കലോത്സവ ‘തെയ്യ’ത്തിന് വിവാദതാളം

കണ്ണൂര്‍: തെയ്യങ്ങളുടെ നാട്ടില്‍ അരങ്ങേറുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ ഘോഷയാത്രയില്‍ തെയ്യം അവതരിപ്പിക്കുന്നതിന് നിയന്ത്രണം. തെയ്യത്തെ  തെരുവില്‍ വലിച്ചിഴക്കരുതെന്ന വിവാദത്തെ തുടര്‍ന്നാണിത്. കലോത്സവങ്ങള്‍ക്കുപുറമെ തലസ്ഥാനത്ത് എല്ലാ വര്‍ഷവും അരങ്ങേറുന്ന ടൂറിസം ഘോഷയാത്രയിലും മറ്റും അവതരിപ്പിച്ചിരുന്ന തെയ്യത്തിന് കണ്ണൂരില്‍  നിയന്ത്രണമുണ്ടാവുമെന്നാണ് സൂചന. തെയ്യക്കോലക്കാരുടെയും സമുദായങ്ങളുടെയും പ്രതിഷേധം മാനിച്ചാണിത്.  സ്കൂളുകളോ മറ്റ് സാംസ്കാരിക സംഘടനകളോ തെയ്യം അവതരിപ്പിച്ചാല്‍ മാത്രം ഘോഷയാത്രയില്‍ അതുണ്ടാവും.

 ദേവാരാധാന നിറഞ്ഞ തെയ്യംകലയില്‍ മന്ത്രപരവും വ്രതപരവും അനുഷ്ഠാനപരവുമായ ആത്മീയ ചൈതന്യം ഉള്ളതിനാല്‍ അവ തെരുവില്‍ ആടേണ്ടതല്ളെന്നാണ് കോലക്കാരുടെ വാദം. തെയ്യാട്ടത്തിന് കാവുകളും കഴകങ്ങളും മുണ്ട്യകളും അടങ്ങുന്ന തെയ്യസ്ഥാനങ്ങളുണ്ട്. തെയ്യാട്ടത്തിന് കോലക്കാരും അതിന്‍െറ സ്ഥാനികരുമുണ്ട്. നിരവധി കോലംകെട്ടി നേടുന്ന പെരുമലയന്‍ ഉള്‍പ്പെടെയുള്ള വിവിധ പദവികളുമുണ്ട്. ഇതെല്ലാം സാമുദായിക ചിഹ്നങ്ങളും ആത്മീയമായ ആചാരവുമായിരിക്കെ തെരുവില്‍ ആടാനാവില്ളെന്നാണ് സമുദായങ്ങളുടെ നിലപാട്.

ഉത്തരകേരള മലയ സമുദായോദ്ധാരണ സംഘം, തെയ്യം കമ്പോളവത്കരിക്കുന്നതിനെതിരെ പയ്യന്നൂരില്‍ സംവാദം നടത്തിയിരുന്നു. ഘോഷയാത്രകളില്‍ തെയ്യത്തെ വലിച്ചിഴക്കുന്നതിനെതിരെ ഈ സംവാദം ഒറ്റക്കെട്ടായിരുന്നുവെന്ന് സംഘം കണ്ണൂര്‍ താലൂക്ക് സെക്രട്ടറി രാജേഷ് പണിക്കര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കോലക്കാര്‍ ഇനി തെരുവില്‍ തെയ്യാട്ടത്തിന് പോകേണ്ടതില്ളെന്ന് സംവാദത്തിന് ശേഷം സമുദായങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചതാണെന്നും രാജേഷ് പറഞ്ഞു. ഉത്തരകേരളത്തില്‍ തെയ്യം കെട്ടുന്ന സമുദായങ്ങളില്‍ പ്രബലരായ മലയന്‍, മടയന്‍, വണ്ണാന്‍, പുലയന്‍ വിഭാഗങ്ങള്‍ ഏകീകരിച്ച് സംഘടിപ്പിച്ച പൊതുവേദിയുടെയും അഭിപ്രായം ഇതാണ്.

അതേസമയം, കണ്ണൂരിന്‍െറ സാംസ്കാരിക പൈതൃകമെന്ന നിലയില്‍ കലോത്സവ ഘോഷയാത്രയില്‍ തെയ്യം വേണമെന്ന അഭിപ്രായം മറുഭാഗത്ത് ശക്തവുമാണ്. കലോത്സവങ്ങളുടെ ചരിത്രത്തില്‍ ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കും തെയ്യക്കോലവുമായ ബന്ധപ്പെട്ട ഈ നിയന്ത്രണം.

Tags:    
News Summary - school festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.