തനിയാവർത്തനത്തിലെ ബാലൻ, ഉത്സവപ്പിറ്റേന്നിലെ ഉണ്ണി

ലയാള സിനിമയിൽ വ്യക്​തിത്വമുള്ള നിരവധി കഥാപാത്രങ്ങളുണ്ട്​. അതിൽ നിന്ന്​ 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്​ ശ്രമകരമാണ്​.

മുമ്പൊരു കാലത്ത്​ സാഹിത്യകൃതികളെ അധികരിച്ച്​ സിനിമകൾ എടുക്കുന്ന രീതിയുണ്ടായിരുന്നു. അവയിൽ കഥാപാത്രങ്ങൾക്കായിരുന്നു പ്രധാന്യം. ഇപ്പോൾ കഥാപാത്രങ്ങളുടെ വ്യക്​തിത്വത്തിനല്ല, സംഭവങ്ങൾക്കും മറ്റുമാണ്​ പ്രാധാന്യം.



റഫീക്ക് അഹമ്മദ്

 


കഥാപാത്രങ്ങളുടെ വലിപ്പംകൊണ്ടും വ്യത്യസ്​തതകൊണ്ടും വേറിട്ടുനിന്ന സിനിമകളുമായിരുന്നു പഴയകാലത്ത്​. പലതും മലയാളികൾക്ക്​ ഏറെ പരിചിതമായ സാഹിത്യകൃതികളിൽ നിന്ന്​ ജന്മമെടുത്ത കഥാപാത്രങ്ങൾ. അതിന്​ അനുയോജ്യമായ അഭിനയം കാഴ്ചവെച്ച അഭിനേതാക്കളുമുണ്ടായിരുന്നു.



1.

കുഞ്ഞേനാച്ചന്‍റെ കരുത്ത്​

ചില കഥാപാത്രങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നത്​ കഥാപാത്രത്തിന്‍റെ വലിപ്പം കൊണ്ടാവാം. ചിലത്​ നടന്മാരുടെ സിദ്ധികൊണ്ടുമാകാം. അങ്ങനെ ഓർക്കുമ്പോൾ ആദ്യം വരുന്ന കഥാപാത്രം 'അരനാഴിക നേര'ത്തിലെ കുഞ്ഞേനാച്ചനാണ്​. കൊട്ടാരക്കര ശ്രീധരൻ നായർ അനശ്വരമാക്കിയ കഥാപാത്രമാണത്​. പാറപ്പുറത്തിന്‍റെ നോവലിനെ അധികരിച്ച്​ കെ.എസ്​. സേതുമാധവൻ സംവിധാനം ചെയ്​ത ചിത്രം.

ആ കഥാപാത്രം ഇഷ്​ടപ്പെടാനുള്ള പ്രധാന കാരണം അത്​ കൊട്ടാരക്കരക്ക്​ മാത്രം സാധ്യമായ ഒന്നായിരുന്നു. മറ്റൊന്ന്​ സാഹിത്യത്തിലും സിനിമയിലും അക്കാലത്ത്​ അത്തരമൊരു കഥാപാത്രം അപൂർവവുമായിരുന്നു. മരണത്തിന്​ അരനാഴ​ിക നേരം മാത്രമേയുള്ളു എന്നു തിരിച്ചറിയുന്ന 90 വയസ്സു കഴിഞ്ഞ ഒരു മനുഷ്യൻ. പലതരം വിഷമങ്ങളിലൂടെ കടന്ന​ുപോകുന്ന ആ കുടുംബത്തിലെ മുഴുവൻ വിഷമങ്ങളും സ്വയം ഏറ്റെടുത്തൊരു മനുഷ്യനാണ്​ കുഞ്ഞേനാച്ചൻ. ജീവിതത്തിൽ ധാരാളം കണ്ടിട്ടു​ണ്ടെങ്കിലും സിനിമയിൽ അക്കാലത്ത്​ അപൂർമായിരുന്നു കുഞ്ഞേനാച്ചനെ പോലെ ഒരു കഥാപാത്രം. എനിക്കേറ്റവും ഇഷ്​ടം ആ കഥാപാത്രമാണ്​.

കഥാപാത്രം: കുഞ്ഞേനാച്ചൻ

അഭിനേതാവ്​: കൊട്ടാരക്കര ശ്രീധരൻ നായർ

ചിത്രം: അരനാഴിക നേരം (1970)

സംവിധാനം: കെ.എസ്​. സേതുമാധവൻ



2.

