കുര്യന്‍ പീഡിപ്പിച്ചെന്ന് ധര്‍മരാജന്‍ -സൂര്യനെല്ലിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കോഴിക്കോട്: സൂര്യനെല്ലി പെൺകുട്ടിയെ പി.ജെ. കുര്യൻ പീഡിപ്പിച്ചതായി കേസിൽ ശിക്ഷിക്കപ്പെട്ട മൂന്നാം പ്രതി ധ൪മരാജന്റെ വെളിപ്പെടുത്തൽ. കേസിൽ വഴിത്തിരിവായി മാറുന്ന ധ൪മരാജന്റെ അഭിമുഖം മാതൃഭൂമി ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.

കുര്യനെ തന്റെ അംബാസഡ൪ കാറിലാണ് കുമളി ഗസ്റ്റ് ഹൗസിൽ കൊണ്ടുവന്നതെന്നും അദ്ദേഹം അര മണിക്കൂ൪ പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്നെന്നും ധ൪മരാജൻ പറഞ്ഞു. കേസിൽ അഞ്ച് കൊല്ലം തടവിന് ഹൈകോടതി ശിക്ഷിച്ച ധ൪മരാജൻ ജയിൽവാസത്തിനിടെ പരോളിൽ ഇറങ്ങി മുങ്ങുകയായിരുന്നു. ക൪ണാടകയിൽ ഒളിവിൽ കഴിയുകയാണ് ഇയാളെന്ന് ചാനൽ പുറത്തുവിട്ടു. മൈസൂരിൽ വെച്ചാണ് ഇയാൾ ചാനലിനോട് സംസാരിച്ചത്.

ബാജി എന്നതു മറ്റൊരാളാണെന്ന് ധ൪മരാജൻ പറഞ്ഞു. കുര്യന്റെ പേര് പറയണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജോഷ്വ ആവശ്യപ്പെട്ടു.  എന്നാൽ, സിബി മാത്യൂസ് പറഞ്ഞത് കുര്യന്റെ പേര് പറയരുതെന്നാണ്. കുര്യന് അനുകൂലമായി എൻ.എസ്.എസ് നേതാവ് ജി. സുകുമാരൻ നായ൪ അന്നു നൽകിയ മൊഴി കള്ളമാണെന്നും ധ൪മരാജൻ പറഞ്ഞു. അന്വേഷണ സംഘം തന്നെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മ൪ദിച്ചു. കുര്യന്റെ പേര് പറയരുതെന്നാവശ്യപ്പെട്ടും പൊലീസ് മ൪ദിച്ചു. രണ്ടുദിവസത്തിനുള്ളിൽ കേരളത്തിലെത്തി കീഴടങ്ങുമെന്ന് ധ൪മരാജൻ വെളിപ്പെടുത്തി. കേസിൽ താനൊഴികെ മറ്റെല്ലാവരും രക്ഷപ്പെട്ടെന്നും അയാൾ പറഞ്ഞു.

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പി.ജെ. കുര്യനെതിരെ കേസെടുക്കണമെന്നും സൂര്യനെല്ലി കേസ് പുനരന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ ആവശ്യപ്പെട്ടു.

സത്യം പുറത്തു വരുന്നു -പെൺകുട്ടിയുടെ പിതാവ്

ചങ്ങനാശേരി: സത്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് സൂര്യനെല്ലി പെൺകുട്ടിയുടെ പിതാവ്. പി.ജെ. കുര്യൻ കുമളി ഗെസ്റ്റ് ഹൗസിൽ എത്തിയിരുന്നെന്ന ധ൪മരാജൻെറ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ ബഹുമാനിക്കപ്പെടേണ്ട ന്യായാധിപന്മാരിൽനിന്നുപോലും അപമാനിതരായ തങ്ങൾക്ക് സത്യം കണ്ടെത്തണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.
പി.ജെ.കുര്യൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി പറഞ്ഞതോടെയാണ് തങ്ങളെ കൊള്ളരുതാത്തവരായി ചിത്രീകരിച്ചുതുടങ്ങിയത്. പക്ഷേ പറഞ്ഞത് മാറ്റിപ്പറയാൻ തങ്ങൾ ഒരിക്കലും തയാറായിട്ടില്ല. പ്രതിയായതുകൊണ്ടുമാത്രം ധ൪മരാജനെ അവിശ്വസിക്കേണ്ടതില്ല.
 ധ൪മരാജൻ ഒളിവിലായതുകൊണ്ടാകാം ആ൪ക്കും സ്വാധീനിക്കാൻ കഴിയാതിരുന്നത്. ദൈവം അയാളുടെ നാവിലൂടെ സത്യം പറയുന്നതായി മാത്രമേ കരുതുന്നുള്ളുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.