മാണിക്ക് ഇനി കായകല്‍പ ചികിത്സ

എതിരാളിയെ നേരിട്ട് അടിക്കാന്‍ ധൈര്യമില്ലാതെവരുമ്പോള്‍ തൊട്ടടുത്തു നില്‍ക്കുന്നവനെ തല്ലുന്ന ഗുണ്ടകളെ നാട്ടിന്‍പുറത്തു കാണാറുണ്ട്. കെ.എം. മാണി ഒരു ഗുണ്ടയൊന്നും അല്ല. എന്നാല്‍, രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ഗുണ്ടായിസം ആവശ്യമാകും.  അധികാരമാണ് ലക്ഷ്യമെങ്കില്‍ ഏതു തറപ്പണിയും ചെയ്യേണ്ടിവരും.  മാണിക്ക് അതു നല്ല ബോധ്യമുണ്ട്. അദ്ദേഹത്തിന്‍െറ രാഷ്ട്രീയ നിലനില്‍പുപോലും ഈ അറിവിന്‍െറ പശ്ചാത്തലത്തിലാണ്.
ഉമ്മന്‍ ചാണ്ടിയെ അടിക്കാനായിരുന്നു, മാണിയുടെ ആഗ്രഹമെന്ന് ലീഗ് നേതാക്കള്‍ക്കും അറിയാം. പക്ഷേ, ധൈര്യം അത്ര പോര. ഉമ്മന്‍ ചാണ്ടിയെ ഉപദ്രവിച്ചാല്‍ കോട്ടയത്ത് അതു തിരിഞ്ഞുകുത്തുമെന്നതു മാത്രമല്ല, പ്രശ്നം. പിന്നീട് യു.ഡി.എഫിലേക്കു തിരിച്ചുവരാനുള്ള വഴിയും ചിലപ്പോള്‍ അടയും. ഒരടികിട്ടിയാല്‍ അതുമറന്ന് അടിച്ചവനെ പിന്നെയും കൂടെ കൂട്ടാനുള്ളത്ര ഉദാരമനസ്കത ഉമ്മന്‍ ചാണ്ടിക്കുണ്ടാകാറില്ല.  സുധീരനെ തൊട്ടാല്‍ സുധീരന്‍ മുന്‍പിന്‍ നോക്കില്ല. മാണിയുടെ അവതാര രഹസ്യം വരെ സുധീരന്‍ തുറന്നുപറഞ്ഞെന്നിരിക്കും. അപ്പോള്‍ പിന്നെ തൊട്ടടുത്തു നില്‍ക്കുന്ന രമേശ് ചെന്നിത്തലയെ പൂശുന്നതല്ളേ ബുദ്ധി? അതാണു മാണി ചെയ്തത്. രമേശിനോടുള്ള എതിര്‍പ്പെന്ന പേരില്‍ കോണ്‍ഗ്രസ് മുന്നണി വിട്ടു. കോണ്‍ഗ്രസിലും ചിലര്‍ക്ക് അതു രസിക്കുമെന്ന് മാണിക്ക് നന്നായറിയാം. 83 വയസ്സിനിടയില്‍ എത്ര മുന്നണി കണ്ടിരിക്കുന്നു, ഈ കുഞ്ഞുമാണി! അതാണ് കളി.
