കണക്കിന്‍െറ ട്യൂഷന്‍ ക്ളാസില്‍ രണ്ട് കണക്കുകള്‍ക്കിടയിലുള്ള സമയത്ത് ‘രണ്ടാമൂഴ’ത്തിന്‍െറ അധ്യായങ്ങള്‍ തിരക്കിട്ടുവായിച്ചിരുന്ന പ്രീഡിഗ്രിക്കാരി, വര്‍ഷങ്ങള്‍ക്കുശേഷം എം.ടി. വാസുദേവന്‍ നായരോടൊപ്പം ഒരു യോഗത്തില്‍ പങ്കെടുത്തു. അവളെഴുതിയ നോവല്‍ നല്ല പുസ്തകമാണെന്ന് പറയുന്നത് ആ നാവില്‍നിന്ന് നേരിട്ടുകേട്ടു. ‘ഗൗരി’ വായിച്ചുകരഞ്ഞ വായനക്കാരി മുതിര്‍ന്നപ്പോള്‍ അവളുടെ കഥ വായിച്ച് ‘ഗൗരി’യുടെ കര്‍ത്താവ് ടി. പത്മനാഭന്‍ അഭിനന്ദനക്കത്തെഴുതി. അവള്‍ പിന്നീട് മലയാള സാഹിത്യത്തില്‍ മാധവിക്കുട്ടിയുടെയും സാറാജോസഫിന്‍െറയും പിന്മുറക്കാരിയായി.
എഴുതാനിരിക്കുമ്പോള്‍ ഒന്നേ മനസ്സിലുള്ളൂ. ഒന്നുകില്‍ വായനക്കാരെ ആഹ്ളാദിപ്പിക്കണം. അല്ളെങ്കില്‍ അവരെ കുത്തിനോവിക്കണം. എഴുതുമ്പോള്‍ കഥാപാത്രങ്ങളുടെ വികാരങ്ങളിലൂടെ കടന്നുപോവും. ആ നേരത്ത് ഭര്‍ത്താവിനോടും മകളോടും കരുണ കാട്ടാറില്ല. ഭക്തമീരയെപ്പോലെ അതീതവും അപ്രാപ്യവുമായ സങ്കല്‍പത്തെ പ്രണയിക്കുകയാണ് എപ്പോഴും എന്ന് തുറന്നുപറഞ്ഞിട്ടുണ്ട് മീര. പെണ്ണെഴുത്തിന്‍െറ വഴികളില്‍ കടുംനിറത്തിലുള്ള കാല്‍പ്പാടുകള്‍ കോറിയിടാന്‍ മീരയുടെ വാക്കുകള്‍ക്ക് കഴിഞ്ഞതും അതുകൊണ്ടുതന്നെ. കുടുംബം, മാതൃത്വം, നഷ്ടപ്രണയം, ഭഗ്നമോഹങ്ങള്‍ എന്നിങ്ങനെ പെണ്ണ് എഴുതേണ്ടതെന്ന് മലയാള സാഹിത്യം നിശ്ചയിച്ചുറപ്പിച്ച വിഷയങ്ങളില്‍നിന്നും വഴിമാറിനടന്നത് മന$പൂര്‍വം. രാഷ്ട്രീയത്തിന്‍െറയും സാമൂഹികപ്രശ്നങ്ങളുടെയും അതിശക്തമായ അടിയൊഴുക്കുള്ള ആഖ്യാനങ്ങള്‍ തീര്‍ക്കാന്‍ പെണ്ണിന് കഴിയില്ളെന്ന ആണിന്‍െറ മുന്‍വിധികളെ ‘ആരാച്ചാര്‍’ എന്ന ഒരൊറ്റ കൃതികൊണ്ട് മീര തിരുത്തി. പുതുതലമുറക്ക് ബൃഹദാഖ്യാനങ്ങള്‍ വഴങ്ങില്ളെന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞ പാരമ്പര്യവാദികള്‍ക്ക് മുഖമടച്ച് മറുപടി കൊടുത്തു. രണ്ടുവര്‍ഷം കൊണ്ട് അമ്പതിനായിരം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട് റെക്കോഡിട്ട പുസ്തകം വായന മരിക്കുന്നെന്ന മുറവിളികളെ നിശ്ശബ്ദമാക്കി. പെന്‍ഗ്വിന്‍ ബുക്സിന്‍െറ രാജ്യാന്തരമുദ്രണമായ ഹാമിഷ് ഹാമില്‍ട്ടണ്‍ ‘ഹാങ്വുമണ്‍’ എന്ന പേരില്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചതോടെ അന്താരാഷ്ട്ര വായനസമൂഹത്തിന്‍െറ അംഗീകാരവുംകിട്ടി. ഇപ്പോള്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും കെ.ആര്‍. മീരയെ തേടിവന്നിരിക്കുന്നു. അസഹിഷ്ണുത വളരുന്ന കാലത്ത് ഭരണകൂടഭീകരതയെ അക്ഷരവിചാരണ ചെയ്യുന്ന കൃതി അംഗീകരിക്കപ്പെടുന്നത് ചരിത്രത്തിന്‍െറ മറ്റൊരു കാവ്യനീതി.
മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ$ പ്രസിദ്ധീകരിച്ച നോവലിന്‍െറ ഇംഗ്ളീഷ് വിവര്‍ത്തനം വായിച്ച് അസാധാരണമായ നോവലെന്നുപറഞ്ഞത് അരുന്ധതി റോയ്. ഇന്ത്യയുടെ രാഷ്ട്രീയപരിണാമങ്ങള്‍ ഒരു സ്ത്രീയെ എങ്ങനെ ബാധിച്ചുവെന്ന് കല്‍പിതകഥയും യാഥാര്‍ഥ്യവും കലര്‍ത്തി എഴുതിക്കാട്ടുകയായിരുന്നു മീര. ചരിത്രത്തെ ഒരു പെണ്ണിന്‍െറ കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്ന ക്ളാസിക് മാനങ്ങളുള്ള കൃതി മീരയുടെ രാഷ്ട്രീയബോധത്തിന്‍െറ അക്ഷരാടയാളമാണ്. പൂര്‍വാശ്രമത്തില്‍ പത്രപ്രവര്‍ത്തകയായിരുന്നു. ജേണലിസ്റ്റിന്‍െറ നിശിതവും വിശകലനാത്മകവുമായ മനസ്സുകൊണ്ട് വിലയിരുത്തുന്ന വസ്തുതകളെ സര്‍ഗാത്മകമായി പരിവര്‍ത്തിപ്പിക്കാന്‍ മീരയിലെ എഴുത്തുകാരിക്ക് കഴിയുന്നു. അതുകൊണ്ടുതന്നെ എഴുത്തില്‍ പൂര്‍വമാതൃകകളില്ല. മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം മലയാളകഥയുടെ മുന്‍നിരയില്‍ കസേര വലിച്ചിട്ടിരിക്കാന്‍ യോഗ്യതനേടിയത് എഴുത്തിലെ വേറിട്ട വഴിവെട്ടല്‍കൊണ്ട് കൂടിയാണ്. പത്രത്തില്‍ ജോലിക്ക് പോവുന്നില്ളെന്നേയുള്ളൂ. ഉള്ളിലെ പത്രപ്രവര്‍ത്തക ഇപ്പോഴും സജീവം. അതുകൊണ്ടാണ് അസഹിഷ്ണുതയുടെ ഇരകളായി കല്‍ബുര്‍ഗിയും പന്‍സാരെയും ദാഭോല്‍കറുമൊക്കെ കൊല്ലപ്പെട്ടപ്പോള്‍ ശക്തമായി പ്രതികരിച്ചത്. കെ.എസ്. ഭഗവാന്‍ വധഭീഷണി നേരിടുമ്പോള്‍ ‘ഭഗവാന്‍െറ മരണം’ എന്ന കഥയുമായി എത്തി. കെ.എസ്. ഭഗവാനെ ലഖ്നോ സാഹിത്യോത്സവത്തില്‍ വെച്ച് പരിചയപ്പെടുന്നത് പിന്നീടാണ്.
1970 ഫെബ്രുവരി 19ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ജനനം. പിതാവ് കെ.എന്‍. രാമചന്ദ്രന്‍ പിള്ളയും മാതാവ് എ.ജി. അമൃതകുമാരിയും കോളജ് പ്രഫസര്‍മാര്‍. എം.എക്ക് തമിഴ്നാട്ടിലെ ഗാന്ധിഗ്രാമില്‍ ചേര്‍ന്നു. രണ്ടുവര്‍ഷം മലയാളവുമായുള്ള ബന്ധം മുറിഞ്ഞു. കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതല്‍ മലയാള മനോരമയില്‍. മനോരമ ദിനപത്രത്തിലെ പത്രാധിപസമിതിയിലത്തെിയ ആദ്യവനിത.
