ഞാനൊരു പെണ്ണായതുകൊണ്ടും പെൺപക്ഷത്ത് നിലകൊള്ളുന്നതായി സ്വയം വിശ്വസിക്കുന്നതുകൊണ്ടും മലയാള സിനിമ മാത്രമല്ല ചുറ്റുമുള്ള എന്തിനെയും അങ്ങനെയൊരു കാഴ്ചപ്പാടിലൂടെയേ എനിക്ക് കാണാൻ കഴിയൂ. അതുകൊണ്ടുതന്നെ ആഘോഷിക്കപ്പെട്ട സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളല്ല എന്റെ ചോയ്സ്. സിനിമയിലെ കരുത്തയായ സ്ത്രീ കഥാപാത്രം എന്നു പറയുന്നത് എന്ത് കാഴ്ചപ്പാടിലാണെന്ന് ഞാൻ ആലോചിക്കാറുണ്ട്. മഞ്ജുവാര്യരെപോലുള്ളവർ അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രങ്ങളെ നോക്കുക. തുടക്കത്തിൽ നമ്മൾ കരുതും വലിയ പ്രോ വുമൺ ആയ കഥാപാത്രമായിരിക്കും അത് എന്നാണ്. പക്ഷേ, പാതിദൂരം പിന്നിടുമ്പോഴും സിനിമ അവസാനിക്കുമ്പോഴും കൃത്യമായി ഒരു പാട്രിയാർക്കിയുടെ ഏജന്റായി അത്തരം കഥാപാത്രങ്ങൾ മാറുന്നത് കാണാം. അങ്ങനെയല്ലാത്ത 10 കഥാപാത്രങ്ങളെയാണ് ഞാൻ ആലോചിച്ചത്. അതിൽ അഞ്ചുപേർ യാഥാർത്ഥ ജീവിതത്തിൽ നിന്ന് സിനിമയിലെ കഥാപാത്രങ്ങളായി വന്നവരാണ്.
1 - ജീവിതം റദ്ദായ നായിക
രാഷ്ട്രപിതാവ് മാത്രമുള്ള, രാഷ്ട്ര മാതാവില്ലാത്ത ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് മലയാള സിനിമക്കും അമ്മയില്ല. അതുകൊണ്ട് പി.കെ. റോസിയെ നമുക്ക് ഓർക്കേണ്ട കാര്യമില്ല. നമ്മൾ ഇപ്പോഴും ജെ.സി. ഡാനിയലിന്റെ പേരിലാണ് ഏറ്റവും വലിയ സിനിമ പുരസ്കാരം കൊടുക്കുന്നത്.
പി.കെ. റോസിയുടെ ജീവിതത്തെ ആധാരമാക്കി എടുത്ത സിനിമയാണ് 'സെല്ലുലോയ്ഡ്'. ആ സിനിമയെ കുറിച്ച് നമ്മൾ ഗൂഗിൾ ചെയ്തുനോക്കിയാൽ പ്രധാന നടിയായി ലഭിക്കുന്നത് മംമ്ത മോഹൻദാസിന്റെ പേരാണ്. ചരിത്രം പറയുമ്പോൾ നമ്മൾ മറന്നുപോകാൻ പാടില്ലാത്ത പേരായ പി.കെ. റോസിയെ അവതരിപ്പിച്ച ആ കുട്ടിയുടെ പേര് നമ്മൾ അന്വേഷിച്ച് കണ്ടുപിടിക്കേണ്ടിവരും. എങ്ങനെയാണോ പി.കെ. റോസിയെ മലയാള സിനിമ മാറ്റിനിർത്തിയത് ഏതാണ്ട് അതുപോലെ തന്നെയാണ് ആ വേഷം ചെയ്ത ചാന്ദ്നി എന്ന നടിയോടും നമ്മൾ മാറ്റി നിർത്തിയത്. പി.കെ. റോസിയോട് ആ സിനിമ നീതി ചെയ്തോ എന്നത് രണ്ടാമത്തെ ചോദ്യമാണ്. ഇത്രകാലങ്ങൾക്കു ശേഷമാണെങ്കിൽ പോലും പി.കെ. റോസിയെ ആ സിനിമ ഒാർമപ്പെടുത്തിയെന്ന എന്ന സേവനം ആ സിനിമ ചെയ്തു എന്ന കാരണത്താൽ 'സെല്ലുലോയ്ഡ്' എന്ന സിനിമയിലെ പി.കെ. റോസി എന്ന കഥാപാത്രം എന്റെ പ്രിയ കഥാപാത്രമാകുന്നു.
