മംഗളൂരു: മലാലി മസ്ജിദിനെതിരെ ഒരു കൂട്ടർ ഉന്നയിച്ച അടിസ്ഥാനരഹിത അവകാശവാദം സംബന്ധിച്ച് വിധിപറയേണ്ടത് കർണാടക വഖഫ് ട്രൈബ്യൂണലാണെന്ന് ദക്ഷിണ കന്നട ജില്ല വഖഫ് ഉപദേശകസമിതി. ഹൈകോടതി കേസ് ട്രൈബ്യൂണലിന് കൈമാറി നീതിപൂർവം വിധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമിതി പ്രസിഡന്റ് അബ്ദുൽ നസീർ ലക്കി സ്റ്റാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മംഗളൂരു താലൂക്കിൽ തെങ്ക ഉളിപ്പാടി വില്ലേജിൽ സ്ഥലം മസ്ജിദിന്റേതാണെന്നതിന് കൃത്യമായ രേഖയുണ്ട്. 2004ൽ തഹസിൽദാറുടെ നേതൃത്വത്തിൽ സർവെ നടത്തി അത് ഒന്നുകൂടി ബോധ്യപ്പെട്ടതാണ്. പ്രമുഖ സാഹിത്യകാരൻ ഡോ. അമൃത സോമേശ്വര രചിച്ച സ്വാതന്ത്ര്യ സമര സേനാനി വീര റാണി അബ്ബക്കയുടെ ചരിത്ര ഗ്രന്ഥത്തിൽ മലാല മസ്ജിദ് പ്രതിപാദിക്കുന്നതായി കാണാം. സുപ്രീംകോടതി പുറപ്പെടുവിച്ച വിധിപ്രകാരം വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ആരാധനാലയത്തിന്റേയും സ്വത്തുക്കളുടേയും തർക്കങ്ങളിൽ വിധി പറയേണ്ടത് വഖഫ് ട്രൈബ്യൂണലാണെന്ന് പ്രസിഡന്റ് പറഞ്ഞു. വാർത്ത സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഡോ. എ.കെ. ജമാൽ, മലാലി മസ്ജിദ് -ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റസാഖ്, ജില്ല വഖഫ് ഓഫിസർ അബൂബക്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.