വാക്കേറുകളും കൊമ്പുകോർക്കലുകളും തുറന്ന ഏറ്റുമുട്ടലുകളുമെല്ലാമായി സംഭവബഹുലമാണ് നിയമസഭ സമ്മേളനങ്ങളെങ്കിലും ഇപ്പോൾ ചേരുന്ന സഭ സമ്മേളനത്തിന്റെ നിറവും രുചിയും തീർത്തും വ്യത്യസ്തമാണ്. സർക്കാറിനെ സംബന്ധിച്ച് നിർബന്ധിതാവസ്ഥയോ ഗതികേടോ ആണ് ഈ അടിയന്തര സഭ ചേരൽ. പ്രതിപക്ഷത്തിനാകട്ടെ അവിചാരിതവും അപ്രതീക്ഷിതവും.
പതിവുചേരുവകൾ യാഥാവിധിയുണ്ടാകുമെങ്കിലും സഭാസമ്മേളനത്തിലേക്ക് നയിച്ച ആകസ്മിക കാരണങ്ങൾ പോലെ നിയമസഭക്കുശേഷം എന്ത് എന്ന അനിശ്ചിതത്വവും രാഷ്ട്രീയ കൗതുകവും കനം തൂങ്ങുന്ന ചോദ്യങ്ങൾ കൊണ്ട് കൂടി പ്രസക്തമാവുകയാണ് ഈ സമ്മേളനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സഭ പാസാക്കി അയക്കുന്ന ബില്ലുകളുടെ കാര്യത്തിൽ ഗവർണർ സ്വീകരിക്കുന്ന നിലപാടാണ് ശ്രദ്ധാകേന്ദ്രം. ഒരുപക്ഷേ, ഇതുവരെ കാണാത്ത നിയമ പോരാട്ടങ്ങളിലേക്കോ രാഷ്ട്രീയ പോരാട്ടങ്ങളിലേക്കോ വഴിവെച്ചേക്കാവുന്ന സവിശേഷ സാഹചര്യമാണ് മുന്നിൽ.
കൃത്യം ഒരുമാസം മുമ്പ് പിരിയുമ്പോൾ ഉടൻ വീണ്ടുമൊരു നിയമസഭ സമ്മേളനം വേണ്ടിവരുമെന്ന പ്രതീക്ഷ ആർക്കുമേ ഉണ്ടായിരുന്നില്ല. പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന്റെ യഥാർഥ കാരണഭൂതൻ സംസ്ഥാന ഗവർണർ തന്നെയാണ്. ആറ് മാസത്തിലൊരിക്കലെങ്കിലും നിയമസഭ ചേരണമെന്നാണ് ഭരണഘടന വ്യവസ്ഥ. രാജ്യത്ത് ഏറ്റവും കൂടുതൽ സഭ സമ്മേളിക്കുന്ന സംസ്ഥാനവും കൂടുതൽ ദിവസം സമ്മേളിക്കുന്ന സംസ്ഥാനവും കേരളമാണ്. എന്നിട്ടും ഇവിടെ ഓർഡിനൻസുകൾക്ക് കുറവില്ല എന്നതാണ് വിചിത്രം. ഓർഡിനൻസുകൾ ആവർത്തിച്ച് ഇറക്കേണ്ട സ്ഥിതിയും വന്നുചേരുന്നുണ്ട്. അത്തരമൊരു സാഹചര്യമാണ് സത്യത്തിൽ അപ്രതീക്ഷിതമായ ഈ നിയമസഭ സമ്മേളനത്തിലേക്ക് വഴിവെച്ചത്.
ലോകായുക്തയുടെ അധികാരത്തിന് കടിഞ്ഞാണിടുന്നത് ഉൾപ്പെടെ റദ്ദായ 11 ഓർഡിനൻസുകൾ മന്ത്രിസഭ യോഗം വീണ്ടും അംഗീകരിച്ച് ഗവർണറുടെ അനുമതിക്കായി കൈമാറിയത് മുതലാണ് ഇപ്പോഴത്തെ നാടകീയ സംഭവവികാസങ്ങളുടെ തുടക്കം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാകട്ടെ ഇവ ഒപ്പുവെച്ച് പുതുക്കാൻ തയാറായില്ല. വൈസ് ചാൻസലർ നിയമനത്തിൽ ഉൾപ്പെടെ സർവകലാശാല ഭരണത്തിൽ ചാൻസലർ എന്ന നിലയിൽ തനിക്കുള്ള അധികാരം കവരാൻ സർക്കാർ ശ്രമം തുടങ്ങിയതാണ് ഗവർണറെ പ്രകോപിപ്പിച്ചത്. അംഗീകാരത്തിന് നൽകിയ ഓർഡിനൻസുകളിൽ ഒപ്പുവെക്കാനോ സർക്കാറിലേക്ക് മടക്കാനോ ഗവർണർ തയാറാകാതെ വന്നതോടെ നിയമസഭ സമ്മേളനം വിളിച്ചുകൂട്ടുകയല്ലാതെ സർക്കാറിന് മുന്നിൽ മറ്റ് വഴികളുമില്ലാതായി.