ഡാനിയൽ മലയാള സിനിമക്ക് ചെയ്തത് വലിയ സംഭാവനയാണ്. അതിന്റെ പേരിൽ വൻ സാമ്പത്തിക നഷ്ടം അദ്ദേഹത്തിനുണ്ടായി. പക്ഷേ, ആ സിനിമയോടെ പി.കെ. റോസിക്ക് ജീവിതം തന്നെയാണ് ഇല്ലതായിപ്പോയത്. ഒരൊറ്റ സിനിമയോടെ ജീവിതം തന്നെ റദ്ദായിപ്പോവുകയായിരുന്നു. 93 വർഷം മലയാള സിനിമ പിന്നിടുമ്പോൾ ആദ്യം ഓർക്കേണ്ടത് പി.കെ. റോസിയെയാണ്.
കഥാപാത്രം: പി.കെ. റോസി
അഭിനേതാവ്: ചാന്ദ്നി ഗീത
ചിത്രം: സെല്ലുലോയ്ഡ് (2013)
സംവിധാനം: കമൽ
2 - ഇപ്പോഴും പ്രസക്തയായ സഖാവ് സേതുലക്ഷ്മി
സാംസ്കാരികമായും വിദ്യാഭ്യാസപരമായും മുന്നിട്ടുനിൽക്കുന്നു എന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളീയർ. പക്ഷേ, ഇത്രയും കാലമായിട്ടും ഒരു സ്ത്രീയെ മുഖ്യമന്ത്രിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നോർക്കണം. സ്ത്രീകൾക്ക് മത്സരിക്കാൻ സീറ്റുകൾ നൽകുന്ന കാര്യത്തിൽ പോലും രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന വിമുഖത നമുക്കറിയാം. ഏറെ പുരോഗമനപരമെന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇക്കാര്യത്തിൽ എന്തു സംഭവിച്ചു എന്നറിയാൻ 'ലാൽസലാം' എന്ന സിനിമ സഹായിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിെൻറ ഭാഗമായിരുന്ന വർഗീസ് വൈദ്യെൻറ മകൻ ചെറിയാൻ കൽപ്പകവാടിയാണ് അതിെൻറ തിരക്കഥ എഴുതിയിരിക്കുന്നത്. വേണു നാഗവള്ളി സംവിധാനം.
കമ്മ്യൂണിസ്റ്റ് പാർട്ടി ഗൗരിയമ്മ എന്ന സ്ത്രീയോട്, നേതാവിനോട് എന്ത് വലിയ അനീതിയാണ് കാണിച്ചത് എന്ന് ഗൗരിയമ്മയ്ക്ക് തുല്ല്യയായ സഖാവ് സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ വ്യക്തമാകുന്നുണ്ട്. എല്ലാത്തരം നെഗറ്റീവ് ഷേഡോടെ ആ കഥാപാത്രത്തെ കാണിച്ചിട്ടും അവരെ മായ്ച്ചുകളയാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. നെട്ടൂരാൻ വിളിച്ചത്രയും മുദ്രാവാക്യമൊന്നും സേതുലക്ഷ്മി വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് അവരെ അടിച്ചിരുത്താനാണ് നായകകഥാപാത്രം ശ്രമിക്കുന്നത്. ചരിത്രത്തിലെ നായികയല്ല ചിത്രത്തിൽ. മോഹൻലാൽ അവതരിപ്പിക്കുന്ന നെട്ടൂരാെൻറ ഭാര്യയായ ഉർവശിയുടെ അന്നമ്മയാണ് നായിക.
