള്ള അയാളെ ഒന്നു പ്രതിരോധിക്കാൻപോലും പറ്റാതെ ഞാൻ ചോര തുപ്പി.
‘‘നീ പറഞ്ഞിട്ടാണോടീ ഇവൻ വന്നത്..?’’
അവളൊന്നും മിണ്ടിയില്ല.
അയാൾ വീണ്ടും ചോദിച്ചു. ‘‘ഇതിനു മുമ്പിങ്ങനെ ഉണ്ടായിട്ടുണ്ടോ..?’’ ഇല്ലെന്നവൾ തലയാട്ടി.
‘‘ഇവനുമായിട്ടൊള്ള ബന്ധം ദേ ഇവിടംവെച്ചു തീർന്നു.’’
തല കുനിച്ചിരുന്ന എന്റെ താടി പിടിച്ചുയർത്തിയിട്ട് അയാളെന്നോടു പറഞ്ഞു. ‘‘എടാ അവരാതി മോനേ, നീ വരുമെന്നറിഞ്ഞ് അടുക്കളവാതിലു തുറന്നിട്ടത് ഞാനാടാ... നിന്നെയാ പ്ലാവേ കെട്ടിയിട്ടിട്ട് ആളെക്കൂട്ടാനെനിക്കറിയാമേലാഞ്ഞിട്ടല്ല.’’
കണ്ണും മുഖവും വീങ്ങി വായിലും മൂക്കിലുമെല്ലാം ചോരയൊലിച്ചു കിടന്ന ഞാൻ ഉലിഞ്ഞുപോയ മുണ്ടും വാരിച്ചുറ്റി എഴുന്നേറ്റു. ഞാൻ പുറത്തേക്കു നടക്കാൻ രണ്ടടി വെച്ചതും അയാൾ പറഞ്ഞു. ‘‘നീ വിളിച്ചാ ഇവളു വരുമെന്നു നിനക്കു തോന്നുന്നുണ്ടെങ്കി ദേ ഇപ്പോ വിളിച്ചോ..! ഇനി അതിനൊരവസരം തന്നില്ല എന്നു നീ ഒരു കാലത്തും പറയരുത്.’’ എനിക്ക് ശബ്ദം പുറത്തേക്കു വന്നില്ല. പക്ഷേ, തല കുനിച്ചു നിന്നതല്ലാതെ അവളൊരക്ഷരം മിണ്ടാതെ നിന്നപ്പോൾ അയാളെന്റെ ചെവിയിൽ പറഞ്ഞു.
‘‘ എന്റെ കയ്യീന്നിനി മേടിച്ചുകൂട്ടെണ്ടങ്കി എറങ്ങിപ്പോടാ നാറീ...
ചെത്തുകാരന്റെ മകൻ ചക്കാത്തിലങ്ങ് നായരാകാന്നു വിചാരിച്ചല്ലേ..?’’
‘‘വേദനയും സങ്കടവും അപമാനവുംകൊണ്ട് തലകുനിഞ്ഞ് ഞാനേന്തിവലിഞ്ഞ് പുറത്തോട്ടു നടന്നു.’’
പിന്നെ എഴുതാൻ പറ്റാതെ കുഴഞ്ഞു തുടങ്ങിയ കൈയീന്ന് പേനയൂർന്നു വീണു. പിന്നാലെ ഡയറീം. ഞാനതു രണ്ടുമെടുത്തു മാറ്റിയതും അദ്ദേഹം ശ്വാസം കിട്ടാണ്ട് ആഞ്ഞുവലിക്കുകേം കണ്ണുകൾ മുകളിലേക്കു മറയുകയുംചെയ്തു. ആകെ പരിഭ്രമിച്ച ഞാനുച്ചത്തിൽ വിളിച്ചു. ‘‘മത്താ... മത്താ...’’ മത്തനോടി വന്ന് അങ്ങേെര കുലുക്കി വിളിച്ചു. പിന്ന മൊഖത്തേക്കു വെള്ളമൊഴിച്ചു. സാവധാനം കണ്ണുകൾ തുറന്നപ്പ മത്തൻ വായിലേക്ക് എന്തോ സ്പ്രേ അടിച്ചു. അപ്പോ ശ്വാസം സാധാരണ ഗതിയായി. ഇനിയവട നിൽക്കണത് അത്ര പന്തിയല്ലെന്നു കണ്ട ഞാൻ യാത്ര പറഞ്ഞപ്പ മത്തനെന്റെ നമ്പറു ചോദിച്ചു. ഞാൻ സാറിന്റെ നമ്പറു കൊടുത്തു.
