ബംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നാലുപേർക്കുകൂടി കർണാടക ഹൈകോടതി ജാമ്യമനുവദിച്ചു.
ബെളഗാവി സ്വദേശിയായ ഭാരത് ഖുരാനെ, ശിവമൊഗ്ഗ ശിക്കാരിപ്പൂരിൽ നിന്നുള്ള സുജിത് കുമാർ, മഹാരാഷ്ട്ര ഔറംഗാബാദ് സ്വദേശി ശ്രീകാന്ത് പങ്കാർക്കർ, സതാറ സ്വദേശി സുദന്വ ഗ്വന്തലേക്കർ എന്നിവർക്കാണ് കോടതി ജാമ്യമനുവദിച്ചത്. ആയുധ നിയമം, സംഘടിത കുറ്റകൃത്യം തടയുന്നതിനുള്ള കർണാടകയിലെ നിയമം എന്നിവയിലെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. സമാന വകുപ്പുകൾ ചുമത്തിയ കേസിലെ നാലു പ്രതികൾക്ക് കോടതി ഏതാനും മാസം മുമ്പ് ജാമ്യമനുവദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഈ പ്രതികളും ജാമ്യാപേക്ഷ സമർപ്പിച്ചത്. ജയിലിൽ നീണ്ട തടവനുഭവിച്ചതുംകൂടി പരിഗണിച്ചാണ് കോടതി ജാമ്യമനുവദിച്ചത്. പ്രോസിക്യൂഷൻ ഇനിയും നൂറോളം സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇഴഞ്ഞുനീങ്ങുന്ന വധക്കേസിന്റെ വിചാരണ വേഗത്തിലാക്കാൻ ആഗസ്റ്റ് 20ന് സുപ്രീംകോടതി ബംഗളൂരുവിലെ വിചാരണ കോടതിയോട് ഉത്തരവിട്ടിരുന്നു. കേസിൽ ആദ്യം ജാമ്യം അനുവദിക്കപ്പെട്ട മോഹൻ നായകിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗൗരിയുടെ സഹോദരി കവിത ലങ്കേഷ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഹിന്ദുത്വ വിമർശകയായിരുന്ന ഗൗരി ലങ്കേഷിനെ 2017 സെപ്റ്റംബർ അഞ്ചിനാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കുമുന്നിൽ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ചു കൊലപ്പെടുത്തിയത്. 2022ലാണ് കേസിലെ വിചാരണ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.