കോവിഡ് സാഹചര്യത്തെ ഭംഗിയായി കൈകാര്യം ചെയ്ത ഒരു വനിത മുഖ്യമന്ത്രിയാവാതെ പോകുന്നത് നമ്മൾ കാണുന്നുണ്ട്. എങ്ങനെയാണ് സ്ത്രീകൾ രാഷ്ട്രീയത്തിൽനിന്ന് ഇല്ലാതാവുന്നതെന്ന് കൂടുതൽ ബോധ്യമാവുന്ന സാഹചര്യത്തിൽ സേതുലക്ഷ്മിയുടെ കഥാപാത്രം കൂടുതൽ പ്രസക്തമാവുന്നുണ്ട്.
കഥാപാത്രം: സഖാവ് സേതുലക്ഷ്മി
അഭിനേതാവ്: ഗീത
ചിത്രം: ലാൽസലാം (1990)
സംവിധാനം: വേണു നാഗവള്ളി
3 - സിനിമ മറച്ചുവെച്ച കാഞ്ചനമാല
എല്ലാ ജീവചരിത്രങ്ങളും സെലക്ടീവായ, ഒരു ഭാഗം മാത്രം പറയുന്നതാണ്. നമുക്ക് ഇഷ്ടമുള്ളതിനെമാത്രം ഉയർത്തിക്കാണിക്കുന്നതാണ് അതിെൻറ രീതി. അങ്ങിനെ ചെയ്യുമ്പോൾ തിരസ്കരിക്കപ്പെടുന്ന ഒരുപാട് യാഥാർഥ്യങ്ങളുണ്ട്. ഞാൻ തെരഞ്ഞെടുക്കുന്ന 10 സത്രീകളിൽ അഞ്ചുപേർ ജീവിതത്തിൽ നമുക്ക് അറിയാവുന്നവരാണ്. 'എന്ന് സ്വന്തം മൊയ്തീൻ' എന്ന സിനിമയിലെ കാഞ്ചനമാല അങ്ങനെയൊരാളാണ്. എെൻറ അമ്മയുടെ ചേച്ചിയാണവർ. കുട്ടിക്കാലം മുതൽ ഞാൻ കാണുന്നതാണവരെ. ഫെമിനിസത്തിെൻറ ആദ്യപാഠങ്ങൾ ഞാൻ പഠിച്ചത് അവരിൽനിന്നാണ്.
പ്രണയത്തിനു വേണ്ടി ജീവിതം സമർപ്പിച്ച് നിലകൊണ്ടു എന്നതായിരിക്കും ആ സിനിമയിൽ ഒരു സാധാരണ പ്രേക്ഷകന് ചിലപ്പോൾ കാണാൻ കഴിയുക. ആ കുടുംബത്തെ എനിക്ക് നന്നായി അറിയാവുന്നതാണ്. പ്രണയത്തെ ഒരു മതമായി കാണുകയും അവസാനം വരെ അതിനായി പോരാടുകയും ചെയ്യുക എന്നത് ഞാൻ നേരിട്ട് കണ്ടതാണ്. കാമുകനു വേണ്ടി കാത്തിരിക്കുന്ന ഒരു സ്ത്രീയല്ല എനിക്ക് കാഞ്ചന. ഒരു പോരാളിയാണ്. ഒരു സമരമാണ് അവർ നടത്തുന്നത്.