പഴയ കാലമല്ല. ഇരുമുന്നണികളെയും ഭയപ്പെടുത്താനുള്ള ഒരു ന്യൂനമര്‍ദം കേരളത്തിലെ ഈ കാലവര്‍ഷക്കാലത്ത് രൂപപ്പെട്ടിട്ടുണ്ട്. ഘടകകക്ഷികളെ അന്വേഷിച്ചു നടക്കുന്ന ഒരു മൂന്നാം മുന്നണി ഈയിടെ നിയമസഭയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതാണ് മാണിയുടെ ബലം. അതാണ് വിലപേശലിനുള്ള പുതിയ വഴി. എന്‍.ഡി.എയില്‍ ചേരുമെന്നു പറഞ്ഞാല്‍ വിരളുന്നത് യു.ഡി.എഫ് മാത്രമല്ല, ഇടതുമുന്നണിയുമാണ്. തനിക്കു ചേക്കേറാന്‍ പറ്റിയതല്ല, മൂന്നാം മുന്നണിയെന്ന് മാണിക്കറിയാമെങ്കിലും വിലപേശാന്‍ ഈ സാഹചര്യവും മാണി വിടില്ല. എന്‍.ഡി.എയില്‍ ചേരാന്‍ മാണിയുടെ അണികള്‍ സമ്മതിക്കില്ളെന്ന് മാണിക്കറിയാം. അവസാനം അവര്‍ സമ്മതിച്ചാല്‍ തന്നെ പിന്നില്‍ നില്‍ക്കുന്ന സഭാധ്യക്ഷന്മാര്‍ സമ്മതിക്കണമെന്നില്ല. ഇവരെല്ലാം സമ്മതിച്ചാലും ബി.ജെ.പി നേതൃത്വം സമ്മതിക്കണമെന്നും നിര്‍ബന്ധമില്ല. കുറേക്കാലം മുമ്പുവരെ കേരള കോണ്‍ഗ്രസ് സഖ്യം ആഗ്രഹിച്ചിരുന്നവരാണ്, കേരളത്തിലെ ബി.ജെ.പിക്കാര്‍. ഇന്ന് അവസ്ഥ മാറി. ഹിന്ദുത്വവര്‍ഗീയ ധ്രുവീകരണമാണ്, മോദിയുടെയും അമിത് ഷായുടെയും മനസ്സില്‍. അതിന്‍െറ ഭാഗമായാണ്, ബി.ഡി.ജെ.എസ് പോലും ഉണ്ടായത്. അതേസമയം, ഇടതുമുന്നണി മാണിക്ക് അസ്പൃശ്യരല്ല. അതിലുപരി, എന്‍.ഡി.എയില്‍ ചേരാന്‍ ആശയപരമായി ബാധ്യതകളില്ലാത്ത  മറ്റൊരു പാര്‍ട്ടിയും തങ്ങളല്ലാതെ മറ്റൊന്നില്ളെന്നത് മാണിയുടെ വിലപേശലിന് ആധാരമാകുന്നു. കോണ്‍ഗ്രസിനും സി.പി.എമ്മിനും സി.പി.ഐക്കും മുസ്ലിം ലീഗിനും മാത്രമല്ല, ആര്‍.എസ്.പി, ജനതാദള്‍, സി.എം.പി എന്നിവക്കുപോലും ആശയപരമായി എന്‍.ഡി.എയുമായി യോജിക്കാന്‍ കഴിയില്ല. മാണിക്ക് അതും കഴിയുമെന്നതാണ്, വിലപേശലിന്‍െറ സാധ്യത കൂട്ടുന്നത്.
മാണിയുടെ പാര്‍ട്ടിയിലെ മറ്റുനേതാക്കള്‍ മുന്‍കാലങ്ങളിലെക്കാള്‍ ദുര്‍ബലരാണിപ്പോള്‍. പി.ജെ. ജോസഫ് ശാരീരികമായും അല്ലാതെയും ശക്തനല്ല. മാണിയെ എതിര്‍ക്കാന്‍ കെല്‍പുള്ള മറ്റെല്ലാവരും പാര്‍ട്ടിയില്‍നിന്ന് നേരത്തേതന്നെ മാറിക്കഴിഞ്ഞു. ഇപ്പോള്‍ മാണി പാര്‍ട്ടിക്കുള്ളില്‍ സര്‍വ സ്വതന്ത്രനാണ്. തെരഞ്ഞെടുപ്പ് ഉടനെയൊന്നും ഇല്ല. സൗകര്യമുള്ള സമയം. അതിനാല്‍ ഇനി വേണമെങ്കില്‍ ഒരു കേരള ജാഥ ആകാം. മുന്നണി വിട്ടുപോകുന്ന കക്ഷികള്‍ സാധാരണ ഗതിയില്‍ അതാണ് ചെയ്യാറുള്ളത്. രാഷ്ട്രീയ വിശദീകരണത്തോടൊപ്പം ശക്തിപ്രകടനവും യാത്രയിലാണ് നടക്കുക. തുടര്‍ന്ന് പാര്‍ട്ടി കണ്‍വെന്‍ഷനുകള്‍, പിന്നെ അടിമുടി അഴിച്ചുപണി, അതിനിടയില്‍ മകനായ ജോസ് കെ. മാണിയെ നേതൃത്വത്തില്‍ അവരോധിക്കാം. വലിയ എതിര്‍പ്പോ പണച്ചെലവോ ഇല്ല. പണപ്പിരിവ് നടത്താനും കഴിയും. ആരും എതിര്‍പ്പുമായി വരില്ല. യു.ഡി.എഫില്‍ നില്‍ക്കുമ്പോള്‍ മകനെ അവരോധിക്കുന്നതിന് ചില്ലറ ബുദ്ധിമുട്ടുകളുണ്ട്. മുന്നണിക്കുള്ളിലും ചില എതിര്‍പ്പുകള്‍ രൂപപ്പെടും. ആ എതിര്‍പ്പിനെ പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ ഏറ്റുപിടിക്കും. അതൊക്കെ വലിയ പുലിവാലായി മാറും. അതിനാല്‍ ഇത്ര സൗകര്യപ്രദമായ ഒരവസ്ഥ മാണിക്ക് വീണുകിട്ടിയതാണെന്നേ കരുതേണ്ടൂ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാണി ഗ്രൂപ്പുകാര്‍ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസിന്‍െറ ചില നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. മാണി ഗ്രൂപ്പിലും തദ്ദേശ സ്ഥാപന സഖ്യം ഉപേക്ഷിച്ചാലെന്താണെന്ന ചിന്ത ചിലയിടങ്ങളില്‍ വളര്‍ന്നിട്ടുണ്ട്. ഉപേക്ഷിക്കാന്‍ മാണിക്കും ജോസഫിനും ബുദ്ധിമുട്ടുണ്ടാകില്ല. എന്തെന്നാല്‍, മാണിയുടെ പാലാ മുനിസിപ്പാലിറ്റിയിലും ജോസഫിന്‍െറ പുറപ്പുഴ പഞ്ചായത്തിലും കേരള കോണ്‍ഗ്രസിന് ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. അവിടെ ഭരണം തുടരും. മറ്റിടങ്ങളില്‍ എന്തായാലും കുറെ നഷ്ടങ്ങള്‍ ഉണ്ടാകാം. അത് നേതാക്കള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഇതേ പ്രശ്നമുണ്ട്. കീഴ്ത്തട്ടിലെ നേതാക്കള്‍ക്ക് താല്‍പര്യമുള്ള ലാവണമാണത്. അവിടെ സ്ഥാനമാനങ്ങള്‍ പോയേക്കാം. സ്വാധീനമുള്ള ഇടങ്ങളില്‍ കോണ്‍ഗ്രസുകാര്‍ മാണി ഗ്രൂപ്പുകാരെ ദ്രോഹിക്കുകയും ചെയ്യും. അതൊക്കെ രാഷ്ട്രീയത്തിലെ ചില അടവുനയങ്ങളാണ്. അഴിച്ചുപണിയും കണ്‍വെന്‍ഷനുകളും കഴിയുമ്പോള്‍ പാര്‍ട്ടി മറ്റാരും കൊതിക്കുംവിധം ശക്തവും സുന്ദരവുമാകുമെന്നും അതിനെ മോഹിച്ച് വിവിധ മുന്നണികള്‍ പിന്നാലെ നടക്കുമെന്നും അനുഭവം മാണിയെ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പാര്‍ട്ടിക്കും മാണിക്കും ഇനിയുള്ള ഇടവേള വാര്‍ധക്യ കാലത്ത് ഓജസ്സ് വീണ്ടെടുക്കാനുള്ള കായകല്‍പ ചികിത്സയുടേതാണ്.
