മാതൃഭാഷയോട് കേരളം ചെയ്യുന്നത്

മാതൃഭാഷാദിനം മലയാളം മാതൃഭാഷയായ നമ്മളെ അഭിമാനിതരാക്കുന്നുവോ അതോ ചിന്താധീനരാക്കുന്നുവോ? സ്വന്തം ഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും പ്രയോഗക്ഷമതയിലും നമുക്ക് വിശ്വാസമുണ്ടെങ്കില്‍ മാതൃഭാഷാദിനാചരണം അഭിമാന സന്ദര്‍ഭമാകും. ഇന്നത്തെ അവസ്ഥയില്‍ പൂര്‍ണമായി അഭിമാനിക്കാനോ പൂര്‍ണമായി ആശ വെടിയാനോ മലയാളിക്ക് സാധിക്കുകയില്ല. ഒരു ജനത എന്ന നിലക്ക് മാതൃഭാഷയിലുള്ള അഭിമാനവും വിശ്വാസവും വലിയൊരു വിഭാഗം മലയാളികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വലിയ പ്രതിസന്ധിയാണ്. സ്വന്തം ഭാഷ പത്രങ്ങള്‍ക്കും ടി.വി വാര്‍ത്തകള്‍ക്കും സിനിമക്കും കോമഡി ഷോയ്ക്കും കൊള്ളാം. എന്നാല്‍, സര്‍വകലാശാലാ വിദ്യാഭ്യാസത്തിനോ പ്രഫഷനല്‍ വിദ്യാഭ്യാസത്തിനോ കോടതി വ്യവഹാരത്തിനോ എന്തിന് കല്യാണക്കുറിക്കോ പോലും മലയാളം ഉപയോഗിക്കാന്‍ മലയാളികള്‍ക്കിപ്പോഴും മടിയാണ്. ആ മടിക്ക് പിന്നില്‍ ഭാഷയെക്കുറിച്ച വിശ്വാസമില്ലായ്മയും പെട്ടെന്നുള്ള നേട്ടത്തിലുള്ള കണ്ണുമാണ്.
യൂനിവേഴ്സിറ്റി വിദ്യാഭ്യാസം മുഴുവന്‍ ഇംഗ്ളീഷിലാണെന്ന് മാത്രമല്ല, അങ്ങനെയല്ലാതെ സാധ്യമല്ളെന്ന് കൂടി നല്ളൊരു വിഭാഗം മലയാളികള്‍ വിശ്വസിക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഇംഗ്ളീഷ് മീഡിയത്തോടുള്ള ആഭിമുഖ്യമായി പ്രത്യക്ഷപ്പെടുന്ന ഈ വിശ്വാസം ആതുരമായ അവസ്ഥയായി വളര്‍ന്ന്, യു.പി ക്ളാസുകളെ മാത്രമല്ല പ്രീ-പ്രൈമറി വിഭാഗത്തെയും കീഴടക്കിയിരിക്കുന്നു. ഇന്ന് കേരളത്തിന്‍െറ ഏത് പ്രദേശത്തുപോയാലും ഇംഗ്ളീഷ് മീഡിയം എല്‍.കെ.ജി-യു.കെ.ജി ക്ളാസുകളിലേക്കുള്ള പ്രവേശം ആരംഭിച്ചിരിക്കുന്നുവെന്ന അറിയിപ്പ് ബോര്‍ഡുകള്‍ കാണാം.
ഏത് വിദഗ്ധ സമിതി തയാറാക്കിയ കാര്യങ്ങളാണ് ഈ ക്ളാസുകളില്‍ പഠിപ്പിക്കുന്നതെന്നോ, ഇംഗ്ളീഷ് പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യതയും കഴിവും പരിശീലനവും എന്തെന്നോ, മാതൃഭാഷ ഇത്ര ചെറുപ്പത്തിലേ പഠിക്കാതിരിക്കുന്നത് നല്ലതാണോ ചീത്തയാണോ ഒന്നും അന്വേഷിക്കാന്‍ മെനക്കെടാതെ നമ്മുടെ ബഹുഭൂരിപക്ഷം കുഞ്ഞുങ്ങളെയും നാലു വയസ്സിന് മുമ്പ് ഇംഗ്ളീഷ് പഠനത്തിനയക്കുന്നു. ചുറ്റുപാടുകളോട് പ്രതികരിച്ചും സഹകരിച്ചും അവയെ അനുകരിച്ചും കുട്ടിയുടെ ലോകബോധം അനുദിനം വിപുലപ്പെടേണ്ട ഘട്ടമാണത്. ആശയങ്ങള്‍ ആവിഷ്കരിക്കുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും അന്വേഷണ മനസ്സ് വികസിപ്പിക്കുന്നതിനും സാധിക്കേണ്ട അവസരമാണ്. തന്‍െറ മുറ്റത്ത് കാണുന്ന കാക്കയെയും ചിത്രശലഭത്തെയും കുറിച്ച് അറിയാതെ കുട്ടി ‘Humpty Dumpty sat on a wall’ എന്ന പാട്ട് പഠിക്കുന്നു. ആരാണോ ഈ ഹംടി, ആരാണോ ഈ ഡംടി? കുട്ടി മന$പാഠമാക്കുന്ന അര്‍ഥശൂന്യതകള്‍ കേട്ട് മാതാപിതാക്കള്‍ ആനന്ദാശ്രു പൊഴിക്കുന്നു. അങ്ങനെ കുട്ടിയുടെ ലോകബോധം കഴിവിനൊത്ത് വികസിക്കാതെ മുരടിക്കുന്നു. ആത്മവിശ്വാസം വളരുന്നില്ല. ഭാഷാപരമായ നൈപുണികള്‍ പരീക്ഷിക്കപ്പെടുന്നില്ല.
