'അയാള്‍ ഞാനല്ല' എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്‍െറ നായികയായി ശ്രദ്ധിക്കപ്പെട്ട നടിയാണ് മൃദുല മുരളി. 'റെഡ് ചില്ലീസ്' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മൃദുലയുടെ മലയാള സിനിമയിലെ അരങ്ങേറ്റം. പിന്നീട് '10.30 എ.എം. ലോക്കല്‍ കാള്‍' എന്ന ചിത്രത്തില്‍ നായികയായി. 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലും നല്ല വേഷം ചെയ്തു. തമിഴില്‍ നാഗരാജ ചോളന്‍ എം.എ എം.എല്‍.എ, ചിക്കിക്കു സിക്കികിച്ചു എന്നീ ചിത്രങ്ങളിലഭിനയിച്ചു. ഇപ്പോള്‍ തേനി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ ചെമ്പന്‍ വിനോദ് ജോസ് നായകനാകുന്ന 'ശിഖാമണി'യില്‍ നായിക തുല്യ വേഷം ചെയ്ത മൃദുല ‘മാധ്യമം’ ഓണ്‍ലൈനോട് സംസാരിക്കുന്നു.
സിനിമയില്‍ എത്തിയത്
സിനിമയില്‍ എത്തും മുമ്പേ ചെറുപ്പത്തില്‍ ജീവന്‍ ടി.വിയില്‍ 'ഡയല്‍ ആന്‍ഡ് സീ' എന്ന പ്രോഗ്രാം ചെയ്തിരുന്നു. കൂടാതെ കുറെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അന്ന് സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. വീട്ടുകാര്‍ അതിനെ സപ്പോര്‍ട്ട് ചെയ്തു. വീട്ടുകാര്‍ എന്‍റെ ആഗ്രഹങ്ങളെ പിന്തുണക്കാറുണ്ട്. മലയാള സിനിമയിലേക്കുള്ള പ്രവേശം റെഡ് ചില്ലീസ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിന്‍റെ നിര്‍മാതാവ് രജപുത്ര രഞ്ജിത് അച്ഛന്‍െറ സുഹൃത്താണ്. തിരക്കഥാകൃത്ത് എ.കെ. സാജന്‍ എന്‍റെ സുഹൃത്തിന്‍റെ അച്ഛനാണ്. അങ്ങനെയാണ് ആ സിനിമയില്‍ അവസരം കിട്ടുന്നത്. റെഡ് ചില്ലീസില്‍ ആസ്തമ പേഷ്യന്‍റ് ആയിട്ടായിരുന്നു.
മറ്റു ചിത്രങ്ങള്‍
പിന്നീട് ചെയ്തത് 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യാണ്. അതിന്‍െറ നിര്‍മാതാവും രഞ്ജിത് ചേട്ടനായിരുന്നു. അതുകഴിഞ്ഞ് 10.30 എ.എം. ലോക്കല്‍ കോള്‍ എന്ന ചിത്രമായിരുന്നു. നായികയായി അരങ്ങേറുന്നത് ആ സിനിമയിലൂടെയാണ്. മനു സുധാകരേട്ടനായിരുന്നു സംവിധായകന്‍. അദ്ദേഹത്തെ എനിക്ക് റെഡ് ചില്ലീസ് എന്ന ചിത്രം മുതല്‍ അറിയാമായിരുന്നു. ഒരു കോമഡി സിറ്റുവേഷന്‍ ഉള്ള സസ്പെന്‍സ് ത്രില്ലറായിരുന്നു. ആന്‍ എന്ന കഥാപാത്രമായിരുന്നു ഞാന്‍ അവതരിപ്പിച്ചത്. അതില്‍ ഞാന്‍ തന്നെയായിരുന്നു ഡബ്ബ് ചെയ്തത്. പിന്നീട് 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്‍െറ നായികയായി. ആ ചിത്രത്തിലാണ് മുഴുനീള നായികയായി ചെയ്യുന്നത്. വിനീത് കുമാര്‍ ഫേസ്ബുക്കില്‍ എന്‍െറ ഒരു ചിത്രം കണ്ട് വിളിക്കുകയായിരുന്നു. ഗുജറാത്തിലെ ബുജില്‍ ആയിരുന്നു അതിന്‍െറ ഷൂട്ടിങ്. 'എന്തൊരു ഭാഗ്യം' എന്ന ചിത്രം പ്ലാന്‍ ചെയ്തിരുന്നു. അതു നടന്നില്ല. ഇപ്പോള്‍ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'ശിഖാമണി' എന്ന ചിത്രത്തില്‍ 'ദേവിക രാജേന്ദ്ര' എന്ന കഥാപാത്രം ചെയ്യുന്നു.