ഇതൊക്കെ മുന്നണിമര്യാദയാണോ എന്ന് ആരും ചോദിക്കില്ല. കോണ്‍ഗ്രസുകാരും ചോദിച്ചിട്ടില്ല. കാരണമുണ്ട്. യു.ഡി.എഫില്‍ ആരാണ്, മുന്നണി വിട്ടുപോകുകയും തിരിച്ചുവരുകയും ചെയ്യാത്തതായിട്ട്? ആന്‍റണി ഗ്രൂപ്പും കരുണാകരന്‍ ഗ്രൂപ്പും മുന്നണി വിട്ടിട്ടുണ്ട്. 1990ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷം മുസ്ലിം ലീഗും കുറച്ചുകാലം മുന്നണി വിട്ടുനിന്നു. അത് മണ്ഡല്‍ കമീഷന്‍െറ പേരിലായിരുന്നു എന്നുമാത്രം.  ഇതുപോലെ കേരളയാത്രയും പാര്‍ട്ടി പുന$സംഘടനയും കായകല്‍പവും നടത്തി മസിലുപിടിച്ചു നിന്നപ്പോള്‍ അന്നത്തെ യു.ഡി.എഫ് ലീഡര്‍ കരുണാകരന്‍തന്നെ ലീഗിനെ തിരിച്ചുവിളിച്ചു കൊണ്ടുപോന്നു. എങ്ങാനും ഇടതുമുന്നണിയിലേക്ക് ലീഗ് പോകുമോ എന്ന ഭയവും അന്ന് കോണ്‍ഗ്രസുകാര്‍ക്കുണ്ടായിരുന്നു. അത്തരം ഭയം ഇടക്കിടെ ഉണ്ടാക്കിയെടുക്കണം. അല്ളെങ്കില്‍ വല്യേട്ടന്മാര്‍ വകവെക്കില്ല. അതാണ്, ഘടകകക്ഷിയുടെ ശക്തി. ഈ ബുദ്ധി സി.പി.ഐക്കും പഠിക്കാവുന്നതാണ്.
മേല്‍പറഞ്ഞതെല്ലാം സാമാന്യ യുക്തിക്കു നിരക്കുന്ന കാര്യങ്ങള്‍ മാത്രമാണ്. രാഷ്ട്രീയം പലപ്പോഴും യുക്തിക്കു നിരക്കാത്തതാകാറുണ്ട്. അതിനാല്‍ മാണി, മറ്റു സംസ്ഥാനങ്ങളിലെ 2017ലും 2018ലും  2019ലും നടക്കാനുള്ള തെരഞ്ഞെടുപ്പുകള്‍ക്കായി കാത്തിരിക്കാനും സാധ്യതയില്ളെന്നില്ല. അതിലൊക്കെ എന്‍.ഡി.എക്ക് തെറ്റില്ലാത്ത ജയമുണ്ടായാല്‍ കേന്ദ്രത്തില്‍ എന്‍.ഡി.എ സഖ്യം അധികാരത്തില്‍ തുടരാം.
എന്തായാലും തല്‍ക്കാലം രക്ഷപ്പെട്ടത് സുധീരനാണ്. സുധീരനെ ഒതുക്കുക എന്ന പൊതുമിനിമം പരിപാടിയിലായിരുന്നു, ഇതുവരെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍. ഭരണത്തില്‍ പേരുദോഷം ഉണ്ടാക്കിയവരെ മത്സരിപ്പിക്കരുതെന്ന അഭിപ്രായം പറഞ്ഞതിനാണ്, തെരഞ്ഞെടുപ്പിനുശേഷം എല്ലാവരും സുധീരന്‍െറ മേല്‍ ചാടിവീണത്. പാര്‍ട്ടിയില്‍ വെളിച്ചം കടക്കുന്ന എല്ലാ സുഷിരങ്ങളും ഭദ്രമായി അടക്കുക എന്നതാണ്, ഈയിടെയായി കോണ്‍ഗ്രസിലെ ‘എ’ ഗ്രൂപ്പും ‘ഐ’ ഗ്രൂപ്പും മത്സരിച്ചു ചെയ്തുവന്ന പ്രവൃത്തി.
 അതിനിടയിലാണ്, മാണിയുടെ പിണക്കവും സംഭവവികാസങ്ങളും വന്നുഭവിച്ചത്. അതിനാല്‍ കുറച്ചു ദിവസത്തെ ഇടവേളയെങ്കിലും സുധീരനു കിട്ടിയിരിക്കുകയാണ്. ഈ ചൂടൊന്ന് ആറുമ്പോള്‍ വീണ്ടും തുടങ്ങും, ഡല്‍ഹിയാത്രയും ഗ്രൂപ്പും കുത്തിത്തിരിപ്പും. എന്തൊക്കെ കണ്ടാലാണ്, അടുത്ത തെരഞ്ഞെടുപ്പുവരെ ഒന്നത്തൊനാകുക?

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.