‘ആ ക്യൂട്ട് നായികയെ ആരും തിരിച്ചറിഞ്ഞില്ല’

പെണ്‍വേഷത്തിലെത്തി മലയാളികളുടെ മനം കവര്‍ന്ന നടന്മാര്‍ നിരവധിയാണ്. പ്രേം നസീര്‍, അടുര്‍ ഭാസി,  ദിലീപ് എന്നിവരുടെയൊക്കെ പെണ്‍വേഷം പ്രേക്ഷകര്‍ എന്നും കൗതുകത്തോടെയാണ് നോക്കിയിട്ടുള്ളത്. ഇപ്പോഴിതാ മലയാളത്തിന്‍റെ യുവതാരം ഉണ്ണി മുകുന്ദനും പെണ്‍വേഷത്തിലെത്തുകയാണ്. 'ചാണക്യതന്ത്രം' എന്ന സിനിമയിലൂടെയാണ് ഉണ്ണിമുകുന്ദന്‍ പെണ്‍വേഷത്തിലെത്തുന്നത്.  എന്നാല്‍ ഇവരെ മനോഹരമായി പെണ്‍വേഷത്തിലെത്തിച്ച  മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കുറിച്ച് ആരും ചർച്ച ചെയ്യാറില്ല. ഉണ്ണി മുകുന്ദനെ ഒരു ക്യൂട്ട് നായികയാക്കിയ, പഞ്ചവര്‍ണ തത്തയിലെ ജയറാമിന് വ്യത്യസ്ത വേഷവുമെല്ലാം ഒരുക്കിയ പ്രദീപ് രംഗന്‍ തന്‍റെ സിനിമാ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചും മനസ്സ് തുറക്കുന്നു. 

പെണ്‍വേഷം പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍

 കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത 'ചാണക്യതന്ത്രം' എന്ന സിനിമയില്‍ ഉണ്ണിമുകുന്ദന്‍റെ പെണ്‍വേഷത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്‍റെ ത്രില്ലില്ലാണ് ‍. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഉണ്ണിമുകുന്ദന്‍റെ പെണ്‍വേഷത്തെ ആരാധകര്‍ ഏറ്റെടുത്തത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. എല്ലാവരും അംഗീകരിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു.

ഒരു ക്യൂട്ട് നായിക വേണം

ചാണക്യതന്ത്രത്തില്‍ നായകനായി എത്തുന്നത് ഉണ്ണിമുകുന്ദനാണ്. നായകന് അഞ്ച് ഗെറ്റപ്പുകളുണ്ട്. അതില്‍ ഒന്ന് മാത്രമാണ് പെണ്‍വേഷം. ആ വേഷത്തെ വളരെ മനോഹരമായ രീതിയില്‍ ചെയ്തു തരണമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം ആവശ്യപ്പെട്ടു. ഉണ്ണിയെ അതീവ സുന്ദരിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. സിനിമയില്‍ എത്തി 18  വര്‍ഷത്തിനിടയ്ക്ക് ആദ്യമായിട്ടാണ് ഒരു പെണ്‍ വേഷം മേക്കപ്പ് ചെയ്യാന്‍ അവസരം ലഭിക്കുന്നത്.  ഒരുപാട് ആലോചിച്ചാണ് ഉണ്ണിക്കായി ഒരു ഗെറ്റപ്പ് കണ്ടെത്തിയത്.


