മഹാത്മാവിെൻറ 150 ാം വാർഷിക സ്മൃതിദിനത്തിൽ ഗാന്ധിജിയെ വീണ്ടും ഈ രാജ്യത്തിെൻറ മനസ്സിലേക്ക് ആവാഹിച്ച് വരുത്തുകയാണ്. നമുക്ക് ഗാന്ധി ഒരു കറൻസിനോട്ടിലെ ചിത്രമാണ്. പിന്നെ എന്തൊക്കെയോ പഴഞ്ചൻ ആശയങ്ങൾ പറയാൻ ശ്രമിക്കുകയും അവയെ ജീവിതത്തിൽ പകർത്തുകയും ചെയ്ത് പരാജിതനായൊരു മനുഷ്യൻ. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ശരിതന്നെ. പക്ഷേ, അതൊക്കെ വളരെ പണ്ടാണ്. അതിൽ ആവേശഭരിതരാകാൻ നമുക്കിപ്പോൾ നേരമില്ല. പക്ഷേ, ഇന്ന് ഗാന്ധി എന്തൊക്കെ പറഞ്ഞു എന്നൊക്കെ ഓർമിച്ചേ തീരൂ എന്ന് പത്രങ്ങളും ചാനലുകളും പറയുന്നു. അതുകൊണ്ട്, നമുക്ക് ഓർമിച്ചുനോക്കാം.
അദ്ദേഹം പറഞ്ഞത് ‘സത്യമാണ് ഈശ്വരൻ’, ‘ഈശ്വരൻ സത്യമാണ്’. ‘എെൻറ ജീവിതം സത്യത്തെ തേടിയുള്ള കഠിനയാത്രയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നതാകട്ടെ നമ്മുടെ ആദ്യത്തെ ലക്ഷ്യം. വിദേശി അടിമത്തത്തിൽ നൂറ്റാണ്ടുകളായി നാം എല്ലാം സഹിച്ചു കഴിയുന്നു. നാം കൂടുതൽ കൂടുതൽ ദരിദ്രരാകുന്നു, ദുഃഖിതരാകുന്നു. ഒരു മാറ്റത്തിനു സമയമായി.
ഇന്ത്യയിലെ ഒാരോ പുരുഷനും സ്ത്രീയും സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്നിക്കേണ്ട, ത്യാഗം സഹിക്കേണ്ട കാലമാണിത്. ഉണരുവിൻ. മതി, ഉറങ്ങിയത്. അദ്ദേഹം അഹിംസയെ പറ്റി പറഞ്ഞു: ഹിംസ അരുത്. അഹിംസയാകട്ടെ, നമ്മുടെ മാർഗം. അഹിംസ ധർമത്തിെൻറയും കാരുണ്യത്തിെൻറയും മാർഗമാണ്. നമുക്ക് ശത്രുക്കൾ ഉണ്ടാകാൻ പാടില്ല. നമ്മെ ഭരിക്കുന്ന വിദേശികൾ നമ്മുടെ ശത്രുക്കളല്ല. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഇന്ത്യയിൽനിന്ന് പുറത്തുപോകാൻ നിർബന്ധിക്കുകയാണ് വേണ്ടത്. അഹിംസ എന്നാൽ കൊല്ലരുതെന്നു മാത്രമല്ല അർഥം. ആരെയും പ്രവൃത്തികൊണ്ടോ വാക്കുകൊണ്ടോ വേദനിപ്പിക്കരുത് എന്നുകൂടിയാണ്.
ഗാന്ധിജി പറഞ്ഞുകൊണ്ടേയിരുന്നു- ഈശ്വരൻ ഒന്നാണ്. പല നാമങ്ങളിൽ നാം അദ്ദേഹത്തെ വിളിച്ചു പ്രാർഥിക്കുന്നു. നാമെല്ലാം അവിടത്തെ സന്തതികളാണ്. എല്ലാ മതക്കാരും നമ്മുടെ സഹോദരങ്ങളാണ്. പാടുക, ഉറക്കെ പാടുക: ‘ഈശ്വർ അല്ലാ തേരേ നാം/ സബ് കോ സൻമതി ദേ ഭഗവാൻ’. അദ്ദേഹം പറഞ്ഞു: ത്യാഗവും സഹനശക്തിയും ആകട്ടെ നിങ്ങളുടെ ധനം.
എളിമ പാലിക്കുവിൻ. എളിയ ജീവിതം മാത്രമേ ഈ ഭൂമിയുടെ നിലനിൽപിന് ഉതകുകയുള്ളൂ. നമ്മുടെ ആവശ്യത്തിന് വേണ്ടതെല്ലാം പ്രകൃതി എന്ന അമ്മയുടെ പക്കലുണ്ട്. പക്ഷേ, നമ്മുടെ ദുരക്കും ധൂർത്തിനും അത്യാഗ്രഹത്തിനും വേണ്ടത് അമ്മയുടെ പക്കലില്ല. പ്രകൃതിയെ ബഹുമാനിക്കുക. ഗ്രാമങ്ങളിലേക്ക് മടങ്ങുക. ഒരു തൊഴിലും അമാന്യമല്ല. തോട്ടിപ്പണി മുതൽ ഏതു ജോലി ചെയ്യുന്നവരും നമ്മുടെ സഹോദരങ്ങളാണെന്ന് അറിയുക. അവർക്ക് നല്ല ജീവിതം കൊടുക്കാൻ ശ്രമിക്കുക. ഗാന്ധിജി പതിതരെ ഹരിജനങ്ങൾ എന്ന് വിളിച്ചു. ഈശ്വരെൻറ മക്കൾ എന്നാണ് അതിനർഥം. ഈശ്വരൻ പതിത പാവനനാണ്.