സഭ സമ്മേളനം ചേരാനുള്ള മന്ത്രിസഭ തീരുമാനത്തിന് അംഗീകാരം നൽകിയ ഗവർണർ, അക്കാര്യത്തിൽ സർക്കാറിനെ പുകഴ്ത്തുകയും ചെയ്തു. റദ്ദായ 11 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾക്ക് പുറമെ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർകൂടിയായ ഗവർണറുടെ അധികാരം കവരുന്ന സർവകലാശാല നിയമഭേദഗതി ബില്ലും സഭയുടെ പരിഗണനക്ക് വരാം. സർവകലാശാല ബിൽ പിന്നീട് മതിയെന്ന തരത്തിൽ സർക്കാർ ഇപ്പോൾ പുനരാലോചനയിൽ ആണെന്നും ശ്രുതിയുണ്ട്.
ലോകയുക്ത നിയമഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം കിട്ടാൻ തല്ക്കാലം ഒരു ചുവട് സർക്കാർ പിന്നോട്ട് വെക്കുന്നുവെന്നാണ് വാർത്ത. സർക്കാരിന്റെ ഈ നീക്കം അദ്ദേഹത്തെ തൃപ്തനാക്കുമെന്ന് ഇന്നത്തെ സാഹചര്യത്തിൽ കരുതാൻ ആവില്ല. അതിന്നാൽത്തന്നെ സർക്കാർ രണ്ടും കല്പ്പിച്ചു നീങ്ങുമോ എന്നും കണ്ടറിയേണ്ടതുണ്ട്. ലോകായുക്തയുടെയും ചാൻസലറുടെയും അധികാരം കവരുന്ന ബില്ലുകളിലെ ചർച്ച നിയമസഭയിൽ പൊടിപാറുമെന്ന് ഉറപ്പ്.
ലോകായുക്ത ഉത്തരവിട്ടാലും അതിൻമേൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണകൂടത്തിന് നൽകുന്ന ഭേദഗതിയെ പ്രതിപക്ഷം അനുകൂലിക്കുന്നില്ല. ലോകായുക്ത നിയമത്തിന്റെ പല്ലും നഖവും അടിച്ചുകൊഴിക്കുന്നതാണ് ഓര്‍ഡിനൻസ് എന്നാണ് പ്രതിപക്ഷ നിലപാട്. ലോകായുക്ത രൂപവത്കരണ ബില്‍ അവതരിപ്പിച്ച കാലത്ത് രാഷ്ട്രപതിയുടെ അനുമതി തേടിയ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഭേദഗതിക്കും രാഷ്ട്രപതിയുടെ മുൻകൂർ അനുമതി വേണമെന്ന വാദവും പ്രതിപക്ഷത്തിനുണ്ട്. അനധികൃത നിയമനങ്ങളാണ് ഗവർണറുടെ അധികാരം കവരുന്ന സർവകലാശാല നിയമഭേദഗതിയുടെ ലക്ഷ്യമെന്നാണ് പ്രതിപക്ഷം അടിവരയിടുന്നത്. പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ നിയമത്തിന് പുതിയ ഭേദഗതി എതിരാണോയെന്ന് പരിശോധിക്കേണ്ടത് രാഷ്ട്രപതിയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
നിയമസഭ ഒരു ബിൽ പാസാക്കിയാലും അത് നിയമം ആകണമെങ്കിൽ ഗവർണറുടെ അംഗീകാരം ആവശ്യമാണ്. അംഗീകാരം നൽകുക, തിരിച്ച് അയക്കുക, തീരുമാനം എടുക്കാതെ പിടിച്ചുവെക്കുക, രാഷ്ട്രപതിക്ക് അയക്കുക എന്നിങ്ങനെ ഏത് നിലപാടും ബില്ലിന്റെ കാര്യത്തിൽ ഗവർണർക്ക് സ്വീകരിക്കാനാകും. അത്തരം സാഹചര്യങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. അംഗീകാരം നൽകാതെ ഒരു ബിൽ പിടിച്ചുവെച്ചാൽ പരിഹാരമാർഗം ഭരണഘടനയിൽ വ്യക്തമാക്കിയിട്ടില്ല. സ്വാഭാവികമായും അത്തരമൊരു സാഹചര്യം സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തിക്കും. ഗവർണറുമായി