കൊച്ചി: നാടകത്തിലെയും സീരിയലുകളിലെയും വൈവിധ്യമുള്ള വേഷങ്ങളിലൂടെ തേച്ചുമിനുക്കിയെടുത്തതായിരുന്നു കലാശാല ബാബുവിെൻറ അഭിനയപ്രതിഭ. വില്ലെൻറ ചട്ടമ്പിത്തരങ്ങളും കാരണവരുടെ കാർക്കശ്യവുമായി കുറഞ്ഞകാലംകൊണ്ട് വെള്ളിത്തിരയിലും പ്രേക്ഷകമനസ്സിലും ഇരിപ്പിടം കണ്ടെത്താൻ ബാബുവിനെ സഹായിച്ചത് ചെറുപ്പംമുതൽ കൂടെക്കൊണ്ടുനടന്ന അഭിനയ വാസനയായിരുന്നു. മലയാള സിനിമയിൽ വില്ലന്മാരുടെയും കാരണവന്മാരുടെയും കണ്ടുമടുത്ത വേഷങ്ങളിൽനിന്ന് നോട്ടവും നടപ്പും ഭാവവുംകൊണ്ട് ഒാരോ കഥാപാത്രത്തെയും ബാബു വേറിട്ടതാക്കി.
1950ൽ കലയുടെ ശാലയിൽത്തന്നെയായിരുന്നു ബാബുവിെൻറ ജനനം. പിതാവ് പ്രശസ്ത കഥകളിയാചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായർ. മാതാവ് മോഹിനിയാട്ടം കലാകാരി കല്യാണിക്കുട്ടിയമ്മ. കഥകളിയും മോഹിനിയാട്ടവും കണ്ടുവളർന്ന ബാബുവിനും കലക്കപ്പുറം മറ്റൊരു ലോകമില്ലായിരുന്നു. റേഡിയോ നാടകങ്ങളായിരുന്നു ആദ്യ അഭിനയ കളരി. കോളജ് പഠനകാലത്തുതന്നെ നിരവധി റേഡിയോ നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് ഒ. മാധവൻ, കെ.ടി. മുഹമ്മദ് തുടങ്ങിയവർക്കൊപ്പം രണ്ടുവർഷത്തോളം കാളിദാസ കലാകേന്ദ്രത്തിൽ. 1977ൽ പി. സുബ്രഹ്മണ്യത്തിെൻറ ‘ശ്രീമുരുകൻ’ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു. 1981ൽ ജോൺ പോളിെൻറ തിരക്കഥയിൽ ആൻറണി ഇൗസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യായിരുന്നു അടുത്ത ചിത്രം. സിനിമ ശ്രദ്ധിക്കപ്പെടാതെ വന്നപ്പോൾ ബാബു നാടകത്തിലേക്കുതന്നെ മടങ്ങി.
സ്വദേശമായ തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് കലാശാല എന്ന ട്രൂപ്പിന് രൂപം നൽകി. ഇതോടെ ബാബു, കലാശാല ബാബുവായി. സുരാസുവിെൻറ ‘താളവട്ട’മായിരുന്നു കലാശാലയുടെ ആദ്യ നാടകം. ഇത് വൻ വിജയമായി. തുടർന്ന് ഒമ്പത് നാടകങ്ങൾ കൂടി കലാശാല അരങ്ങിലെത്തിച്ചു. സുരാസുവിന് പുറമെ തിലകൻ, എൻ.എൻ. പിള്ള, പി.ജെ. ആൻറണി, ശ്രീമൂലനഗരം വിജയൻ തുടങ്ങിയവരും കലാശാലയുടെ ഭാഗമായിരുന്നു. പിന്നീട് ബാബു കുറച്ചുകാലം ചാലക്കുടി സാരഥി തിയറ്റേഴ്സിലും പ്രവർത്തിച്ചു. പത്ത് വർഷത്തിനുശേഷം ‘വാരഫലം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ തിരിച്ചെത്തി. സിനിമയുടെ ഇടവേളകളിൽ സീരിയലുകളായിരുന്നു ബാബുവിെൻറ തട്ടകം. മുപ്പതോളം സീരിയലുകളിൽ വേഷമിട്ടു.
എെൻറ വീട് അപ്പൂേൻറം, മാമ്പഴക്കാലം, വജ്രം, റൺവേ, അനന്തഭദ്രം, തൊമ്മനും മക്കളും, ലയൺ, പച്ചക്കുതിര, തുറുപ്പുഗുലാൻ, ചെസ്, മഹാസമുദ്രം, ബാലേട്ടൻ, ചട്ടമ്പിനാട്, കാര്യസ്ഥൻ, മല്ലുസിങ്, ഫയർമാൻ, പരോൾ തുടങ്ങി നൂറോളം ചിത്രങ്ങളിൽ സ്വതസിദ്ധമായ ശൈലിയിൽ മിനുക്കിയെടുത്ത കഥാപാത്രങ്ങളായി ബാബു തിളങ്ങി.
അതിലേറെയും വില്ലൻ വേഷങ്ങളായിരുന്നു. മലയാള സിനിമയിൽ എൻ.എഫ്. വർഗീസിെൻറയും നരേന്ദ്രപ്രസാദിെൻറയും വിടവ് ഒരു പരിധിവരെ നികത്തിയതും ബാബുവായിരുന്നു. താര പരിവേഷങ്ങളൊന്നുമില്ലാതെ സിനിമക്കാർക്കിടയിലെ സാധാരണക്കാരനായി ജീവിച്ച ഒരു കലാകാരനാണ് ബാബുവിെൻറ വിയോഗത്തോടെ ഒാർമയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.