എെൻറ അമ്മ മരിക്കുമ്പോൾ പറഞ്ഞേൽപ്പിച്ചത് 'എവിടെയെങ്കിലും അവർ വീണു മരിച്ചു എന്നു കേൾക്കാൻ ഇടവരരുത്. വല്ല്യമ്മയോട് (കാഞ്ചനമാലയോട്) വലിയ ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്..' എന്നാണ്. സിനിമ മറച്ചുവെച്ചെങ്കിലും ഏറ്റവും ശക്തമായ ഫെമിനിസ്റ്റ് ജീവിതമാണ് അവരുടെത്. ആ സിനിമയിലെ കാഞ്ചനയായിട്ടല്ല, ജീവിതത്തിലെ മുഴുവൻ കാഞ്ചനയായിട്ടേ കാണാൻ പറ്റൂ... ഇത്രയും പാട്രിയാർക്കലായി ആങ്ങളമാർക്കിടയിൽ ഫൈറ്റ് ചെയ്തുനിൽക്കുന്ന ഒരു പോരാളിയായിട്ട്, ഒരു ഫെമിനിസ്റ്റായിട്ടേ എനിക്കവരെ കാണാൻ പറ്റൂ..
കഥാപാത്രം: കാഞ്ചനമാല
അഭിനേതാവ്: പാർവതി തെരുവോത്ത്
ചിത്രം: എന്നു നിെൻറ മൊയ്തീൻ (2015)
സംവിധാനം: ആർ.എസ്. വിമൽ
4 - ആണിൽ ചായാത്ത ഉണ്ണിമായ
മലയാളിയുടെ സാമൂഹിക ചരിത്രത്തിൽ മറക്കാൻ പ്രയാസമുള്ള ഒരു സ്ത്രീയാണ് താത്രിക്കുട്ടി. അവരെ കഥാപാത്രമാക്കിയ 'പരിണയ'ത്തിൽ ഉണ്ണിമായ എന്നാണ് അവരുടെ പേര്. ഹരിഹരൻ സാർ സംവിധാനം ചെയ്ത ആ ചിത്രത്തിൽ മോഹിനിയാണ് ആ വേഷം ഭംഗിയാക്കിയത്. ഔട്ട് ഒാഫ് ദി ബോക്സായ ഒരു സ്ത്രീയാണവർ. സഹനത്തിെൻറ അങ്ങേയറ്റത്ത് നിന്ന് അവർ എടുക്കുന്ന തീരുമാനമാനത്തിൽ അവർ തിരിച്ചുവരുന്നത് ഏതെങ്കിലും ആൺസുരക്ഷയുടെ കീഴിലേക്കല്ല. അവരുടെ കുഞ്ഞിന് അച്ഛനില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു പുരുഷെൻറ കീഴിലേക്ക് സന്തോഷപര്യവസായിയായി ഒതുങ്ങാതെ ഫെമിനിസ്റ്റ് കാഴ്ചയോട് സത്യസന്ധത പുലർത്തുന്ന കഥാപാത്രമാണ് ഉണ്ണിമായ.
കഥാപാത്രം: ഉണ്ണിമായ
അഭിനേതാവ്: മോഹിനി
ചിത്രം: പരിണയം (1994)
സംവിധാനം: ഹരിഹരൻ
5 - പുരോഗമന നാട്യങ്ങൾക്കു പുറത്തെ ചിത്രലേഖ
വാളയാറിലെ കുട്ടികളുടെ അമ്മ പോലെ എല്ലാ പുരോഗമന നാട്യങ്ങളുടെയും പുറത്ത് ഒട്ടും ദഹിക്കാതെ കിടക്കുന്ന, നമ്മളെ തുറിച്ചുനോക്കുന്ന ഒരാളാണ് കണ്ണൂരിലെ ചിത്രലേഖ. അവരെ കാരിക്കേച്ചർ ചെയ്തുകൊണ്ട് ജയൻ ചെറിയാൻ ചെയ്ത സിനിമയാണ് 'പാപ്പിലിയോ ബുദ്ധ'. ആ കഥാപാത്രത്തിെൻറ പേര് മഞ്ജുശ്രീ എന്നാണ്. സരിത കുക്കുവാണ് ആ വേഷം ചെയ്തത്. കൂട്ട ബലാൽസംഗത്തിനിരയാകുമ്പോഴുള്ള അവരുടെ കരച്ചിൽ മ്യൂട്ട് ചെയ്യണമെന്നാണ് സെൻസർബോർഡ് ആവശ്യപ്പെട്ടത്. ഒന്നു കരയാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന മനുഷ്യർ. നിരവധി കട്ടുകൾ വേണമെന്നും അവർ ആവശ്യപ്പെട്ടു. ഒട്ടേറെ നിയമപ്പോരാട്ടങ്ങൾ വേണ്ടിവന്ന സിനിമകൂടിയാണത്. 93 വയസ്സായ മലയാള സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ ആ കഥാപാത്രത്തെ എന്നെപ്പോലൊരാൾക്ക് മറക്കാൻ കഴിയില്ല.