ഡയറീം നെഞ്ചില് ചേർത്തുവെച്ച് കോരിച്ചൊരിയണ മഴേത്ത് നനഞ്ഞൊലിച്ച് ചെന്ന് കാറിലേക്കു കയറിയപ്പ സാറ് ചാരിക്കെടന്നുറങ്ങേരുന്ന്. സാറിന്റെ ഉറക്കത്തിനു തടസ്സം വരണ്ടല്ലാന്നു കരുതി ഡയറി പിറകിലെ സീറ്റിലേക്കിട്ടു വണ്ടിയെടുത്തതും സാറു ഞെട്ടിയുണർന്നു. ഞാൻ ഡയറിയെടുത്ത് സാറിന്റെ കൈയില് കൊടുത്തു. അദ്ദേഹം അതു വായിക്കാൻ തുടങ്ങി. അൽപം കഴിഞ്ഞതും എന്നോടു വണ്ടി നിർത്താൻ പറഞ്ഞു.
സാറു കുപ്പിയെടുത്തു നേരേ വായിലോട്ടു കമിഴ്ത്തണ കണ്ട ഞാനാകെ അന്തിച്ചുപോയി. ആ സമയംകൊണ്ട് സാറു രണ്ടു മൂന്നു കവിളെങ്കിലുമെടുത്തു കാണും. പിന്നൊന്നുമാലോചിച്ചില്ല. പണിപ്പെട്ടാണെങ്കിലും കുപ്പി പിടിച്ചു വാങ്ങി. കിതച്ചുകൊണ്ടു സാറു പറഞ്ഞു.
‘‘ഞാനാ... ഞാനൊറ്റൊരുത്തനാടാ അവരുടെ ബന്ധം തകർത്തത്.’’
ഒന്നും മനസ്സിലാകാണ്ട് ഞാൻ കണ്ണു മിഴിച്ചു. ‘‘എന്റെയീ ഗതിക്കു കാരണം അയാളുടെ ശാപമാടാ പാഞ്ചീ... സാറ് വിങ്ങിപ്പൊട്ടി കരഞ്ഞു. ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒന്നു ശാന്തമായപ്പ എന്നെ നോക്കി പതിഞ്ഞ ശബ്ദത്തിൽ സാറു പറഞ്ഞു.
‘‘സുലോചന ചേച്ചി എന്റെ കയ്യിൽ തന്നയച്ച ആ കത്ത് ഞാൻ സുകുമാരൻ നായരേം കാണിച്ചിരുന്നു.’’
ഞാനത്ഭുതപ്പെട്ടു ചോദിച്ചു: ‘‘സാറെന്താ അങ്ങനെ ചെയ്തത്..?’’ ‘‘തനിക്കു കിട്ടില്ലെന്നുറപ്പുണ്ടായിട്ടും മറ്റൊരാൾക്കത് കിട്ടുമെന്നറിയുമ്പോ ഒരാളിലുണ്ടാകുന്ന വികാരമെന്താ..?’’
ഒന്നും പറയാൻ പറ്റാണ്ട് വിഷമിച്ച എന്നോട് സാറു പറഞ്ഞു.