സാവിത്രിയും ഗായത്രിയും ചേർന്ന ശക്​തി

ശക്​തരായ സ്​ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നിരവധി നടിമാരുണ്ടായിരുന്നു മലയാള സിനിമയിൽ. ഷീലയും ശാരദയുമൊക്കെ അത്തരം ധാരാളം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്​. പിൽക്കാലത്തുവന്ന നടിമാരിൽ അഭിനയസിദ്ധിയുള്ളവർ ധാരാളമുണ്ടായിരുന്നുവെങ്കിലും അവർക്ക്​ അത്തരം കഥാപാത്രങ്ങൾ അപൂർവമാ​േയ കിട്ടിയുള്ളു. അതിൽ, എനിക്കേറ്റവും ഇഷ്​ടമായത്​ 'ഒരു പെണ്ണിന്‍റെ കഥ' എന്ന ചിത്രത്തിൽ ഷീല അവതരിപ്പിച്ച സാവിത്രി അഥവാ ഗായത്രി ദേവി എന്ന കഥാപാത്രമാണ്​. സ്​​ത്രീയുടെ കരുത്തും ശക്​തിയും വെളിപ്പെടുത്തുന്ന ഒരു കഥാപാത്രം. സാവിത്രിയിൽ നിന്ന്​ ഗായത്രിയിലേക്ക്​ അവർ എത്തിയതു തന്നെ അവരുടെ കരുത്തുറ്റ മാറ്റമായിരുന്നു. എത്ര വർഷം കഴിഞ്ഞിട്ടും ആ കഥാപാത്രം മനസ്സിൽനിന്ന്​ മായാതെ നിൽക്കുന്നു.

കഥാപാത്രം: സാവിത്രി

അഭിനേതാവ്​: ഷീല

ചിത്രം: ഒരു പെണ്ണിന്‍റെ കഥ (1971)

സംവിധാനം: കെ.എസ്​. സേതുമാധവൻ



3.

ഉണ്ണിയെന്ന നിഷ്​കളങ്കൻ

അവിസ്​മരണീയമായ എത്രയോ കഥാപാത്രങ്ങളെ മോഹൻലാൽ അനശ്വരമാക്കിയിട്ടുണ്ട്​. പാദമുദ്രയിലെ മാതു പണ്ടാരവും കിരീടത്തിലെ സേതുമാധവനുമൊക്കെ നമുക്ക്​ ഏറെ ഇഷ്​ടപ്പെട്ട മോഹൻലാൽ കഥാപാത്രമാണ്​. പക്ഷേ, അതിനെക്കാളൊക്കെ എനിക്കേറ്റവും ഇഷ്​ടം 'ഉത്സവപ്പിറ്റേന്നിലെ' ഉണ്ണിയെന്ന അനിയൻ തമ്പുരാൻ ആണ്​. മനുഷ്യന്‍റെ നിസ്സഹായതയും നിഷ്​കളങ്കതയും അത്രമേൽ ഉൾക്കൊണ്ട ആ കഥാപാത്രം ഒര​ു വേദനയായി ഇന്നും മനസ്സിലുണ്ട്​.

കഥാപാത്രം: ഉണ്ണി (അനിയൻ തമ്പുരാൻ)

അഭിനേതാവ്​: മോഹൻലാൽ

ചിത്രം: ഉത്സവപ്പിറ്റേന്ന്​ (1988)

സംവിധാനം: ഗോപി



4.

ബാപ്പുട്ടിയുടെ കരുത്ത്​

​േപ്രംനസീർ, സത്യൻ എന്നീ വലിയ നടന്മാരുടെ ചിത്രങ്ങളിൽ നിഴലായി ഒതുങ്ങി നിന്ന നടനായിരുന്നു മധു. മികച്ച പല കഥാപാത്രങ്ങളും അദ്ദേഹം നമുക്ക്​ തന്നിട്ടുണ്ട്​. ചെമ്മീനിലെ പരീക്കുട്ടിയൊക്കെ ഇന്നും സിനിമാസ്വാദകർ ഓർത്തുവെക്കുന്നുണ്ട്​. പക്ഷേ, എനിക്കേറ്റവും പ്രിയപ്പെട്ടത്​ എം.ടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്​ത 'ഓളവും തീരവും' സിനിമയിലെ ബാപ്പുട്ടി എന്ന കഥാപാത്രമാണ്​. എം.ടി കുറിച്ചിട്ട കഥാപാത്രത്തിന്‍റെ മുഴുവൻ ആത്​മാംശവും ഉൾക്കൊണ്ട കഥാപാത്രമായിരുന്നു ബാപ്പുട്ടി. എക്കാലവും മലയാളിയുടെ മനസ്സിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കും.