കഥാപാത്രം: മഞ്ജു
അഭിനേതാവ്: സരിത കുക്കു
ചിത്രം: പാപിലിയോ ബുദ്ധ (2013)
സംവിധാനം: ജയൻ കെ. ചെറിയാൻ
6 - ഇന്നും പ്രചോദിപ്പിക്കുന്ന വിമല
ഇനി പറയാനുള്ള കഥാപാത്രങ്ങൾ ജീവചരിത്രത്തിെൻറ ഭാഗമായതല്ല. കഥയും കഥാപാത്രങ്ങളും ഭാവനയിൽ നിന്ന് പിറക്കുന്നതാണെങ്കിലും അത് പൂർണമായും ഭാവന മാത്രമായിരിക്കില്ല, സത്യത്തിെൻറ അംശങ്ങൾ ഉണ്ടാകുമെന്നത് അച്ഛനുമൊത്തുള്ള തിരക്കഥാ യാത്രയിൽനിന്ന് ബോധ്യമായ കാര്യമാണ്. അച്ഛെൻറ പാതിയിലധികം തിരക്കഥകൾക്ക് പകർത്തിയെഴുത്തുകാരിയായി ഇരുന്ന അനുഭവമുണ്ട്. അത് എഴുതുമ്പോൾ തന്നെ വല്ലാതെ പ്രചോദിതമായ നിരവധി സ്ത്രീ കഥാപാത്രങ്ങളുണ്ട്. അതിൽതന്നെ അവസാനം വരെ നീതി പുലർത്തിയ ക്യാരക്ടറായി തോന്നിയിട്ടുള്ളത് ഐ.വി. ശശി സംവിധാനം ചെയ്ത 'ഇന്നല്ലെങ്കിൽ നാളെ' എന്ന ചിത്രത്തിൽ സീമ അവതരിപ്പിച്ച അഡ്വക്കറ്റ് വിമല എന്ന കഥാപാത്രമാണ്. ഇന്നും ഔട്ട് ഡേറ്റഡ് ആവാതെ വിമല എെൻറ കൂടെയുണ്ട്. അവർ പറയുന്ന ഡയലോഗുകളും അവരുടെ നിലപാടുകളും എെൻറ കാഴ്ചപ്പാടുകളോട് ചേർന്നു നിൽക്കുന്നു.
കഥാപാത്രം: അഡ്വ. വിമല
അഭിനേതാവ്: സീമ
ചിത്രം: ഇന്നല്ലെങ്കിൽ നാളെ (1982)
സംവിധാനം: ഐ.വി. ശശി
7 - യാത്ര ചെയ്യാൻ പഠിപ്പിച്ച റാണി
എല്ലാവർക്കും സ്പേസ് കൊടുത്ത് സിനിമ ചെയ്യുന്നൊരാളാണ് ആഷിക് അബു എന്ന സംവിധായകൻ. എല്ലാവരും സെലിബ്രേറ്റ് ചെയ്ത '22 ഫീമെയിൽ കോട്ടയം' അല്ല എെൻറ ചോയ്സ്. 'റാണി പത്മിനി'യിലെ റാണിയാണ്. പത്മിനി അവസാനം ഭർത്താവിൽ ചെന്നെത്തുക എന്ന 'വലിയൊരു കാര്യം' ചെയ്യുമ്പോൾ സമാന്തരമായി യാത്ര ചെയ്യുകയും യാത്ര ചെയ്യേണ്ടതുണ്ടെന്ന് പറയുകയും ചെയ്യുന്ന ഒരു കഥാപാത്രം. ഇതുവരെ കാണാത്ത ശരീരഭാഷ പ്രയോഗിച്ചാണ് റിമ കല്ലിങ്കൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. കഥാപാത്രത്തിെൻറ സൂക്ഷ്മാംശത്തിൽ വരെ ആ ശരീരഭാഷ നിലനിർത്തിക്കൊണ്ടാണ് റിമ അത് ചെയ്തത്.