തമിഴില്‍
തമിഴില്‍ രണ്ടു ചിത്രം ചെയ്തു. നാഗരാജ ചോളന്‍ എം.എ. എം.എല്‍.എ ആയിരുന്നു ആദ്യചിത്രം. അമത്തേി പടൈ എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു അത്. സാരിയുടുത്ത് നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടി. എന്നാല്‍ തര്‍ക്കുത്തരമൊക്കെ പറയുന്ന കാരക്ടര്‍. പി.ജിക്ക് ചെന്നൈയില്‍ പഠിക്കുമ്പോഴാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ക്ളാസ് കുറെ മുടങ്ങിയെങ്കിലും ടീച്ചേഴ്സ് സപ്പോര്‍ട്ട് ആയിരുന്നു. തമിഴില്‍ ചിക്കിക്കു സിക്കികിച്ചു എന്ന ഒരു ചിത്രം കൂടി ചെയ്തു.
കഥാപാത്രങ്ങള്‍
എനിക്ക് അഭിനയിക്കാന്‍ പറ്റിയതാണോയെന്ന് നോക്കാറുണ്ട്. എത്ര നല്ല കാരക്ടറാണെങ്കിലും എനിക്കത് ചെയ്യാന്‍ കഴിയുമോയെന്ന് നോക്കണം. നല്ല ടീമിന്‍റെ കൂടെയായിരിക്കണം. അതൊരു ഘടകം തന്നെയാണ്. പേരിന് വേണ്ടി കുറെ ചിത്രങ്ങള്‍ ചെയ്യണമെന്നില്ല. ടീം, കഥാപാത്രം, കഥ എന്നിവയൊക്കെ നോക്കും.
ഗ്ലാമര്‍ വേഷങ്ങള്‍
ഇതു വരെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടില്ല. തമിഴില്‍ ഇപ്പോള്‍ ചെയ്യേണ്ടിവന്ന രണ്ട് ചിത്രങ്ങളിലും ഗ്ലാമര്‍ ചേയ്യേണ്ടി വന്നിട്ടില്ല. മലയാളത്തിലുമില്ല. എനിക്ക് സംതൃപ്തിയുള്ള ഏത് വേഷവും സ്വീകരിക്കും.
കാണുന്ന സിനിമകള്‍
റിലീസാകുന്ന ചിത്രങ്ങളെല്ലാം കാണാറുണ്ട്. ഇല്ലാത്തത് പിന്നീട് കാണും.
ഇഷ്ട അഭിനേതാക്കള്‍
നിത്യ മേനോന്‍, പാര്‍വതി എന്നിവരെ ഇഷ്ടമാണ്. അവരുടെ സാന്നിധ്യമൊക്കെ സിനിമയില്‍ കാണുമ്പോള്‍ സന്തോഷം തോന്നും.
അഭിനയത്തില്‍ ആഗ്രഹിക്കുന്നത്
അഭിനയത്തില്‍ ആരെയും പോലെ ആകണമെന്ന ആഗ്രഹം എനിക്കില്ല. എനിക്ക് എന്താണ് കഴിയുന്നത് അത് ചെയ്യും. കുറച്ച് സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. അതിനാല്‍ എല്ലാ നല്ല സിനിമയിലും അഭിനയിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ ഇന്ന ആളുടെ കൂടെ അഭിനയിക്കില്ല എന്നൊന്നും പറയാറായിട്ടില്ല.
