ഝാര്‍ഖണ്ഡിലെ ആദിവാസിയോട് ഒരിക്കല്‍ ചോദിച്ചു, എന്തുകൊണ്ടാണ് ഗാന്ധിജിയെ ഇത്രയും ഇഷ്ടപ്പെടുന്നതെന്ന്. ഗാന്ധി തങ്ങളെ പോലെ വസ്ത്രം ധരിക്കുന്നതുകൊണ്ടും കുടിലില്‍ താമസിക്കുന്നതുകൊണ്ടും എന്നായിരുന്നു മറുപടി. തങ്ങളെപോലെയാണ് ഗാന്ധി എന്നാണ് ആ ആദിവാസിക്ക് തോന്നിയത്. ഇന്നത്തെ ഏതു നേതാവിനെ കണ്ടാലും തങ്ങളെ പോലെയാണെന്ന് ഒരു ആദിവാസിക്കും തോന്നില്ല. രാഷ്ട്രീയം ഒരു തൊഴിലായി മാറിയിരിക്കുന്നു. രാഷ്ട്രീയത്തിലുള്ളവര്‍ മറ്റു പണിയൊന്നുമെടുക്കുന്നില്ല. രാഷ്ട്രീയം മാത്രമാണ് അവരുടെ വരുമാനവും സമ്പാദ്യവും. അതു മൂലം വലിയ സന്യാസിമാര്‍പോലും കക്ഷിരാഷ്ട്രീയത്തിലിറങ്ങുകയാണ്. ഈശ്വരനെ തേടിപ്പോയ മനുഷ്യനാണ് പാര്‍ലമെൻറ് തേടി വരുന്നത്. എല്ലാറ്റിനും ശക്തിയുണ്ടെന്ന് താന്‍ വിശ്വസിക്കുന്ന ഈശ്വരെൻറ വഴിയേ പോയ മനുഷ്യന് പാര്‍ലമെൻറിലെ സീറ്റും തേടി വരേണ്ട കാര്യമുണ്ടോ? എന്തുമാത്രം അധഃപതനമാണിത്. മനുഷ്യന് ആവശ്യം അംഗീകാരമാണ്. അംഗീകാരം പണത്തിലൂടെയും പദവിയിലൂടെയും വരാം. അംഗീകാരം ത്യാഗത്തില്‍ കൂടിയും വരുമെന്ന് ഗാന്ധി കാണിച്ചുതന്നു. അല്ലെങ്കില്‍ കൊട്ടാരം വിട്ട് ചെറിയ കുടിലില്പോയി താമസിക്കേണ്ട ആവശ്യം ഗാന്ധിജിക്കില്ലല്ലോ. ആളുകള്‍ക്കിപ്പോള്‍ ത്യാഗമൊന്നും ഇഷ്ടമല്ല. കുറുക്കുവഴിയില്‍ പണവും പദവിയും അംഗീകാരവും വേണം.
ഗാന്ധി ലളിതജീവിതം നയിച്ചത് സുഖമായി ജീവിക്കാന്‍ കഴിയാത്തതുകൊണ്ടായിരുന്നില്ല. ഇന്ത്യയുടെ രാഷ്ട്രപതി ആകാമായിരുന്ന ഗാന്ധി ഇന്ത്യ മുഴുവന്‍ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഡല്‍ഹിയില്‍ കൊടി ഉയര്‍ത്തുകയായിരുന്നില്ല. ഹിന്ദു-മുസ്ലിം ലഹളയില്ലാതാക്കാന് കൊല്‍ക്കത്തയില്‍ മുഴുവന്‍ നടക്കുകയായിരുന്നു. ത്യാഗത്തിെൻറ നേതൃത്വമാണത്. ഇന്ന് നമ്മളീ കാണുന്ന നേതൃത്വം നാടകമാണ്. പൊങ്ങച്ചവും കളവും പിടിച്ചുപറിയുമല്ല നേതൃഗുണങ്ങള്‍. ഗാന്ധിയുടെ വഴിയിലൂടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന നേതാക്കള്‍ ഉയര്‍ന്നുവന്നില്ലെങ്കില്‍ ഇന്ത്യക്ക്് മാത്രമല്ല, ലോകത്തിനു തന്നെ നാശമായിരിക്കും.
ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരാഴ്ച മുമ്പ് യൂനിസെഫുമായി സഹകരിച്ച് ‘ഉന്നത വിദ്യാഭ്യാസവും ഗാന്ധിയും’ എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. ക്ലാസ് മുറിയില്‍നിന്നുള്ള അറിവിന് ഇന്ന് സമൂഹവുമായി ഒരു ബന്ധവുമില്ല. ആദിവാസികളുടെയും ദലിതരുടെയും പ്രശ്നം പഠിക്കാനല്ല ക്ലാസ് മുറികള്‍ ഉപയോഗിക്കുന്നത്. ഒരു നല്ല ലോകം കെട്ടിപ്പടുക്കാനാണ് സ്കൂളും കോളജും പഠനവുമെല്ലാമെങ്കില് അതില്‍നിന്ന് നല്ലൊരു ലോകം ഇപ്പോഴുണ്ടാവുന്നില്ല. പഠിക്കുന്നവന് സമൂഹത്തോടുള്ള ഉത്തരവാദിത്തം എന്താണ് എന്നൊന്നും തീരുമാനിക്കാത്ത സമൂഹമായതു കൊണ്ടാണ് പണം സമ്പാദിക്കാന്‍ എന്തു തെറ്റും ചെയ്യാം എന്ന ധാരണ വന്നത്. ലോകത്തിെൻറ ഏറ്റവും വലിയ പ്രശ്നം ഉപഭോഗമാണ്. വാങ്ങിക്കൂട്ടുക, ആവശ്യത്തിലധികം കഴിക്കുക എന്നിട്ടവയെല്ലാം പാഴാക്കുക. ആ സംസ്കാരത്തില്‍നിന്നാണ് ആഗോളതാപനവും കാലാവസ്ഥ പ്രതിസന്ധിയും ഉണ്ടായിരിക്കുന്നത്. ജീവിതശൈലി മാറ്റിയെങ്കില്‍ മാത്രമേ പരിഹാരം സാധ്യമാകൂ. എങ്കില്‍ നല്ല ലോകം കെട്ടിപ്പടുക്കാന്‍ കഴിയും. അങ്ങനെയൊരു ധാരണയുണ്ടാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമില്ല. അതാണ് വിഷയം.
ഏതു പ്രവൃത്തി ചെയ്യുമ്പോഴും സമൂഹത്തിലെ ഏറ്റവും ഒടുവിലത്തെ മനുഷ്യനെ കണ്ടുകൊണ്ടു ചെയ്യൂ എന്നായിരുന്നു ഗാന്ധിജി പറഞ്ഞത്. നമ്മുടെ ബുദ്ധിയും ശക്തിയും അധികാരവും അവസാന മനുഷ്യനെയും ശാക്തീകരിക്കാനായി ഉപയോഗിക്കാനാണ് ഗാന്ധിജി പറഞ്ഞത്. ഈയൊരു തത്ത്വം മാത്രം മതി ഈ രാജ്യത്തെ നന്നാക്കിയെടുക്കാന്‍. വലിയവരെ മാത്രം സേവിക്കുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തനം ചെറിയവരിലേക്കു കൂടി വ്യാപിപ്പിച്ചാല്‍ വലിയ മാറ്റം വരും. തെരഞ്ഞെടുപ്പില്‍ ജയിച്ചു എന്നു പറഞ്ഞാല്‍ പോരാ. എങ്ങനെ ജയിച്ചുവെന്ന് നോക്കണം. എന്ത് നേടിയെന്നല്ല, എങ്ങനെ നേടിയെന്ന് നോക്കണം. ‘ഭൂമിയിലുള്ള അലൂമിനിയം കുഴിച്ചെടുത്താല്‍ നിങ്ങള്‍ക്ക് പറക്കാം’ എന്ന വേദാന്തയുടെ പരസ്യം നോക്കൂ. ഇതെവിടുന്നാണ് തട്ടിയെടുക്കുന്നത്? ഇംഗ്ലണ്ടില്‍ സ്റ്റാര്‍ലൈറ്റ് എന്നറിയപ്പെടുന്ന കമ്പനി ഇവിടെ വന്ന് വേദാന്തയായി. വേദാന്ത എന്ന പേര് മതിയല്ലോ. അത് കേട്ടാല്‍ പിന്നെ ഇന്ത്യക്കാര്‍ക്ക് സന്തോഷമാകുമല്ലോ. ഇങ്ങനെ കുറെ പേര് പുതിയ ഭാഷയില്‍ അധിനിവേശവുമായി വരുകയാണ്. പ്രകൃതിയോണിടങ്ങി ജീവിക്കുന്ന ഒരു സമൂഹത്തെയാണ് നാം നശിപ്പിക്കുന്നത്. ഈ എണ്ണയും കല്‍ക്കരി ഖനികളും ധാതുലവണങ്ങളുമെല്ലാം ഒരു നാള് എടുത്തു തീരുമ്പോള്‍ എങ്ങനെ ജീവിക്കുമെന്ന് ലളിതമായി ജീവിച്ച് ശീലിച്ച ആദിവാസികള്‍ക്ക് കാണിച്ചുതരാന്‍ കഴിയും. ഭാവിയിലെ ഗുരുനാഥന്മാരെ നാം നശിപ്പിക്കരുത്.
