തീച്ചുവട്

ഒരു പന്തിനൊപ്പം 22 കളിക്കാർ നടത്തുന്ന മനോഹര നൃത്തമെന്നാണ് ഫുട്ബാളിന്റെ നിർവചനം. മത്സരം എത്ര വീറും വാശിയും നിറഞ്ഞതാണെങ്കിലും കളിക്ക് താളബോധമില്ലെങ്കിൽ, ഏത് ഇതിഹാസങ്ങൾ കളത്തിലുണ്ടെങ്കിലും ഗാലറിയിലിരിക്കുന്നവർക്ക് അത് അരോചകമാവും. മത്സരമാകുമ്പോൾ കളിക്കളത്തിൽ ഒരേസമയം നൃത്തവും കവിതയും വിരിയണം; കാൽപന്തുകളിയിലെ ഈ ലാവണ്യശാസ്ത്ര തത്ത്വം രാഷ്ട്രീയ ഗോദയിലും ബാധകമാണ്.

കേരളത്തിലെ ഗവർണർ -സർക്കാർ പോരിനും ഈ കുറവുണ്ടായിരുന്നു. വി.സി നിയമനത്തെച്ചൊല്ലിയുള്ള പോര് കണ്ടിരിക്കാൻ നല്ല രസമായിരുന്നുവെങ്കിലും, കാര്യങ്ങൾക്ക് ഇത്തിരികൂടി ഹരം പകരാൻ മത്സരത്തിന് അൽപംകൂടി താളം പകരേണ്ടിയിരുന്നുവെന്ന് ഗാലറിയിൽനിന്ന് മുറുമുറുപ്പുയർന്നപ്പോഴാണ് പിണറായി സഖാവ് രണ്ടും കൽപിച്ച് ആളെയിറക്കിയത്. കേന്ദ്രത്തിനെതിരെ ചുവടുറപ്പിക്കാൻ പുറപ്പെടുമ്പോൾ തീച്ചുവടുമായിത്തന്നെ ഇറങ്ങിത്തിരിക്കണമെന്ന് സഖാവിനെ ആരും പഠിപ്പിക്കേണ്ട.

അതുകൊണ്ടാണ്, കിട്ടാവുന്നതിൽ ഏറ്റവും മികച്ച വ്യക്തിയെത്തന്നെ സെന്റർ ഫോർവേഡായി ഇറക്കിയത്; പറയാനാണെങ്കിൽ ഒരു കേരള ബന്ധവുമുണ്ട്. മല്ലിക സാരാഭായ് എന്നാണ് നാമധേയം. നൃത്തവും രാഷ്ട്രീയവും ആക്ടിവിസവുമൊക്കെ ഒരുപോലെ വഴങ്ങുന്നയാൾ; പണ്ടേക്കുപണ്ടേ മോദിസത്തിന്റെ പന്തികേടുകളെ തിരിച്ചറിഞ്ഞ് വിളിച്ചുപറഞ്ഞവരുടെ കൂട്ടത്തിലുമുണ്ട്. ഗുജറാത്തിൽനിന്ന് കേരളത്തിലേക്കുള്ള ഇപ്പോഴത്തെ വരവ് കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായാണ്.

ഗവർണർ-സർക്കാർ പോരിൽ ബലികഴിക്കപ്പെട്ടത് വി.സിമാരും വിദ്യാർഥികളുമായിരുന്നല്ലോ. സർക്കാർ നിർദേശിച്ച് നിയമിച്ച വി.സിമാരെ ഉത്തരവിൽ ഒപ്പുവെച്ച ഗവർണർ കോടതി കയറ്റിയതായിരുന്നല്ലോ ഈ പോരിന്റെ ഹൈലൈറ്റ്. ഗവർണറായതുകൊണ്ടല്ല, ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ആരിഫ്ജിയുടെ ടിപ്പണി. അതിനൊരു ഉഗ്രൻ ചെക്ക് എന്ന നിലയിലാണ് ഗവർണറുടെ ചാൻലസർ പദവി എടുത്തുകളയാനുള്ള ബില്ല് പാർട്ടിയും സർക്കാറും ചേർന്ന് തയാറാക്കിയത്.

