ന്യൂഡല്‍ഹി: കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെതുടര്‍ന്ന് കശ്മീര്‍ പ്രശ്നം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. കര്‍ഫ്യൂ ഒരു മാസം പിന്നിട്ട കശ്മീരില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളായ സാഹചര്യത്തില്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം രാജ്യസഭയില്‍ നോട്ടീസ് നല്‍കി. പ്രധാനമന്ത്രി മൗനം വെടിയണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടെ നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തു.
സോപോറിന്‍െറ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കശ്മീരില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. സോപോര്‍ സൈന്യത്തിന് കൈമാറിയ വിവരം തിങ്കളാഴ്ച രാവിലെ ഉച്ചഭാഷിണിയിലൂടെയാണ് ജനങ്ങളെ അറിയിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാനാണ് സോപോര്‍ ഏറ്റെടുത്തതെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം.
കശ്മീരില്‍ സ്ഥിതി വഷളാക്കിയതിന് കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇനിയെപ്പോഴാണ് മാപ്പുചോദിക്കുകയെന്ന് ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച ഗുലാം നബി ആസാദ് ചോദിച്ചു. കശ്മീര്‍ കത്തിക്കൊണ്ടിരിക്കുമ്പോഴും അതിന്‍െറ ചൂടിനിയും ഡല്‍ഹിയിലത്തെിയിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 8000 പേര്‍ക്ക് പരിക്കേറ്റെന്നാണ് ഒൗദ്യോഗിക കണക്ക്. 1650 ശസ്ത്രക്രിയകളും 410 നേത്രശസ്ത്രക്രിയകളും നടത്തി. 1018 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ആയിരത്തില്‍പരം യുവാക്കള്‍ ജയിലിലാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനം തുടര്‍ച്ചയായി ഒരു മാസം കര്‍ഫ്യൂവില്‍ കഴിയുന്നത്.
ഒരു മാസമായി സര്‍ക്കാര്‍ ഓഫിസുകളില്‍ ഒരാള്‍ പോലും ഹാജരാകാതിരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയും ചെയ്തതോടെ ഭരണം താറുമാറായിരിക്കുകയാണ്. സ്ഥിതിഗതികള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാറും പ്രധാനമന്ത്രിയും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്.
പ്രതിഷേധങ്ങള്‍ക്കുശേഷവും പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുകയും കാണുന്നിടത്ത് വെടിവെക്കാനുള്ള ഉത്തരവ് നടപ്പാക്കുകയും ചെയ്യുമ്പോള്‍ പ്രധാനമന്ത്രിക്ക് എന്തുപറയാനുണ്ടെന്ന് അറിയാന്‍ കശ്മീരികള്‍ക്ക് ആഗ്രഹമുണ്ട്. കശ്മീര്‍ വിഷയം നേരത്തേ രാജ്യസഭയില്‍ ഉന്നയിച്ചതാണ്.
ലോക്സഭയില്‍ ഒരു ദിവസം കശ്മീര്‍ ചര്‍ച്ചക്കായി മാറ്റിവെച്ചു. എന്നിട്ടും പ്രധാനമന്ത്രി ഇരുസഭകളിലും ഒരു വാക്ക് പോലും ഉച്ചരിച്ചില്ല. കശ്മീര്‍ ജനതയോട് അദ്ദേഹം ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചില്ല. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്നും സര്‍വകക്ഷിസംഘത്തെ താഴ്വരയിലേക്ക് അയക്കണമെന്നും ഗുലാം നബി ആസാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഒരു മാസം കഴിഞ്ഞിട്ടും കര്‍ഫ്യൂ തുടരുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച സി.പി.എം നേതാവ് സീതാറാം യെച്ചൂരി മനുഷ്യവിരുദ്ധവും കുറ്റകരവുമായ പെല്ലറ്റ് ഗണ്‍ ഉപയോഗം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.