‘‘അതുതന്നെ. അസൂയ. അതിന് കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലെടാ... അത്രമേൽ ഉടലഴകുള്ള സുലോചന ചേച്ചിയും പ്രസാദ് ചേട്ടനും ആ രാത്രി ഒന്നാകുന്നതോർത്തപ്പോ, ഒരൊമ്പതാം ക്ലാസുകാരനാണെങ്കിലും സാധാരണ എല്ലാവരുടെയുമുള്ളിൽ തോന്നുന്ന ആ വികാരം എന്റെയുള്ളിലും അറിയാതെവന്നു നിറഞ്ഞുപോയെന്റെ പാഞ്ചീ...’’
സാറതും പറഞ്ഞെന്റെ കയ്യീന്ന് കുപ്പി വാങ്ങി. ‘‘എനിക്ക് പോണമെടാ... ആ സാധു മനുഷ്യന്റെ കാലു പിടിച്ചെനിക്കു മാപ്പു പറയണം... വണ്ടി തിരിക്ക്...’’
കഴിക്കാൻ വയ്യാതെ വല്ലാണ്ടങ്ങ് കുഴഞ്ഞു തുടങ്ങിയപ്പ കുപ്പി കയ്യീന്നു മടിയിലേക്കു വീണു. കാലുകളൊക്ക നീട്ടി സീറ്റിലേക്ക് ചാഞ്ഞു കെടന്നിട്ട് പുലമ്പണമട്ടിലെന്തൊക്കെയോ സാറു പറഞ്ഞുകൊണ്ടിരുന്നു.
ആ സമയം സാറിന്റെ ഫോണടിച്ചു. പേരില്ല, നമ്പറാണ്. ആദ്യമൊന്നു മടിച്ചെങ്കിലും രണ്ടും കൽപിച്ച് ഞാൻ ഫോണെടുത്തു.
‘‘ഹലോ...’’
ഒരൊറ്റ ഹലോയിൽ ഞാനാളെ തിരിച്ചറിഞ്ഞു.
മത്തൻ...
‘‘സാറേ,
സാറെന്നാ പണി കാണിച്ചേച്ചാ പോയത്. പ്രസാദു സാറു മരിച്ചുപോയി.’’
മിണ്ടാട്ടം മുട്ടിപ്പോയ എന്റെ കണ്ണിലാകെ ഇരുട്ടു കയറി.
തിരിച്ചൊന്നും പറയാണ്ട് ഞാനാ നിമിഷംതന്നെ ഫോൺ കട്ടു ചെയ്തു. സാറിന പലതവണ കുലുക്കിവിളിച്ചു നോക്കി. മറുപടിയൊന്നുമില്ലാണ്ടു വന്നപ്പ എന്റെ ചെറിയ ബുദ്ധീലു ഞാനോരോന്നാലോചിച്ചു നോക്കി. ഈ കോലത്തില് സാറിനേംകൊണ്ടാ മരണവീട്ടി ചെന്ന് അവടൊരു സീനെണ്ടാക്കണാ..? അതോ, ഇപ്പ ഇവടന്നു പോയിട്ട് സാറുണരുമ്പ കാര്യം പറഞ്ഞാ മതിയാ..?
ആ സമയത്ത് സാറു വണ്ടി തിരിക്കെടാന്നു പറഞ്ഞാ തിരിച്ചു പോരേണ്ടി വരില്ലേ..? അപ്പ അത്രേം ദൂരം പിന്നേം തിരിച്ചോടിക്കണ്ടേ..? അല്ലെങ്കി, ഇവടത്തന്ന കെടന്നാ മതിയാ..? എന്തായാലും ഇവട കെടക്കണതത്ര പന്തിയല്ലെന്നു തോന്നിയ നിമിഷം പിന്നയൊന്നുമാലോചിക്കാൻ നിന്നില്ല. തകർത്തു പെയ്യണ മഴ വകവെക്കാണ്ട് സാവധാനം ഞാൻ വണ്ടിയെടുത്തു.
അപ്പോ, സാറിന്റ കൂർക്കംവലീട ഒച്ച പിന്നേം കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.