ന്യൂഡല്‍ഹി: രണ്ടാമൂഴത്തിന് നില്‍ക്കാതെ സെപ്റ്റംബറില്‍ വിരമിക്കുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. സമ്പദ്രംഗത്തെ പൊതുസ്ഥിതി, ബാങ്കുകളുടെ കിട്ടാക്കടം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച തന്‍െറ കാഴ്ചപ്പാട് അറിയിക്കാന്‍ പാര്‍ലമെന്‍റിന്‍െറ സാമ്പത്തിക കാര്യ സമിതി യോഗത്തിലും ഹാജരായി.
പുതിയ പലിശനിര്‍ണയ സംവിധാനം രൂപപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒരുക്കം നടത്തുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ആറംഗ ധനനയ സമിതിയാണ് സര്‍ക്കാറിന്‍െറ പരിഗണനയില്‍. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നിലവിലെ മൂന്നു വര്‍ഷ കാലാവധി അമേരിക്കയുടെ മാതൃകയില്‍ നാലു വര്‍ഷമാക്കി വര്‍ധിപ്പിക്കുന്നത് മതിയായ പ്രവര്‍ത്തന സാവകാശത്തിന് അനിവാര്യമാണെന്ന് പാര്‍ലമെന്‍ററി സമിതിയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുകടക്കുന്നത് ഇന്ത്യയിലും ആഗോളതലത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് അദ്ദേഹം എം.പിമാരോട് വിശദീകരിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലിയുടെ അധ്യക്ഷതയില്‍ നടന്ന സഭാസമിതി യോഗം മൂന്നു മണിക്കൂര്‍ നീണ്ടുനിന്നു. സാമ്പത്തിക സ്ഥിതി, റിസര്‍വ് ബാങ്കില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍, ബാങ്കിങ് മേലയിലെ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളാണ് സഭാ സമിതി പരിശോധിക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ കൂടുതലായി വായ്പ നല്‍കാന്‍ താല്‍പര്യം കാട്ടുന്ന സ്ഥിതി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എം.പിമാരുടെ സമിതിയില്‍ വിശദീകരിച്ചു. എന്നാല്‍, ഫണ്ട് ആവശ്യത്തിനുള്ളപ്പോള്‍ പോലും വായ്പ നല്‍കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ മടികാട്ടുകയാണ്. ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതില്‍ റിസര്‍വ് ബാങ്ക് അടുത്തിടെ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. പ്രവര്‍ത്തന രഹിതമായ ആസ്തി 9.3 ശതമാനമായി വളര്‍ന്നിരിക്കുകയാണെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.