എല്ലാത്തരം സിനിമകളും കാണുന്നൊരാളാണ് ഞാൻ. സിനിമ തന്നെയാണ് ഏറ്റവും വലിയ ഹോബി. ഏറ്റവും കൂടുതൽ കാണുന്നത് ലാലേട്ടന്റെ സിനിമകൾ തന്നെയാണ്. അദ്ദേഹം മൈജിയുടെ ബ്രാൻഡ് അംബാസഡർ കൂടിയായത് ഞങ്ങളുടെ ഭാഗ്യമാണ്. ഇത്രയുംകാലം കണ്ട സിനിമകളിൽനിന്ന് ഏറ്റവും ഇഷ്ടമായ കഥാപാത്രങ്ങളുടെ ഒരു ചുരുക്കപ്പട്ടിക തയാറാക്കുക ഏറെ ബുദ്ധിമുട്ടാണ്.
1 ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ
മോഹൻലാലിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ഭരതത്തിലെ കഥാപാത്രമാണ് എനിക്ക് ഏറെയിഷ്ടം. സ്വന്തം ജ്യേഷ്ഠൻ മരിച്ചുവെന്ന വിവരം മറ്റുള്ളവരിൽ നിന്ന് മറച്ചുപിടിച്ച് പാടേണ്ടിവരുന്ന, വിങ്ങുന്ന മനസ്സുമായി എല്ലാവർക്കു മുന്നിലും കുറ്റവാളിയെ കണക്കെ നിൽക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ നിസ്സഹായവസ്ഥ അതിമനോഹരമായാണ് ലാലേട്ടൻ അവതരിപ്പിച്ചിരിക്കുന്നത്. എന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഭരതത്തിലെ മോഹൻലാൽ തന്നെയാണ് മുന്നിൽ.
കഥാപാത്രം: കല്ലൂർ ഗോപിനാഥൻ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: ഭരതം (1991)
സംവിധാനം: സിബി മലയിൽ
2. വരവേൽപ്പിലെ മുരളി
ഞാനും ആദ്യകാലത്ത് ഒരു പ്രവാസിയായിരുന്നു. അതിനുശേഷം നാട്ടിൽ വന്ന് ബിസിനസ് ചെയ്ത് ഇവിടെ സെറ്റി ചെയ്യാൻ ആഗ്രഹിച്ചയാളാണ്. പ്രവാസജീവിതം വിട്ട് നാട്ടിൽ വന്ന് ബിസിനസ് ചെയ്തു ജീവിക്കാൻ ശ്രമിക്കുന്ന, വരവേൽപ്പിൽ മോഹൻലാൽ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തെ അതുകൊണ്ടുതന്നെ എനിക്ക് ഏറെ ഇഷ്ടമാണ്.
ഗൾഫിൽനിന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യവുമായി നാട്ടിൽ ഒരു ബസ് സർവീസ് നടത്താൻ ശ്രമിക്കുന്ന അയാളുടെ പെടാപ്പാടുകളെ അങ്ങേയറ്റം ഗ്രാമീണ നിഷ്കളങ്കതയോടെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്.