വലിയ പദ്ധതികളെപ്പറ്റി, വൻകിട പണം കൊയ്യുന്ന സംരംഭങ്ങളെപ്പറ്റി ഗാന്ധിജി പറഞ്ഞു. നിങ്ങൾ ഏതു പദ്ധതി ആരംഭിക്കുന്നതിനും മുമ്പ് ഇന്ത്യയിലെ ഏറ്റവും ദുഃഖിതനായ, പരമദരിദ്രനായ കർഷകെൻറ മുഖം ഹൃദയത്തിലേക്ക് ആവാഹിച്ചു വരുത്തുക. അവനുവേണ്ടിയാണോ ഈ ബൃഹദ് സംരംഭമെന്ന് ചോദിക്കുക, ആലോചിക്കുക. അല്ല എന്നാണ് ഉത്തരമെങ്കിൽ എറിഞ്ഞുകളയുക. അതിന് ആധുനികലോകത്തിന് ഒട്ടും ദഹിക്കാത്ത കാര്യങ്ങളാണ് ഗാന്ധിജി പറഞ്ഞത്.
ആകാശചുംബികളായ കെട്ടിടങ്ങളും വൻകിട ഷോപ്പിങ് മാളുകളും അത്യാഡംബര വസ്തുക്കളുടെ അതിരുകടന്ന നിർമാണപ്രക്രിയകളും ആയുധമത്സരങ്ങളും വിമാനത്താവളങ്ങളും എങ്ങോട്ട് നോക്കിയാലും ചിരിച്ചുകൊണ്ട് മദ്യം നീട്ടിനിൽക്കുന്ന പെരും കമ്പോളങ്ങളും വർഗീയതയുടെ വേലിയേറ്റവും അസത്യത്തിെൻറയും അഴിമതിയുടെയും തേർവാഴ്ചയും നിത്യമായ അക്രമങ്ങളും ചെറിയ കുഞ്ഞുങ്ങളെവരെ ബലാത്സംഗം ചെയ്തു വലിച്ചെറിയലും അത്യാഡംബര കാറുകളും സുഖഭോഗങ്ങൾ നീട്ടി നിൽക്കുന്ന ശീതീകരിച്ച സുഖവാസകേന്ദ്രങ്ങളും മദോന്മത്തമായ ജീവിതശൈലിയും കണ്ണഞ്ചിപ്പിക്കുന്ന സ്വർണ കടകളുടെയും വർണശബളമായ വസ്ത്രങ്ങളുടെയും അതി പരിഷ്കൃതമായ വേഷവിധാനങ്ങളുടെയും സുഖലഹരിയും ഇവക്കെല്ലാം മുകളിൽ സിംഹാസനസ്ഥനായിരിക്കുന്ന ധനദുർദേവതയും ആ ദേവതക്ക് മുന്നിൽ സേവിച്ച് നിൽക്കുന്ന ജനകോടികളും.
ഈ പശ്ചാത്തലത്തിലാണ് ഖനന ലോബികൾക്ക് തീറെഴുതി കൊടുക്കുന്ന പശ്ചിമഘട്ടത്തെയും അദാനിക്ക് സേതുബന്ധിക്കുവാൻ ദാനംചെയ്തു കഴിഞ്ഞ അറബിക്കടലിനെയും ക്ഷയിക്കുന്ന മഹാവനങ്ങളെയും താളം തെറ്റുന്ന കാലാവസ്ഥയെയും നോക്കിക്കാണേണ്ടത്. ഈ ചെകിടടപ്പിക്കുന്ന ബഹളങ്ങൾക്ക് നടുവിലാണ് ഒറ്റമുണ്ടുടുത്ത് അർധനഗ്നനായ ഒരു മനുഷ്യൻ തലയുയർത്തി നിന്ന് ‘അരുത്, അധർമം അരുത്, ഈശ്വരൻ സത്യം ആണെന്ന് മറക്കരുത്, സ്നേഹമാകട്ടെ നിങ്ങളുടെ മാർഗം’ എന്നൊക്കെ സഭയെ അറിയാതെ പുലമ്പുന്നത്. ഉള്ളിൽ ചിരി വരുന്നുണ്ടെങ്കിലും നമുക്ക് അതു മറച്ചുകൊണ്ട് ആ സ്മരണക്കു മുന്നിൽ വന്ദിക്കാം. എന്നിട്ട്, നമുക്ക് ഇഷ്ടമുള്ള വഴിയിലൂടെ നടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.