സംസ്ഥാന മന്ത്രിമാരില്‍ 34 ശതമാനവും ക്രിമിനല്‍ കേസിലുള്‍പ്പെട്ടവര്‍

ന്യൂഡല്‍ഹി: സംസ്ഥാന മന്ത്രിമാരില്‍ 34 ശതമാനവും ക്രിമിനല്‍ കേസിലുള്‍പ്പെട്ടവര്‍, 76 ശതമാനം കോടീശ്വരന്മാര്‍. ഡല്‍ഹി ആസ്ഥാനമായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) എന്ന സംഘടനയുടെ പഠനത്തിലാണ് കണ്ടത്തെല്‍. 29 നിയമസഭകളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 620 മന്ത്രിമാരില്‍ 609 പേരെയാണ് പഠനത്തിലുള്‍പ്പെടുത്തിയത്.

462 മന്ത്രിമാരാണ് കോടിപതികള്‍. ശരാശരി 8.59 കോടി രൂപയാണ് ഇവരുടെ ആസ്തി. ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് ആന്ധ്രപ്രദേശിലെ തെലുഗുദേശം പാര്‍ട്ടി മന്ത്രി പൊന്‍ഗുരു നാരായണക്കാണ്, 496 കോടി. 251 കോടിയുമായി കര്‍ണാടയിലെ കോണ്‍ഗ്രസ് മന്ത്രി ഡി.കെ. ശിവകുമാറാണ് രണ്ടാമത്. കേന്ദ്രമന്ത്രിമാരുടെ ശരാശരി ആസ്തി 12.94 കോടി രൂപയാണ്. അരുണാചല്‍പ്രദേശ്, പഞ്ചാബ്, പുതുച്ചേരി എന്നിവിടങ്ങളിലെ മന്ത്രിമാരെല്ലാവരും കോടീശ്വരന്മാരാണ്. ആന്ധ്രയില്‍ 20 മന്ത്രിമാര്‍ അതിസമ്പന്നരാണ്. കര്‍ണാടകയില്‍ 31, അരുണാചല്‍പ്രദേശ് ഏഴ് മന്ത്രിമാര്‍ വീതം സമ്പന്നരാണ്. ഏറ്റവും കുറവ് ആസ്തിയുള്ള മന്ത്രിമാരുള്ളത് ത്രിപുരയിലാണ്, ശരാശരി 31.67 ലക്ഷം രൂപ.

609 മന്ത്രിമാരില്‍ 210 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. ഇവരില്‍ 113 പേര്‍ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തുടങ്ങി ഗുരുതര കേസുകളിലുള്‍പ്പെട്ടവരാണ്. മഹാരാഷ്ട്രയില്‍ 18, ബിഹാര്‍ 11, തെലങ്കാന, ഝാര്‍ഖണ്ഡ് ഒമ്പതുവീതം, ഡല്‍ഹി നാല് വീതം മന്ത്രിമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുള്ളത്. 78 കേന്ദ്രമന്ത്രിമാരില്‍ 24 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. ഇവരില്‍ 14 പേര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.