കഥാപാത്രം: റാണി
അഭിനേതാവ്: റിമ കല്ലിങ്കൽ
ചിത്രം: റാണി പത്മിനി (2005)
സംവിധാനം: ആഷിക് അബു
8 - സ്വാതന്ത്ര്യമുള്ളവരാണ് യക്ഷികൾ
സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നത് ഹൊറർ ചിത്രങ്ങളിലാണ് എന്നു തോന്നുന്നു. രാത്രി റോഡിലൂടെ നടക്കാം. പാട്ടുപാടാം. ആളുകൾക്ക് അവരെ പേടിയാണ്. ഏറ്റവും സ്വതന്ത്രരായി തോന്നിയിട്ടുള്ളതും ഈ പ്രേതങ്ങളെയാണ്. പക്ഷേ, സിനിമ അവസാനിക്കുമ്പോൾ ഗംഗ മാത്രമല്ല, എെൻറ പേര് ഗംഗാ നകുലനാണെന്ന് നോർമലാക്കി കളയും. അങ്ങനെ നോർമലാകാത്ത പ്രേതങ്ങളെയാണ് എനിക്കിഷ്ടം. അവരിപ്പോഴും അവിടെയുണ്ടെന്ന് തോന്നിപ്പോകാറുണ്ട്. മിക്കവാറും അനീതിയെ ചോദ്യം ചെയ്യുന്നവരായിരിക്കും അവർ. അവരെ റേപ് ചെയ്തു കൊന്നതായിരിക്കും. പ്രതികാരം ചെയ്യാൻ വരുന്ന അവരെ പട്രിയാർക്കലായ മന്ത്രവാദികളും സൈക്യാട്രിസ്റ്റുകളും തിരക്കഥാകൃത്തുക്കളും സംവിധായകരും ചേർന്ന് കുപ്പിയിലാക്കിക്കളയും. അങ്ങനെ അല്ലാതെ നിന്നൊരാളാണ് 'ലിസ' എന്ന സിനിമയിലെ ലിസ. അവരെ ആവാഹിക്കാൻ വലിയ ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും സിനിമ അവസാനിക്കുമ്പോൾ ലിസ പുറത്തുതന്നെയുണ്ട്. അവരുടെ കാമുകനെയും കൊണ്ടാണ് അവർ പോകുന്നത്. ഭവാനി എന്ന യാഥാസ്ഥിതികയായ ഒരു സ്ത്രീയുടെ ശരീരത്ത് കടന്നുകയറിയിരിക്കുന്നത് വളരെ ലിബറേറ്റഡ് ആയ ലിസയാണ്. സീമ ചേച്ചിയാണ് ലിസയുടെ റോൾ ചെയ്തത്. അവരോട് കുറ്റം ചെയ്തവരെ മുഴുവൻ കൊന്നിട്ടാണ് അവർ പോകുന്നത്.