തയാറെടുപ്പുകള്‍

ഉണ്ണിയെ പെണ്ണായി ഒരുക്കാൻ  രണ്ടുമാസമെടുത്തു. ഇന്ത്യന്‍ സിനിമകളില്‍ പ്രമുഖരായ പലരും പെണ്‍വേഷം കെട്ടിയിട്ടുണ്ട്. ശിവാജി ഗണേഷന്‍, എംജി ആര്‍, പ്രേംനസീര്‍, ഋഷികപൂര്‍, കമല്‍ഹാസന്‍, വിക്രം, ശിവകാര്‍ത്തികേയന്‍, വിശാല്‍, ദിലീപ് ഇവരൊക്കെ ഏത് രീതിയിലാണ് പെണ്‍വേഷം ചെയ്തിരിക്കുന്നതെന്ന് സൂക്ഷമമായി പരിശോധിച്ചു. പ്രോസ്‌തെറ്റിക് മേക്കപ്പ്, കോണ്‍ടൂറിങ് മേക്കപ്പ് എന്നിങ്ങനെ പലതരം മേക്കപ്പുകള്‍ ഉപയോഗിക്കാറുണ്ട്. കമല്‍ഹാസനൊക്കെ അവ്വൈ ഷണ്‍മുഖിയില്‍ ചെയ്തത്  പ്രോസ്‌തെറ്റിക് മേക്കപ്പ് ആണ്. എന്നാല്‍ കോണ്‍ടൂറിങ് മേക്കപ്പിലൂടെ എങ്ങനെ രൂപമാറ്റം വരുത്താമെന്നാണ് ആദ്യം ചിന്തിച്ചത്. അതിനായി ഒരു സ്‌കെച്ച് വരച്ചുണ്ടാക്കി. അത് കാണിച്ചപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി.

വെല്ലുവിളി നിറഞ്ഞ പെണ്‍വേഷം

മലയാള സിനിമയിലെ യുവതാരങ്ങളില്‍ 'ഷോള്‍ഡര്‍ വ്യൂ' കൂടുതലുള്ള ആര്‍ട്ടിസ്റ്റാണ് ഉണ്ണി മുകുന്ദന്‍. അങ്ങനെയുള്ള ഒരാളെ പെണ്ണാക്കി മാറ്റുന്നതില്‍ പേടിയുണ്ടായിരുന്നു. പല സിനിമകളിലും മേക്കപ്പ് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ഒരാളെ പെണ്ണാക്കി മാറ്റുന്നതില്‍ തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിന് വേണ്ടി കോസ്റ്റ്യൂമർ അരുണ്‍ മനോഹറുമായി ചര്‍ച്ചചെയ്തിരുന്നു.

ചെന്നൈയില്‍ പ്രത്യേകമായി പറഞ്ഞാണ് ഉണ്ണിക്ക് വിഗ്ഗ് തയാറാക്കിയത്. പുരികങ്ങള്‍ ത്രെഡ് ചെയ്യണം. വാക്‌സ് ചെയ്യണം, പ്രെഡിക്യൂര്‍ ചെയ്യണം. ഓയില്‍ ഫിനിഷിംഗ് ഇതൊക്കെ ചെയ്താലേ പുരുഷന്‍റെ ലുക്ക് മാറികിട്ടുകയുള്ളു. ഇതൊക്കെ ചെയ്യുമ്പോള്‍ ഒത്തിരി വേദനിക്കും. എന്നാൽ ഉണ്ണി അത്രയും ദിവസം നന്നായി സഹകരിച്ചു. 

ഉണ്ണിമുകുന്ദനെ പെണ്ണാക്കി മാറ്റുന്നതിന്റെ ആദ്യഭാഗമായിരുന്നു മുഖം ക്ലീന്‍ ഷേവ് ചെയ്യുകയെന്നത്. ഷേവ് കഴിഞ്ഞപ്പോള്‍ മുഖത്ത് ഗ്രീന്‍ ഷേഡുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് ഗ്രീന്‍ ഷേഡ് പാടില്ല. പിന്നീട് മിക്ക്‌സിങ് മേക്കപ്പിലൂടെ ഗ്രീനിഷ് മാറ്റിയെടുക്കുകയും പുതിയ ടോണ്‍ഫിക്‌സ് ചെയ്യുകയും ചെയ്തു. പിന്നീട് ഐലാഷസ്, ലെന്‍സ് കണ്ണുകളില്‍ വച്ചു. എയര്‍ബ്രഷ് മേക്കപ്പിലൂടെ മുഖം ഫിനിഷ് ചെയ്തു. അതിന് ശേഷം വിഗ്ഗ് വച്ചു.