ബില്ലിന്റെ കാര്യത്തിലൊരു തീരുമാനമാകാൻ ദിവസമെടുക്കും. അതിനുമുമ്പേ, ഒരുചുവടു മുന്നിൽ പിടിച്ചാണ് മല്ലികയെ രംഗത്തിറക്കിയത്. ചാൻസലർ മല്ലികയാകുമ്പോൾ, ആരിഫ് ഖാന് യോഗ്യതയുടെ പേരു പറഞ്ഞ് കോടതി കയറാനാകില്ല. നൃത്തകലയിലെ പ്രാഗത്ഭ്യത്തിന് പത്മഭൂഷൺ മാത്രമല്ല, ഫ്രഞ്ച് സർക്കാറിന്റെ ഷെവലിയാർ പട്ടം (ഷെവലിയാർ ഡി പാംസ്) വരെ നേടിയിട്ടുണ്ട്. അപ്പോൾ, കുഫോസിലെയും സാങ്കേതിക സർവകലാശാലയിലെയും വി.സിമാർക്കിട്ട് പണിതപോലെ, മല്ലികയെ വട്ടംകറക്കാനൊക്കില്ല.

മല്ലികയുടെ തീച്ചുവടുകളിൽ ആരിഫ് ഖാനും രാജ്ഭവനിലെ ഒളിസംഘവും സ്വയം കറങ്ങുകയേയുള്ളൂ. ചുരുക്കത്തിൽ, മലയാളക്കരയിലെ രാഷ്ട്രീയഗോദയിൽ നടക്കുന്ന പോര് ഇനിയങ്ങോട്ട് ആഗോളപ്രശസ്തയായ നർത്തകിയുടെ ചുവടുകളുടെ അകമ്പടിയോടെയായിരിക്കും.തീർത്തും സൗന്ദര്യശാസ്ത്രപരമായ ഈ നീക്കത്തിൽ രാഷ്ട്രീയം കാണുന്ന അരസികന്മാരാണ് മലയാളികൾ എന്നുകൂടി പറയേണ്ടിവരും. നോക്കൂ, ഗാലറിയിലിരിക്കുന്നവർക്ക് ഹരം പകരാൻ വേണ്ടി കളിക്കളത്തിലേക്ക് ഒരാളെ കൊണ്ടുവന്നപ്പോൾ, അതിനെ രാഷ്ട്രീയ പ്രതിരോധം, ഇരട്ടച്ചങ്കിന്റെ നിലപാടുതറ എന്നൊക്കെ വിശേഷിപ്പിക്കുന്നത് എന്തുമാത്രം ബോറാണ്! അതെന്തായാലും, ഇങ്ങനെയൊരു നീക്കത്തിലൂടെ പിണറായി സഖാവ് പുതിയൊരു 'കേരള മോഡലി'ന് തുടക്കമിട്ടിരിക്കുന്നു.

പാലക്കാട്ടെ, ആനക്കര വടക്കത്ത് തറവാടിൽ നിന്നാണ് മല്ലികയുടെ അമ്മ മൃണാളിനി സാരാഭായ്. പോരാളികളുടെ കുടുംബമാണത്, വിശേഷിച്ചും സ്ത്രീകൾ. അമ്മു സ്വാമിനാഥനും ക്യാപ്റ്റൻ ലക്ഷ്മിക്കുമൊക്കെ ജന്മം നൽകിയ തറവാട്. വീര്യത്തിന്റെ ആ പാരമ്പര്യം ഇപ്പോൾ പേറുന്നത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയാണ്. മൃണാളിനിയുടെ കസിൻ. അനന്തരവളെ ഇറക്കി പോരിന് മാറ്റുകൂട്ടാൻ പിണറായിയെ ഉപദേശിച്ചത് സുഭാഷിണി അലിയാണെന്ന് പറയുന്നവരുണ്ട്. അത് ശരിയാണെങ്കിലും അല്ലെങ്കിലും ആ തീരുമാനത്തിന് മാർക്ക് നൂറുതന്നെ കൊടുക്കണം.