ഇപ്പോഴുള്ള ആഗോളതാപനവും കാലാവസ്ഥ പ്രതിസന്ധിയും പരിശോധിക്കുമ്പോള്‍ നാം ചെയ്തുകൂട്ടിയ തെറ്റുകളുടെ വിലയൊടുക്കാന്‍ പോകുന്നേയുള്ളൂ എന്ന് മനസ്സിലാകും. ഒന്നിെൻറയും അര്‍ഥം മനസ്സിലാകാത്ത കുറെയാളുകള്‍ രാജ്യം ഭരിക്കാന്‍ തുടങ്ങിയതാണ് ഈ കാണുന്നത്. ഇന്ത്യ മാത്രമല്ല, ലോകവും അത്തരക്കാരാണ് ഭരിക്കുന്നത്. ഇവിടെ ചെയ്യുന്നത് തന്നെയാണ് ട്രംപും പുടിനും അവിടെ ചെയ്യുന്നത്. എല്ലാ അധികാരങ്ങളും ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങളെ അടിച്ചമര്‍ത്തുന്ന ഇന്ത്യയായിരുന്നില്ല ഗാന്ധി സ്വപ്നം കണ്ടത്. കരം കൊണ്ടും കുടില്‍ വ്യവസായം കൊണ്ടും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ കൊണ്ടും നിര്‍മിക്കാന്‍ കഴിയാത്ത ഉല്പന്നങ്ങള്ക്കേ വലിയ വ്യവസായങ്ങളെ ആശ്രയിക്കാവൂ എന്നായിരുന്നു ഗാന്ധിയുടെ തീരുമാനം. അങ്ങനെയാകുമ്പോള്‍ ജി.ഡി.പി വളര്‍ന്നില്ലെങ്കിലും എല്ലാവര്ക്കും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. ജി.ഡി.പിയല്ല, ജീവിക്കാനുള്ള സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവസരവുമാണ് നമുക്ക് ആവശ്യം. ഇനിയും നമുക്ക് ഗ്രാമസ്വരാജിലേക്ക് തിരിച്ചുപോകാന്‍ കഴിയും. ഇന്ത്യയെ കുറിച്ച താങ്കളുടെ സ്വപ്നമെന്താണെന്ന് ചോദിച്ച ബ്രിട്ടീഷ് പത്രക്കാരനോട് ഗാന്ധിജി പറഞ്ഞ മറുപടി സ്വയം പര്യാപ്തവും സ്വയംഭരണവുമുള്ള ഏഴു ലക്ഷം ഗ്രാമങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്നതാണ് താന്‍ സ്വപ്നം കാണുന്ന ഇന്ത്യ എന്നായിരുന്നു.