ബ്രിട്ടീഷുകാര്‍ കോളനികളാക്കി ഭരിച്ച രാജ്യങ്ങളിലെല്ലാം അവര്‍ സമര്‍ഥമായി ആവിഷ്കരിച്ചതാണ് ഈ തന്ത്രം. തദ്ദേശ സംസ്കാരത്തോടും തദ്ദേശ ഭാഷകളോടുമുള്ള വിരക്തി, സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷവും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്തുടരുന്നുണ്ട്. പക്ഷേ, ഇംഗ്ളീഷിലൂടെ മാത്രമേ ആധുനിക ലോകത്ത് നിലനില്‍പ്പുള്ളൂ എന്ന സന്ദേശം തലമുറകളുടെ ജനിതകത്തില്‍ മുദ്രിതമാക്കാന്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന് സാധിച്ചു. മോഡേണിറ്റിയുമായുള്ള പാലം ഇംഗ്ളീഷ് ഭാഷ മാത്രമാണെന്ന് നാം അന്ന് വിശ്വസിച്ചു. ഇപ്പോഴും വിശ്വസിക്കുന്നു. നവ സാങ്കേതികവിദ്യ ആ വിശ്വാസത്തിന് യുക്തിയുടെ പരിവേഷം കൊടുക്കുന്നു.
എം.എ തലത്തിലും ഗവേഷണ തലത്തിലും മലയാളം മാധ്യമത്തില്‍ വിദ്യാഭ്യാസം നടത്തുന്ന മലയാള സര്‍വകലാശാല മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഏറ്റെടുത്ത ഒരു വെല്ലുവിളിയുണ്ട്. നമ്മുടെ പൊതുബോധത്തില്‍ പതിഞ്ഞുപോയ മാതൃഭാഷയോടുള്ള വികല സമീപനങ്ങള്‍ തിരുത്താനും പ്രതിരോധിക്കാനുമുള്ള വെല്ലുവിളി. എല്‍.കെ.ജി വിദ്യാഭ്യാസം തന്നെ ഇംഗ്ളീഷിലേ ആകാവൂ എന്ന ശാഠ്യം അരങ്ങുവാഴുന്നിടത്ത് എം.എയും പി.എച്ച്ഡിയും മലയാളത്തിലോ എന്ന് അന്തംവിട്ടവര്‍ക്ക് മുന്നിലാണ് ഈ ആശയം യാഥാര്‍ഥ്യമായത്. ഇംഗ്ളീഷ് മാധ്യമത്തില്‍ ഡിഗ്രി പഠനം നടത്തുന്ന എല്ലാ വിദ്യാര്‍ഥികളുടെയും ഇംഗ്ളീഷ് നിലവാരം അസൂയാവഹമാണെന്ന് പറഞ്ഞുകൂടാ. മറ്റു സര്‍വകലാശാലകളില്‍നിന്ന് മലയാള മാധ്യമത്തില്‍ കോഴ്സുകള്‍ വേണമെന്ന ആവശ്യം ഉണ്ടാകാതിരിക്കില്ല. അതൊരു ശുഭ ലക്ഷണമാണ് താനും. ഇംഗ്ളീഷ് ഇംഗ്ളീഷുകാര്‍ക്ക് മാതൃഭാഷയും നമുക്ക് കടംവാങ്ങിയ ഭാഷയുമാണല്ളോ. ഇംഗ്ളീഷ് പഠിക്കരുതെന്നല്ല ഈ അഭിപ്രായത്തിനര്‍ഥം. ഇംഗ്ളീഷ് പഠിക്കാന്‍ വേണ്ടി മലയാളം പഠിക്കരുത് എന്ന വിചിത്ര യുക്തി എങ്ങനെ ഉണ്ടായെന്ന് മനസ്സിലാവുന്നില്ല. മാതൃഭാഷാദിനത്തിലെങ്കിലും ഈ യുക്തിരാഹിത്യത്തിന്‍െറ പോസ്റ്റ് കൊളോണിയല്‍ മാറാപ്പ് ഇറക്കിവെക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.