ലക്ഷദ്വീപിൻെറ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമ, കമലും ജോൺപോളും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു, നായിക-നായകൻമാരായി പുതുമുഖങ്ങൾ ഇങ്ങനെ നിരവധി പ്രത്യേകതകളുമായാണ് കമൽ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടൽ തിയേറ്റുകളിലെത്തിയത്. ചിത്രത്തിന്‍റെ വിശേഷങ്ങൾ കമൽ 'മാധ്യമം' ഓൺലൈനുമായി പങ്കുവെക്കുന്നു.
മുത്തശ്ശി കഥയുടെ നൈർമല്യമുള്ള പ്രണയ സിനിമ
പ്രണയകഥകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും പ്രണയമീനുകളുടെ കടലിനെ വ്യത്യസ്തമാക്കുന്നത് ലക്ഷദ്വീപിൻെറ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു എന്നതിനാലാണ്. ലക്ഷദ്വീപിൻെറ ഭാഷ, സംസ്കാരം, ജനങ്ങൾ എന്നിവയെല്ലാം സിനിമയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. പഴയ പ്രമേയമെന്ന് തോന്നുമെങ്കിലും ഒരു മുത്തശ്ശി കഥയുടെ സ്വഭാവം സിനിമക്കുണ്ട്.
ഇപ്പോൾ മലയാളത്തിൽ വരുന്ന സിനിമകളെല്ലാം കോളജ് വിദ്യാർഥികൾ, കൗമാരക്കാർ എന്നിവരുടെ കഥകളാണ് പറയുന്നത്. അതിൽ നിന്ന് ഒരു വ്യത്യസ്തത വേണമെന്ന് ആഗ്രഹിച്ചിരുന്നു. പഴയ ഒരു പ്രമേയമാണെന്ന് തോന്നാമെങ്കിലും ഇതിനെ ലക്ഷദ്വീപിൻെറ പശ്ചാത്തലത്തിലേക്ക് പറിച്ച് നടുേമ്പാൾ കൂടുതൽ മാധുര്യമേറും. അതാണ് പ്രണയ മീനുകളുടെ കടലിൻെറ സവിശേഷത.
മധുരമുള്ള ഓർമ്മകൾ മാത്രം സമ്മാനിച്ച ലക്ഷദ്വീപ്
ലക്ഷദ്വീപിൽ ഒന്നോ രണ്ടോ സിനിമകളാണ് ചിത്രീകരിച്ചിട്ടുള്ളത്. പക്ഷേ ലക്ഷദ്വീപിനെ ഇതുവരെ ഒരു സിനിമയും പൂർണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. പല സിനിമകളിലും കഥ ദ്വീപിലാണ് നടക്കുന്നതെങ്കിലും പുറത്തുനിന്ന് ദ്വീപിലെത്തുന്നവരുടെ കഥയാണ് ചർച്ച ചെയ്തത്. പ്രണയമീനുകളിൽ ദ്വീപുകാരുടെ കഥയിലേക്ക് കേരളത്തിൽ നിന്നുള്ളവർ ചെന്ന് കയറുകയാണ്. കഥ പൂർണമായും ലക്ഷദ്വീപുകാരുടേതാണ്. അതിനൊരു ആധികാരികത ലഭിക്കാനായി അവിടത്തെ ഭാഷ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കവരത്തിയിലാണ് സിനിമ ഷൂട്ട് ചെയ്തത്.
ഷൂട്ടിങ്ങിനായി കേന്ദ്രസർക്കാറിൽ നിന്ന് നേരത്തെ പെർമിറ്റ് എടുക്കണം. എന്തിനാണ് പോകുന്നതെന്ന് സർക്കാറിനെ ബോധ്യപ്പെടുത്തിയാൽ മാത്രമേ പെർമിറ്റ് കിട്ടു. പെർമിറ്റ് കിട്ടുന്നത് ഒഴിച്ച് നിർത്തിയാൽ വളരെ സുഖമാണ് ഷൂട്ടിങ്. മൂന്ന് ദ്വീപുകളിലാണ് പ്രണയമീനുകൾ ഷൂട്ട് ചെയ്തത്. ഷൂട്ടിങ് വേളയിൽ അവിടത്തെ ജനങ്ങൾ നൽകിയ പിന്തുണ എടുത്ത് പറയേണ്ടതാണ്. സിനിമയുടെ മൊത്തം അംഗങ്ങളെയും സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് അവർ കണ്ടത്. ലക്ഷദ്വീപിൽ ഷൂട്ടിങ് എളുപ്പമാക്കുന്നതിൽ അവിടത്തെ ജനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.
