ആദ്യം ദുല്‍ഖര്‍ സല്‍മാന്‍, ഇപ്പോള്‍ മമ്മൂട്ടി കരിയറിെൻറ തുടക്കത്തില്‍ തന്നെ രണ്ട് സൂപ്പര്‍ താരങ്ങളുടെ നായികയാവുകയെന്നത് ഒരു നടിയെ സംബന്ധിച്ച് വലിയ ഭാഗ്യം തന്നെയാണ്. ഒരാള്‍ മെഗാസ്റ്റാറാണെങ്കില്‍ മറ്റേയാള്‍ യുവ സൂപ്പര്‍ സ്റ്റാറുമാണ്. 'സി ഐ എ' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന കാര്‍ത്തിക മുരളിധരനാണ് ഈ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത്. മമ്മൂക്കയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും ചോദിച്ചാല്‍ പറഞ്ഞു തീരില്ലെന്ന് കാര്‍ത്തിക. മമ്മുട്ടിക്കൊപ്പം വേഷമിടുന്ന ‘അങ്കിൾ’ എന്ന ചിത്രത്തെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചും കാര്‍ത്തിക മനസ്സ് തുറക്കുന്നു.
ഇടവേളക്ക് ശേഷം
മലയാളത്തില്‍ 'സി.ഐ.എ'യില്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പമാണ് ആദ്യമായി അഭിനയിച്ചത്. അതിന് ശേഷമാണ് 'അങ്കിള്‍' എന്ന ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ബാംഗ്ലൂരില്‍ തിയേറ്റര്‍ ആര്‍ട്‌സ് പഠിക്കുകയാണ്. അതിനാൽ കോളേജില്‍ നിന്ന് വിട്ടുമാറി സിനിമയിൽ മാത്രമായി നിൽക്കാനാവില്ല. സി.ഐ.എക്ക് ശേഷം ഞാന്‍ കോളേജിലേക്ക് തന്നെ തിരിച്ചു വന്നു. അടുത്ത വര്‍ഷം മാത്രമേ കോഴ്‌സ് പൂര്‍ത്തിയാവുകയുള്ളു. വേനലവധിക്കാണ് ആദ്യ സിനിമയുടെ ചിത്രീകരണത്തിന് എത്തിയത്. അങ്കിളിന് എനിക്ക് യാദൃശ്ചികമായി ഒരുമാസത്തെ അവധി ലഭിച്ചു. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും അഭിനയിക്കാൻ അവസരം ലഭിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. കോഴ്‌സ് കഴിഞ്ഞാല്‍ അഭിനയത്തിന് കൂടുതല്‍ സമയം കണ്ടെത്തും.
മമ്മൂക്കയും ദുല്‍ഖറും
മമ്മൂക്കയോടൊപ്പവും ദുൽഖറിനൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സമപ്രായമായതിനാൽ വളരെ ആസ്വദിച്ചാണ് ദുൽഖറിനൊപ്പം ‘സി.ഐ.എ’യില്‍ അഭിനയിച്ചത്. ലൊക്കേഷനിൽ വെച്ച്തന്നെ ദുല്‍ഖര്‍ നല്ല സുഹൃത്ത് ആയി മാറിയിരുന്നു. അതുകൊണ്ട് തന്നെ ആദ്യമായി അഭിനയിക്കുക എന്ന ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല.
