പാൻറ്സും കോട്ടും ടൈയും ധരിച്ച് ഒരു ഇംഗ്ലീഷ് പ്രഫസറുടെ തികഞ്ഞ വേഷത്തിൽ മാത്രം ഓഫിസിൽ വരാറുള്ള ഗനി വെള്ളിയാഴ്ചകളിൽ വെള്ള ജുബ്ബയും പൈജാമയും അണിഞ്ഞ് സർവകലാശാലയുടെ വാഹനത്തിൽ തേഞ്ഞിപ്പലം കോഹിനൂർ പ്രദേശത്തെ പള്ളിയിൽ ജുമുഅ നമസ്കാരത്തിന് പോകും. എന്നാൽ, ആ യാത്രക്ക് ഓഫിസ് കാർ ഉപയോഗിക്കുന്നതിനുപോലും ഒരു വ്യത്യസ്തമായ മാതൃകയുണ്ടായിരുന്നു
സർവകലാശാലകളുടെ തലപ്പത്ത് വൈസ് ചാൻസലർമാരെ നിയമിക്കുമ്പോൾ അവർക്ക് ഡോക്ടറേറ്റ് വേണമെന്നു നിർബന്ധമില്ലാത്ത കാലം. 1969 മേയ് 13ന് തമിഴ്നാട്ടിൽ തിരുനെൽവേലിയിൽനിന്നുള്ള ഒരു ഇംഗ്ലീഷ് അധ്യാപകൻ, കാലിക്കറ്റിന്റെ ആദ്യ വി.സിയായി അധികാരമേൽക്കുന്നു. പേര് പ്രഫസർ എം. മുഹമ്മദ് ഗനി.ആറുവർഷങ്ങൾക്കുശേഷം റിട്ടയർ ചെയ്യുന്നതിനിടയിൽ സർവകലാശാല സിൻഡിക്കേറ്റ്, അദ്ദേഹത്തിനും ഡോക്ടർ ഓഫ് ലിറ്ററേച്ചർ ബഹുമതി സമ്മാനിക്കുകയുണ്ടായി. ഒപ്പം, സ്വാതന്ത്ര്യസമര സേനാനിയായ മാതൃഭൂമി പത്രാധിപർ കെ.പി. കേശവമേനോനും.
അന്ന് ആ ബഹുമതി സ്വീകരിച്ചശേഷം നന്ദിപറഞ്ഞു സംസാരിക്കവെ മൃദുസ്വരത്തിൽ പ്രഫ. ഗനി പറഞ്ഞു: സർവകലാശാലയിൽ വകുപ്പ് മേധാവികൾപോലും ഇന്ന് ഡോക്ടറേറ്റുള്ളവരാണ്. എനിക്ക് വരുന്ന പല കത്തുകളിലും ഡോ. എം.എം. ഗനി എന്ന മേൽവിലാസം കാണുമ്പോൾ, അവ എനിക്കുള്ളതുതന്നെയാണോ എന്ന് സംശയിക്കാറുണ്ട്. ഇനിമുതൽ സംശയിക്കാതെതന്നെ കത്തുകൾ സ്വീകരിക്കാം.
ഇന്ത്യയിലെ പഴക്കംചെന്ന സർവകലാശാലകളിൽ ഒന്നായ കേരള യൂനിവേഴ്സിറ്റിയെ വിഭജിക്കുന്നുവെന്നറിഞ്ഞപ്പോൾ വിദ്യാഭ്യാസ വിചക്ഷണർപോലും എതിർത്തു. എന്നാൽ, കോളജുകൾ പെരുകുമ്പോൾ, അക്കാദമിക്ക് നിലവാരം താഴ്ന്നുപോവാതിരിക്കാൻ സർവകലാശാലകൾ വിഭജിക്കണമെന്ന കോത്താരി കമീഷൻ റിപ്പോർട്ട് പൊടിപിടിച്ചു കിടക്കുകയായിരുന്നു. ഡിഗ്രിപോലും പൂർത്തിയാക്കാൻ കഴിയാതെ പൊതുരംഗത്തിറങ്ങേണ്ടിവന്ന സി.എച്ച്. മുഹമ്മദ്കോയ എന്ന മലബാറുകാരനായിരുന്നു വിദ്യാഭ്യാസ മന്ത്രി. ഉത്തരകേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഒരു പുതിയ സർവകലാശാലകൂടി വരണമെന്ന ഉൾക്കാഴ്ച യുണ്ടായി അദ്ദേഹത്തിന്.
