മുന്നാക്ക സംവരണം: വിദ്യാർഥി സംഘടനകളുടെ മൗനം അറിവില്ലായ്മയോ അടിമത്തമോ?

അവിഹിതവും അനധികൃതവുമായ 103ാം ഭരണഘടനാ ഭേദഗതിയെ തുടർന്ന് മുന്നാക്ക ജാതിയിലുള്ളവർക്ക് വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും 10% സംവരണം നൽകാനുള്ള സർക്കാർ തീരുമാനം രാജ്യത്ത് ഉണ്ടാക്കിയ സാമൂഹിക അസന്തുലിതത്വം വളരേ വലുതാണ്. അതിനെക്കാൾ ദയനീയമാണ് ഇക്കാര്യത്തിൽ മൗനം ദീക്ഷിക്കുന്ന കേരളത്തിലെ വിദ്യാർഥികളും ജീവനക്കാരും.

യഥാർത്ഥത്തിൽ സംവരണത്തിൻറെ നേരിട്ടുള്ള ഗുണഭോക്താക്കൾ വിദ്യാർത്ഥി സമൂഹമാണ്. പഠിക്കാൻ അഡ്മിഷനും പഠിച്ചു കഴിഞ്ഞാൽ ഉദ്യോഗത്തിനുമാണ് സംവരണം പ്രയോജനപ്പെടുക. എന്നാൽ, സാമൂഹികമായി വളരേയെറെ പിന്നാക്കം നിൽക്കുന്ന വിഭാഗക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഈ സവർണ സംവരണത്തിനെതിരെ മുഖ്യധാരാ വിദ്യാർഥി സംഘടനകൾ കനത്ത മൗനത്തിലാണ്​.

സംസ്ഥാനത്ത് അര ഡസനിലധികം വിദ്യാർഥി സംഘടനകൾ സ്കൂൾ കോളജ് തലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ഒന്നോ രണ്ടോ സംഘടനകൾ മാത്രമാണ്​ പരസ്യ പ്രതികരണവുമായി രംഗത്തുള്ളത്​. ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കപ്പെട്ടെങ്കിലും വിദ്യാർഥി സംഘടനകളുടെ രാഷ്ട്രീയ പ്രാധിനിത്യ സ്വഭാവത്തിൽ കാര്യമായ വ്യതിയാനം ഇനിയും വന്നിട്ടില്ല. സംസ്ഥാനത്തെ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകളിൽ താരതമ്യേനെ വിദ്യാർഥി പങ്കാളിത്തം കൂടുതൽ ഉള്ളത് ഭരണപക്ഷ അനുകൂല വിദ്യാർഥി സംഘടനകൾക്ക് തന്നെയാണ്. ക്യാമ്പസ് രാഷ്ട്രീയത്തിലെ ഏതാനും മുൻനിര നേതാക്കളെ ഒഴിച്ചാൽ മിക്കവാറും അനുയായികളും പ്രതേകിച്ച് കൂടുതൽ കായികബലം വേണ്ടിവരുന്ന സമരപോരാട്ടങ്ങളിൽ മാതൃസംഘടനകൾ 'ഉപയോഗപ്പെടുത്തുന്ന'വരും പിന്നാക്ക പട്ടിക വിഭാഗ പട്ടിക വർഗത്തിൽപെടുന്ന വിദ്യാർഥികളാണ്. സ്വാഭാവികമായും സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൻറെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പരിശോധിക്കുമ്പോൾ ഇത് കൂടുതൽ വ്യക്തമാകും.

മുന്നാക്ക ജാതി സംവരണത്തിനു വേണ്ടിയുള്ള കഴിഞ്ഞ മന്ത്രിസഭയുടെ തീരുമാനം അനിവാര്യമായും തിരിച്ചറിയേണ്ടതും ഈ വിഭാഗം തന്നെ ആയിരുന്നു. പിന്നാക്കക്കാർ എന്ന ബ്രാൻഡും പേറി നടന്നിട്ടും തങ്ങളെക്കാൾ റാങ്കിൽ ബഹുദൂരം പിന്നിൽ പോയ മുന്നാക്ക ജാതിയിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അഡ്മിഷനും ഉദ്യോഗവും ലഭിക്കുന്ന തീരുമാനമാണ് തങ്ങളുടെ മാതൃസംഘടന എടുത്തിരിക്കുന്നതെന്ന തിരിച്ചറിവെങ്കിലും ഈ വിദ്യാർഥിസംഘടനകൾക്ക് ഉണ്ടായിരുന്നെങ്കിൽ...

