??.?? ????

പി.കെ. നായര്‍, ചലച്ചിത്ര ചരിത്രത്തിന്‍െറ കാവലാള്‍

തിരുവനന്തപുരം: പുതുതലമുറയുടെ ചലച്ചിത്ര സ്വപ്നങ്ങള്‍ക്ക് വര്‍ണവും വെളിച്ചവുമേകിയ ‘സെല്ലുലോയ്ഡ് മാന്‍’ പി.കെ. നായര്‍ ഓര്‍മയാകുമ്പോള്‍ മലയാളിക്ക് നഷ്ടമാകുന്നത് സിനിമാ ചരിത്രത്തിന്‍െറ കാവലാളെയാണ്. സിനിമക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു പരമേശ് കൃഷ്ണന്‍നായര്‍ എന്ന പി.കെ. നായരുടേത്.

തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളിനഗറിലെ കൊച്ചുവീട്ടിലെ ഇടുങ്ങിയമുറി പാഠപുസ്തകങ്ങളുടെ സ്ഥാനത്ത് സിനിമാ വാരികകളും ചുവരുകളില്‍ സിനിമാ പോസ്റ്ററുകളുംകൊണ്ട് നിറഞ്ഞപ്പോള്‍ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും അദ്ഭുതമായിരുന്നു. പിന്നീട് നഗരത്തിലെ തിയറ്ററുകളായിരുന്നു പി.കെ. നായരുടെ പാഠശാലകള്‍. അവസാനം സിനിമാമോഹവുമായി മുംബൈയിലത്തെിയ 20 വയസ്സുകാരന്‍ പില്‍ക്കാലത്ത് ലോകമറിയുന്ന ചലച്ചിത്ര പുരാവസ്തുസംരക്ഷകനായത് ചരിത്രം.

സിനിമ വിനോദം എന്നതിനപ്പുറം സംസ്കാരവും പോരാട്ടവുമാണെന്ന് തിരിച്ചറിഞ്ഞതാണ് പി.കെയുടെ മഹത്ത്വം. നാശോന്മുഖമായ ആയിരത്തോളം സിനിമകള്‍ ഇദ്ദേഹത്തിന്‍െറ ശ്രമഫലമായി വീണ്ടെടുത്തു. മൂന്ന് ദശാബ്ദം നാഷനല്‍ ഫിലിം ആര്‍കൈവ്സ് ഓഫ് ഇന്ത്യ (എന്‍.എഫ്.എ.ഐ)യില്‍ പ്രവര്‍ത്തിച്ചശേഷം തിരിച്ചത്തെിയ അദ്ദേഹം പിന്നെയും സിനിമാ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതനായി. 1994 നവംബര്‍ ഒന്നിന്, മന്ത്രിയായിരുന്ന ടി.എം. ജേക്കബിന്‍െറ സഹായത്തോടെ കോഴിക്കോട്ട് ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) സംഘടിപ്പിച്ചു.

ഐ.എഫ്.എഫ്.കെയുടെ ആദ്യ ഫെസ്റ്റിവല്‍ ഡയറക്ടറായ അദ്ദേഹത്തിന്‍െറ താല്‍പര്യപ്രകാരമായിരുന്നു സംവിധായകരെയും പ്രേക്ഷകരെയും ഉള്‍പ്പെടുത്തി ഓപണ്‍ ഫോറത്തിന് തുടക്കമിടുന്നത്. പുറത്തുനിന്ന് സിനിമകള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ നാഷനല്‍ ഫിലിം ആര്‍കൈവ്സില്‍നിന്ന് അദ്ദേഹം മുന്‍കൈയെടുത്താണ് ലോകസിനിമകള്‍ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ചത്. ’95ലും അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ മേള സംഘടിപ്പിച്ചു.

2000ല്‍ ഫില്‍ക്കക്ക് (ഫിലിം ലവേഴ്സ് കള്‍ചറല്‍ അസോസിയേഷന്‍) രൂപം നല്‍കിയതും പി.കെയാണ്. വാണിജ്യസിനിമയുടെ കുത്തൊഴുക്കില്‍ തിയറ്ററിലത്തൊതെപോയ കലാമൂല്യമുള്ള സിനിമകള്‍ ഫില്‍ക്കയിലൂടെ അദ്ദേഹം പ്രേക്ഷകരിലത്തെിച്ചു. പൊതുജനങ്ങള്‍ക്ക് എല്ലാ മാസവും സൗജന്യമായി സിനിമാപ്രദര്‍ശനം നടത്തി. വര്‍ഷവും വിദ്യാര്‍ഥികളെടുക്കുന്ന മികച്ച സിനിമക്ക് 25,000 രൂപയുടെ അവാര്‍ഡ് നല്‍കി പുതുതലമുറയുടെ സിനിമാമോഹങ്ങള്‍ക്ക് അദ്ദേഹം ചിറകുമുളപ്പിച്ചുകൊണ്ടേയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.