അതിമനോഹര ഫ്രെയിമുകൾ
ലക്ഷദ്വീപുകളെല്ലാം പവിഴ ദ്വീപുകളാണ്. പച്ചകലർന്ന നീല നിറത്തിലുള്ള കടൽ ജലമാണ് അവിടത്തേത്. സിനിമയിലെ ഭൂരിപക്ഷം ദൃശ്യങ്ങളും ഷൂട്ട് ചെയ്തത് കടലോരത്തായിരുന്നു. പക്ഷേ സിനിമയുടെ സവിശേഷത കടലിനടിയിലെ മനോഹര ദൃശ്യങ്ങൾ പകർത്തിയതാണ്. വെള്ളത്തിനടിയിൽ ഇത്രത്തോളം ഷൂട്ട് ചെയ്തൊരു മലയാള സിനിമ ഉണ്ടാവില്ല. പ്രണയമീനുകളുടെ കടലിന്‍റെ ഏകദേശം 40 ശതമാനവും ഷൂട്ട് ചെയ്തത് വെള്ളത്തിനടിയിലാണ്. വളരെ പ്രയാസമുള്ളതായിരുന്നു വെള്ളത്തിനടിയിലെ ഷൂട്ടിങ്.
ലക്ഷദ്വീപിലെ ആളുകളുമായി സംസാരിച്ചും നിരവധി ഗവേഷണങ്ങൾക്കും ശേഷമാണ് വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ ലക്ഷദ്വീപിൽ എവിടെയെല്ലാം ഷൂട്ട് ചെയ്യണമെന്ന് തീരുമാനിച്ചത്. ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനുള്ള കാമറയും അണിയറ പ്രവർത്തകരെയും കൊണ്ട് വന്നത് മുംബൈയിൽ നിന്നാണ്. പിന്നെ സിനിമയിലെ താരങ്ങൾക്കൊന്നും കാര്യമായി നീന്തൽ വശമുണ്ടായിരുന്നില്ല. കടലിനടയിലെ ഷൂട്ടിന് ഇവരെ കൂടി പരിശീലിപ്പിക്കണം. ലക്ഷദ്വീപിലെ സ്കൂബ ഡൈവിങ് ടീമും ബോംബൈയിൽ നിന്നെത്തിയ സാങ്കേതിക പ്രവർത്തകരുമാണ് താരങ്ങളെ പരിശീലിപ്പിച്ചത്.
സിനിമയുടെ ഷൂട്ടിങ്ങിൽ വളരെ രസമുള്ള അനുഭവവും കടലിനടിയിലെ ഷൂട്ടായിരുന്നു. രാവിലെ ഒമ്പത് മണിയോടെയൊക്കെയാണ് കടലിനടയിലെ ഷൂട്ടിങ് ആരംഭിക്കുക. ഏകദേശം 22 ദിവസം ഇൗ രീതിയിൽ കടലിനടിയിലാണ് ഷൂട്ടിങ് ചെയ്തത്. ഈ ഷൂട്ടിങ്ങിനിടയിൽ എപ്പോഴും അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഫ്രെയിമുകൾ പകർത്തിയത്.
ലക്ഷദ്വീപിലെ ആ ഓർമകൾ വിനായകനിലെത്തിച്ചു
വർഷങ്ങൾക്ക് മുമ്പ് ലക്ഷദ്വീപിൽ പോയപ്പോൾ വ്യത്യസ്തനായ ഒരു മനുഷ്യനെ പരിചയപ്പെട്ടിരുന്നു. കിലോ മീറ്ററുകളോളം ബോട്ടിൽ ഒറ്റക്ക് സഞ്ചരിച്ച് സ്രാവിനെ വേട്ടയാടുന്ന ഒരാൾ. ഇയാളുടെ കഥകൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അന്ന് തന്നെ ഈ കഥാപാത്രം മനസിനുള്ളിൽ കയറിയിരുന്നു. പക്ഷേ ആ സമയത്ത് ലക്ഷദ്വീപിൽ ഷൂട്ട് ചെയ്യാനുള്ള അനുമതിയൊന്നും ലഭിക്കുമായിരുന്നില്ല. പിന്നീട് ലക്ഷദ്വീപിനെ കുറിച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഈ കഥാപാത്രത്തെ കുറിച്ച് ജോൺപോൾ സാറിനോട് പറഞ്ഞു. അദ്ദേഹത്തിനും അതിഷ്ടമായി. അങ്ങനെയാണ് അയാൾ പ്രണയമീനുകളുടെ കടലിലേക്ക് എത്തുന്നത്. അയാളുടെ രൂപഭാവങ്ങളോട് ഏറ്റവും ഇണങ്ങുന്നത് വിനായകൻെറ ശരീരഭാഷയായിരുന്നു. പിന്നെ വിനായകൻെറ സ്വീകാര്യതയും ഒരു ഘടകമായി.
വിനായകനോട് സിനിമയെ കുറിച്ച് പറഞ്ഞപ്പോഴും പോസിറ്റീവായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം. എനിക്ക് നീന്താനൊന്നും അറിയില്ല. സാറ് പറഞ്ഞാൽ കടലിലേക്ക് എടുത്ത് ചാടാമെന്നുമാണ് വിനായകൻ കഥ കേട്ടപ്പോൾ ആദ്യം പറഞ്ഞത്. പിന്നീട് വിനായകനെ നീന്തലും കടലിനടിയിലെ ദൃശ്യങ്ങളും ഷൂട്ട് ചെയ്യാൻ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു.
വീണ്ടും പുതുമുഖങ്ങൾ
സിനിമയിലെ കുറേ കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്. നായകനും നായികയും ഓഡിഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളാണ്. നായിക മുംബൈയിലെ മോഡലായ റിഥി കുമാറാണ്. ഓഡിഷൻ സമയത്ത് സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ റിഥി പ്രകടിപ്പിച്ച ആത്മവിശ്വാസമാണ് അവരിലേക്ക് എത്താൻ കാരണം. നീന്തൽ അത്രക്കൊന്നും വശമില്ലെങ്കിലും സിനിമ ചെയ്യാൻ തയാറാണെന്നാണ് റിഥി പറഞ്ഞത്. പിന്നെ ലക്ഷദ്വീപിലെ ഭാഷ പഠിച്ചെടുത്ത് അഭിനയിക്കാൻ അവർ കാണിച്ച ആത്മസമർപ്പണവും എടുത്ത് പറയേണ്ടതാണ്. സിനിമ കണ്ടവരെല്ലാം റിഥിയെ കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നത്.
നായക വേഷം ചെയ്തത് സിനിമയുമായി യാതൊരു മുൻപരിചയവുമില്ലാത്ത ഗബ്രി ജോസെന്ന അങ്കമാലിക്കാരനാണ്. സുഹൃത്തിൻെറ കൂടെ ഓഡിഷനെത്തിയതായിരുന്നു ഗബ്രിജോസ്. കഥാപാത്രത്തിന് ഗബ്രി ഇണങ്ങുമെന്ന് തോന്നിയപ്പോൾ ഓഡിഷനിൽ പങ്കെടുപ്പിച്ച് സിനിമയിലേക്ക് സെലക്ട് ചെയ്യുകയായിരുന്നു. പിന്നെ എടുത്ത് പറയേണ്ട ഒരു കഥാപാത്രം നായികയുടെ മുത്തശ്ശിയായ അറക്കൽ ബീവിയായി എത്തിയ പത്മാവതി റാവുവാണ്. ഇന്ദിര ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങൾ അവർക്കിട്ടുണ്ട്. അത് സിനിമയിലും അവരുടെ വേഷത്തെ ശക്തമാക്കിയിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം ജോൺപോളുമായുള്ള കൂട്ടുക്കെട്ട്
ഏകദേശം 30 വർഷങ്ങൾക്ക് ശേഷമാണ് ജോൺ പോളുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്. കുറേക്കാലമായി ജോൺ പോൾ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അതുകൊണ്ട് ഒരുമിച്ച് ഒരു സിനിമ സാധ്യമായില്ല. പ്രണയമീനുകളുടെ കടലിൻെറ നിർമ്മാതാവ് ജോൺ പോളിൻെറ സുഹൃത്തായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോൾ തന്നെ സിനിമയുടെ തിരക്കഥ ഒരുമിച്ച് ചെയ്യാമെന്ന് ജോൺപോളും തീരുമാനിച്ചിരുന്നു. അങ്ങനെയാണ് വർഷങ്ങൾക്ക് ശേഷം ജോൺപോളുമായുള്ള കൂട്ടുകെട്ട് ആവർത്തിക്കപ്പെട്ടത്. എൻെറ രീതികൾ അറിയുന്നതിനാൽ ജോൺ പോളുമായി ചേർന്ന് ജോലി ചെയ്യുന്നത് എളുപ്പമായിരുന്നു.
