മുസ്കാൻ ഖാൻ/സഫർ ആഫാഖ്
ആക്രോശിച്ച് പാഞ്ഞടുത്ത അക്രമാസക്തരായ വർഗീയവാദി ആൺപറ്റത്തിനു മുന്നിലൂടെ തക്ബീർ മുഴക്കി ആർജവത്തോടെ നടന്നുപോയ ആ പെൺകുട്ടി ഇന്ന് ധീരതയുടെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമാണ്. തെക്കൻ കർണാടകയിലെ മാണ്ഡ്യയിലുള്ള സാധാരണ കുടുംബത്തിൽനിന്നുള്ള ബീബി മുസ്കാൻ ഖാൻ എന്ന രണ്ടാംവർഷ ബി.കോം വിദ്യാർഥിനി ഒരൊറ്റ നിമിഷംകൊണ്ടാണ് ദേശീയ-അന്തർദേശീയ മാധ്യമങ്ങളിലെ വാർത്തതാരമായത്.
കോളജ് മുറ്റത്ത് അടിപതറിപ്പോയ വലതുപക്ഷ വർഗീയ സംഘങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണം അഴിച്ചുവിടുമ്പോഴും അവർക്ക് കുലുക്കമില്ല. അഭിഭാഷകയാവണം എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്ന മുസ്ഖാന് തന്റെ അവകാശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്.
അന്ന് കോളജിൽ സംഭവിച്ചതെന്തെന്ന് ഓർത്തുപറയാമോ, ആൾക്കൂട്ടത്തെ നേരിടുമ്പോൾ എന്തായിരുന്നു മനസ്സിൽ?
ഹിജാബ് ഊരണമെന്നാവശ്യപ്പെട്ട് ആദ്യമവരെന്നെ ഗേറ്റിൽ തടഞ്ഞുനിർത്തി, ബുർഖയുമിട്ട് അകത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്നും ബുർഖ മാറ്റാനാവില്ലെങ്കിൽ വീട്ടിലേക്ക് തിരിച്ചുപോകാനും പറഞ്ഞു. അവർ വളഞ്ഞുവെക്കാൻ നോക്കിയെങ്കിലും ഞാൻ ബൈക്ക് ഓടിച്ച് അകത്തേക്ക് കടന്നു. ക്ലാസിലേക്ക് നടക്കവേ അവർ സംഘം ചേർന്നുവന്ന് ജയ് ശ്രീരാം വിളിച്ച് ആക്രമണോത്സുകരായി എന്റെ അടുത്തേക്ക് പാഞ്ഞുവന്നു. ആദ്യം ഒരൽപ്പം പകച്ചുപോയെങ്കിലും ദൈവനാമം എന്നെ ധൈര്യവതിയാക്കി- ഞാൻ അല്ലാഹു അക്ബർ എന്ന് ഉറക്കെപ്പറഞ്ഞു.
അതിനുശേഷം എന്തു സംഭവിച്ചു, ആരെങ്കിലും സഹായവുമായി വന്നോ?
എന്റെ പ്രിൻസിപ്പലും ലെക്ചറർമാരും കോളജിലെ മറ്റെല്ലാവരും എന്നെ പിന്തുണച്ചു. പ്രിൻസിപ്പൽ അന്ന് ഹിജാബിനെക്കുറിച്ച് ഒരക്ഷരം പറഞ്ഞിരുന്നില്ല. എന്നെ തടഞ്ഞുവെക്കാൻ വന്നവരെല്ലാം പുറമെ നിന്നു വന്നവരാണ്.
വീട്ടിൽനിന്നിറങ്ങുമ്പോൾ ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചിരുന്നോ?