കഥാപാത്രം: ബാപ്പൂട്ടി

അഭിനേതാവ്​: മധ​ു

ചിത്രം: ഓളവും തീരവും (1960)

സംവിധാനം: പി.എൻ. മേ​േനാൻ



5.

സ്വയം മറന്ന ബാലൻ

മലയാളി അവരുടെ ഏറ്റവും അടുത്ത ഒരു ബന്ധുവിനെ പോലെ കണ്ട നടനാണ്​ പ്രേംനസീർ. പക്ഷേ, അദ്ദേഹത്തിന്​ കിട്ടിയ കഥാപാത്രങ്ങളൊക്കെ ഒരേ ടൈപ്പായി പോയി. അതിനു പുറത്ത്​ വളരെ കുറച്ചു കഥാപാത്രങ്ങളെ അവതരിപ്പിക്കാനേ അദ്ദേഹത്തിന്​ ഭാഗ്യമുണ്ടായിട്ടുള്ളു. നടനെന്ന മാറ്റുരയ്​ക്കാനും കുറച്ചു കഥാപാത്രങ്ങൾ മാത്രമേ അദ്ദേഹത്തിന്​ കിട്ടിയുള്ളു. അതിൽ ഏറ്റവും പ്രിയപ്പെട്ടത്​ 'മുറപ്പെണ്ണി'ലെ ബാലൻ ആണ്​. കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടി സ്വന്തം ജീവിതം മാറ്റിവെക്കുന്ന മനുഷ്യരെ പിന്നീട്​ നമ്മൾ സിനിമയിൽ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ബാലൻ സവിശേഷമായൊരു അനുഭവമായിരുന്നു. എം.ടി എഴുതിയ ദുഃഖങ്ങളും വേദനകളും ​വ്യാകുലതകളും സ്​ക്രീനിലേക്ക്​ പകർത്താൻ നസീറിന്​ കഴിഞ്ഞു.

കഥാപാത്രം: ബാലൻ

അഭിനേതാവ്​: പ്രേംനസീർ

ചിത്രം: മുറപ്പെണ്ണ്​ (1965)

സംവിധാനം: എ. വിൻസെന്‍റ്​



6.

നൊമ്പരമായി ബാലൻ മാഷ്​

മലയാള സിനിമ ഏറെ മാറിയ കാലത്തായിരുന്നു എന്‍റെയൊക്കെ യൗവനം. മമ്മൂട്ടിയും മോഹൻലാലുമൊക്കെ നിറഞ്ഞുനിന്ന കാലമായിരുന്നുവെങ്കിലും പഴയ കാലത്തെ​േ​പ്പാ​െല ആഴവും ശക്​തിയുമുള്ള കഥാപാത്രങ്ങളായിരുന്നില്ല അവർക്ക്​ ലഭിച്ചത്​. അവരുടെ വൈഭവം പക്ഷേ, അതിനു പുറത്തുള്ള കഥാപാത്രങ്ങളിലൂടെയാണ്​ അവതരിപ്പിക്കപ്പെട്ടത്​. അക്കാലത്ത്​ വല്ലാതെ പിടിച്ചുലച്ച ഒരു കഥാപാത്രമായിരുന്നു 'തനിയാവർത്തന'ത്തിലെ ബാലൻ മാഷ്​. പാരമ്പര്യമായി ഭ്രാന്തുള്ള ഒര​ു തറവാട്ടിൽ ജനിച്ചുപോയതിന്‍റെ പേരിൽ ഭ്രാന്തില്ലാതിരുന്നിട്ടും ഭ്രാന്തനാവേണ്ടിവന്ന ഒരു മനുഷ്യന്‍റെ നിസ്സഹായാവസ്​ഥ ബാലൻ മാഷിലൂടെ മമ്മൂട്ടി അത്യുജ്ജ്വലമാക്കി. മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണത്​.

കഥാപാത്രം: ബാലൻ മാഷ്

അഭിനേതാവ്​: മമ്മൂട്ടി

ചിത്രം: തനിയാവർത്തനം (1987)

സംവിധാനം: സിബി മലയിൽ



7.