ഇക്കഴിഞ്ഞ കാലമത്രയും സംവരണത്തിനെതിരെ സവർണ തമ്പുരാക്കൻമാരുടെ വിതണ്ഡവാതമുഖം പിന്നാക്ക വിഭാഗങ്ങൾക്ക് പഠനത്തിനും ഉദ്യോഗത്തിനും സംവരണം നൽകിയാൽ അവ രണ്ടിൻെറയും ഗുണനിലവാരം കുറഞ്ഞുപോകുമെന്നായിരുന്നു. മണ്ഡൽ പ്രക്ഷോഭ കാലത്ത് ഇതിൻറെ ഏറ്റവും ബീഭത്സമായ മുഖം രാജ്യത്തുടനീളം നാം കണ്ടതാണ്.

കുറഞ്ഞ മാർക്കുനേടിയ പട്ടിക വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് എൻജിനീയറിങ്ങിനും എം.ബി.ബി.എസിനും സംവരണാനുകൂല്യത്തിലൂടെ അഡ്മിഷൻ നൽകിയാൽ അവരിലെ എൻജിനീയർമാർ കെട്ടുന്ന പാലം പൊളിഞ്ഞു പോവുകയും അവരിലെ ഡോക്ടർമാർ നടത്തുന്ന ശസക്രിയയിലൂടെ രോഗികൾ മരിച്ചുപോവുകയും ചെയ്യുമെന്നായിരുന്നു അന്നവർ പറഞ്ഞിരുന്നത്. ഈ വരട്ടുവാദത്തിന് അനുകൂലമായി ഒരളവുവരെ ചില വിദ്യാർത്ഥി യുവജന സംഘടനകൾ സെമിനാറുകൾ സംഘടിപ്പിച്ചിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു.

ഇക്കൂട്ടർ അറിയണം, 1475ാം റാങ്കുകാരനായ മുസ്​ലിമിനും 1577ാം റാങ്കുകാരാനായ ഈഴവനും 3201ാം റാങ്കുകാരാനായ പട്ടികജാതിക്കാരനും കിട്ടാത്ത എം.ബി.ബി.എസ് സീറ്റാണ് 8461ആം റാങ്കുകാരാനായ നായർക്കും നമ്പൂതിരിക്കും ഇൗ അക്കാദമിക വർഷം ഈ സർക്കാർ അനുവദിച്ചത്. അതായത്​, മുസ്​ലിം വിദ്യാർഥിയെക്കാൾ 6986 റാങ്കുകൾക്കും ഈഴവ വിഭാഗത്തിലെ വിദ്യാർഥികളെക്കാൾ 6884 റാങ്കുകൾക്കും പട്ടിക വിഭാഗത്തിലെ വിദ്യാർഥികളെക്കാൾ 5251 റാങ്കുകൾക്കും പിന്നിലുള്ള നായർ, നമ്പൂതിരി വിഭാഗത്തിലെ വിദ്യാർഥികൾക്ക് എം.ബി.ബി.എസിന് സീറ്റ്​ ലഭിക്കും. മുന്നോക്ക ജാതി സംവരണത്തിന് പേരിൽ നടക്കുന്ന ഈ അനീതി സംസ്ഥാനത്തെ ലക്ഷോപലക്ഷം വരുന്ന വിദ്യാർത്ഥി സമൂഹത്തിൽ 80 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥിസമൂഹം തിരിച്ചറിയുന്നുണ്ടോ? അങ്ങ് ഉഗാണ്ടയിൽ സാമൂഹ്യനീതി ഉറപ്പാക്കാനായി ഇങ്ങ് കേരളത്തിൽ പഠിപ്പു മുടക്കാൻ ആഹ്വാനംചെയ്യുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ തമ്പുരാക്കന്മാർ വിദ്യാഭ്യാസ രംഗത്തു നിന്നും ഉദ്യോഗരംഗത്ത് നിന്നും പിന്നാക്കവിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിനായി പടച്ചുവിടുന്ന ഈ അനീതിയുടെ ആൾ രൂപങ്ങളെ അറിയാതെ പോകരുത്. ഭരണത്തിൽ എത്തുന്ന രാഷ്ട്രീയ കക്ഷികൾക്ക് ലഭിക്കുന്ന വോട്ടുവിഹിതത്തിൻെറ 90 ശതമാനവും ഈഴവ-മുസ്‌ലിം-പട്ടിക ജാതി വിഭാഗങ്ങളിൽ നിന്നാണെന്നത് യാഥാർഥ്യം ഭരിക്കുന്നവരും കാണാതെ പോകരുത്​.

സംസ്​ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ മുൻ ഡയറക്​ടറാണ്​ ലേഖകൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.