കഥാപാത്രം: മുരളി
അഭിനേതാവ്: മോഹൻലാൽ
ചിത്രം: വരവേൽപ്പ് (1989)
സംവിധാനം: സത്യൻ അന്തിക്കാട്
3. രോമാഞ്ചമായി മംഗലശ്ശേരി നീലകണ്ഠൻ
തിയറ്ററിൽ ആവേശത്തോടെ കണ്ട ചിത്രമാണ് ഐ.വി. ശശി സംവിധാനം ചെയ്ത 'ദേവാസുരം'. മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠൻ ഇന്നും കാണുമ്പോൾ രോമാഞ്ചമുണ്ടാകും. കലയെ സ്നേഹിക്കുന്ന, കലാകാരന്മാരെ ആദരിക്കുന്ന ഒരാളായിരിക്കുമ്പോൾ തന്നെ തെമ്മാടിയുമാണയാൾ. ആ രണ്ടു ഭാവങ്ങളും ഉജ്ജ്വലമായാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
കഥാപാത്രം: മംഗലശ്ശേരി നീലകണ്ഠൻ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: ദേവാസുരം (1993)
സംവിധാനം: ഐ.വി. ശശി
4 വാത്സല്യമോടെ രാഘവൻ നായർ
കുടുംബത്തിനു വേണ്ടി സ്വയം സമർപ്പിച്ച വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായരെ മറക്കാൻ കഴിയില്ല. സ്വന്തം ഇഷ്ടങ്ങളെയാണ് അയാൾ കുടുംബത്തിനു വേണ്ടി വേണ്ടെന്നുവെക്കുന്നത്. മമ്മൂക്കയൂടെ കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെടതാണ് രാഘവൻ നായർ. കുടുംബത്തെയും ബന്ധുക്കളെയും സ്നേഹിക്കാൻ നമ്മളെ പഠിപ്പിക്കുന്ന ശക്തമായ ഒരു കഥാപാത്രമാണ് രാഘവൻ നായർ. വികാര നിർഭരമായ ഒട്ടേറെ രംഗങ്ങളിലൂടെ നമ്മുടെ കണ്ണ് നനയിക്കുന്നുണ്ട് ഈ ചിത്രത്തിൽ മമ്മൂട്ടി.
കഥാപാത്രം: മേലേടത്ത് രാഘവൻ നായർ
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: വാത്സല്യം (1993)
സംവിധാനം: കൊച്ചിൻ ഹനീഫ
5 അമരത്തിലെ അച്ചൂട്ടി
മകളെ പഠിപ്പിച്ച് ഡോക്ടറാക്കാൻ മോഹിച്ച ഒരു മത്സ്യത്തൊഴിലാളിയുടെ വേഷം മമ്മൂട്ടി 'അമര'ത്തിൽ ജീവസ്സുറ്റതാക്കി. കടൽത്തീരത്തെ കഥാപാത്രത്തിലൂടെ മറ്റൊരാളായി മാറുകയായിരുന്നു മമ്മൂട്ടി. ഒത്തിരി ഇഷ്ടപ്പെട്ട ഒരു മമ്മൂട്ടി കഥാപാത്രമാണ് അമരത്തിലെ അച്ചൂട്ടി.
കഥാപാത്രം: അച്ചൂട്ടി
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: അമരം (1991)
സംവിധാനം: ഭരതൻ
6 ജോമോന്റെ സുവിശേഷങ്ങൾ
പുതുതലമുറ നടന്മാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് ദുൽഖർ സൽമാൻ. ജവിതത്തെ കുറിച്ച് യാതൊരു ഉത്കണ്ഠയുമില്ലാതിരുന്ന ജോമോൻ ജീവിതത്തെക്കുറിച്ച് അറിയുന്നത് അച്ഛന്റെ ബിസിനസ് തകർന്നപ്പോഴാണ്. അത് തിരിച്ചുപിടിക്കാനായി ജോമോൻ നടത്തുന്ന പരിശ്രമങ്ങൾ ഒരു ബിസിനസുകാരൻ എന്ന നിലയിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു കഥാപാത്രമാണ്. മുകേഷും ദുൽഖറും ചേർന്നുള്ള വികാരതീക്ഷ്ണമായ രംഗങ്ങളിലെ അഭിനയം നമ്മുടെ ഹൃദയം കീഴടക്കും.
കഥാപാത്രം: ജോമോൻ
അഭിനേതാവ്: ദുൽഖർ സൽമാൻ
ചിത്രം: ജോമോന്റെ സുവിശേഷങ്ങൾ (2017)
സംവിധാനം: സത്യൻ അന്തിക്കാട്
7 ജന്മനാ കള്ളനായൊരാൾ..!
