കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വത്തിക്കാനിൽനിന്ന് അകലെയല്ലാതെ താമസിക്കുകയും റോമിലെയും വത്തിക്കാനിലെയും മതാന്തര സംവാദങ്ങളിൽ പങ്കുകൊള്ളുകയും ചെയ്തയാളെന്ന നിലയിൽ പോപ് ബെനഡിക്ട് പതിനാറാമന്റെ മരണം വളരെ ദുഃഖത്തോടുകൂടിയാണ് ശ്രവിച്ചത്. മനുഷ്യർക്കിടയിൽ, മതവിശ്വാസികൾക്കിടയിൽ വിശേഷിച്ചും സ്നേഹസൗമനസ്യങ്ങൾ കളിയാടേണ്ട ഒരു സന്ദർഭത്തിൽ ക്രൈസ്തവ വിശ്വമാനവികതയുടെ സന്ദേശം രണ്ടാം വത്തിക്കാൻ കൗൺസിൽ വഴി ലോകത്തിനു സമ്മാനിച്ച വലിയൊരു മനുഷ്യന്റെ തിരോധാനമാണ് കഴിഞ്ഞ ദിവസം നടന്നത്. ആ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വലതുപക്ഷ തീവ്രവാദവും മതയാഥാസ്ഥിതികത്വവും പിടിമുറുക്കുന്ന യൂറോപ്പിൽ ക്രൈസ്തവർക്കിടയിൽ മാർപാപ്പമാർ വളർത്തിയെടുത്ത മാനവികതയും സാഹോദര്യപാഠങ്ങളും വിസ്മൃതിയിലേക്കു നീങ്ങുമോ എന്ന് ആശങ്കിക്കുന്ന കാലത്തെ ഈ വേർപാട് കൂടുതൽ ദുഃഖമുളവാക്കുന്നു.
മാറ്റങ്ങളുടെ ഉപജ്ഞാതാവായിരുന്നു അന്തരിച്ച ബെനഡിക്ട് മാർപാപ്പ. ആ മാറ്റങ്ങളിൽ പക്ഷേ, അദ്ദേഹവും ഏറെ മാറി എന്നതു ചരിത്രം. 1950കളിലും അറുപതുകളിലും തന്റെ മതാധ്യാപനകാലത്ത് പേപ്പൽ അധികാരം ഒറ്റയാളിലൊതുങ്ങുന്നതിനുപകരം കൂടിയാലോചനയിലൂടെ വേണം എന്നു വാദിച്ചിരുന്നയാളായിരുന്നു ബെനഡിക്ട് പതിനാറാമൻ. ഇതര മതങ്ങളോടുള്ള ബഹുമാനവും തുറന്ന മാനവികതയും അംഗീകരിച്ച കത്തോലിക്കാചരിത്രത്തിലെ വിപ്ലവകരമായ രണ്ടാം കാത്തലിക് കൗൺസിലിന്റെ സംഘാടനത്തിൽ മുന്നിൽ നിന്ന വിപ്ലവകാരി. എന്നാൽ, പിന്നീട് അധികാരകേന്ദ്രീകരണത്തിന്റെയും കൂടുതൽ കാർക്കശ്യത്തിന്റെയും നിലപാടിലേക്ക് അദ്ദേഹം വഴിമാറി എന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
2005 ഏപ്രിൽ മുതൽ 2013 വരെയുള്ള കാലഘട്ടം ചരിത്രം എങ്ങനെ രേഖപ്പെടുത്തും എന്നതു സംബന്ധിച്ച് വത്തിക്കാൻ നിരീക്ഷകർക്കിടയിൽ സമ്മിശ്രാഭിപ്രായമാണ്. നയനിലപാടുകളിലെ ഈ നാടകീയത അദ്ദേഹം തന്റെ രാജിയിലും തുടർന്നപ്പോൾ ലോകം അമ്പരന്നു. 1415ൽ സ്ഥാനമൊഴിയേണ്ടിവന്ന മാർപാപ്പക്കു ശേഷം ആദ്യമായി സ്വമേധയാ രാജിവെക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തിന്റെ കാരണങ്ങൾ വത്തിക്കാന്റെ അതീവരഹസ്യങ്ങളിലൊന്നായി ഇന്നും ശേഷിക്കുന്നു. മനസ്സും ശരീരവും തളർന്നിരിക്കുന്നു, അതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല എന്നു പറഞ്ഞാണ് അദ്ദേഹം രാജിവെച്ചത്. അതിലും പരിക്ഷീണരായിരുന്ന മുൻഗാമി പോപ് ജോൺ പോൾ രണ്ടാമൻ രാജിവെച്ചില്ല. അദ്ദേഹത്തിന്റെ സേവനകാലത്തിന്റെ അന്ത്യഘട്ടങ്ങളിൽ കാര്യങ്ങൾ നിർവഹിച്ചിരുന്നത് ബെനഡിക്ട് പതിനാറാമനായിരുന്നു. അതുകൊണ്ട് രാജി പലരിലും അമ്പരപ്പുളവാക്കിയത് സ്വാഭാവികം.