പ്രതിപക്ഷം ഇടഞ്ഞപ്പോഴും അദ്ദേഹവുമായി മുഖ്യമന്ത്രിയും സർക്കാറും 'നല്ല ബന്ധം' കാത്തുസൂക്ഷിച്ചു. എതിർക്കുമ്പോഴും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ അയയുന്ന നിലപാടാണ് എല്ലാകാര്യങ്ങളിലും ഗവർണർ ഇത്രയുംകാലം സ്വീകരിച്ചിരുന്നത്. അതിനാൽതന്നെ 'സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ കൊടുക്കൽ വാങ്ങലും ഒത്തുകളിയും' ആണെന്ന പഴി പ്രതിപക്ഷത്ത് നിന്ന് പലതവണ ഉയരുകയും ചെയ്തിരുന്നു.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ, പ്രത്യേകിച്ച് സർവകലാശാല - ലോകായുക്ത നിയമഭേദഗതി ബില്ലുകളിൽ ഗവർണർ സ്വീകരിക്കുന്ന നിലപാടുകളിലായിരിക്കും ശ്രദ്ധമുഴുവൻ. ഗവർണറും സർക്കാറും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ഇനി അനുനയനീക്കത്തിനും സാധ്യത കുറവാണ്. സംശയ ദൃഷ്ടിയോടെ സമീപിക്കുന്ന തരത്തിലേക്ക് ഇരുവർക്കുമിടയിലെ ബന്ധം മാറിക്കഴിഞ്ഞു. നിയമസഭ പാസാക്കുന്ന ബില്ലിന് അംഗീകാരം നൽകാതെ ഗവർണർ എന്ത് നിലപാട് തീരുമാനിച്ചാലും ഭരണപക്ഷത്ത് നിന്ന് കടുത്ത വിമർശനം ഉയരും. കണ്ണൂർ സർവകലാശാലയിലെ ഗവർണറുടെ ഇടപെടലുകളും അതിനെതിരായ ഇടത് നേതാക്കളുടെ രാഷ്ട്രീയപ്രസ്താവനകളും പലതും മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാണ്.
ഗവർണറാകട്ടെ കീഴ്വഴക്കങ്ങളിൽ നിന്നെല്ലാം വഴുതിമാറി ഇറങ്ങിക്കളിക്കുകയാണ്. വാർത്തസമ്മേളനങ്ങൾ, ഏതു സമയത്തെയും പ്രതികരണങ്ങൾ, ചുട്ട മറുപടികൾ കടുത്ത രാഷ്ട്രീയ ആരോപണങ്ങൾ തുടങ്ങി രാഷ്ട്രീയക്കാരുടെ മെയ്വഴക്കത്തെയും അതിശയിപ്പിക്കും വിധമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾക്കാണ് കഴിഞ്ഞ കുറെക്കാലമായി കേരളം സാക്ഷിയാകുന്നത്. രാഷ്ട്രീയത്തിലെ എല്ലാ അടവുകളും തന്ത്രങ്ങളും പയറ്റി ഗവർണർ പദവിയിലെത്തിയയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. തമാശയായി പറയും പോലെ '' ഇനി ചാനൽ ചർച്ചയിലൊഴിച്ച് മറ്റെല്ലാത്തിലും ഗവർണർ സാന്നിധ്യമറിയിച്ചു കഴിഞ്ഞു''വെന്നതാണ് സാഹചര്യം. മർമമറിഞ്ഞ് പ്രഹരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവ് നാട് കണ്ടറിഞ്ഞിട്ടുള്ളതുമാണ്. അതിനാൽതന്നെ നിയമസഭ സമ്മേളനത്തിന് ശേഷമുള്ള ദിവസങ്ങൾ സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കത്തിന്റെ വേലിയേറ്റമായിരിക്കും. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തല്ലിന് കാത്തിരിക്കുന്നവരോടായി പറയാനുള്ളത് പുതിയ തല്ല് സിനിമയിലെ നായകകഥാപാത്രത്തിന്റെ മറുപടിയാണ്: ആരാധകരെ ശാന്തരാകുവിൻ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.