കഥാപാത്രം: ലിസ
അഭിനേതാവ്: സീമ
ചിത്രം: ലിസ (1978)
സംവിധാനം: ബേബി
9 - ബിരിയാണി തീറ്റിച്ച ഖദീജ
ഇന്നത്തെ സാഹചര്യത്തിൽ ഏറെ സെലിബ്രേറ്റ് ചെയ്യുന്ന ഒരു സിനിമയാണ് ബിരിയാണി. ഖദീജ എന്ന റോൾ ചെയ്തിരിക്കുന്നത് കനിയാണ്. അവരെ എനിക്കറിയാവുന്ന ക്യാരക്ടറാണ്. ആ സിനിമയിൽ കനിക്ക് അഭിനയിക്കേണ്ടിവരുന്നില്ല. കാരണം, വളരെ സ്വതന്ത്രയായ ഒരു വ്യക്തിത്വവും കാഴ്ചപ്പാടുമുള്ളയാളാണ് കനി. അതുകൊണ്ടുതന്നെ അതുപോലൊരു ക്യാരക്ടർ ചെയ്യാൻ കനിക്ക് അനായാസം കഴിയുന്നു. പുരുഷ നിർമിതമായ എല്ലാ സ്ഥാപനങ്ങൾക്കും എതിരെ നിൽക്കുന്ന ഒരു കഥാപാത്രം. അവരെക്കൊണ്ട് താൻ ഉണ്ടാക്കിയ ബിരിയാണി കഴിപ്പിച്ചതുപോലെ മലയാളി ആണത്വത്തിന് അത്തരം ബിരിയാണികൾ കഴിക്കേണ്ട ആവശ്യമുണ്ടെന്ന് ഓർമപ്പെടുത്തിയ ഒരു കഥാപാത്രമാണത്.
കഥാപാത്രം: ഖദീജ
അഭിനേതാവ്: കനി കുസൃതി
ചിത്രം: ബിരിയാണി (2019)
സംവിധാനം: സജിൻ ബാബു
10 - തോൽക്കാൻ മനസ്സില്ലാത്ത തുളസി
പത്മരാജൻ സംവിധാനം ചെയ്ത കരിയിലക്കാറ്റുപോലെ എെൻറ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. അതിൽ ശ്രീപ്രിയ അവതരിപ്പിച്ച കഥാപാത്രത്തിെൻറ പേര് തുളസി എന്നാണ്. പെണ്ണിനോട് പ്രതികാരം ചെയ്യാൻ റേപ് ചെയ്താൽ മതി എന്നു വിശ്വസിക്കുന്ന നായകന്മാർക്ക് ഇന്നും മലയാളസിനിമയിൽ കൈയടി കിട്ടുന്നുണ്ട്. ഇന്ന് മലയാള സിനിമയിൽ നടക്കുന്ന ഭൂകമ്പങ്ങളൊക്കെയും അതിെൻറ പേരിലുമാണെന്ന് ഓർക്കണം. മമ്മൂട്ടിയെപോലൊരു നായകനാണ് ശ്രീപ്രിയയുടെ കഥാപാത്രത്തെ റേപ് ചെയ്യുന്നത്. 'എനിക്ക് നിന്നോട് ഒരു വികാരവുമില്ല... പക്ഷേ, നിന്നെ റേപ് ചെയ്യുന്നത് നിന്നെ തോൽപ്പിക്കാനാണ്..' എന്ന് നായകൻ പ്രഖ്യാപിക്കുന്നുണ്ട്. അതൊരു നിഷ്കളങ്കമായ പ്രഖ്യാപനമല്ല. മലയാള സിനിമ സ്ത്രീകളോട് നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. പക്ഷേ, അതൊരു തോൽവിയല്ലെന്ന് ആ സ്ത്രീ എടുക്കുകയാണ്. തുളസി അയാളെ കൊല്ലാൻപോലും പോകുന്നുണ്ട്. പക്ഷേ, അതിനു മുമ്പ് അയാൾ കൊല്ലപ്പെട്ടുപോയി എന്നവർ പറയുന്നത് വളരെ ലാഘവത്തോടെയാണ്. കൊല്ലപ്പെട്ടപ്പോൾ പോലും അയാളോട് തരിമ്പും ഇമോഷൻ കാണിക്കാത്ത തുളസിയാണ് എെൻറ ഫേവറിറ്റ് കഥാപാത്രം.
കഥാപാത്രം: തുളസി
അഭിനേതാവ്: ശ്രീപ്രിയ
ചിത്രം: കരിയിലക്കാറ്റുപോലെ (1986)
സംവിധാനം: പത്മരാജൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.