കല്‍പനയെ മലയാളികള്‍ മനസ്സിലാക്കിയത് ഹാസ്യ നടിയായാണ്. പക്ഷേ, ഹാസ്യത്തിലൂടെ ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന ചുരുക്കം ചില നടികളില്‍ മുമ്പന്തിയിലായിരുന്നു അവര്‍. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതലേ എന്നോടൊപ്പം നിരവധി സിനിമകളില്‍ കല്‍പന അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചിട്ടുണ്ട്.
ഹാസ്യറോളുകള്‍ വളരെ തന്മയത്വത്തോടെ കല്‍പന അഭിനയിക്കുമായിരുന്നു. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളില്‍ സ്വന്തമായി സ്കിറ്റുകള്‍ ഉണ്ടാക്കുകയും അത് വിജയകരമായി അവതരിപ്പിക്കുകയും ചെയ്യാനുള്ള കല്‍പനയുടെ കഴിവ് ഒന്നുവേറെ തന്നെയാണ്. എല്ലാവരോടും വളരെ ബഹുമാനപൂര്‍വമെ കല്‍പന പെരുമാറാറുള്ളൂ. ആരോടും ദേഷ്യപ്പെട്ടിരുന്നില്ല. എല്ലാവരോടും വീട്ടുവിശേഷങ്ങള്‍ ചോദിക്കുകയും കുടുംബത്തിന്‍െറ കാര്യങ്ങള്‍ തിരക്കുകയും ചെയ്യുക എന്നത് കല്‍പനയുടെ സ്വഭാവമായിരുന്നു. സെറ്റില്‍വെച്ച് എന്നെ കണ്ടാല്‍ ഭാര്യ ആലീസിന്‍െറ കാര്യവും മകന്‍ സോണറ്റിന്‍െറയും മക്കളുടെയുമെല്ലാം കാര്യങ്ങള്‍ തിരക്കും. അതുകൊണ്ട് തന്നെ കല്‍പനയുമായി കൂടുതല്‍ അടുപ്പം തോന്നിയിരുന്നു. സിനിമയില്‍ പ്രതിഫലത്തെ ചൊല്ലി വഴക്കിടുന്ന നടിയായിരുന്നില്ല അവര്‍. സമയത്തിന് സെറ്റില്‍ എത്തി അഭിനയിച്ച് പോകും. ഏകദേശം രണ്ടുവര്‍ഷം മുമ്പ് ഞാന്‍ കല്‍പനയെ ഒരു ആശുപത്രിയില്‍ വെച്ച് കാണുകയുണ്ടായി. ഞാനും അതേ ആശുപത്രിയില്‍ ചികിത്സക്ക് പോയതായിരുന്നു. അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് ഹാര്‍ട്ടിന് ഒരു ചെറിയ പ്രശ്നമുണ്ട് എന്നാണ്. അവരുടെ മരണ കാരണവും അതായിരിക്കാം. സമയമുള്ളപ്പോഴെല്ലാം ഞാന്‍ കല്‍പനയുമായി ഫോണില്‍ സംസാരിക്കാറുണ്ട്. ഭര്‍ത്താവുമായി അവര്‍ ചെറിയ പിണക്കത്തിലാണെന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു. മൂന്ന് ദിവസം മുമ്പാണ് അവര്‍ അഭിനയിച്ച ‘ചാര്‍ളി’ എന്ന സിനിമ കണ്ടത്. മലയാള സിനിമക്ക് വലിയ നഷ്ടം തന്നെയാണ് കല്‍പനയുടെ നിര്യാണം. അവരുടെ ആത്മശാന്തിക്കായി ഈശ്വരനോട് പ്രാര്‍ഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.