സേത​ുമാധവന്‍റെ അച്ഛൻ

മലയാളത്തിലെ മികച്ച നടന്മാരിൽ തിലകന്‍റെ സ്​ഥാനം ഒഴിച്ചുനിർത്താനാവില്ല. നായകന്മാരെ കവച്ചുവെക്കുന്ന വിധത്തിൽ തിലകൻ നിറഞ്ഞുനിന്ന കുറേ സിനിമകളുണ്ട്​. പക്ഷേ, കിരീടത്തിലെ അച്യുതൻ നായർ എന്ന പൊലീസുകാരൻ അതിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നു. മകനെക്കുറിച്ചുള്ള സ്വപ്​നങ്ങളെല്ലാം കൺമുന്നിൽ തകർന്നുവീഴുന്നതു കാണേണ്ടിവരുന്ന, മനുഷ്യജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു പിതാവിന്‍റെ സംഘർഷങ്ങ​െള തിലകൻ അതിഗംഭീരമായി ആവിഷ്​കരിച്ചു.

കഥാപാത്രം: അച്യുതൻ നായർ

അഭിനേതാവ്​: തിലകൻ

ചിത്രം: കിരീടം (1989)

സംവിധാനം: സിബി മലയിൽ



8.

ഉർവശി വിജയ

ശക്​തമായ ഒ​േട്ടറെ സ്​ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ്​ ശാരദ. പക്ഷേ, തുലാഭാരത്തിലെ വിജയ എന്ന കഥാപാത്രം അതിൽ വേറിട്ടുനിൽക്കുന്നു. മറ്റ്​ കഥാപാത്രങ്ങളെയൊക്കെ നിഷ്​പ്രഭമാക്കിയ പ്രകടനമായിരുന്നു ശാരദയുടെത്​. ഭാര്യയും കാമുകിയും അമ്മയു​മായി അവർ കാഴ്​ചവെച്ച അഭിനയത്തിന്​ ഉർവശി പുരസ്​കാരവും ലഭിച്ചു.

കഥാപാത്രം: വിജയ

അഭിനേതാവ്​: ശാരദ

ചിത്രം: തുലാഭാരം (1968)

സംവിധാനം: എ. വിൻസെന്‍റ്​



9.

മിന്നിമാഞ്ഞ ശോഭ

കുറച്ചുകാലം മാത്രം സിനിമയിലും ഈ ഭൂമിയിലും ജീവിച്ചു മറഞ്ഞുപോയ നടിയായിരുന്നു​ ശോഭ. കുറച്ചു കഥാപാത്രങ്ങ​ൾ മാത്രം അവതരിപ്പിച്ച നടിയാണെങ്കിലും അതെല്ലാം വ്യക്​തിത്വമുള്ള കഥാപാത്രമായിരുന്നു. 'ശാലിനി എന്‍റെ കൂട്ടുകാരി' എന്ന ചിത്രത്തിൽ ശോഭ അവതരിപ്പിച്ച ശാലിനി എന്ന കഥാപാത്രം ഹൃദയത്തിൽനിന്ന്​ പറിച്ചെടുക്കാൻ കഴിയാത്തതാണ്​.

കഥാപാത്രം: ശാലിനി

അഭിനേതാവ്​: ശോഭ

ചിത്രം: ശാലിനി എന്‍റെ കൂട്ടുകാരി (1978)

സംവിധാനം: മോഹൻ



10.

മറക്കില്ല ചെല്ലപ്പനെ

തകഴിയു​ടെ 'അനുഭവങ്ങൾ പാളിച്ചകൾ' സിനിമയാക്കു​േമ്പാൾ ചെല്ലപ്പൻ എന്ന കഥാപാത്രം അന്നത്തെ നായകസങ്കൽപ്പങ്ങളിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല. സദ്​ഗുണ സമ്പന്നന്മാരെ മാത്രം കണ്ടുപഴകിയ സിനമാശീലങ്ങളിൽനിന്ന്​ പുറത്തായിരുന്നു ചെല്ലപ്പൻ എന്ന കഥാപാത്രം. ഒരു മാതൃകാപുരുഷനൊന്നുമായിരുന്നില്ല അയാൾ. വിപ്ലവകാരിയാണ്​. അതേസമയം ഭാര്യയെ ഉപദ്രവിക്കുന്നയാളാണ്​. പക്ഷേ, സിനിമയിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നത്​ അയാളാണ്​. സത്യന്​ മാത്രം അവതരിപ്പിച്ച്​ പൂർണമാക്കാൻ കഴിഞ്ഞ ആ കഥാപാത്രത്തെ ഒരിക്കലും മലയാളി പ്രേക്ഷകർ മറക്കാനിടയില്ല.

കഥാപാത്രം: ചെല്ലപ്പൻ

അഭിനേതാവ്​: സത്യൻ

ചിത്രം: അനുഭവങ്ങൾ പാളിച്ചകൾ (1971)

സംവിധാനം: കെ.എസ്​. സേതുമാധവൻ

Tags:    
News Summary - marakkillorikkalum Rafeeq ahammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.