അതേസമയം, മമ്മൂക്കയെന്ന മഹാനടനൊടൊപ്പം കാമറക്ക് മുന്നിൽ നിൽക്കുന്നതിെൻറ ടെന്‍ഷനും പേടിയൊക്കെയുണ്ടായിരുന്നു. 30 ദിവസം ഞാനും മമ്മൂക്കയും വണ്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആ പേടിയൊക്കെ മാറി. ഞങ്ങള്‍ക്കിടയില്‍ സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളുണ്ടായിരുന്നു. മമ്മൂക്കക്ക് ടെക്‌നോളജി വലിയ ഇഷ്ടമാണ്. പുതിയ പുതിയ ഓരോ കാര്യങ്ങള്‍ കാണിച്ചു തരുമായിരുന്നു. അതുപോലെ പഴയ പാട്ടുകളൊക്കെ എനിക്ക് കേള്‍പ്പിച്ചു തരും. കുറേ മലയാളം പാട്ടുകളൊക്കെ പഠിപ്പിച്ചു തന്നു. കുറഞ്ഞ ദിവസങ്ങൾകൊണ്ട് മമ്മൂക്കയും നല്ലൊരു സുഹൃത്തായി.
‘സി.ഐ.എ’ക്ക് വേണ്ടി പാലായിൽ 15 ദിവസത്തെ ചിത്രീകരണമാണ് ഉണ്ടായിരുന്നത്. ഗാന ചിത്രീകരണത്തിനായിരുന്നു ദുൽഖറുമൊത്ത് ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ ‘അങ്കിൾ’ ന് വേണ്ടി മമ്മുക്കയുടെ കൂടെ തുടര്‍ച്ചയായ 30 ദിവസം ഉണ്ടായിരുന്നു. ഇടക്ക് വണ്ടിയിലിരുന്ന് മമ്മൂക്ക ദുൽഖറിനെ ഫോൺ വിളിച്ച് പറഞ്ഞത് ‘നിെൻറ നായികയാണ് എന്നോടൊപ്പമുള്ള’തെന്നാണ്.
അങ്കിളിനെ കുറിച്ചുള്ള പ്രതീക്ഷകള്‍
ചിത്രത്തിൽ എന്‍റെത് വലിയ വേഷമായതിനാൽ ടെന്‍ഷനുണ്ട്. എന്നാൽ വലിയ ആകാംക്ഷയിലുമാണ്. സ്ത്രീ കേന്ദ്രീകൃത സിനിമയാണ് അങ്കിൾ. ശ്രുതി എന്നാണ് കഥാപാത്രത്തിെൻറ പേര്. ആ പെണ്‍കുട്ടിയുടെ വികാരങ്ങളും അവളുടെ തനിച്ചുള്ള യാത്രയുമെല്ലാം വളരെ നന്നായി തന്നെ ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്.
എന്തുകൊണ്ട് അങ്കിള്‍?
ആ കഥാപാത്രം തന്നെയാണ് അങ്കിള്‍ തെരഞ്ഞെടുക്കാനുള്ള കാരണം. ആ കഥാപാത്രത്തിെൻറ ആഴം അറിഞ്ഞാണ് ആ വേഷം ചെയതത്. അതിൽ വലിയ സംതൃപ്തിയുണ്ട്. ശ്രുതി എന്നാണ് കഥാപാത്രത്തിെൻറ പേര്. അവള്‍ക്ക് അങ്കിളിനോടുള്ള പേടി. ഒറ്റയ്ക്കുള്ള യാത്ര, സാഹചര്യം, അച്ഛന്റെയും അമ്മയുടേയും ടെന്‍ഷന്‍ ഇതൊക്കെ എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ളതാണ്. ചുറ്റുമുള്ളവര്‍ ആരായാലും വിശ്വസിക്കാനാവില്ല. ഇതിലെ കഥാപാത്രം പോലെ ഞാനും ഒറ്റക്ക് വീട് വിട്ട് ദൂരെ പഠിക്കുന്ന ഒരാളാണ്. ആ ടെന്‍ഷനൊക്കെ എെൻറ അച്ഛനും അമ്മക്കുമുണ്ട്. എവിടെയാണ്, ആരാണ് കൂടെയുള്ളത് എന്നൊക്കെ അവര്‍ ഇടക്കിടെ വിളിച്ച് ചോദിക്കാറുണ്ട്്. ഇതൊക്കെ ഒരു പെൺകുട്ടിയെ സംബന്ധിച്ച് എപ്പോഴും ടെന്‍ഷനുള്ള കാര്യമാണ്.