കത്തോലിക്ക നേതൃത്വത്തിൽ കണിശമായ അച്ചടക്കത്തിന്റെയും വിശ്വാസ ആചാരചട്ടങ്ങളിലെ കാർക്കശ്യത്തിന്റെയും പര്യായമായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. പടിഞ്ഞാറൻ മതേതരവാദം, ഉപഭോഗസംസ്കാരം തുടങ്ങിയ വിഷയങ്ങളിലൊക്കെ യാഥാസ്ഥിതികമെന്നു വിശേഷിപ്പിക്കപ്പെട്ട വിരുദ്ധാഭിപ്രായത്തിലായിരുന്നു അദ്ദേഹം.
ഉദാരവാദിയായ അധ്യാപകനിൽനിന്ന് കർക്കശമായ നേതൃത്വത്തിലേക്കുള്ള ഈ മാറ്റത്തിനു കാരണമെന്താവാം? അറുപതുകളുടെ രണ്ടാം പാതിയിൽ യൂറോപ്പിൽ പലയിടത്തായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളും മാർക്സിസം, അനാർക്കിസം എന്നിവയിലൂടെ ക്രൈസ്തവർക്കിടയിൽ ദൃശ്യമായ വിശ്വാസനിരാസവും ലിബറൽ സംസ്കാരവുമാണ് അദ്ദേഹത്തെ മാറ്റിയതെന്ന് പലരും പറയുന്നു. മുൻഗാമി പോപ് ജോൺ പോൾ രണ്ടാമന്റെയും പിൻഗാമി ഫ്രാൻസിസ് മാർപാപ്പയുടെയും നയങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായി യാഥാസ്ഥിതികമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം എന്ന പുറംനിരീക്ഷണം അങ്ങനെ വന്നുചേരുന്നതാണ്.
2001 സെപ്റ്റംബർ 11ന്റെ ഭീകരാക്രമണവും അതേ തുടർന്ന് അമേരിക്ക നടത്തിയ ഭീകരവിരുദ്ധ യുദ്ധം വിതച്ച കെടുതികളും ലോകത്തെ മതവിഭാഗങ്ങൾക്കിടയിൽ പരസ്പര വിശ്വാസമില്ലായ്മ സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു പോപ്പിന്റെ അധികാരാരോഹണം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമേയ ഉപജ്ഞാതാവിൽനിന്ന് പക്ഷേ, വേണ്ടത്ര ലോകത്തിനു ഈ കാലയളവിൽ ഈയർഥത്തിലുള്ള സംഭാവനകൾ ലഭിച്ചോ എന്ന ചോദ്യം പ്രസക്തമാണ്. അതിനിടെ ഇസ്ലാം, ജൂത, ബുദ്ധമത ദർശനങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ ചില നിരീക്ഷണങ്ങൾ വിവാദം സൃഷ്ടിച്ചു. പടിഞ്ഞാറൻ ഓറിയന്റലിസ്റ്റ് പണ്ഡിതരുടെയും ലിബറൽ ചിന്തകരുടെയും പതിവുശബ്ദമായിരുന്നു അതെന്നായിരുന്നു എതിരായി ഉയർന്നുവന്ന ആരോപണം.
ആ വിമർശനത്തെ പ്രതിപക്ഷ ബഹുമാനത്തോടെ ഉൾക്കൊണ്ട അദ്ദേഹം ആ മതവിഭാഗങ്ങളുമായൊക്കെ സംഭാഷണത്തിനും വിശദീകരണത്തിനും സന്ദർഭമൊരുക്കി പോപ്പിന്റെ ഉന്നതപദവിക്കു മാറ്റു കൂട്ടി. പല ഭാഗങ്ങളിലായി ചർച്ച് നേതൃത്വത്തിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് കർശനമായ അന്വേഷണം നടത്താനും നടപടി കൈക്കൊള്ളാനും കാണിച്ച അദ്ദേഹത്തിന്റെ ധീരത പരക്കെ പ്രശംസ നേടിയിരുന്നു. അങ്ങനെയൊക്കെ കളം നിറഞ്ഞുനിൽക്കെയായിരുന്നു പൊടുന്നനെ അദ്ദേഹം പദവിയിൽനിന്നിറങ്ങി നടന്നത്. ഇപ്പോഴിതാ, ലോകം മതാന്തരസംവാദങ്ങളുടെയും സൗഹൃദ സഹവർത്തിത്വത്തിന്റെയും സാധ്യതകൾ ഹതാശരായി തേടിക്കൊണ്ടിരിക്കെയാണ് ബെനഡിക്ട് പതിനാറാമന്റെ വേർപാട്.
(റോമിലെ തവാസുൽ സെന്റർ ഫോർ ഡയലോഗിൽ ഉപദേഷ്ടാവാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.