അന്നത്തെ ഇ.എം.എസ് മന്ത്രിസഭ അത് അംഗീകരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ഗവ. പോളിടെക്നിക്കിലെ ഒരു മുറി അഡ്മിനിസ്ട്രേറ്റിവ് ഓഫിസായി. എൻജിനീയറിങ് കോളജ് പ്രിൻസിപ്പലായിരുന്ന പ്രഫ. കെ.സി. ചാക്കോ ഭരണാധിപനുമായി.മലബാറിനെ നന്നായറിയുന്ന ഒരധ്യാപക ശ്രേഷ്ഠനെ വൈസ് ചാൻസലറായി നിയമിക്കാനുള്ള ഓട്ടത്തിലായിരുന്നു സി.എച്ച്. തലശ്ശേരി ബ്രണ്ണനിലും പാലക്കാട് വിക്ടോറിയയിലും ഇംഗ്ലീഷ് പ്രഫസറും പ്രിൻസിപ്പലുമായി തിളങ്ങിയിരുന്ന പ്രഫ. ഗനിയിലേക്ക് അന്വേഷണം ചെന്നുകയറി. അന്നേരം പ്രഫ. ഗനി കർണാടകയിലെ റീജനൽ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഇതേപ്പറ്റി പിന്നീട് ഒരു പ്രസിദ്ധീകരണത്തിൽ 'വ്യത്യസ്തനായ കോയ' എന്ന തലക്കെട്ടിൽ പ്രഫ. ഗനി എഴുതി: 'വ്യക്തിപരം എന്നുകാണിച്ച് തിരുവനന്തപുരത്തുനിന്ന് എനിക്കൊരു കത്തു കിട്ടി. ഒരു ഔദ്യോഗികമുദ്രയും ഇല്ലാതെയുള്ള സ്വകാര്യ കത്ത്. കവർ പൊളിച്ചപ്പോൾ തിരുവനന്തപുരത്ത് മന്ത്രിവസതിയിൽ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം മാത്രം.അതനുസരിച്ച് 1969 ഫെബ്രുവരിയിലെ ഒരു നാളിൽ ഞാൻ തിരുവനന്തപുരത്തെ മന്ത്രിവസതിയിൽ ചെന്നു. നിറഞ്ഞ ചിരിയോടെ മന്ത്രിതന്നെ വന്ന് എന്നെ എതിരേറ്റ് സ്വീകരണമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാനദ്ദേഹത്തെ ആദ്യമായി കാണുകയായിരുന്നു. എന്നെക്കാൾ 20 വർഷമെങ്കിലും ചെറുപ്പമുള്ള മന്ത്രി.
ലഞ്ചിന് മറ്റു ചില മാന്യന്മാരും ഉണ്ടായിരുന്നു. അവരെയൊക്കെ യാത്രയാക്കിയശേഷം ആതിഥേയൻ എന്റെ അടുത്തേക്ക് നീങ്ങി. എന്നിട്ടദ്ദേഹം ഈ കോളജധ്യാപകനോട് ചോദിച്ചു: കേരളത്തിൽ വി.സി സ്ഥാനം സ്വീകരിക്കാമോ?ഞാൻ പെട്ടെന്ന് ഉത്തരം പറഞ്ഞു: കേരള സർവകലാശാലയോ? ഞാനില്ല. പുതുതായി തുടങ്ങുന്ന കാലിക്കറ്റ് സർവകലാശാലയാണെങ്കിൽ ചിന്തിക്കാം.വൈകിയില്ല. നിയമന ഉത്തരവ് വന്നു, ചാൻസലറായ ഗവർണറുടെ ഉത്തരവ്. സസന്തോഷം ചുമതല ഏറ്റെടുത്തു. മന്ത്രിയും വി.സിയും തമ്മിൽ നല്ല സൗഹൃദമായിരുന്നു.
എന്നാൽ, ചില കാര്യങ്ങളിലെങ്കിലും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായി. പലതിലും താൻ അദ്ദേഹത്തോടൊപ്പം നിന്നപ്പോൾ ചിലതിൽ അദ്ദേഹം എന്നോട് വിയോജിച്ചു. സർക്കാർ അംഗീകരിച്ച ബിരുദാനന്തര കോഴ്സുകൾ തുടങ്ങാൻ സ്വകാര്യ കോളജുകളെ അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആയിരുന്നു ഒന്ന്. നിലവാരം ഉയരണമെങ്കിൽ സർവകലാശാലയിൽ തന്നെ ആവണം പി.ജി ക്ലാസുകൾ എന്ന തന്റെ വാദം മന്ത്രി പക്ഷേ അംഗീകരിച്ചു. താനൊരു മാതൃകാ ഭരണാധികാരിയെ കണ്ടെത്തുകയായിരുന്നു' -പ്രഫ. ഗനി പറഞ്ഞുവെച്ചു.
ചുണ്ടിലെന്നും ചെറുപുഞ്ചിരിയുമായി നടന്നുനീങ്ങിയ ആ വി.സി സർവകലാശാലയുടെ അകത്തും പുറത്തുമുള്ളവരുമായി തികഞ്ഞ സൗഹൃദം പുലർത്തി; എന്നാൽ, ആരുമായും കൂടുതൽ അടുക്കുകയോ കൂടുതൽ അകലുകയോ ചെയ്തതുമില്ല. തന്നിൽ അർപ്പിക്കപ്പെട്ട ദൗത്യം കുറ്റമറ്റരീതിയിൽ നിർവഹിക്കുക എന്നതിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.സർവകലാശാലയെ ഒരു സ്പോർട്സ് യൂനിവേഴ്സിറ്റിയാക്കി മാറ്റുന്നതിനും ഈ പഴയകാല സ്പോർട്സ്മാൻ ഏറെ താൽപര്യമെടുത്തു. തലശ്ശേരിയിലും പാലക്കാട്ടും അധ്യാപകനായിരിക്കെ സ്റ്റാഫംഗങ്ങളോടൊപ്പം ക്രിക്കറ്റ് കളിച്ചിരുന്ന അദ്ദേഹം കാലിക്കറ്റ് ആദ്യമായി ഫുട്ബാളിൽ അഖിലേന്ത്യ ഷീൽഡ് നേടിയപ്പോൾ സ്വീകരിക്കാൻ മുൻനിരയിലുണ്ടായി.
സർവകലാശാലയുടെ പ്രവിശാലമായ കാമ്പസിൽ ഓരോ കല്ലും മുള്ളും വരെ വി.സി നടന്നു മനസ്സിലാക്കിയിരുന്നു. എവിടെയൊക്കെയാണ് കളിക്കളങ്ങൾ രൂപപ്പെടുത്തിയെടുക്കേണ്ടതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ അവിടെ ഓപൺ സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയവും ജന്മമെടുത്തു.വിവിധ വകുപ്പുകൾക്ക് മേധാവികളെ തെരഞ്ഞെടുക്കാനുള്ള സമിതികളിൽപോലും പ്രത്യേക താൽപര്യം പ്രകടിപ്പിച്ച അദ്ദേഹം ഒരു ശിപാർശക്കും വഴങ്ങിയില്ല.
കായിക വകുപ്പ് മേധാവിയെ കണ്ടെത്തിയതിലും കഥയുണ്ട്. പ്രാമാണികരായ പലരുടെയും ശിപാർശക്കത്തുകളുമായി പലരും ഇന്റർവ്യൂവിനു വന്നെങ്കിലും, ബ്രിട്ടനിലും അമേരിക്കയിലും പഠിക്കുകയും കേരളത്തിൽ തന്നെ പല കോളജുകളിലും കളിക്കളങ്ങൾ രൂപപ്പെടുത്തിയെടുക്കുകയും ചെയ്ത ഒരു അധ്യാപകന്റെ സർട്ടിഫിക്കറ്റിലാണ് അദ്ദേഹത്തിന്റെ കണ്ണ് പതിഞ്ഞത്. ആ അധ്യാപകൻ ഇന്റർവ്യൂ സമയത്ത് സാക്ഷ്യപത്രത്തിന്റെ കോപ്പി ഹാജരാക്കിയപ്പോൾ പിറ്റേന്നുതന്നെ ഒറിജിനൽ എത്തിക്കാനായി സാവകാശം നൽകുകയും ചെയ്തു.
മലയാളം ചെറുതായി അറിയാമായിരുന്നെങ്കിലും ഇംഗ്ലീഷിനോടായിരുന്നു പ്രഫ.ഗനിക്ക് ഏറെ ഇഷ്ടം. ഇംഗ്ലീഷുകാർ പറയുന്നതിനേക്കാൾ ഭംഗിയായി ഇംഗ്ലീഷ് സംസാരിച്ച അദ്ദേഹം സംസാരത്തിലായാലും, എഴുത്തിലായാലും ഒരു വാചകം എന്നല്ല ഒരു വാക്കുപോലും ആവർത്തിക്കാത്ത പ്രതിഭയായിരുന്നു. പ്രശസ്ത ഇംഗ്ലീഷ് അധ്യാപകൻ പ്രഫസർ സി.എ. ഷെപ്പാർഡ് കാലിക്കറ്റിലെ വിസിറ്റിങ് പ്രഫസറായി നിയമിതനായപ്പോൾ അദ്ദേഹത്തിന്റെ ലെക്ചർ കേൾക്കാൻ ഒടുവിലത്തെ ബെഞ്ചിൽ വന്നിരിക്കാനും ആ വൈസ് ചാൻസലർ മടിച്ചിരുന്നില്ല.
സർവകലാശാലയിലെ സീനിയർ അധ്യാപകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ആദ്യ പി.വി.സിയായ കെ.സി. ചാക്കോയൊടെന്നപോലെ സുകുമാർ അഴീക്കോട്, സി.എ. ഷെപ്പാർഡ്, എം.ജി.എസ്.നാരായണൻ എന്നിവരുടെ കഴിവുകളിൽ അഭിമാനംകൊണ്ടിരുന്നു.നാട്യങ്ങളൊന്നും ഇല്ലാത്ത മതാഭിമാനിയുമായിരുന്നു പ്രഫസർ ഗനി. തന്റെ സഹധർമിണി മരണപ്പെട്ടത് ഒരു വ്യാഴാഴ്ച ആയിരുന്നതിനാൽ എല്ലാ വ്യാഴാഴ്ചകളിലും നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച നടക്കുന്ന ചടങ്ങുകളിലും യോഗങ്ങളിലും വെള്ളംപോലും കുടിക്കാതെ അദ്ദേഹം ഇരിക്കുന്നതു കാണുമ്പോഴാണ് പലരും ഇക്കാര്യം അറിയാറ്.
പാന്റ്സും കോട്ടും ടൈയും ധരിച്ച് ഒരു ഇംഗ്ലീഷ് പ്രഫസറുടെ തികഞ്ഞ വേഷത്തിൽ മാത്രം ഓഫിസിൽ വരാറുള്ള ഗനി വെള്ളിയാഴ്ചകളിൽ വെള്ള ജുബ്ബയും പൈജാമയും അണിഞ്ഞ് സർവകലാശാലയുടെ വാഹനത്തിൽ തേഞ്ഞിപ്പലം കോഹിനൂർ പ്രദേശത്തെ പള്ളിയിൽ ജുമുഅ നമസ്കാരത്തിന് പോകും. എന്നാൽ, ആ യാത്രയ്ക്ക് ഓഫിസ് കാർ ഉപയോഗിക്കുന്നതിനുപോലും ഒരു വ്യത്യസ്തമായ മാതൃകയുണ്ടായിരുന്നു. പെട്രോളിന് ചെലവുവരുന്ന തുക യൂണിവേഴിസിറ്റി ട്രഷറിയിൽ അടച്ച ചലാനുമായി ഡ്രൈവർ തിരിച്ചുവന്നശേഷം മാത്രമേ അദ്ദേഹം പള്ളിയിലേക്ക് പുറപ്പെടാറുള്ളൂ.
1975 മേയ് 31ന് അഭിമാനപൂർവം തലയുയർത്തിത്തന്നെ അദ്ദേഹം സർവകലാശാലയിൽനിന്ന് വിരമിച്ചിറങ്ങി.കാലിക്കറ്റ് സർവകലാശാലയിൽ പിന്നീട് നൂറുകണക്കിന് അധ്യാപകരും ലക്ഷക്കണക്കിന് വിദ്യാർഥികളുമുണ്ടായി, ഒരു ഡസൻ വൈസ് ചാൻസലർമാരും വന്നു. വിദ്യാർഥികളിൽ പലരും അതി പ്രശസ്തരായി. അധ്യാപകരും വി.സിമാരും അതി പ്രഗല്ഭരുമായിരുന്നു. എന്നാൽ, എന്നും വിദ്യാർഥിപക്ഷത്തുനിന്ന വി.സി എന്ന് ചരിത്രം അടയാളപ്പെടുത്തുക മാതൃകകളുടെ ഈ 'അക്ഷയ ഖനി'യെ തന്നെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.