തുല്യത സ്ത്രീകള്‍ മനസിലാക്കണം
സ്ത്രീകൾ ഒരിക്കലും പുരുഷന്‍റെ മുകളിലോ താഴെയോ ആകണമെന്ന് ആരും പറഞ്ഞിട്ടില്ല. രണ്ട് ആളുകളേയും ഒന്നിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്നാണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത്. അതുകൊണ്ട് അവിടെ ഒരു അധികാര ശ്രേണിയില്ല. ചിലപ്പോള്‍ പുരുഷന്മാര്‍ ചെയ്യുന്ന പല കാര്യങ്ങളിലും സ്ത്രീകളെ വിലക്കാറുണ്ട്. പുരുഷന് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീക്ക് ചെയ്തു കൂടാ? എനിക്ക് രാത്രി പുറത്ത് പോകണം എന്നു തോന്നിയാല്‍ പുറത്ത് പോകണം. അതെെൻറ ആവശ്യമാണ്.
തുല്യരായിട്ട് തന്നെയാണ് എന്നെ വളർത്തിയത്. എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുകയാണെങ്കിൽ എന്നെയും അനിയനേയും ഒരുപോലെ വിളിച്ചിരുത്തി അച്ഛനും അമ്മയും ചര്‍ച്ച ചെയ്യാറുണ്ട്. തുല്യത സ്ത്രീകള്‍ തന്നെ കാണണം. അത് പുരുഷന്മാരില്‍ നിന്ന് പ്രതീക്ഷിക്കരുത്. എന്നാൽ തുല്യരായി കാണണമെന്ന് പുരുഷന്മാരോട് പോയി പറയാനാവില്ല.
ഗിരീഷ് ദാമോദര്‍ എന്ന സംവിധായകന്‍
ഗിരീഷ് ദാമോദര്‍ നല്ല സുഹൃത്തായിരുന്നു. അഭിനയിച്ച ഭാഗങ്ങളൊക്കെ മികച്ചതാക്കാന്‍ അദ്ദേഹം എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഓരോ സംശയവും അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതിന് അനുസരിച്ച് എനിക്ക് നിര്‍ദേശങ്ങളും തന്നു. നല്ല വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റെത്.
മറക്കാനാവാത്ത പിണക്കം
അങ്കിളില്‍ യുവനടൻ ഗണപതിയും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ എെൻറ പ്രായത്തില്‍ അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റുള്ളവരെല്ലാം മൂത്തവരാണ്. ഗണപതി ഒരു ദിവസം സെറ്റില്‍ വന്നപ്പോള്‍ ഗണപതിയുമായി സംസാരിച്ചിരുന്നു. ആദ്യ ഷോട്ട് ഞങ്ങൾ തമ്മിലായിരുന്നു. അത് കഴിഞ്ഞാണ് മമ്മൂക്കയുടെ ഷോട്ട്. മമ്മൂക്ക ഷോട്ടെടുക്കാന്‍ റെഡിയായിരിക്കുന്നത് കണ്ടെങ്കിലും അങ്ങോട്ടേക്കൊന്നും പോയില്ല. ഷോട്ടൊക്കെ കഴിഞ്ഞ് വന്ന മമ്മൂക്കയെ വിഷ് ചെയ്തെങ്കിലും അദ്ദേഹം തിരിച്ച് മിണ്ടിയില്ല. എന്താ മിണ്ടാത്തെന്ന് ചോദിച്ചപ്പോൾ മമ്മൂക്ക പറഞ്ഞു സ്വന്തം പ്രായത്തിലുള്ളവരൊക്കെ വരുമ്പോള്‍ നിനക്ക് അങ്കിളിനെയൊന്നും വേണ്ടല്ലോയെന്ന്. ഒരു ഹായ് പോലും പറഞ്ഞില്ലല്ലോയെന്ന് പറഞ്ഞ് മമ്മൂക്ക പിണങ്ങിയതുപോലെ നിന്നു. ഞാന്‍ കുറേ സോറിയൊക്കെ പറഞ്ഞു. അദ്ദേഹം അത്രയും ക്യൂട്ട് ആണ്.
അഭിനയം
ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പിന്നീട് തിയേറ്റര്‍ ആര്‍ടസ് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ അത് മാറി. എന്നാലും സിനിമ ഉള്ളിലെവിടെയോ ഉണ്ടായിരുന്നു. അഭിനയിക്കാന്‍ ഇഷ്ടമാണ്. മുതിര്‍ന്ന ആളുകളുടെ കൂടെ അഭിനയിക്കുമ്പോള്‍ അവരും നമ്മളെ അഭിനയം പഠിപ്പിച്ചു തരും. അഭനയം പഠിക്കാനുള്ള പ്ലാറ്റ്ഫോമുകൂടിയാണ് സിനിമ.
അച്ഛനെന്ന സുഹൃത്ത്
അച്ഛന്‍ സി.കെ മുരളിധരന്‍ ബോളിവുഡിൽ ഛായാഗ്രാഹകനാണ്. എന്ത് തീരുമാനം എടുക്കുകയാണെങ്കിലും ആദ്യം അച്ഛനുമായി ചര്‍ച്ച ചെയ്യും. സിനിമയുമായി ബന്ധപ്പെട്ടാതാണെങ്കില്‍ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുമായിരുന്നു. അച്ഛനും തിയേറ്റര്‍ ആര്‍ട്ട്‌സ് പഠിച്ചിരുന്നു. ഒരു കഥാപാത്രം എങ്ങനെ വികസിക്കും എന്തൊക്കെ സംസാരിക്കുമെന്നൊക്കെ ഞങ്ങൾ ചര്‍ച്ചചെയ്യാറുണ്ട്. അതിലൊക്കെ അച്ഛന് വലിയ താല്‍പര്യമാണ്. അച്ഛൻ േകോഴിക്കോട്ടിൽ നിന്നും അമ്മ തലശ്ശേരിയിൽ നിന്നുമാണ്.
സിനിമ തിരക്കഥ നോക്കിമാത്രം
മലയാളത്തിൽ നിന്ന് പുതിയ ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ ഈ വര്‍ഷം പഠനവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അവസാന വര്‍ഷമാകുമ്പോള്‍ കോളേജില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. എന്നാൽ കഴിയുമെങ്കിൽ അവധി ദിവസങ്ങളിൽ സിനിമ ചെയ്യണം. മലയാളത്തിന് പുറമെ അന്യഭാഷയിലും അഭിനയിക്കാൻ ആഗ്രഹമുണ്ട്. ഏത് ഭാഷയില്‍ പോയാലും ഏറെ ശ്രദ്ധിക്കുന്നത് തിരക്കഥയും കഥാപാത്രവുമാണ്. ഒരു നടിക്കുള്ള സ്‌പേസ് വേണം. നല്ല കഥ എപ്പോഴും പ്രേക്ഷകര്‍ക്കിടയിലും മാറ്റം വരുത്താറുണ്ട്. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് എപ്പോഴും ഓര്‍ക്കപ്പെടാറുള്ളത്. അതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യണം.
ലാലേട്ടനും പ്രണവും
ലാലേട്ടനോടൊപ്പവും പ്രണവിെൻറയൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ ‘സി.ഐ.എ’യും അങ്കിളൊന്നും പ്ലാന്‍ ചെയ്ത് അഭിനയിച്ച സിനിമയല്ല. അതങ്ങനെ സംഭവിച്ചു. അതുപോലെ കഥ വന്നാല്‍ അഭിനയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.