ബംഗളൂരു: അത്തിബലെയിൽ പടക്ക ഗോഡൗണിന് തീപിടിച്ച് 16 പേർ മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ബാലാജി േട്രഡേഴ്സ് ആണ് ഗോഡൗൺ നടത്തിയിരുന്നത്. ഇവിടെ ആയിരക്കണക്കിന് കിലോ പടക്കം സൂക്ഷിച്ചിരുന്നു.
ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതിയായ നവീൻ റെഡ്ഡി അടക്കം മൂന്നുപേരെയാണ് കുറ്റാന്വേഷണ വകുപ്പ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ ബുധനാഴ്ചയും മറ്റൊരാൾ വ്യാഴാഴ്ചയും മരിച്ചതോടെ മരണസംഖ്യ 16 ആയി. അതേസമയം, ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ സെന്റ് ജോൺസ് ആശുപത്രിക്കെതിരെയും ഒരു ഡോക്ടർക്കെതിരെയും കേസെടുത്തു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. എന്നാൽ, വെങ്കടേഷ് എന്നയാളെ ചികിത്സിക്കാൻ ആശുപത്രി അധികൃതർ മടി കാണിച്ചെന്നും ഇതിനായി പണം ആവശ്യപ്പെട്ടുവെന്നും ബന്ധു നൽകിയ പരാതിയിലാണ് നടപടി. വെങ്കടേശ് പിന്നീട് മരിച്ചിരുന്നു.
ആശുപത്രി അധികൃതർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും ബില്ലടക്കാൻ ആശുപത്രി അധികൃതർ നിർബന്ധിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.
ദുരന്തത്തിന് ഇടയാക്കുന്ന തരത്തിൽ നടപടികളിൽ വീഴ്ചവരുത്തിയ തഹസിൽദാർ, പൊലീസ് ഇൻസ്പെക്ടർ, ചീഫ് ഫയർ ഓഫിസർ എന്നിവരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കല്യാണചടങ്ങുകൾ, രാഷ്ട്രീയപാർട്ടികളുടെ പരിപാടികൾ, ഗണേശോത്സവം എന്നിവിടങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിരോധിക്കുകയും ചെയ്തു. പടക്കക്കടകളുടെ ലൈസൻസുകൾ ഇനി വർഷത്തിൽ പുതുക്കണം. നിലവിൽ മൂന്നുവർഷത്തേക്കാണ് ലൈസൻസ് നൽകിയിരുന്നത്. പടക്കക്കട നടത്താനുള്ള ലൈസൻസിന്റെ മറവിൽ സംഭരണം കൂടി നടത്തിയ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.