വീണ എന്‍. മാധവന്‍ കലക്ടറായി ചുമതലയേറ്റു

ആലപ്പുഴ: ജില്ലയുടെ 47ാമത് കലക്ടറായി വീണ എന്‍. മാധവന്‍ ചുമതലയേറ്റു. കൊല്ലം സ്വദേശിനിയാണ്. 2010 ഐ.എ.എസ് ബാച്ചില്‍പെട്ട വീണ കണ്ണൂര്‍ അസിസ്റ്റന്‍റ് കലക്ടര്‍, മാനന്തവാടി സബ്കലക്ടര്‍, വാണിജ്യനികുതി വകുപ്പ് ജോയന്‍റ് കമീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കലക്ടര്‍ ആര്‍. ഗിരിജ ബുധനാഴ്ച രാവിലെ 9.45ന് ചുമതല പുതിയ കലക്ടര്‍ക്ക് കൈമാറി. സര്‍ക്കാറിന്‍െറ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് ചുമതലയേറ്റശേഷം വീണ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ള വികസനപദ്ധതികള്‍ നടപ്പാക്കും. ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരുമായി സഹകരിച്ച് ജില്ലയുടെ വികസനപദ്ധതികളുമായി മുന്നോട്ടുപോകുമെന്നും കലക്ടര്‍ പറഞ്ഞു. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ വിങ് കമാന്‍ഡര്‍ ഗുല്‍ഷന്‍ കുമാറാണ് ഭര്‍ത്താവ്. അച്ഛന്‍ എന്‍.വി. മാധവന്‍ വൈദ്യുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ.എസ്.ഇ.ബി ചെയര്‍മാനുമായിരുന്നു. പ്രസന്ന മാധവനാണ് അമ്മ. ഡോ. ലക്ഷ്മി (ഡെര്‍മറ്റോളജിസ്റ്റ്), ഡോ. മിനി (ഗൈനക്കോളജിസ്റ്റ്) എന്നിവര്‍ സഹോദരങ്ങളാണ്. 2009ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസില്‍ പ്രവേശിച്ച വീണ എന്‍. മാധവന്‍ ദൂരദര്‍ശന്‍ ഇംഗ്ളീഷ് ന്യൂസ് വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളജില്‍നിന്ന് ഇംഗ്ളീഷില്‍ ബിരുദം നേടിയ ശേഷം കേരള യൂനിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷില്‍നിന്ന് ബിരുദാനന്തരബിരുദവും ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍നിന്ന് എം.ഫില്ലും കരസ്ഥമാക്കി. തിരുവനന്തപുരത്താണ് താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.