നർത്തകി, അഭിനേത്രി, അവതാരക, സാമൂഹിക പ്രവർത്തക, എഴുത്തുകാരി, പ്രസാധക, രാഷ്ട്രീയ പ്രവർത്തക... വിശേഷണങ്ങളുടെ ഈ കൂട്ടത്തിലേക്കാണ് ഇനി അക്കാദമിക് അഡ്മിനിസ്ട്രേറ്റർ എന്നൊന്നുകൂടി വന്നുചേർന്നിരിക്കുന്നത്. സത്യത്തിൽ ഈ വിശേഷണം നേരത്തെയുണ്ട്. മാതാപിതാക്കൾ അഹമ്മദാബാദിൽ തുടങ്ങിവെച്ച ദർപണ കലാപഠന കേന്ദ്രത്തിന്റെ ഡയറക്ടറാണ്. അവിടെ നിന്നു തന്നെ വിമതത്ത്വത്തിന്റെയും വിയോജിപ്പുകളുടെയും നേർശബ്ദമായി പൊതുമണ്ഡലത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്.

ഹിന്ദുത്വയുടെ പരീക്ഷണശാലയായ ഗുജറാത്തിൽ സംഘ്പരിവാറിനെതിരെ വീറോടെ പോരാടിയിട്ടുണ്ട്. ഗുജറാത്ത് വംശഹത്യക്കുപിന്നിൽ മോദിയാണെന്ന് ആദ്യം വിളിച്ചുപറഞ്ഞവരിലൊരാളാണ്. 2009ൽ, ഗാന്ധി നഗറിൽനിന്ന് എൽ.കെ അദ്വാനിക്കെതിരെ മത്സരിച്ചു. ഇക്കാലത്ത് കാവിപ്പടയുടെ നിരവധി 'കൈയേറ്റ'ങ്ങൾക്കും ഇരയായി. നൃത്തസംഘത്തോടൊപ്പമുള്ള മല്ലികയുടെ വിദേശയാത്രകൾ മനുഷ്യക്കടത്തിനുവേണ്ടിയുള്ളതാണെന്ന് അവർ ആരോപിച്ചു; കോടതിയിലും പോയി.

നിയമപോരാട്ടത്തിൽ മല്ലിക വിജയിച്ചു. അതിനുശേഷവും സംഘ്പരിവാർ വെറുതെ വിട്ടില്ല. മൃണാളിനി അന്തരിച്ചപ്പോൾ സർക്കാർ ഭാഗത്തുനിന്ന് ഒരാൾപോലും തിരിഞ്ഞുനോക്കിയില്ല; ആചാരവെടി പൊട്ടിച്ചതുമില്ല. ഒരു ട്വിറ്റർ സന്ദേശത്തിലൂടെയെങ്കിലും അനുശോചനം രേഖപ്പെടുത്താൻ തയാറാകാത്ത മോദിക്കെതിരെ ഫേസ്ബുക്കിൽ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. അന്ന് മൃണാളിനിക്ക് അവർ അർപ്പിച്ച അന്ത്യാഞ്ജലി ലോകമാധ്യമങ്ങളിൽവരെ വലിയ വാർത്തയായി. സബർമതിയുടെ തീരത്ത് ഉയിരറ്റ ശരീരത്തിനുസമീപം നൃത്തച്ചുവടുകൾവെച്ചാണ് അവർ മൃണാളിനിയെ യാത്രയാക്കിയത്. ആചാരം ലംഘിച്ച് ചിതക്ക് തീകൊളുത്തിയതും മല്ലികതന്നെ. മുമ്പ്, പിതാവ് വിക്രം സാരാഭായ് മരണപ്പെട്ടപ്പോഴും ഇതേ ആചാര ലംഘനം നടത്തിയിട്ടുണ്ട്.