റഷ്യന്‍ ബാലസാഹിത്യം വായിച്ചുതുടങ്ങിയ കുട്ടിക്കാലത്തുതന്നെ സാഹിത്യകാരിയാവാനുള്ള ആഗ്രഹം മുള പൊട്ടിയിരുന്നു. പക്ഷേ വളര്‍ന്നപ്പോള്‍ എഴുത്തുകാരിയുടെ കുപ്പായമണിയാന്‍ ഭയന്നു. ഒരിടത്തരം കുടുംബത്തില്‍ ഇഷ്ടപ്പെട്ട തൊഴിലെടുത്ത് സന്തോഷത്തോടെ കഴിഞ്ഞു. ആദ്യകാലകഥകള്‍ താനറിയാതെ ആനുകാലികങ്ങള്‍ക്ക് അയച്ചത് ഭര്‍ത്താവ്. മാതൃഭൂമിയില്‍ ‘സര്‍പ്പയജ്ഞം’ എന്ന കഥ അച്ചടിച്ചുകണ്ടപ്പോഴാണ് ‘കൊടുംചതി’ അറിഞ്ഞത്. മാധ്യമം പ്രസിദ്ധീകരിച്ച ‘ഓര്‍മയുടെ ഞരമ്പ് ’എന്ന കഥയും അതിനെ അഭിനന്ദിച്ച് ടി.പത്മനാഭന്‍ എഴുതിയ കത്തും എഴുത്തുജീവിതത്തിലെ ഉറച്ച കാല്‍വെപ്പുകളായി. പുതിയ പത്ത് കഥാകൃത്തുക്കളുടെ ആദ്യ സമാഹാരങ്ങളുടെ കൂട്ടത്തില്‍ ‘ഓര്‍മയുടെ ഞരമ്പ്’ പുറത്തിറങ്ങി. പക്ഷേ, ഇന്ത്യാടുഡേയില്‍ വന്ന ചന്ദ്രമതിയുടെ നിരൂപണം കടുത്ത വാക്കുകള്‍കൊണ്ട് കുത്തിനോവിച്ചു. അതുകണ്ട സഹപ്രവര്‍ത്തകരില്‍ ചിലര്‍ മുറിവില്‍ മുളകരച്ചുതേച്ചു. ഇനി കഥയെഴുത്തില്ളെന്ന് അന്ന് തീരുമാനിച്ചു. പക്ഷേ ആദ്യസമാഹാരത്തിന് അംഗീകാരങ്ങള്‍ തേടിവന്നു. യുവ എഴുത്തുകാരിക്കുള്ള ലളിതാംബിക അന്തര്‍ജനം സ്മാരക അവാര്‍ഡ്, കേരളസാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്‍റ്, അങ്കണം അവാര്‍ഡ് എന്നിങ്ങനെ. നാല് പതിപ്പുകള്‍ വിറ്റഴിഞ്ഞു. അതോടെ എഴുത്ത് ആത്മവിശ്വാസംതന്നു. 2006ല്‍ എഴുത്തിനായി മനോരമയിലെ ജോലി രാജിവെച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ടി. പത്മനാഭനും അക്ബര്‍ കക്കട്ടിലുമുള്‍പ്പെടെയുള്ള അഭ്യുദയകാംക്ഷികളും വഴക്കുപറഞ്ഞു. പക്ഷേ അതുകൊണ്ട് മലയാള സാഹിത്യത്തിന് ലഭിച്ചത് ഇതിഹാസമാനങ്ങളുള്ള നോവല്‍. 2004ല്‍ കൊല്‍ക്കത്തയില്‍ നടന്ന വധശിക്ഷയാണ് ‘ആരാച്ചാര്‍’ എഴുതാനുണ്ടായ പ്രചോദനം.
‘ആരാച്ചാര്‍’ എഴുതിയ കാലത്ത് ഒട്ടനവധി പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയി. കുറച്ച് അധ്യായങ്ങള്‍ എഴുതിക്കഴിഞ്ഞ സമയത്ത് കാലൊടിഞ്ഞു. പുസ്തകരൂപത്തിലാവുന്നതിനുമുമ്പ് ഭര്‍ത്താവിന്‍െറ അമ്മക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു. പിതാവ് ഹൃദയാഘാതംമൂലം മരിച്ചു. പന്ത്രണ്ടാംദിവസം ഭര്‍ത്താവിന്‍െറ അമ്മയും. രണ്ടുമാസത്തിനുശേഷം മകള്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ആരാച്ചാരിന്‍െറ വിവര്‍ത്തകയായ ജെ. ദേവിക മോഹമഞ്ഞയും ആവേ മരിയയും ഗില്ലറ്റിനുമുള്‍പ്പെടെയുള്ള ശ്രദ്ധേയമായ 15 കഥകള്‍ ‘യെലോ ഈസ് ദ കളര്‍ ഓഫ് ലോങിങ്’ എന്ന പേരില്‍ മൊഴിമാറ്റം ചെയ്തു. ഭര്‍ത്താവ് എം.എസ്. ദിലീപ് മലയാള മനോരമ പത്രാധിപസമിതി അംഗം. മകള്‍: ശ്രുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.