സ്വാര്ഥത്തിനുവേണ്ടി മതത്തെയും രാഷ്ട്രീയത്തെയും വിദ്യാഭ്യാസത്തെയും സാമ്പത്തികശാസ്ത്രത്തെയും ഉപയോഗിക്കുന്ന ലോകത്താണ് നാമിന്ന് ഗാന്ധിയെ ചര്‍ച്ച ചെയ്യുന്നത്. ഛത്തിസ്ഗഢിലെ റായ്ഗഢില് ആദിവാസിമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അവിടെ ഒരു പാട് മൈനിങ് കമ്പനികളുണ്ടായിരുന്നു. ഒരു ഖനന കമ്പനി ആദിവാസികളോടെല്ലാം ഭൂമി കാലിയാക്കാന്‍ പറഞ്ഞു. ആദിവാസികള്‍ സംഘടിച്ച് തങ്ങള്‍ ഭൂമി തരില്ലെന്നു പറഞ്ഞു പ്രക്ഷോഭത്തിനിറങ്ങി. കമ്പനിക്കാര് നല്ല കായികപരിശീലനം നേടിയ 300 പേരെ ഹരിയാനയില്‍ നിന്നിറക്കി. ഝാര്‍ഖണ്ഡിലെ ചെറിയ മനുഷ്യരായ ആദിവാസികളെ ഹരിയാനയിലെ മല്ലന്മാരും ഗുസ്തിക്കാരുമായ മനുഷ്യര്‍ നേരിട്ടു. ഭൂമി തരില്ലെന്ന് പറയുന്ന ആദിവാസികളെ തല്ലി ശരിയാക്കുകയായിരുന്നു ഇവരുടെ ജോലി. എന്നിട്ടും ഒപ്പിടാതിരുന്ന ആദിവാസികളെ കേസില്‍ കുടുക്കി പൊലീസ് സ്റ്റേഷനില്‍ കയറ്റി. രണ്ടു വര്‍ഷം കൊണ്ട് ഭൂമി പിടിച്ചെടുത്ത് കമ്പനി ഖനനം തുടങ്ങി. അത്യാര്ത്തിയിലൂടെയുള്ള വികസനത്തെയാണ് ഗാന്ധി എപ്പോഴും ചോദ്യം ചെയ്തത്. ചൂഷണം അടിസ്ഥാനമാക്കിയ ഇംഗ്ലണ്ടിെൻറ വികസനമാതൃക തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് അന്നേ ഗാന്ധി പറഞ്ഞതാണ്.
ഇത് ശരിയായ പോക്കല്ലെന്നും ഈ പോക്ക് മാറിയില്ലെങ്കില്‍ ഇന്ത്യക്ക് രക്ഷ കിട്ടാന്‍ പോകുന്നില്ലെന്നും മനസ്സിലാക്കിയതു കൊണ്ടാണ് ഞങ്ങളൊക്കെ പാവങ്ങളെ സംഘടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. നല്ല വിധത്തില്‍ ചിന്തിക്കാനും നല്ല വിധത്തില്‍ പ്രവര്‍ത്തിക്കാനും കഴിയുന്ന കുറെ പേരെ വേണം. സംഘടിതരായ കൂട്ടര്‍ക്കേ ഇവരെയൊക്കെ എതിര്ത്തുനില്ക്കാന് കഴിയുകയുള്ളൂ. ഇത്രമാത്രം അക്രമവും കുറ്റകൃത്യങ്ങളും സ്വന്തം വഴിയായി സ്വീകരിച്ച, ഇത്രയും അഴിമതിക്കാരായ ഒരു സമൂഹത്തെ മാറ്റിയെടുക്കാന്‍ ഒരാള്‍ വിചാരിച്ചാല്‍ കഴിയില്ല. ഒരു ആദിവാസി ഒറ്റക്ക് കയറിച്ചെന്നാല്‍ ഒരു തഹസില്‍ദാര്‍ വകവെക്കില്ല. എന്നാല്‍, എല്ലാവരും ഒരുമിച്ച് ചെന്നാല്‍ തഹസില്‍ദാര്‍ക്ക് അയാളുടെ ജോലി ചെയ്യേണ്ടി വരും. സംഘടിതരായിട്ടേ ഈ മനുഷ്യര്‍ക്ക് നീതി നേടിയെടുക്കാന്‍ കഴിയുകയുള്ളൂ. പണത്തിെൻറയും കൈയൂക്കിെൻറയും ശക്തിക്ക് മുന്നില്‍ സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ മാറ്റമുണ്ടാക്കാന്‍ കഴിയും.
(ഏകതാ പരിഷത്ത് നേതാവും ഗാന്ധിയൻ ആക്ടിവിസ്റ്റുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.