ലോക നിലവാരത്തിലേക്ക് ഉയരുന്ന മലയാള സിനിമ
മലയാള സിനിമ അടുത്ത കാലത്തായി ലോക നിലവാരത്തിലേക്ക് ഉയരുകയാണ്. യുവാക്കളായ കുറേപേർ സിനിമയിലേക്ക് കടന്നു വന്ന് മലയാള സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. സാങ്കേതികത, പ്രമേയം, അവതരണ രീതി എന്നിവയിലെല്ലാം ലോക സിനിമയോട് കിടപിടിക്കുന്ന രീതിയിലാണ്. വളരെ നല്ലൊരു മാറ്റമാണിത്.
സിനിമയും സ്ത്രീ വിരുദ്ധതയും
കുറേ തവണ പറഞ്ഞ് കഴിഞ്ഞ ഒരു വിഷയമാണിത്. സിനിമയിൽ മാത്രമല്ല സമൂഹത്തിലും സ്ത്രീവിരുദ്ധത നില നിൽക്കുന്നുണ്ട്. പലപ്പോഴും സിനിമ ചെയ്യുന്നവർ അവരുടെ കലാസൃഷ്ടിയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ബോധവാൻമാരല്ലെന്നതാണ് യാഥാർഥ്യം. സിനിമകളിലെ നായക കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ വേണ്ടി എതിർപക്ഷത്ത് നിൽക്കുന്ന കഥാപാത്രങ്ങൾ അത് ചിലപ്പോൾ വില്ലനാകാം, നായികയാവാം അവരെ ഇടിച്ചുതാഴ്ത്തുന്ന സങ്കൽപ്പത്തിൻെറ ഭാഗമായി ചിലപ്പോഴെങ്കിലും സ്ത്രീ വിരുദ്ധമായി മാറുന്നുണ്ട്. ഇതിൽ ഇപ്പോഴും കാര്യമായ മാറ്റമുള്ളതായി വിശ്വസിക്കുന്നില്ല. 1970കളിലും 60കളിലുമൊക്കെ പുറത്തിറങ്ങിയ സിനിമകൾ സ്ത്രീ കേന്ദ്രീകൃതമായിരുന്നു. ആ സിനിമകളിലേക്ക് ഒരു തിരിച്ച് പോക്ക് നടത്തിയാൽ മാത്രമേ ഈ സ്ഥിതിക്കൊരു മാറ്റമുണ്ടാകൂ.
കലാകാരൻമാരെ വെല്ലുവിളിച്ച് സംഘപരിവാർ ഫാഷിസം
സംഘപരിവാർ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കലാകാരൻമാർ, ബുദ്ധിജീവികൾ, സിനിമാക്കാർ, എഴുത്തുകാർ തുടങ്ങിയവരെല്ലാം ഭീഷണികൾ നേരിടുകയാണ്. മറ്റ് ജനവിഭാഗങ്ങളെ സ്വാധീനിക്കുന്നത് പോലെ സാംസ്കാരിക പ്രവർത്തകരെ സ്വാധീനിക്കാൻ സാധിക്കില്ലെന്ന് നേരത്തെ മനസിലാക്കിയത് കൊണ്ട് പ്രലോഭനങ്ങളിലൂടെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചിലരെല്ലാം ഇതിൽ വീണുപോയിട്ടുണ്ട്.
വഴങ്ങാത്തവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു. സാംസ്കാരിക പ്രവർത്തകരെ രാജ്യദ്രോഹികളാക്കുന്ന നടപടി ഇതിന്‍റെ ഭാഗമാണ്. ആൾക്കൂട്ട കൊലയിൽ പ്രധാനമന്ത്രിക്ക് കത്തയച്ചവരെ രാജ്യദ്രോഹികളാക്കിയത് ഇതിന്‍റെ ഉദാഹരണമാണ്. മുമ്പ് മഹാരാഷ്ട്രയിലെ കുറേ പേരെ നക്സലുകളെന്ന് പറഞ്ഞ് മാറ്റിനിർത്തിയിരുന്നു. ഇതിന് സമാനമാണ് ഇപ്പോഴത്തെ സംഭവങ്ങളും. അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷമാണ് രാജ്യത്ത് നില നിൽക്കുന്നത്. ഇതിനെ പ്രതിരോധിച്ചെ മതിയാകു. കലകാരൻമാർ അവരുടെ കലാസൃഷ്ടികളിലൂടെ സംഘപരിവാർ ഫാസിസത്തെ പ്രതിരോധിക്കണമെന്നാണ് എൻെറ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.