കോളജുകളിൽ ഹിജാബിന്റെ പേരിൽ പ്രശ്നങ്ങൾ നടക്കുന്ന റിപ്പോർട്ടുകൾ കേട്ടിരുന്നു. സൂക്ഷിക്കാനും കോടതി വിധി വരുന്നതു വരെ ഹിജാബ് മാറ്റിവെക്കാനും പ്രിൻസിപ്പലും ഉപദേശിച്ചിരുന്നു. പക്ഷേ, എന്തിനു ഞങ്ങൾ ഹിജാബ് ഒഴിവാക്കണം? അതെന്റെ മുൻഗണനയാണ്. അതുകൊണ്ട് ശിരോവസ്ത്രം ധരിച്ചുതന്നെ കോളജിലേക്ക് പോയി. ഈ സംഭവം നടന്ന ശേഷം പ്രിൻസിപ്പലും അധ്യാപകരും എന്നെ പിന്തുണക്കുകയാണ് ചെയ്തത്.
കോളജിലെ വിഡിയോ വൈറലായതോടെ നിങ്ങളൊരു പ്രതീകമായി, ആളുകൾ പിന്തുണയുമായി മുന്നോട്ടുവരുന്നുമുണ്ട്, എന്തു തോന്നുന്നു?
അതെന്റെ ആത്മവിശ്വാസത്തിന് കൂടുതൽ കരുത്തുപകർന്നു. വീട്ടിലേക്ക് വന്നപ്പോൾ അവിടെ നിറയെ ആളുകൾ കൂടിനിൽക്കുന്നതുകണ്ട് ഞാൻ സ്തബ്ധയായി, പക്ഷേ എല്ലാവരും എന്നെ പിന്തുണക്കാൻ എത്തിയവരായിരുന്നു. എന്റെ ചിത്രം ഹിജാബിനുവേണ്ടിയുള്ള സമരങ്ങളുടെ അടയാളമായിട്ടുണ്ട്, നിരവധി ആർട്ടുകളുമുണ്ടായി.
നിങ്ങൾക്ക് എന്താണ് ഹിജാബ്?
ഹിജാബ് ധരിക്കുന്നത് എനിക്ക് നല്ലതായി തോന്നുന്നു, ഒരു മുസ്ലിം എന്ന നിലയിൽ അതിൽ അഭിമാനിക്കുകയും ചെയ്യുന്നു.
ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്നവരോട് എന്താണ് പറയാനുള്ളത്?
അവർ പിൻപറ്റേണ്ട സംസ്കാരത്തെക്കുറിച്ചൊന്നും നമ്മൾ ഗിരിപ്രഭാഷണം നടത്തുന്നില്ല. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ സംസ്കാരവും വസ്ത്രരീതിയും പിൻപറ്റാനും മതവിശ്വാസം പരിപാലിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അവർ അവരുടെ സംസ്കാരത്തിൽ നിലകൊള്ളട്ടെ, ഞങ്ങൾ ഞങ്ങളുടെ സംസ്കാരത്തിലും. ഞങ്ങൾ അവരെ ചോദ്യം ചെയ്യാൻ പോകുന്നില്ല. ഞങ്ങളെപ്പറ്റി അവരും ബേജാറാവേണ്ടതില്ല.
ഹിജാബ് നിരോധിക്കാൻ സർക്കാർ ഉത്തരവിട്ടാൽ എന്തുചെയ്യും?
ഞങ്ങൾ ഹിജാബ് മാറ്റില്ല, എന്തിനു മാറ്റണം?
ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പൊരുതുന്ന കോളജ് വിദ്യാർഥിനികളോട് പറയാനുള്ളതെന്താണ്?
ഒരാളെയും ഒന്നിനേയും നമ്മൾ ഭയപ്പെടരുത്, നാം ഒരുമിച്ച് മുന്നോട്ടുനീങ്ങുക. ഒരുപറ്റം ആളുകൾ മാത്രമാണ് ഈ കുഴപ്പങ്ങളൊക്കെ പടച്ചുവിടാൻ നോക്കുന്നത്. ദൈവം വേണ്ടുകവെച്ചാൽ എല്ലാം ശരിയാവും, നമ്മൾ വിജയിക്കുകതന്നെ ചെയ്യും.
കടപ്പാട്: ആർട്ടിക്കിൾ 14
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.