സപ്തതിയിലേക്ക് കടക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേയാണ് പുതിയ നിയോഗം. ജനിച്ചതും വളർന്നതും അഹമ്മദാബാദിലാണ്. അവിടെ സെന്റ് സേവേഴ്സ് കലാലയത്തിൽനിന്ന് ബിരുദം നേടി. ശേഷം, അഹമ്മദാബാദ് ഐ.ഐ.എമ്മിൽനിന്ന് എം.ബി.എയും ഗുജറാത്ത് സർവകലാശാലയിൽനിന്ന് ഗവേഷണ ബിരുദവും നേടി. വളരെ ചെറുപ്പത്തിൽത്തന്നെ നൃത്തകല അഭ്യസിച്ചുതുടങ്ങി. 15ാം വയസ്സിൽ അഭിനയ ജീവിതത്തിനും തുടക്കമിട്ടു. സുനിൽദത്തിന്റെ 'ഹിമാലയാ സെ ഊഞ്ചേ' ആണ് ആദ്യ ചിത്രം. സമാന്തര ചലച്ചിത്രലോകത്തും നാടകത്തിലുമാണ് സജീവമായത്.

വിദേശികൾക്ക് മഹാഭാരതത്തെ പരിചിതമാക്കിയ പീറ്റർ ബ്രൂക്കിന്റെ നാടകത്തിൽ ദ്രൗപദിയെ അവതരിപ്പിച്ചത് മല്ലികയായിരുന്നു. ലണ്ടനിലും പാരിസിലുമെല്ലാം ഈ നാടകം നിറഞ്ഞ സദസ്സിൽ കളിച്ചു. ഏകാംഗ നാടകമായ 'ശക്തി: ദി പവർ ഓഫ് വുമൺ' ആണ് ശ്രദ്ധേയമായ മറ്റൊരു പ്രകടനം. ഹർഷ് മന്ദറിന്റെ 'കേൾക്കാത്ത ശബ്ദ'ത്തിനെ ആസ്പദമാക്കി മല്ലിക തിരക്കഥ രചിച്ച 'അൺസുനോ'യും നിരൂപക പ്രശംസ പിടിച്ചുപറ്റി. എല്ലാ നാടകങ്ങളിലും അടിസ്ഥാനപരമായി ചർച്ച ചെയ്തത് രാഷ്ട്രീയം തന്നെയായിരുന്നു.

മലയാളത്തിൽ ടി.വി. ചന്ദ്രന്റെ 'ഡാനി'യിലും അഭിനയിച്ചു. ദൂരദർശൻ അടക്കമുള്ള മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്; നിരവധി മാധ്യമങ്ങളിൽ ലേഖനം എഴുതുന്നു; ഏതാനും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1982ൽ, ബിപിൻ ഷായെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ടു മക്കൾ. ഇരുവരും ചേർന്നാണ് 'മാപിൻ' എന്ന പേരിൽ പ്രസാധന സംരംഭം തുടങ്ങിയത്. '89ൽ, ബന്ധം വേർപെടുത്തിയെങ്കിലും 'മാപിൻ' ഇരുവരും ചേർന്നുതന്നെ തുടർന്നുപോന്നു. ഡൽഹിയിൽ ആദ്യമായി കുറ്റിച്ചൂൽ വിപ്ലവമുണ്ടായപ്പോൾ 'ആപി'ൽ ചേർന്നിരുന്നു. പിന്നീട് അത്ര സജീവമല്ലാതായി. 

Tags:    
News Summary - fire step

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT