ദയാബായി

പച്ചവിരൽത്തണൽ

അത്യുത്തര കേരളത്തിലെ ഏതാനും മലയാളം മുൻഷിമാരുടെ തലയിലുദിച്ച ഒന്നാന്തരമൊരു കെട്ടുകഥയാണീ 'എൻഡോസൾഫാൻ ദുരിത'മെന്നാണ് ശാസ്ത്രവാദികളുടെയും സ്വതന്ത്രചിന്തകരുടെയുമെല്ലാം കണ്ടുപിടിത്തം. വെറുതെ പറയുന്നതല്ല, അതിനുള്ള ശാസ്ത്രീയ തെളിവുകളും അവരുടെ പക്കലുണ്ട്. അതിനാൽ, ഇനിയെങ്കിലും പരിസ്ഥിതി പ്രവർത്തകരും ആക്ടിവിസ്റ്റുകളുമെല്ലാം അനാവശ്യമായി എൻഡോസൾഫാനെ പഴിപറയുന്നതവസാനിപ്പിച്ച് സർവജനങ്ങളും ശാസ്ത്രപാതയിലൊന്നിക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. അതിനുള്ള ശാസ്ത്രാവബോധ പരിപാടികൾ കുറച്ചുകാലമായി പൊടിപൊടിക്കുന്നുണ്ട്. സർക്കാറിന്റെ പണം പുട്ടടിക്കാനുള്ള പരിപാടിയാണ് എൻഡോസൾഫാന്റെ പേരിൽ നടക്കുന്ന സമരാഭാസങ്ങളെന്ന അഭിപ്രായവും ഇവർക്കുണ്ട്. അടിസ്ഥാനശാസ്ത്രം പഠിക്കുകയും അതിലൊന്നിൽ ബിരുദം നേടുകയുമൊക്കെ ചെയ്തിട്ടു​ണ്ടെങ്കിലും, ദയാബായിക്ക് ഇപ്പറഞ്ഞ ശാസ്ത്രയുക്തി ഇനിയും തിരിഞ്ഞിട്ടില്ല. അതുകൊണ്ടാണ്, പിന്നെയും അനന്തപുരിയിലേക്ക് വെച്ചുപിടിച്ചത്. എൻമകജെയിലെയും മൊഗ്രാലിലെയും ബദിയടുക്കയിലെയുമെല്ലാം 'അരജീവിത'ങ്ങൾക്കുവേണ്ടി വീണ്ടുമൊരു നിരാഹാരസമരം. 18ാം നാൾ മുടിമുറിച്ച് സമരം അവസാനിപ്പിക്കുമ്പോൾ മുമ്പില്ലാത്ത ചില ഉറപ്പുകളുമായി അധികാരികളും. സ്വതന്ത്രചിന്തകരുടെ ശാസ്ത്രയുക്തിയിൽ അടുത്തകാലത്തായി നമ്മുടെ സർക്കാറിനും അൽപസ്വൽപമൊക്കെ വിശ്വാസം വന്നുതുടങ്ങിയപ്പോഴാണ് സത്യത്തിൽ ഇങ്ങനെയൊരു സമരം. കുറച്ചുകാലമായി സമ്പൂർണ അവഗണനയായിരുന്നു. ഇനിയും 'ഇരകൾക്കാ'യി സമ്പത്തും സമയവും ചെലവഴിക്കാനാവില്ലെന്ന നിലപാട് പലകുറി പറയാതെ പറഞ്ഞു അധികാരികൾ. പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുണ്ടായിട്ടും അർഹതപ്പെട്ട നഷ്ടപരിഹാരം പലനാൾ നീണ്ടു; വാഗ്ദാനം ചെയ്ത ചികിത്സ സൗക​ര്യങ്ങളെക്കുറിച്ച് മിണ്ടാട്ടമില്ലാതായി. എന്തുവന്നാലും കാസർകോട് എയിംസ് സ്ഥാപിക്കില്ലെന്ന് തുറന്നുപറയുന്ന അവസ്ഥവരെയുണ്ടായി. ഒരുകാലത്ത്, ഇരകൾക്കൊപ്പമുണ്ടായിരുന്ന പല വ്യക്തികളും സംഘടനകളുമെല്ലാം പതിയെ പിന്മാറിത്തുടങ്ങി. അപ്പോൾ പിന്നെ ഇരകൾക്ക് സമരമല്ലാതെ മറ്റു മാർഗമില്ല. പതിവുപോലെ ദയാബായി മുന്നിൽനിന്നു. കൂടങ്കുളം സമരനായകൻ എസ്.