'പൊളിച്ചു അണ്ണാ'

ഫൈനല്‍ ടച്ചപ്പുകൂടി കഴിഞ്ഞപ്പോഴാണ് ഉണ്ണിയെ കണ്ണാടി കാണിക്കുന്നത്. തന്‍റെ പെണ്‍രൂപം കണ്ടപ്പോള്‍ 'പൊളിച്ചു അണ്ണാ' എന്നാണ് ഉണ്ണി പറഞ്ഞത്. സംവിധായകന്‍ ഉള്‍പ്പെടെ ഒന്നും പറയാതെ അത്ഭുതത്തോടെ ഉണ്ണിയെ തന്നെ നോക്കിനില്‍ക്കുകയായിരുന്നു. 

കാക്കനാടിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു ഷൂട്ടിങ്. ആ ഫ്‌ളാറ്റിലുള്ള എല്ലാവരും ഉണ്ണിയെ കണ്ടപ്പോള്‍ ഏതോ പുതിയ നായികയെന്ന ഭാവത്തിലാണ് നോക്കിയത്. പിന്നീടാണ് അത് ഉണ്ണിയായിരുന്നുവെന്ന് എല്ലാവർക്കും മനസിലായത്. 

സിനിമാക്കാരനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല

ഒരിക്കലും സിനിമാക്കാരനാവണമെന്ന്  പ്രതീക്ഷിച്ചിരുന്നില്ല. അജിത്ത് ശ്രീകാര്യം എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്  സുഹൃത്താണ്. അദ്ദേഹം വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. അദ്ധ്വാനിക്കാന്‍ തയാറാണെങ്കില്‍ നല്ല ജോലി സിനിമയിലുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. വളരെ ആസ്വദിച്ചാണ്  ഈ ജോലി ചെയ്യുന്നത്. 18 വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്.  ഇതിനൊടകം 90 സിനിമകളില്‍ ജോലി ചെയ്തു. ആദ്യമായാണ് പെണ്‍വേഷത്തിനായി മേക്ക് അപ് ചെയ്യുന്നത്.

പ്രതിസന്ധി

മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ചാനലുകളുടെയോ മറ്റ് പരിപാടികളിലോ മേക്കപ്പ്് ആര്‍ട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാറില്ല. വലിയ പരിപാടികളിലും അവാര്‍ഡ് നിശയിലും സെലിബ്രിറ്റികളെ മാത്രമാണ് വിളിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍കളോടുള്ള അവഗണനയായിട്ടാണ് എനിക്ക് തോന്നുന്നത്. കൂടാതെ പുതിയ ആളുകൾക്ക് മേക്കപ്പിനെ കുറിച്ച് പഠിപ്പിക്കുന്ന സ്ഥാപനവും കേരളത്തിലില്ല. ഇവയെല്ലാം പ്രതിസന്ധിയായാണ് തോന്നുന്നത്. 

പഞ്ചവര്‍ണ തത്തയിലെ ജയറാം

ചെവി കുറച്ച് വലുതാക്കി മൊട്ടയടിച്ച് കുടവയറുള്ള കഥാപാത്രമായിരുന്നു അത്. മേക്കപ്പ് യഥാര്‍ത്ഥ്യമായി തന്നെ തോന്നണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷേ ചെവി വലുതാക്കിയതിന് ശേഷം മൂന്ന് ദിവസത്തിന് ശേഷമാണ്  യൂണിറ്റിലെ മറ്റെല്ലാവരും അറിയുന്നത്. ഇതിനായി രണ്ടര മണിക്കൂറോളം വേണ്ടി വന്നു. എന്നും രാവിലെ മൊട്ടയടിച്ച് ക്ലീന്‍ ചെയ്യണം. അദ്ദേഹത്തിന്‍റെ ക്ഷമ കൂടിയാണ് എന്‍റെ വര്‍ക്കിന്റെ വിജയം. 

പുതിയ ചിത്രങ്ങൾ 

നീലി, താക്കോല്‍ എന്നീ ചിത്രങ്ങളാണ് ചെയ്യാനിരിക്കുന്നത്. മമ്മൂക്ക, ദിലീപ് അവരൊടൊപ്പവും ജോലി ചെയ്യാന്‍ മാത്രം എനിക്ക് കഴിഞ്ഞിട്ടില്ല. അവരുമൊത്തുള്ള പുതിയ പ്രൊജക്ട് വരുമെന്നാണ് പ്രതീക്ഷ.  
 

Tags:    
News Summary - An Interview With Make Up Artist Pradeep Rangan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.