ഞങ്ങൾ ഷാനു എന്നു വിളിക്കുന്ന ഫഹദ് ഫാസിലിന്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയു'മാണ് ഫഹദിന്റെ എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രം. ഞങ്ങളുടെ പതിനെട്ടോളം ഷോറൂമുകൾ ഉദ്ഘാടനം ചെയ്തത് ഷാനുവാണ്. ആ സിനിമ കാണുമ്പോൾ ജന്മനാ ഇയാളൊരു കള്ളനാണോ എന്നാണ് തോന്നിപ്പോയത്. അത്രയും സ്വാഭാവികമായാണ് ഷാനു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
കഥാപാത്രം: പ്രസാദ്
അഭിനേതാവ്: ഫഹദ് ഫാസിൽ
ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും (2017)
സംവിധാനം: ദിലീഷ് പോത്തൻ
8 സങ്കീർണ വ്യക്തിത്വമായ ഷമ്മി
'കുമ്പളങ്ങി നൈറ്റ്സി'ലെ ഷമ്മിയാണ് എനിക്കിഷ്ടപ്പെട്ട മറ്റൊരു ഫഹദ് കഥാപാത്രം. പുറമേക്ക് വളരെ ശാന്തനായ ഒരാളായിരിക്കുമ്പോഴും ഉള്ളിൽ ക്രൂരനായ മറ്റൊരു മനുഷ്യനെ ഒളിപ്പിച്ചുവെച്ച അതിസങ്കീർണമായ ഒരു കഥാപാത്രമാണ് കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി. ഫഹദിനല്ലാതെ സമീപകാലത്തെ മറ്റൊരു നടനും ആ കഥാപാത്രത്തെ യാഥാർത്ഥ്യമാക്കാൻ കഴിയില്ല. നിമിഷങ്ങൾ കൊണ്ടാണ് അദ്ദേഹത്തിൽ ഭാവങ്ങൾ മാറുന്നത്.
കഥാപാത്രം: ഷമ്മി
അഭിനേതാവ്: ഫഹദ് ഫാസിൽ
ചിത്രം: കുമ്പളങ്ങി നൈറ്റ്സ് (2019)
സംവിധാനം: മധു സി നാരായണൻ
9 കൃഷി ചെയ്യാൻ പ്രേരിപ്പിച്ച നിരുപമ
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച നിരുപമ രാജീവാണ് എനിക്കിഷ്ടപ്പെട്ട മറ്റൊരു കഥാപാത്രം. ഒട്ടേറെ ചിന്തിപ്പിച്ചൊരു കഥാപാത്രമാണത്. ടെറസിനു മുകളിൽ ജൈവപച്ചക്കറി കൃഷി ചെയ്യാൻ ഏറെപേർക്ക് പ്രചോദനമായ ചിത്രം കൂടിയാണത്. നീണ്ട ഇടവേളക്കു ശേഷം മഞ്ജു വാര്യർ സിനിമയുടെ ലോകത്തേക്ക് തിരിച്ചുവന്ന ചിത്രം കൂടിയായിരുന്നു ഹൗ ഓൾഡ് ആർ യു.
കഥാപാത്രം: നിരുപമ രാജീവ്
അഭിനേതാവ്: മഞ്ജു വാര്യർ
ചിത്രം: ഹൗ ഓൾഡ് ആർ യു (2014)
സംവിധാനം: റോഷൻ ആൻഡ്രൂസ്
10 ഒടുവിൽ നമ്മൾ ഇഷ്ടപ്പെടുന്ന കോശി
ലാലേട്ടൻ കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടമുള്ള നടനാണ് പൃഥ്വിരാജ്. ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും 'അയ്യപ്പനും കോശിയിലെയും' പൃഥ്വി അവതരിപ്പിച്ച കോശിയാണ് അടുത്തിടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. ആ ചിത്രം കണ്ടപ്പോൾ എല്ലാവരോടും തട്ടിക്കയറുന്ന എന്റെയൊരു സുഹൃത്തിനെയാണ് ഓർമ വന്നത്. ശക്തമായ ഒരു കഥാപാത്രമായിരുന്നു കോശി. സ്വന്തം പിഴവുകൾ മനസ്സിലാക്കി പിന്നീട് അയാളത് തിരുത്തുമ്പോൾ അതുവരെയുണ്ടായിരുന്ന വെറുപ്പ് അകന്ന് അയാളെ നമ്മൾ ഇഷ്ടപ്പെട്ടുപോകും.
കഥാപാത്രം: കോശി
അഭിനേതാവ്: പൃഥ്വിരാജ്
ചിത്രം: അയ്യപ്പനും കോശിയും (2019)
സംവിധാനം: സച്ചി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.