പി. ഉദയകുമാറായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ടിയാനും പഠിച്ചത് ശാസ്ത്രമാണെങ്കിലും ഒട്ടും സയന്റിഫിക് ടെമ്പറില്ലാത്തയാളാണ്. ഇമ്മാതിരി 'ശാസ്​ത്രവിരോധികളാ'യ കുറച്ചുപേർ മാത്രമായിരുന്നു തുടക്കത്തിൽ സമരപ്പന്തലിലുണ്ടായിരുന്നത്. കുറച്ചുകഴിഞ്ഞപ്പോൾ സമരത്തിന്റെ മട്ടുമാറി; അതുവരെയും മാറിനിന്നവരൊക്കെ പതിയെ എത്തിത്തുടങ്ങി, പ്രതിപക്ഷ നേതാവടക്കം. ഇതിനിടയിൽ സർക്കാർ വക ചില്ലറ അറസ്റ്റ് നാടകങ്ങളും അരങ്ങേറി. ഒടുവിൽ ചർച്ച. ആവശ്യങ്ങളിൽ മിക്കതും അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, എയിംസിന്റെ കാര്യത്തിൽ സർക്കാറും വിട്ടുവീഴ്ചക്കില്ല. ആ പിടിവാശിക്കുമുന്നിൽ ദയാബായിയും കീഴടങ്ങി. മൂന്ന് കൊല്ലം മുമ്പും ഇതുപോലൊരു സത്യഗ്രഹസമരം സെക്രട്ടേറിയറ്റ് പടിക്കൽ നടന്നിരുന്നു. അന്നും ദയാബായിയുടെ പച്ചവിരൽതുമ്പിൽ പിടിച്ചാണ് കാസർകോട്ടുനിന്നും ഇരകളും സമരക്കാരും അനന്തപുരിയി​ലെത്തിയത്. അ​​ഞ്ചു​​ദി​​വ​​സം നീ​​ണ്ട നി​​രാ​​ഹാ​​ര​​ത്തി​​നും മു​​ഖ്യ​​മ​​​ന്ത്രി​​യു​​ടെ വ​​സ​​തി​​യി​​ലേ​​ക്ക്​ അ​​മ്മ​​മാ​​ർ ന​​ട​​ത്തി​​യ സ​​ങ്ക​​ട​​മാ​​ർ​​ച്ചിനും പി​​റകെ ആ​​വ​​ശ്യ​​ങ്ങ​​ളെ​​ല്ലാം സ​​ർ​​ക്കാ​​ർ അം​​ഗീ​​ക​​രി​​ച്ചു. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ദുരിതബാധിതരെ മുഴുവൻ ഇരകളായി പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പുനൽകി. പുനരധിവാസവും കടം എഴുതിത്തള്ളുന്നതും അനുഭാവ പൂർവം പരിഗണിക്കാമെന്നും മുഖ്യൻ വാക്കുപറഞ്ഞു. അതോടെ, ദയാബായി നാരങ്ങനീര് കുടിച്ചു; സമരക്കാർ അടുത്ത വണ്ടിക്ക് കാസർകോട് പിടിച്ചു. അതോടെ, എല്ലാം അവസാനിച്ചു. ഒരു വർഷം കാത്തിരുന്നിട്ടും ഒന്നും സംഭവിച്ചില്ല. അതോ​ടെ ദയാബായി വീണ്ടും തലസ്ഥാനത്തെത്തി. ഇക്കുറി, നിരാഹാരമായിരുന്നില്ല; ഏകാംഗ നാടകമായിരുന്നു. എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ ഇ​​ര​​ക​​ളോ​​ടും കു​​ടും​​ബ​​ങ്ങ​​ളോ​​ടും അധികാരികൾ ന​​ട​​ത്തി​​യ വ​​ഞ്ച​​ന​​യു​​ടെ നേ​​ർ​​ചി​​ത്രം ഭ​​ര​​ണ​​സി​​രാ​​കേ​​ന്ദ്ര​​ത്തി​​നു​ മു​​ന്നി​​ൽ അവർ പ​​ക​​ർ​​ന്നാ​​ടി. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചാ​യി​രു​ന്നു തു​ട​ക്കം. എ​ൻ​ഡോ​സ​ൾ​ഫാ​നെ പി​ന്തു​​ണ​ച്ചെ​ത്തി​യ കാ​ർ​ഷി​ക ശാ​സ്​​ത്ര​ജ്​​ഞ​നെ​യും ജി​ല്ല ക​ല​ക്​​ട​റെ​യും അ​വ​ർ വി​മ​ർ​ശ​ന​ത്തി​ൽ മു​ക്കി. പക്ഷേ, അതുകൊണ്ടൊന്നും ഈ ഭരണകൂടത്തിന്റെ കണ്ണുതുറക്കില്ല. അത്രമേൽ ശാസ്ത്രബോധത്തിന്റെ തടവറയിലാണവർ. അപ്പോൾപിന്നെ പോരാട്ടങ്ങൾ തുടരാതെ നിർവാഹമില്ല. ഒരു സമരവും അവസാനിക്കുന്നി​ല്ലെന്നതും ദയാബായിയുടെ ജീവിതപാഠമാണ്. അതിനാൽ, സെക്രട്ടേറിയറ്റ് പടിക്കൽ ഇനിയും അവരെ കണ്ടേക്കാം.

മേഴ്സി മാത്യു എന്നാണ് യഥാർഥ നാമധേയം. കോ​ട്ട​യം ജി​ല്ല​യി​ൽ മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ പൂ​വ​ര​ണി​യി​ൽ പു​ല്ലാ​ട്ട് മാ​ത്യു​വി​ന്റെ​യും ഏ​ലി​ക്കു​ട്ടി​യു​ടെ​യും 14 മ​ക്ക​ളി​ൽ മൂ​ത്ത​വ​ൾ. 1941 ഫെബ്രുവരി 22ന് ജനനം. വിളക്കുമാടത്തെ ഹൈസ്കൂൾ കാലത്തിനുശേഷം കന്യാസ്ത്രീയാകാൻ ബിഹാറിലെ ഹസാരിബാഗ് ഹോളി കോൺവന്റിലേക്ക് പോയി. മിഷനറിമാരെക്കുറിച്ച് ചെറുപ്പത്തിൽകേട്ട 'കാറ്റും മഞ്ഞും മഴയും വെയിലും/ കൂട്ടാക്കാതെയിതാരോ' എന്ന പാട്ടിൽ ആവേശംകൊണ്ടാണ് ദൈവത്തിന്റെ മണവാട്ടിയാകാൻ പോയത്. പക്ഷേ, ആ കോൺവന്റ് ജീവിതം മടുത്തതോടെ അവിടെ നിന്നിറങ്ങി. കാറ്റും മഞ്ഞും മഴയും വെയിലും കൊള്ളാൻ ദൈവത്തിന്റെ മണവാട്ടിയാകണമെന്നില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ബിഹാറിലെ ആദിവാസി മേഖലകളിൽ പ്രവർത്തിക്കാൻ തീരുമാനിക്കുന്നതും അപ്പോഴാണ്. അവർക്കിടയിൽ അധ്യാപികയായും കെയർ ടേക്കറായുമൊക്കെ പ്രവർത്തിച്ചു. ഇതിനിടയിൽ ബിരുദം നേടി. പിന്നെ ബോംബെയിലെത്തി. അവിടെനിന്ന് എം.എസ്.ഡബ്ല്യുവിന് ചേർന്നു. അക്കാലത്ത് ഡൽഹിയിലെയും ആ​ന്ധ്രയിലെയും കർണാടകയിലെയുമെല്ലാം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും പ്രവർത്തിച്ചു. പഠനത്തിന്റെ ഭാഗമായാണ് മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ത്‌​വാ​ഡി​യി​ലെത്തിയത്. അവിടെ, ഒരു ആദിവാസി വിധവയുടെ വീട്ടിൽ താമസിച്ചാണ് ഫീൽഡ് വർക്ക് പൂർത്തിയാക്കിയത്. ആ കുറഞ്ഞ കാലത്തെ അനുഭവങ്ങൾ ശിഷ്ടകാലവും അവർക്കിടയിൽ അവിടെത്തന്നെ തുടരാൻ പ്രേരിപ്പിച്ചു. അതിൽപിന്നെ, അവരിലൊരാളായി. മേഴ്സി മാത്യു ദയാബായിയായി മാറുന്നതും അവിടെനിന്നാണ്. പിന്നീടങ്ങോട്ട് പോരാട്ടങ്ങളുടെ കാലമാണ്.

ചി​ന്ത്‌​വാ​ഡി​യി​ലെ ടി​ൻ​സാ​യ്‌ ഗ്രാ​മ​ത്തി​ൽ അധിവസിക്കുന്ന ഗോണ്ടുകൾ എന്ന ആദിവാസി ഗോത്രവിഭാഗത്തിന്റെ വേഷമാണത്. അവരുടെ വേഷവും ഭാഷയും ഭക്ഷണവുമെല്ലാം സ്വീകരിച്ചാലേ അവരിലൊരാളാകാൻ കഴിയൂ. അധികാരികൾ തിരിഞ്ഞുനോക്കാത്ത ടിൻസായിയുടെ വികസനത്തിനുവേണ്ടിയായിരുന്നു ആദ്യത്തെ പോരാട്ടം. അതുവഴി അവിടെ വെള്ളവും വെളിച്ചവും വിദ്യാലയങ്ങളുമെല്ലാ​മെത്തി. സർക്കാർ വിദ്യാഭ്യാസത്തിനു പുറമെ, സ്വന്തം നിലയിൽ ആദിവാസികൾക്ക് നിയമസാക്ഷരതയും നൽകി. അതോടെ, സകല ചൂഷണങ്ങൾക്കെതിരെയും അവർ സ്വയം സംഘടിച്ചു. ഇങ്ങനെ പല ഗ്രാമങ്ങളിൽ അവർ ആദിവാസികളെയും അധഃസ്ഥിതരെയും സമരസജ്ജരാക്കി. സ്വയംപര്യാപ്തമായ ജീവിതത്തിന് പരിശീലനം നൽകി. കാർഷികവിദ്യ പഠിപ്പിച്ചു. പല തരിശുഗ്രാമങ്ങളും ഫലഭൂയിഷ്ഠമായ കാർഷിക നിലങ്ങളായി. ആ പോരാട്ടത്തിന്റെ​യൊക്കെ തുടർച്ചയിൽ പലകുറി അവർ കേരളത്തിലുമെത്തി. അഞ്ചാറ് വർഷം മുമ്പ്, കെ.എസ്.ആർ.ടി.സി ബസിൽനിന്ന് ആളെ മനസ്സിലാവാതെ അവരെ ഇറക്കിവിട്ടൊരു സംഭവമുണ്ട്. ആളെ മനസ്സിലായിട്ടും പലകുറി നമ്മുടെ അധികാരികൾ അവരെ മറ്റുപല സന്ദർഭങ്ങളിലും ഇറക്കിവിട്ടിട്ടുണ്ട്. അപ്പോഴും സ്വന്തം വഴിയിൽ പുതിയ പോരാട്ടമുഖങ്ങൾ തുറന്നു. പശ്ചിമഘട്ട സംരക്ഷണ സമരത്തിലും അട്ടപ്പാടിയിലെയും ചെങ്ങറയിലെയും ആദിവാസികൾക്കായുള്ള അവകാശപ്പോരാട്ടത്തിലു​മെല്ലാം ദയാബായി സാന്നിധ്യമാകുന്നത് അങ്ങനെയാണ്. ആ വഴിയിൽതന്നെയാണ് കാസർകോട് എത്തിയതും. നിസ്വാർഥമായൊരു മനുഷ്യനന്മയെ നമുക്ക് ദയാബായിയെന്ന്‍ വിളിക്കാം. 82ാം വയസ്സിലും അതിങ്ങനെ അനുസ്യൂതം ചലിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ ഏകാകിയാണ്. ആ ജീവിതത്തെക്കുറിച്ച് ഷൈനി ജേക്കബ് ബെഞ്ചമിൻ നിർമിച്ച ഡോക്യുമെന്ററിക്കും അതേ പേരുതന്നെ -'ഒറ്റയാൾ'! 'പച്ചവിരൽ' എന്ന​ പേരിൽ ആത്മകഥയും രചിച്ചിട്ടുണ്ട്.

Tags:    
News Summary - About Dayabai's struggle life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.