തൃശൂർ: ‘ആ നിമിഷത്തിൽ എന്താണ് സംഭവിച്ചതെന്ന ഞെട്ടലിനിടയിൽ മറ്റൊന്നും ആലോചിക്കാൻ നിന്നില്ല, കൂടെയുണ്ടായിരുന്നയാൾ വെള്ളത്തിലേക്ക് ആഴ്ന്നുപോകുന്നത് മാത്രമേ കണ്ടുള്ളൂ... അപ്പോൾ എടുത്തുചാടുകയല്ലാതെ മറ്റൊന്നും ആലോചിച്ചില്ല, എന്നിട്ടും ജീവനുവേണ്ടി വിളിച്ച ആ കൈകൾ വെള്ളത്തിലാണ്ടുപോയി... ആ കൈകൾ ഇപ്പോഴും അസ്വസ്ഥമാക്കുകയാണ്. പറയുമ്പോൾ നിസാറിെൻറ കണ്ഠമിടറുന്നുണ്ടായിരുന്നു.
കോർപറേഷെൻറ ഉടമസ്ഥതയിലുള്ള അറവുശാലയിലെ കിണറ്റിൽ വീണ കരാർ ജീവനക്കാരൻ മജീദിനെ രക്ഷിക്കാൻ എടുത്തുചാടിയത് കോർപറേഷെൻറ ആരോഗ്യവിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിസാറാണ്. അറവുശാലയിലെ മോട്ടോർ തകരാറിലായിട്ട് ദിവസങ്ങളായിരുന്നു. ഇലക്ട്രീഷ്യനെ കിട്ടാനുള്ള പ്രയാസത്തിലായിരുന്നു. ഒടുവിൽ തിങ്കളാഴ്ച രാവിലെയാണ് കിട്ടിയത്. കിണറിനോടുചേർന്ന് കാടുപിടിച്ചുകിടക്കുന്നത് വെട്ടി വൃത്തിയാക്കുകയായിരുന്നു. സംസാരിച്ചുകൊണ്ട് പണിചെയ്യുന്നതിനിടെയാണ് മജീദ് കിണറ്റിലേക്ക് വീണത്.
വലിയ കിണറിെൻറ മുകളിലുള്ള ഇരുമ്പ് ഗ്രില്ലുകളില്‍ തുറക്കാനായി രണ്ട് പാളികളാണുള്ളത്. ഇതിൽ ഒരെണ്ണം തുറന്ന് കിടന്നിരുന്നത് ശ്രദ്ധയിൽപെടാതെ ചവിട്ട് തെറ്റി കിണറ്റിലേക്ക് വീഴുകയായിരുന്നു. നോക്കുമ്പോള്‍ കിണറ്റിനകത്തുനിന്ന് മജീദ് സഹായത്തിനായി കൈനീട്ടുന്നത് കണ്ടു. പിന്നൊന്നും ആലോചിച്ചില്ല. മോട്ടോര്‍ അഴിച്ചുവെച്ച കയറെടുത്ത് കെട്ടി കിണറ്റിലേക്കിറങ്ങുകയായിരുന്നു.
നല്ല ആഴമുള്ള കിണറായിരുന്നു. കിണറ്റിലെ വെള്ളത്തിനുള്ളിലേക്ക് ആണ്ടുപോവുന്നതിനിടയിൽ കൈകൾ മാത്രമേ മുകളിൽ കാണുന്നുള്ളൂ. ഇറങ്ങി കൈയിൽ പിടിച്ചുവലിച്ചെങ്കിലും മുകളിലേക്ക് മജീദിന് ഉയരാൻ കഴിയുന്നില്ല. പലതവണ ശ്രമിച്ചെങ്കിലും മജീദ് കൂടുതൽ ആഴത്തിലേക്ക് പോവുകയായിരുന്നു. പെട്ടെന്ന് കൈവിട്ട് പൂർണമായി താഴേക്ക് പോയി.
ഒരുവേള നെഞ്ചിടിപ്പുപോലും നിലച്ചുവെന്ന് തോന്നി. നിറയെ വെള്ളമുള്ള കിണറിൽ പടവുകളില്ലാത്തതിനാല്‍ തിരിച്ചുകയറാനും എളുപ്പമായിരുന്നില്ല. മുകളിലുണ്ടായിരുന്നവരോട് ഒരു കയര്‍ കൂടി കിണറ്റിലേക്കിട്ടുതരാന് ആവശ്യപ്പെട്ടതനുസരിച്ച് അതില്‍ പിടിച്ച് കയറുകയായിരുന്നു. ആകെയൊരു മരവിപ്പായിരുന്നു. അഗ്നിരക്ഷാസേനയെത്തി മജീദിനെ മുകളിലെത്തിക്കുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ചേതനയറ്റ ശരീരം മുന്നിലെത്തിച്ചപ്പോൾ ഷോക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.