ന്യൂ ജെന്‍ സിനിമ
എന്താണ് ന്യൂ ജെന്‍ സിനിമയെന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ അങ്ങനെയൊന്നും ചിന്തിക്കാറില്ല. ഒരു ഓഫര്‍ വരുമ്പോള്‍ അത് പുതിയ ആളാണോ പഴയ ആളാണോ എന്നൊന്നും നോക്കാറില്ല. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ ഏതായാലും എനിക്ക് ചെയ്യാന്‍ പറ്റുന്നത് സ്വീകരിക്കും. അത് ഏത് ഭാഷയിലായാലും ശരി. ഇപ്പോള്‍ 'ശിഖാമണി' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ 15 വര്‍ഷമായി സിനിമ രംഗത്തുള്ളയാളാണ്. എന്നാല്‍, അദ്ദേഹത്തിന്‍െറ ആദ്യ സംവിധാന സംരഭമാണ്. ഞാന്‍ മുമ്പ് ചെയ്ത 'അയാള്‍ ഞാനല്ല' എന്ന സിനിമയുടെ സംവിധായകന്‍ വിനീതേട്ടനായിരുന്നു. സംവിധാനത്തില്‍ പുതിയ ആളായിരുന്നു.
അംഗീകാരം
പുരസ്കാരം നല്ലൊരു കാര്യമാണ്. നമ്മള്‍ ചെയ്ത കാര്യം നാലാളുകള്‍ നന്നായി എന്ന് പറയുന്നത് തീര്‍ച്ചയായും സന്തോഷം തന്നെ. പഠിക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടുന്നു, സകോളര്‍ഷിപ്പ് കിട്ടുന്നു എന്ന് പറയുമ്പോലെ തന്നെ സന്തോഷമുള്ളതാണ് പുരസ്കാരവും.
വിദ്യാഭ്യാസം
എറണാകുളം അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍, സെന്‍റ് തെരാസസ് കോളജ് (ഡിഗ്രി), ചെന്നൈ എം.ഒ.പി. വൈഷ്ണവ് കോളജ് (പി.ജി-മീഡിയ സ്റ്റഡി) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഡാന്‍സ് പഠിച്ചിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ മൂന്ന് തവണ സംസ്ഥാന കലാതിലകമായിരുന്നു. ഇപ്പോഴും മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവ പഠിക്കുന്നുണ്ട്. പി.ജി മീഡിയ സ്റ്റഡി തെരഞ്ഞെടുക്കാന്‍ കാരണം ആ ഫീല്‍ഡിനോട് താല്‍പര്യമായിരുന്നു. സിനിമയുടെ ടെക്നിക്കല്‍ വശവും അറിഞ്ഞിരിക്കാമെന്ന് കരുതി. എന്നാല്‍, സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമൊന്നും ഇപ്പോഴില്ല. പിന്നീട് ഉണ്ടാകുമോയെന്നറിയില്ല.
കുടുംബം
അച്ഛന്‍ മുരളീധരന്‍ നായര്‍ കോഴിക്കോട് മാങ്കാവിലാണ്. ഏലൂര്‍ എഫ്.എ.സി.ടിയില്‍ എന്‍ജിനീയറാണ്. അതിനാല്‍ ഞങ്ങള്‍ എറണാകുളത്താണ് താമസം. അമ്മ ലത മേനോന്‍െറ നാട് ഒറ്റപ്പാലമാണ്. മിഥുന്‍ മുരളി എന്ന ഒരു സഹോദരനുണ്ട്. അവന്‍ മമ്മൂട്ടി ചിത്രമായ വജ്രത്തില്‍ മമ്മൂട്ടിയുടെ മകനായി ലീഡ് റോള്‍ ചെയ്തിട്ടുണ്ട്. ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ ഫ്ലൈ എന്നീ ചിത്രങ്ങളിലും ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.